യുഗസമാപ്തി

യുഗസമാപ്തി

സി. രാധാകൃഷ്ണൻ

സ്വകാര്യസങ്കടങ്ങളിലും സംഘർഷങ്ങളിലും നേർവഴി കാട്ടിത്തരുന്ന വീടുകളിൽനിന്നോ മറ്റു ചുറ്റുപാടുകളിൽനിന്നോ ലഭിക്കാത്ത ആത്മീയമായസാന്ത്വനം പകര്‍ന്നുതരുന്ന ഗുരുപരമ്പരയിലെ അവശേഷിച്ച തിളക്കമുള്ള കണ്ണികളിലൊന്നാണ് സാനുമാഷിന്റെ വേർപാടോടെ അറ്റുപോകുന്നത്.

ഒരു ജ്ഞാനഗോപുരംകൂടി നിലംപതിച്ചിരിക്കുന്നു. പ്രഫസർ എം.കെ. സാനു എന്ന ഒരു കാലഘട്ടമാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഇനി ആ രൂപം നമുക്ക് കാണാനാവില്ല, ബോധമണ്ഡലത്തിലല്ലാതെ. എന്നാൽ, അദ്ദേഹത്തെ കണ്ടും കേട്ടും ശീലിച്ച ഒരു തലമുറയ്ക്ക് ആ ഓർമയുടെ സാന്നിധ്യമില്ലാതെ മുന്നോട്ടുപോകാനും കഴിയില്ല. അതൊരു വ്യക്തിയുടെ വിയോഗമല്ല, ഒരു പ്രസ്ഥാനത്തിന്റെ അന്ത്യമാണ്.

പഴയകാലത്തെ ‘അധ്യാപകൻ’ എന്നത് ഇന്നത്തെ അർഥത്തിലുള്ള ഒരു പ്രഫഷണൽ ആയിരുന്നില്ല. അയാൾ ഒരു വഴികാട്ടിയും ബന്ധുവും ജ്യേഷ്ഠസഹോദരനുമെല്ലാമായിരുന്നു. സമൂഹത്തിന്റെ പൊതുവായ കാര്യങ്ങളിൽ അയാൾക്ക് ശബ്ദമുണ്ടായിരുന്നു. നമ്മുടെ സ്വകാര്യമായ സങ്കടങ്ങളിലും സംഘർഷങ്ങളിലും അയാൾ നേർവഴി കാട്ടിത്തന്നു. വീടുകളിൽനിന്നോ മറ്റു ചുറ്റുപാടുകളിൽനിന്നോ ലഭിക്കാത്ത ആത്മീയമായസാന്ത്വനം ആ ഗുരുകുലങ്ങളിൽനിന്ന് നാം അനുഭവിച്ചറിഞ്ഞു. കാലപ്രവാഹത്തിൽ അത്തരം ഗുരുനാഥന്മാർ അപ്രത്യക്ഷരായി. ആ പരമ്പരയിലെ അവശേഷിച്ച തിളക്കമുള്ള കണ്ണികളിലൊന്നാണ് സാനുമാഷിന്റെ വേർപാടോടെ ഇപ്പോൾ അറ്റുപോകുന്നത്.

എന്നെ ക്ലാസ് മുറിയിലിരുത്തി പഠിപ്പിച്ച ഗുരുവായിരുന്നില്ല അദ്ദേഹം, മറിച്ച് ജീവിതത്തിന്റെ അനൗപചാരിക പാഠശാലയിലെ ആചാര്യനായിരുന്നു. അദ്ദേഹത്തിൽനിന്ന് പകർന്നെടുക്കാൻ ഏറെയുണ്ടായിരുന്നു. അതിൽ പ്രധാനം ആ ലാളിത്യമാണ്. താൻ വലിയവനാണെന്ന ഭാവത്തിന്റെ നിഴൽപോലും ആ വ്യക്തിത്വത്തിൽ വീണിരുന്നില്ല. സ്വന്തം നിലപാടുകളുടെയും കാഴ്ചപ്പാടുകളുടെയും കാര്യത്തിൽ പാറപോലെ ഉറച്ചുനിൽക്കുമ്പോഴും, താനൊരു എളിയ സാമൂഹികജീവി മാത്രമാണെന്ന വിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സ്വാർഥലാഭങ്ങൾക്കായി തന്റെ ആശയങ്ങളെയും ആദർശങ്ങളെയും അദ്ദേഹം ഒരിക്കലും പണയപ്പെടുത്തിയില്ല.

എറണാകുളം നിയമസഭാ മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കാൻ നിന്ന കാലം എന്റെ ഓർമയിലുണ്ട്. അദ്ദേഹത്തെ സഹായിക്കാൻ ഞങ്ങളും മുന്നിട്ടിറങ്ങി. ഏകദേശം നൂറോളം തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഞാൻ പ്രസംഗിച്ചിട്ടുണ്ടാവും. എന്റെ ആദ്യത്തെ പ്രസംഗത്തിനു തൊട്ടുമുൻപ് അദ്ദേഹം അരികിൽ വന്നു പറഞ്ഞു: “ഒന്നോർക്കണം, നമ്മൾ ആരെയും വ്യക്തിപരമായി വേദനിപ്പിക്കരുത്. ആർക്കെതിരെയും, ശരിയോ തെറ്റോ ആകട്ടെ, ഒരു ആക്ഷേപവും ഉന്നയിക്കാൻ പാടില്ല. ഇതൊരു ഗുസ്തിമത്സരമാണ്. നാളെ ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ, ആരുടെയും ദേഹത്തോ മനസ്സിലോ നമ്മളായിട്ട് ഒരു പോറൽ പോലും ഏൽപ്പിച്ചു എന്ന് വരരുത്.” ആ വാക്കുകളിലെ ധർമ്മബോധം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.

അദ്ദേഹം തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിച്ചു. സ്വാഭാവികമായും, ആ നിയമസഭയിലെ ഏറ്റവും യോഗ്യനായ വ്യക്തി എന്ന നിലയിൽ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ, രാഷ്ട്രീയത്തിന്റെ ഗണിതശാസ്ത്രങ്ങൾ പലപ്പോഴും നീതിയുടെ വഴിക്കല്ല സഞ്ചരിക്കുന്നത്. അദ്ദേഹം മന്ത്രിസഭയിൽ ഇടംപിടിച്ചില്ല. ഈ നിരാശയിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ചെന്ന ഞങ്ങളോട് ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: “വിഷമിക്കേണ്ട. ഒരിക്കലും ചൂടാകാൻ സാധ്യതയില്ലാത്ത ഒരടുപ്പിൽ കഞ്ഞിവയ്‌ക്കുക എന്ന ഭാരമേറിയ ഉത്തരവാദിത്വം എനിക്ക് ഇല്ലാതെപോയത് എത്ര വലിയ സൗഭാഗ്യമാണെന്നറിയാമോ?” അതായിരുന്നു പ്രഫസർ എം.കെ. സാനു. ആ വാക്കുകളിൽ അധികാരത്തോടുള്ള നിസ്സംഗതയും ജീവിതത്തെക്കുറിച്ചുള്ള ദാർശനികമായ ഉൾക്കാഴ്ചയുമുണ്ടായിരുന്നു.

ആ നിൽപും, വാക്കുകളിലെ വ്യക്തതയും, ഭാവത്തിലെ പ്രസാദാത്മകതയും, എല്ലാറ്റിനുമുപരി അതിസൂക്ഷ്മവും ഒരിക്കലും പിഴയ്ക്കാത്തതുമായ ഓർമശക്തിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പതിറ്റാണ്ടുകൾക്കു മുൻപ് പഠിപ്പിച്ചുവിട്ട ആയിരക്കണക്കിന് വിദ്യാർഥികളെപ്പോലും വർഷങ്ങൾക്കുശേഷം എവിടെവച്ച് കണ്ടാലും പേരെടുത്തു വിളിച്ച് കുശലം ചോദിക്കുന്ന ആ കഴിവ് അദ്ഭുതകരമായിരുന്നു. ആ ഓർമയുടെ ഇഴകളാണ് ഓരോ വിദ്യാർഥിയുമായും അദ്ദേഹത്തിന് അത്രയേറെ ദൃഢമായൊരു ഹൃദയബന്ധം നൽകിയത്.

ഇങ്ങനെയുള്ള ഗുരുനാഥന്മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് പ്രഫഷണൽ അധ്യാപകരാണ്. പാഠ്യപദ്ധതി നിർദ്ദേശിക്കുന്ന ചുമതലകൾക്കപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്വം അവർക്ക് ഏറ്റെടുക്കേണ്ടിവരില്ല. അതിനുള്ള പരിശീലനമോ, മനോഭാവമോ, സാംസ്കാരിക പശ്ചാത്തലമോ ഒരുപക്ഷേ, അവർക്കുണ്ടായെന്നും വരില്ല.

തനിക്കുമുൻപേ നടന്ന മഹാചിന്തകന്മാരുടെ ആശയങ്ങളെ അപഗ്രഥിച്ച്, പുതിയ തലമുറയ്ക്ക് വഴികാട്ടുക എന്ന ദൗത്യമാണ് സാനുമാഷ് ഏറ്റെടുത്തത്. ശ്രീനാരായണഗുരു മുതൽ കുമാരനാശാനെപ്പോലുള്ള മഹാകവികൾ വരെയുള്ളവരുടെ ദർശനങ്ങളെയും കാവ്യസങ്കല്പങ്ങളെയും അദ്ദേഹം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിച്ചുതന്നു. അദ്ദേഹത്തിന്റെ കാവ്യാനുശീലന സദസ്സുകൾ കേരളത്തിന്റെ സാംസ്കാരിക ബോധമണ്ഡലത്തെ ആഴത്തിൽ സ്വാധീനിച്ചു.

കേരള സംസ്കാരത്തിനു വഴിവിളക്കായി നിന്ന ആ തേജസ്സ് അണഞ്ഞുപോയതിന്റെ ദുഃഖം വലുതാണ്. എങ്കിലും, അദ്ദേഹം പകർന്നുതന്ന ജ്ഞാനവും ഓർമകളും ഒരു കെടാവിളക്കായി നമുക്ക് മുന്നിലുണ്ട്. ആ വെളിച്ചത്തിൽ, വരുംതലമുറകളോട് നമുക്ക് ആ വലിയ മനുഷ്യനെക്കുറിച്ച് പറഞ്ഞുകൊടുക്കാം. അദ്ദേഹത്തിന്റെ ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം.

ഇല്ല സാനുസാർ, അങ്ങ് കൊളുത്തിയ ഈ ദീപശിഖ അണയാതെ ഞങ്ങൾ കാത്തുസൂക്ഷിക്കും. കാലത്തിന്റെ കറുത്ത തിരശ്ശീലയ്ക്കുപിന്നിലേക്ക് അങ്ങ് മറയുമ്പോൾ, അങ്ങയുടെ ഓർമകൾ ഞങ്ങളുടെ ബോധത്തിൽ കൂടുതൽ ജ്വലിക്കുകയേയുള്ളൂ.