പ്രസംഗം

പ്രസംഗം

പ്രസംഗം

വേദിയിൽ ഒറ്റയ്ക്കാണ്.

മൈക്കും നിശ്ശബ്ദം.

ഒന്നും സദസ്സിലേക്ക് എത്തുന്നില്ല.

*എം.ടി ഏറെയും സംസാരിച്ചത്

മൗനത്തിലാണ്.

അതൊരു മഹത്തായ ഭാഷ.

 

സദസ്സിലിരിക്കുന്നവർ

ആരും തല ഉയർത്തുന്നില്ല.

അവരുടെ കൈയിൽ

മൊബൈലുണ്ട്.

എന്താണ് പറയേണ്ടതെന്നോ

എന്താണ് പറഞ്ഞതെന്നോ

ആരും കേട്ടില്ല.

 

ചായയും കടിയും വന്നു.

അപ്പോഴും വേദിയിൽ ഒറ്റയ്ക്ക്.

ചായയ്ക്കും മൊബൈലിനും

ക്രമീകരണമുണ്ട്.

മുഖ്യഭാഷണം മുറിയരുത്.

 

കറണ്ട് വന്നപ്പോൾ മൈക്ക്

ശബ്ദിച്ചു.

അപ്പോഴാണ് കണ്ടത്,

സദസ്സിൽ ആരുമില്ല.

 

എഴുന്നേറ്റു പോകുമ്പോൾ

ആരെങ്കിലും ഒന്ന്

കൂകിയിരുന്നെങ്കിൽ.

 

 

*എം.ടി.വാസുദേവൻ നായർ