ഇടനിലങ്ങള്‍ – വി.കെ.ശ്രീരാമന്‍

ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയത്തോട് ഒരിക്കലും ഒരു കമ്പവും തോന്നിയിട്ടില്ല. സിനിമയിലഭിനയിക്കുന്നതിനു മുമ്പ് നാടകത്തിലോ ഏതെങ്കിലും അഭിനയക്കളരിയിലോ പോയിട്ടുമില്ല. സി.വി.ശ്രീരാമന്റെ കൂടെ തൊട്ടാളായി നടക്കുന്ന കാലത്ത് യാദൃച്ഛികമായാണ് അരവിന്ദന്‍ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അതു കഴിഞ്ഞിട്ട് ഇപ്പോള്‍ പത്തു നാല്‍പ്പതു വര്‍ഷം പിന്നിടുന്നു.


കൊടിയേറ്റം ഗോപി, നെടുമുടി വേണു മുതലായവര്‍ക്കൊപ്പം കുറച്ചു ദിവസം തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് ഒരു സര്‍ക്കസ് കൂടാരത്തിനു ചുറ്റും പുതിയൊരു ലോകത്തില്‍ ചെന്നുപെട്ട പോലെ കുറെ ദിവസങ്ങള്‍ ചുറ്റിനടന്നതല്ലാതെ അവിടെ ആരും അഭിനയിക്കുന്നതായിട്ടൊന്നും തോന്നിയില്ല. ഒരു ഗ്രാമത്തില്‍ പുഴക്കരയിലൊരു സര്‍ക്കസ്സ് വന്നു തമ്പടിക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞ് അവര്‍ കൂടാരമഴിച്ചു ലോറിയില്‍ കയറ്റി മറ്റൊരിടത്തേക്കു യാത്രയാവുന്നു. അത്രയുമാണ് കഥ.


ഒരു മകരമാസമായിരുന്നു അത്. വിശാലമായ തൂവെള്ള മണല്‍പ്പരപ്പ്. അതിനു നടുവിലൂടെ ഒഴുകുന്ന മണല്‍പ്പരപ്പ്. അതിനു നടവിലൂടെ ഒഴുകുന്ന മനോഹരമായ നദി. ആ കാഴ്ചയും അനുഭവങ്ങളും മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നുണ്ടെങ്കിലും ഇന്നവിടെ മണല്‍പ്പരപ്പോ ഒഴുകുന്ന നദിയോ ഇല്ല. ഏതോ ആഭിചാരകര്‍മ്മത്തിലെന്നപോലെ അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.


സിനിമയില്‍ വന്നശേഷമാണ് നാടകവും അഭിനയവുമെല്ലാം വളരെ ഗൗരവമായെടുത്ത ചിലരെ പരിചയപ്പെടുന്നത്. അവരുടെ ചില നാടകങ്ങള്‍ കാണാനും അവസരമുണ്ടായി. ദൈവത്താര്‍, ലങ്കാലക്ഷ്മി, അവനവന്‍ കടമ്പ മുതലായ നാടകങ്ങളൊന്നും പക്ഷേ, എന്നെ ഒട്ടും ആകര്‍ഷിച്ചില്ല. അതുപോലെത്തന്നെ നരേന്ദ്രപ്രസാദിന്റെ സൗപര്‍ണികയും എനിക്കു മനസ്സിലായില്ല. കുന്നംകുളത്തെ B.A.R. (ബ്യൂറോ ഓഫ് ആര്‍ട്‌സ് ആന്റ് റിക്രിയേഷന്‍സ്) ഓഡിറ്റോറിയത്തിലും പൂരപ്പറമ്പുകളിലും അരങ്ങേറിയ നാടകങ്ങളുമായെ എനിക്കു ബന്ധമുണ്ടായിരുന്നുള്ളു. അതിനാലാവാം തിരുവരങ്ങ് എന്നെ സ്വീകരിക്കാഞ്ഞത്. അത്തരം നാടകങ്ങള്‍ ആസ്വദിക്കുന്നതിനുള്ള അടിസ്ഥാനപരമായ പരിജ്ഞാനം എനിക്കില്ലായിരുന്നു.


അങ്ങനെ നാടകലോകത്തോട് അകന്നുനടക്കവെയാണ് മോഹന്‍ലാലും മുകേഷുമെല്ലാം അഭിനയിച്ച ഛായാമുഖി എന്ന നാടകം തൃശ്ശൂരില്‍ വെച്ചു കാണുന്നത്. ഛായാമുഖിയുടെ ആദ്യവതരണമായിരുന്നു അത്. നടീനടന്മാര്‍ അവരവരുടെ ചുമതലകള്‍ വളരെ കൃത്യമായും വിദഗ്ധമായും ചെയ്യുന്നതു കണ്ടു അത്ഭുതം കൂറി ഇരുന്നുപോയി. രംഗസജ്ജീകരണങ്ങളും മികച്ചതായിരുന്നു. പക്ഷെ എന്താണ് നാടകത്തിന്റെ കഥയെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ആ വിവരക്കുറവ് പുറത്തു കാണിക്കാനുള്ള ജാള്യത കാരണം ആരോടും കാര്യം ചോദിച്ചറിയാനും തുനിഞ്ഞില്ല. അതങ്ങനെ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം കൊടുങ്ങല്ലൂര്‍ വെച്ച് വീണ്ടും ഒരു നാടകം കാണാന്‍ നിര്‍ബന്ധിതനായി. ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകരൂപമാണ.് എന്നതിനാല്‍ ചെറിയൊരു താല്‍പ്പര്യം മനസ്സിലുണ്ടായിരുന്നു. അതാണ് കുന്നംകുളത്തുനിന്ന് കൊടുങ്ങല്ലൂര്‍ വരെ പോകാന്‍ കാരണം. പക്ഷെ, നിരാശയാണുണ്ടായത്. ഞാന്‍ എന്റെ വിവരക്കേടിനെ ഒരിക്കല്‍ കൂടി ശപിച്ചു.


പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂമ്പ് സിനിമാസ്വാദനത്തിന് ഒരു പരിശീലനകോഴ്‌സ് ഉണ്ടായിരുന്നതറിയാം. നാടകം ആസ്വദിക്കാന്‍ അങ്ങനെ വല്ല വിദ്യാഭ്യാസവുമുണ്ടോ എന്ന് നാടകവിദ്വാനായ ഒരു സുഹൃത്തിനോട് ചോദിച്ചു അദ്ദേഹം പറഞ്ഞതിങ്ങനെ:


‘ചിത്രകലയിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ പ്രകടമായ പല മാറ്റങ്ങളും വന്നിട്ടുണ്ട്. കുട്ടികള്‍ക്കും കുട്ടിത്തമുള്ളവര്‍ക്കും അതുപോലെ പഴമനസ്സുകള്‍ക്കും ആസ്വദിക്കാന്‍ പ്രയാസം തന്നെ.


എന്നെ ഉദ്ദേശിച്ചായിരുന്നു ആ കുട്ടിത്തവും പഴമനസ്സും പ്രയോഗിച്ചതെന്ന് എനിക്ക് മനസ്സിലായി. എന്തായാലും ആ കുട്ടിത്തം കൈവിടേണ്ടതില്ലെന്നും എനിക്കുതോന്നി.


അങ്ങനെയിരിക്കെയാണ് നാലഞ്ചു മാസം മുമ്പ് തികച്ചും യാദൃച്ഛികമായിത്തന്നെ ഒരു നാടകം കാണാന്‍ ഇടവന്നത്. കാസര്‍കോഡ് ജില്ലയിലെ ചിറ്റാരിക്കല്‍ വച്ച്. ചിറ്റാരിക്കല്‍ എന്നത് നീലേശ്വരത്തിനു കിഴക്കുള്ള ഒരു മലയോര പ്രദേശം. ഏറെയും കുടിയേറ്റ കര്‍ഷകരാണവിടെ.


കേരളസാഹിത്യ അക്കാദമിയുടെ ഒരു പ്രോഗ്രാമായിരുന്നു അത്. സാഹിത്യവും കൃഷിയുമാണ് വിഷയം. തെക്കന്‍ ജില്ലകളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് ഏതാണ്ട് തൊണ്ണൂറു ശതമാനവും ആ പ്രദേശത്ത്. അതിലേറെയും റബ്ബര്‍ കൃഷിക്കാര്‍. റബ്ബര്‍ കൃഷിക്കാരോട് എന്താണ് സാഹിത്യത്തിന് പറയാനുള്ളത് എന്ന് തമാശയായി ഞാന്‍ സംഘാടകരിലൊരാളായ രാജഗോപാലന്‍ മാഷോട് ചോദിച്ചു. മാഷൊന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.


ധാരാളം പേര്‍ വളരെ താല്‍പ്പര്യത്തോടെ സെമിനാറില്‍ പങ്കെടുക്കാനെത്തുന്നുണ്ടായിരുന്നു. പ്രഭാഷണങ്ങളും കാര്‍ഷികവിളകളുടെ പ്രദര്‍ശനവുമൊക്കെയായി ഒരു പകല്‍ കഴിഞ്ഞിരുന്നു ഞാനും പി.പി.രാമചന്ദ്രനും അവിടെ ചെല്ലുമ്പോള്‍. രാത്രി വിശ്രമിച്ച് രാവിലെയാണ് എനിക്കു കൃഷിക്കാരോട് സംസാരിക്കാനുള്ളത്. രാമചന്ദ്രനും അങ്ങനെത്തന്നെ.


വൈകുന്നേരം സംഘാടകരിലൊരാള്‍ ഞങ്ങള്‍ താമസിക്കുന്നിടത്ത് വന്ന് പറഞ്ഞു. ഏഴുമണിക്ക് ഇന്നൊരു നാടകമുണ്ട്. നിങ്ങളൊന്ന് വരണം. നാടകക്കാര്‍ വളരെ ദൂരെ നിന്നു വരുന്നവരാണ്. നിങ്ങളൊക്കെ കാഴ്ചക്കാരായി ഉണ്ടാവുന്നത് അവര്‍ക്ക് സന്തോഷമാവും. ഞാന്‍ രാമചന്ദ്രന്റെ മുഖത്തേക്കു നോക്കി.


‘ശ്രീജയുടെ ഇടനിലങ്ങളാണ് നാടകം. ഞാന്‍ പലതവണ കണ്ടിട്ടുള്ളതാണ്. എങ്കിലും നമുക്കു പോകാം. ശ്രീജയേയും നാരായണനേയും കണ്ട് വര്‍ത്തമാനം പറയുകയും ചെയ്യാമല്ലോ.’ രാമചന്ദ്രന്‍ പറഞ്ഞു.