രാഷ്ട്രീയകേരളം എങ്ങോട്ട് – എൻ.എം.പിയേഴ്‌സൺ

1981-ൽ ഞാൻ ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചിരുന്നു. വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാന കാലമായിരുന്നു അത്. അന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പലരുമായും സംസാരിക്കുമായിരുന്നു. അതിൽ ചിലരെല്ലാം എന്നോട് കേരളത്തിൽനിന്നാണ് എന്ന് പറയുമ്പോൾ ചോദിച്ചിരുന്നത് നിങ്ങൾ രാഷ്ട്രീയത്തിൽ ഉണ്ടോ എന്നായിരുന്നു. ഉടനെ അടുത്ത ചോദ്യം വരുമായിരുന്നു. നിങ്ങൾ കമ്മ്യൂണിസ്റ്റാണോ? അതെ എന്ന് പറയുമ്പോൾ എനിക്ക് ചെറിയൊരു അഭിമാനമുണ്ടായിരുന്നു. ഞാൻ അന്ന് കാര്യവട്ടത്ത് ഗവേഷണവിദ്യാർത്ഥിയായിരുന്നു. ഗവേഷണവിഷയം ‘മാർക്‌സിയൻ എലിമെന്റ്‌സ് ഇൻ സാർത്ര്’ ആയിരുന്നു.


അപ്പോൾ കേരളത്തെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ വായിച്ചിരുന്നത് പ്രബുദ്ധ രാഷ്ട്രീയത്തിന്റെ നാട് എന്ന നിലയിലായിരുന്നു. സാധാരണക്കാരോട് ചേർന്നു നില്ക്കുന്ന ഒരു രാഷ്ട്രീയം കേരളം നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. കേരളത്തിലെ ഭൂപരിഷ്‌കരണത്തിന് പ്രേരകമായ മിച്ചഭൂമി സമരം, ഭൂമിയിൽ കുടിവച്ച് താമസിക്കുന്ന മനുഷ്യർക്ക് കുടികിടപ്പ് അവകാശം നേടിക്കൊടുത്ത സമരം. കുടിയാന്മാർക്ക് പത്ത് സെന്റും അഞ്ച് സെന്റും സ്വന്തമാവുകയും പുരയിടത്തിന് ഉടമയാവുകയും ചെയ്ത അത്ഭുതം. അതോടൊപ്പം നിരവധി വിഷയങ്ങളിൽ ദുരിതമനുഭവിക്കുന്നവന്റെ വേദനകൾ പങ്കുവയ്ക്കുന്ന രാഷ്ട്രീയം കേരളത്തിലുണ്ടായിരുന്നു.


വിദ്യാഭ്യാസരംഗത്ത് കച്ചവടസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയം കേരളം അകറ്റി നിറുത്തിയിരുന്നു. ഒത്തുതീർപ്പില്ലാത്ത സമരങ്ങൾ തെരുവുകളെ കലാപകളങ്ങളാക്കി മാറ്റി. വിദ്യാർത്ഥികളുടെ തലയോട് പൊട്ടി നിരത്തിൽ ചോരയൊഴുകി. ആ ചോരയിൽ കേരളത്തിന്റെ രാഷ്ട്രീയമുണ്ടായിരുന്നു.


കോർപ്പറേറ്റിസത്തിനെതിരെ തെരുവുകൾ ശബ്ദിച്ചിരുന്നു. വർഗരാഷ്ട്രീയത്തിന് പ്രസക്തി ഉണ്ടായിരുന്നു. തൊഴിലാളികൾ തൊഴിലാളി വർഗ രാഷ്ട്രീയത്തെ മുറുകെ പിടിച്ചിരുന്നു. നഗ്നപാദരും ഒറ്റ മുണ്ടും ഷർട്ടും മാത്രം ധരിച്ച് പട്ടിണികിടന്ന് സമത്വപൂർണമായ സമൂഹ നിർമിതിക്ക് വേണ്ടി പോരാടിയ നിരവധി തൊഴിലാളിവർഗ നേതാക്കൾ നമുക്ക് ചുറ്റുമുണ്ടായിരുന്നു. ഒരു മനുഷ്യാവകാശ ലംഘനമുണ്ടായാൽ നമുക്ക് പരാതി പറയാൻ ഒരു ഇടമുണ്ടായിരുന്നു ധാർമികതയുടെ ബലമുള്ള ഒരു ഇടം. അതായിരുന്നു കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആരൂഢം. അത് ഇന്നു തകർന്ന് പോയിരിക്കുന്നു.


പുരോഗമന മുഖഛായ മൂടുപടം മാത്രം


കേരളത്തെ കരുതി നമുക്ക് അഭിമാനം ഉണ്ടായിരുന്നു. അതിനു പ്രധാന കാരണം സാക്ഷരതയുടെ കാര്യത്തിലും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ലിംഗനീതിയുടെ കാര്യത്തിലും നമ്മുടെ ജീവിതസൂചിക മെച്ചപ്പെട്ടതാണ്. പക്ഷേ, അതെല്ലാം ഭൂതകാല സ്മൃതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സാക്ഷരതകൊണ്ട് നമുക്ക് മെച്ചമൊന്നുമുണ്ടായില്ല. വയസായ സരസുവും ബാലകൃഷ്ണനും, പത്രോസും, സുലൈമാനും പേരെഴുതി ഒപ്പിടാൻ പഠിച്ചത് മെച്ചമാണ്. പക്ഷേ, പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ അത് വലിയ സ്വാധീനമൊന്നും ചെലുത്തിയില്ല. ആരോഗ്യപരിപാലനത്തിൽ കേരളീയർ മുൻപിലാണ്. പക്ഷേ, അതുകൊണ്ട് ഉണ്ടായ നേട്ടം വൻകിട മരുന്നു കച്ചവടക്കാർക്കും വൻകിട ആശുപത്രി വ്യവസായികൾക്കും മാത്രം. ഏറ്റവും കൂടുതൽ മരുന്ന് വാങ്ങി കഴിക്കുന്ന സമൂഹമായി കേരളീയർ മാറി. ലിംഗനീതിയുടെ കാര്യത്തിലും നമുക്ക് അഭിമാനിക്കാൻ ഏറെയൊന്നുമില്ല. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകളെ അധികാരക്കസേരയിൽ എത്തിച്ചു. പക്ഷേ, പഞ്ചായത്ത് പ്രസിഡന്റുമാരും മുനിസിപ്പൽ ചെയർപേഴ്‌സൺമാരും ഭർത്താക്കന്മാരാലും പാർട്ടി ബോസിനാലും നിയന്ത്രിക്കപ്പെട്ടു. എല്ലായിടത്തും ആണധികാരം എല്ലാത്തിനെയും നിയന്ത്രിച്ചു. തീരുമാനങ്ങൾ എല്ലാം പുരുഷന്മാർ തന്നെ എടുത്തു. സ്ത്രീധന പീഡനങ്ങൾ നിർബാധം തുടർന്നു. ലക്ഷണമൊത്ത പുരുഷാധിപത്യ സമൂഹമായി കേരളം തുടർന്നു.


മാനവിക-ജനാധിപത്യ ആശയങ്ങൾ ആവിയായി


“All that is solid melts into air” എന്നത് മാർക്‌സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഉപയോഗിച്ച പ്രയോഗമാണ്. പിന്നീട് മാർഷൽ ബർമെൻ ആധുനികതയുടെ സങ്കീർണതകളെ  അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ പുസ്തകത്തിന്റെ പേരും അതു തന്നെയായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കൈവഴികളിൽ മുളപൊട്ടിയ കമ്മ്യൂണിസം കേരളത്തിന്റെ മാനവിക-ജനാധിപത്യ ആശയ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഈ മുദ്രാവാക്യത്തെ ജീവിതരീതിയിലേക്ക് സ്വാംശീകരിക്കാൻ കഴിയുന്ന തരത്തിൽ കേരളീയ സമൂഹത്തെക്കുറിച്ച് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച ഒട്ടനവധി സമരങ്ങൾ കേരളത്തിലുണ്ടായി. മലബാറിലെ കാർഷികപോരാട്ടങ്ങളും തിരുവിതാംകൂറിലെ ജീവിതസമരങ്ങളും കേരളീയരെ മാനവികതയിലേക്കും ജനാധിപത്യത്തിലേക്കും നയിച്ചു. പിന്നീട് അതിനെല്ലാം ഇപ്പോൾ മാറ്റം വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.


ഏതാണ്ട് എൺപതുകളോട് അടുത്ത് കേരളം അതിന്റെ സമരചരിത്ര പാരമ്പര്യം കുറേശെ കുറേശെ കൈവിടാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ബ്യൂറോക്രാറ്റിക് ആകാൻ തുടങ്ങി. ഒരുപക്ഷേ, അതിന്റെ ആരംഭം 1957-ലെ ആദ്യമന്ത്രിസഭയുടെ കാലം മുതൽ ആരംഭിച്ചിട്ടുണ്ടാവണം. ഏതായാലും എൺപതുകളോട് അടുക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിന്റെ ഭാഗമായി മാറി അധികാരപ്പാർട്ടിയായി പാകപ്പെട്ടു. പിന്നീട് അതിന്റെ താത്പര്യം ഭരണവർഗ സംരക്ഷണമായി മാറി. ഈ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിന്റെ മാനവികബോധത്തിലും ജനാധിപത്യ കാഴ്ചപ്പാടിലും ചെറിയ പരുക്കുകൾ ഏറ്റുകൊണ്ടിരുന്നു. അതാരും കാര്യമായി ശ്രദ്ധിച്ചില്ല. അത് വളർന്ന് വികസിച്ചാണ് ഇടതുപക്ഷ സർക്കാർ UAPA എന്ന കരിനിയമം പ്രയോഗിക്കുന്ന തരത്തിലേക്ക് മാറിയത്. അത് വളർന്ന് വികസിച്ചാണ് ഇടതുപക്ഷ സർക്കാർ നിരായുധരായ മനുഷ്യരെ വെടിവെച്ചു കൊന്നത്. ആ കൊലകളെ ന്യായീകരിക്കാൻ മാവോയിസ്റ്റ് എന്ന മുദ്ര ധാരാളം മതിയായിരുന്നു. അങ്ങനെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാവൽക്കാരായി ഇടതുപക്ഷം മാറി.


മാനവിക ജനാധിപത്യ മൂല്യങ്ങളെ പൊതുസമൂഹം കൈവിട്ടപ്പോൾ കേരളത്തിലെ ദളിതരും ആദിവാസികളും കൂടുതൽ പാർശ്വവത്കരിക്കപ്പെട്ടു. അവർ അനുഭവിക്കുന്ന ദുരിതങ്ങളെ എഴുത്തിലെത്തിക്കാൻ മഷി പോര; കണ്ണീരു തന്നെ വേണം എന്ന സ്ഥിതിയുണ്ടായി. കേരളത്തിലെ ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നത് മുത്തങ്ങയിലെ പോലീസ് വെടിവയ്പാണ്. ആദിവാസികളുടെ അടിസ്ഥാനപ്രശ്‌നം ഭൂമിയാണ്. ഭൂമിക്ക് അവർ നടത്തിയ സമരമാണ് വെടിവയ്പിൽ കലാശിച്ചത്. പട്ടിണി, പട്ടിണിമരണം, തൊഴിലില്ലായ്മ, തനതു സംസ്‌കാരനാശം ഇതെല്ലാം ആദിവാസികളെ അപൂർവ ചൂഷണത്തിന്റെ ഇരകളാക്കി. ഏതാനും വർഷങ്ങൾക്കു മുമ്പാണ് വിശപ്പടക്കാൻ റൊട്ടി മോഷ്ടിച്ച മധുവിനെ കേരളം തല്ലിക്കൊന്നത്. ഈ ആൾക്കൂട്ടക്കൊല കേരളത്തിന്റെ എല്ലാ മാനവികമൂല്യങ്ങളെയും ചോർത്തി.


കുറച്ചു കാലമായി കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ തയാറല്ലാതായിട്ട്. കേരളത്തിലെ ജനകീയസമരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാണ്. സൈലന്റ്‌വാലി സമരം, പൂയംകുട്ടി സമരം, അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള സമരം, ചീമേനി താപനിലയ സമരം, എൻറോണിനെതിരെയുള്ള പോരാട്ടം, പ്ലാച്ചിമട, കാതികൂടത്തെ സമരം, എൻഡോസൾഫാൻ പോരാട്ടം, ലാലൂരിലും വിളപ്പിൽശാലയിലും നടന്ന സമരം, കരിമണൽ ഖനനത്തിനെതിരെ നടന്ന സമരം, ക്വാറികൾക്കും കളിമൺഖനനത്തിനും എതിരെയുള്ള പ്രതിഷേധങ്ങൾ – ഇവയിലൊന്നും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഇല്ല. ആലുവായിലെ വിവാദ വ്യവസായിയുടെ മാസപ്പടി പുസ്തകത്തിൽ എല്ലാ പ്രമുഖ നേതാക്കളുടെയും പാർട്ടികളുടെയും പേരുകളുണ്ട്. ഓണക്കാലത്ത് കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈയിൽസ് ലിമിറ്റഡിന്റെ ആലുവ ഓഫീസിൽ ചെറുകിട രാഷ്ട്രീയ നേതാക്കളുടെ തിക്കും തിരക്കുമാണ്. ശശിധരൻ കർത്ത നൽകുന്ന ഓണസമ്മാനം വാങ്ങാനാണ്.


ഭരണകൂടം ഭയം നിർമിക്കുന്നു


ഇന്ത്യയെ ഞെട്ടിച്ച കൊലപാതകങ്ങളായിരുന്നു ദാബോൽക്കറുടേയും പൻസാരെയുടെയും കൽബുർഗിയുടെയും കൊലകൾ. ശാസ്ത്രബോധവും മതേതരത്വും നിലനിറുത്താൻ വേണ്ടി ജീവിതം ഹോമിച്ച പുരോഗമനജീവിത കാഴ്ചപ്പാടുകളുടെ പ്രതീകങ്ങളായ ഇവരെ കൊലപ്പെടുത്തുമ്പോൾ അതിന്റെ കരാളഹസ്തങ്ങളുടെ ഉദ്ദേശ്യം ഇന്ത്യയുടെ സെക്യുലർ സ്‌പെക്ട്രം തകർക്കുക എന്നതായിരുന്നു. മതമൗലികവാദത്തെയും അതിന്റെ മിത്തോളജികളെയും തകർക്കാൻ ശ്രമിക്കുന്നവരെ കൊല്ലും എന്ന സന്ദേശംശം അതിനുണ്ട്. അതാണ് കൂടുതൽ ഭയപ്പെടുത്തുന്നത്. 1992 മുതൽ 2015 വരെ 40 പ്രമുഖ പത്രപ്രവർത്തകരെ മതമൗലികവാദികൾ കൊലപ്പെടുത്തി. ഗൗരി ലങ്കേഷിന്റെ കൊല രാഷ്ട്രത്തെ ഞെട്ടിച്ചു. ആ കൊലപാതകങ്ങൾക്ക് ഒരു ഇൻസ്ട്രക്റ്റീവ് സ്വഭാവമുണ്ട്. കൊലപാതകം ഒരു സന്ദേശമായി മാറുകയായിരുന്നു. ഞങ്ങളെ അനുസരിച്ചില്ലെങ്കിൽ നിങ്ങളെ ഉന്മൂലനം ചെയ്യും.


കേരളത്തിലെ ഇടതുപക്ഷ സർക്കാർ സർക്കാരിനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. ഏറ്റവും അവസാനത്തെ ഉദാഹരണം മുഖ്യമന്ത്രിയുടെ മകൾക്കും മരുമകനും എതിരെ അഴിമതി ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ റവന്യു വകുപ്പിന്റെ നടപടിക്രമങ്ങൾ തിടുക്കത്തിലായിരുന്നു. അതിന് സമാനമായി കേസെടുക്കേണ്ട അൻവറുടെ ഭൂമിയിൽ റവന്യു വകുപ്പിന് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. തങ്ങളോട് ഒപ്പം നില്ക്കുന്നവർക്ക് ഇളവുകളും എതിരാളികൾക്ക് എതിരെ കടുത്ത നിലപാടും. അൻവറിന് ആനുകൂല്യം മാത്യു കുഴൽനാടന് തിടുക്കത്തിൽ നടപടി. ഇത് നമ്മളെ ഓർമപ്പെടുത്തുന്നത് കേന്ദ്രഗവൺമെന്റ് ഏജൻസികളുടെ പ്രവർത്തനത്തെയാണ്. കേന്ദ്രത്തിൽ സർക്കാരിനെതിരെ നില്ക്കുന്നവരുടെ വീട്ടിൽ റെയ്ഡും നടപടികളും എന്നാൽ അനുകൂലമായി നില്ക്കുകയോ ബി.ജെ.പിയിൽ ചേരുകയോ ചെയ്താൽ അവർക്കെതിരെ ഒന്നും ചെയ്യുന്നില്ല.അവരെ കാത്തു സൂക്ഷിക്കുന്നു. മോദിക്കെതിരെ വിയോജനക്കുറിപ്പ് എഴുതിയ ഇലക്ഷൻ കമ്മീഷൻ അംഗത്തിനെതിരെ കടുത്ത അക്രമണമാണ് കേന്ദ്ര ഗവൺമെന്റ് നടത്തിയത്. ഇതിന് സമാനമായ കാര്യങ്ങൾ തന്നെയാണ് കേരളത്തിലും ആവർത്തിക്കുന്നത്. ഭരണകൂടം പൗരനെ ഭയപ്പെടുത്തുന്നു. ഭരണഘടനാ ഉപകരണങ്ങൾ അതിനുള്ള ഉപാധികളായി മാറുന്നു. ഭയം നിർമിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. സർക്കാരിനെ വിമർശിക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള മാർഗമാണ് ഭരണകൂടം അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ചുറ്റും അണിനിരക്കുന്ന അംഗരക്ഷകർ ഒരു സ്വേഛാധിപത്യ ഭരണാധികാരിയുടെ പ്രതിഛായ പിണറായി വിജയനിൽ നിർമിക്കുകയാണ്. പ്രതിഷേധത്തിന്റെ നാളുകളിൽ കറുപ്പുനിറം പോലീസിന് അലർജിയായിരുന്നു. കറുത്ത മാസ്‌ക് ധരിച്ചവരും കറുത്ത വസ്ത്രം ധരിച്ചവരും പോലീസിനാൽ പീഡിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രി സഞ്ചരിക്കുന്നു എന്ന് കാരണം പറഞ്ഞ് മരിച്ച വീടിന്റെ മുന്നിലെ കറുത്ത കൊടി വരെ പോലീസ് അഴിച്ചുകൊണ്ടുപോയി.അത്തരം അസംബന്ധനാടകങ്ങളുടെ അവസാന ചിത്രമാണ് മുഖ്യമന്ത്രി പ്രസംഗിച്ച സമയത്ത് ഹൗൾ ചെയ്ത മൈക്കിനും മൈക്ക് ഓപ്പറേറ്റർക്കും എതിരെ കേസെടുത്തത്.


മതനിരപേക്ഷത പ്രഖ്യാപനത്തിൽ മാത്രം


ശ്രീനാരായണഗുരുവും അയ്യങ്കാളിയും നടത്തിയ പോരാട്ടങ്ങൾ ഇടതുപക്ഷത്തിന്റെ സാമൂഹികരാഷ്ട്രീയ സമരങ്ങളിലൂടെ ബലപ്പെട്ടതായിരുന്നു കേരളത്തിന്റെ മതനിരപേക്ഷത. ജാതി ഉച്ചാടനം ജീവിതലക്ഷ്യമായി പ്രഖ്യാപിച്ച് പന്തിഭോജനം നടത്തി കേരളത്തിനെ തീപിടിപ്പിച്ച സഹോദരൻ അയ്യപ്പൻ കേരളത്തിന്റെ മതനിരപേക്ഷതയുടെ അടയാളമാണ്. ആ സമൂഹത്തിലാണ് ഇന്ന് ജാതി സെൻസറുകൾ ശക്തിപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ തഴച്ചുവളരുന്നത് മന്ത്രവാദവും അന്ധവിശ്വാസവും അനാചാരങ്ങളും വിവാദങ്ങളുമാണ്. ജാതിവിവേചനവും ജോതിഷവും കൈനോട്ടവും ആൾ ദൈവങ്ങളും ഇന്ന് മലയാളികളെ ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കയാണ്. രണ്ടുതരം കാഴ്ചപ്പാടുകളും പ്രോത്സാഹനങ്ങളും ആണ് കേരളത്തിൽ ജാതിചിന്തയെ ശക്തിപ്പെടുത്തികൊണ്ടിരിക്കുന്നത്. ഒന്ന്; അന്യമതസ്ഥനെ നോക്കി, അവന്റെ സമ്പത്തിനെ ചൂണ്ടി കുശുമ്പുപറയൽ രണ്ട്; ജാതിക്കണ്ണടവെച്ച് എല്ലാവരെയും സൂക്ഷ്മനിരീക്ഷണം നടത്തൽ. സർക്കാർ ഓഫീസിൽ പുതിയതായി ഒരാൾ ജോലിക്കെത്തിയാൽ എല്ലാവരും സ്വകാര്യമായി ആദ്യം തിരക്കുന്നത് നവാഗതന്റെ ജാതിയേതാണ് എന്നാണ്. ഇത് ഒരു മനോരോഗംപോലെ എല്ലാവരെയും ബാധിക്കുകയാണ്. അത് രാഷ്ട്രീയ പ്ലാറ്റ്‌ഫോമിലും കടന്നുവന്ന് ജാതി പ്രധാന ഘടകമായി മാറി. ഒരു വാർഡ് തെരഞ്ഞെടുപ്പിൽപോലും ജാതി നോക്കിയാണ് രാഷ്ട്രീയ നേതൃത്വം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്. ജാതി വിവേചനത്തിന്റെ സംരക്ഷകരായി രാഷ്ട്രീയ നേതൃത്വം മാറി.


കഴിഞ്ഞ ദിവസം കേരളത്തിൽ ആളിപ്പടർന്ന ജാതിവാദം ഗണപതിയുമായി ബന്ധപ്പെട്ടതായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യ എല്ലാ കണ്ടുപിടിത്തങ്ങളുടെയും കേന്ദ്രമാണ് എന്ന് സ്ഥാപിക്കാൻ നരേന്ദ്രമോദി പറഞ്ഞ ചില വാചാടോപങ്ങളാണ് അതിന് നിമിത്തമായത്. മോദി പറഞ്ഞത് വിമാനങ്ങളുടെ ആർക്കിടൈപ്പ് പുഷ്പക വിമാനമാണ്. ഗണപതി പ്ലാസ്റ്റിക് സർജറിയുടെ ആദിരൂപമാണ്. കൗരവരുടെ കാലത്താണ് ഇൻഫെർട്ടിലിറ്റി ക്ലിനിക് ആരംഭിച്ചത്. ഇതൊന്നും ഒരു ഭക്തന്റെയും വികാരത്തെ മുറിപ്പെടുത്തിയില്ല. പക്ഷേ, ഷംസീർ എന്ന മുസ്ലീം നാമധാരി അത് പറഞ്ഞപ്പോൾ ഭക്തന്മാരുടെയും വിശ്വാസികളുടെയും വികാരത്തെ അത് മുറിപ്പെടുത്തി. നാമജപഘോഷയാത്രയും വഴിതടയലും നടന്നു. ഗണപതി മിത്താണെന്നു പറഞ്ഞ ഷംസീർ അല്ലാഹു മിത്താണെന്ന് പറയുമോ എന്ന് ബി.ജെ.പി നേതാവ് സുരേന്ദ്രൻ ചോദിക്കുകയും ചെയ്തു. അതിനുത്തരം ഷംസീർ പറഞ്ഞില്ല. കാരണം, മുസ്ലീം സമുദായം എന്ന വലിയ വോട്ട് ബാങ്കിനെ അത് ബാധിക്കും. സാധാരണ മനുഷ്യർക്കെല്ലാം അറിയാം എല്ലാ ദൈവങ്ങൾക്കും ഒരു മിത്തിക്കൽ ശോഭയുണ്ടെന്ന്. മിത്തിന്റെ ആ പ്രകാശ ഓറ ദൈവങ്ങൾക്കില്ലെങ്കിൽ ദൈവങ്ങൾ വെറും മനുഷ്യരായി മാറും. ഇവിടെ കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയലല്ല പ്രധാനം.  വർഗീയവും രാഷ്ട്രീയവും ആയ അതിന്റെ യൂട്ടിലിറ്റിക്കാണ് പ്രാമുഖ്യം.


ഈ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റൊരു വാചകം മതനേതാവിന്റെ പ്രസ്താവനയാണ്. ശാസ്ത്രം പ്രധാനമല്ല; വിശ്വാസമാണ് പ്രധാനം എന്നത്. നാം ജീവിക്കുന്നത് നാലാം വ്യവസായ വിപ്ലവകാലത്താണ്. ജെയിംസ് വാട്ട് സ്റ്റീം എഞ്ചിൻ കണ്ടുപിടിച്ചതോടെ ആരംഭിച്ച ഒന്നാം വ്യവസായ വിപ്ലവം ലോകത്തെ മാറ്റി. അത് പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇലക്ട്രിസിറ്റിയും ടെലിഗ്രാഫിയും രണ്ടാം വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ഇന്റർനെറ്റും ഇലക്‌ട്രോണിക്‌സും മൂന്നാം വ്യവസായ വിപ്ലവത്തിന് വഴിയൊരുക്കി. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാലാം വ്യവസായ വിപ്ലവം ആരംഭിച്ചു. ഏതാണ്ട് 2010-നു ശേഷമാണ് അത് സജീവമായത്. നിർമിതബുദ്ധിയും, റോബോട്ടിക്‌സും, ഇന്റർനെറ്റ് ഓഫ് തിംങ്‌സും ഡ്രോണുകളുമാണ് നാലാം വ്യവസായ വിപ്ലവത്തിന്റെ ചാലകശക്തി. ആ സമയത്താണ് ശാസ്ത്രം പ്രധാനമല്ല എന്ന പ്രഖ്യാപനം കേരളത്തിൽനിന്ന് വരുന്നത്. ശാസ്ത്രത്തിനെതിരെ കത്തോലിക്ക സഭ നിലപാട് എടുത്തത്. 16-ാം നൂറ്റാണ്ടിലായിരുന്നു. ബ്രൂണോയെ ചുട്ടുകൊല്ലുകയും ഗലീലിയോവിനെ ജയിലിൽ അടക്കുകയും ചെയ്ത കത്തോലിക്ക സഭയ്ക്ക് അവസാനം കോപ്പർ നിക്കിയൻ ഹെലിയോസെന്ററിസത്തെ അംഗീകരിക്കേി വന്നു. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ് ഭൂമിയല്ല എന്ന് സഭ അംഗീകരിച്ചു. കാരണം, ശാസ്ത്രമാണ് വികസനത്തിന്റെ ചാലകശക്തി. മതത്തിനു പോലും നിലനില്ക്കാനും വളരാനും അത് ആവശ്യമാണ്.


യുക്തിബോധമുള്ള ഒരു സമൂഹത്തിന് സയന്റിഫിക് ടെമ്പർ ആവശ്യമാണ്. അതുപോലെ തന്നെ മാനവരാശിയുടെ പുരോഗതി ആഗ്രഹിക്കുന്നവർക്ക് ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും പ്രധാനമാണ്. നമ്മുടെ കേരളം ഇതെല്ലാം നിരാകരിച്ചാണ് മുന്നേറുന്നത്. എല്ലാ മേഖലകളെയും തകർക്കുന്നതിൽ രാഷ്ട്രീയ ജീർണതയുടെ പങ്ക് വലുതാണ്. ഇടതുപക്ഷ രാഷ്ട്രീയം കേരളത്തിന് ഒരു പ്രതീക്ഷയായിരുന്നു. അത് സൃഷ്ടിച്ച മൂല്യബോധം കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ വരെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ കോൺഗ്രസ്സും ബി.ജെ.പിയും മറ്റ് സംസ്ഥാനങ്ങളിലെ അവയുടെ കൗണ്ടർപാർട്ടുകളിൽനിന്ന് വ്യത്യസ്തമായാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ അതെല്ലാം ബാഷ്പീകരിച്ച് ആവിയായി അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു. പ്രസ്ഥാനങ്ങളും വ്യക്തികളും ജീർണതയുടെ ഭാണ്ഡക്കെട്ടുകളായി മാറിയപ്പോളാണ് മുൻ മുഖ്യമന്ത്രിയുടെ ജനകീയ ആഭിമുഖ്യം ആളുകളിൽ സ്വാധീനമായി പ്രതിഫലിച്ചത്. അദ്ദേഹത്തിന് വിട പറഞ്ഞ കേരളം വിനയത്തിന്റെയും ആർദ്രതയുടെയും പ്രതീകമായി രാഷ്ട്രീയം നേതൃത്വം മാറണം എന്ന ആഗ്രഹത്തെ ഉമ്മൻചാണ്ടിയിൽ സ്ഥാപിക്കുകയായിരുന്നു. വ്യക്തിപരമായി ഒരു നേതാവ് എങ്ങിനെ ആയിരിക്കണം എന്ന് ഉമ്മൻചാണ്ടിയെ ചൂണ്ടിയാണ് കേരളം ഉത്തരം നല്കിയത്.


മുഖ്യമന്ത്രിയുടെ മകൾ വീണ വിവാദ വ്യവസായി ശശിധരൻ കർത്തയിൽനിന്ന് സേവനം നല്കാതെ പണം പറ്റി എന്നത് എത്ര ഗുരുതരമായ പ്രശ്‌നമാണ്. മുൻപ് സി.പി.എം ന്റെ ഒരു നേതാവും ഇതിന് തയാറാകുമായിരുന്നില്ല. കാരണം പാർട്ടിക്കകത്ത് ഒരു സ്വയം തിരുത്തൽ സംവിധാനം ഉണ്ടായിരുന്നു. ഉൾപാർട്ടി ചർച്ച. ഉൾപാർട്ടി ചർച്ചയിലാണ് വിമർശനവും സ്വയം വിമർശനവും ഉണ്ടായിരുന്നത്. അതിപ്പോൾ നിലച്ചു. അതിന്റെ അർഥം സി.പി.എം ജീർണത പൂർണമാക്കി എന്നാണ്. അതിൽനിന്ന് ഇനി പാർട്ടിക്ക് ഉയിർപ്പുണ്ടാകും എന്നു തോന്നുന്നില്ല. എല്ലാ പാർട്ടികളും രാഷ്ട്രീയമായി ജീർണിച്ചാൽ പിന്നെ ഒരു സമൂഹത്തിന് വിമോചന മാർഗം അടയും. അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ കെടുകാര്യസ്ഥതയുടെ, വർഗീയതയുടെ, ജനാധിപത്യനിരാസത്തിന്റെ അപകടകരമായ ഭൂമിയിലേക്കാണ് കേരളം നീങ്ങികൊണ്ടിരിക്കുന്നത്.