ജയിച്ച പണിമുടക്കും തോൽപിക്കപ്പെട്ട ജനാധിപത്യവും

ജയിച്ച പണിമുടക്കും  തോൽപിക്കപ്പെട്ട  ജനാധിപത്യവും

സാമൂഹികം / ഡോ. ആന്റണി പാലക്കൽ

ജനങ്ങളെ ബന്ദികളാക്കിയ പൊതു  ദേശീയപണിമുടക്കിനെ ജനപക്ഷത്തുനിന്ന് വിചാരണചെയ്യുന്നു.

ഇക്കഴിഞ്ഞ ജൂലൈ 9-ന് തൊഴിലാളി സംഘടനകൾ ആഹ്വാനംചെയ്ത പൊതു ദേശീയപണിമുടക്ക് കേരളത്തിൽ വൻവിജയമായിരുന്നു എന്നാണ്  ഇവിടത്തെ സംഘടനാ നേതാക്കന്മാർ  അവകാശപ്പെടുന്നത്. ഇടത്, വലത്, തീവ്ര വലത്  തുടങ്ങി എല്ലാ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെയും ട്രേഡ് യൂണിയനുകളും മറ്റു പോഷകസംഘടനകളും പണിമുടക്കിനായി ആഹ്വാനംചെയ്തിരുന്നുവെങ്കിലും, ജനങ്ങളെ ദ്രോഹിച്ചതും, ജനജീവിതം സ്തംഭിപ്പിച്ചതും, പൊതുമുതൽ നശിപ്പിച്ചതും മുഖ്യമായും ഇടതുതൊഴിലാളി സംഘടനകളായിരുന്നു. അതിനാൽ,  ഇടതുപക്ഷ തൊഴിലാളി സംഘടനകളെ മുൻനിറുത്തിയുള്ള ഒരു  വിചാരണയാണിത്.

‘പണിമുടക്ക് വൻവിജയമായിരുന്നു’ എന്ന അവകാശവാദം മുഖ്യമായും കേരളത്തിൽ മാത്രമായി ഒതുങ്ങുന്നു എന്നത് ഒരു വിരോധാഭാസമാണ്. എങ്ങനെയാണു സംഘടനകൾ  ജൂലൈ 9-ലെ പണിമുടക്ക്  കേരളത്തിൽ വിജയിപ്പിച്ചത്? സ്കൂളുകൾക്കും  കോളെജുകൾക്കും മുൻ‌കൂർ അവധി  അടിച്ചേല്‍പിച്ച്, അധ്യാപകരെയും ഉദ്യോഗസ്ഥരെയും  നിർബന്ധിത അവധി എടുപ്പിച്ച്,  ജോലിചെയ്യാനെത്തിയ അധ്യാപകരെയും ജീവനക്കാരെയും തടഞ്ഞും മര്‍ദിച്ചും ചിലരെ സ്കൂളിനകത്തു പൂട്ടിയിട്ടും,  വിൽക്കാൻ വച്ചിരുന്ന മത്സ്യംമുഴുവൻ പെട്രോളിട്ടു കത്തിക്കുമെന്നു ഭീക്ഷണിപ്പെടുത്തി, കടകൾ അടപ്പിച്ചും ബസ്സുകൾ തടഞ്ഞും, ആശുപത്രിയിൽ ഡയാലിസിനായി പോകാൻപോലും അനുവദിക്കാതെ യാത്രക്കാരെ  വഴിയാധാരമാക്കി… ചുരുക്കത്തിൽ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കായികബലം പ്രയോഗിച്ചു അങ്ങേയറ്റം ദുഷ്കരമാക്കിയും  സ്തംഭിപ്പിച്ചും നേടിയെടുത്ത പ്രഖ്യാപിത വിജയം.

പണിമുടക്കിനായിരുന്നു  ആഹ്വാനമെങ്കിലും, പ്രയോഗത്തിൽ അത് ബന്ദായിത്തീരുന്ന  അനുഭവമാണ് കഴിഞ്ഞ കുറേനാളുകളായി കേരളത്തിൽ കണ്ടുവരുന്നത്.  അതായത്, പ്രഖ്യാപിത പണിമുടക്കിന്റെ മറവിൽ അപ്രഖ്യാപിത ബന്ദ് നടത്തുക. അതിനു കാരണമുണ്ട്:  പൊതുജനങ്ങളെയും പൊതുജീവിതത്തെയും സാരമായി ബാധിക്കുന്നു എന്നതിനാൽ  ഹൈക്കോടതി    1997-ൽ കേരളത്തിൽ   ബന്ദ് നിരോധിച്ചു.  സഞ്ചാരസ്വാതന്ത്ര്യം, ഉപജീവനത്തിനായി മാന്യമായ തൊഴിലെടുക്കുവാനുള്ള സ്വാതന്ത്ര്യം, സ്വന്തം വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിങ്ങനെ ഇന്ത്യയുടെ ഭരണഘടന പൗരർക്കു ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ  ലംഘിക്കുന്നു എന്നതിനാൽ  ബന്ദ്‌ നിയമപരമല്ലെന്നും  ഭരണഘടനാവിരുദ്ധവുമാണെന്നും  കോടതി നിരീക്ഷിച്ചു. അതിനാൽ,  ബന്ദിന്റെ പേരിൽ ഒരു വിഭാഗത്തിന്  പൊതു/സ്വകാര്യസ്വത്ത് നശിപ്പിക്കുവാനോ, സംസ്ഥാനത്തിന് സാമ്പത്തികനഷ്ടമുണ്ടാക്കുവാനോ,  ജനജീവതത്തെ തടസ്സപ്പെടുത്തുവാനോ പാടില്ല എന്നു നിഷ്കർഷിച്ചു. ഇതിന്റെ തുടർച്ചയായി,  2000-ത്തിൽ ഹർത്താലുകളെയും ബന്ദിന്റെ ഗണത്തിൽ കോടതി ഉൾപ്പെടുത്തുകയും ജനങ്ങളുടെ ജീവനും സ്വത്തിനും നിയമ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു.  ഇക്കാരണത്താലാണ്  പണിമുടക്കുകളുടെ മറവിൽ രാഷ്ട്രീയസംഘടനകൾ  അപ്രഖ്യാപിത ബന്ദ് നടത്തുന്ന കുത്സിതസമ്പ്രദായം  കേരളത്തിൽ ആവിർഭവിച്ചത്. ഒരു നാടിനെയും ജനങ്ങളെയും അപഹാസ്യരാക്കുന്ന ഈ സമ്പ്രദായം കോടതിയലക്ഷ്യമല്ലേയെന്നു പരിശോധിക്കേണ്ടതുണ്ട്.

തോറ്റത് ആരാണ്?

പണിമുടക്കിൽ  ജയിച്ചവരും അതിന്റെ നേട്ടം  കൊയ്തവരും  ആരാണെന്ന്‍ അവരുടെതന്നെ അവകാശവാദങ്ങളിൽനിന്നു വ്യക്തമാണ്. എന്നാൽ, ആരെ തോല്‍പിച്ചാണ് ഈ സ്വയംപ്രഖ്യാപിത ജയം അവർ നേടിയത്? പണിമുടക്കിന്റെ പേരിൽ ഈ നാട്ടിലെ  സാധാരണക്കാരായ അസംഘടിതതൊഴിലാളികളെയാണ്  പ്രധാനമായും  അവർ തോല്‍പിച്ചത്. ഈ പട്ടിണിപ്പാവങ്ങളാണ്  അടിച്ചേല്‍പിച്ച  പണിമുടക്കിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങാൻ  വിധിക്കപ്പെട്ടത്. മുൻ‌കൂർ അവധിയെടുത്തു വീട്ടിലിരുന്നു മാസശമ്പളം പറ്റുന്ന  ഉദ്യോഗസ്ഥരെ, വ്യാപാരികളെയോ, എന്തിനു  പണിമുടക്ക് നടത്തിയ സംഘടിത തൊഴിലാളിവർഗത്തെപ്പോലും പണിമുടക്ക് കാര്യമായി ബാധിക്കാറില്ല.

എന്നാൽ,  ഹോട്ടൽ ജീവനക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, കെട്ടിടംപണിയിൽ ഏർപ്പെടുന്നവർ, വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, അതിഥിതൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി അന്നന്ന് പണിയെടുത്താൽ മാത്രം അന്നത്തിനു ഗതിയുള്ള അസംഘടിത തൊഴിൽമേഖലകളിൽ പണിയെടുക്കുന്ന പരശ്ശതം പാവപ്പെട്ടവരുടെ അവസ്ഥ അതല്ല. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (NSO) 2022-ലെ തൊഴിൽ വിഭവശേഷി  സർവേയുടെ കണക്കുപ്രകാരം, കേരളത്തിൽ അമ്പതുശതമാനത്തോളം അസംഘടിത തൊഴിലിടങ്ങളാണ്. അതായത്, സംഘടിതമേഖലകളിലെ ഉദ്യോഗസ്ഥ/തൊഴിലാളിവർഗങ്ങൾക്ക് തുല്യമായി,  ഒരു  തൊഴിലാളി സംഘടനയിലും അംഗത്വമില്ലാത്ത തൊഴിലാളികളും  കേരളത്തിലുണ്ട്.   പണിമുടക്കിൽ ബന്ദികളാക്കപ്പെടുന്ന ഇക്കൂട്ടർക്ക് ഒരുദിവസം പണിയെടുത്തില്ലങ്കിൽ  അന്നു കുടുംബം പട്ടിണിയാകുന്ന സാഹചര്യമാണ്. ഈ പട്ടിണിപ്പാവങ്ങളുടെ  തോളിൽചവിട്ടിയാണ് തൊഴിലാളിസംഘടനകൾ  പണിമുടക്കിന്റെ ശക്തിപ്രകടനം നടത്തിയതും വിജയഭേരി മുഴക്കിയതും.

ഇവിടെ  ഒരു വികൃതമായ വിരോധാഭാസം  തെളിയുന്നു.  സംഘടനാശക്തിയും   ഭരണ-പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളിലുള്ള സ്വാധീനത്തിന്റെ ബലംകൊണ്ടും  സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിഹരിക്കുന്ന ഒരു വിഭാഗം തൊഴിലാളികൾ, ഈ രണ്ടു മൂലധനങ്ങളും ഇല്ലാത്തതിനാൽ സാമൂഹികമായി താഴെത്തട്ടിൽ പാമരരായി  ജീവിക്കുവാൻ വിധിക്കപ്പെട്ട മറ്റൊരു തൊഴിലാളിസമൂഹത്തെ ഒന്നടങ്കം വെല്ലുവിളിക്കുക എന്ന തൊഴിലാളിവര്‍ഗ വിരുദ്ധതയുടെ  വികൃതമായ വിരോധാഭാസം. സംഘടിത തൊഴിലാളിവര്‍ഗം, അസംഘടിതരായ തൊഴിലാളി സമൂഹത്തെ തോല്‍പിക്കുക എന്ന വൈരുദ്ധ്യമാണിത്. സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ  ശക്തിപ്രകടനം, സംഘടനയുടെ പിൻബലമില്ലാത്ത, അധ്വാനശേഷി  മാത്രം കൈമുതലായ ഒരു വലിയ വിഭാഗം തൊഴിലാളികളുടെ അന്നം മുട്ടിച്ചുകൊണ്ടു നടത്തുന്നത്  ചരിത്രപരമായ വൈരുദ്ധ്യംതന്നെയാണ് – ‘തൊഴിലാളിവര്‍ഗ സർവാധിപത്യം’ എന്ന മാർക്സിയൻ ഉട്ടോപ്യയുടെ വർത്തമാനകാല വിധി വൈപരീത്യം.

ജനാധിപത്യത്തിന്റെ പരാജയം

പണിമുടക്കിന്റെ പേരിൽ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങൾ  സാധാരണക്കാരായ ഈ  മനുഷ്യരെ ബന്ദികളാക്കി  അവരുടെ   ഒരു ദിവസത്തെ വരുമാനം മുടക്കിയത് എന്തിന്? ഈ പ്രസ്ഥാനങ്ങൾ ആസൂത്രണംചെയ്ത ഒരു സമരത്തിൽ സംഘടിതശക്തിയോ രാഷ്ട്രീയസ്വാധീനമോ ഇല്ലാത്ത തൊഴിലാളികളും പങ്കെടുക്കണമെന്നു നിർബന്ധിക്കുന്നത് ജനാധിപത്യസംഘടനകളുടെ രാഷ്ട്രീയധാർമ്മികതയ്ക്ക് നിരക്കുന്നതല്ല.

സാമ്പത്തികമായും സമൂഹികമായും സമൂഹത്തിന്റെ ഏറ്റവും  താഴെത്തട്ടിൽ ജീവിക്കുന്ന പാവപ്പെട്ടവരായ ഈ അസംഘടിതതൊഴിലാളികളെ,  സംഘടിതപ്രസ്ഥാനങ്ങൾ കായികബലത്തിന്റെ ഹുങ്കിൽ ഭയപ്പെടുത്തി പണിമുടക്കിന്റെ ഇരകളാക്കി മാറ്റുന്നത് ജനാധിപത്യവിരുദ്ധമായ പ്രവർത്തിയാണ്; സ്പഷ്ടമായ ജനാധിപത്യ ധ്വംസനം. അതിനാൽ, പണിമുടക്കിന്റെ പ്രഖ്യാപിത വിജയം, വാസ്തവത്തിൽ, ജനാധിപത്യത്തിന്റെ പരാജയമാണെന്നു വിലയിരുത്തണം. ജനങ്ങളെ ദ്രോഹിച്ചും അക്രമങ്ങൾ  അഴിച്ചുവിട്ടും പൊതുസ്വത്തു നശിപ്പിച്ചും തൊഴിലാളിസംഘടനകൾ പണിമുടക്ക് വിജയിപ്പിച്ചപ്പോൾ, പരാജയപ്പെട്ട ജനാധിപത്യമാകട്ടെ, ഈ ക്രൂരതകൾക്കൊക്കെ  സാക്ഷ്യംവഹിച്ച് തെരുവിൽ  വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.

ഒരു ജനാധിപത്യ രാജ്യത്ത് ഇപ്രകാരം സംഘടിതബലത്തിന്റെ മുഷ്കിൽ ജനങ്ങളെ ഭയപ്പെടുത്തിയും ആക്രമിച്ചും  ‘വിജയിപ്പിച്ച’ പണിമുടക്കിലൂടെ വാസ്തവത്തിൽ അനാവരണം ചെയ്യപ്പെട്ടത്, ഇടതുപക്ഷ തൊഴിലാളി സംഘടനകളിൽ പതിയിരിക്കുന്ന   ഫാസിസ്റ്റുമുഖമാണ്. തങ്ങളുടെ ഇച്ഛയ്ക്ക് വിധേയമാകാത്തവരുടെമേൽ  ബലാൽക്കാരമായി പിടിച്ചെടുക്കുന്ന ആധിപത്യം ഫാസിസമാണ്. തൊഴിലാളിസംഘടനകൾ പണിമുടക്കിൽ അവലംബിച്ചത് ഈ ഫാസിസ്റ്റുതത്വമാണ്. പണിമുടക്കിനോടനുബന്ധിച്ച് സാമാന്യജനങ്ങളുടെ, വിശേഷിച്ചും അസംഘടിതരും അധഃസ്ഥിതരുമായ  തൊഴിലാളികളുടെ  ജീവനും   ജീവനോപാധികളെയും  യാതൊരു തത്വദീക്ഷയുമില്ലാതെ  ചവിട്ടിയരയ്ക്കുവാൻ തൊഴിലാളിസംഘടനകളെ പ്രേരിപ്പിച്ചത് ഫാസിസ്റ്റു ചേതോവികാരമല്ലാതെ മറ്റെന്താണ്.

തൊഴിലാളി വിരുദ്ധതയുടെ നാൾവഴികൾ

ഒരു ജനാധിപത്യ ഭരണവ്യവസ്ഥയിൽ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമായി സമരംചെയ്യുകയും ഭരണകൂടത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളെയും നടപടികളെയും ചോദ്യംചെയ്യുകയും ചെയ്യേണ്ടത് സുപ്രധാനമാണ്. ജനാധിപത്യമെന്ന സങ്കല്പനത്തിന്റെതന്നെ അവിഭാജ്യഘടകമാണത്. ഈ ജനാധിപത്യ ബോധത്തിൽനിന്നു വികസ്വരമായ ഒരു തൊഴിൽസംസ്കാരം സ്വതന്ത്രകേരളത്തിന്റെ പ്രാരംഭദശയിൽ നിലനിന്നിരുന്നു. 1957-ൽ ജനായത്തപ്രക്രിയയിലൂടെ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ  രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ്  ഭരണകൂടത്തിന്റെ കാലംമുതൽ തൊഴിലാളിസംഘടനകൾ നടത്തിയ  ഇടപെടലുകൾ, തൊഴിലാളികളുടെ വേതനത്തോടുകൂടിയ  അവധി, പെൻഷൻ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും  നേടിയെടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

എന്നാൽ, കാലക്രമേണ തൊഴിലാളിപ്രസ്ഥാനങ്ങൾ കൂടുതൽ സംഘടിതസ്വഭാവമാർജിക്കുകയും സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്തു.  ഒപ്പം, സാമ്പത്തികവും ഒട്ടേറെ സാമൂഹിക സുരക്ഷാപദ്ധതികളുള്ള വിവിധ  സേവനമേഖലകളിൽ പണിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ നിരവധി സംഘടനകളും ഉടലെടുത്തു. മധ്യവർഗ മൂല്യങ്ങളെ ഉൾക്കൊള്ളുകയും  മുതലാളിത്തഘടനകളുടെ ഗുണഭോക്താക്കളായും പ്രത്യയശാസ്ത്ര പ്രതിനിധികളായും പ്രവർത്തിക്കുകയും ചെയ്യുന്ന ശമ്പളക്കാരായ ഉദ്യോഗസ്ഥരുടെ – പ്രഫഷണലുകളുടെ –  “വൈറ്റ്കോളർ യൂണിയനിസം” കേരള രാഷ്ട്രീയത്തിൽ പ്രബലശക്തിയായി;  പാർലമെന്ററി രാഷ്ട്രീയപ്പാർട്ടികളുടെ നിർണായക അടിത്തറയായി മാറി.

ക്രമേണ, ഫാക്ടറികളിലും ഫാമുകളിലുമൊക്കെ ജോലിചെയ്യുന്ന തൊഴിലാളിവര്‍ഗത്തെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനുകളും   വൈറ്റ് കോളർ യൂണിയൻ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ബൂർഷ്വാബോധവും മുതലാളിത്ത മൂല്യങ്ങളും സ്വായത്തമാക്കി. അതോടെ, ചൂഷണത്തിന്റെ ആഴമേറിയ ഘടനകളെ വെല്ലുവിളിക്കുന്ന വര്‍ഗസമരമെന്ന അവരുടെ മുഖ്യ അജണ്ട വിപ്ലവചരിത്രത്തിന്റെ  പിന്നാമ്പുറങ്ങളിലേക്കു  ഒതുക്കപ്പെട്ടു. പിന്നീട്, വര്‍ഗസിദ്ധാന്തത്തോടുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ  പ്രതിബദ്ധത പൊതുവേ   പ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും പ്രസ്താവനകളിലും മാത്രമായി. അതിനാൽ, ആശ തൊഴിലാളികളുടെ ഐതിഹാസിക സമരത്തോട് ട്രേഡ് യൂണിയനുകൾ പുലർത്തിവരുന്ന  തൊഴിലാളിവിരുദ്ധ സമീപനം  അവരുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ അടയാളമായി വിലയിരുത്തപ്പെടുന്നു.

ഇതിനിടയിൽ, അപകടകരമായ ഒരു പരിണാമംകൂടി  കമ്യൂണിസ്റ്റുപാർട്ടിയിൽ  സംഭവിക്കുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.  പാർട്ടിയിലെ ഉന്നത അധികാരികൾ,  ഉദ്യോഗസ്ഥർ,  പ്രമാണിമാർ   എന്നിവരടങ്ങുന്ന ഒരു “പുതിയ വര്‍ഗം” (New Class)  പാർട്ടിയിൽ ഉടലെടുത്തു.  ഈ പുതിയ വര്‍ഗം സർവ അധികാരങ്ങളും കൈയടക്കി അധികാരത്തിന്റെ പുരോഹിതന്മാരായി പ്രതാപശ്വൈര്യങ്ങളോടെ വിഹരിക്കുന്നു. ജനാധിപത്യമെന്നത്  പാർട്ടി ആധിപത്യമെന്ന ജനാധിപത്യവിരുദ്ധ സമവാക്യമായി അവർ തിരുത്തി;  ഭരണം  പിടിച്ചടക്കലും അധികാര വാഴ്ചയുമായി ജനാധിപത്യം അധഃപതിച്ചു.  ഈ  അധികാരവര്‍ഗത്തോടുള്ള വിശ്വസ്തത – കഴിവിനും യോഗ്യതക്കുമപ്പുറം –  അവരുടെ ആജ്ഞാനുവർത്തികളായ അണികളുടെ അധികാരത്തിന്റെയും പദവികളുടെയും  ഇടനാഴികളിലേക്കുള്ള   പ്രവേശനത്തെ നിർണയിച്ചു. സ്വജനപക്ഷപാതവും അസഹിഷ്ണുതയും ഈ അഭിനവ തമ്പുരാക്കന്മാരുടെ മുഖമുദ്രയായി.

ജില്ലാ, താലൂക്ക് തലങ്ങളിലുള്ള പ്രാദേശിക നേതാക്കന്മാരും, ട്രേഡ് യൂണിയനുകളും വൈറ്റ്കോളർ സംഘടനകളും  ഉൾപ്പെടെയുള്ള പോഷകപ്രസ്ഥാനങ്ങളുടെ നേതാക്കന്മാരും രാജവാഴ്ചകാലത്തെ  മാടമ്പിമാരെപ്പോലെ  അവരവരുടെ മേഖലകളിൽ ദേശാധികാരികളും അധികാരവര്‍ഗത്തിന്റെ കുഴലൂത്തുകാരുമായ രാഷ്ട്രീയ ആധിപത്യത്തിന്റെ അധിപന്മാരായി വിരാജിച്ചു.

ഗിഗ് ഇക്കോണമിയും ടെക്കികളും

ഇടതുപക്ഷ ട്രേഡ് യൂണിയനുകളിൽ  സംഭവിച്ച ഈ  വൈരുധ്യാത്മക പരിണാമത്തിന്റെ പശ്ചാത്തലത്തിൽ,  ഉദാരവൽക്കരണ സാമ്പത്തിക വ്യവസ്ഥയുടെ  ഭാഗമായി  ഇന്ത്യയുടെ കോർപ്പറേറ്റ് മേഖലയിൽ  തൊഴിലിന്റെ ഭൂപ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന   സാരമായ  പരിവർത്തനങ്ങളും പരിശോധിക്കേണ്ടതുണ്ട്.  കാതലായ രണ്ടു  മാറ്റങ്ങളാണ് തൊഴിൽ മേഖലയിൽ കാണാൻ കഴിയുന്നത്: ആദ്യത്തേത്,  ഊബർ, ഓല, റാപിഡോ  തുടങ്ങിയ ടാക്സി സേവനങ്ങൾ,  ഫാസ്റ്റ് ഫുഡ് ഡെലിവറി,  ഓൺലൈൻ കമ്പോള-വിതരണ ശൃംഖലകൾ,  എന്നിങ്ങനെ  ഗിഗ് ഇക്കോണമിയുമായി ബന്ധപ്പെട്ട  ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ  ലഭിക്കുന്ന അനൗപചാരികവും താല്‍കാലികവുമായ ജോലികളാണ്.  രണ്ടാമത്തേത്,  ബഹുരാഷ്ട്ര ഐ.റ്റി.  കോർപ്പറേറ്റ്  സ്ഥാപനങ്ങളിലെ  പ്രഫഷണൽ ജോലികളും.

ശമ്പളത്തിലും അന്തസ്സിലും  ഈ രണ്ടു ജോലികളും തമ്മിൽ വലിയ  അന്തരമുണ്ടെങ്കിലും, ഈ തൊഴിലിടങ്ങൾ ഇന്ത്യയിലെ തൊഴിൽഘടനയെയും സമ്പദ്‌വ്യവസ്ഥയെയും  പുനർനിർവചിക്കുകയും  തൊഴിൽമേഖലയെത്തന്നെ ഉഴുതുമറിക്കുകയുംചെയ്തു. സമീപഭാവിയിൽ ഇവിടത്തെ സാമ്പ്രദായികതൊഴിലുകളെയും തൊഴിലിടങ്ങളെയും നിഷ്പ്രഭമാക്കി ഈ രണ്ടു തൊഴിൽമേഖലകളും ഭീമാകാരമായി വളരുമെന്നു വിലയിരുത്തപ്പെടുന്നു. കണക്കുകൾ തിട്ടപ്പെടുത്താനാകാത്തവിധം അത്രയധികം ജീവനക്കാരാണ് ഈ രണ്ടു മേഖലകളിലുമായി ഇപ്പോൾ പണിയെടുക്കുന്നത്. ഇന്നത്തെ ചെറുപ്പക്കാരിൽ ബഹുഭൂരിഭാഗവും – പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ – സാമ്പ്രദായികമായ ജോലിയിടങ്ങൾ വിട്ട് ഈ മേഖലകളിൽ ചേക്കേറുകയാണ്.

എന്നാൽ, ഈ കോർപറേറ്റ്  മേഖലകളിൽ പൊതുവേ  നിലനിൽക്കുന്നത് ചൂഷണപരമായ തൊഴിൽപരിസരവും തൊഴിലാളിവിരുദ്ധവുമായ തൊഴിൽനയങ്ങളും നിയമങ്ങളുമാണ്. ഉദാഹരണത്തിന്, ഐ.ടി.മേഖലയിൽ സ്ത്രീകൾക്ക് പ്രസവാവധിയില്ല. വിവാഹിതയായാൽ സ്ഥാനക്കയറ്റവുമില്ലത്രേ. പല ഐ.ടി. കമ്പനികളിലും ജോലിസമ്മർദം താങ്ങാനാകാതെ ടെക്കികളിൽ  പലരും മാനസികമായി തളർന്ന അവസ്ഥയിലാണെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ രാജ്യത്തെ തൊഴിൽനിയമങ്ങളൊക്കെ അപ്രസക്തമാക്കുന്ന അന്താരാഷ്ട്രനിയമങ്ങളുടെ പിൻബലത്തിലാണ് ജനാധിപത്യവിരുദ്ധമായ ഈ തൊഴിൽപരിസരം ജനസമ്മതി നേടുന്നത്. അതുകൊണ്ടുതന്നെ  സംഘടിക്കുവാനോ,  തൊഴിൽ സംബന്ധമായ വിലപേശലുകൾ നടത്തുവാനോ ഇവിടങ്ങളിൽ പണിയെടുക്കുന്നവർക്ക്  സാധ്യമല്ല. അവരുടെ ജോലിക്ക്  സംരക്ഷണമോ  സുരക്ഷിതത്വമോ  ഈ തൊഴിലിടങ്ങളിൽ അപ്രാപ്യമാണ്. ഉയർന്ന ലാഭമുള്ള ബഹുരാഷ്ട്ര കോർപ്പറേറ്റ് ശൃംഖലകളുടെ  ഭാഗമാണെങ്കിലും,  ഏതു നേരത്തും പിരിച്ചുവിടുവാൻ അനുവദിക്കുന്ന “സ്വതന്ത്ര കോൺട്രാക്ട്” (Independent contract ) തസ്തികയിലാണ്   ഐ.ടി. മേഖലയിൽ  ജീവനക്കാരെ  പൊതുവേ നിയമിക്കുന്നത്. അസ്ഥിരതയുടെ മുൾമുനയിലാണ് അവരുടെ ജോലിയും ജീവിതവും.

കൂടാതെ, യൂണിയൻ പ്രാതിനിധ്യമോ, പരാതി പരിഹാരസംവിധാനങ്ങളോ  പങ്കാളിത്തവേദികളോ  ഇല്ലാത്തതിനാൽ, ജീവനക്കാർക്ക്  ജനാധിപത്യപരമായ  തൊഴിൽചർച്ചകൾക്കുള്ള  സാധ്യതയുമില്ല. ഈ സാഹചര്യം ഭരണഘടനയുടെ  ആർട്ടിക്കിൾ 21 നൽകുന്ന ഉപജീവനത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ  ആത്മാവിനെ ലംഘിക്കുക മാത്രമല്ല, അന്തസ്സ്, തുല്യത, ജോലിസ്ഥലത്ത് ലഭ്യമാകേണ്ട  നീതി എന്നിവയുടെ അടിസ്ഥാന പ്രമാണങ്ങളെ  ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ഏറെ തൊഴിൽവിരുദ്ധ നയങ്ങളും നടപടികളുമുള്ള  കോർപ്പറേറ്റ് ഗിഗ്/ ഐ.ടി.  സമ്പദ്‌വ്യവസ്ഥ നിശിതമായ വിമർശനം ആവശ്യപ്പെടുന്ന ഒരു  തൊഴിൽ വ്യവസ്ഥയാണ്.

എന്നാൽ, പരമ്പരാഗത തൊഴിൽമേഖലകളിൽ അതാതു കാലങ്ങളിൽ  നിലനിന്ന ജനാധിപത്യധ്വംസനങ്ങൾക്കും  അവകാശനിഷേധങ്ങൾക്കുമെതിരെ സംഘടിതപോരാട്ടത്തിന്റെ നീണ്ട പാരമ്പര്യമുണ്ടായിരുന്നിട്ടും, ഇടതുപക്ഷ ട്രേഡ് യൂണിയനുകൾക്കും  വൈറ്റ്‌കോളർ സംഘടനകൾക്കും  ഇന്ത്യയിലെ  ടെക്/ഗിഗ്  സമ്പദ്‌വ്യവസ്ഥയുടെ ഓരംപറ്റി സഞ്ചരിക്കുവാൻ മാത്രമേ നിർവാഹമുള്ളു.    മനുഷ്യത്വരഹിതമായ ഈ തൊഴിലിടങ്ങളിൽ ഇവിടത്തെ  തൊഴിലാളിസംഘടനകൾക്ക് പ്രതീകാത്മക കാഴ്ചക്കാരായി നിൽക്കുവാൻ മാത്രമേ കഴിയുന്നുള്ളൂ;  പ്രതിഷേധത്തിന്റെയോ പ്രതിരോധത്തിന്റെയോ  സർഗാത്മകമായ പരിമിത  ഇടപെടലുകൾ  നടത്തുന്നതിനുപോലും സാധിക്കാത്ത ദുരവസ്ഥ.

ഉപസംഹാരം

ഈ വിചാരണയിൽ  അവിതർക്കിതമായി തെളിയുന്ന സംഗതി, കേരളത്തിന്റെ തൊഴിൽമേഖലയിലും തൊഴിലാളി ബന്ധങ്ങളിലും സമ്പദ്ഘടനയിലും ട്രേഡ് യൂണിയനുകളുടെ വര്‍ഗസമരത്തിലധിഷ്ഠിതമായ  പ്രത്യയശാസ്ത്ര വ്യവഹാരങ്ങളിലും  മൂല്യപരിസരങ്ങളിലും ജീവിതശൈലിയിലും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഈ ഉത്തര മുതലാളിത്ത  കാലഘട്ടം സാക്ഷ്യംവഹിക്കുന്നത്.  അസംഘടിത തൊഴിൽമേഖലയിലും നവ ലിബറലിസത്തിന്റെ കാലത്ത് ആവിർഭവിച്ച  കോർപറേറ്റ് തൊഴിലിടങ്ങളിലുമായി വ്യാപിച്ചിരിക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികൾക്ക്,  വൈറ്റ്‌കോളർ യൂണിയനുകൾ അടക്കമുള്ള കേരളത്തിലെ  സംഘടനകൾ അപ്രസക്തവുമാണ്. മാത്രവുമല്ല, പാർലമെന്ററി അധികാരമെന്ന പരമമായ സ്വകാര്യ രാഷ്ട്രീയ അജണ്ടയുടെ ഇടനാഴിയിൽ, യാതൊരു തത്വദീക്ഷയുമില്ലാതെ  പണിമുടക്കുപോലുള്ള സമരാഭ്യാസങ്ങളുമായി വ്യാപരിക്കുന്ന തൊഴിലാളിസംഘടനകളിൽ  പൊതുസമൂഹത്തിനുള്ള വിശ്വാസ്യതയും  ഉത്തരോത്തരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

സങ്കീർണമായ ഈ സാഹചര്യത്തിൽ, ബന്ദിന്റെ അവതാരമെടുക്കുന്ന ജനദ്രോഹപരവും   നശീകരണാത്മകവുമായ  പണിമുടക്കുപോലുള്ള സമരപരിപാടികളെക്കുറിച്ച് ഇവിടത്തെ ഇടതുപക്ഷ തൊഴിലാളിസംഘടനകൾ  പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ‘യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയർ’ – നിങ്ങടെ പരിപ്പ് ഇവിടെ വേവില്ല – എന്നു  വിദ്യാർഥി സഖാക്കൾ കുറച്ചുനാൾ മുൻപ് തങ്ങളുടെ ക്യാമ്പസിൽ    ഉയർത്തിയ കുപ്രസിദ്ധമായ ബാനറിൽ പ്രഖ്യാപിച്ചതുപോലെ, പണിമുടക്കുപോലുള്ള പൊതുസമൂഹം വെറുക്കുന്ന സമര പരിപാടികൾ, അധികാരവും ഭരണവും  പിടിച്ചടക്കുക എന്ന ഏക അജണ്ടയിൽ കേന്ദ്രീകരിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്രകണ്ട്  ഗുണംചെയ്യുമെന്നു  സംശയമാണ്. ഇത്തരം വിധ്വംസക സമരപരിപാടികളുടെ പരിപ്പ് തിരഞ്ഞെടുപ്പിന്റെ അടുപ്പിൽ വെന്തുകിട്ടാൻ ഇനിമേൽ പ്രയാസമാകും.

(ലേഖകൻ: മുൻ മേധാവി, സോഷ്യോളജി  വകുപ്പ്,  കേരള സർവകലാശാല)