സര്‍ഗ്ഗോന്മാദത്തിന്റെ സരണികളില്‍ – വേണു വി. ദേശം
എന്റെ വീടിനടുത്തുള്ള ഒരു ഹെഡ്മാസ്റ്ററുടെ വീട്ടിലെ പുസ്തകശേഖരത്തില്‍നിന്നും 1950 കളുടെ ആദ്യപാദംമുതല്‍ക്കുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ പത്താംതരം വിദ്യാര്‍ത്ഥിയായിരിക്കേ ഞാന്‍ കണ്ടെത്തി. എം.വി. ദേവന്റെ രേഖാചിത്രങ്ങള്‍ അങ്ങനെ ആദ്യമായി കണ്ടു. ഉറൂബിന്റെ ഉമ്മാച്ചു, വി.ടി. ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍, ബഷീറിന്റെ ആനവാരി തുടങ്ങിയ പലതും സീരിയലൈസ് ചെയ്ത ലക്കങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു. പഴക്കംചെന്ന ആ കടലാസുകെട്ടുകളില്‍നിന്ന് കേരളസംസ്‌കാരത്തിന്റെ മണം ഉയര്‍ന്നുവന്നു. അറുപതുകളുടെ തുടക്കത്തിലാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ വരുന്നത്. അത് വെറും കാര്‍ട്ടൂണ്‍ പംക്തിയായിരുന്നില്ല. കേരളീയ ബൗദ്ധിക ജീവിതത്തിന്റെ ആക്ഷേപഹാസ്യത്തില്‍ ചാലിച്ചെടുത്ത ഒരു പരിച്ഛേദമായിരുന്നുവല്ലോ.
1974 വരെയുള്ള ലക്കങ്ങളിലെ ആ കാര്‍ട്ടൂണ്‍ പംക്തി ഒറ്റയടിക്ക് വായിക്കുവാന്‍ കഴിഞ്ഞതോടെ ഞാന്‍ അരവിന്ദ പ്രതിഭയുടെ ആരാധകനായി.
‘ഉത്തരായണ’ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ആ കാര്‍ട്ടൂണ്‍ പംക്തി നിലച്ചുപോയി. അതില്‍ ആത്മാര്‍ത്ഥമായി വിഷമം തോന്നിയവരില്‍ ഒരാളാണ് ഞാന്‍. എന്താണ് ആ പംക്തി നിന്നുപോയതിന് കാരണമെന്ന് വ്യക്തമല്ല. ചലച്ചിത്രകാരനായിരിക്കെത്തന്നെ സത്യജിത്‌റായി എത്രയേറെ കലാമണ്ഡലങ്ങളില്‍ വ്യാപരിച്ചിരുന്നുവെന്നു നോക്കൂ. ഒരു ബാലമാസികപോലും അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്നു.
അക്കാലംതൊട്ടേ അരവിന്ദനെ നേരില്‍ കാണണമെന്ന മോഹം ഉള്ളില്‍ മുളച്ചിരുന്നു. 1981-ലാണ് അത് സാധിതമായത്.
ഞാന്‍ അന്ന് പറവൂരില്‍ ഒരു ഗവണ്‍മെന്റ് ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാടും സംഗീതജ്ഞനായ രമേശ് സദാശിവയും ഇടയ്ക്ക് അവിടെ സന്ദര്‍ശകരായെത്തുമായിരുന്നു. പോക്കുവെയില്‍ റിലീസാകുമ്പോള്‍ തിരുവനന്തപുരത്ത് നമുക്കൊരുമിച്ചു പോകാമെന്ന് ചുള്ളിക്കാട് പറഞ്ഞു. അരവിന്ദന്റെ വസതിയിലും പോകാം. ഞാന്‍ ആ ദിവസങ്ങള്‍ക്കായി കാത്തുകിടന്നു.
റിലീസിന്റെ തലേന്ന് ഞങ്ങള്‍ ഒരു ചെറിയ സംഘം ആലുവായില്‍ നിന്നും തിരുവനന്തപുരത്തിന് തീവണ്ടികയറി. എസ്.എസ്.എല്‍.സിക്ക് റാങ്കു നേടിയ ഉണ്ണിക്കൃഷ്ണനും വിജയലക്ഷ്മിയും ചുള്ളിക്കാടും രമേശ് സദാശിവയും ഞാനുമാണ് സംഘാംഗങ്ങള്‍. തിരുവനന്തപുരത്ത് ചെന്നാല്‍ എനിക്കും രമേശിനും ഉണ്ണിക്കൃഷ്ണനും തങ്ങാന്‍ ഒരിടമുണ്ട് – ഞങ്ങളുടെ പൊതുസുഹൃത്തായ ജോസഫ് എന്ന കോണ്‍ട്രാക്ടറുടെ വേനല്‍ക്കാലവസതി. രണ്ടുദിവസം താമസിക്കുന്നതിനുള്ള ഒരുക്കങ്ങളൊന്നും കൂടാതെയായിരുന്നു എന്റെ യാത്ര. അതിന്റെ ഫലം പിന്നീട് അനുഭവിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെത്തിയപാടേ അരവിന്ദന്റെ വാടകവീട്ടിലേക്കു കുതിച്ചു. പഴയ പ്രൗഢിയില്‍ പണിതീര്‍ത്ത ഒരു കൂറ്റന്‍ തറവാടാണത് – കേദാരം എന്നാണ് പേര്. തുമ്പിക്കൈ ഉയര്ത്തിപ്പിടിച്ചുനില്ക്കുന്
അരവിന്ദന്റെ വസതിയില്‍ ഞങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണം കിട്ടി. അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി രണ്ടുവരി പാടുകപോലും ചെയ്തു – ഏതോ ഹിന്ദുസ്ഥാനി രാഗം. ഞാനും ഉണ്ണിയും രമേശും ജോസഫിന്റെ വീട്ടിലെത്തിയപ്പോള്‍ ഒരു സന്ദേശമെത്തി – പോക്കുവെയില്‍ തിരുവനന്തപുരത്ത് റിലീസ് ചെയ്യാന്‍ ഏതോ ലോബി സമ്മതിക്കുന്നില്ലെന്നും തിയ്യറ്ററുകാര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ അവസാന നിമിഷം പിന്‍മാറി എന്നുമായിരുന്നു ആ സന്ദേശം. ഞങ്ങള്‍ ഹതാശരായി. പക്ഷേ, അരവിന്ദനെ കാണണമെന്ന ചിരകാലാഭിലാഷം സാധിതമായതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നുതാനും.
പ്രശ്‌നത്തിന് ബാലചന്ദ്രന്‍ പരിഹാരം കണ്ടെത്തി. കോട്ടയത്തിന് പോകുക. അവിടെ അരവിന്ദന്റെ വീടുണ്ട്. പിതാവും ഹാസ്യസാഹിത്യകാരനുമായ എം.എന്‍. ഗോവിന്ദന്‍ നായരെയും പരിചയപ്പെടാം.