ഓര്‍മ്മ – ജോണ്‍പോള്‍

വര്‍ഷങ്ങള്‍… അല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് രണ്ടാമത്തെ ജ്യേഷ്ഠന്‍ ബോംബെയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥി. അവധി കഴിഞ്ഞു ബോംബെയ്ക്ക് മടങ്ങുമ്പോള്‍ എറണാകുളത്തെ ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍വരെ (അന്ന് അതിന്റെ പേര് നോര്‍ത്ത് സ്റ്റേഷന്‍) ചെന്നു യാത്രയാക്കുക എന്റെയും തൊട്ടു മൂത്ത ജ്യേഷ്ഠന്റെയും പതിവു ചുമതല.


സ്റ്റേഷനിലെത്തി. വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. ഞാന്‍ അന്ന് തൊട്ടടുത്തു റെയിലിനപ്പുറം ലിസി ഹോസ്പിറ്റലിനോടു ചേര്‍ന്നുള്ള സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി. തൊട്ടു മൂത്ത ജ്യേഷ്ഠന്‍ നഗരത്തിലെ സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിെലയും.


സ്റ്റേഷന്റെ മുന്‍പിലായി ഒരു റെയില്‍വേ ചായക്കടയുണ്ട്. ഷേണായിയുടെ കട എന്ന പേരില്‍ പ്രസിദ്ധമായി ഏറെക്കാലം അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് ഓരോ പരിപ്പുവടയും പാല്‍ച്ചായയുമടങ്ങുന്ന ഇത്തിരി യാത്രയയപ്പു നന്ദി സല്‍ക്കാരം ബോംബെയ്ക്കു വണ്ടി കയറും മുമ്പേ ജ്യേഷ്ഠനവര്‍കളുടെ വക പതിവുണ്ട്.


”പഠിത്തത്തില്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കണം…” തുടങ്ങിയ ഉപദേശ പാഠങ്ങള്‍ കൊണ്ടുള്ള അഭിഷേകം അതിനകമ്പടിയും.

ഏതു നിമിഷവും ഉരുവിട്ടു തുടങ്ങാവുന്ന ഉപദേശകാണ്ഡത്തെ പ്രതീക്ഷിച്ചുകൊണ്ട് പരിപ്പുവടയിലെ മൊരിഞ്ഞ മുളകു ശകലം നാവിലേറ്റി നുണയുന്നതിനിടയില്‍ ഞാന്‍ അലസമായി പുറത്തെ റോഡിലേക്കു നോക്കി.


റോഡിന്റെ വടക്കുഭാഗത്ത് ഇ.എസ്.ഐ. റോഡില്‍ നിന്ന് സ്റ്റേഷന്റെ മുന്‍പിലൂടെ അരുമയായി ഒരു പെണ്‍ കുട ചൂടി, പ്രൗഢയും സൗമ്യവതിയുമായ ഒരു സ്ത്രീ… (മുപ്പതുകളുടെ ആദ്യ പകുതിയിലാകാം പ്രായമെങ്കിലും യൗവ്വനത്തിന്റെ ശ്രീതിളക്കം അപ്പോഴും മുഖത്തും ശരീരഭാഷയിലും ചലനങ്ങളിലും നിറപ്രത്യക്ഷം…) മെല്ലെ അന്നനട നടന്നു റോഡരികിലൂടെ വരുന്നു.


ഐവറിയോടടുത്ത ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയിലെ കരതന്നെ ബ്ലൗസിന്റെ കൈയ്യറ്റത്തും.

വെണ്‍മ തുടിച്ചുനില്‍ക്കുന്ന നിറരാശി. മെലിഞ്ഞിട്ടല്ല; തടിച്ചിട്ടുമല്ല.

നേര്‍ത്ത ഒരു സ്വര്‍ണ്ണമാല കഴുത്തിനോട് ചേര്‍ന്നൊട്ടി; അതില്‍ കോര്‍ത്ത് ഒരു കുരിശും ഒരു താലിയും…

എല്ലാവര്‍ക്കുമായി കരുതി വിടര്‍ത്തിയ ആഭിജാത്യമാര്‍ന്ന അലിവിന്റെ അര്‍ദ്ധസ്മിതം ചുണ്ടില്‍.

പരിചിതര്‍ ചിലര്‍ ചിരിക്കുന്നു. നടത്തയുടെ താളത്തിനു ഭംഗം വരുത്താതെ അര്‍ദ്ധസ്മിതം അല്‍പ്പം കൂടി വിടര്‍ത്തി പ്രത്യഭിവാദനം!

നടത്തവേഗത്തിലല്ല; സാവകാശത്തിലുമല്ല…

റോഡരികിലൂടെ മലയാള പെണ്‍മയുടെ ഐശ്വര്യം നിറതികവോടെ എഴുന്നള്ളത്തിനിറങ്ങിയതുപോലെ!

പ്രവൃത്തിദിവസങ്ങളില്‍ ദിവസത്തില്‍ രണ്ടു തവണവീതം കച്ചേരിപ്പടി ഭാഗത്തേക്കും തിരിച്ചിങ്ങോട്ടും ഈ എഴുന്നള്ളത്തു പതിവു കാഴ്ചയായതിന്റെ പരിചിതത്വം പരിസരത്തിനും പതിവുകാര്‍ക്കുമുണ്ട്. അല്ലാത്തവരില്‍ പലര്‍ക്കും കൗതുകം; ആരെന്നു തിരിച്ചറിയുമ്പോള്‍ വിസ്മയം; പിന്നെ ആദരം.


എനിക്ക് ആ മുഖം പരിചിതമായിരുന്നു. അവരാരെന്നും അറിയാമായിരുന്നു.

കൗതുകത്തോടെ ആ നടത്തം നോക്കിനിന്ന ജ്യേഷ്ഠനോടു ഞാന്‍ മെല്ലെ മന്ത്രിച്ചു:

”അത് മിസ്സ്. കുമാരിയാണ്…” വിശ്വാസം വരാതെ ജ്യേഷ്ഠന്‍ ചോദിച്ചു: ”ഏതു മിസ്സ്. കുമാരി?” ”ഫിലിംസ്റ്റാറായിരുന്ന…” ഞാന്‍ കൃത്യമായി അടയാളപ്പെടുത്തി.

ബോംബെ തെരുവില്‍ കാടിളക്കി നാടുമെതിച്ചു ഒഴുകുന്ന പെട്ടകം പോലുള്ള ആഢംബരകാറിന്റെ ടിന്റഡ് ഗ്ലാസ്സിലൂടെ മിന്നായം മാത്രമായി ചലച്ചിത്ര താരങ്ങളെ കണ്ടു ശീലമുള്ള ജ്യേഷ്ഠന് ആദ്യം അമ്പരപ്പുതോന്നി. ആ ലാളിത്യം വിശ്വസിക്കാനാവാത്ത കാഴ്ചയായി വിസ്മയം വിരിച്ചു.


ജ്യേഷ്ഠന്‍ ബോംബെക്കു പോകും മുന്‍പ് എറണാകുളത്ത് കോളെജിലും. അതിനും മുന്നേ സ്‌കൂളിലും വിദ്യാര്‍ത്ഥിയായിരുന്ന നാളുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നക്ഷത്ര നായികയായിരുന്നു മിസ്സ്. കുമാരി. അവരെ നേരില്‍ കാണാനായതിന്റെ ആഹ്ലാദവും ഉദ്വേഗവും ഉള്ളില്‍ തിരതേമ്പുമ്പോഴും ഇഷ്ടതാരം റോഡിലൂടെ സര്‍വസാധാരണക്കാരിയെപ്പോലെ നടന്നിറങ്ങി പോകുന്നതു കാണുമ്പോഴുള്ള വിസ്മയവും അമ്പരപ്പും തുല്യഅളവില്‍ ചേട്ടനില്‍ തികട്ടി.


”അവര്… അവരെന്താ ഇതിലേ നടന്നു…?”

തൊട്ടടുത്തുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥി എന്ന നിലയില്‍ വൃത്താന്തവിശേഷങ്ങളില്‍ ആധികാരികമായ അറിവു എനിക്കാണല്ലോ… ഞാനതു നിര്‍ബാധം വിളമ്പി.

”അവരുടെ ഹസ്ബന്റിന്റെ വീട്* ഇ.എസ്.ഐ. റോഡിലാണ്. മകളെയും മകനെയും സ്‌കൂളില്‍ കൊണ്ടാക്കുവാനും തിരിച്ചുകൊണ്ടുവരാനും ഇങ്ങനെ നടത്ത ഉള്ളതാ…”

”പക്ഷേ, നടന്ന്…?”


”അവരങ്ങനെയാണ്… സാധാരണ നമ്മളെപ്പോലെ… വളരെ സിമ്പിളാണ്…”

നടന്നകലുന്ന അവരെ ജ്യേഷ്ഠന്‍ ആരാധനയോടെ കുറച്ചിട നോക്കി നിന്നു. മനസ്സുകൊണ്ടുള്ള ആ അനു യാത്രയ്ക്കു തീവണ്ടിവരുന്നു എന്നറിയിക്കുന്ന ബെല്‍ മുഴങ്ങിയതു വിരാമമായി.

ഇവ്വിധമായല്ലാതെയും ഞാന്‍ മിസ്സ്. കുമാരിയെ കണ്ടിട്ടുണ്ട്.


എം.ജി. റോഡിലെ പത്മ തിയേറ്ററിനടുത്തുള്ള സുരേന്ദ്രന്‍ വൈദ്യരുടെ ശാലയിലിരുന്നു സൊറ പറയുമ്പോള്‍ വീഥിയിലൂടെ ഒരു കോണ്‍ഗ്രസ് ജാഥ വരുന്നു. അതിന്റെ മുന്‍നിരയില്‍ വനിതാവിഭാഗത്തിന്റെ നേതൃസാന്നിദ്ധ്യമായി ഖദറിനോടു ചായ്‌വു തോന്നിക്കുന്ന അതേതരം വേഷത്തില്‍ വിശ്വാസദാര്‍ഢ്യം സ്ഫുരിക്കുന്ന മുഖഭാവത്തോടെ സ്‌ത്രൈണ ശ്രീത്വം നഷ്ടപ്പെടുത്താതെ, സൗമ്യത നിലനിറുത്തി മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് നടന്നുനീങ്ങിയ അവരുടെ ചിത്രം പിറ്റേന്നത്തെ പത്രത്തില്‍ മുഖചിത്രത്തിനലങ്കാരമായി.