മലയാള കവിതയിലെ മേഘരൂപന്‍ പ്രൊഫ. – എം. കൃഷ്ണന്‍ നമ്പൂതിരി

മലയാള കവിതയെ ആധുനികവത്കരിച്ച, ആറ്റിക്കുറുക്കിയ വരികളില്‍, ഒട്ടും ധാരാളിത്തമില്ലാതെ കവിതകളെഴുതിയ ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് എഴുത്തിന്റെ ആദരാഞ്ജലി.


മലയാള കവിതയില്‍ ആധുനികതയെയും ദ്രാവിഡ പാരമ്പര്യത്തെയും നവീനമായ ഒരു ഭാവുകത്വ പരിസരത്തില്‍ സമന്വയിപ്പിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മ്മ. അയ്യപ്പപ്പണിക്കര്‍, മാധവന്‍ അയ്യപ്പത്ത്, എന്‍.എന്‍. കക്കാട്, കടമ്മനിട്ട, എന്‍.വി. കൃഷ്ണവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം കവിതയിലെ സംക്രമണകാലത്തെ നിര്‍ണയിക്കാന്‍ ആറ്റൂര്‍ രവിവര്‍മ്മയും ഉണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ സ്വതന്ത്ര പാതകള്‍ വെട്ടിയൊരുക്കി, ആധുനികതയുടെ കവലയില്‍ സംഗമിച്ച്, കാവ്യഭാവുകത്വത്തിന്റെ പുതിയൊരു പൊരുമ്പാത സൃഷ്ടിച്ചെടുക്കുകയായിരുന്നു. വൈലോപ്പിള്ളി, ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ക്കുശേഷം കവിതയില്‍ സംക്രമണകാലത്തെ അടയാളപ്പെടുത്താന്‍ പോരുന്ന കുറെ കവിതകളാണ് ആറ്റൂര്‍ രവിവര്‍മ്മയുടെ നീക്കിയിരിപ്പ്. ‘അര്‍ക്ക’വും, ‘പിതൃസംഗമന’വും ‘സംക്രമണ’വും ‘മേഘരൂപ’നും, ‘നഗരത്തിലൊരു യക്ഷ’നും, ‘ഭാരതദര്‍ശന’വും മലയാള കവിത സഞ്ചരിച്ച പുതുവഴികളായിരുന്നു. പാരമ്പര്യത്തെയും പൈതൃകത്തെയും ഉടച്ചുവാര്‍ക്കുന്ന കാവ്യസങ്കല്പം ആധുനികതയില്‍ പുതിയൊരധ്യായമായി മാറുന്ന കാഴ്ച ആറ്റൂര്‍ക്കവിതകള്‍ നമുക്കു കാണിച്ചുതരുന്നു. ഏഴുപതിറ്റാണ്ടിലേറെ നീണ്ട കാവ്യജീവിതത്തില്‍ നൂറ്റിഅമ്പതില്‍ താഴെവരുന്ന കവിതകളേ ആറ്റൂര്‍ രചിച്ചിട്ടുള്ളൂ. ആറ്റിക്കുറുക്കിയ കാവ്യദര്‍ശനത്തിന്റെ അത്രയും വാങ്മയങ്ങള്‍ മതി മലയാള കവിതയുടെ സംക്രമണഘട്ടത്തെ അടയാളപ്പെടുത്താന്‍.


ആറ്റൂരിന്റെ കവിതകളോരോന്നും സ്വയം നവീകരണത്തിന്റെ അക്ഷരരൂപമായിരുന്നു. ഒന്ന് മറ്റൊന്നിനെ ഒരിക്കലും അനുകരിക്കുന്നില്ല, ഓര്‍മ്മിപ്പിക്കുന്നില്ല. മാനുഷികതയുടെയും സ്‌ത്രൈണസത്തയുടെയും എക്കാലത്തെയും വാഴ്ത്തുപാട്ടായി ‘സംക്രമണം’ എന്ന കവിത നമുക്കു മുന്നിലുണ്ട്. അനാഥമായിപ്പോകുന്ന അടിമയുടെ ജീവിതവും അനാഥജഡം ഉയര്‍ത്തുന്ന ദുര്‍ഗ്ഗന്ധം മലയാളകവിതയുടെ അകംപുറം ലോകങ്ങളെ ഒരുപോലെ അലോസരപ്പെടുത്താന്‍ പോരുന്നതായിരുന്നു.


പുറപ്പെട്ടേടത്താണൊരായിരം കാതമവള്‍ നടന്നിട്ടും ഒരു കുറ്റിച്ചൂല് ഒരുനാറത്തേപ്പ് ഞെണുങ്ങിയവക്കാര്‍- ന്നൊരു കുഞ്ഞിപ്പാത്രം- ഒരുട്ടമണ്ണവള്‍.


എന്ന് ആറ്റൂര്‍ കുറിച്ചിടുമ്പോള്‍ സ്ത്രീയവസ്ഥയുടെ ആന്തരിക ലോകം അതിന്റെ സകല സങ്കീര്‍ണതകളോടെയും കവിതയില്‍ ആവിഷ്‌കൃതമാവുകയായിരുന്നു. പഴയ ഇല്ലം പൊളിച്ചുവിറ്റ് പുതിയ ഓട്ടോറിക്ഷ വാങ്ങി ജീവിതം ഓടിക്കാന്‍ തത്രപ്പെടുന്ന കുഞ്ഞിക്കുട്ടനിലൂടെ ആധുനികതയുടെ ആരും കാണാത്ത ഭാവരാശികള്‍ ആറ്റൂര്‍ അവതരിപ്പിക്കുകയായിരുന്നു. ”ഉണ്ണുമ്പോള്‍ ഉരുളയില്‍ ചോര” (ഭ്രാന്ത്) എന്ന ഉന്മാദകല്പനകൊണ്ട് കാവ്യഭാവുകത്വത്തെ ഞെട്ടിപ്പിക്കുകയായിരുന്നു ഈ കവി. സഹ്യനെക്കാള്‍ തലപ്പൊക്കമുണ്ടായിട്ടും അതു പ്രദര്‍ശിപ്പിക്കാതെ നിളയെപ്പോലെ ആര്‍ദ്രമായി മണ്ണോടു ചേര്‍ന്ന് (മേഘരൂപന്‍) ഒഴുകുകയായിരുന്നു ആറ്റൂര്‍ക്കവിത. അത് തന്റെ സമകാലിക കവി വ്യക്തിത്വങ്ങളില്‍ നിന്നെല്ലാമുള്ള വഴിമാറി ഒഴുകലും കൂടിയായിരുന്നു.


”എല്ലാ വീടും പടിഞ്ഞാട്ടുനോക്കുമ്പോള്‍ എന്റെ വീടു കിഴക്കോട്ടാണല്ലോ എല്ലാവര്‍ക്കും വെളുത്തുള്ളോരമ്മമാര്‍ എന്റെ അമ്മ കറുത്തിട്ടുമല്ലോ. വേഗം നടക്കുന്നോരാളുകളെല്ലാരും ഞാനൊരമാന്തക്കൊടിമരമല്ലോ ചിരിയുടെ ചങ്ങാതിക്കവലയിലെനിക്കൊരു കുറിയും നറുക്കു വീണില്ലല്ലോ” (സ്വകാര്യം)


എന്നിങ്ങനെ ആറ്റൂരിന്റെയും ആറ്റൂര്‍ക്കവിതകളുടെയും വ്യതിരിക്തത കവിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കവിയുടെ സ്വകാര്യത തന്നെയാണ് അയാളെ ഇതരഭിന്നനാക്കുന്നത്. ആധുനികതയില്‍ മറ്റുള്ളവര്‍ പടിഞ്ഞാട്ടു നോക്കി കവിതയെഴുതിയപ്പോള്‍ ആറ്റൂര്‍ പൗരസ്ത്യ സംസ്‌കാരത്തിലേക്കു തിരിച്ചുനടന്നു. വെളുത്ത അമ്മയില്‍ നിന്നും അമ്മക്കറുപ്പിലേക്കായിരുന്നു ആറ്റൂരിന്റെ കവിത സഞ്ചരിച്ചത്. ആധുനികതയുടെ തിക്കിത്തിരക്കുകളില്‍ നിന്നും സ്വകാര്യതയുടെ അലസഗമനങ്ങളിലേക്കാണ് ആറ്റൂര്‍ക്കവിത മിഴിതുറന്നത്. മുത്തശ്ശന്‍ ഇഷ്ടപ്പെട്ടിരുന്ന ബ്രിട്ടീഷ് പതാകയില്‍ നിന്നും, അച്ഛന്‍ പിടിച്ചിരുന്ന ത്രിവര്‍ണ പതാകയില്‍ നിന്നും വ്യത്യസ്തമായി ചെങ്കൊടി പിടിക്കാനായിരുന്നു തനിക്കിഷ്ടം എന്ന് ‘പാരമ്പര്യം’ എന്ന കവിതയിലും തന്റെ വ്യതിരിക്തതയെ ആറ്റൂര്‍ ഉറപ്പിച്ചു പറയുന്നുണ്ട്.