ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് കുടികൊള്ളുന്ന ജനാധിപത്യവും മതേതരത്വവും തമ്മിലുള്ള വേർപെടുത്താനാവാത്ത ബന്ധത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചംവീശുന്ന ലേഖനം. ചരിത്രപരമായ സാഹചര്യങ്ങളിൽ രൂപംകൊണ്ട ഈ മൂല്യങ്ങൾ, ഇന്നു നേരിടുന്ന പ്രത്യയശാസ്ത്രപരമായ കൊടുങ്കാറ്റുകളെ എങ്ങനെ അതിജീവിക്കണമെന്ന് ഈ ലേഖനം അന്വേഷിക്കുന്നു. ഇന്ത്യയുടെ മതേതര ജനാധിപത്യ ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ഓർമപ്പെടുത്തലാണ് ഈ വിശകലനം.
ജനാധിപത്യവും മതേതരത്വവും അവിഭക്തമാണ്. ഒന്നിന്റെ അഭാവത്തിൽ മറ്റേതിന് നിലനിൽപ്പില്ല. ഒരു രാഷ്ട്രം ജനാധിപത്യ (democratic) പരമാണെന്ന് പറഞ്ഞാൽ, അതിനര്‍ഥം മതേതരം (secular) കൂടി ആണെന്നാണ്. 1949 നവംബർ 26-ന് അംഗീകരിക്കപ്പെട്ട നമ്മുടെ ഭരണഘടനയിൽ ഇന്ത്യയെ വിശേഷിപ്പിച്ചത് ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്’ (sovereign democratic republic) എന്നായിരുന്നു. ഒരു ജനാധിപത്യ റിപ്പബ്ലിക്കിന് മതറിപ്പബ്ലിക്ക് ആവാൻ കഴിയില്ല. മതറിപ്പബ്ലിക്കാവുമ്പോൾ അതൊരു പ്രത്യേക മതത്തിന്റെ ആധിപത്യമുള്ള മതഭരണാധിഷ്ഠിത റിപ്പബ്ലിക്കായിത്തീരും.1947-ൽ പാക്കിസ്ഥാൻ ഒരു ‘മുസ്ലിം റിപ്പബ്ലിക്ക്’ ആയപ്പോൾ, ഇന്ത്യ ഒരു ‘ഹിന്ദു റിപ്പബ്ലിക്ക്’ ആവാതിരുന്നത് നമ്മുടെ രാഷ്ട്രം അന്നുതന്നെ മതേതര ജനാധിപത്യത്തിന്റെ മാർഗം സ്വീകരിച്ചതിനാലാണ്.
1950 ജനുവരി 26-ന് ഔപചാരികമായി നിലവിൽവന്ന നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ, റിപ്പബ്ലിക്കിനെ വിശേഷിപ്പിക്കുന്നിടത്ത് ‘മതേതരം'(secular), ‘സ്ഥിതിസമത്വം’ (socialist) എന്നീ പദങ്ങൾ ഉണ്ടായിരുന്നില്ല. 1976-ലെ 42-ാം ഭരണഘടനാഭേദഗതിവഴിയാണ് അവ കൂട്ടിച്ചേർക്കപ്പെട്ടത്. അതിനർഥം, 1976 വരെ ആ രണ്ടു വാക്കുകളിൽ ഉൾച്ചേർന്ന ആശയങ്ങൾ നമ്മുടെ ഭരണഘടനയിൽ ഉണ്ടായിരുന്നില്ല എന്നല്ല. ഭരണഘടനയുടെ ആമുഖം പൂർണമായി വായിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യം. ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ് എന്നു വ്യക്തമാക്കിയശേഷം, ആ റിപ്പബ്ലിക്കിന്റെ നാല് ലക്ഷ്യങ്ങൾ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണവ. മത-ജാതി-ഭാഷാ-ലിംഗ-പ്രദേശ ഭേദമെന്യേ എല്ലാവർക്കും സാമൂഹികവും സാമ്പത്തികവുമായ നീതിയും ചിന്താപരവും മതപരവും ആവിഷ്കാരപരവും വിശ്വാസപരവും, സംഘടനാപരവുമായ സ്വാതന്ത്ര്യവും പൗരതുല്യതയും അവസരസമത്വവും ഉറപ്പാക്കുന്നതോടൊപ്പം, രാഷ്ട്രത്തിന്റെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുകകൂടി ചെയ്യുക എന്നതാണ് ഈ ചതുർലക്ഷ്യങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്. 1976-നു മുമ്പുതന്നെ ‘മതേതരം’, ‘സ്ഥിതിസമത്വപരം’ എന്നീ പദങ്ങളിലടങ്ങിയ ആശയങ്ങൾ ഭരണഘടനയിൽ അന്തർലീനമായിരുന്നു എന്നു സാരം. അവ കൂടുതൽ സ്പഷ്ടമാക്കുക മാത്രമാണ് 42-ാം ഭേദഗതി വഴി ചെയ്തത്.
വസ്തുത ഇതായിരിക്കെ, ഭരണഘടനയുടെ ആമുഖത്തിൽ പിൽക്കാലത്ത് ഉൾപ്പെടുത്തിയ പദങ്ങളാണെന്ന് ആരോപിച്ച് ‘സെക്കുലർ’, ‘സോഷ്യലിസ്റ്റ്’ എന്നിവയ്ക്കെതിരെ പടപ്പുറപ്പാട് നടത്തുന്നതിന് ന്യായീകരണമൊട്ടുമില്ല. പക്ഷേ, രണ്ടു പതിറ്റാണ്ടോളമായി ചില പ്രമുഖ സംഘടനകളും വ്യക്തികളും അവ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശയതലത്തിലും നിയമതലത്തിലും പോരാട്ടം നടത്തിപ്പോരുന്നുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘവും അനുബന്ധ സംഘടനകളും എന്നപോലെ, ബി.ജെ.പി. നേതാക്കളായ സുബ്രഹ്മണ്യൻ സ്വാമി, അശ്വിനി കുമാർ ഉപാധ്യായ എന്നിവരും ഡോ. ബല്‍റാം സിങ്ങും ഈ പദങ്ങൾക്കെതിരെ നിയമയുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അവരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കഴിഞ്ഞവർഷം സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.
മേല്‍ച്ചൊന്ന മൂന്നുപേർ നൽകിയ ഹർജികൾ തള്ളിക്കൊണ്ട് 2024 നവംബർ 24-ന് പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞത്, ഭരണഘടന ഒരു ജഡവസ്തുവല്ലെന്നും അതൊരു ജീവിക്കുന്ന രേഖയാണെന്നുമാണ്. മറ്റു ഭാഗങ്ങളെന്നപോലെ ഭരണഘടനയുടെ ആമുഖവും ഭേദഗതിക്ക് വിധേയമാണെന്നു നിരീക്ഷിച്ച ന്യായാസനം, ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമല്ലാത്ത മാറ്റങ്ങൾ നിയമാനുസൃതമാണെന്നും വ്യക്തമാക്കി. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടനയിൽപ്പെട്ടതാണെന്ന് കേശവാനന്ദ ഭാരതി, എസ്.ആർ. ബൊമ്മൈ ഉൾപ്പെടെയുള്ള കേസുകളിൽ നേരത്തേ വിധിച്ചിട്ടുള്ള വസ്തുതയിലേക്ക് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിരൽ ചൂണ്ടുകയുമുണ്ടായി.
പത്തുമാസം മുൻപ് പരമോന്നത കോടതിയുടെ ഇത്തരമൊരു വിധി വന്നതിനുശേഷവും മതേതരത്വത്തിനും സോഷ്യലിസത്തിനും നേരേ ഇപ്പോഴും പല പ്രമുഖരും കടന്നാക്രമണവുമായി അരങ്ങത്തുണ്ട്. അവരിൽ പ്രധാനിയാണ് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ഇക്കഴിഞ്ഞ ജൂൺ 26-ന്, അടിയന്തരാവസ്ഥയുടെ അമ്പതാംവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഒരു സമ്മേളനത്തിൽ, അദ്ദേഹം ‘സെക്യുലര്‍,സോഷ്യലിസ്റ്റ്’ എന്ന സംജ്ഞകൾക്കെതിരെ അതിശക്തമായ നിലപാടെടുക്കുകയുണ്ടായി. മേല്പറഞ്ഞ സംഭവങ്ങൾ സംശയലേശമെന്യേ തെളിയിക്കുന്നത്, മതേതര ജനാധിപത്യ ഇന്ത്യ എന്ന മനോഹരമായ ആശയം അശേഷം രുചിക്കാത്ത സംഘടനകളും പാർട്ടികളും വ്യക്തികളും രാജ്യത്തുണ്ടെന്നാണ്.
2014-തൊട്ട് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം, അവരുടെ കേന്ദ്ര അജൻഡ തങ്ങൾ ‘ഭാരതം’ എന്നുമാത്രം വിളിക്കാനിഷ്ടപ്പെടുന്ന ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ്. ആ രാഷ്ട്രത്തിന്റെ ശത്രുക്കളായി അവർ പണ്ടുമുതലേ അടയാളപ്പെടുത്തിയിട്ടുള്ളത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയുമാണ് (M.S. Golwalker, Bunch of Thoughts). വൈദേശിക സ്രോതസ്സുള്ള ഇസ്ലാം, ക്രിസ്തു മതങ്ങളിൽപ്പെട്ടവരും രാജ്യത്തെ മുഖ്യ ന്യൂനപക്ഷ സമുദായക്കാരുമായ ജനവിഭാഗങ്ങളെ, ‘ഭാരതത്തെ പുണ്യഭൂമിയായി കാണാത്തവർ’ എന്നാണവർ അടയാളപ്പെടുത്തിപ്പോന്നിട്ടുള്ളത്.
ഒരു മതേതര ജനാധിപത്യ രാഷ്ട്രം എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുക എന്ന സിദ്ധാന്തം (Theory of Inclusiveness) ഉയര്‍ത്തിപ്പിടിക്കുമ്പോൾ, മതേതരത്വവിരുദ്ധ രാഷ്ട്രസങ്കല്പങ്ങൾ മാറോടുചേർക്കുന്നത് പുറന്തള്ളൽ എന്ന സിദ്ധാന്തമാണ് (Theory of Exclusiveness). പുറന്തള്ളൽ സിദ്ധാന്തത്തോടൊപ്പം നിൽക്കുന്നവരായിരിക്കും മതേതരത്വവിരുദ്ധ രാഷ്ട്രസങ്കല്പങ്ങളായ ഹിന്ദു രാഷ്ട്രം, ഇസ്ലാമികരാഷ്ട്രം, ജൂതരാഷ്ട്രം, ക്രൈസ്തവരാഷ്ട്രം തുടങ്ങിയ മതാധിഷ്ഠിത രാഷ്ട്രസങ്കല്പങ്ങൾ പിന്തുടരുന്നവർ. മതവിഷയത്തിൽ ശ്ലാഖ്യമാംവിധം ലിബറൽ കാഴ്ചപ്പാട് പുലർത്തിയ നമ്മുടെ ഭരണഘടനാശില്പികൾ മതേതരരാഷ്ട്രമായി അഭിവീക്ഷിച്ച ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പുനരാവിഷ്കരിക്കുമ്പോൾ ഇല്ലാതാവുക, നിലവിലുള്ള മതാസ്പദമല്ലാത്ത പൗരത്വം, പൗരസമത്വം, മതാതീത സാമൂഹികനീതി, അവസരസമത്വം, മതപരവും സാമൂഹികവും സാംസ്കാരികവുമായ ബഹുസ്വരത എന്നിവ മാത്രമല്ല, രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല എന്ന സെക്യുലർ, ഹ്യൂമനിസ്റ്റ് തത്വംകൂടിയാണ്.
ഒട്ടും അഭിലഷണീയമല്ലാത്തതും മതസങ്കുചിതവുമായ രാഷ്ട്രസങ്കല്പങ്ങൾ പിന്തുടരുന്ന രാജ്യങ്ങൾ ലോകത്തുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാൻ, ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി ഇസ്ലാമിനെ അംഗീകരിച്ച രാജ്യങ്ങളാണവ. മതേതര ജനാധിപത്യത്തിന് ഇടമില്ലാത്ത അത്തരം രാഷ്ട്രങ്ങളിൽ ഏകമതാധിപത്യമാണ് നിലനിൽക്കുന്നത്. ഔദ്യോഗിക മതത്തിനു പുറത്തുള്ളവർ അവിടങ്ങളിൽ രണ്ടാന്തരം പൗരന്മാരാണ്. അവർ ഭരണകൂടത്തില്‍നിന്ന് നേരിടുന്നതാകട്ടെ, ക്രൂര വിവേചനവും.
അത്തരമൊരു അവസ്ഥാവിശേഷമാണ് മതേതര ഇന്ത്യ ഒരു ഹിന്ദുറിപ്പബ്ലിക്കാവുമ്പോൾ സംജാതമാവുക. അതിനുള്ള കരുനീക്കങ്ങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അതിനെ നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളും അതിസമർഥമായി നടത്തുമ്പോൾ, “ഇന്ത്യയിൽ മതേതരത്വം അസ്തമിക്കുമോ?” എന്ന ചോദ്യം എല്ലാ ജനാധിപത്യസ്നേഹികളെയും അലട്ടുന്നുണ്ട്.
എന്തുണ്ട് മുക്തിമാർഗം? മതേതര ജനാധിപത്യമൂല്യങ്ങൾ തകർന്നുകൂടാ എന്നാഗ്രഹിക്കുന്ന, കോൺഗ്രസ്സടക്കമുള്ള, ചെറുതുംവലുതുമായ ഒട്ടേറെ പാർട്ടികൾ രാജ്യത്തുണ്ട്. അവർ തമ്മില്‍ത്തമ്മിലുള്ള അഭിപ്രായഭേദങ്ങൾ മാറ്റിവച്ച് ഐക്യപ്പെട്ടാൽ മാത്രമേ മതേതര ഇന്ത്യയെ നിലനിറുത്താനാവൂ. അതിനുള്ള ഹൃദയവിശാലതയിലേക്കുയരാൻ ആ പാർട്ടികൾക്ക് സാധിക്കുമോ എന്നതാണ് കാതലായ ചോദ്യം.