അവസരവാദം മതേതരത്വത്തെ ദുര്‍ബലമാക്കും

തുല്യതയും സ്വാതന്ത്ര്യവും ആർക്കൊക്കെ വേണം എന്ന കാര്യത്തിൽ നാം പക്ഷപാതം കാണിക്കരുത്. നാം യോജിക്കുന്നവർക്കു മാത്രമായി ലഭിക്കേണ്ട ഒന്നല്ല സ്വാതന്ത്ര്യം.

ആധുനികലോകത്തിന് മതരാഷ്ട്രമെന്ന ആശയം ഒട്ടും യോജിച്ചതല്ല എന്നതിൽ സംശയമില്ല. പക്ഷേ, തങ്ങളുടെ മതത്തിന് രാഷ്ട്രീയാധികാരം ലഭിക്കുന്നില്ലെങ്കിൽ മാത്രം മതേതരത്വം മതിയെന്നു പറയാതെ പറയുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ട്. ഇന്ത്യ മതേതര രാജ്യമായിരിക്കണം, എന്നാൽ, മറ്റുചില രാജ്യങ്ങൾ മതരാഷ്ട്രങ്ങളാകുന്നതിൽ എന്താണ് തെറ്റ് എന്നു ചോദിക്കുന്ന ചില ‘ബുദ്ധിജീവികളെ’ എന്റെ ജീവിതത്തിൽനിന്നു ഞാൻ ഒഴിവാക്കിയിട്ടുണ്ട്. കാരണം, സ്വന്തം സൗകര്യത്തിനനുസരിച്ച് ജനാധിപത്യത്തെയും മതേതരത്വത്തെയും സമീപിക്കുന്നവരുമായി ചേർന്നു പാഴാക്കാനുള്ളതല്ല, എന്റെ ജീവിതം.

രാഷ്ട്രീയചർച്ചകളിൽ നാം സ്ഥിരം കേൾക്കുന്ന വാക്കാണ് ‘ന്യൂനപക്ഷം’. ഇതൊരു ആപേക്ഷികപദമാണ്; ഭൂരിപക്ഷത്തെ അപേക്ഷിച്ച് എണ്ണത്തിൽ കുറവുള്ള ഒരു വിഭാഗമാണ് ന്യൂനപക്ഷം. നമ്മുടെ നാട്ടിൽ ഈ വേർതിരിവിന് അടിസ്ഥാനം മതവും ജാതിയുമാണ്. അതിനാൽത്തന്നെ, ഒരിടത്തെ ന്യൂനപക്ഷം മറ്റൊരിടത്ത് ഭൂരിപക്ഷമായി മാറുന്നത് സ്വാഭാവികമാണ്.

ഈ ഗണത്തിൽ ഒരു നിരീശ്വരവാദിയായ ഞാനും ന്യൂനപക്ഷമല്ലേ എന്നു ചിന്തിക്കാറുണ്ട്. കാരണം, അഫ്ഗാനിസ്ഥാൻ, ഇറാൻ, സൗദി അറേബ്യ, സൊമാലിയ, നൈജീരിയ തുടങ്ങിയ പല രാജ്യങ്ങളിലും നിരീശ്വരവാദം നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

ഇവിടെയാണ് ഭാരതത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവം വേറിട്ടുനിൽക്കുന്നത്. നാം മേൽപ്പറഞ്ഞ രാജ്യങ്ങളെപ്പോലെയല്ല, ഒരിക്കലും ആകാനും പാടില്ല. ഏതു മതവിശ്വാസിക്കും ഒരു മതത്തിലും വിശ്വസിക്കാത്തവനും ഇവിടെ ഭയമില്ലാതെ ജീവിക്കാൻ കഴിയണം. അതുകൊണ്ട്, ഭാരതത്തിൽ മതേതരത്വം വേണമെന്നു വാദിക്കുന്നവർ, മതരാഷ്ട്രങ്ങളിൽ അടിച്ചമർത്തപ്പെടുന്ന ‘ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷം’ ആയ നിരീശ്വരവാദികളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി കൂടി ശബ്ദമുയർത്താൻ ധാർമ്മികമായി ബാധ്യസ്ഥരാണ്.

നമുക്ക് ഇന്ത്യയുടെ കാര്യം മാത്രം നോക്കിയാൽ പോരേ?’ എന്നു പലരും എന്നോട് ചോദിക്കാറുണ്ട്. പോരാ. എന്റെ പ്രശ്നം ഏതെങ്കിലും മതത്തിൽപ്പെട്ടവരോ പെടാത്തവരോ ആയ ന്യൂനപക്ഷങ്ങൾ മാത്രമല്ല, മനുഷ്യരാശിയാണ്. ഈ സാർവലൗകികമായ കാഴ്ചപ്പാട് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. അത്തരം പക്ഷപാതപരമായ മതേതരവാദങ്ങൾക്ക് ഞാൻ വിലകൽപ്പിക്കാറില്ല. എന്റെ നിലപാട് വ്യക്തമാണ്: ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും മതരാഷ്ട്രങ്ങൾ പാടില്ല. ഇതായിരിക്കണം ഓരോ മനുഷ്യന്റെയും ചിന്ത.

നിരീശ്വരവാദികളുടെ കാര്യം മാത്രമല്ല, സ്വവർഗാനുരാഗികളുടെ അവസ്ഥയോ? ഇറാൻ, ഉഗാണ്ട, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ അതും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. തുല്യതയും സ്വാതന്ത്ര്യവും ആർക്കൊക്കെ വേണം എന്ന കാര്യത്തിൽ നാം പക്ഷപാതം കാണിക്കരുത്. നാം യോജിക്കുന്നവർക്കു മാത്രമായി ലഭിക്കേണ്ട ഒന്നല്ല സ്വാതന്ത്ര്യം.

അപ്പോൾ എന്തുകൊണ്ടാണ് ‘ന്യൂനപക്ഷം’ എന്നു പറയുമ്പോൾ എപ്പോഴും മതവും ജാതിയും മാത്രം കടന്നുവരുന്നത്? കാരണം, മത-ജാതി ന്യൂനപക്ഷങ്ങൾക്ക് സംഘടിതശക്തിയുണ്ട്. അവരെ മാത്രമേ ജനാധിപത്യം ഒരു ‘വോട്ട് ബാങ്കായി’ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ, നിരീശ്വരവാദികൾക്കോ സ്വവർഗാനുരാഗികൾക്കോ വേണ്ടി ആരും സംസാരിക്കുന്നില്ല. അവരുടെ ശബ്ദത്തെ പിന്തുണയ്ക്കാൻ ഒരു മതസംഘടനയും മുന്നോട്ടു വരുന്നില്ല. ഈ സാഹചര്യത്തിൽ, നമ്മുടെ മതേതരത്വസങ്കല്പങ്ങൾതന്നെ എത്രത്തോളം അപൂർണമാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

നിരീശ്വരവാദികളെയും സ്വവർഗാനുരാഗികളെയും മാത്രമല്ല, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരും, അധികാരകേന്ദ്രങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരുമെല്ലാം (whistleblowers) ന്യൂനപക്ഷങ്ങൾ തന്നെയാണ്. അവർക്കുവേണ്ടി ആരുടെ ശബ്ദമാണ് ഉയരുന്നത്? ഒരു ജനാധിപത്യ രാജ്യത്തുപോലും ഭിന്നശേഷിക്കാരും സത്യം വിളിച്ചുപറയുന്നവരും പൂർണമായി സ്വതന്ത്രരല്ല. മതവും ജാതിയും പറഞ്ഞാൽ മാത്രമേ ആളുകൾ ശ്രദ്ധിക്കൂ എന്ന അവസ്ഥ നമ്മുടെ ഏറ്റവും വലിയ പരാജയമാണ്. അത് അത്യന്തം ഖേദകരമാണ്.

ഇതിനര്‍ഥം ഇന്ത്യ ഒരു മതരാഷ്ട്രമായി മാറണം എന്നാണോ? ഒരിക്കലുമല്ല. യഥാർഥത്തിൽ ഇന്ത്യയിൽ സംഭവിക്കുന്നത് ഒരു മതരാഷ്ട്രവൽക്കരണമല്ല. മറിച്ച്, എതിർശബ്ദങ്ങളെയും അന്യമതങ്ങളെയും തങ്ങൾക്ക് വിരുദ്ധമായ ആശയങ്ങളെയും ‘അപരരായി’ ചിത്രീകരിച്ച് അടിച്ചമർത്താനുള്ള ഒരു രാഷ്ട്രീയതന്ത്രമാണത്. ഇവിടെ മതം ഒരു ആയുധം മാത്രം. അതിന്റെ ആവശ്യം കഴിയുമ്പോൾ, ആ ആയുധം മതത്തിൽനിന്ന് ജാതിയിലേക്ക് തിരിയും. ചരിത്രത്തെ വളച്ചൊടിക്കുന്നത് മതചിന്തയല്ല, വികലമായ രാഷ്ട്രീയമാണ്.

മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും അനിവാര്യമാണ് എന്നതിൽ സംശയമില്ല. മതസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവർ ‘ന്യൂനപക്ഷം’ എന്നു പറയുമ്പോൾ, അതിൽ നിരീശ്വരവാദികളെയും സ്വവർഗാനുരാഗികളെയുംകൂടി ഉൾപ്പെടുത്താൻ തയ്യാറാകണം. അതിലൂടെ സ്വന്തം കാഴ്ചപ്പാടുകളിലെ പരിമിതികളെ അവർ മറികടക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഈ നോട്ടം അവസാനിപ്പിക്കുന്നു.