വി.എസ്. സമരതീക്ഷ്ണമായ ആദർശജീവിതം

വി.എസ്.   സമരതീക്ഷ്ണമായ ആദർശജീവിതം

ബിനോയ് വിശ്വം

ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത കമ്യൂണിസ്റ്റ് വ്യക്തിത്വമായിരുന്നു വി.എസ്. അച്യുതാനന്ദന്റേത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽനിന്ന്, സ്വന്തം ജീവിതംകൊണ്ട് രാഷ്ട്രീയത്തെ മെനഞ്ഞെടുത്ത നേതാവായിരുന്നു, അദ്ദേഹം. തയ്യൽക്കടയിലെ സഹായിയായും കയർ ഫാക്ടറിയിലെ തൊഴിലാളിയായും ജീവിതം തുടങ്ങിയ വി.എസ്, കമ്യൂണിസ്റ്റ് പാർട്ടി പാവങ്ങളുടെ പടയണിയാണെന്ന് തിരിച്ചറിഞ്ഞത് സ്വന്തം അനുഭവങ്ങളിലൂടെയാണ്.

ആ യുവതൊഴിലാളിയിലെ വിപ്ലവതീക്ഷ്ണതയെ കണ്ടെത്തിയതും വളർത്തിയതും സഖാക്കളുടെയെല്ലാം സഖാവായ പി. കൃഷ്ണപിള്ളയായിരുന്നു. അക്കാലത്ത്, പാവങ്ങൾക്കിടയിലെ പ്രവർത്തനത്തോടൊപ്പം ആശയപരമായ പഠനവും ഒരു കമ്യൂണിസ്റ്റിന് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. അങ്ങനെ വായിച്ചും പഠിച്ചും പ്രവർത്തിച്ചും കരുത്താർജിച്ച ആ യുവ കമ്യൂണിസ്റ്റിനെ, കുട്ടനാട്ടിലെ അടിച്ചമർത്തപ്പെട്ട കർഷകത്തൊഴിലാളികൾക്കിടയിലേക്ക് പറഞ്ഞയച്ചതും കൃഷ്ണപിള്ള തന്നെ.

വി.എസ്. എന്ന സംഘാടകന്റെയും പോരാളിയുടെയും പരിശീലനക്കളരിയായിരുന്നു കുട്ടനാട്. അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലെ കർഷകസമരങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹം ഒട്ടനവധി രാഷ്ട്രീയക്കേസുകളിൽ പ്രതിയാക്കപ്പെട്ടു. പോലീസിന്റെ പിടിയിൽപ്പെടാതെ ഒളിവിൽ കഴിയാൻ പാർട്ടി അദ്ദേഹത്തെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലേക്ക് അയച്ചു. പുന്നപ്ര-വയലാർ സമരത്തിന്റെ സംഭവബഹുലമായ ദിനങ്ങളില്‍  പൂഞ്ഞാറിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം അതിക്രൂരമായ പോലീസ് മർദനത്തിന് ഇരയായി. എന്നാൽ, ഇത്തരത്തിലുള്ള കഠിന ജീവിതാനുഭവങ്ങൾക്കോ ശാരീരികപീഡനങ്ങൾക്കോ വി.എസ്സിലെ വിപ്ലവവീര്യത്തെ തെല്ലും കെടുത്താനായില്ല. തളരാത്ത ആ നിശ്ചയദാർഢ്യവും സമരവീര്യവുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ മുഖമുദ്രയായി മാറിയത്.

മാർക്സിസ്റ്റ് സിദ്ധാന്തം കേവലം യാന്ത്രികമായ ഒന്നല്ല, തൊഴിലാളിയുടെ വഴികാട്ടിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. പുസ്തകങ്ങളിലെ പാണ്ഡിത്യത്തിനപ്പുറം, വർഗസമരമുഖങ്ങളിൽനിന്ന് ഊർജം ഉൾക്കൊള്ളുന്നതാണ് യഥാർഥ കമ്യൂണിസമെന്ന് വി.എസ്. വിശ്വസിച്ചു. ആ മൂശയിൽ വാർത്തെടുക്കപ്പെട്ട കേരളത്തിലെ ഒട്ടേറെ കമ്യൂണിസ്റ്റുകാരിൽ പ്രമുഖനായിരുന്നു, അദ്ദേഹം. സംഘടനാരംഗത്തും, സമരമുഖങ്ങളിലും, പാർലമെന്ററി വേദികളിലും, അധികാരത്തിന്റെ ഭാഗമായപ്പോഴും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് താൻ വന്ന വഴികളിൽനിന്ന് ആർജിച്ച ഈ കരുത്താണ്.

ആഗോളവൽക്കരണക്കാലത്ത്, കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ലാഭാര്‍ത്തിയുടെ താൽപര്യങ്ങൾ തിരിച്ചറിയാതെ ഒരു കമ്യൂണിസ്റ്റിന് അർഥപൂർണമായി പ്രവർത്തിക്കാനാവില്ല. ഈ സത്യം തന്റേതായ രീതിയിൽ തിരിച്ചറിഞ്ഞ നേതാവായിരുന്നു, വി.എസ്. മതികെട്ടാൻമുതൽ മൂന്നാർ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽവരെയുള്ള  സമരങ്ങളിൽ നാം കണ്ടത് ആ തിരിച്ചറിവിന്റെ തീർച്ചയും മൂർച്ചയുമാണ്. അത്തരം സങ്കീർണസന്ധികളിൽ വി.എസ്. പുലർത്തിയിരുന്ന ആദർശനിഷ്ഠമായ നിലപാടുകൾ ഒരു സമരസഖാവ് എന്ന നിലയിൽ അടുത്തുനിന്നു കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

മൂലധനം കടിഞ്ഞാൺ പിടിക്കുന്ന പുത്തൻ ലോകക്രമത്തിൽ, പണാധിപത്യവും പുരുഷാധിപത്യവും സർവതിനെയും ചൂഷണം ചെയ്യുമ്പോൾ, അതിന്റെ മുൻപിൽ നിസ്സംഗനായി നിലകൊള്ളാൻ ഒരു യഥാർഥ മനുഷ്യസ്നേഹിക്ക് സാധ്യമല്ല. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും പക്ഷം ചേരുന്ന ഒരു പോരാളിയെ ആഗോളതലത്തിൽ നാം കണ്ടെത്തുന്നുണ്ട്, അത് ഫ്രാൻസിസ് മാർപാപ്പയാണ്. ‘ഞാൻ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, അവർ സത്യം പറഞ്ഞാൽ അത് ശരിയാണ് എന്ന് ഞാൻ പറയും’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾക്ക് വിശാലമായ അർഥതലങ്ങളുണ്ട്.  ആ അര്‍ഥതലങ്ങളെ വിശ്വാസിയല്ലാത്ത,കമ്യൂണിസ്റ്റായ ഞാന്‍ എന്നും നെഞ്ചോടു ചേര്‍ത്തുപിടിക്കും. “ എല്ലാ മനുഷ്യപ്രവൃത്തികളുടെയും ഒരേയോരു  ലക്ഷ്യം ലാഭം മാത്രമാണെന്നു വന്നാല്‍ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും പറയുന്ന മൂല്യങ്ങള്‍ക്കെല്ലാം മുറിവേല്‍ക്കു”മെന്നു പറഞ്ഞ ഫ്രാന്‍സിസ് പാപ്പയുടെ ആ നിലപാടിനെയാണ് ഞാന്‍ മാനിക്കുന്നത്.

കേരളത്തിന്റെ സാമൂഹികജീവിതത്തിൽ, ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ മുഖമായി സമൂഹം കണ്ട പ്രധാനികളിൽ ഒരാൾ കമ്യൂണിസ്റ്റ് നേതാവായ വി.എസ്. അച്യുതാനന്ദനായിരുന്നു. സ്ത്രീകളുടെ മനാഭിമാനങ്ങള്‍ക്കുമേല്‍ അധികാരത്തിന്റെ പിന്തുണയുള്ള പുരുഷമേധാവിത്വം ചാടിവീണപ്പോഴെല്ലാം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വി.എസ്. ഓടിയെത്തിയിട്ടുണ്ട്. അതിലൂടെ കമ്യൂണിസ്റ്റ് നൈതികതയുടെ പതാകയാണ് അദ്ദേഹം നീട്ടിപ്പിടിച്ചത്.

കമ്യൂണിസ്റ്റുകാരും മതവിശ്വാസികളും തമ്മിൽ ഇന്ന് ഉണ്ടാകേണ്ട സംവാദം പുതിയ കാലഘട്ടത്തിന്റെ സാധ്യതകളെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാവണം. ഈ സംവാദത്തിന്റെ കേന്ദ്രപ്രശ്നം, പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നും, അത് ആര് സൃഷ്ടിച്ചു എന്നതുമല്ല. മനുഷ്യന്റെ ബുദ്ധി പിച്ചവയ്ക്കാന്‍ തുടങ്ങിയതുമുതല്‍ ആരംഭിച്ച മഹാസംവാദമാണത്. അതിനിയും നൂറ്റാണ്ടുകളോളം തുടരുകയും ചെയ്യും. പുതിയ കാലഘട്ടത്തിലെ  സംവാദത്തില്‍ ശത്രുക്കളെപ്പോലെയല്ലാതെ സര്‍ഗാത്മകമായി കൈകോര്‍ത്തുപിടിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും വിശ്വാസികള്‍ക്കും സാധിക്കണം.  അത്തരം ഒരു അന്വേഷണത്തില്‍ ക്രിയാത്മകമായി പങ്കുചേരാന്‍ പ്രാപ്തനായ ഒരു മാര്‍ക്സിസ്റ്റിനെയാണ്‌   വി.എസിന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്.