വിവരവും വികാരവും പുതുകാല വെല്ലുവിളികൾ

സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച നമ്മുടെ ലോകത്തെ മാറ്റിമറിച്ചു കഴിഞ്ഞു. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഒരു കാലഘട്ടമാണിത്. ചിത്രങ്ങളായാലും ശാസ്ത്രമായാലും തെറ്റായ വിവരങ്ങളായാലും എല്ലാം നിമിഷനേരംകൊണ്ട് നമ്മുടെ മുന്നിലെത്തുന്നു. വിവരങ്ങൾ ലഭ്യമെന്നു മാത്രമല്ല, അവ പങ്കുവയ്ക്കാനും പ്രചരിപ്പിക്കാനും എളുപ്പവുമാണ്. എന്നാൽ, ഈ വിദ്യയും അതുണ്ടാക്കിയ പൊതുയിടങ്ങളും കൈകാര്യം ചെയ്യാനും തങ്ങൾക്കുവേണ്ടി വളച്ചൊടിക്കാനുമുള്ള ശേഷി ചുരുക്കം ചിലരിലേക്ക് മാത്രം ഒതുങ്ങി എന്നതും ഒരു യാഥാർഥ്യമാണ്.

 

ഇന്നു നാം കാണുന്ന ‘ഇൻഫ്ലുവൻസേഴ്സ്’ എന്ന പ്രതിഭാസം ഈ മാറ്റത്തിന്റെ ഉൽപന്നമാണ്. പണ്ട് ഒരു വ്യക്തിക്ക് സ്വാധീനമുള്ള ഒരാളായി മാറാൻ ജീവിതകാലം മുഴുവൻ വേണ്ടിവന്നിരുന്നുവെങ്കിൽ, ഇന്ന് 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ മതി ചിലപ്പോൾ ഒരാൾക്ക് ‘റീച്ച്’ നേടാൻ. ഈ റീച്ച് തൽപരകക്ഷികൾ പല രീതിയിലും വിലയ്ക്കെടുക്കുന്നു എന്നത് രസകരമായ ഒരു കാര്യമാണ്. കൂടാതെ, റീച്ച് കൂട്ടുന്നതിനായി ഇൻഫ്ലുവൻസേഴ്സ് പലപ്പോഴും അധികാരത്തിലിരിക്കുന്നവരുടെ ആഖ്യാനങ്ങളെ പ്രചരിപ്പിക്കുകയും അതിലൂടെ പുരസ്കാരങ്ങൾ നേടി ചില ‘പുതിയ എഴുത്തുകളുടെ’ ഭാഗമാവുകയും ചെയ്യുന്നു.

 

വിവാദങ്ങളുടെ ഒഴുക്കിൽ

 

ഈ പ്രവണത ഇനിയും വർധിക്കുകയേയുള്ളൂ, അവസാനിക്കില്ല. ഈ സാങ്കേതിക ഒഴുക്ക് തുടങ്ങിയപ്പോൾ പലരും അതിലേക്ക് എടുത്തുചാടുകയും പലയിടങ്ങളിലും എത്തുകയും ചെയ്തു. എന്നാൽ ഇനി സംഭവിക്കാൻ പോകുന്നത് ഈ ഒഴുക്കിൽ എല്ലാവർക്കും നീന്താൻ കഴിയില്ല എന്നതാണ്. ഇന്നു വിവാദങ്ങളാണ് ഈ ഒഴുക്കിലെ മോട്ടോർ ബോട്ടുകൾ. എല്ലാവരും അതിൽ കയറിപ്പറ്റാൻ ശ്രമിക്കും. ഈ മോട്ടോർ ബോട്ടുകളുടെ നടത്തിപ്പുകാർ അധികാരികളും പണവും സ്വാധീനവുമുള്ളവരുമാണ്.

 

ഇവിടെയാണ് ചരിത്രവും സംസ്കാരവും ശാസ്ത്രവുമെല്ലാം ഈ പ്രചാരണത്തിന്റെ ലോകത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഒരു മാറ്റംകൊണ്ടുവരാൻ, ആ മാറ്റം തെറ്റായാലും ശരിയായാലും, അതിനു ശ്രമിക്കുന്നവർ ആദ്യം ഉപയോഗിക്കുന്നത് വിവരസാങ്കേതികവിദ്യയും പാഠ്യപദ്ധതിയും വിദ്യാലയങ്ങളും സർവകലാശാലകളുമൊക്കെയാണ്. ഇതു സംഭവിക്കുന്നത് കലാ, സാംസ്കാരിക, ശാസ്ത്രീയ സംഘടനകളിലെ അവരുടെ പ്രാതിനിധ്യം കൂട്ടിക്കൊണ്ടാണ്.

 

നമ്മുടെ നിലപാട് എന്ത്?

 

ഇവിടെയാണ് നാം ഏതു ഭാഗത്താണ്, നമ്മുടെ ലോകവീക്ഷണം എന്താണ്, നമ്മൾ എങ്ങനെയാണ് കാര്യങ്ങളെ കാണുന്നത് എന്നൊക്കെ മനസ്സിലാക്കിയാൽ ഈ കടന്നുകയറ്റങ്ങൾ നമുക്ക് സുഖിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുക. അപ്പോൾ എന്തു മാറുന്നു, എന്തു മാറ്റാൻ ശ്രമിക്കുന്നു എന്നതിനേക്കാൾ ഉപരി നമ്മൾ മനസ്സിലാക്കേണ്ട മറ്റു ചിലതുണ്ട്: വിവരവും വികാരവും (Data and Emotions) എങ്ങനെ കോർത്തിണങ്ങുന്നു എന്നു നാം മനസ്സിലാക്കണം. നമ്മളിലേക്ക് വരുന്ന വിവരങ്ങൾ എന്തടിസ്ഥാനത്തിലാണ് വരുന്നത് എന്നു മനസ്സിലാക്കാൻ നാം ശ്രമിക്കണം. നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്ന ഡാറ്റ എന്താണെന്നും, അത് എവിടെ നിന്ന് വരുന്നു, അതിന്റെ അടിസ്ഥാനം വിശ്വസനീയമാണോ അല്ലയോ എന്നു സമയമെടുത്തു കണ്ടെത്താൻ നാം ശ്രമിക്കണം.

 

എന്നാൽ, നമ്മളിൽ പലരെയും നയിക്കുന്നത് വികാരങ്ങളാണ്. ഇത് അറിയാതെയും സമ്മതിക്കാതെയും പോകുമ്പോൾ ഏതുതരം ഡാറ്റയും നമുക്ക് സ്വീകാര്യമായി മാറും. നമ്മുടെ വികാരങ്ങളെ ആരുടെയൊക്കെയോ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തയ്യാറാക്കി കൊടുക്കുക മാത്രമാണ് നമ്മളിൽപ്പലരും ചെയ്യുന്നത്. ഇവിടെ ചരിത്രമില്ല, ശാസ്ത്രമില്ല, സംസാരങ്ങളില്ല, കലയില്ല. ഒരു നിർമിതബുദ്ധിയെ സംബന്ധിച്ചിടത്തോളം എല്ലാം ഡാറ്റയാണ്. അതിനു വികാരങ്ങളില്ല. വികാരങ്ങളുടെ അതിപ്രസരമുള്ള ജീവികളായ നമ്മൾ, വികാരങ്ങളില്ലാത്ത ഡാറ്റ മാത്രം മനസ്സിലാവുന്ന നിർമിതബുദ്ധികളെ കൈയടക്കിവച്ചിരിക്കുന്ന ചില വികാരജീവികളുടെ അടിമകളാകാതെ എങ്ങനെ ജീവിക്കാം എന്നതാണ് ചോദ്യം. ഇടതിനും വലതിനും അപ്പുറത്ത് എവിടെയോ ആണ് ആ ഇടം എന്ന് ഇന്നെനിക്ക് തോന്നുന്നു.

 

നേരിട്ടുള്ള ഇടപെടലുകൾ

 

മനുഷ്യരുമായിട്ടുള്ള നേരിട്ടുള്ള ഇടപെടലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇടങ്ങൾ വേണം എന്ന് കഴിഞ്ഞ തവണ നമ്മളൊക്കെ എഴുതുകയും വായിക്കുകയും ചെയ്തു. ഞാൻ ഇപ്പോൾ ടിവിയിൽ പൊതുഇടങ്ങളിൽ നടന്ന സംവാദങ്ങളും പ്രഭാഷണങ്ങളും മാത്രമേ കേൾക്കാറുള്ളൂ, കാണാറുള്ളൂ. കാരണം, അതുവഴി ഞാൻ ശരിയായ മനുഷ്യർ ഒത്തുകൂടുന്നിടത്തെ ‘വെർച്വൽ’ പങ്കാളിയാവുന്നു. ഒരു വാട്ട്സ്ആപ്പ് മെസ്സേജ് പോലും ഞാൻ കാര്യമാക്കാറില്ല. എല്ലാ ഫോർവേഡുകളും ആദ്യം ഇഗ്നോർ മോഡിലാണ്. പിന്നെ ആര് അയക്കുന്നു, എന്തിന് അയക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കും. എന്നിട്ടാണ് ഇതൊക്കെ വായിക്കണോ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ പല ഗ്രൂപ്പുകളിലെ ചർച്ചകളിലും ഞാൻ പലപ്പോഴും പങ്കെടുക്കാറില്ല.

 

ചരിത്രം വായിക്കാതെ, പഠിക്കാതെ, മനസ്സിലാക്കാൻ ശ്രമിക്കാതെ വാട്ട്സ്ആപ്പ് ഫോർവേഡുകളിലൂടെ മാത്രം വായിച്ചു പ്രചരിപ്പിച്ച് ലോകത്തെ വിലയിരുത്തുന്ന എത്രപേരോടാണ് നീരസം കാട്ടേണ്ടി വന്നിട്ടുള്ളത്.  നമുക്ക് ചെയ്യാൻ കഴിയുന്നത് കൃത്യമായി കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടായ്മകൾ ഉണ്ടാക്കുക എന്നതാണ് – കക്ഷിരാഷ്ട്രീയത്തിനും അജണ്ടകൾക്കും അപ്പുറമുള്ള ഒന്ന്. വിദ്യാലയങ്ങൾ ഇതിന്റെ ഏറ്റവും വലിയ കേന്ദ്രമാണ്. തങ്ങളുടെ ലോകസാമൂഹികവീക്ഷണങ്ങളെ മിനുക്കിയെടുക്കുന്നവരുടെ കൂട്ടായ്മയാണ് വിദ്യാലയങ്ങൾ. അതിന്റെ സ്വതന്ത്രസ്വഭാവം കാത്തുസൂക്ഷിക്കുക എന്നത് ആവശ്യമാണ്. ഏതൊക്കെ വിദ്യാലയങ്ങളും സർവ്വകലാശാലകളും സ്വതന്ത്രമാണ് എന്ന തോന്നൽ നമ്മുടെ ചായ്‌വുകളെ ആശ്രയിച്ചിരിക്കും എന്നതാണ് വലിയൊരു വിരോധാഭാസം.

 

സ്വന്തം ഒഴുക്ക് കണ്ടെത്തുക

 

ഇടയ്ക്ക് ഞാൻ പറയുമ്പോൾ, എഴുതുമ്പോൾ എവിടെയും ഉറച്ചുനിൽക്കുന്നില്ല, എവിടെയും തൊടാതെ പറയുന്നു എന്നു മറ്റുള്ളവർക്ക് മാത്രമല്ല എനിക്കും തോന്നും. എവിടെയും ഉറച്ചുനിൽക്കാനും എവിടെയും തൊടാനും കഴിയാത്തതുകൊണ്ടാണ്. മുൻപെഴുതിയ ഒഴുക്കിൽപ്പെടാതെ പോകണമെന്നുണ്ടെങ്കിൽ സ്വന്തം ഒഴുക്ക് കണ്ടെത്തുകതന്നെ വേണം. ഇവിടെയാണ് ഹംഗേറിയൻ-അമേരിക്കൻ സൈക്കോളജിസ്റ്റ് മിഹായ് ഷിക്സൻ മിഹായുടെ ഫ്ലോ (Flow) എന്ന ആശയം വ്യക്തിപരമായി പ്രസക്തമാവുന്നത്. ഈ എഴുത്തും എന്റെ ഒഴുക്കാണ്, ആരുടെയും അല്ല.