ഭൂപടവിഭജനങ്ങൾക്കുമേൽ പടരുന്ന ആത്രേയകങ്ങൾ – മീനാക്ഷി എസ്

സ്വത്വത്തിനായൊരു അഭയകേന്ദ്രം: ആർ.രാജശ്രീയുടെ ‘ആത്രേയക’ത്തിലെ ഉണ്മയുടെ പരിസ്ഥിതിശാസ്ത്രം.


ഒറ്റനോട്ടത്തിൽ, ഒരു വനത്തിലെ ജൈവവൈവിധ്യം ക്രമരഹിതമാണെന്നു തോന്നാം. എന്നാൽ അതിനുള്ളിൽ, ഓരോ ജീവിക്കും അതിജീവനത്തിനായി പരസ്പരം സംവദിച്ചു നിലനിൽക്കാൻ സഹായിക്കുന്ന കൃത്യവും സങ്കീർണവുമായ ഒരു വ്യവസ്ഥയുണ്ട്. ഭയരഹിതമായ ഈ ശാന്തതയാണ് ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥയുടെ അടിസ്ഥാനമെന്ന് കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ടി.വി. സജീവിനെപ്പോലുള്ളവർ നിരീക്ഷിക്കുന്നുണ്ട്. ഈ പാരിസ്ഥിതിക തത്വത്തെ ആഴത്തിലുള്ള ഒരു സാമൂഹിക-സാംസ്കാരിക അനുഭവമാക്കി മാറ്റുകയാണ് ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവൽ. ഏതൊരു ജീവിക്കും അതിന്റേതായ ഇടം കണ്ടെത്തി സ്വതന്ത്രമായി വളരാൻ സാധിക്കുന്ന ഒരന്തരീക്ഷമാണ് ഈ നോവൽ മുന്നോട്ടുവയ്ക്കുന്നത്. വൈചാരികമായ സൂക്ഷ്മതയോടും വൈകാരികമായ തീവ്രതയോടും കൂടി സമകാലിക സാമൂഹിക ചിന്തകളെ ഈ കൃതി അടയാളപ്പെടുത്തുന്നു.


പ്രാദേശികതയിലൂടെ കഥാപാത്രങ്ങളെ നിര്‍ണയിക്കുകയും അവരിലൂടെ അധികാരവിമർശനം നടത്തിയ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന ആദ്യ നോവലിൽനിന്ന് വ്യത്യസ്തമായ ആഖ്യാനരീതിയാണ് ‘ആത്രേയക’ത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ, ‘ആത്രേയകം’ തന്നെയാണ് പ്രധാന കഥാപാത്രം. അതൊരു സങ്കല്പമാണ്, ഒരിടമാണ്, ഒരു തത്ത്വചിന്തയാണ്. കേന്ദ്ര കഥാപാത്രമായ നിരമിത്രന്റെ ജീവിതയാത്രയിലൂടെ ആ ആശയം ക്രമേണ വികസിക്കുകയും വെളിപ്പെടുകയും ചെയ്യുന്നു.


അധികാരത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ചട്ടക്കൂടുകളാൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുള്ള ഒരഭയസങ്കേതമാണ് ആത്രേയകം. മുഖ്യധാരാസമൂഹം അയോഗ്യരെന്നു മുദ്രകുത്തുകയോ പുറന്തള്ളുകയോ ചെയ്യുന്ന ഏതൊരു ആത്മാവിനും കൃത്രിമത്വങ്ങളില്ലാതെ, ജൈവികമായ തനിമയോടെ വേരുറപ്പിച്ച് വളരാൻ സാധിക്കുന്ന ഒരിടം. ചുറ്റുപാടുകളുമായി ഇഴുകിച്ചേരുമ്പോഴും സ്വതന്ത്രമായിരിക്കാൻ സാധിക്കുന്ന ഒരുതരം വളർച്ചയാണ് അത് സാധ്യമാക്കുന്നത്. ഏതെങ്കിലും ഒരു പക്ഷം ചേരാത്തവരെ ഒറ്റുകാരാക്കപ്പെടുകയോ ജീവിക്കാൻ യോഗ്യരല്ലാത്തവരാക്കപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങൾ   ലൈംഗികത, യുദ്ധം, ഭൂവധികാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജശ്രീ ആഖ്യാനം ചെയ്യുന്നുണ്ട്.


ഈ ദർശനം ഏറ്റവും വ്യക്തമാകുന്നത് പാഞ്ചാലത്തിലെ രാജകുമാരനായ നിരമിത്രന്റെ ജീവിതത്തിലാണ്. ലിംഗപരമായ അനിശ്ചിതത്വത്തിന്റെ പേരിൽ കൊട്ടാരക്കെട്ടുകളിൽ അപമാനിക്കപ്പെടുകയും ഒരു ജന്തുവിനെയോ ജഡത്തെയോ പോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്ന നിരമിത്രൻ, ഇതിഹാസത്തിലെ ശിഖണ്ഡിയെപ്പോലെ, തന്റെ സ്വത്വം തിരിച്ചറിഞ്ഞ് ധൈര്യം നേടുന്നത് ആത്രേയകത്തിൽ വച്ചാണ്. അങ്ങനെ, ആത്മസാക്ഷാത്കാരത്തിനുള്ള ഒരു അഭയസ്ഥാനമായി ആത്രേയകം മാറുന്നു. അതിജീവനത്തിലൂടെ മനുഷ്യൻ നേടിയെടുത്ത അറിവുകളായ വൈദ്യത്തെയോ ആയുധവിദ്യയെയോ പ്രപഞ്ചത്തോളം വളരുന്ന സ്നേഹത്തെയോ അതു നിരാകരിക്കുന്നില്ല. വിഭജനങ്ങളോ ശ്രേണീകരണങ്ങളോ ഇല്ലാതെ എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഒരനുഭൂതിയാണ് അതു പകരുന്നത്. പാഞ്ചാലത്തിന്റെയും ഹസ്തിനപുരത്തിന്റെയും അതിർത്തിയിലുള്ള ഈ പ്രദേശം ആരും അവകാശവാദം ഉന്നയിക്കാത്തതിനാൽ അധികാര മത്സരങ്ങളിൽനിന്ന് സ്വതന്ത്രവുമാണ്.


എന്നാൽ, ഈ അഭയകേന്ദ്രം അതീവ ദുർബലമാണ്. കാലങ്ങളായി തങ്ങളെ അടിച്ചമർത്തുന്ന വ്യവസ്ഥിതിക്കെതിരെ നീതിക്കായി പോരാടുന്ന നാഗവംശജർ, തങ്ങളെ അടിച്ചമർത്തിയവരുടെ അതേ അധികാരരീതികൾ (സൈന്യം, പ്രതിരോധം) തന്നെ സ്വീകരിക്കുന്നതോടെ ആത്രേയകത്തിന്റെ തകർച്ച ആരംഭിക്കുന്നു. “ഇത് ഞങ്ങളുടെ ഇടം” എന്നു പറഞ്ഞ് അതിനെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, അവർ അറിയാതെ അധികാരത്തിന്റെയും പുറന്തള്ളലിന്റെയും രാഷ്ട്രീയം ആ മണ്ണിലേക്ക് കൊണ്ടുവരുന്നു. വിപുലൻ എന്ന കഥാപാത്രം, കൈകാലുകൾ ഛേദിക്കപ്പെട്ട് ഊഷരമായ ആത്രേയകത്തിലേക്ക് താൻ നാടുകടത്തപ്പെട്ടു എന്നു വിലപിക്കുമ്പോൾ ആ ആദർശലോകത്തിന്റെ ആത്മീയവും ഭൗതികവുമായ തകർച്ച പൂർണമാകുന്നു.


“ഭയത്തിനുള്ള ഒരു മരുന്നന്വേഷണമാണ്” ഈ നോവലെന്ന് ഗ്രന്ഥകാരിതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭയമാണ് ഈ ആഖ്യാനത്തിലെ യഥാർഥ പ്രതിനായകൻ; സ്നേഹം അതിന്റെ മറുവശവും. “സ്നേഹം രൂപമാണെങ്കിൽ, സ്നേഹത്തെക്കുറിച്ചുള്ള ഭയം അതിന്റെ നിഴലാണ്” എന്ന് രാജശ്രീ എഴുതുന്നു. തിരസ്കരിക്കപ്പെടുമോ എന്ന ഭയമാണ് നോവലിന്റെ കേന്ദ്രപ്രമേയം. പ്രതിസന്ധികളെ മാത്രമല്ല, സന്തോഷത്തെയും സ്നേഹത്തെയും സ്വീകരിക്കാനും ധൈര്യം വേണമെന്ന് നോവൽ ഓർമിപ്പിക്കുന്നു. അറിവും അധികാരവും ഭയവുമായി ചേരുമ്പോൾ അതു ക്രൂരതയായി മാറുന്നു. ഭയത്തെ ഇല്ലാതാക്കുകയല്ല, അതിനോടൊപ്പം ജീവിച്ച് സ്നേഹത്തിന്റെ ലേപനംകൊണ്ട് അതിന്റെ മുറിവുണക്കാനാണ് ആത്രേയകം പഠിപ്പിക്കുന്നത്. മരിച്ചവരുടെ ആത്മാക്കളെ ഭയമില്ലാത്തതുകൊണ്ട് ആവാഹിച്ച് അകറ്റേണ്ടതില്ലാത്ത, അവരെ കൂടെ പാർപ്പിക്കുന്ന ഒരിടമാണത്.


സ്നേഹനഷ്ടം, തിരസ്കാരം എന്നിവയിൽനിന്നുണ്ടാകുന്ന ഭയത്തെപ്പറ്റിയാണ് നോവൽ വാചാലമാകുന്നത്. ജീവിതത്തിൽ ഭയമെന്ന വൈകാരികത കടന്നുവരുന്ന ഇടങ്ങളുടെ പല സാധ്യതകളെ നോവൽ ആഖ്യാനം ചെയ്യുന്നുണ്ട്. സന്തോഷങ്ങളെ സ്വീകരിക്കാനും ധൈര്യം വേണം എന്നു തന്റെ വിവാഹദിനത്തിൽ കണ്ടെത്തിയ നിരമിത്രൻ, അത്തരമൊരു സ്നേഹത്തെ ചേർത്തുപിടിക്കാനുള്ള ധൈര്യം തനിക്ക് ഈ ജന്മത്തിൽ ഇല്ല എന്ന്‍ യുദ്ധത്തിനുമുൻപ് അറിയുന്നു. ഭയം വിവേകത്തിന്റെ ലക്ഷണമാകുന്നത് ശത്രുതയുടെ പശ്ചാത്തലത്തിലാണ്. അറിവും അധികാരവും ഈ ഭയത്തോട് ചേരുമ്പോൾ ക്രൂരതയായ് മാറുന്ന അന്തരീക്ഷം നോവൽ വെളിപ്പെടുത്തുന്നു. “മഹാപാപി, നിനക്ക് കുട്ടികളെയെങ്കിലും ഭയക്കാതിരിക്കാമായിരുന്നു എന്ന് നിരമിത്രന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. “മകളേ ഭീരുവാണച്ഛൻ” (രാവണപുത്രി) എന്ന് സീതയുടെയടുത്ത് രാവണനെക്കൊണ്ട് വയലാർ രാമവർമ്മ സമ്മതിപ്പിക്കുന്നതും ഇതേ തത്വം മനസ്സിലാക്കിക്കൊണ്ടാണ്. സാമാന്യചിന്തകൾ വിധിക്കുന്ന വിജയത്തിലും ലാഭത്തിലുമൂന്നിമാത്രം സ്നേഹത്തെ വിലയിരുത്തുമ്പോഴേ ഭയത്തിന്റെ പ്രശ്നമുള്ളൂ. “ഭയം ജീവിയെ അതിന്റെ ഉണ്മയിൽനിന്ന് തുരത്തിക്കളയുന്നു” എന്ന് നോവലിസ്റ്റ് എഴുതുന്നത് അതുകൊണ്ടാണ്.

+

സ്നേഹിക്കപ്പെടുമ്പോഴും സ്നേഹിക്കുമ്പോഴും ഈ ഭയം ആത്രേയകത്തിൽ അപരിചിതമാണ്. ആത്രേയകം ഭയത്തിൽ സ്നേഹത്തിന്റെ മരുന്നുപുരട്ടുന്നു. മരിച്ചവരുടെ ആത്മാക്കൾ കൂടെത്താമസിക്കാൻ വരികയാണെന്നും അവരെ ഭയക്കേണ്ടതില്ലെന്നും ഭയമില്ലാത്തതുകൊണ്ടുതന്നെ മറ്റു ചടങ്ങുകൾ പ്രയോഗിച്ച് അവരെ അകറ്റേണ്ടതില്ലെന്നും ഇള, നരമിത്രന് പറഞ്ഞുകൊടുക്കുന്നുണ്ട്. ഇതേ തിരിച്ചറിവ് ദശാർണരാജകുമാരി പിന്നീട് നിരമിത്രനോട് വെളിപ്പെടുത്തുന്നുമുണ്ട്. സകലതിന്റെയും വിജയപരാജയങ്ങളെയും ശക്തിദൗർബല്യങ്ങളെയും സഹജമായ ജൈവികതയായി തിരിച്ചറിഞ്ഞ് തങ്ങളുടേതായി സ്വാംശീകരിക്കുന്ന കർമപാരമ്പര്യമാണ് ആത്രേയകത്തിന്റെ സ്നേഹതത്വം. അത് അതിന്റെ എല്ലാ സത്തയോടുംകൂടി കാണാൻ കഴിയുന്നത് ഇളയിലും ചൂഡകനിലുമാണ്. കൊട്ടാരക്കെട്ടുകളുടെ അപരിചിതലോകത്ത് കൃഷ്ണയുടെ ദുരിതങ്ങൾക്കും കുഞ്ഞുങ്ങളെപ്രതിയുള്ള ഭയങ്ങൾക്കുമൊപ്പം ജീവിക്കുമ്പോഴും ഇള സ്വസ്ഥയായി കാണപ്പെടുന്നത് ആത്രേയകത്തിന്റെ പാഠ അറിയാവുന്നതുകൊണ്ടാണ്. ഒരിടത്ത് ഭയം ക്രൂരതയായി മാറുമ്പോൾ അതിന് ഇരകളാകുന്നവരുടെ ഭയം പ്രതികാരവും രോഷവും സങ്കടങ്ങളും ഒറ്റപ്പെടലുകളുമായിത്തീരുന്ന അനുഭവം നോവലിൽ ആഖ്യാനം ചെയ്യപ്പെടുന്നു. ഇപ്രകാരം സംക്രമിക്കപ്പെടുന്ന ഭയത്തെയും നോവൽ ആവിഷ്കരിക്കുന്നുണ്ട്. പ്രകടമായ അനുഭൂതിയായ് ഭയം നോവലിന്റെ ഒഴുക്കിനെ നിർണയിക്കുന്നില്ല. മറിച്ച് ഭയംകൊണ്ട് ഉളവാകുന്ന ദുരിതങ്ങളുടെ സങ്കടങ്ങളും അസ്വസ്ഥതകളും അതിന്റെ മറുപാതിയായ് ഉടലെടുക്കുന്ന സ്നേഹബന്ധങ്ങളും നിസ്സഹായതകളും ഇരയാക്കപ്പെടലുകളുമാണ് നോവലിൽ തീക്ഷ്ണമായി അനുഭവപ്പെടുന്നത്.


രചനാശൈലിയിലും ഈ ദർശനം വ്യക്തമാണ്. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ നോവലിലെന്നപോലെ ആത്രേയകത്തിലും ഭാഷ പ്രാദേശികമായിത്തീരുന്നുണ്ട്. വാമൊഴിയിലെ പ്രാദേശികഭേദങ്ങൾ എന്ന നിലയ്ക്കല്ല എന്നുമാത്രം.  ആഖ്യാനം ആത്രേയകത്തിൽ എത്തുമ്പോൾ ഭാഷ ഭൂഗന്ധിയാകുന്നു. “വേര് പിഴുതുപോയ മരമെന്നോണം താൻ ഒരു വശത്തേക്ക് ചരിഞ്ഞുപോയതായി നിരമിത്രനു തോന്നി” തുടങ്ങിയ പ്രയോഗങ്ങളിൽ പ്രകൃതിയുടെ മുദ്രകൾ കാണാം. എന്നാൽ, കൊട്ടാരങ്ങളിലെയും നഗരങ്ങളിലെയും കൃത്രിമലോകത്തേക്ക് എത്തുമ്പോൾ ഈ ഭാഷ കൈമോശം വരുന്നു. നോവലിന്റെ ദാർശനിക ഭൂപടം ഭാഷയിലൂടെ തന്നെ വരച്ചിടുകയാണ് എഴുത്തുകാരി. മഹാറാണിയുടെ മരണശേഷം സംസ്കാരത്തിന് ആത്രേയകം മതിയെന്ന് തീരുമാനിക്കുന്ന ദ്രുപദൻ പറയുന്നത്. അത്തരം ഒരു ഏൽപ്പിക്കലും ഓർമിപ്പിക്കലും ആത്രേയകത്തിന് എന്നും എപ്പോഴും ആവശ്യമാണ് എന്നാണ്. സ്വന്തം ഭാര്യയുടെ മരണത്തെപ്പോലും രാഷ്ട്രീയോപകരണമാക്കുന്നു ദ്രുപദൻ. അതേസമയം, ഈ ജന്മത്തിലെ എല്ലാ കർമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് അടുത്ത ജന്മനിയോഗത്തിന് നേരുകയാണ് ചൂഡകന്റെ മരണാനന്തരസംസ്കാരത്തിൽ ആത്രേയകം. പാരിസ്ഥിതികമായ കാടിന്റെ കാഴ്ചപ്പാടും അധികാരപ്രധാനമായ നാഗരികകാഴ്ചപ്പാടും തമ്മിൽ ഇടയുന്ന ഇത്തരം നിരവധി സന്ദർഭങ്ങൾ ആർ. രാജശ്രീ ആവിഷ്കരിച്ചിട്ടുണ്ട്. പ്രകൃതിയെ സ്ത്രീയോട് ഇണക്കിക്കൊണ്ട് രാഷ്ട്രീയവത്കരിക്കുന്ന എഴുത്തനുഭവം വിട്ട്, മനുഷ്യരുടെ ഒന്നായ ഉണ്മയെ പരിസ്ഥിതിയുടെ കാഴ്ചപ്പാടിലേയ്ക്ക് സംക്രമിപ്പിച്ചിരിക്കുന്ന അനുഭവം ശ്രദ്ധേയമാണ്.


നോവലിന്റെ പാരിസ്ഥിതിക കാഴ്ചപ്പാട് ശക്തമാണെങ്കിലും ചെറിയൊരു പോരായ്മ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഭയത്തെ കേന്ദ്രപ്രമേയമാക്കുന്ന ഒരു കൃതിയിൽ, പാമ്പുകളും പക്ഷികളും നായകളുമല്ലാതെ, മനുഷ്യരിൽ ആദിമമായ ഭയം ജനിപ്പിക്കുന്ന കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യംകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതൽ ആഴം ലഭിക്കുമായിരുന്നു.


എങ്കിലും, ഇതൊരു പ്രധാനപ്പെട്ട സാഹിത്യകൃതിയുടെ ചെറിയ പരിമിതി മാത്രമാണ്. മനുഷ്യൻ തീർത്ത സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഭൂപടങ്ങളെയും വിഭജനങ്ങളെയും അതിലംഘിക്കുന്ന ഒരു ദർശനമാണ് രാജശ്രീ അവതരിപ്പിക്കുന്നത്. അതിനുപകരമായി, പരസ്പരം പടർന്നുപന്തലിച്ച് വേരുകളാഴ്ത്തി ജീവിക്കുന്ന ആത്രേയകങ്ങളെക്കുറിച്ചുള്ള ഒരു സ്വപ്നം അവർ പങ്കുവയ്ക്കുന്നു. നോവൽ അവസാനിക്കുമ്പോൾ എഴുത്തുകാരിയും വായനക്കാരനും ഒരേപോലെ ആഗ്രഹിച്ചുപോകുന്നത് ഒന്നുമാത്രമാണ്: “ആത്രേയകമുണ്ടാകട്ടെ”.