അപരിചിതരുമായുള്ള സമ്പർക്കങ്ങൾ – മൊഴിയാഴം – എൻ.ഇ. സുധീർ

കടന്നുപോകുന്ന ഓരോദിവസവും നിങ്ങൾ വിചാരിക്കുന്ന രീതിയിലല്ല തുടങ്ങുന്നതും അവസാനിക്കുന്നതും. ഇതേ മട്ടുതന്നെയാണ് ഓരോ വർഷത്തിനും – ജീവിതത്തിനുതന്നെയും. താൻ മുൻകൂട്ടികാണുന്ന സകലതും പിഴയ്ക്കാൻ പോവുകയാണെന്ന് നിങ്ങൾ നിശ്ചയിക്കുമ്പോഴാണ് അതിൽ ചിലത് നന്നായി നടന്നുപോകുന്നത്; അതും നിങ്ങളുടെ ഭാവിപദ്ധതികൾക്ക് വിഘാതമാവുകയാണ്. എല്ലാം അനിശ്ചിതമാണ്  എന്ന  സുനിശ്ചിതസത്യമേ ഇതിൽനിന്നെല്ലാം പഠിക്കാനുള്ളൂ.


നമുക്കുചുറ്റും ധാരാളം പുസ്തകങ്ങളുണ്ട്. അയ്യായിരം വർഷത്തെ ചരിത്രമാണ് പുസ്തകങ്ങൾക്ക് പൊതുവായി  കണക്കാക്കപ്പെട്ടിട്ടുള്ളത്. അതിനിടയിൽ എഴുതപ്പെട്ടതും ഇപ്പോൾ ദിനംപ്രതി എഴുതപ്പെടുന്നതുമുൾപ്പടെ കോടിക്കണക്കിനു പുസ്തകങ്ങൾ മനുഷ്യരുടെ മുന്നിലുണ്ട്.  ഇവയിലേത് വായിക്കണം എന്ന തിരഞ്ഞെടുപ്പ് ഓരോ വായനക്കാരനും ശ്രദ്ധാപൂർവം നടത്തേണ്ടതാണ്. ഓരോരുത്തർക്കും ഓരോ മാനദണ്ഡങ്ങൾ പിന്തുടരേണ്ടതായി വരും. ഞാൻ ഇക്കാര്യത്തിൽ ഫ്രാൻസ് കാഫ്കയുടെ ഉപദേശം സ്വീകരിക്കാറുണ്ട്. കാഫ്ക ഒസ്കാർ പൊളളാക്കിനെഴുതിയ ഒരു കത്തിൽ വായിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി:


 “നമ്മെ മുറിപ്പെടുത്തുന്ന, കത്തിമുനപോലെ നമ്മളിലേക്കാഴ്‌ന്നിറങ്ങുന്നതരം പുസ്തകങ്ങൾ മാത്രമേ നാം വായിക്കാവൂ എന്നെനിക്കു തോന്നുന്നു. നാം വായിക്കാനെടുക്കുന്ന പുസ്തകം തലയ്ക്കൊരിടി തന്ന് നമ്മെ ജാഡ്യത്തിൽനിന്നുണർത്തുന്നില്ലെങ്കിൽപ്പിന്നെ നാമതെന്തിനു വായിക്കണം? നീ പറയുന്നപോലെ നമ്മുടെ സന്തോഷത്തിനോ? എന്റെ ദൈവമേ, സന്തോഷമാണ് വേണ്ടതെങ്കിൽ പുസ്തകങ്ങളില്ലാത്തതുകൊണ്ടുതന്നെ നമുക്കതു കിട്ടിയേനെ. തന്നെയുമല്ല, നമുക്കു സന്തോഷംതരുന്ന പുസ്തകങ്ങൾ നമുക്കുതന്നെ എഴുതിയുണ്ടാക്കാവുന്നതേയുള്ളൂ താനും. നമുക്കു വേണ്ടത് ഒരത്യാഹിതംപോലെ നമ്മെ വന്നു ബാധിക്കുന്ന പുസ്തകങ്ങളാണ്; നമ്മെക്കാളെറെ നാം സ്നേഹിക്കുന്ന ഒരാളുടെ വിയോഗംപോലെ, മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നൊക്കെയകലെ ഏതോ കാട്ടിലേക്കു നാം ഭ്രഷ്ടരായപോലെ, ഒരാത്മഹത്യപോലെ നമ്മെ കഠിനമായി സങ്കടപ്പെടുത്തുന്ന പുസ്തകങ്ങളാണ്. നമ്മിലുറഞ്ഞ കടലിനെ ഭേദിക്കാനുള്ള മഴുവാകണം പുസ്തകം.”


കാഫ്കയുടെ അഭിപ്രായത്തിന്റെ മലയാള പരിഭാഷ ഞാൻ വായിച്ചത് വി. രവികുമാർ വിവർത്തനം ചെയ്തു സമാഹരിച്ച  “ദിനേന – ചിന്താശകലങ്ങളുടെ പുസ്തകം” എന്ന മനോഹരമായ ഗ്രന്ഥത്തിൽനിന്നാണ്. വർഷത്തിലെ ഓരോദിവസവും വായിക്കാവുന്ന എന്ന കണക്കിൽ 365 ചിന്താശകലങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോന്നും മികവുറ്റ ആശയങ്ങളും വായനക്കാരെ  ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്.


ജീവിതത്തെ സൂക്ഷ്മമായി നോക്കിക്കണ്ട്, സവിശേഷമായ ഉൾക്കാഴ്ചയോടെ വിലയിരുത്തിയ പല കാലങ്ങളിലെ  മനുഷ്യർ പറഞ്ഞുവച്ച ആശയങ്ങളാണ് ഇതിലുള്ളത്. ഇതു വായനക്കാർക്ക്  ജീവിതത്തെ നേരിടാനുള്ള കരുത്ത് നൽകും. മനുഷ്യാവസ്ഥയെപ്പറ്റിയുള്ള പുതിയ ബോധ്യങ്ങളിലേക്കും നയിക്കും.  കാലത്തിന്റെ ഏതോ കോണിൽ ജീവിച്ചുമരിച്ച,  തികച്ചും അപരിചിതരായ കുറെ  മനുഷ്യരുമായി സമ്പർക്കത്തിലാവാൻ സഹായിക്കുന്ന മനോഹരമായ ഒരു ഗ്രന്ഥമാണ്  “ദിനേന – ചിന്താശകലകളുടെ പുസ്തകം.” (തൃശ്ശൂരിലെ ഐറിസ് ബുക്സ് പ്രസിദ്ധപ്പെടുത്തിയത്.)

രണ്ടാംനൂറ്റാണ്ടിലെ മാർക്കസ് അറീലിയസ് തൊട്ട്  ഇപ്പോൾ നമ്മോടൊപ്പുള്ള  സ്ലാവോ ഷിഷെക്ക് വരെയുള്ള ചിന്തകർ ഇക്കൂട്ടത്തിലുണ്ട്.  റൂമിയും റിൽക്കെയും വിറ്റ്മാനും പെസോവയും ഷിംബോസ്കയും  ടാഗോറും അഡോണിസുമുണ്ട്. ടോൾസ്റ്റോയിയും  എറിക് ഫ്രോമും കാനേറ്റിയും ഗലിയാനോയും ഗ്രാംഷിയും കമ്യൂവും മാർകേസും സരമാഗുവും പാമുക്കും ബുനുവേലും പിക്കാസ്സോയും കാഫ്കയും ബോർഹസ്സും ലോർക്കയും! ഇല്ലാത്തവരാര് എന്ന അന്വേഷണമാവും എളുപ്പം. അത്ര സമഗ്രമാണ് ഇതിലെ പ്രാതിനിധ്യം. പ്രത്യേക വിഷയത്തിലൂന്നിയല്ല; മറിച്ച് ചിന്തയുടെ ഒരു വിസ്മയകൂട്ടായ്മയിലാണ് സമ്പാദകനായ വി.രവികുമാർ ശ്രദ്ധവച്ചിട്ടുള്ളത്. ഇംഗ്ലിഷിൽപോലും ഇത്തരമൊരു സമാഹാരം എന്റെ ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല.


നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കുമുന്നിൽ ഒരല്പം ക്ഷമ കാണാക്കുക എന്ന് റെയ്നർ മറിയ റിൽക്കെ പറഞ്ഞിട്ടുണ്ട്. അതിനുശേഷം ഈ പുസ്തകത്തിന്റെ താളുകളിലൂടെ ശ്രദ്ധാപൂർവം സഞ്ചരിക്കുക എന്നു ഞാൻ കൂട്ടിച്ചേർക്കുന്നു. വാങ്ങുന്ന എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിരിക്കണം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ് എന്ന് ഉംബർട്ടോ എക്കോ വിശദീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ആ ഗണത്തിൽ പെടുന്നതല്ല. ഇത് ഇടയ്ക്കൊക്കെ വായിച്ചുകൊണ്ടിരിക്കാവുന്ന മികച്ചൊരു പുസ്തകമാണ്. ഇതിലെ ഒരു ചിന്താശകലംകൂടി ഞാൻ എടുത്തെഴുതുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ജാപ്പനീസ്  ബുദ്ധ സന്യാസിയായിരുന്നു യോഷിദ കെൻകോ. അദ്ദേഹത്തിന്റെ Essayട in Idleness എന്ന വിഖ്യാത പ്രബന്ധത്തിൽ നിന്നൊരു ഭാഗം: 


“ഇന്നൊരു കാര്യം ചെയ്യാമെന്ന് തീരുമാനിച്ചുവയ്ക്കുമ്പോഴായിരിക്കും അപ്രതീക്ഷിതവും അടിയന്തരസ്വഭാവമുള്ളതുമായ മറ്റെന്തെങ്കിലും വന്നുചേരുക; അല്ലെങ്കിൽ നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നയാൾക്ക് വരാൻ പറ്റാതെവരിക; അല്ലെങ്കിൽ പ്രതീക്ഷിക്കാത്തയാൾ വരിക; അല്ലെങ്കിൽ നിങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു കാര്യം നേരേ വിരുദ്ധമായ രീതിയിൽ നടക്കുക; എന്നു പറഞ്ഞാൽ, നിങ്ങൾ മുൻകൂട്ടി കാണാത്ത കാര്യങ്ങളായിരിക്കും നന്നായി നടക്കുക. ദുഷ്കരമായിരിക്കുമെന്നു പേടിച്ച കാര്യങ്ങൾ സുഖകരമായി നടക്കുന്നു, നേരേ നടക്കുമെന്ന് എല്ലാ ലക്ഷണവും കാണിച്ചത് വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. കടന്നുപോകുന്ന ഓരോദിവസവും നിങ്ങൾ വിചാരിക്കുന്ന രീതിയിലല്ല തുടങ്ങുന്നതും അവസാനിക്കുന്നതും. ഇതേ മട്ടുതന്നെയാണ് ഓരോ വർഷത്തിനും – ജീവിതത്തിനുതന്നെയും. താൻ മുൻകൂട്ടികാണുന്ന സകലതും പിഴയ്ക്കാൻ പോവുകയാണെന്ന് നിങ്ങൾ നിശ്ചയിക്കുമ്പോഴാണ് അതിൽ ചിലത് നന്നായി നടന്നുപോകുന്നത്; അതും നിങ്ങളുടെ ഭാവിപദ്ധതികൾക്ക് വിഘാതമാവുകയാണ്. എല്ലാം അനിശ്ചിതമാണ്  എന്ന  സുനിശ്ചിതസത്യമേ ഇതിൽനിന്നെല്ലാം പഠിക്കാനുള്ളൂ.”


അപൂർവം ചില ലക്കങ്ങളിൽ ഈ പംക്തി എഴുതാൻകഴിയാതെ പോകുന്നത് കെൻകോ പറഞ്ഞ സുനിശ്ചിതമായ അനിശ്ചിതത്വങ്ങളെ നേരിടേണ്ടിവരുന്നതുകൊണ്ടാണ്. ഇത്തരം ജീവിതസത്യങ്ങളിലേക്ക് വെളിച്ചംവിശുകയാണ് ഈ പുസ്തകം.


ഒരു നോവലിന്റെ  ജീവചരിത്രം.


അപൂർവം ചില പുസ്തകങ്ങൾക്ക് ജീവചരിത്രങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. മാർക്സിന്റെ ‘മൂലധനം’ എന്ന ഗ്രന്ഥത്തെക്കുറിച്ചും  ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്പീഷിസി’നെക്കുറിച്ചും എഴുതപ്പെട്ട ജീവചരിത്രങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്.സാഹിത്യക്ലാസിക്കുകളിൽഅങ്ങനെയൊരെണ്ണമേ   കണ്ടിട്ടുള്ളൂ.   വിക്തോർ   യൂഗോയുടെ   ‘ലേ  മിസെറാബ്ലെ’ (പാവങ്ങൾ) എന്ന നോവലിനാണ് ഇങ്ങനെയൊരു ജീവചരിത്രം എഴുതപ്പെട്ടിട്ടുള്ളത്. ഡേവിഡ് ബെല്ലോസ് എഴുതിയ ‘ദി നോവൽ ഓഫ് ദി സെഞ്ച്വറി’ എന്ന പുസ്തകം യൂഗോയുടെ നോവലിന്റെ ജീവചരിത്രമാണ്. മഹത്തായ ഈ  നോവലിന്റെ  അസാധാരണമായ  സാഹസികയാത്രയാണ് ഡേവിഡ് ബെല്ലോസ് തന്റെ അന്വേഷണത്തിലൂടെ  കണ്ടെത്തി ജീവചരിത്രമാക്കിയിരിക്കുന്നത്.  ഒരു കൃതിയെപ്പറ്റി ഇങ്ങനെയൊരു സമഗ്രമായ സാഹിത്യാന്വേഷണം സാധ്യമാണെന്ന്  കാണിച്ചു തരികയാണ് ഡേവിഡ് ബെല്ലോസ്. ആ പുസ്തകത്തിൽനിന്ന് പല പുതിയ വിവരങ്ങളും എനിക്കറിയാൻ കഴിഞ്ഞു.


1855  ഒക്ടോബർ മൂന്നിന് വിക്തോർ  യുഗോ തന്റെ  ചെറിയ  നോട്ട് ബുക്കിൽ ഇങ്ങനെ കുറിച്ചു :  ‘ലേ  മിസെറാബ്ലെയെ’ ഞാനിന്ന് വേർബോകൊവെൻ  & സയി ഓഫ് ബ്രസ്സൽസിലെ എം. എം. എ. ലക്‌റോയ്‌സിനു   പന്ത്രണ്ടുവർഷത്തേക്ക്  വിറ്റു.  240000 ഫ്രാങ്കു  പണമായും  60000 ഫ്രാങ്ക് മറ്റൊരു കരാറായും . ഇന്ന് വൈകുന്നേരം അയാളുമായി  കരാർ ഒപ്പിട്ടു.”


പ്രസാധകചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകക്കരാറായിരുന്നു അത്.   ഇത് സാധിച്ചെടുത്ത ലക്‌റോയ്‌സ്  അന്നുമുതൽ പുസ്തകവ്യവസായകൾക്കിടയിൽ  അഹങ്കാരത്തോടെ ഞെളിഞ്ഞുനടന്നു. കൈയിൽ ഒറ്റ കാശില്ലാതെയാണ് ഈ കരാറിൽ  ഒപ്പിട്ടതെന്നും അയാൾ   പരസ്യമായി പ്രഖ്യാപിച്ചു.  ബ്രസ്സൽസിലെ ഓപ്പെന്‍ഹൈം  ബാങ്ക്  ‘ലേ  മിസെറാബ്ലെ’യുടെ  പ്രസാധനത്തിന് കടമായി ധനസഹായം വാഗ്ദാനംചെയ്തിരുന്നു.   ഈ ബാങ്ക് വായ്‌പയും ചരിത്രത്തിൽ ഇടംനേടി.. ലോകത്തിലാദ്യമായി പുസ്തകറോയൽറ്റിക്കായി  ഒരു ബാങ്ക് വായ്‌പ.  ആ പ്രസാധകനും, ബാങ്കിനും കണക്കുകൂട്ടലുകൾ തെറ്റിയില്ല. ചരിത്രത്തിലെ അപൂർവത്തിലപൂർവമായ ഒരു നോവലിന്റെ പ്രസാധനത്തിലാണ് അവർ പങ്കാളികളായത്.


ഒന്നര നൂറ്റാണ്ടിനിപ്പുറവും (1862-ലാണ് ‘ലെ മിസെറാബ്ലെ’ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.) യൂഗോയുടെ  നോവൽ ലോകത്ത് വായിക്കപ്പെടുന്നു; ചർച്ചചെയ്യപ്പെടുന്നു. ഞാനിപ്പോൾ ഈ നോവലിനെപ്പറ്റി ഇതൊക്കെ  കുറിക്കാനിടയായത് ആ ക്ലാസിക്കിന് മലയാളത്തിൽ വന്ന പരിഭാഷയുടെ നൂറാംവാർഷിക ആഘോഷവുമായി ബന്ധപ്പെട്ട രണ്ടു ലേഖനങ്ങൾ കണ്ടതുകൊണ്ടാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജൂൺ 29 ലക്കത്തിൽ ‘’പാവങ്ങൾ’ എന്ന നാലപ്പാട്ട് നാരായണമേനോന്റെ മലയാള പരിഭാഷയെപ്പറ്റി പി.കെ. രാജശേഖരനും സുനിൽ പി. ഇളയിടവും എഴുതിയത് വായിച്ചതുകൊണ്ടാണ്.


ലോകത്തിൽ മറ്റൊരു നോവലിനും  ‘നൂറ്റാണ്ടിന്റെ നോവൽ’എന്ന വിശേഷണം  ചാർത്തിക്കിട്ടിയിട്ടില്ല.   ‘വാർ  ആൻഡ് പീസും’, ‘ഗ്രേറ്റ്  എക്‌പെക്റ്റേഷൻസും’,  ‘ക്രൈം  ആൻഡ് പണിഷ്‌മെന്റും’ ഉണ്ടായ അതേ നൂറ്റാണ്ടിലാണ് ‘ലേ  മിസെറാബ്ലെ’ പ്രസിദ്ധപ്പെടുത്തിയത്. എന്നിട്ടും ഈ വിശേഷണം  ഈ കൃതി എങ്ങനെ നേടി? ഇതെന്തുകൊണ്ട് ലോകത്തിന്റെ പ്രിയപ്പെട്ട നോവലായി?  ലോകത്തെ എല്ലാ ഭാഷായിലും ഇതിനു വായനക്കാരുണ്ടായതെന്തുകൊണ്ട്?  ഇതിലെ ഇതിവൃത്തവുമായി  ചേർന്നുള്ള  പല  മാധ്യമങ്ങളിലായുള്ള  വിവിധതരം  ചിത്രീകരണങ്ങൾ ഇപ്പോഴും നടക്കുന്നതെന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ബെല്ലോസിന്റെ ഈ  പഠനം.


യുഗോവിന് തന്റെ കൃതി ലോകം കീഴടക്കും എന്ന് ആദ്യമേ അറിയാമായിരുന്നു. അദ്ദേഹം  അക്കാലത്തെഴുതിയ ഒരു കത്തിൽ ഇങ്ങനെ  കുറിച്ചു: ‘ലേ  മിസ്ർബ്ലെ’  എല്ലാവരും വായിച്ചുനോക്കുമോ എന്നെനിക്കറിഞ്ഞുകൂടാ; പക്ഷേ, ഞാൻ അത് എല്ലാവർക്കുംകൂടി എഴുതിയിട്ടുള്ളതാണ്. അതു ഇംഗ്ലണ്ടിലെന്നപോലെ സ്‌പെയിനും, ഇറ്റലിയെന്നപോലെ ഫ്രാൻസും, ജർമ്മനിയെന്നപോലെ അയർലാണ്ടും, അടിമകളുള്ള പ്രജാധിപത്യരാജ്യമെന്നപോലെ അടിയാരുള്ള ചക്രവർത്തിഭരണരാജ്യങ്ങളും ഒരേവിധം കേൾക്കണമെന്നുവച്ച് എഴുതപ്പെട്ടിട്ടുള്ളതാണ്. സാമുദായികങ്ങളായ വിഷമതകൾ രാജ്യസീമകളെ കവച്ചുകടക്കുന്നു. മനുഷ്യജാതിക്കുള്ള വ്രണങ്ങൾ, ഭൂമണ്ഡലം മുഴുവനും വ്യാപിച്ചുകിടക്കുന്ന ആ വമ്പിച്ച വ്രണങ്ങൾ, ഭൂപടത്തിൽ വരയ്‌ക്കപ്പെട്ട ചുകന്നതോ നീലിച്ചതോ ആയ ഓരോ വഴിയൊരുക്കിയ അതിർത്തിയടയാളം കണ്ടതുകൊണ്ട് നിൽക്കുന്നില്ല. മനുഷ്യൻ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്‌ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പുമാറ്റാനുള്ള അടുപ്പും കിട്ടാതെ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം ‘പാവങ്ങൾ’ എന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ചുപറയും: ‘എനിക്കു വാതിൽ തുറന്നുതരിക; ഞാൻ വരുന്നതു നിങ്ങളെ കാണാനാണ്.’


വേദനയും, ദുരിതവും ഉള്ള ലോകത്തിലെ ഓരോ വീടിന്റെ വാതിലിലും യുഗോവിന്റെ കൃതി മുട്ടിനോക്കി, ഇപ്പോഴും  ആ മുട്ടൽ തുടരുന്നു. ആ യാത്രയുടെയും, അതു സാധ്യമാക്കിയ സാഹചര്യത്തിന്റെയും കഥയാണ് ഡേവിഡ് ബെല്ലോസ് പറയുന്നത്. നോവലിസ്റ്റിനെ  സ്വാധീനിച്ച ആശയങ്ങൾ,  അദ്ദേഹത്തിന്റെ  ജീവിതദർശനം, ജീവിതാനുഭവങ്ങൾ,   അതിനു വഴിയൊരുക്കിയ  ഫ്രാൻസിലെ സഹചര്യങ്ങൾ, എഴുത്തുരീതികൾ, അതിനായി നീക്കിവച്ച സ്ഥലങ്ങൾ –  ഇങ്ങനെ നോവലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മമായി അന്വേഷിച്ചു വിലയിരുത്തുകയാണ് ഗ്രന്ഥകാരൻ. യൂഗോയുടെ  ഭാഷ,  അദ്ദേഹം ഉപയോഗിച്ച ചില വാക്കുകളൊക്കെ ഏറെ ചർച്ചചെയ്യപ്പെട്ട കാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങൾ ബെല്ലോസ് കണ്ടെത്തുന്നു.  പത്തൊൻപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ആ കൃതിയുടെ  സാമ്പത്തികശാസ്ത്രംവരെ ഗ്രന്ഥകാരൻ തന്റെ അന്വേഷണത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. 


പ്രിൻസ്ടൺ സർവകലാശാലയിലെ ഫ്രഞ്ച് പ്രഫസറായ ഡേവിഡ് ബെല്ലോസ്  പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് ഷോർഷ് പെരകിന്റെ  ‘ലൈഫ് – എ യൂസേഴ്സ് മാന്വൽ’, ഇസ്മായിൽ കാദാരെയുടെ ‘പിരമിഡ്’ തുടങ്ങിയ  കൃതികളുടെ പരിഭാഷകൻ എന്ന നിലയിൽ നേരത്തെ പരിചിതനായിരുന്നു. പരിഭാഷയുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച ‘ഈസ് ദാറ്റ് എ ഫിഷ് ഇൻ യുവർ  ഈയർ’  എന്ന കൃതി ഏറെ പ്രസിദ്ധവുമാണ്.  നോവൽ എന്ന സാഹിത്യരൂപത്തെ സമഗ്രമായി വിലയിരുത്താനുള്ള ഒരു പുതിയപാതയാണ് ‘ദി നോവൽ ഓഫ് ദി സെഞ്ച്വറി’ എന്ന ഈ  കൃതി തുറന്നുതന്നിരിക്കുന്നത്. ഇതിലൂടെ ഴാങ് വാൽഴാങ്ങിനെ നമുക്ക് കൂടുതൽ അടുത്തറിയുവാൻ സാധിക്കുന്നു. ആ കഥാപാത്രത്തെ സൃഷ്ടിച്ച വിക്തോർ യൂഗോയെന്ന  പത്തൊൻപതാം നൂറ്റാണ്ടുകാരന്റെ മനസ്സിലേക്ക് എളുപ്പം കടന്നുചെല്ലാനും ഇതു സാധ്യതയൊരുക്കുന്നു. എനിക്കിപ്പോൾ ഒരിക്കൽക്കൂടി നാലപ്പാടന്റെ” പാവങ്ങൾ” വായിക്കാൻ തോന്നുന്നു. അവിടെ എന്തോ ചില പുതിയ കാര്യങ്ങൾ എന്നിലെ വായനക്കാരനെ കാത്തിരിപ്പുണ്ടെന്ന് ഞാനിപ്പോൾ അറിയുന്നു. യൂഗോയുടെ നോവൽ ലോകത്തെ സ്വാധീനിച്ചതുപോലെ, നാലപ്പാടന്റെ പരിഭാഷ മലയാളിയുടെ എഴുത്തിനെയും വായനയെയും സാഹിത്യഭാവുകത്വത്തെയും ആഴത്തിൽ സ്വാധീനിച്ച ഒന്നാണ്.  (THE NOVEL  OF THE CENTURY  – The Extraordinary Adventure of Les Miserables  David Bellos (Particular Books )


ദിവസത്തെക്കുറിച്ച് ഒരു നോവൽ

 “I don’t know what is going on. Whether time is switched off at night, whether past and future disappear during slumber and are not invoked again until one wakes. Or whether it is the words that are erased, leaving only the outlines of things. Maybe it is language that shuts down, so one wakes up wordless or with words only for the most immediate concepts: morning, now, here, awake, light. Maybe one wakes without sentences.”

ഡാനിഷ് സാഹിത്യകാരി സോൾവായി ബാല്ലെയുടെ ‘On the Calculation of Volume’ എന്ന നോവലിൽനിന്നുള്ള ഒരു ഭാഗമാണിത്. അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു പ്രമേയമാണ് ഈ നോവൽ കൈകാര്യംചെയ്യുന്നത്. കണക്കുകൾകൊണ്ട് ഒരുദിവസം എന്ന ആശയത്തെ നമുക്ക് വിശദീകരിക്കാം. മനുഷ്യരതു ശീലിച്ചിട്ടുണ്ട്. 86400 സെക്കന്റുകൾ, 1440 മിനുട്ടുകൾ, 24 മണിക്കൂറുകൾ – ഇതിനെയാണ് നമ്മൾ ഒരു ദിവസം എന്നു വിശേഷിപ്പിക്കുന്നത്. ഒരു രാത്രിയും ഒരു പകലും ചേർന്നുണ്ടാവുന്ന ഒരു ക്രമം. ഇതിന്റെ താളംതെറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇന്നലെയും നാളെയും ഇല്ലാതെ ഒരു പ്രത്യേക ദിവസത്തിൽ ഉറച്ചുപോകുന്ന ഒരവസ്ഥ. സോൾവായി ബാല്ലെ അവരുടെ നോവലിൽ ഇത്തരമൊരു കുരുക്കിനെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്.


ഈ നോവലിലെ  പ്രധാന കഥാപാത്രമായ താരാ സെൽട്ടറിന്റെ ജീവിതം  നവംബർ 18 എന്ന ഒരു ദിവസത്തിൽ കുരുങ്ങിപ്പോകുന്നു. എത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും നവംബർ 19-ലേക്ക് കടക്കുന്നില്ല. നോവൽ തുടങ്ങുമ്പോൾ അവർ നൂറ്റിയിരുപത്തിയൊന്നാമത്തെ നവംബർ 18-ലാണ് ജീവിക്കുന്നത്! നോവലിന്റെ ഈ ഭാഗം തീരുന്നത് മുന്നൂറ്റി അറുപത്തിയാറാമത്തെ നവംബർ 18-ലും.  ഇതവരുടെ ജീവിതത്തിന്റെയും  മനസ്സിന്റെയും താളംതെറ്റിക്കുന്നതു വായിച്ച് ഞാൻ അന്തംവിട്ടിരുന്നു. ദിവസം എന്ന സമസ്യയെ ഇങ്ങനെ ഫിക്ഷണലായി അവതരിപ്പിക്കുന്നത് ആദ്യമായാണ് വായിക്കുന്നത്. വർത്തമാനകാല ജീവിതത്തിന്റെ മുരടിപ്പിനെയാവാം ഇത്തരമൊരു പ്രഹേളികയിലൂടെ  നോവലിസ്റ്റ് ഉന്നം വച്ചിരിക്കുന്നത്. എന്തായാലും സമയത്തെക്കുറിച്ചുള്ള നമ്മുടെയൊക്കെ സാമാന്യബോധ്യങ്ങളെ ഇതു തകിടംമറിക്കുന്നു. നവംബർ 18 ഇതിലെ പ്രധാന കഥാപാത്രമാണെന്നുതന്നെ ഞാൻ കരുതുന്നു.


അസ്വസ്ഥമാക്കാനുള്ള വാക്കുകളുടെ കഴിവ് ഈ നോവൽ കാണിച്ചുതരുന്നു. എഴുത്തുകാരിയുടെ ഭാവന ദാർശനികമാനങ്ങളിലേക്കു കടക്കുന്നതും അത്ഭുതപ്പെടുത്തുന്നു.  എന്നാൽ, ഇതൊരു മികച്ച നോവലനുഭവമാണോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം അല്ല എന്നാണ്. നോവലെന്ന നിലയിൽ ഇതിനോട് എനിക്കിഷ്ടം തോന്നുന്നില്ല. ചിന്തയിലെ വൈചിത്ര്യങ്ങളെ കാണിക്കുന്നതിനപ്പുറം ഒരനുഭവമായി ഇതു മാറുന്നില്ല. എന്നാൽ ഈ കൃതിയെപ്പറ്റി ഒരു അന്തിമാഭിപ്രായം ഇപ്പോൾ പറയുക വയ്യ. കാരണം, ഏഴു ഭാഗങ്ങളായി പ്ലാൻചെയ്ത സെപ്റ്റോളജിയിലെ ഒന്നാംഭാഗം മാത്രമാണിത്. എന്തായാലും പുതിയകാല  ഫിക്ഷൻ നവീനതലങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്.  ഈ ഒന്നാംവാള്യം ഈ വർഷത്തെ അന്തരാഷ്ട്ര ബുക്കർസമ്മാനത്തിന്റെ ചുരക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. (On The Calculation of Volume. Book 1- Solvej Balle- Translated from the Danish by Barbara J Haveland – Faber & Faber Publishers)