എം.പി.ശശിധരൻ – നിർമിതം

എം.പി.ശശിധരൻ – നിർമിതം
ഇരുപത്തിയാറ് വയസ്സുള്ള ഒരവിവാഹിതനാണ് ഞാൻ. വീട്ടിൽനിന്നു നടന്നെത്താൻ മാത്രം ദൂരമുള്ള പ്ലസ് ടു സ്ക്കൂളിലെ കുട്ടികളെ ചരിത്രം പഠിപ്പിക്കലാണ് എന്റെ ജോലി. ഇടയ്ക്കിടെ കടുപ്പംകൂടിയ ചായ കുടിക്കുന്നതൊഴിച്ചാൽ ഒരു ദുശ്ശീലവും എനിക്കില്ല.   പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങൾ കോർത്ത ചൂണ്ടക്കൊളുത്തുകളുടെ അടുത്തുപോലും പോകരുതെന്ന് എനിക്ക് നന്നായറിയാം. എന്നിട്ടും ഞാൻ വായനതുടർന്നു. സാധാരണഗതിയിൽ, ആദ്യവരിയിൽത്തന്നെ ഞാനത് അവസാനിപ്പിക്കേണ്ടതാണ്. നടക്കാനുള്ള സാധ്യത ഒട്ടുമില്ലെന്നു നിസ്സംശയം തീരുമാനിക്കാൻ പോന്നതായിരുന്നു അത്.   ഏറ്റവും ഇഷ്ടപ്പെടുന്ന താരത്തിന്റെ പങ്കാളിയായി ഒരു ദിവസം കഴിയാൻ താങ്കൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം.   ഒരു പരസ്യമല്ലേ.  മുഴുവനും ഒന്നോടിച്ചു നോക്കുന്നതിൽ എന്താണ് കുഴപ്പം?    ഇത്തരമൊരു മാന്യതയുടെ മേൽക്കുപ്പായം ധരിക്കാൻപോലും ധൃതികാരണം എനിക്കു  കഴിഞ്ഞില്ല. യുക്തിക്ക് ഒട്ടും നിരക്കാത്തതെന്ന് ഉപദേശിക്കാൻ  സമ്മതിക്കാത്ത വിധം, ബുദ്ധിയെ    ചില വാചകങ്ങൾ വശീകരിച്ചുകളയും.   മൊബൈൽ ഫോണിന്റെ ടച്ച് സ്ക്രീനിൽ വീണ എന്റെ ചൂണ്ടുവിരൽ സ്പർശം  ദ്രുതഗതിയിൽ മുകളിലേക്കു നീങ്ങി.   ആശകളുടെ കൊടുമുടി കയറ്റുന്ന പലതും തെളിയുകയായി.   ഒരുനാളേക്ക് മഹാരാജാവാകാം. രാജ്യവും സിംഹാസനവും കിരീടവും ചെങ്കോലും താങ്കളെ കാത്തിരിക്കുന്നു. മധുരഗാനങ്ങൾ പാടിയോ നൃത്തംചെയ്തോ ഗ്രന്ഥം രചിച്ചോ കായികമത്സരങ്ങളിൽ പങ്കെടുത്തോ പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തിലെത്താൻ ആഗ്രഹമുണ്ടോ. മടിച്ചു നിൽക്കേണ്ട. ഭൂമിയിലെ ഏറ്റവും വലിയ ധനവാനായി ഒരു ദിവസം  കഴിയാനായി വരൂ. അന്യഗ്രഹത്തിൽ വസിക്കാൻ ആഗ്രഹം.  അതും സാധ്യമാണ്.          ദുരിതനരകങ്ങളിലെ യാതനകൾ അറിയണമെന്നുണ്ടോ? യാചകനോ വേശ്യയോ രോഗിയോ ആയി ഒരു നാൾ കഴിഞ്ഞു കൂടാൻ നോക്കൂ. താങ്കൾ ആഗ്രഹിക്കുന്ന എന്തും ഒരു ദിവസത്തേക്ക് ഞങ്ങൾ ലഭ്യമാക്കിത്തരും.   ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ അതിശകരമായൊരു നവ്യാനുഭവത്തിലേക്ക് ചുവടുകൾ വയ്ക്കാനുള്ള ഈ അവസരം പാഴാക്കാതിരിക്കുക. ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യൂ.   പ്രത്യേക ശ്രദ്ധയ്ക്ക്: താങ്കൾ ആവശ്യപ്പെടുന്ന ആഗ്രഹം എന്തുതന്നെയായാലും ഞങ്ങൾ സാധിപ്പിച്ചുതരും. അത് നടക്കേണ്ട സൗകര്യപ്രദമായ ദിവസം  താങ്കൾക്കുതന്നെ തിരഞ്ഞെടുക്കാവുന്നതാണ്. താങ്കളെക്കുറിച്ചുള്ള ഒരു വിവരവും മറ്റൊരാൾക്ക് കൈമാറപ്പെടില്ല. ഒരുറപ്പുകൂടി ഞങ്ങൾ താങ്കൾക്കുതരുന്നു. ഏതെങ്കിലും കാര്യത്തിൽ ചെറിയ പിഴവുണ്ടായാൽപ്പോലും വലിയൊരു തുക താങ്കൾക്ക് നൽകാൻ ഞങ്ങൾ ബാധ്യസ്ഥരായിരിക്കും.   അവസാനവരി ഞാൻ ആവർത്തിച്ചുവായിച്ചു. അതിലെ  വലിയൊരു തുകയല്ല എന്റെ ശ്രദ്ധയാകർഷിച്ചത്.  ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന അഹങ്കാരത്തിന്റെ പരിഹാസം ഒളിഞ്ഞിരിപ്പുണ്ട് ആ ഉറപ്പിൽ. ബുദ്ധികൊണ്ട് നേരിടേണ്ട ഒരു വെല്ലുവിളിയാണത്. പക്ഷേ, വിവരസാങ്കേതികത, കൃത്രിമബുദ്ധി എന്നൊക്കെ  കേട്ടിട്ടുണ്ടെന്നല്ലാതെ അതിനെക്കുറിച്ചുള്ള ചെറിയ അറിവുപോലും എനിക്കില്ല. എന്നിട്ടും എന്റെ തലച്ചോർ അടങ്ങിയിരിക്കാൻ മടിച്ചു. അധികം താമസിയാതെ തലച്ചോർ പറഞ്ഞു:   “അറിവുകളെയല്ല  യുക്തിയെയാണ് നീ ആശ്രയിക്കേണ്ടത്.”   കൂരിരുട്ടിലേക്ക് പറന്നുവന്നൊരു മിന്നാമിനുങ്ങിനെ പോലിരുന്നു അത്. ഇരുട്ടിൽ തപ്പിത്തടയുന്നവന് ഒരു വഴികാട്ടി. വളരെ ശ്രദ്ധയോടെ ഞാനാ പരസ്യം വീണ്ടുംവായിച്ചു. നിമിഷങ്ങൾക്കകം ഒരു സാധ്യത എന്റെ മനസ്സിൽ തെളിഞ്ഞു. വിഷമമേറിയ പദപ്രശ്നം മുഴുവൻ പൂരിപ്പിച്ച ഒരു കുട്ടിയെപ്പോലെ ഞാൻ ഇരുകൈകളും പലവട്ടം മേല്പോട്ടുയർത്തി.   പരസ്യത്തിന്റെ അടിവരയായി നീലനിറത്തിൽ തെളിഞ്ഞുനിന്ന വെബ് ലിങ്കിൽ തൊട്ടതേയുള്ളു. നേർത്ത സംഗീതത്തിന്റെ അകമ്പടിയോടെ  മൊബൈൽ സ്ക്രീൻ നിറയെ ഒരു ഹൃദയചിഹ്നം തെളിഞ്ഞു. അതിനകത്തു നിന്നാണ് പെൺകുട്ടി എന്നോട് സംസാരിച്ചു തുടങ്ങിയത്.   “സ്വാഗതം.  ഞങ്ങളുടെ വ്യവസ്ഥകൾ  കേൾക്കാനായി അല്പസമയം തരാമോ?”   “തീർച്ചയായും.”   “ഹായ് അമൽ, അങ്ങനെ വിളിക്കാമോ?”   “യെസ്. അതാണെന്റെ പേര്.”   “പേരുമാത്രമല്ല, അമലിനെക്കുറിച്ചുള്ള മറ്റുവിവരങ്ങളും ‘മൊബൈൽ നമ്പർ കണക്ടഡ് ഡാറ്റാ ബേസിൽ’നിന്നു ഞങ്ങളുടെ സർവറിൽ എത്തിക്കഴിഞ്ഞു. അതൊക്കെ അതീവ രഹസ്യമായി സൂക്ഷിക്കപ്പെടും. തുടങ്ങിക്കഴിഞ്ഞാൽ പിൻതിരിഞ്ഞുപോകാനുള്ള ഓപ്ഷൻ താങ്കൾക്കോ ഞങ്ങൾക്കോ ഇല്ല എന്നതാണ് ആദ്യത്തെകാര്യം. അതായത് നന്നായി ആലോചിച്ചശേഷം മാത്രംമതി തീരുമാനമെടുക്കുന്നത്.”   “വെബ് ലിങ്കിൽ കൈ വയ്ക്കും മുമ്പാണ് അതൊക്കെ ആലോചിക്കേണ്ടത് എന്നെനിക്കറിയാം. ഇതിനായി അടയ്ക്കേണ്ട ഫീ എത്രയെന്ന് പറയൂ.”   പെൺകുട്ടി പുഞ്ചിരിച്ചുകൊണ്ടാണ് അതു വെളിപ്പെടുത്തിയത്. എനിക്കു കിട്ടുന്ന ഒരുവർഷത്തെ    ശമ്പളത്തെക്കാളും കൂടുതലായിരുന്നു ആ സംഖ്യ. എന്റെ നിശ്ശബ്ദത കണ്ടാവണം അവൾ ചിരി മായ്ച് ഗൗരവക്കാരിയായി.   “ഞാനാദ്യമേ പറഞ്ഞല്ലോ. ഇതു വേണ്ടെന്നുവയ്ക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും അമലിനുണ്ട്. താങ്കളെ സ്വപ്നം കാണിക്കുകയല്ല ഞങ്ങൾചെയ്യുന്നത്. തികച്ചും അപ്രാപ്യമായ ജീവിതത്തിന്റെ ഒരുദിവസം, പൂർണ്ണമായ യാഥാർഥ്യത്തോടെയാണ് ഞങ്ങൾ അമലിന് തരിക. അതല്ലെന്നു പിറ്റേദിവസം തോന്നിയാൽ അടച്ചതുകയുടെ പത്തിരട്ടി താങ്കൾക്കു തിരിച്ചുനൽകുമെന്നതാണ് ഈ കരാറിലെ ഒരു വ്യവസ്ഥ. ഏതെങ്കിലും സ്വകാര്യത ചോർന്നതായി തെളിഞ്ഞാലും അത് കിട്ടും.”   സ്വകാര്യത ചോരുക. അതാണ് എനിക്ക് വേണ്ടിയിരുന്ന ഒരേയൊരു വ്യവസ്ഥ. സ്ക്രീനിൽ തെളിഞ്ഞ കരാറിനടിയിലെ സമ്മതത്തിൽ ഞാൻ വിരലമർത്തി. പണമടക്കാനുള്ള  ജാലകം ഉടൻ തെളിഞ്ഞു.