യുദ്ധോത്സുകതയുടെ ചതിക്കുഴികൾ – എൻ പി ചെക്കുട്ടി

യുദ്ധോത്സുകതയുടെ  ചതിക്കുഴികൾ  –  എൻ പി ചെക്കുട്ടി
യുദ്ധം നയനമനോഹരമായ ഒരു വർണക്കാഴ്ചയായി മാറിയത് 1990 -ൽ അമേരിക്കൻ സൈന്യം സദ്ദാം ഹുസൈന്റെ ഇറാഖിലേക്കു  നടത്തിയ പടയോട്ടം സിഎൻഎൻ ചാനൽ തത്സമയം ലോകമെങ്ങും പ്രക്ഷേപണം ചെയ്‌ത നാളുകൾ മുതലാണ്. ഇറാഖ് യുദ്ധത്തിനു പത്തുവർഷം മുമ്പ് 1980 ജൂൺ ഒന്നിനാണ് അമേരിക്കയിലെ അറ്റ്ലാന്റയിൽ നിന്നും സിഎൻഎൻ ദിനംപ്രതി 24 മണിക്കൂറും തത്സമയ പ്രക്ഷേപണം ആരംഭിച്ചത്. ലോകമാധ്യമ  ചരിത്രത്തിൽ അതൊരു വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നത്. കാരണം ലോകസംഭവങ്ങൾ തത്സമയം വീടുകളുടെ സ്വീകരണമുറികളിലേക്കു സിഎൻഎൻ കൊണ്ടുവന്നു. അതോടെ തത്സമയ ടെലിവിഷൻ പ്രക്ഷേപണം ലോകമെങ്ങും പടർന്നുപിടിച്ചു.   സാങ്കേതികവിദ്യയിലുണ്ടായ ഈ മഹാപരിവർത്തനത്തിന്റെ പല പ്രത്യാഘാതങ്ങളിലൊന്ന് യുദ്ധം അടക്കമുള്ള സുപ്രധാന വിഷയങ്ങൾ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വന്ന മാറ്റമാണ്. യുദ്ധം എന്നും അസാധാരണമായ സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കു കാരണമായിട്ടുണ്ട്. എന്നാൽ യുദ്ധം പലപ്പോഴും ധാർമികവും നൈതികവുമായ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയവുമാണ്. എന്തുകൊണ്ട് യുദ്ധം എന്ന ചോദ്യത്തിന് ചരിത്രം നൽകിവന്ന ഉത്തരം സംഭാഷണങ്ങൾക്കോ നയതന്ത്രത്തിനോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾക്കു യുദ്ധം മാത്രമാണ് പരിഹാരം എന്ന അവസ്ഥ സംജാതമാകുമ്പോഴാണ് യഥാർഥത്തിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് എന്നാണ്. അതായതു ആത്യന്തികമായി ആയുധശേഷിയും കൈക്കരുത്തും എല്ലാ തർക്കങ്ങളും താൽക്കാലികമായെങ്കിലും പരിഹരിക്കും. എന്നിരുന്നാലും അതിനു മുന്നോടിയായും യുദ്ധാനന്തരവും ചർച്ചകളും നയതന്ത്രവും മറ്റു പരിഹാരശ്രമങ്ങളും നടന്നിരിക്കും. ശാശ്വത സമാധാനത്തിലേക്കു മറ്റൊരു വഴിയും ലോകത്തിനു മുന്നിലില്ലതാനും.   ലോകചരിത്രവും ഐതിഹ്യങ്ങളും അതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിനു കാരണങ്ങൾ പലതാകാം; എന്നാൽ ഒരു കാരണവുമില്ലാതെ ഒരു യുദ്ധവും പൊട്ടിപ്പുറപ്പെടുകയില്ല.  അതായിരുന്നു ലോകാനുഭവം. മഹാഭാരതവും രാമായണവും ഇലിയഡും യുദ്ധവുമായി ബന്ധപ്പെട്ട ഇതിഹാസങ്ങളാണ്. പ്രാചീന ഭാരതത്തിലെയും ഗ്രീസിലെയും മനീഷികളായ ഋഷിമാരാണ് അവ ലോകത്തിനു നൽകിയത്. അവയോരോന്നും  യുദ്ധങ്ങളുടെ കഥയാണ് പറയുന്നത്.  ഒരു കുടുംബത്തിലെ ഭ്രാതാക്കൾ തമ്മിലുള്ള തർക്കങ്ങളും കുടിപ്പകയും ആത്യന്തികമായി സർവനാശകമായ യുദ്ധത്തിൽ കലാശിക്കുന്ന കഥയാണ് മഹാഭാരതം പറയുന്നത്. രാമായണമാകട്ടെ, കൊട്ടാരഭ്രഷ്ടനായി വനാന്തരത്തിൽ അലഞ്ഞ ഒരു രാജകുമാരന്റെ പത്നിയെ തട്ടിക്കൊണ്ടു പോയ രാക്ഷസനെതിരെ, സ്വന്തം ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനായി അദ്ദേഹം നടത്തുന്ന യുദ്ധത്തെയാണ് വർണിക്കുന്നത്. ഇലിയഡിലും സമാനസ്വഭാവമുള്ള ഒരു സംഭവമാണ് ഘോരയുദ്ധത്തിലേക്കു നയിക്കുന്നത്. അതായതു കനകമായാലും കാമിനിയായാലും മറ്റെന്തായാലും യുദ്ധത്തിനു അതിന്റെതായ കാരണങ്ങളുണ്ട്.   എന്നാൽ ആഗോള ടെലിവിഷൻ ഒരു കമ്പോള യാഥാർഥ്യമായി വന്നതോടെ യുദ്ധം ഒരു വർണക്കാഴ്ചയായി മാറുകയാണ്. അതൊരു കച്ചവട-ഉപഭോഗ വസ്തുവുമാണ്. യുദ്ധമെന്നത് വിപുലമായ  ഒരു വാണിജ്യ-വ്യവസായ അച്ചുതണ്ടിന്റെ ഭാഗമായി പരിവർത്തിപ്പിക്കപ്പെടുന്നു.  വാണിജ്യ താൽപര്യങ്ങൾ എക്കാലത്തും യുദ്ധകാരണമായിട്ടുണ്ട്. എന്നാൽ യുദ്ധം തന്നെ വാണിജ്യോല്പന്നമാവുന്നത് ആധുനികമായ ഒരു പ്രക്രിയയാണ്. കൊളോണിയൽ യുദ്ധങ്ങളും അതിന്റെ  ആധിപത്യവും വിദൂരപ്രദേശങ്ങളിലെ സമ്പത്ത് കൊള്ള ചെയ്യാനുള്ള പാശ്ചാത്യ ശ്രമങ്ങളുടെ ഫലമായിരുന്നു. എന്നാൽ രണ്ടാം ലോകയുദ്ധാനന്തരം കൊളോണിയലിസത്തിന്റെ അന്ത്യം കുറിക്കപ്പെടുകയും ആധുനികലോകം നിയമബന്ധിതമായ ഒരു ആഗോള ക്രമത്തിന്റെ ചുറ്റിലും കറങ്ങാൻ തുടങ്ങുകയും ചെയ്‌തു. ന്യൂയോർക്ക് ആസ്ഥാനമായ ഐക്യരാഷ്ട്ര സഭ വഴി പുതിയൊരു ആഗോള ഭരണസംവിധാനം ഉയർന്നുവരുന്നത് 1945 – ൽ യുദ്ധാനന്തര കാലത്താണ്. ഐക്യരാഷ്ട്ര സഭ അതിന്റെ മുൻഗാമിയായ ലീഗ് ഓഫ് നേഷൻസുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഫലപ്രദമായ ഒരു ആഗോള തർക്കപരിഹാര സംവിധാനമായാണ് പ്രവർത്തിച്ചത്. യുദ്ധാനന്തരം ലോകം ശീതയുദ്ധത്തിന്റെ പിടിയിൽ അകപ്പെട്ടുവെങ്കിലും ലോകമാകെ യുദ്ധജ്വരം പടർന്നു പിടിക്കുന്ന അവസ്ഥ ദീർഘകാലത്തേയ്ക്കു കാണപ്പെടുകയുണ്ടായില്ല.  അമ്പതുകൾ മുതൽ കൊറിയയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും യുദ്ധങ്ങൾ നടന്നു; പക്ഷേ അവ ആഗോള സംഘർഷങ്ങളായി പരിണമിച്ചില്ല. എന്നാൽ ഇന്നത്തെ ലോകം ഒരു ആഗോള ആണവ സംഘർഷത്തിന്റെ വക്കിലാണ് എന്ന് ആർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.   എന്തുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ ഭയാനകമായ  ലോകയുദ്ധങ്ങളുടെ പാഠങ്ങൾ സമകാല ലോകം മറന്നുപോയി? എന്തുകൊണ്ട് ഹിരോഷിമയിലും നാഗസാക്കിയിലും ജനപഥത്തെയാകെ ചുട്ടുകരിച്ചു ഭസ്മമാക്കിയ ആണവ വിസ്ഫോടനത്തിന്റെ ഓർമ്മകളും അതിന്റെ പാഠങ്ങളും നമുക്ക് നഷ്ടമായി? യോസെ സാരമാഗോയുടെ നോവലിൽ കാണുന്ന പോലെ ഒരു പ്രഭാതത്തിൽ ലോകമാകെ അന്ധതയ്ക്കു അടിമകളാകുന്ന അവസ്ഥയിലേക്ക് എങ്ങനെ നമ്മൾ എത്തിച്ചേർന്നു?   അതിനു പല  കാരണങ്ങളുണ്ട്. ഒന്നാമത്, യുദ്ധാനുഭവങ്ങളുടെ നീറുന്ന  ഓർമ്മകൾ ഹൃദയത്തിലെ കനലായി കൊണ്ടുനടന്ന തലമുറ കുറ്റിയറ്റു പോയിരിക്കുന്നു. അവരെ സംബന്ധിച്ച് യുദ്ധം ഒരു വിദൂര യാഥാർഥ്യമായിരുന്നില്ല. മറിച്ചു ഉറ്റവരെയും ഉടയവരെയും ഒന്നാകെ വിഴുങ്ങിയ അശനിപാതങ്ങളായിരുന്നു.  യൂറോപ്പിലും ജപ്പാനിലും യുദ്ധത്തിന്റെ ഓർമ്മകൾ നിലനിർത്തുന്ന ഔപചാരിക ചടങ്ങുകൾ വർഷം തോറും  നടക്കുന്നുണ്ട്. എന്നാൽ അതിനു നേരെ വിപരീതമായ യുദ്ധോത്സുകതയുടെ ആശയങ്ങളും ചിന്തകളുമാണ് സമൂഹത്തിൽ വ്യാപരിക്കുന്നത്. ഫാസിസം  ചുടലനൃത്തമാടിയ നാടാണ് ജർമനി. അവിടെയിന്നു നവനാസിസം ഒരു ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി ഉയന്നുവന്നിരിക്കുന്നു. ഫ്രാൻസ് യുദ്ധത്തിന്റെ കൊടും ക്രൂരതകൾ മുച്ചൂടും അനുഭവിച്ച രാജ്യമാണ്. അവിടെയും യുദ്ധം ഒരു ആഘോഷം പോലെ ആസ്വദിക്കുന്ന പുതിയ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചിരിക്കുന്നു. യഥാർഥത്തിൽ യുദ്ധത്തിന്റെ കെടുതികൾ ഏറ്റവുമേറെ അനുഭവിച്ച യൂറോപ്യൻ രാജ്യങ്ങളിൽ ഇന്നു  കാണുന്ന പൊതുപ്രവണത അമിതമായ യുദ്ധാസക്തിയാണെന്നത് അദ്ഭുതപ്പെടുത്തുന്ന  വസ്തുതയാണ്. അതായതു ഫ്രഞ്ച് രാജ്യം ഭരിക്കുകയും അവിടെ മഹാവിപ്ലവത്തിൽ തല പോകുകയും ചെയ്‌ത ബൂർബൺ രാജാക്കന്മാരെപ്പറ്റി മാർക്സ് പറഞ്ഞത് നമ്മുടെ സമകാല സമൂഹത്തിനും ബാധകമാണ്. “അവർ ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിക്കുന്നില്ല; പണ്ടു പഠിച്ച പാഠങ്ങൾ മറക്കുന്നുമില്ല.”    രണ്ടാമത്തെ കാര്യം, സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങളാണ്. ഒരുകാലത്തു സാങ്കേതികവിദ്യ മനുഷ്യസമൂഹത്തെ കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കാനും കൂടുതൽ വിഭവങ്ങൾ സംഭരിക്കാനും സമ്പത്തും സമൃദ്ധിയും വികസിപ്പിക്കാനും സഹായിക്കുന്ന ശക്തിയായിട്ടാണ് പ്രവർത്തിച്ചത്.  മാനവപുരോഗതിയുടെ സഹായിയും സുഹൃത്തുമായി അതു മുന്നേറി.  ശാസ്ത്രവും സാങ്കേതികവിദ്യയും പരസ്പരം ബന്ധിതമായി സഹോദരങ്ങളെപ്പോലെയാണ് വർത്തിച്ചത്. ശാസ്ത്രം എന്നും അതിന്റെ നൈതിക മൂല്യങ്ങളെപ്പറ്റി ബോധ്യം പുലർത്തിയിരുന്നു. ശാസ്ത്രകാരന്മാർ നൈതികവും  ദർശനികവുമായ സമസ്യകളെപ്പറ്റി ഉൽക്കണ്ഠ പൂണ്ടു.ആണവ ബോംബ് നിർമിക്കുമ്പോഴും അത് മാനവരാശിക്ക് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി അവർ പരിചിന്തനം നടത്തി. ആണവശാസ്ത്രത്തിനു പിന്നിലെ മഹാപ്രതിഭയായ ആൽബർട്ട് ഐൻസ്റ്റീൻ യുദ്ധാനന്തര കാലത്തു ലോകസമാധാന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി. ആണവായുധ വികസനം എങ്ങനെ അതിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ചിന്തയെയും നിലപാടുകളെയും ബാധിച്ചു എന്നതിന്റെ നിദർശനമാണ് സമീപകാലത്തു പുറത്തുവന്ന ഓപ്പൻഹീമരുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമ.  അദ്ദേഹം ഭാരതീയ തത്വചിന്തയിലാണ് അവസാനം ആശ്വാസം തേടിയത്.   എന്നാൽ ആധുനിക കാലത്തു സാങ്കേതികവിദ്യ മറ്റൊരു ദിശയിലൂടെയാണ്  സഞ്ചരിച്ചത്. നൈതികവും ധാർമികവുമായ മൂല്യബോധം തിരസ്കരിച്ചുകൊണ്ട് സാമ്രാജ്യത്വ താൽപര്യങ്ങളുടെ പോരാളിയായും ജനങ്ങളെ നിരന്തരം നിരീക്ഷിക്കാനും അവരുടെ ചിന്തയെ നിയന്ത്രിക്കാനും ഉത്സുകമായ ഏകാധിപത്യ-സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ മുഖ്യ ആയുധമായുമാണ് സാങ്കേതികവിദ്യ കഴിഞ്ഞ പതിറ്റാണ്ടുകളിൽ വികസിച്ചു വന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയും ഇൻഫർമേഷൻ ടെക്‌നോളജിയും ലോകസമൂഹത്തിൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അഗാധമായ വിടവുകൾ നികത്തുമെന്നും സമത്വസുന്ദരമായ ഒരു പുതുലോകം സൃഷ്ടിക്കുമെന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഈ നൂതന സാങ്കേതികവിദ്യകൾ ആഗോളതലത്തിൽ പ്രചുരപ്രചാരം നേടിയപ്പോൾ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത് ലോകത്തെ കൂടുതൽ ഭിന്നിപ്പിക്കുകയും സംഘർഷങ്ങൾക്കു എരിവു കൂട്ടുകയും ചെയ്യുന്ന പ്രക്രിയയാണ് നിർവഹിച്ചത് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. സമ്പത്തു വർധിപ്പിക്കുന്നതിൽ അത് വിജയിച്ചു. എന്നാൽ അത് നീതിയുക്തമായി വിതരണം ചെയ്യുന്നതിൽ ലോകം  പരാജയപ്പെട്ടു. യഥാർഥത്തിൽ മൊത്തം സമൂഹത്തെയും ഭരണകൂടങ്ങളെയും കൈപ്പിടിയിലമർത്തിയ ഒരു ടെക്‌നോ-ഒളിഗാർക്കിയുടെ ഉദയത്തിനാണ് അത് കാരണമാക്കിയത് എന്നു പല നിരീക്ഷകരും ഇന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ടെക്‌നോ-ഒളിഗാർക്കിയുടെ നീരാളിപ്പിടുത്തം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇന്ന് അനുഭവവേദ്യവുമാണ്.   മൂന്നാമത്തെ  പ്രധാന പ്രതിസന്ധി, ആഗോള സമൂഹം അതിന്റെ നൈതികവും ധാർമികവുമായ പാരമ്പര്യങ്ങളെ പൂർണമായും കൈയൊഴിച്ചു എന്നതാണ്.  മതങ്ങളും മതേതര ദർശനങ്ങളും നൈതിക പാരമ്പര്യങ്ങളെ പുൽകിയിരുന്നു.  കമ്മ്യൂണിസം എന്താണ് എന്ന ചോദ്യത്തിനു ഒരുകാലത്തു മാർക്സ് അടക്കം അതിന്റെ ആചാര്യന്മാർ നൽകിയ ഉത്തരം മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അന്യന്റെ വാക്കുകൾ സംഗീതം പോലെ ശ്രവിക്കുകയും ചെയ്യുന്ന ഒരു കാലം എന്നാണ്. പക്ഷേ അനുഭവങ്ങൾ മറിച്ചായിരുന്നു. സ്റ്റാലിനെപ്പോലെയുള്ള സമഗ്രാധിപതികളെയാണ് സോഷ്യലിസ്റ്റ് ഭരണം ലോകത്തിനു നൽകിയത്. മാവോയും പോൾപോട്ടും അടക്കമുള്ള മറ്റു കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും അതേ പാതയിലാണ് സഞ്ചരിച്ചത്. അതിന്റെ ഒരു ഫലം മാനവനന്മയെ സംബന്ധിച്ച് ലോകം എന്നും പുലർത്തിയ പ്രതീക്ഷകൾ പൊലിഞ്ഞു പോയി എന്നതാണ്. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന കാട്ടുനീതിക്കു ആധുനിക സമൂഹത്തിൽ പൂർണമായ ആധിപത്യം കൈവന്നു. ഒരുകാലത്തു  ഭരണാധികാരികൾ തങ്ങളുടെ സ്വാർത്ഥമോഹങ്ങളെ കുറിച്ചു തുറന്നു പറയാൻ മടിച്ചിരുന്നു. ഇന്ന് അതല്ല സ്ഥിതി. അല്പത്തവും അനീതിയും സ്വീകാര്യവും ബഹുമാന്യവുമായി. നൈതികതയെ കയ്യൊഴിച്ച ലോകം വെട്ടുകിളികൾ കയ്യേറിയ നെൽപ്പാടം പോലെ ശൂന്യവും അനാഥവുമായി.    സാങ്കേതികവിദ്യയുടെ സ്വഭാവത്തിലും സംസ്കാരത്തിലുമുണ്ടായ ഈ ഗതിമാറ്റം അതിനെ അപമാനവീകരിക്കുന്ന ഒരു പ്രക്രിയയായാണ് അനുഭവപ്പെട്ടത്. ലോകത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് അതു നയിച്ചിരിക്കുന്നത്. സമൂഹവും ജനങ്ങളും അപ്രസക്തരായി. കൈവിരലിൽ എണ്ണാവുന്ന ഏതാനും ടെക്‌നോ-അധീശന്മാരാണ് ആധുനിക ലോകത്തെ നയിക്കുന്നത്. വൈറ്റ് ഹൗസിൽ കണ്ടപോലെ ഭരണാധികാരിയുടെ ചാരത്തു നിന്നായാലും അല്ലെങ്കിൽ അകലങ്ങളിൽ ഇരുന്നായാലും ലോകത്തിന്റെ ഗതിക്രമം തങ്ങൾക്കു ഹിതമായ വിധത്തിൽ  അവർ സംവിധാനം ചെയ്യുന്നു. യുദ്ധങ്ങൾ പോലും അവർ തങ്ങളുടെ താൽപര്യാനുസൃതം ആസൂത്രണം ചെയ്യുന്നു.   പ്രതിസന്ധിയുടെ നാലാമത്തെ തൂണാണ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവരസംവേദന മേഖലകളിൽ വന്നിരിക്കുന്ന മാറ്റം. മാധ്യമങ്ങൾ ഒരുകാലത്തു ജനസാമാന്യത്തിനു ദിശാബോധം നൽകുകയെന്ന സാമൂഹിക ഉത്തരവാദിത്വം നിർവഹിച്ചിരുന്നു. വസ്തുനിഷ്ഠത, ആധികാരികത തുടങ്ങിയ തത്വങ്ങൾ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ മാധ്യമ നൈതികത പൂർണമായും അപ്രത്യക്ഷമായി. ഇത്തരം മാറ്റങ്ങളെ സാധൂകരിക്കാൻ സത്യാനന്തര ലോകക്രമം എന്നൊരു പുതിയ വിശകലനം പോലും രംഗത്തുവന്നു. അതായതു കള്ളം പറയൽ താത്വികവും നൈതികവുമായ തലങ്ങളിൽപ്പോലും അംഗീകാരം നേടി. “സത്യം വദ, ധർമം ചര” എന്ന പ്രാചീനതത്വം അപ്രസക്തമായി. ആഗോളമാധ്യമങ്ങൾ അധികാര ശ്രേണികളുടെ സേവകപ്പരിഷയായി. ഇറാഖിലേക്ക് അതിക്രമത്തിനായി അമേരിക്കൻ സേനകൾ പോകുമ്പോൾ അവർക്കു  അകമ്പടി സേവിക്കാൻ ആഗോള പ്രശസ്തരായ മാധ്യമങ്ങൾ പോലും മത്സരിച്ചു. നുണകളുടെ ഒരു മഹാപ്രവാഹമാണ് ലോകം കണ്ടത്.   ഇതിന്റെയൊക്കെ ആത്യന്തികഫലം, ലോകം നൂറ്റാണ്ടുകളായി  ആശ്രയിച്ച ധർമാധർമ ചിന്തകളുടെ ആപത്കരമായ ന്യൂനീകരണമാണ്. എന്താണ് സത്യം, എന്താണ് നീതി എന്ന ചോദ്യത്തിനു പരസ്പരവിരുദ്ധമായ നിരവധി ഉത്തരങ്ങൾ ഇന്ന് ഉയർന്നുകേൾക്കുന്നു. അതിന്റെ ചതിക്കുഴികളിൽ പെട്ട് മനുഷ്യർ നട്ടം തിരിയുന്നു; മുങ്ങിച്ചാകുന്നു.   ഇതാണ് ഇന്നത്തെ യഥാർത്ഥ പ്രതിസന്ധി. യുദ്ധം പോലും ആഘോഷമാക്കുന്ന അങ്ങേയറ്റം വികൃതമായ ഒരു മനോമണ്ഡലം ഇന്ന് ലോകമെങ്ങും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. യുദ്ധവെറി ആധിപത്യം നേടിയിരിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയായി എന്നു പ്രഖ്യാപിച്ച ഇന്ത്യൻ ഉദ്യോഗസ്ഥനെ ഹിംസാത്മകമായി അപഹസിക്കാൻ “ഇന്ത്യൻ ദേശാഭിമാനികൾ” മുതിർന്നത്. അതുകൊണ്ടാണ്  കൊല്ലം മൂന്നായിട്ടും യുക്രൈനു നേരെ പുടിൻ നടത്തുന്ന കടന്നാക്രമണങ്ങളെ മുക്തകണ്ഠം അപലപിക്കാൻ ലോകം മടികാണിക്കുന്നത്. അതുകൊണ്ടാണ് ഗാസയിൽ സ്ത്രീകളെയും കുട്ടികളേയും ഇസ്രയേൽ കൂട്ടക്കൊല ചെയ്യുമ്പോൾ നമ്മൾ കണ്ടില്ലെന്നു നടിക്കുന്നത്. അതുകൊണ്ടാണ്  ആണവശക്തിയായ ഇസ്രയേൽ അയൽരാജ്യമായ ഇറാൻ ആണവബോംബ് ഉണ്ടാക്കാൻ ശ്രമിക്കുന്നു  എന്ന് ആരോപിച്ചു കൊണ്ട് അവിടെ ആക്രമണം നടത്താനും അവരുടെ പരമോന്നത നേതാവിനെ വധിക്കാനും തുനിയുമ്പോൾ ലോകം കയ്യടിക്കുന്നത്.   ഓർക്കേണ്ടത് ഒരു കാര്യം മാത്രം: ഇതല്ല ജനാധിപത്യത്തിന്റെ രീതി. ജനാധിപത്യമെന്നത് നൂറ്റാണ്ടുകളിലൂടെ ലോകം ആർജിച്ചെടുത്ത ഒരു സംസ്കാരമാണ്. അതിനെ തകർത്തെറിയുമ്പോൾ പകരംവെക്കാനായി നമുക്ക് മറ്റൊന്നില്ല എന്ന കാര്യം ഓർമിക്കപ്പെടണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയെ പണ്ട്  മുത്തശ്ശികഥകളിൽ മാത്രമാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ  ചുറ്റിലും അവരുടെ വിളയാട്ടമാണ് ഇക്കാലത്ത്; പ്രത്യേകിച്ചും അധികാര കേന്ദ്രങ്ങളിൽ.