വക്രീകരിക്കപ്പെട്ട ചരിത്രം കൊണ്ട് മുറിവേറ്റ ഇന്ത്യ എന്ന ആശയം – ഡോ. ടിന്റു കെ. ജോസഫ്
ഇന്ത്യ എന്ന ആശയം ഇന്ന് ആഴത്തിലുള്ള ഭീഷണികൾക്ക് വിധേയപ്പെട്ടിരിക്കുന്നു. ചരിത്രമെന്ന വിജ്ഞാന ശാഖയ്ക്ക് തിരിച്ചറിയാനാവാത്ത വിധം പരിക്കേറ്റിരിക്കുന്നു. മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കാളികളല്ലാത്ത, സാമ്രാജ്യത്വത്തോട് സന്ധി ചെയ്ത മതവർഗ്ഗീയശക്തികൾ ഇന്ത്യ എന്ന ആശയത്തെ തകർക്കുന്നതിനുവേണ്ടി ചരിത്രത്തെ ആയുധവത്കരിച്ചിരിക്കുന്നു.
ഓർമ്മയും ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതനാണ് ഫ്രഞ്ച് അനാൽ ചരിത്രകാരനായ പിയറി നോറ. ഓർമ്മയെ “ചരിത്രം” എന്ന വാക്കിന് പകരം വയ്ക്കുന്ന പ്രവണത നിലവിലുണ്ട്. കൃത്രിമമായി നിർമ്മിക്കപ്പെട്ട ഓർമ്മയിടങ്ങൾ ചരിത്രയിടങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയിൽ നിലവിലുള്ളത്. കൃത്രിമമായ ഓർമ്മകളുടെ നിർമ്മാണം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. വർത്തമാനകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വക്രീകരിക്കപ്പെട്ട പുതിയ രാഷ്ട്രീയ ചരിത്രം രൂപീകരിക്കാൻ എന്ത് ഓർമ്മിക്കണമെന്നും എന്ത് മറക്കണമെന്നും വിധ്വംസക രാഷ്ട്രീയനേതൃത്വം തീരുമാനിക്കുകയും അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്.
ചരിത്രം, ശാസ്ത്രം, ശാസ്ത്രീയമനോഭാവം
കേവലം ഭൂതകാല വിവരണമല്ല ചരിത്രം. ചരിത്ര സ്രോതസുകൾ നൽകുന്ന കഴിഞ്ഞ കാല വസ്തുതകളെ പ്രശ്നവത്കരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നത് ചരിത്രത്തിന്റെ പ്രധാന ധർമ്മമാണ്. ചരിത്രകാരർ പുനർനിർമ്മിക്കുന്ന ഭൂതകാലത്തെക്കുറിച്ചുള്ള അറിവാണത്. അതുകൊണ്ടുതന്നെ ചരിത്രം ഭൂതകാലത്തെക്കുറിച്ചുള്ള പഠനം മാത്രമല്ല, വർത്തമാനകാല പഠനവുംകൂടിയാണ്. ചരിത്ര സ്രോതസുകളുടെ ശാസ്ത്രീയവും വിമർശനാത്മകവുമായ വിശകലനത്തിലൂടെ രൂപംകൊള്ളുന്നതാണ് ചരിത്രം. ചുരുക്കത്തിൽ ശാസ്ത്രീയത, വിമർശനാത്മകമായ വിശകലനം എന്നീ ആശയങ്ങൾക്ക് ചരിത്രരചനയിൽ മർമ്മപ്രധാനമായ സ്ഥാനമാണ് ഉള്ളത്.
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 51 എ- യിൽ മൗലീക കർത്തവ്യങ്ങളുടെ ഭാഗമായി ആവർത്തിച്ചിട്ടുള്ള ‘ശാസ്ത്രീയ മനോഭാവം’ എന്ന ആശയം വലിയതോതിൽ വെല്ലുവിളിക്കപ്പെടുന്നു. പുരാവൃത്തങ്ങളെ ചരിത്രവത്കരിക്കുകയും അശാസ്ത്രീയതയെ ശാസ്ത്രത്തിന്റെ മുഖംമൂടി അണിയിച്ചുകൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് അധികാരകേന്ദ്രങ്ങൾ ആവർത്തിച്ച് പിന്തുടരുന്നത്. മുംബൈയിൽ പുതിയ ഒരു ആധുനിക ആശുപത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇപ്പോഴത്തെ പ്രധാനമന്ത്രി ദേവീ-ദേവന്മാരെ കുറിച്ചുള്ള പുരാവൃത്തങ്ങളെ ചരിത്രവും ശാസ്ത്രവുമായി കൂട്ടിക്കുഴച്ചുകൊണ്ട് ചരിത്രവിരുദ്ധതയും ശാസ്ത്രവിരുദ്ധതയും പ്രചരിപ്പിച്ചിരുന്നു. മഹാഭാരത കഥാപാത്രമായ കർണ്ണൻ ജനിച്ചത് തന്റെ അമ്മയുടെ ഗർഭപാത്രത്തിൽനിന്നല്ല എന്നും ഇതിനർത്ഥം അക്കാലത്ത് ജനിതക ശാസ്ത്രം ഉണ്ടായിരുന്നു എന്നുമാണ് അദ്ദേഹം ആധികാരികമായി സന്ദേഹങ്ങളൊന്നുമില്ലാതെ പറഞ്ഞത്. ആനയുടെ തല മനുഷ്യശരീരത്തിൽ വച്ചുപിടിപ്പിക്കാൻ കഴിവുള്ള ഏതെങ്കിലും പ്ലാസ്റ്റിക് സർജൻ അക്കാലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഗണപതി എന്നും പ്ലാസ്റ്റിക് സർജറിയുടെ ആരംഭം അങ്ങനെയായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും വർഷങ്ങൾക്കുമുൻപ് അന്നത്തെ ബംഗാൾ ഗവർണർ കൊൽക്കത്തയിൽ ഒരു സയൻസ് ആൻഡ് എഞ്ചിനീയറിംഗ് മേളയെ അഭിസംബോധന ചെയ്തുകൊണ്ട് പുരാണ കഥാപാത്രമായ അർജ്ജുനന്റെ അസ്ത്രങ്ങൾക്ക് ആണവശക്തി ഉണ്ടായിരുന്നു എന്നും മഹാഭാരതത്തിൽ പരാമർശിക്കുന്ന രഥങ്ങൾ യഥാർത്ഥത്തിൽ പറക്കുന്നവയായിരുന്നെന്നും പറഞ്ഞിരുന്നു. ഇദ്ദേഹം പിന്നീട് ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന ഉന്നത പദവിയിലെത്തി. ഭരധ്വാജ മുനിയുടെയും ഭോജ രാജന്റെയും കാലത്ത് എങ്ങനെയാണ് വിമാനങ്ങളുടെ നിർമ്മാണം നടന്നിരുന്നത് എന്നും, അന്ന് ഏത് തരത്തിലുള്ള വിമാനങ്ങളാണ് നിർമ്മിക്കപ്പെട്ടിരുന്നതെന്നും, അവയ്ക്ക് എന്ത് ഉയരത്തിൽ പറക്കാൻ സാധിക്കുമായിരുന്നെന്നും, വിമാനം പറത്തുന്നവർ ഏതുതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിട്ടിരുന്നതെന്നും, അവ എങ്ങനെയാണ് മറികടക്കേണ്ടിയിരുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾപോലും പഠനവിധേയമാകുന്ന അശാസ്ത്രീയ പഠനങ്ങൾ മൂർത്ത രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്നു. പരിണാമ സിദ്ധാന്തം (Theory of Evolution), ആവർത്തനപ്പട്ടിക (Periodic Table) തുടങ്ങിയ ശാസ്ത്ര വിഷയങ്ങളെ പാരമ്പര്യ ഹിന്ദു സിദ്ധാന്തങ്ങൾ കൊണ്ട് നീക്കം ചെയ്യുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇവ ശാസ്ത്രത്തിനും ചരിത്രത്തിനും എതിരായി ചെയ്യുന്ന അക്രമമാണ് എന്ന് പറയാതിരിക്കാനാവില്ല. ഇതൊക്കെക്കൊണ്ടുതന്നെ കോവിഡ് മഹാമാരിയെ ഭരണകൂടം നേരിട്ടത് ഗോമൂത്രം, ചാണകം, ലോഹപാത്രത്തിലുള്ള കൊട്ടൽ, മൊബൈൽ ഫോണിലെ പ്രകാശം തെളിക്കൽ എന്നിവയിലൂടെയായിരുന്നു എന്ന വസ്തുതയിൽ അത്ഭുതപ്പെടാനില്ല!
നെഹ്രു എന്ന ആശയത്തെ ഭയപ്പെടുന്നവർ
ഇന്നത്തെ രാഷ്ട്രീയ നേതൃത്വം ഏറ്റവുമധികം ഭയപ്പെടുന്ന വ്യക്തിത്വമാണ് ജവാഹർലാൽ നെഹ്രു. അദ്ദേഹത്തെ ചരിത്രത്തിൽനിന്ന് പുറത്താക്കാനും അധമവത്കരിക്കാനുമുള്ള ശ്രമങ്ങൾ പ്രകടമായിത്തന്നെ നടക്കുന്നു. അദ്ദേഹത്തിനെതിരെ പലതരത്തിലുള്ള നുണകളും അധിക്ഷേപങ്ങളും വൻതോതിലുള്ള ഗൂഢ പ്രചരണ സംവിധാനങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ‘നെഹ്രു അനാവരണം ചെയ്യപ്പെടുന്നു’ എന്ന പേരിലുള്ള വെബ്സൈറ്റ് വഴി ‘ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി’ എന്ന ഉപശീർഷകം നൽകിക്കൊണ്ട് സാമൂഹീക മാധ്യമങ്ങളിലൂടെ നെഹ്രുവിനെതിരെ വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നു. ‘നെഹ്രുവിന്റെ 97 പ്രധാന അബദ്ധങ്ങൾ’ എന്ന പുസ്തകത്തെ കുറേക്കൂടി വിപുലീകരിച്ചുകൊണ്ട് ‘നെഹ്രു ഫയലുകൾ: നെഹ്രുവിന്റെ 127 ചരിത്രപരമായ അബദ്ധങ്ങൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. മുസ്ലീം വംശ പാരമ്പര്യമുള്ളത് ഒരു കുറ്റകൃത്യമാണ് എന്നത് പോലെ, അദ്ദേഹത്തിന് രഹസ്യ മുസ്ലിം വംശപാരമ്പര്യമുണ്ടെന്നുവരെ പ്രചരണം നടക്കുന്നു. നാഥുറാം ഗോഡ്സെ നെഹ്രുവിന് നേരെയാണ് തോക്ക് ചൂണ്ടേണ്ടിയിരുന്നത് എന്ന വാചകങ്ങൾ ആർ. എസ്. എസ്. ആനുകാലിക പ്രസിദ്ധീകരണമായ കേസരി റിപ്പോർട്ട് ചെയ്യപ്പെടുന്നത്ര തരത്തിലുള്ള വെറുപ്പാണ് വ്യാപകമായി പ്രസരണം ചെയ്യപ്പെടുന്നത്. നെഹ്രുവിനെതിരെ നുണകൾ പ്രചരിപ്പിക്കപ്പെടുന്നു എന്ന് മാത്രമല്ല അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇന്ത്യൻ ജനതയുടെ മനസ്സിൽനിന്ന് മായ്ച്ചുകളയാനുള്ള ശ്രമങ്ങളും നടക്കുന്നു. അദ്ദേഹം പ്രഥമ പ്രധാന മന്ത്രിയായിരുന്നപ്പോൾ ജീവിച്ച താമസസ്ഥലത്തിന് സമീപം നിർമ്മിക്കപ്പെട്ട പ്രൗഢമായ നെഹ്രു മെമ്മോറിയൽ മ്യൂസിയം ലൈബ്രറി (NMML) ഇന്നില്ല. നെഹ്രുവിനെ ചെറുതാക്കി കാണിച്ചുകൊണ്ട് ആ നിർമ്മിതിയെ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്ന പേരിൽ ഒരു മ്യൂസിയമാക്കി പരിവർത്തനം ചെയ്തിരിക്കുന്നു. രാജസ്ഥാനിൽ ബി.ജെ.പി. ഭരണ കാലത്ത് രൂപീകരിച്ച സ്കൂൾ കുട്ടികളുടെ പാഠപുസ്തകങ്ങളിൽനിന്ന് നെഹ്രുവിനെ ഒഴിവാക്കിയിരുന്നു. ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര വാർഷികത്തെ ആഘോഷിക്കുന്നതിനുവേണ്ടി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പുറത്തിറക്കിയ സ്വാതന്ത്ര സമര സേനാനികളുടെ ചിത്രങ്ങളടങ്ങുന്ന പോസ്റ്ററിൽ ജവാഹർലാൽ നെഹ്രുവിന്റെ ചിത്രമില്ല എന്ന് മാത്രമല്ല ഇന്ത്യൻ സ്വാതന്ത്രസമരത്തിനെതിരെ ബ്രിട്ടീഷുകാരോട് സന്ധിചെയ്ത വി.ഡി. സവർക്കറുടെ ചിത്രം ചേർക്കുകകൂടി ചെയ്തിരിക്കുന്നു. പുതിയ കൽപിത ‘വസ്തുതകൾ’ നിർമ്മിക്കപ്പെടുന്നതിനനുസരിച്ച് ഈ പട്ടിക നീളുന്നു. അദ്ദേഹത്തിന്റെ മരണത്തിന് അറുപതോളം വർഷങ്ങൾക്ക് ശേഷമാണ് ഇത് നടക്കുന്നത് എന്നതിൽനിന്നുതന്നെ വിധ്വംസക ശക്തികൾക്ക് അദ്ദേഹത്തോടുള്ള ഭയത്തിന്റെ ആഴം മനസിലാക്കാം.
മത വിഭജനം സൃഷ്ടിക്കുന്നതിനുവേണ്ടി ഇന്ന് വർഗ്ഗീയ വാദികൾ വ്യാപകമായി ഉപയോഗിക്കുന്ന, ഇന്ത്യൻ ഭൂതകാലത്തെ ‘സുവർണ്ണ കാലഘട്ടമായി’ വിഭാവനം ചെയ്യുന്ന ദേശീയവാദ പ്രവണതയോട് പ്രതികരിച്ചുകൊണ്ട് 1930- കൾക്ക് മുൻപ് തന്നെ നെഹ്രു നിലപാടെടുത്തിരുന്നു. നെഹ്രു തന്റെ ‘വിശ്വചരിത്രത്തിന്റെ ക്ഷണദർശനങ്ങൾ’ (Glimpses of World History), ‘ഇന്ത്യയെ കണ്ടെത്തൽ’ (The Discovery of India) എന്നീ രചനകളിലൂടെ എങ്ങനെയാണ് നമുക്ക് ശക്തമായ സാമ്രാജ്യത്വ വിരുദ്ധത നിലനിർത്തിക്കൊണ്ട് സ്വന്തം രാജ്യത്തിന്റെ ചരിത്രത്തിൽ അഭിമാനമുള്ളവരായി മാറാൻ സാധിക്കുമെന്ന് കാണിച്ചുതരുന്നുണ്ട്.
പ്രതിശീർഷ വരുമാനവും ഭക്ഷ്യധാന്യ ഉത്പാദനവും സ്വാതന്ത്രത്തിനു മുമ്പുള്ള മൂന്ന് ദശാബ്ദങ്ങളായി വാർഷിക ചുരുക്കം നേരിട്ടിരുന്ന, സ്വാതന്ത്രം ലഭിച്ച കാലത്ത് ശരാശരി ആയുർദൈർഘ്യം ഞെട്ടിക്കുന്നതരത്തിൽ മുപ്പത് വയസ്സിന് താഴെയായിരുന്ന, 84 ശതമാനം ഇന്ത്യക്കാരും അതിൽ 92 ശതമാനം സ്ത്രീകളും നിരക്ഷരരായിരുന്ന, ക്ഷാമപൂർണ്ണമായ രാജ്യമായിരുന്നു കോളനിവത്കരണം പിന്നിലവശേഷിച്ചത്. എല്ലാറ്റിലുമുപരിയായി, ബ്രിട്ടീഷുകാർ അവശേഷിപ്പിച്ചത് മതപരമായി ആഴത്തിൽ വിഭജിക്കപ്പെട്ട, കോളനിവത്കരണത്തിന്റെ രക്ഷകർതൃത്വത്തിൽ നടന്ന വർഗ്ഗീയ കൂട്ടക്കൊലകളിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുകയും ഭവനരഹിതരാവുകയും ചെയ്ത രാജ്യത്തെയായിരുന്നു. ഇന്ത്യ നേരിട്ട ഏറ്റവും രൂക്ഷമായ പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ അധിഷ്ഠിതമായ ആധുനീക ദേശരാഷ്ട്രമായി പരിവർത്തനം ചെയ്യുക എന്നത് തീർച്ചയായും ഭീമാകാരമായ കർത്തവ്യമായിരുന്നു. ഈ കർത്തവ്യം വിജയകരമായി നടപ്പിലാക്കാൻ നെഹ്രുവിന്റെ നേതൃത്വത്തിന് സാധിച്ചു.
വർഗ്ഗീയത ഒരു മതനിരപേക്ഷ രാജ്യമെന്ന നിലയിൽ ‘ഇന്ത്യ എന്ന ആശയത്തിന്’ എതിരെയുള്ള ഭീഷണിയായിരുന്നതുകൊണ്ടുതന്നെ ഈ ആശയ സംഹിതയെ വിജയിക്കാൻ നെഹ്രു അനുവദിച്ചില്ല. ഇന്ത്യയുടെ അന്നത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ പട്ടേലിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് നെഹ്രു ആർ.എസ്.എസ്.- നെ നിരോധിക്കുകയും അതിന്റെ 25000-ത്തോളം വരുന്ന പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. 1949 ജൂലൈ- ൽ ആർ.എസ്.എസ്.- ന്റെ നിരോധനം പിൻവലിച്ചെങ്കിലും ഇനിമുതൽ ഈ സംഘടന രാഷ്ട്രീയമായി പ്രവർത്തിക്കാതെ സാംസ്കാരിക സംഘടനയായി മാത്രം പ്രവർത്തിക്കുമെന്നുള്ള ഉറപ്പ് എഴുതി വാങ്ങിയതിനുശേഷമാണ് നിരോധനം പിൻവലിക്കപ്പെടുന്നത്. ആർ.എസ്.എസ്.- ന്റെ മുൻകാല പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നുള്ള ഭീഷണി നിലനിൽക്കുന്നതുകൊണ്ടുതന്നെ ഈ സംഘടനയുടെ ഫാഷിസ്റ്റ് പ്രകൃതത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിമാരെ അദ്ദേഹം താക്കീത് ചെയ്തു. ഇന്ന്, ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അതിജീവനത്തിനുവേണ്ടി വർഗ്ഗീയ ഭീഷണിക്കെതിരെ പോരാട്ടം നയിക്കേണ്ട സമാന സാഹചര്യത്തിൽ നാം എത്തിനിൽക്കുകയാണ്. ഈ സാഹചര്യത്തെ വിജയകരമായി നേരിടാനുള്ള പ്രധാന മാതൃക നെഹ്രുവിൻ ആശയങ്ങൾ തന്നെയാണ്. ഇന്ത്യ എന്ന ജനാധിപത്യ മതേതരത്വ രാഷ്ട്രത്തിന്റെ നിർമ്മിതിയിൽ നെഹ്രുവിന്റെ വലിയ പങ്കിനെ അധമവത്കരിക്കുകയോ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയുകയോ ചെയ്യാതെ സാമ്രാജ്യത്വ-വർഗ്ഗീയ ആശയങ്ങളെ പ്രചരിപ്പിക്കാൻ സാധിക്കില്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് വിധ്വംസക ശക്തികൾ അദ്ദേഹത്തെ കടന്നാക്രമിക്കുന്നത്. നെഹ്രുവിനെയും അദ്ദേഹം നിലകൊണ്ട മൂല്യങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്നതിനും തകർക്കുന്നതിനും ചരിത്രത്തെ വക്രീകരിച്ചുകൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. അതുതന്നെയാണ് വർഗ്ഗീയശക്തികൾ നിർലജ്ജമായി ചെയ്തുകൊണ്ടിരിക്കുന്നത്.
കൊളോണിയൽ-വർഗ്ഗീയവാദ ചങ്ങാത്തവും ചരിത്രത്തിന്റെ വക്രീകരണവും
മതവർഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നതിനുവേണ്ടി കൊളോണിയൽ/വർഗ്ഗീയ ശക്തികൾ ഉപയോഗിച്ച, ഒരു പ്രധാന പദ്ധതിയായിരുന്നു ഇന്ത്യൻ ചരിത്രത്തിന്റെ വർഗ്ഗീയ കാലഗണന. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജെയിംസ് മിൽ തന്റെ “ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ” എന്ന കൃതിയിലാണ് ഇന്ത്യൻ ചരിത്രത്തെ മൂന്ന് കാലഘട്ടങ്ങളായി – പ്രാചീന കാലഘട്ടം അഥവാ ഹിന്ദു കാലഘട്ടം, മധ്യകാലഘട്ടം അഥവാ മുസ്ലിം കാലഘട്ടം, ആധുനീക കാലഘട്ടം അഥവാ ബ്രിട്ടീഷ് കാലഘട്ടം – തിരിച്ചുകൊണ്ടുള്ള കൊളോണിയൽ കാലഗണനയ്ക്ക് ആരംഭം കുറിച്ചത്. ഒരു കാലഘട്ടത്തെ ആ കാലഘട്ടത്തിലെ ഭരണാധികാരികളുടെ മതത്തിന്റെ പേരിൽ മാത്രം വ്യാഖ്യാനിക്കുന്നത് തീർത്തും അശാസ്ത്രീയമാണ് എന്ന മനസ്സിലാക്കൽ ദേശീയ നേതാക്കൾക്ക് ഉണ്ടായിരുന്നു. നെഹ്രു കൊളോണിയൽ കാലഗണനയെ വിമർശിച്ചുകൊണ്ട് പറയുന്നത് ഇങ്ങനെയാണ്,
“ഇന്ത്യയിലെ മുസ്ലിം ആക്രമണമെന്നും മുസ്ലിം കാലഘട്ടമെന്നുമുള്ള അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ചർച്ച ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷുകാരുടെ വരവ് ക്രിസ്ത്യൻ ആക്രമണമാണെന്നും ബ്രിട്ടീഷ് കാലഘട്ടം ക്രിസ്ത്യൻ കാലഘട്ടമാണെന്നും പരാമർശിക്കുന്നതുപോലെ തെറ്റാണ്.”
കൊളോണിയൽ/വർഗ്ഗീയ വ്യാഖ്യാനങ്ങൾ ആവർത്തിച്ച് ഊന്നൽ നൽകിയത് ഹിന്ദു-മുസ്ലിം സംഘട്ടനങ്ങളുടെ ഫലമായുണ്ടായ ‘മാനസികാഘാതത്തിന്റെ’ അനുഭവങ്ങൾക്കാണ്. ഈ വൈകാരിക ആഘാതത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പതിവായി സൃഷ്ടിക്കപ്പെട്ടത് മാനസികാഘാതങ്ങൾ നൽകിയവ എന്ന് പറയപ്പെടുന്ന സംഭവങ്ങൾ നടന്നതിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. ‘ഹിന്ദുക്കൾ’ അനുഭവിച്ച ഇത്തരത്തിലുള്ള ആരോപിത മാനസികാഘാതങ്ങളിലൊന്നാണ് ആയിരത്തോളം വർഷങ്ങൾക്കുമുമ്പ് 1026-ൽ നടന്ന ‘മുസ്ലിം’ ആക്രമണകാരിയായ ഗസ്നിയിലെ (ഇപ്പോൾ അഫ്ഘാനിസ്ഥാനിൽ) സുൽത്താനായ മഹ്മൂദിന്റെ സോമനാഥ ക്ഷേത്ര ധ്വംസനം. പ്രതികാരം ചെയ്യപ്പെടേണ്ടതായി വ്യാഖ്യാനിക്കപ്പെടുന്ന 1026 ലെ ‘മുസ്ലിം’ ആക്രമണം മൂലമുണ്ടായ ‘ഹിന്ദുവിന്റെ മാനസീകാഘാത’ത്തെക്കുറിച്ച് ഇതുവരെ ലഭിച്ചിട്ടുള്ള ആദ്യത്തെ പരാമർശം വരുന്നത്, സംഭവം നടന്ന് ഏകദേശം 800 വർഷങ്ങൾ കഴിഞ്ഞ്, 1843-ൽ ബ്രിട്ടീഷ് പൊതു സഭയിൽ (House of Commons) ഈ വിഷയം അവതരിപ്പിക്കപ്പെട്ടപ്പോഴാണ്! ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സ്ഥിരമായ സംഘട്ടനം ഉറപ്പുവരുത്തുന്നതിനുവേണ്ടി പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുള്ള കൊളോണിയൽ ചരിത്രരചനാരീതി ഇത്തരം സംഭവങ്ങളെ ഉപയോഗിച്ചിരുന്നു. ഇതാണ് ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് വിഭിന്ന രാഷ്ട്രങ്ങളാണെന്ന് വാദിക്കുന്ന ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ എന്ന ആശയത്തിന്റെ അടിത്തറയായി മാറുന്നത്. വർഗ്ഗീയവാദികൾ ഈ പ്രമേയത്തെ കൈക്കൊള്ളുകയും അതിനെ വികസിപ്പിച്ച് വിസ്തൃതമാക്കുകയും ചെയ്തു. മത സ്വത്വ രാഷ്ട്രീയം പേറുന്ന വർഗ്ഗീയ ശക്തികൾ, അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയാലും, കൊളോണിയൽ ഭരണകൂടത്തോട് സഖ്യം സ്ഥാപിക്കുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്.
വിവിധങ്ങളായ ചരിത്ര സ്രോതസുകൾ പരിശോധിച്ചുകൊണ്ട് പ്രശസ്ത ചരിത്രകാരിയായ റോമിലാ ഥാപ്പർ വ്യക്തതയോടെ യുക്തിപൂർവ്വം സ്ഥാപിക്കുന്നത് സോമനാഥ ക്ഷേത്രത്തിന്റെ തകർച്ചയുടെ ഫലമായി ചരിത്രപരമായ സ്ഥിര സംഘട്ടനങ്ങൾ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഭവിച്ചിരുന്നില്ല എന്നാണ്. സോമനാഥ ക്ഷേത്രത്തിന്റെ തകർച്ചയ്ക്ക് 150 വർഷങ്ങൾക്ക് ശേഷം ഒരു ഹിന്ദു രാജാവ് ക്ഷേത്രം പുനർനിർമ്മാണം നടത്തിയപ്പോൾ ഈ ആരാധനാലയം തകർത്തു എന്ന് പറയപ്പെടുന്ന മഹ്മൂദിനെ കുറിച്ച് ഒരു സൂചന പോലും നൽകുന്നില്ല. ക്ഷേത്ര ധ്വംസനത്തിന് 250 വർഷങ്ങൾക്ക് ശേഷം അവിടെയുള്ള പ്രാദേശീക ഹിന്ദു ഭരണാധികാരിയുടേയും പ്രാദേശീക വ്യാപാരികളുടേയും പുരോഹിതന്മാരുടേയും അംഗീകാരത്തോടെ ക്ഷേത്രത്തിന്റെ ഭൂസ്വത്തിൽനിന്ന് ഒരു മുസ്ലിം പള്ളി നിർമ്മിക്കുന്നതിനുവേണ്ടിയുള്ള ഭൂമി ഒരു മുസ്ലിം വ്യാപാരിക്ക് നൽകപ്പെടുന്നുണ്ട്! ഇത്തരത്തിൽ മുൻപ് സൂചിപ്പിച്ച ‘മാനസീക ആഘാതത്തിന്റെ’ യാതൊരു അടയാളവും ഹിന്ദുക്കളുടെ ‘പൊതു ഓർമ്മകളിൽ’ ദൃശ്യമല്ല എന്നതിന്റെ പ്രധാന കാരണം ഈ ‘ഓർമ്മകൾ’ നിർമ്മിക്കപ്പെട്ടത് ഒരുപാട് കാലത്തിന് ശേഷം കൊളോണിയൽ അധികാരത്തിന്റെ സഖ്യ കക്ഷിയായ മത വർഗ്ഗീയ ശക്തികളാണ് എന്നതുകൊണ്ടാണ്. മതപരമായ ഇടങ്ങളുടെ തകർക്കൽ ദേശ-മതവിഭാഗ വ്യത്യാസങ്ങളില്ലാതെ തന്നെ പതിവായി പ്രാചീന-മധ്യ കാലഘട്ടങ്ങളിൽ നടന്നിരുന്നു. മത സ്ഥാപനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നതിനോ അധികാരം സ്ഥാപിക്കുന്നതിനോ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നത്. അതുകൊണ്ടുതന്നെ മതപരം എന്നതിനേക്കാൾ സാമ്പത്തികവും രാഷ്ട്രീയവുമായ ചരിത്രപരമായ കാരണങ്ങൾ ക്ഷേത്ര ധ്വംസനമടക്കമുള്ള സംഭവങ്ങൾക്കുപിന്നിലുണ്ട് എന്ന മനസ്സിലാക്കൽ പ്രാധാന്യമർഹിക്കുന്നു.
മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഭരണാധികാരികൾ ഉണ്ടായിരുന്നതുകൊണ്ട് ഇന്ത്യയുടെ മധ്യകാലഘട്ടത്തെ ‘വിദേശഭരണം’ എന്ന് വിശേഷിപ്പിച്ച അതെ കൊളോണിയൽ വാദം തന്നെയാണ് ഹിന്ദുത്വ വർഗ്ഗീയ ശക്തികളുടെ നേതൃത്വത്തിൽ വർത്തമാനകാല ഇന്ത്യയിൽ ചരിത്രത്തെ വക്രീകരിച്ചുകൊണ്ട് ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മുസ്ലിം ഭരണാധികാരികളുണ്ടായിരുന്ന മധ്യകാലത്തിലല്ല മറിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് വിദേശഭരണം നിലനിന്നിരുന്നത് എന്ന ചരിത്ര വസ്തുത തമസ്കരിക്കുന്ന ചരിത്രനിഷേധപരമായ പ്രചരണമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്.
പാഠ്യപദ്ധതിയും വർഗ്ഗീയ അജണ്ടകളും
സ്കൂൾ കുട്ടികളുടെ ശാസ്ത്രീയവും മതേതരവുമായ പാഠപുസ്തകങ്ങളിൽനിന്ന് വർഗ്ഗീയ-കോളനിവത്കരണ മുൻവിധികളെ സ്വതന്ത്രമാക്കുന്നതിനുവേണ്ടി എൻ.സി.ഇ.ആർ.ടി. മുഖേനയുള്ള ശ്രമങ്ങൾ ആദ്യമായുണ്ടാവുന്നത് 1960-കളിലാണ്. ഇന്ത്യയിലെ പ്രമുഖരായ ചരിത്രകാരരും മറ്റ് സാമൂഹീക ശാസ്ത്രജ്ഞരും സ്കൂൾ കുട്ടികൾക്കുവേണ്ടിയുള്ള പാഠപുസ്തകങ്ങൾ രചിക്കാൻ മുന്നോട്ടുവന്നു. എന്നാൽ എൻ.ഡി.എ. അധികാരത്തിൽ വന്ന കാലഘട്ടത്തിൽ (1999-2004) ഈ പാഠപുസ്തകങ്ങൾ പൂർണ്ണമായും നീക്കംചെയ്യപ്പെടുകയും അവയുടെ സ്ഥാനത്ത് നിലവാരമില്ലാത്തതും വ്യക്തമായ വർഗ്ഗീയ പക്ഷപാതം ഉള്ളതുമായ പുസ്തകങ്ങൾ നിലവിൽ വരികയും ചെയ്തു. ഇതിനെതിരെ ഇന്ത്യൻ ചരിത്ര കോൺഗ്രസ്സ് 2003-ൽ “പുതിയ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിലെ ചരിത്രം: അബദ്ധങ്ങളുടെ ഒരു സൂചികാ റിപ്പോർട്ട്” എന്ന പേരിൽ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസ രംഗം, പ്രത്യേകിച്ച് ചരിത്രം, വർഗ്ഗീകരിക്കപ്പെട്ടാലുള്ള പ്രശ്നം എന്താണ് എന്ന് വ്യക്തമായ സംഭവമായിരുന്നു സ്വാതന്ത്രത്തിനു ശേഷമുള്ള ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ദുഷിച്ച വർഗ്ഗീയ വംശഹത്യകളിലൊന്നായ 2002-ലെ ഗുജറാത്ത് കൂട്ടക്കൊലകൾ. മുസ്ലിങ്ങൾ വിദേശികളും അക്രമണകാരികളുമാണെന്ന വക്രീകരിക്കപ്പെട്ട ചരിത്രം പഠിക്കേണ്ടിവന്ന വിദ്യാർത്ഥി തലമുറകളെ മുസ്ലിം വംശഹത്യയിലേക്ക് നയിക്കാൻ എളുപ്പമായിരുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട ചില ബുദ്ധിജീവികൾ ഉൾപ്പെടെയുള്ള മതേതര പണ്ഡിതർ വിദ്യാഭ്യാസത്തിന്റെ, പ്രത്യേകിച്ച് ചരിത്രമെന്ന വിജ്ഞാന ശാഖയുടെ കാവിവത്ക്കരണത്തെ ചെറുക്കാൻ ശ്രമിച്ചപ്പോൾ, അവർ ‘ഹിന്ദു വിരുദ്ധ യൂറോപ്യൻ ഇന്ത്യക്കാർ’ എന്ന് മുദ്രകുത്തപ്പെട്ടു. പിന്നീട്, യു.പി.എ. ഗവൺമെന്റ് 2004-ൽ അധികാരത്തിൽ വന്ന ഘട്ടത്തിൽ എൻ.ഡി.എ. ഭരണ കാലത്ത് (1999-2004) കൊണ്ടുവന്ന എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ഒഴിവാക്കുകയും അതിന്റെ സ്ഥാനത്ത് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ പല വിഭാഗങ്ങളിൽപ്പെട്ട പ്രമുഖരായ പണ്ഡിതർ എഴുതിയ മതേതരവും ശാസ്ത്രപരവുമായ പുസ്തകങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും, സംഘപരിവാറിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കപ്പെട്ടിരുന്ന ഉഗ്രമായ വർഗ്ഗീയ പുസ്തകങ്ങൾ പലതും തടയുന്നതിനുവേണ്ട ശ്രമങ്ങൾ നടന്നിരുന്നില്ല.
സരസ്വതി ശിശുമന്ദിർ പോലുള്ള വിദ്യാഭ്യാസ സ്ഥാപന ശൃംഖലകൾ മുഖേന വർഗ്ഗീയ ആശയങ്ങൾ വ്യാപിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സ്ഥാപനം ആദ്യമായി ആരംഭിക്കുന്നത് 1952-ൽ ആർ.എസ്.എസ്. മേധാവിയായിരുന്ന എം.എസ്. ഗോൾവാൾക്കറിന്റെ സാന്നിധ്യത്തിലായിരുന്നു. ‘വിദ്യാഭാരതി’ എന്ന സംഘപരിവാർ സംഘടന അതിന്റെ ഔദ്യോഗീക വെബ്സൈറ്റിൽ അവകാശപ്പെടുന്നത് 2022-23 വർഷത്തിൽ അവർക്ക് 31,58,658 വിദ്യാർത്ഥികൾ പഠനം നടത്തുന്ന 12,065 ഔദ്യോഗീക സ്കൂളുകളും 1,88,334 വിദ്യാർത്ഥികൾ പഠനം നടത്തുന്ന 7,797 അനൗദ്യോഗീക സ്കൂളുകളും ഉണ്ടെന്നാണ്. ഇന്ത്യയിലെ 92 ശതമാനം ജില്ലകളിലും സാന്നിദ്ധ്യവും വ്യാപനവും തങ്ങൾക്കുണ്ട് എന്നും അവർ അവകാശപ്പെടുന്നു!
2014-ൽ എൻ.ഡി.എ. ഗവൺമെന്റ് അധികാരത്തിൽ വന്നതോടെ വീണ്ടും എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ വർഗ്ഗീയവത്ക്കരിക്കപ്പെടുകയും ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ, നിരന്തരം ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. ഇന്ത്യൻ ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത ഡൽഹി സുൽത്താനേറ്റ് ഭരണ കാലഘട്ടത്തെയും മുഗൾ കാലഘട്ടത്തെയും പൈശാചീകവത്കരിക്കുകയും ആ കാലഘട്ടങ്ങളിലെ നേട്ടങ്ങളെ ചരിത്രപഠനത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജവഹർലാൽ നെഹ്രു സർവ്വകലാശാല (ജെ.എൻ.യു.) പോലുള്ള പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയ്ക്കുമേലുള്ള ആക്രമണം മൂലം അതിജീവിക്കാൻ സാഹസപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സ്ഥാപനങ്ങളിലെ പുരോഗമന ആശയങ്ങളും വിമത അഭിപ്രായങ്ങളും പലപ്പോഴും ക്രൂരമായി അടിച്ചമർത്തപ്പെടുന്നു. ചുരുക്കത്തിൽ ഫാഷിസ്റ്റ് ഭരണത്തിലെന്നപോലെ ഇന്ത്യയിൽ വിദ്യാഭ്യാസത്തെ ആയുധവത്കരിക്കുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.