ശ്വാനവൃത്താന്തം – രൺജിത് രഘുപതി 

ശ്വാനവൃത്താന്തം – രൺജിത് രഘുപതി 
ഒന്നു മുഖംകഴുകി വരാമെന്ന് സി.ഐ.യോഹന്നാനോടുപറഞ്ഞ് കുളിമുറിയിലേക്കു കയറിയ ചെങ്കള്ളൂർ ബിജുവിന്റെ ഹൃദയം, മൂത്രമൊഴിക്കുമ്പോഴും സോപ്പിട്ട് മുഖം കഴുകി തുടയ്ക്കുമ്പോഴും തുപ്പലിന്റെയും വിയർപ്പിന്റെയും നാറ്റമുള്ള ബനിയൻ മാറ്റി ഉടുപ്പ് ധരിക്കുമ്പോഴുമെല്ലാം, ദ്രുതഗതിയിൽ മിടിച്ചു കൊണ്ടിരുന്നു.   നേരം പരപരാന്ന് വെളുക്കുമ്പോഴുള്ള സർക്കിളിന്റെ ആഗമനം എന്തിനായിരിക്കും?   ബിജു മുഖത്തിത്തിരി പൗഡർപൂശി കുറ്റിത്തലമുടിയൊന്നു ചീകി. യോഹന്നാൻ വരാന്തയിലിരുന്ന് മൊബൈലിൽ തോണ്ടിക്കളിക്കുകയാണ്. മുഖഭാവം കണ്ടാൽ എന്തെങ്കിലും ഏടാകൂടം ഉണ്ടന്നൊന്നും തോന്നില്ല. പിന്നെ ഒന്നും പറയാനൊക്കില്ല. പണ്ട് ജനറൽ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന്റെ തെക്കുവശത്തുള്ള പാർക്കിങ്ങിൽ വച്ചു ചങ്കുനോക്കി ബൂട്ടിട്ട് ചവിട്ടുമ്പോഴും ഇതേ മുഖഭാവമായിരുന്നു. തൂക്കിയെടുത്ത് പള്ളയ്ക്കൊരു താങ്ങുംതന്ന് ജീപ്പിലോട്ടിട്ട് നേരെ വിട്ടു ഫോർട്ട് സ്റ്റേഷനിലേക്ക്. ‘ഇനി കൊട്ടേഷനെടുത്ത് തല്ലുമോടാ പു….മോനേ’ എന്ന് ജീപ്പിനുള്ളിലിരുന്ന് ആക്രോശിക്കുമ്പോൾപ്പോലും ഭാവാഭിനയം തീരെ വശമില്ലാത്ത ഏതോ ഒരു സിനിമാനടന്റെ മുഖഭാവമായിരുന്നു യോഹന്നാന്.   താൻ പതിനെട്ടു വർഷങ്ങൾ ചെയ്തുവന്ന തൊഴിൽ നിർത്തേണ്ടിവന്ന ആ ദിനങ്ങളോർത്തപ്പോൾ ബിജുവിന് അടിവയറും ചങ്കും വീണ്ടും കലങ്ങുന്നതുപോലെത്തോന്നി. എല്ലാം നിർത്തിയിട്ട് ഇപ്പോൾ കുറേ മാസങ്ങൾ കഴിഞ്ഞില്ലേ? അയാൾ കൈവിരലുകൾ മടക്കി നിശ്ശബ്ദം തന്റെ പുതുജീവിതം തുടങ്ങിയ കാലഘട്ടം ഒന്നെണ്ണി തിട്ടപ്പെടുത്താൻ ശ്രമിച്ചു.പതിനേഴുമാസങ്ങൾ …സുമാർ ഒന്നരക്കൊല്ലം.   പിന്നെന്തിനാ യോഹന്നാന്റെ ഈ വരവ്?   വസ്ത്രം മാറി സുമുഖനായി വന്ന ബിജുവിനെക്കണ്ട് യോഹന്നാൻ ചിരിച്ചു.   “ഇതെങ്ങോട്ടാ കുട്ടപ്പനായിട്ട്? ഞാൻ നിന്നെ എങ്ങോട്ടും കൊണ്ടുപോവാനൊന്നും വന്നതല്ല…ബിജുവവിടെയിരിക്ക്!”   ബിജു പുഞ്ചിരിതൂകിക്കൊണ്ട് ഭവ്യതയോടെ എതിർവശത്തെ സോഫയിലിരുന്നു.   “എങ്ങനൊണ്ട് ജീവിതമൊക്കെ? പഴേ പരിപാടിയൊന്നും ഇപ്പൊ ഇല്ലല്ലോ അല്ലേ?”   “ഇല്ല സർ…ഞാനെണ്ണുവാരുന്നു…നിർത്തീട്ട് ഒന്നരക്കൊല്ലായി…ഇപ്പം അങ്ങനെ ഒരു പരിപാടീം ഇല്ല സർ”   “നന്നായി…അതിന്റെയൊരു ലുക്ക് മുഖത്ത് കാണാനുമുണ്ട്. ”   ബിജു കൃതജ്ഞതയോടെ മുഖമുയർത്താതെ മന്ദഹസിച്ചു കൊണ്ടിരുന്നു.   ഏഴുകൊല്ലം മുൻപ് കൈയേറിയ കണ്ണമ്മൂലയിലെ പന്ത്രണ്ടര സെന്ററിൽനിന്ന് തന്നെ ഒഴിപ്പിക്കാനോ, ഡിണ്ടിഗലിൽ പൂക്കച്ചവടം നടത്തുന്ന മയിലഴകിക്ക് വയറ്റിലുണ്ടാക്കിയിട്ട് മുങ്ങിയ കേസന്വേഷിക്കാനോ, ഏറ്റവുമൊടുവിൽ വട്ടിപ്പലിശയ്ക്ക് കൊടുത്ത കാശ് തിരിച്ചേൽപ്പിക്കാത്തതിന് ചാലയിലെ അരിക്കച്ചവടക്കാരൻ കുഞ്ഞുകുഞ്ഞ് കുട്ടിയുടെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചത് തിരക്കാനോ ഒന്നുമല്ല സി.ഐ.യോഹന്നാന്റെ വെളുപ്പാൻകാല സന്ദർശനം എന്നു ചെങ്കള്ളൂർ ബിജുവിന് മനസ്സിലായി.   “നിനക്കൊരു ഗുണ്ടാ സുധനെ അറിയാമോ?…തൃക്കണ്ണാപുരത്തുള്ള…” യോഹന്നാൻ സ്വരത്തിലിത്തിരി കടുപ്പം വരുത്തി.   “ഇല്ല സർ”   “ഞാനവനെ കഴിഞ്ഞയാഴ്ച പൊക്കി. അവനിപ്പോ റിമാൻഡിലാ…എട്ടുപത്തുകൊല്ലം ഉള്ളിൽക്കിടക്കാനുള്ള വകുപ്പുണ്ട്. അവന്റെ വീട്ടിൽനിന്നൊരു പട്ടിയെക്കിട്ടി. അവനെവിടെന്നോ പൊക്കിയതാ…ഏതോ നല്ല എനമാ…ഞാൻ വീട്ടിൽക്കൊണ്ട് നിറുത്തിനോക്കി. ഭയങ്കര കൊരയാ…വൈഫിനാണെങ്കില് രണ്ടാമത്തെ ഡെലിവറി കഴിഞ്ഞിരിക്കുവാ…എവന്റെ കൊരകേട്ട് കൊച്ച് ഒരേ കരച്ചില്. അവൾക്കും കൊച്ചിനും ഒറക്കമേയില്ല… അങ്ങനെയിരിക്കുമ്പോഴാണ് എനിക്ക് നിന്റെ കാര്യം ഓർമവന്നത്.പട്ടി വളർത്തല് നിന്റെയൊരു ഹോബിയാണല്ലോ!”   “ഓ …എന്നിട്ടെവിടെ പട്ടി ?”   “കാറിന്റെ ബാക്കിൽക്കെടന്ന് നല്ല സുഖ ഒറക്കവാ… ഞാനിന്നലെ അവന്റെ ഫുഡിലിത്തിരി ഒറക്കഗുളിക കലർത്തിക്കൊടുത്തു.” യോഹന്നാൻ കണ്ണിറുക്കിക്കൊണ്ട് കാറിന്റെ പിൻവാതിൽതുറന്ന് ഉറങ്ങിക്കിടക്കുന്ന നായയെ ഒരു കുഞ്ഞിനെയെന്നോണം വാരിയെടുത്തു. ചുവന്നുതുടുത്ത നനവുള്ള നാക്ക് വായയുടെ ഒരു വശത്തുനിന്നു പുറത്തേക്കിട്ട് ഉഗ്രനിദ്രയിലാണ് ആ കറുകറുപ്പൻ.   “ഇതേതാ എനം?” ബിജു ശ്വാനനെ അടിമുടിയൊന്ന് ഉഴിഞ്ഞുനോക്കി.   “ങാ ഹാ …ഞാൻ കരുതി നിനക്കറിയാമായിരിക്കുംന്ന് …നീയല്ലേ പട്ടികളുടെയൊക്കെ ആള്”   “പിടുത്തം കിട്ടുന്നില്ല…ഏതോ ക്രോസ് ബ്രീഡാണെന്നാ തോന്നുന്നേ”   നായ്ക്കളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾ ഒന്നും ഒഴിവില്ലാത്തതിനാൽ കേരളവര്‍മയെ വിളിച്ചുണർത്തി നാണിയെന്ന പോമറേനിയനെ ശുക്രൻ എന്ന അതേ  സമുദായത്തിൽപ്പെട്ട ശുനകന്റെ കൂട്ടിലാക്കാൻ ബിജു നിർദേശിച്ചു. ശുക്രൻ ആഹ്ളാദചിത്തനായി മുരളുകയും വാലാട്ടിക്കൊണ്ട് നാണിക്കൊരു ചുംബനം നൽകുകയുംചെയ്തു. ഒഴിഞ്ഞ കൂട്ടിനുള്ളിൽ വിരിച്ചിരുന്ന ചാക്കിന് മേൽ ബിജു പുതുമുഖത്തെ കിടത്തി.   കാറോടിച്ചു പോകുന്നതിനുമുൻപ് ഒരാശ്വാസം കലർന്ന പുഞ്ചിരി ബിജുവിന് സമ്മാനിച്ചുകൊണ്ട് സി.ഐ. യോഹന്നാൻ പറഞ്ഞു: “ഇവന്റെപേരെനിക്കറിയില്ല കേട്ടോ! നീ തന്നെ നല്ലൊരു പേരിട് …”   അതുകേട്ട് മുൻവരിയിലെ പല്ലുകൾ കൊഴിഞ്ഞ ഓട്ടവായ തുറന്ന് വര്‍മ ചിരിച്ചുകൊണ്ട് പറഞ്ഞു: “എന്റടുത്ത് ഒരെടുപ്പുള്ള ഉഗ്രൻ പേരുണ്ട് – “ഹിറ്റ്ലർ”   അതുകൊള്ളാം. നാസിത്തലവന്റെ പേരവന് ചേരുമെന്ന് ബിജുവിനും തോന്നി.   കുളികഴിഞ്ഞ് പഴവങ്ങാടി ഗണപതിക്ക് ഒരു തേങ്ങയുടച്ച്, ഹിറ്റ്ലറുടെ പേരിൽ ഒരു അർച്ചനയും കഴിച്ച് ബിജു തിരിച്ചെത്തുമ്പോൾ പട്ടിക്കൂട്ടിനുമുന്നിൽ ഒരാൾക്കൂട്ടം. കേരളവര്‍മ, ഓലക്കിളി ബാലൻ, അടുത്തുള്ള ഗാരേജിലെ സുനിയും ശേഖരനും പിന്നെ രണ്ടു ബംഗാളിപ്പിള്ളേരും നിശ്ശബ്ദരായി നിൽക്കുന്നു. എന്തോ പന്തികേടുണ്ടെന്ന് ഉറപ്പിച്ച് ബിജു കൂട്ടിനരികിലെത്തിയപ്പോൾ ഉറക്കമുണർന്ന ഹിറ്റ്ലർ ചുവന്ന നാക്ക് പുറത്തേക്കിട്ട് എല്ലാവരെയും നോക്കിനിന്ന് വാലാട്ടിക്കൊണ്ട് മാന്യനായി നിൽക്കുന്നു.   ബിജുവിനെക്കണ്ട വര്‍മ ആശ്ചര്യംവിട്ട് മാറാത്ത സ്വരത്തിൽ: “ആദ്യം ഇന്നലത്തെ മുക്കാക്കിലോ എറച്ചി ചൂടാക്കിക്കൊടുത്തു. പിന്നെക്കൊറേ പഴിഞ്ഞീം… രണ്ടുമിനിട്ടിനുള്ളിൽ അവനത് ശാപ്പിട്ടു. പിന്നെ ഞാൻ അരക്കിലോ അരിവേവിച്ച് ഫ്രിഡ്ജിലിരുന്ന ചിക്കൻ പാർട്ട്സും ചേർത്തുകൊടുത്തു. അതുമവൻ ഒറ്റയടിക്ക് അകത്താക്കി. അക്കാര്യം ഞാനീ പിള്ളേരോട് പറയേർന്ന്. ”   ബിജുവിന് ചിരി വന്നു: “അവൻ കഴിക്കട്ടെ…ബോധം കെടുത്തി ഇട്ടിരുന്നതല്ലേ…വെശപ്പ് കാണും…” ബിജു കുറച്ച് പണമെടുത്ത് വര്‍മയ്ക്ക് കൊടുത്തു: “ആ സമീറിന്റെ കടേന്ന് കൊറച്ച്  പൊറോട്ടയും ബീഫും വാങ്ങിച്ച് കൊട്.. തിന്നട്ടെയവൻ …”   രണ്ടുദിവസങ്ങൾക്കുള്ളിൽ ഹിറ്റ്ലർ പുതിയ അന്തരീക്ഷവുമായി ഇണങ്ങിച്ചേർന്നു. ഒരു ആർത്തിപ്പണ്ടാരമാണെന്നതൊഴിച്ചാൽ ബിജുവിന് അവനിൽ മറ്റു ദോഷങ്ങളേതും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പക്ഷേ, കേരളവര്‍മ അവനിൽ ഒരു പോരായ്മ കണ്ടെത്തി. അക്കാര്യം അയാൾ ബിജുവിനെ അറിയിച്ചപ്പോഴാണ് ബിജുവും അതു ശ്രദ്ധിച്ചത്. ചുറ്റുമുള്ള കൂടുകളിൽ പാർക്കുന്ന മിക്ക നായ്ക്കളും പുതുമുഖമായ ഹിറ്റ്ലറോടുള്ള ഈർഷ്യ ഉറക്കെ കുരച്ചും മുരണ്ടുമൊക്കെ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഹിറ്റ്ലർ അവറ്റകളെ നോക്കി ‘പോടാ പുല്ലേ’ എന്നൊരു ഭാവം പുലർത്തിയതല്ലാതെ ‘കമാന്ന് ‘ഒരക്ഷരം മിണ്ടിയില്ല.   ബിജു ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി. ചില പട്ടികളുടെ സ്വഭാവം മാത്രമാണിതെന്നും അത്ര ഗൗരവമായിട്ടെടുക്കേണ്ടതില്ലെന്നും ഗൂഗിൾ പറഞ്ഞു. പക്ഷേ, ഹിറ്റ്ലറുടെ മൗനത്തെച്ചൊല്ലി എവിടെയോ ഒരസ്വസ്ഥത ബിജുവിനെ അലട്ടുന്നുണ്ടായിരുന്നു.   രണ്ടു ദിവസങ്ങൾ കഴിഞ്ഞ് ഒരു ഓട്ടോറിക്ഷ ബിജുവിന്റെ ഫാംഹൗസിലെത്തി. അതിഥികൾ ആരു സന്ദർശിച്ചാലും സാകൂതം വീക്ഷിക്കുന്ന പതിവ് ഹിറ്റ്ലർ തെറ്റിച്ചില്ല. പുന്നയ്ക്കാമുകൾ ഗ്രേസിയായിരുന്നു ഓട്ടോയിലെത്തിയ അതിഥി. മറ്റു നായ്ക്കൾക്കെല്ലാം ഗ്രേസി സുപരിചിതയായിരുന്നതുകൊണ്ട് അവറ്റകൾ വാലാട്ടി പരിചയംപുതുക്കി. പക്ഷേ, ഉഗ്രസ്വരൂപിണിയായ ഗ്രേസിയുടെ മട്ടും ഭാവവും ഹിറ്റ്ലർക്ക് അൽപം വിചിത്രമായി തോന്നിയിട്ടാവണം ഒരു ശത്രുവിനോടെന്നപോലെ അവൻ ഉച്ചത്തിൽ കുരച്ചുതുടങ്ങി. അവന്റെ കുരകേട്ട് ബിജുവും കേരളവര്‍മയും  ആശ്ചര്യത്തോടെ മുറ്റത്തേക്കിറങ്ങുകയും ആദ്യമായി മൗനംഭഞ്ജിച്ച അവനെയും അതിനു കാരണക്കാരിയായ പുന്നയ്ക്കാമുകളുകാരിയെയും മാറിമാറി നോക്കി ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയും ചെയ്തു.   ഗ്രേസിക്ക് കാര്യം പിടികിട്ടാതെ അവൾ മുഖം ചുളിച്ചു.   അവൾ കോപം പ്രകടിപ്പിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് കയറിപ്പോയി. ചിരി നിർത്താതെ ബിജു അവളെ അനുഗമിക്കുമ്പോൾ അവരുടെ സ്വകാര്യത മാനിച്ച് കേരളവര്‍മ ഒരു ബീഡിയെടുത്ത് ഓട്ടപ്പല്ലുകൾക്കിടയിൽ തിരുകി ഹിറ്റ്ലറുടെ കുരയെ അഭിനന്ദിക്കാൻ അവന്റെ അരികിലേക്കുപോയി.   “വട്ട് ആ പട്ടിക്കാണോ അതോ നിങ്ങക്കോ?” ഗ്രേസി പിണക്കമഭിനയിച്ചു.   “നിന്നെപ്പോലത്തെ പെണ്ണുങ്ങളെക്കാണുമ്പം മാത്രം കുരയ്ക്കുന്ന പട്ടിയാണതെന്ന് ഇപ്പഴാ മനസ്സിലായത്…അതാ ചിരിച്ചു പോയത്. ”   “നിന്നെപ്പോലത്തെ പെണ്ണോ? എന്താ നിങ്ങള് ഉദ്ദേശിക്കുന്നേ?” വീണ്ടും അവളെന്തോ പറയാനൊരുമ്പെട്ടപ്പോൾ  അതിനനുവദിക്കാതെ അവളെ കെട്ടിപ്പുണർന്ന് കഴുത്തിൽ അമർത്തിച്ചുംബിച്ചുകൊണ്ട്  അവളണിഞ്ഞിരിക്കുന്ന വാസനപ്പൗഡറിന്റെ ഗന്ധം ബിജു വലിച്ചെടുത്തു.   ഒരാഴ്ച കഴിഞ്ഞ് സ്റ്റാച്യുവിലെ ബീവറേജ് പ്രീമിയം കൗണ്ടറിൽ വച്ച് ബിജു, കപ്യാര് സോളമനെക്കണ്ടു. അയാളുടെ നിർദേശമനുസരിച്ച് പ്ലാവോട്ടിലെ ലത്തീൻ പള്ളിയിലെ ഫാദർ കുര്യൻ മൂവാലിക്കലിനെ ബിജു പോയിക്കണ്ടു. ഒരു മുറിക്കയ്യൻ ബനിയനും ബർമുഡയും ധരിച്ച് രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെക്കൊണ്ട് പള്ളിമേടയുടെ ചുറ്റുമതിലിന്മേൽ കൂർത്ത കുപ്പിച്ചില്ലുകൾ വച്ചു പിടിപ്പിക്കുന്ന തിരക്കിലായിരുന്നു ഫാദർ കുര്യൻ.   “ഓ…എന്നാ പറയാനാ ബിജുവേ…കള്ളമ്മാരെ ക്കൊണ്ട് തോറ്റു. ഈ പറമ്പേക്കിടക്കുന്ന സർവത്ര സാമാനങ്ങളും അവമ്മാര് അടിച്ചോണ്ട് പോയി.”   പള്ളിമേടയ്ക്കുള്ളിലെ സൽക്കാരമുറിയിലിരുന്ന് കാപ്പി കുടിക്കാൻ നേരം തസ്കരന്മാർ കൊണ്ടുപോയ സാമഗ്രികളുടെ കണക്ക് അച്ചൻ നിരത്തി.   “രണ്ട് കോടാലികൾ, നാല് മൺവെട്ടികൾ, കിണറ്റിൽ വെള്ളംകോരുന്ന തൊട്ടി, ബൾബുകൾ, കപ്യാരുടെ സൈക്കിൾ, ഉണക്കാനിട്ടിരുന്ന എന്റെ ളോഹ എന്നുവേണ്ട രാത്രി മുറ്റത്തുള്ള സർവത്ര ലൊട്ടുലൊടുക്ക് സാധനങ്ങളും കള്ളക്കഴുവേറികൾ കൊണ്ടുപോയി.”   തന്നെ വിളിപ്പിച്ച് ഈ മോഷണക്കഥകളെല്ലാം എന്തിനാണ് അച്ചൻ പറയുന്നതെന്നോർത്ത് ബിജു തലയാട്ടിക്കൊണ്ടിരുന്നു.   “ഈ ചില്ലറക്കേസും പറഞ്ഞ് സ്റ്റേഷനിലേക്കുചെന്നുകേറിയാ അവമ്മാര് ചിരിക്കത്തില്ലായോ? അതുകൊണ്ട് നീയെനിക്കൊരു നല്ല കാവൽപ്പട്ടിയെ കൊണ്ടത്തരണം. നല്ല വീറും വാശിയുമൊക്കെയുള്ള ഒരു പട്ടി.”   ബിജുവിന്റെ മനസ്സിൽ രണ്ടു കൂർത്ത ചെവികളും ചുവന്നുനീണ്ട നാക്കും നീലക്കണ്ണുകളും തെളിഞ്ഞു.   “ച്ചിരി ചില്ലറയിറക്കേണ്ടിവരുമല്ലോ അച്ചോ…”   “ഓ…അതൊന്നും സാരമില്ല. നീ നാളെത്തന്നെ നല്ലൊരു നായയുമായിട്ടിങ്ങ് വാ …”   ഹിറ്റ്ലറെ പള്ളീലച്ചന് കൈമാറുന്നു എന്നറിഞ്ഞപ്പോൾ കേരളവര്‍മയ്ക്ക് വല്ലാത്ത സങ്കടംവന്നു. അധികം സ്നേഹമൊന്നും പ്രകടിപ്പിക്കാത്ത പ്രകൃതക്കാരനാണെങ്കിലും വര്‍മക്കെന്തോ അവന്റെ വേർപാട് കുണ്ഠിതമുണ്ടാക്കി.   കൂടുതുറന്ന് ചങ്ങലയിൽ ബന്ധിക്കാനൊരുങ്ങിയ ബിജുവിന്റെ നേരെ  ഹിറ്റ്ലർ കൂർത്ത പല്ലുകളും മോണയും കാട്ടി ചീറി നിന്നു.   “അണ്ണാ…യവൻ കലിപ്പിലാ… തൊടലിട്ട് കെട്ടുന്നത് ഇപ്പം നടക്കുമെന്ന് തോന്നണില്ല.” വര്‍മ ഒരു മുന്നറിയിപ്പ് കൊടുത്തു.   സി.ഐ.യോഹന്നാന്റെ മുറതന്നെ ബിജുവും ഉൾക്കൊണ്ടു. രണ്ടു ഉറക്കഗുളികകൾ അത്താഴത്തിൽ കലർത്തിക്കൊടുക്കുകയും പിറ്റേന്നു കാലത്ത് അവനെ തൂക്കിയെടുത്തു പള്ളിമേടയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.   “ഡാ ബിജുവേ…ഇവൻ കൊള്ളാവോടാ?”   “ഇവനാരാ മോനെന്ന് അച്ചൻ മനസ്സിലാക്കാൻ പോണതേയുള്ളൂ. പകൽ ഇവനെ കൂട്ടിലിട്ടേക്കണം. രാത്രി തുറന്നങ്ങു പറമ്പിൽ വിട്ടേക്കണം.” ബിജു അച്ചനോട് പറഞ്ഞു: “ങാ…പിന്നൊരു കാര്യം.ഇവനൊരു തീറ്റിപ്പണ്ടാരമാ…പോത്തും പന്നിയുമൊക്കെ ഡെയ്‌ലിയങ്ങ് കൊടുത്തേക്കണം.”   “അതൊന്നും പ്രശ്‌നമല്ല.”   അച്ചൻ സന്തോഷത്തോടെ ബിജുവിന് രൂപ പത്തായിരം കൊടുത്തു.   “നീയാ കാട്ടുമുക്കിലെ പെരേലെ പൊറുതി എന്നെടാ നിർത്തണത്? …നീയും നിന്റെ കൊറേ ചാവാലിപ്പട്ടികളും.” അന്നു രാത്രി സ്വഭവനത്തിലെത്തിയ ചെങ്കള്ളൂർ ബിജുവിനോട് അമ്മ സരസു പരിഭവിച്ചു. പെറ്റമ്മയുടെ ചോദ്യങ്ങളോട് ബിജു പ്രതികരിക്കാറില്ല. ചുമ്മാതങ്ങ് കേട്ടുകൊണ്ടിരിക്കും. ബിജുവിന്റെ വായിൽനിന്നൊരക്ഷരം പുറത്തുവരില്ലെന്ന് സരസുവിനും അറിയാം. എന്നാലും, അവർ എന്തെങ്കിലുമൊക്കെ പരിഭവംപറഞ്ഞുകൊണ്ടിരിക്കും.   “കള്ളും മോന്തി കണ്ട പെണ്ണുങ്ങളേം വിളിച്ചുകേറ്റി നടക്കുന്നു. ഇവിടുള്ള ഇവറ്റകളെപ്പറ്റി വല്ല വിചാരവും നിനക്കുണ്ടോ?”   വീണ്ടും പാത്രത്തിൽ ചോറ് വിളമ്പാൻ ഒരുമ്പെട്ട  ഭാര്യ ശോഭയോട്  ‘മതി’ എന്ന അർഥത്തിൽ  കൈകാട്ടി, ടി.വി. കണ്ടുകൊണ്ടിരുന്ന ഏഴും നാലും വയസുള്ള സ്വന്തം കുട്ടികളുടെ മുഖങ്ങളിലേക്കു നോക്കാതെ ബിജു കൈകഴുകി കിടപ്പുമുറിയിലേക്കു പോയി. അന്നു രാത്രി അയാൾ കെട്ട്യോൾക്കും പിള്ളേർക്കുമൊപ്പം പുളിമൂട്ടിലെ വീട്ടിൽ കിടന്നുറങ്ങി.