പ്രത്യാശയുടെ മുഖം – ഡോ.കെ.എം. മാത്യു കുരിശ്ശുംമൂട്ടില്‍

കത്തോലിക്കാസഭയുടെ അമരക്കാരനും ലാളിത്യത്തിന്റെ പ്രതീകവുമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയാണ് ‘പ്രത്യാശ’ (Hope). ജീവിച്ചിരിക്കുമ്പോൾ ഒരു മാർപാപ്പ പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ ആത്മകഥയെന്ന നിലയിലും, പ്രത്യാശയുടെ ജൂബിലിവർഷമായ 2025-ൽ പുറത്തിറങ്ങിയെന്നതിനാലും ഈ ഗ്രന്ഥം ചരിത്രപരമാണ്. ഇറ്റാലിയൻ പത്രപ്രവർത്തകൻ കാർലോ മുസ്സോയുമായുള്ള ദീർഘസംഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കൃതി, ബ്യൂണസ് ഐറിസിലെ ബാല്യംമുതൽ മാർപാപ്പ പദവിവരെയുള്ള യാത്രയും സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സത്യസന്ധമായി പങ്കുവയ്ക്കുന്നു.
അർജന്റീനയിലേക്കുള്ള യാത്രയിൽ മുങ്ങിപ്പോയ കപ്പലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട തന്റെ കുടുംബത്തിന്റെ കഥയിലൂടെ പുസ്തകം പ്രത്യാശയുടെ സന്ദേശം അടിവരയിടുന്നു. യുദ്ധങ്ങൾക്കെതിരെ, പ്രത്യേകിച്ച് യുക്രൈനിലെയും മധ്യപൗരസ്ത്യ ദേശത്തെയും സംഘർഷങ്ങൾക്കെതിരെ, ശക്തമായ നിലപാടെടുക്കുന്ന മാർപാപ്പ സമാധാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. “യുദ്ധത്തിന് ഒരു ദേവതയില്ലെന്നും” സമാധാനം സ്ഥാപിക്കാൻ നാം ശിശുക്കളെപ്പോലെയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. പാപ്പാ പറയുന്നു: “ജീവിക്കാൻ പഠിക്കണമെങ്കിൽ നാമെല്ലാം സ്നേഹിക്കാൻ പഠിക്കണം. ആ പാഠം ഏറ്റവും പ്രധാനമാണ്. കാരണം സ്നേഹം എല്ലാറ്റിനെയും കീഴടക്കുന്നു.”
മനുഷ്യസാഹോദര്യത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ്. അബുദാബിയിൽ ഗ്രാൻഡ് ഇമാം അൽ അഷർ അഹമ്മദ് അൽ ത്വായിബുമായി ഒപ്പുവച്ച മാനവസാഹോദര്യത്തെക്കുറിച്ചുള്ള ചരിത്രപ്രധാനമായ പ്രമാണം ഇതിനുദാഹരണമാണ്. “മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പാലം പണിയുന്നവർക്കേ മുമ്പോട്ടുപോകാനാവൂ” എന്നും “വിദ്വേഷം ആത്മാവിനെ കൊല്ലുകയും പ്രത്യാശയെ വിഷലിപ്തമാക്കുകയും ചെയ്യുന്നു” എന്നും പാപ്പാ നമ്മെ ഓർമിപ്പിക്കുന്നു.
ഈ ആത്മകഥയിൽ മാർപാപ്പയുടെ ലാളിത്യം മാത്രമല്ല, അദ്ദേഹത്തിന്റെ അപാരമായ സത്യസന്ധതയും വെളിവാകുന്നുണ്ട്. കുട്ടിക്കാലത്ത് ദരിദ്രനായ കൂട്ടുകാരൻ തന്റെ സൈക്കിൾ കേടാക്കിയപ്പോൾ പണം ആവശ്യപ്പെട്ടതിലുള്ള കുറ്റബോധം പോലുള്ള ചെറിയ സംഭവങ്ങൾപോലും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ” Thank you, Please and Sorry എന്നീ വാക്കുകൾക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യം, തെറ്റുകൾ അംഗീകരിച്ച് സ്നേഹത്തിൽ വളരാനുള്ള അദ്ദേഹത്തിന്റെ മനോഭാവം വ്യക്തമാക്കുന്നു. ഇത്തരം തുറന്നുപറച്ചിലുകളും, തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ മുത്തശ്ശിയുടെ ഓർമകളും പുസ്തകത്തെ കൂടുതൽ മാനുഷികവും ഹൃദയസ്പർശിയുമാക്കുന്നു.
സഭയെക്കുറിച്ചുള്ള തന്റെ ദർശനങ്ങളും പാപ്പാ പുസ്തകത്തിൽ പങ്കുവയ്ക്കുന്നുണ്ട്. പുരുഷാധിപത്യപരമായ പൗരോഹിത്യ സമീപനത്തിനുപകരം സഭയ്ക്ക് കൂടുതൽ സ്ത്രൈണവും മാതൃഭാവവും വേണമെന്ന് അദ്ദേഹം വാദിക്കുന്നു. പത്രോസിനെക്കാൾ പ്രാധാന്യം പരിശുദ്ധ മറിയത്തിന് നൽകണമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം, സഭയിൽ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചുള്ള പുരോഗമനപരമായ ചിന്തകൾക്ക് അടിവരയിടുന്നു. കുടിയേറ്റം, പാരിസ്ഥിതിക പ്രതിസന്ധി, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിലെ ഉറച്ചനിലപാടുകളും, മാറ്റങ്ങളുടെ പാപ്പയെന്ന വിശേഷണത്തെ അന്വർഥമാക്കുന്നതാണ്. ‘പ്രത്യാശ’ കേവലം ഒരു ജീവിതകഥയല്ല, മറിച്ച് ലോകത്തിന് ഫ്രാൻസിസ് മാർപാപ്പ നൽകുന്ന ധാർമ്മികവും ആത്മീയവുമായ സാക്ഷ്യവും സമാധാനത്തിനും സാഹോദര്യത്തിനുമുള്ള ആഹ്വാനവുമാണ്.