ചരിത്രത്തിന്റെ ആഴം കണ്ടെത്തുന്ന

ചരിത്രത്തിന്റെ ആഴം കണ്ടെത്തുന്ന

ഫിക്ഷന് പ്രദാനംചെയ്യാൻ കഴിയുന്ന വൈകാരികാംശം വളരെ കുറവാണെങ്കിലും ഹാൻ കാങ്ങിന്റെ ‘ഹ്യുമൻ ആക്ട്സ്’ എന്ന നോവലിലെ ആശയങ്ങൾ വായനക്കാരിൽ ഭീതിയുടെയും വേദനയുടെയും ഞെട്ടിപ്പിക്കുന്ന ഭാവതലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവയാകട്ടെ അവരുടെ മനസ്സിൽ ഒരു ഒഴിയാബാധയായി ഏറെക്കാലം നിലകൊള്ളുകയുംചെയ്യും. അധികാരത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും  ഈ ആഖ്യാനം മുന്നോട്ടുവയ്ക്കുന്ന കല്പനകൾ വായനക്കാരെ നിരന്തരം  വേട്ടയാടുക തന്നെ ചെയ്യും. മനുഷ്യാവസ്ഥയുടെ നിഗൂഢതകൾ ഭാഷയിലൂടെ അനാവരണം ചെയ്യാനുള്ള സാഹിത്യത്തിന്റെ കരുത്ത് ഹാൻ കാങ്ങ് അത്യന്തം മികവോടെ കാണിച്ചുതരുന്നു.


“വർത്തമാനകാലം ഭൂതകാലത്തെ സഹായിക്കുമോ? ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരെ രക്ഷിക്കാൻ കഴിയുമോ?” ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ഹാൻ കാങ്ങ് സിസംബർ 7-ന് സ്റ്റോക്ക്ഹോമിൽ നടത്തിയ നൊബേൽ പുരസ്കാര പ്രഭാഷണത്തിൽനിന്നുള്ളതാണ് ഈ രണ്ടു ചോദ്യങ്ങൾ. രചനകളിലേക്കു നയിച്ച ജീവിതയാഥാർഥ്യങ്ങളെ വിശദീകരിക്കുന്ന ഒരു പ്രഭാഷണമായിരുന്നു അവരുടേത്. ‘ഹ്യുമൻ ആക്ട്സ്’ എന്ന അസാധാരണനോവലിന്റെ രചനയ്ക്കായ് അവർ നടത്തിയ ഗവേഷണത്തിനിടയിലാണ്  ഈ ചോദ്യങ്ങൾ അവരുടെ മനസ്സിൽ  കടന്നുകൂടിയത്. ‘ഹ്യുമൻ ആക്ട്സ്’ വായിക്കാത്തവർ ഹാൻ കാങ്ങിന്റെ സാഹിത്യലോകത്തെ അടുത്തറിഞ്ഞിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ഈ ചോദ്യങ്ങളുടെ പ്രസക്തി ആ നോവലിന്റെ വായനയിലൂടെ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ.


1980-ൽ  ദക്ഷിണകൊറിയയിലെ ഗ്വാങ്ങ്ജൂ നഗരത്തിൽ നടന്ന കലാപം ആ രാജ്യത്തിന്റെ ചരിത്രത്തിലെ വേദനാജനകവും അപമാനകരവുമായ ഒരധ്യായമായിരുന്നു. ജനാധിപത്യത്തിനുവേണ്ടി വാദിച്ച നിരായുധരായ ജനങ്ങൾക്കും വിദ്യാര്‍ഥികൾക്കും നേരെ കൊറിയൻപട്ടാളം നടത്തിയ അക്രമവും അതിലുണ്ടായ നൂറുകണക്കിന് മരണവും ലോകത്തെ ഞെട്ടിച്ചു. മറ്റേതൊരു ദുരന്തത്തിന്റെയും ഗതിപോലെ ഇതും കാലത്തിന്റെ ഓർമ്മയിൽ അവഗണിക്കപ്പെട്ടു. ചരിത്രപുസ്തകങ്ങളിൽ ഏതാനും വരികളിൽ ഒതുങ്ങി. നമ്മുടെയൊന്നും ഓർമ്മയിൽ അത് സ്ഥാനം പിടിച്ചില്ല.  ഇനിയത് അങ്ങനെയാവില്ല. അതു സാഹിത്യത്തിലൂടെ ലോകത്തിന്റെ ഓർമ്മയിൽ നിലയുറപ്പിക്കാൻ പോവുകയാണ്.


ഗ്വാങ്ങ്ജൂ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവലാണ്  ഹാൻ കാങ്ങിന്റെ  ‘ഹ്യുമൻ ആക്ട്സ്.’ മനുഷ്യന്റെ ക്രൂരതയുടെയും വേദനയുടെയും ആഴങ്ങൾ കാണിച്ചുതരുന്ന അസാധാരണനോവൽ. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള  ഞെട്ടിക്കുന്ന ഒരന്വേഷണമായി നോവൽ മാറുന്നുണ്ട്. നേരിട്ട് ആ ചരിത്രത്തിലേക്കു നോവലിസ്റ്റ് കടക്കുന്നതേയില്ല. എന്നാൽ, അതിന്റെ പ്രത്യാഘാതങ്ങളെ അതിസൂക്ഷ്മതയോടെ വേറിട്ടൊരു രീതിയിൽ നോക്കിക്കാണുകയാണ്. ആ ദുരന്തത്തിൽ  തകർന്നുപോയ കുറെ ജീവിതങ്ങളെ കാണിച്ചുതരികയാണ് ഹാൻ കാങ്. പ്രധാനമായും ഡോങ്ങ്  ഹോ എന്ന ഒരു പതിനഞ്ചുവയസ്സുകാരന്റെ ജീവിതത്തിലൂടെയാണ് നോവൽ നീങ്ങുന്നത്. അവന്റെ മരണത്തെ ചുറ്റിപ്പറ്റിയാണ് കലാപത്തിന്റെ ഉള്ളിലേക്ക് നോവലിസ്റ്റ് പ്രവേശിച്ചിരിക്കുന്നത്. മറ്റനേകരോടൊപ്പം ആ കലാപത്തിൽ അവനും പിന്നീട് കൊല്ലപ്പെടുകയായിരുന്നു. അവൻ സത്യത്തിൽ തന്റെ അയൽവാസികളെ അന്വേഷിച്ച് പുറപ്പെട്ടതായിരുന്നു. അവരാരെങ്കിലും  കൊല്ലപ്പെട്ടുവോ എന്നറിയാൻ മുൻസിപ്പൽ ജിംനേഷ്യത്തിൽച്ചെന്ന അവൻ അവിടെ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടുക്കിവയ്ക്കാൻ സ്വയം തയ്യാറായതായിരുന്നു. ഇത്തരം ശവശരീരങ്ങളെപ്പറ്റി വിവരിച്ചുകൊണ്ടു തുടങ്ങുന്ന നോവലിന്റെ ആദ്യഭാഗം ഡോങ്ങ് ഹോയുടെ കണ്ണിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.


വ്യത്യസ്ത കഥാപാത്രങ്ങളുടെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് നോവലിന്റെ ഓരോ അധ്യായവും  മുന്നോട്ടുപോകുന്നത്. അവയോരോന്നും വേറിട്ട ശൈലിയിലാണ് ഹാൻ കാങ്ങ് ചിത്രീകരിച്ചിരിക്കുന്നത്. ആഖ്യാനത്തിലെ ഈ നൂതനശൈലി മികവാർന്നതായി. ഈ കഥാപാത്രങ്ങളെല്ലാം  ഏതെല്ലാമോ രീതിയിൽ ഡോങ്ങ് ഹോയുടെ ജീവിതവുമായി ബന്ധപ്പെട്ടവരുമാണ്. ഡോങ്ങിന്റെ ചങ്ങാതിയായ ജിയോങ്ങ് ദേ എന്ന കഥാപാത്രം  മരണത്തിനുശേഷമാണ് കഥയിലേക്കു വരുന്നത്. ‘The Boy’s Friend. 1980’ എന്ന ഭാഗത്തെ ഈ  നോവലിന്റെ കേന്ദ്രഭാഗമായാണ് ഞാൻ കാണുന്നത്.


 “… I was filled with hatred for my body. Our bodies, tossed there like lumps of meat. Our filthy rotting faces, reeking in the sun.” സ്വയം വെറുക്കപ്പെടാൻ, സ്വന്തം മൃതദേഹത്തെപ്പോലും  വിധിക്കപ്പെട്ട ഒരവസ്ഥയെ കാണിച്ചു തരികയാണ് നോവലിസ്റ്റ്. ശവശരീരങ്ങളുടെ നിസ്സഹായതയും അർഥരാഹിത്യവും കണ്ട് വായനക്കാർ അന്ധാളിച്ചു പോയേക്കും. ജിയോങ് ഇങ്ങനെ ആത്മഗതം നടത്തുന്നു. “While they started the truck’s engine, I slipped towards those bodies, I wasn’t later alone; clustering around these new arrivals, I sensed the shadow’s of other souls.” മൃതദേഹങ്ങൾ ഇങ്ങനെ  ആത്മഗതം നടത്തുമ്പോൾ ആ ദുരന്തത്തിന്റെ ചിത്രം ആഴത്തിൽ അനാവൃതമാവുകയാണ്. അവയോട് കാണിച്ച ഹിംസ ചെറുതായിരുന്നില്ല. അവ കൈകാര്യംചെയ്ത രീതി ഞെട്ടിപ്പിക്കുന്നതായിരുന്നു. അവ തിരിച്ചറിയപ്പെടണമെന്നോ, ബന്ധുമിത്രാദികളാൽ ഏറ്റെടുക്കപ്പെടണമെന്നോപോലും അധികാരികൾ ആഗ്രഹിച്ചില്ല. അന്തസ്സായ ശവസംസ്ക്കാരംപോലും ഒരു ശവത്തിനും അനുവദിക്കപ്പെട്ടതുമില്ല.


എന്തുകൊണ്ടാണ് ഭരണകൂടങ്ങൾ ഇങ്ങനെ പെരുമാറുന്നത്? ഇവിടെയിപ്പോഴും മനുഷ്യന് ഒരു വിലയുമില്ലേ? ക്രൂരതയുടെ അനുഭവം പങ്കിടാൻ മാത്രമാണോ മനുഷ്യവംശം വിധിക്കപ്പെട്ടത്? ഇത്തരം വലിയചോദ്യങ്ങൾ ഹാൻ കാങ്ങ് ഈ നോവലിലൂടെ ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു വിചാരണകൂടി ഇതിൽ നടക്കുന്നുണ്ട്. ശവങ്ങൾ കുന്നുകൂടുമ്പോൾ അവയിൽനിന്ന് സ്പിരിറ്റ് എപ്പോഴാണ് വേർപെടുക എന്നൊരു ചോദ്യം ഉയരുന്നു. ചിലത് കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞതാണ്. ചിലത് അടുത്തു കൊല്ലപ്പെട്ടതും. ഇതൊക്കെ കാണുമ്പോൾ ഉയരുന്ന ചോദ്യം വലുതാണ്. നമ്മൾ പറഞ്ഞുനടക്കുന്ന മനുഷ്യത്വം എവിടെയാണ് നിലകൊള്ളുന്നത്?


ഇത് ഗ്വാങ്ങ്ജൂ എന്നയിടത്തുമാത്രം സംഭവിച്ച ഒരു ദുരന്തമല്ലെന്ന് നോവലിസ്റ്റ് ഓർമ്മിപ്പിക്കുന്നു. നോവലിലെ ഒരു കഥാപാത്രം പറയുന്നത് കാണുക: “പുതിയ ലോകമെന്ന് പറയുമ്പോഴും ജെജു ദ്വീപിലും ക്വാണ്ടങ്ങിലും നാൻജിംഗിലും നടന്നതുപോലെ, ബോസ്നിയയിലും അമേരിക്കൻ ഭൂഖണ്ഡത്തിലുമുടനീളവും നടന്നതുപോലെ, ഇത് ഗ്വാങ്ങ്ജൂവിലും നടക്കുമ്പോൾ ഈ കൊടുംക്രൂരതയുടെ വാസന നമ്മുടെ ജനിതകകോഡിലുള്ളതുപോലെയാണല്ലോ.” മനുഷ്യന്റെ ഇടപെടലുകളും അവയാൽ നിർണയിക്കപ്പെടുന്ന വിധിയെയും ചേർത്തുവായിക്കാൻ അവസരമൊരുക്കുകയാണ് നോവലിസ്റ്റ്.  അധികാരവും ജനതയും തമ്മിലുള്ള ബന്ധത്തിലെ നീതിരാഹിത്യത്തെ ഈ നോവൽ അതിശക്തമായി അടയാളപ്പെടുത്തുന്നു. ഭരണകൂടകാപട്യത്തെ തുറന്നുകാട്ടുകയും ചെയ്യുന്നു. “സൈനികരാൽ കൊല്ലപ്പെട്ടവർക്കുവേണ്ടി നിങ്ങളെന്തിനാണ് ദേശീയഗാനം ആലപിക്കുന്നത്? കൊല നടത്തിയത് രാഷ്ട്രമല്ലെന്ന മട്ടിൽ നിങ്ങളെന്തിനാണ് അവരുടെ ശവപ്പെട്ടിയെ തായ് ഗുഗ്ഗി കൊണ്ട് (ദേശീയപതാക) മൂടുന്നത്? ” ഈ ചോദ്യം ലോകത്തിലെ ഹിംസാത്മക സ്വഭാവമുള്ള എല്ലാ ഭരണകൂടങ്ങളോടുമുള്ളതാണ്. തന്റെ നാട്ടിലെ ഒരു സംഭവത്തെ എടുത്തുകാണിച്ചുകൊണ്ട് അവർ ലോകത്തെ ചോദ്യംചെയ്യുകയാണ്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് വലിയ ആലോചനകൾ നടത്തുകയാണ്. അവിടെയാണ് ഈ നോവലിന് സാർവത്രികമാനം കൈവരുന്നത്. അങ്ങനെയിതു ലോകസാഹിത്യത്തിലെ പ്രധാന രചനയായി ഉയരുകയാണ്.


ആഖ്യാനം സങ്കീർണ്ണമാണ്. ഫിക്ഷന് പ്രദാനംചെയ്യാൻ കഴിയുന്ന വൈകാരികാംശം വളരെ കുറവാണെങ്കിലും ഇതിലെ ആശയങ്ങൾ വായനക്കാരിൽ ഭീതിയുടെയും വേദനയുടെയും ഞെട്ടിപ്പിക്കുന്ന ഭാവതലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവയാകട്ടെ അവരുടെ മനസ്സിൽ ഒരു ഒഴിയാബാധയായി ഏറെക്കാലം നിലകൊള്ളുകയുംചെയ്യും. അധികാരത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും  ഈ ആഖ്യാനം മുന്നോട്ടുവയ്ക്കുന്ന കല്പനകൾ വായനക്കാരെ നിരന്തരം  വേട്ടയാടുക തന്നെ ചെയ്യും.  വായിച്ചുതുടങ്ങിയതുമുതൽ ഞാനീ വേട്ടയാടലിനു വിധേയനായിത്തുടങ്ങിയിരുന്നു. ഇനിയതിൽനിന്ന് എന്നാണ് മോചിതനാവുക എന്നത് കാലത്തിനുമാത്രമേ നിശ്ചയിക്കാൻ കഴിയൂ. നോവലുകൾ ഇങ്ങനെയാണ് എഴുതേണ്ടതെന്ന് ഉറക്കെപ്പറയാൻ ഞാനാഗ്രഹിക്കുന്നു. മനുഷ്യാവസ്ഥയുടെ നിഗൂഢതകൾ ഭാഷയിലൂടെ അനാവരണം ചെയ്യാനുള്ള സാഹിത്യത്തിന്റെ കരുത്ത് ഹാൻ കാങ്ങ് അത്യന്തം മികവോടെ കാണിച്ചുതരുന്നു. (Human Acts. Han Kang – Granta Books )


ഖസാക്കിലെ രവി


മലയാളത്തിലെ  നോവൽ കഥാപാത്രങ്ങളിൽ ഏറ്റവും പ്രശസ്തൻ  ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ  രവിയാണെന്നതിൽ ആർക്കും തർക്കമുണ്ടാവാനിടയില്ല. രവിയെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. രവിയെന്ന കഥാപാത്രസൃഷ്ടിയിലൂടെ  വിജയൻ നേടിയ അഭിനന്ദനങ്ങൾക്കു കണക്കില്ല. എന്നാൽ രവിയെപ്പറ്റി വിമർശനമുന്നയിച്ചത് പ്രശസ്ത നിരൂപകയായ എം. ലീലാവതിയാണ്. അവരത് പലയിടത്തും എഴുതിയിട്ടുമുണ്ട്. ഇപ്പോൾ വീണ്ടും പുതിയൊരു പുസ്തകത്തിൽ സന്ദർഭവശാൽ ആ വിമർശനം എഴുതിക്കണ്ടു. അതിപ്രകാരമാണ് : “മകൻ അമ്മയെ അമ്മയുടെ അനുവാദത്തോടെയും ഇച്ഛാനുസാരമായും പ്രാപിക്കുന്നതുപോലെ ഒരു സംഭവവും അതിൽനിന്നുണ്ടാകുന്ന പാപബോധവുമാണ് ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ കഥാബീജം. അമ്മയല്ല അമ്മയെപ്പോലെ കരുതേണ്ട രണ്ടാനമ്മയാണ് എന്ന വ്യത്യാസമുണ്ട്. രവി കൗമാരം പിന്നിടുംമുമ്പ് (ഒരു ഇന്റർമീഡിയറ്റ് വിദ്യാര്‍ഥിയായിരുന്ന കാലം) രണ്ടാനമ്മയെ അവരുടെ ആഗ്രഹവും സമ്മതവുമനുസരിച്ചാണ് പ്രാപിക്കുന്നതെങ്കിലും അത് അച്ഛനെ വഞ്ചിക്കലായതുകൊണ്ട് പാപബോധപീഡിതനായിത്തീരുമെന്നാണ് സങ്കല്പം. ഇതു തീർത്തും വിശ്വാസ്യമായിത്തീരത്തക്കവണ്ണം ആ നോവലിൽ സംഭവവികാസങ്ങൾ ആസൂത്രണം ചെയ്തിട്ടില്ല. ഗ്രന്ഥകർത്താവിന്റെ വിവരണത്തിലൂടെയാണ് രവിയുടെ പരിണാമം അനാവരണം ചെയ്തിരിക്കുന്നത്. അതു കഥാപാത്ര രൂപവൽക്കരണത്തിലെ ഒരു പരാജയമായി, എന്തുകൊണ്ടോ ഭൂരിപക്ഷം വായനക്കാരും കരുതിക്കാണുന്നില്ല. ‘ഖസാക്കിന്റെ ഇതിഹാസം’  അതിലെ ബഹുഭൂരിപക്ഷം കഥാപാത്രങ്ങളുടെ രൂപവൽക്കരണത്തിലുള്ള വിജയത്തിലൂടെ മഹത്തായ ഒരു കലാസൃഷ്ടിയാണെങ്കിലും രവിയെന്ന മുഖ്യകഥാപാത്രത്തിന്റെ വികാസപരിണാമങ്ങൾ ആഖ്യാനംചെയ്ത രീതി ആ നോവലിന്റെ വികലതയായി ശേഷിക്കും.”


വി.എസ്.അനിൽകുമാറിന്റെ കഥകളെക്കുറിച്ച് എം.ലീലാവതി തയ്യാറാക്കിയ ‘കഥാപർവ്വം’ എന്ന പുതിയ നിരൂപണഗ്രന്ഥത്തിലാണ് ടീച്ചർ വീണ്ടും രവിയുടെ കാര്യം വിശദീകരിച്ചിരിക്കുന്നത്. ടീച്ചർ ഉന്നയിക്കുന്ന ഈ പ്രശ്നം മലയാളസാഹിത്യത്തിലെ പുതിയ തലമുറ വായനക്കാരെങ്കിലും  സൂക്ഷ്മമായി പരിശോധിക്കണം. വിജയൻ സൃഷ്ടിച്ച നൂതനമായ സൗന്ദര്യപ്രഭാവത്താൽ കാഴ്ചയ്ക്കു മങ്ങലേറ്റതുകൊണ്ട് മുൻതലമുറകളിലെ വായനക്കാർക്ക് അതിനു സാധിച്ചില്ല. ഇനിയങ്ങോട്ട്  ഖസാക്കിനെ നമ്മൾ സ്നേഹത്തിന്റെ കണ്ണിലൂടെയല്ലാതെ വായിക്കാൻ ശ്രമിക്കണം. 


അനിൽകുമാർ എഴുതിയ ഓരോ കഥയുടെയും കാതലിലേക്കുകടന്ന് അവയെ സമഗ്രസ്പർശിയായി വിശദീകരിക്കാനാണ് എം.ലീലാവതി ഈ പുസ്തകത്തിൽ ശ്രമിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ കഥാലോകം അർഹിക്കുന്ന പ്രാധാന്യത്തോടെ വായിക്കപ്പെട്ടില്ല എന്ന പരാതി ടീച്ചർക്കുണ്ട്. അതിനായുള്ള ടീച്ചറുടെ  ശ്രമമാണ് ഈ ഗ്രന്ഥം. ഇത്രയും ഗൗരവമായ പഠനം ആ കഥകൾ അർഹിക്കുന്നുണ്ടോ എന്നൊരു ചോദ്യം സ്വാഭാവികമായും വായനക്കാർക്കുണ്ടാവും. അതിനുള്ള ഉത്തരം വായനക്കാർ  തേടേണ്ടത് അനിൽകുമാറിന്റെ കഥകളിലാണ്. (കഥാപർവ്വം – എം .ലീലാവതി. ജി.വി. ബുക്സ് തലശ്ശേരി)


കാനേറ്റി റീഡർ


1981-ൽ സാഹിത്യത്തിന്നുള്ള നൊബേൽസമ്മാനം നേടിയ ബൾഗേറിയൻ എഴുത്തുകാരനാണ് ഈലിയസ് കാനേറ്റി. Auto Da Fe, Crowds and Power എന്നീ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം കാലത്തിൽ ജീവിക്കുന്നു. The Tongue Set Free, The Torch in My Ear, The Play of the Eyes എന്നങ്ങനെ മൂന്നുഭാഗങ്ങളിലായുള്ള ആത്മകഥയും ഉജ്ജ്വലമായ രചനകളാണ്. ‘ഔട്ടോ ദാ ഫേ’ എന്ന നോവലിലെ പീറ്റർ കീൻ എന്ന പുസ്തക ഭ്രാന്തനായ കഥാപാത്രം എനിക്കേറെ പ്രിയപ്പെട്ടതാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ ഒരു ലൈബ്രറി സ്വന്തമായുണ്ടായിരുന്ന ആ വായനക്കാരൻ ഒരുദിവസം തന്റെ  ഗ്രന്ഥാലയത്തിന് തീകൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നു. പുസ്തകങ്ങളെ അതിരുവിട്ടുപ്രേമിച്ച അദ്ദേഹത്തിന് ജീവിതത്തിൽ പ്രേമം ലഭിച്ചില്ല. അതുകൊണ്ടാണ്  അയാളുടെ ജീവിതത്തിൽ  പ്രകാശമില്ലാതെ പോയത്. പുസ്തകപ്രേമംകൊണ്ടുമാത്രം പൂർത്തിയാക്കാവുന്ന ഒന്നല്ല ജീവിതം എന്ന വലിയ സന്ദേശം ആ നോവൽ പകർന്നുതന്നു. ആൾക്കൂട്ടത്തെയും അധികാരത്തെയും വിശദീകരിക്കുന്ന മികച്ചൊരു ദാർശനിക  രചനയാണ് ‘Crowds and Power’.


1994-ൽ അന്തരിച്ച കാനേറ്റിയെ ഇപ്പോൾ ഓർത്തത്  അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത രചനകളുടെ ഒരു സമാഹാരം ലഭിച്ചതുകൊണ്ടാണ്. ജോഷ്വാ കോഹൻ എഡിറ്റ് ചെയ്ത്  തയ്യാറാക്കിയ  ‘I Want to Keep Smashing Myself Until l Am Whole – An Elias Canetti Reader’ എന്ന ഈ ഗ്രന്ഥത്തിൽ അദ്ദേഹത്തിന്റെ പ്രധാന രചനകളിൽനിന്നുള്ള ഭാഗങ്ങളാണ് ചേർത്തിട്ടുള്ളത്. ഈ വലിയ എഴുത്തുകാരന്റെ ജീവിതത്തെയും രചനകളിലെ ആശയങ്ങളെയും അടുത്തറിയാൻ ഈ സമാഹാരം വഴിയൊരുക്കുന്നു. അദ്ദേഹം പൂർത്തിയാക്കാത്ത ചില കൃതികളിൽനിന്നുള്ള ഭാഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.