സിനിമകളിലെ വയലൻസ് യുവതലമുറയെ സ്വാധീനിക്കുന്നുവോ? – അഡ്വ. ചാർളി പോൾ

മാറുന്ന സാമൂഹിക സാഹചര്യങ്ങളിലും വ്യക്തിഗത കാരണങ്ങളിലുമുണ്ട് അക്രമങ്ങൾക്കുള്ള പ്രേരണയെങ്കിലും, സിനിമകളിലെ അമിതമായ വയലൻസ് യുവതലമുറയെ തെറ്റായി സ്വാധീനിക്കുന്നുണ്ടോ? ഈ ചോദ്യം കേരള ഹൈക്കോടതിയുടെയും സംസ്ഥാന വനിതാ കമ്മീഷന്റെയും നിയമസഭയുടെയും ചർച്ചകളിൽ സജീവമാണ്. ഈ ലേഖനത്തിൽ, സിനിമയിലെ അക്രമരംഗങ്ങൾ കുട്ടികളെയും യുവാക്കളെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിവിധ ഉദാഹരണങ്ങളിലൂടെയും വിദഗ്ധോപദേശങ്ങളിലൂടെയും വിശകലനം ചെയ്യുന്നു. കൂടാതെ സിനിമ ഒരു സാംസ്കാരിക ഉൽപന്നം എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്വം എന്തായിരിക്കണം എന്നും, യുവതലമുറയെ സംരക്ഷിക്കാൻ സിനിമയ്ക്ക് എന്തുചെയ്യാൻ കഴിയും എന്നും ചർച്ചചെയ്യുന്നു.
മാറിയ സാമൂഹികസാഹചര്യങ്ങൾ, ധനാർത്തി, പക, കുടുംബകലഹം, മദ്യാസക്തി, മയക്കുമരുന്നുകൾ എന്നിവയാണ് മിക്ക അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പിന്നിലെങ്കിലും വയലൻസ് നിറഞ്ഞ സിനിമയും കുറ്റകൃത്യങ്ങൾക്ക് പ്രേരകമാകുന്നുണ്ട്. സിനിമകളിൽ അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നുണ്ടെന്നും അക്രമവാസനകളെ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. സിനിമയിലെ അക്രമരംഗങ്ങൾ ഒഴിവാക്കാൻ പുതിയ സിനിമാനയത്തിൽ വ്യവസ്ഥകളുണ്ടാകണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന വനിതാ കമ്മീഷൻ നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
2004 റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചലച്ചിത്രമാണ് ‘ദൃശ്യം’. ഒരു കൊലപാതകത്തിന്റെയും പ്രത്യേകതരീതിയിലുള്ള തെളിവ് നശിപ്പിക്കലിന്റെയും കഥപറയുന്ന ചിത്രം റിലീസ് ആയതിനുശേഷം മാധ്യമങ്ങൾ “ദൃശ്യം മോഡൽ” എന്ന വിശേഷണം നൽകിയ കൊലപാതകങ്ങൾ നിരവധിയാണ് നടന്നത്. ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും അക്രമങ്ങളിലേക്കും കാഴ്ചക്കാരെയും വായനക്കാരെയും നയിച്ചിട്ടുള്ള സിനിമകൾക്കും രചനകൾക്കും ലോകവ്യാപകമായി നിരവധി ഉദാഹരണങ്ങളുണ്ട്.
കഴിഞ്ഞദിവസം കേരള നിയമസഭയിൽ അക്രമസിനിമകൾ വിമർശനവിധേയമായപ്പോൾ “ആവേശം” എന്ന സിനിമയെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചു: “എടാ മോനെ” എന്ന വിളി കേട്ട് ഗുണ്ടകളുടെ ആരാധകരായി ചില കുട്ടികൾ മാറിയതിനെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ടിനെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഹൈദരാബാദിൽനിന്നുള്ള സ്കൂൾ അധ്യാപിക അവിടത്തെ വിദ്യാഭ്യാസ കമ്മീഷനു മുന്നിൽ സംസാരിക്കവേ നടത്തിയ വെളിപ്പെടുത്തലുകൾ മാധ്യമങ്ങൾ ചർച്ചചെയ്തിരുന്നു. ‘പുഷ്പ’ എന്ന തെലുങ്ക് സിനിമ തന്റെ സ്കൂളിലെ പകുതി കുട്ടികളെയെങ്കിലും വളരെ മോശമായി സ്വാധീനിച്ചു എന്നാണവർ പറഞ്ഞത്. തോന്നിയപോലെ നടക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവരായി വിദ്യാര്‍ഥികൾ മാറി.
പാലായിലെ ഒരു സ്വകാര്യ സ്കൂളിൽ ‘പുഷ്പ’ എന്ന തമിഴ് സിനിമയിൽ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങൾ അനുകരിച്ച് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ അതേ ക്ലാസിലെ ഏഴു സഹപാഠികൾചേർന്ന് നഗ്നനാക്കുകയും അതിന്റെ വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. 2025 ജനുവരി 10-ന് ആദ്യം നഗ്നനാക്കി. വീണ്ടും നഗ്നനാക്കിയപ്പോഴാണ് കുട്ടി അധ്യാപികയോട് പരാതിപ്പെട്ടത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
“മലയാളത്തിലെ ഏറ്റവും വയലൻസുള്ള ചിത്രം” എന്ന അവകാശവാദവുമായി എത്തിയ ‘മാർക്കോ’ എന്ന ചലച്ചിത്രം തിയേറ്ററുകളിൽ വലിയ പ്രദർശനവിജയം നേടിയിരുന്നു. ആഴ്ചകളോളം ഹൗസ്ഫുള്ളായി പ്രദർശിപ്പിച്ച, നിഷ്ഠൂരമായ കൊലപാതക പരമ്പരകൾകൊണ്ടു നിറഞ്ഞ ഈ ചലച്ചിത്രത്തിന്റെ കാണികളായി കയറിയവരിൽ ഏറിയപങ്കും പ്ലസ് ടു, കോളെജ് വിദ്യാർഥികളും യുവജനങ്ങളുമായിരുന്നു. “വയലൻസിന്റെ നരകത്തിലേക്ക് സ്വാഗതം”എന്ന രീതിയിലാണ് ചില സിനിമകൾ അവതരിപ്പിക്കപ്പെടുന്നത്.” “കയറുന്നത് തിയേറ്ററിലേക്ക് ആണെങ്കിലും ഇറങ്ങുന്നത് ഇറച്ചി കടയിൽ നിന്നാണെന്ന പ്രതീതി പ്രേക്ഷകരിൽ സിനിമകൾ സൃഷ്ടിക്കരുത്” എന്നു പറഞ്ഞത് കേരളചലച്ചിത്ര അക്കാദമി ചെയർമാനും സിനിമ നടനുമായ പ്രേംകുമാർ ആണ്.
‘മാർക്കോ’ സിനിമ ടി.വി ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി പിന്നീട് നിഷേധിച്ചു. ഒ.ടി.ടിയിൽനിന്ന് സിനിമ പിൻവലിക്കണമെന്നും ശുപാർശചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ പ്രാദേശിക ഓഫീസിന്റേതാണ് നടപടി.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന, പെരുമാറ്റ-മാനസിക പ്രശ്നങ്ങളുള്ള, ചെറുപ്പത്തിലെ ക്രൂരതകൾ നേരിടേണ്ടി വന്നിട്ടുള്ള ആളുകളെ സംബന്ധിച്ചു വയലൻസ് സിനിമകൾ അവരുടെ ഉള്ളിലുള്ള ദൗർബല്യത്തെയോ പേടിയെയോ ട്രിഗർ ചെയ്യും. അസ്വസ്ഥതയും വിഭ്രാന്തിയും അവരിൽ ജനിപ്പിക്കും. അത് കുറ്റകൃത്യങ്ങൾക്ക് കാരണമായേക്കാം.
കൊറിയൻ-ജാപ്പനീസ് സീരിസുകളിലെയും സമീപകാല സിനിമകളിലെയും രക്തംചിന്തുന്ന രംഗങ്ങൾ പ്രത്യേക ആവേശമാണ് കുട്ടികളിലുണ്ടാക്കിയത്. ഇത്തരം സീരിസുകൾ പതിവായി കണ്ട്, രക്തം കാണുന്നതിനോടൊ അത്തരം ദൃശ്യങ്ങളോടോ കുട്ടികൾക്ക് പേടി ഇല്ലാതാകുന്നു. സിനിമകളിലെ വയലൻസ് തുടർച്ചയായി കാണുന്നത് അതിനോടുള്ള അറപ്പും മറ്റു വികാരങ്ങളും ഇല്ലാതാക്കുകയും അത് സാധാരണവൽക്കരിക്കപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. നിരന്തരം വയലൻസുകളുടെയും ദുരന്തങ്ങളുടെയും വാർത്തകൾ കേൾക്കുന്നവരിലും കാണുന്നവരിലും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) കൂടുന്നു എന്നും പഠനങ്ങൾ ഉണ്ട്.
മനസ്സിനെ രമിപ്പിക്കുന്നതാണ് കല. അക്രമചിത്രങ്ങൾ യഥാർഥത്തിൽ മനസ്സിനെ രമപ്പിക്കുക മാത്രമല്ല, വിഭ്രാന്തമാക്കുകകൂടി ചെയ്യുന്നുണ്ട്. അപക്വമനസ്സുകളെ അതു തീർച്ചയായും സ്വാധീനിക്കും. അക്രമം സ്വാഭാവികമാണെന്ന തോന്നൽ കുട്ടികൾക്ക് ഉണ്ടാകാം. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ തെറ്റില്ലെന്നൊരു മനോഭാവത്തിലേക്ക് അവരെ നയിച്ചേക്കാം.
എന്തും ഏതും അനുകരിക്കാനുള്ള പ്രവണത കൗമാരക്കാർക്കുണ്ട്. കൊല്ലുന്നതും അക്രമം കാട്ടുന്നതുമെല്ലാം ലാഘവത്തോടെ കണ്ട് അത് അനുകരിക്കാൻ മടിയില്ലാത്ത ഒരു തലമുറയാണ് ഇത്തരം സിനിമകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
കുറ്റകൃത്യങ്ങളിൽപ്പെട്ട പ്രതികളിൽ ഭൂരിഭാഗം പേരുടെയും മൊബൈലുകളിൽ ഓൺലൈൻ ഗെയിമുകൾ കാണാം. ഇതിലും വയലൻസ് ആണ് പ്രധാനം. നിരാശ, ഭയം, പക തുടങ്ങിയ വികാരങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നവരിൽ അക്രമദൃശ്യങ്ങൾ ദുഃസ്വാധീനം ഉണ്ടാക്കിയേക്കാം. അക്രമത്തിന്റെ അനുപാതരഹിതമായ ഈ ആവിഷ്കാരം സമൂഹത്തിൽ ദുരന്തമാണ് വിതയ്ക്കുന്നത്.
വിനോയ് തോമസിന്റെ “കളിഗെമിനാറിലെ കുറ്റവാളികൾ” എന്ന കഥയെ ആധാരമാക്കി ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിർവഹിച്ച ചിത്രമാണ് ചുരുളി. ഈ സിനിമയിലെ ഭാഷ ഭീകരം മാത്രമല്ല, കേട്ടാൽ അറയ്ക്കുന്ന പ്രയോഗങ്ങൾ കൂടിയാണ്. സിനിമയുടെ നിർമതിയിൽ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്കൃത വസ്തുവാണ് തെറി ഭാഷ. വഷളൻവാക്കുകളിലൂടെ വിസർജ്യംവർഷിച്ച സിനിമയാണിത്. ലൈംഗികച്ചുവയുള്ള അധമപ്രയോഗങ്ങളും അസഭ്യതയും വാരിവിതറി. സിനിമ കല എന്നതിനോടൊപ്പം ഒരു സാംസ്കാരികോൽപ്പന്നം കൂടിയാണ്. “സംസ്കാരം എന്ന വാക്കിനര്‍ഥം അപരനെക്കുറിച്ചുള്ള കരുതൽ” എന്നാണ്. ഈ കരുതലില്ലായ്മ ഇന്നത്തെ സിനിമകളിൽ വ്യാപകമായി കാണാം. ചുരുളി എന്ന സിനിമ സാംസ്കാരിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചശേഷം യുവാക്കൾ തെറി ഭാഷയാണ് ഉപയോഗിക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത “ഇടുക്കി ഗോൾഡ്” കഞ്ചാവിനെ മഹത്വവൽക്കരിക്കുകയായിരുന്നു.”സൂക്ഷ്മദർശിനി” എന്ന ഹിറ്റ് ചിത്രം നോക്കൂ, കുടുംബത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ വേണ്ടി മകളെ കൊല്ലാൻ മകനോട് ആവശ്യപ്പെടുകയും മൃതദേഹം കഷണങ്ങളായി മുറിച്ച് രാസലായിൽ ലയിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രം. ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുന്ന വിധത്തിൽ കുടുംബചിത്രങ്ങൾ പോലും മാറിയിരിക്കുന്നു. “പണി “എന്ന സിനിമ കോഴിയെക്കൊല്ലുന്ന ലാഘവത്തോടെ കൊട്ടേഷൻ കൊലകൾ നടത്തുന്ന രണ്ട് യുവാക്കളുടെ കഥയാണ്. രജനീകാന്തിന്റെ ജയിലർ സിനിമയിലും ക്രൂരതയുടെ നവീന ആവിഷ്ക്കാരം കാണാം.
“വെർതർ എഫക്റ്റ്”എന്നൊരു സംഗതിയെപ്പറ്റി കേട്ടിട്ടുണ്ട്. 1774-ൽ പുറത്തിറങ്ങിയ ‘ദി സോറോസ് ഓഫ് യങ് വെർതർ” എന്ന നോവലിൽനിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. നോവലിൽ വെർതർ എന്ന യുവാവിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. പക്ഷേ, പല കാരണംകൊണ്ടും അയാൾക്ക് അവരെ കല്യാണം കഴിക്കാൻ പറ്റാതെ വരികയും അതിന്റെ വിഷമത്തിൽ വെർതർ സ്വയം ജീവനൊടുക്കുകയുംചെയ്യുന്നു. യൂറോപ്പിൽ ഈ നോവൽ ഇറങ്ങിയശേഷം ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. ചിലർ മരിക്കുമ്പോൾ വെർതറിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്നു. ചിലർ വെർതർ ചെയ്തതു പോലെ സ്വന്തം ജീവനെടുക്കാൻ പിസ്റ്റൾ ഉപയോഗിച്ചു. ചിലർ മരണസമയത്ത് പുസ്തകത്തിന്റെ ഒരു കോപ്പി കൈയിൽ കരുതി. അങ്ങനെ നിരവധിപേരുടെ ആത്മഹത്യയ്ക്ക് ഈ പുസ്തകം കാരണമായി എന്നതിന് തെളിവുകളുണ്ട്. ഒടുവിൽ യൂറോപ്പിൽ ഈ പുസ്തകം നിരോധിക്കേണ്ടിവന്നു. ഒരു നോവലിനും അതിലെ കഥാപാത്രത്തിനും ഇത്രയധികം സ്വാധീക്കാൻ കഴിയുമെങ്കിൽ സിനിമപോലുള്ള ദൃശ്യമാധ്യമങ്ങൾക്ക് അവയിൽ ദൃശ്യവൽക്കരിക്കുന്ന ,അക്രമങ്ങൾക്ക് എത്ര മടങ്ങ് സ്വാധീനശക്തിയുണ്ടാകും.
സമൂഹത്തിൽ വലിയ ശക്തിസ്വാധീനമുള്ള മാധ്യമമാണ് സിനിമ. സിനിമയിൽക്കാണുന്ന പലതും കൗമാരക്കാർ ജീവിതത്തിലേക്ക് പകർത്തും; അനുകരിക്കും. ഹീറോയുടെ ഹെയർസ്റ്റൈൽ, വസ്ത്രം, വാഹനം, ആഭരണങ്ങൾ ഇതൊക്കെ കുട്ടികൾ വ്യക്തിജീവിതത്തിൽ അനുകരിക്കുന്നു. നമ്മൾ അതിന് സാക്ഷികളാണ്. ഈ സാഹചര്യത്തിൽ സിനിമ കുട്ടികളെ സ്വാധീനിക്കുന്നില്ല എന്നു പറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാൻ ആകില്ല.
ക്രൂരതകളെ ആഘോഷമാക്കി മാറ്റുന്ന പ്രവണത കുട്ടികളിൽ വർധിക്കുന്നതിൽ അക്രമസിനിമകൾക്ക് പങ്കുണ്ട്. വയലൻസ് രംഗങ്ങൾ കാണുമ്പോൾ ഹിംസയോടുള്ള അഭിനിവേശം കൂടുകയാണ്. മഹത്വവൽക്കരിക്കപ്പെട്ട പൗരുഷം പൂർണമാകാൻ അക്രമശക്തി പുറത്തെടുക്കണമെന്ന തോന്നലിലാണ് ഇന്നത്തെ യുവതലമുറ. സിനിമകളിലൂടെ എന്തും പച്ചയായി സമൂഹത്തിലേക്ക് പ്രദർശിപ്പിക്കരുത്. വയലൻസ് ആഘോഷിക്കപ്പെടുകയോ ന്യായീകരിക്കപ്പെടുകയോ ചെയ്യരുത്. ഗ്ലോറിഫൈ ചെയ്യപ്പെടുന്ന, സ്വാഭാവികവൽക്കരിക്കപ്പെടുന്ന ഏതു സംഗതിയും കുട്ടികളിൽ “അതാണ് ശരി” എന്നോ അല്ലെങ്കിൽ “അതിലൊന്നും വലിയ തെറ്റില്ല” എന്നോ ഒക്കെ ഉള്ള കാഴ്ചപ്പാടുണ്ടാക്കും. അത് സ്വഭാവരൂപവല്‍ക്കരണത്തിൽ പ്രതിഫലിക്കുകയും ചെയ്യും.
ഇനി ലഹരി ഉപയോഗത്തെക്കുറിച്ച് സിനിമയിൽ പരാമർശിക്കണമെങ്കിൽ അതിന് പരോക്ഷമായ എത്രയോ വഴികൾ നമ്മുടെ മുന്നിലുണ്ട്. പഞ്ചാബിൽ സിനിമകളെക്കാൾ ആൽബം സോങ്ങുകളാണ് യുവജനങ്ങളിൽസ്വാധീനം ചെലുത്തിയിരുന്നത്. പാട്ടുകൾ പലതും ലഹരി ഉപയോഗത്തെ വാഴ്ത്തിപാടുന്നതായിരുന്നു. പഞ്ചാബ് ഗവർണർ അധ്യക്ഷത വഹിച്ച ഒരു സെമിനാറിൽ അവിടുത്തെ ഒട്ടേറെ ഗായകർ പങ്കെടുത്തു. തങ്ങളുടെ പാട്ടുകളിലെ വരികളിൽ ലഹരിയെക്കുറിച്ചു പരാമർശിക്കുന്ന വരികൾ ഒഴിവാക്കുമെന്ന് അവർ അന്ന് പ്രതിജ്ഞയെടുത്തു. പാട്ടുകളിൽ ലഹരിയെയും അക്രമവാസനയെയും പ്രോത്സാഹിപ്പിക്കുന്ന വരികൾ ഒഴിവാക്കണമെന്ന് ചണ്ഡിഗഡ് ബാലവകാശ കമ്മീഷനും ഉത്തരവിറക്കി. ഇതിന്റെ ഫലമായി പ്രമുഖ പഞ്ചാബി ഗായകനായ ദിൽജിത്ത് ദൊസാഞ്ഞ് ചണ്ഡിഗഡിലും തെലങ്കാനയിലും നടത്തിയ പരിപാടികളിൽ പാട്ടിന്റെ വരികൾ മാറ്റേണ്ടിവന്നു.
1823-ല്‍ സ്ഥാപിതമായ പ്രശസ്ത വൈദ്യശാസ്ത്ര മാസികയാണ് “ലാൻസെറ്റ്”. അവരുടെ 2020-ലെ ഒരു എഡിറ്റോറിയൽ ലേഖനത്തിൽ ഹിംസയെക്കുറിച്ചും സിനിമയിലും ടി.വിയിലും അക്രമങ്ങൾ കാണുന്ന കുട്ടികളിലും യുവാക്കളിലും അവ ഉണർത്തിയേക്കാവുന്ന ദോഷങ്ങളെക്കുറിച്ചും ചില നിരീക്ഷണം ഉണ്ട് .കുട്ടികൾ അക്രമദൃശ്യങ്ങൾ കാണുന്നത് അവരെ കൂടുതൽ അക്രമവാസനയുള്ളവരാക്കി തീർക്കും. ഇത് അവരുടെ യൗവനകാലത്തിലേക്കും തുടർന്നും പിന്തുടർന്നേക്കാം. അക്രമദൃശ്യങ്ങൾ കാണുന്നത് ഒരു വ്യക്തിയെ കൂടുതൽ ഉപദ്രവകാരിയാക്കിയേക്കാം. മാധ്യമങ്ങളിലെ അക്രമദൃശ്യങ്ങൾ, വ്യക്തികളെ, നിത്യജീവിതത്തിലെ അക്രമങ്ങളോടും പ്രതികരിക്കാത്തവരാക്കി മാറ്റുന്നു. സ്ക്രീൻ വയലൻസ് കാണുന്നത് വ്യക്തികളുടെ മാനസികാരോഗ്യത്തെ ക്ഷതപ്പെടുത്തിയേക്കാം. പെരുമാറ്റരീതികളെയും നിലപാടുകളെയും സ്വാധീനിച്ചേക്കാം. മനുഷ്യത്വത്തെയും മാനുഷികമൂല്യങ്ങളെയും വളർത്തുന്ന കലാപ്രവർത്തനമാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഏതൊരു ഹിംസ എടുത്തു പരിശോധിച്ചാലും ഒറ്റ കാരണമല്ല ഉള്ളതെന്ന് മനസ്സിലാകും. “മൾട്ടി ഫാക്റ്റോറിയൽ” ആണ് ഹിംസകൾ. മൊബൈൽ ഫോൺ അഡിക്ഷൻ, അവയിൽ വരുന്ന സെൻസർ ചെയ്യപ്പെടാത്ത കണ്ടന്റുകൾ, വാർത്തകളിലും സിനിമകളിലും നിറയുന്ന വയലൻസ്, ഇവയിൽനിന്ന് ശരിയും തെറ്റും വേർതിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥ, ഇതിലൊന്നും കാര്യമായ നിയന്ത്രണമില്ലാത്ത മാതാപിതാക്കൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ വയലൻസിന്റെ പിന്നിലുണ്ട്. കോവിഡ്കാലം ഒരുതരം തടവിലൂടെ കടന്നുപോയവരാണ് നമ്മുടെ കുട്ടികൾ. സാമൂഹികജീവിതം നിഷേധിക്കപ്പെട്ട്, ഒറ്റപ്പെട്ട് ഫോണിനടിമയായ ഈ കാലത്തെ അരക്ഷിതാവസ്ഥ കുട്ടികളുടെ തലച്ചോറിനെ ബാധിച്ചിട്ടുണ്ടാകും.
വികലമായ മനസ്സിന്റെ ഉടമകൾ ഒരു ചെറിയ ശതമാനം എന്നും സമൂഹത്തിലുണ്ട്. ഇവർ നിയമവിരുദ്ധരും സഹാനുഭൂതിയോ മൂല്യബോധമോ ഇല്ലാത്തവരും ആയിരിക്കും. മറ്റുള്ളവരെ വേദനിപ്പിക്കാനും അതിൽ ആഹ്ലാദവും സംതൃപ്തിയും ഒരുതരം ലഹരിയും കണ്ടെത്തുന്ന സാഡിസ്റ്റിക് പ്രവണത ഉള്ളവരാണ് ഇവർ. മനഃശാസ്ത്രത്തിൽ “സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ” എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് .മറ്റു ചിലർ “സാമൂഹികവിരുദ്ധ മനോവൈകല്യം” ഉള്ളവരാണ്. ഇക്കൂട്ടർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല. പ്രവൃത്തികളിൽ അല്പംപോലും കുറ്റബോധവും ഇക്കൂട്ടർ പ്രകടിപ്പിക്കില്ല. ഇത്തരം മാനസികാവസ്ഥയുടെ കൂടെ, മദ്യം, മയക്കുമരുന്ന്, വയലൻസ് ഉള്ള സിനിമകൾ എന്നിവ ചേരുമ്പോൾ വിനാശകരമായ പ്രവർത്തനങ്ങളുടെ ഇന്ധനമായി അത് പ്രവർത്തിക്കും.
പല ഘടകങ്ങളുടെ സ്വാധീനത്താൽത്തന്നെ മനക്കരുത്തും വൈകാരികോജസ്സും വലിയ തോതിൽ കൈമോശം വന്ന ഇളം തലമുറയാണ് ഇവിടെയുള്ളത്. അവർക്ക് മുന്നിലേക്ക് പരിധിയില്ലാത്ത അക്രമത്തിന്റെ കാഴ്ചകൾകടത്തിവിടുന്നതിനെപ്പറ്റി സിനിമാസമൂഹം ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. എല്ലാ കുറ്റവും സിനിമക്കാരുടേത് എന്ന ‘വിധിവാക്യം’ ഇവിടെ ആരും ഉയർത്തുന്നില്ല.മാനസികാരോഗ്യവും മൂല്യചോദനകളുമുള്ള മനസ്സിനെ രൂപപ്പെടുത്താൻ’ സിനിമയിലൂടെ സാധിക്കും. ചില അതിർവരമ്പുകൾ നിശ്ചയിച്ച് മുന്നോട്ട് പോകണം. ലഹരി, ആക്രമണ പ്രവണതകളിൽനിന്ന് യുവതലമുറയെ മോചിപ്പിക്കാനും അവരെ സമൂഹജീവികൾ ആക്കി മാറ്റാനുമുള്ള പോരാട്ടത്തിൽ സിനിമാക്കാർക്കും കൈകോർക്കാം.
(അഭിഭാഷകനും ട്രെയ്നറും മെന്ററുമായ ലേഖകൻ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മികച്ച ലഹരിവിരുദ്ധ പ്രവർത്തകനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം, കെ.സി ബി സി അവാർഡ്, പ്രൊഫ. എം.പി മന്മഥൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വക്താവുമായിരുന്നു. 9847034600 advcharlypaul@gmail.com)