പുതിയകാല ആസക്തികൾ -ഡോ.അരുൺ ബി നായർ

ലഹരിയുടെ കഥകൾ
ആധുനിക തലമുറയിൽപ്പെട്ട കൗമാരക്കാരും ചെറുപ്പക്കാരും രാസലഹരികൾ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി ഇപ്പോള്‍ സമൂഹത്തിന്റെ വിവിധ കോണിൽനിന്നുയരുന്നുണ്ട്. രാസലഹരികളുടെ സ്വാധീനത്തിൽപ്പെട്ട പരിധിവിട്ട അക്രമങ്ങൾക്ക് ചെറുപ്പക്കാർ തയ്യാറാകുന്നതും വാർത്തയാകുന്നുണ്ട്. എന്തുകൊണ്ട് മുൻകാലങ്ങളെ അപേക്ഷിച്ച് രാസലഹരികളുടെ ഉപയോഗം സമൂഹത്തിൽ വര്‍ധിച്ചുവരുന്നു? സമൂഹത്തിൽ അക്രമങ്ങൾ വർധിച്ചുവരുന്നതിന്റെ പിന്നിൽ ഈ ലഹരിവസ്തുക്കളുടെ സ്വാധീനം എത്രത്തോളം ഉണ്ട്?
സ്വതന്ത്ര ഇന്ത്യയുടെ 77 വർഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റിനോടൊപ്പം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്ന എക്കണോമിക് സർവേയിൽ മാനസികാരോഗ്യത്തിന്റെ പ്രസക്തി ഇത്തവണ ഊന്നി പറഞ്ഞിരിക്കുന്നു. തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വ്യക്തിയുടെ കാര്യക്ഷമത കുറയ്ക്കാനും ആ വ്യക്തി ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉത്പാദനക്ഷമത കുറയാനും അതുവഴി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥിതി തകരാനും കാരണമാകുന്നു എന്ന നിരീക്ഷണമാണ് സർവേയിൽ സ്ഥാനംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യയിൽ 10.69% പേർ ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ് എന്ന നിരീക്ഷണവും ഇതിൽ ഉണ്ട്. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും സ്വഭാവത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന വിശദമായ വിവരണവും സർവേയിൽ പരാമർശവിഷയമായിട്ടുണ്ട്. മൊബൈലിന്റെയും മറ്റു ദൃശ്യ-ഡിജിറ്റൽ മാധ്യമങ്ങളുടെയും അമിതോപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവ്, അമിതവികൃതി, എടുത്തുചാട്ടസ്വഭാവം, അക്രമവാസന എന്നിവ വര്‍ധിപ്പിക്കുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സ്വഭാവ സംബന്ധമായ ആസക്തി
ലഹരി അടിമത്തംപോലെത്തന്നെ യുവതലമുറയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു അടിമത്തമാണ് “സ്വഭാവ സംബന്ധമായ അടിമത്തം” (behavioral addiction). ഒരു പ്രവൃത്തിചെയ്യുകയും അതിൽനിന്ന് ലഭിക്കുന്ന ആനന്ദം അതേ അളവിൽ ലഭിക്കാനായി അത് ആവർത്തിച്ചുചെയ്യുകയും ക്രമേണ ദിവസത്തിന്റെ കൂടുതൽ നേരം ഈ പ്രവൃത്തി അപഹരിക്കുകയും ഇതു ചെയ്യാതിരുന്നാൽ തീരെ സന്തോഷം കിട്ടാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെയാണ് സ്വഭാവസംബന്ധമായ അടിമത്തം എന്നു വിശേഷിപ്പിക്കുന്നത്. മൊബൈൽഫോൺ ഉപയോഗിച്ചുതന്നെ കാർട്ടൂൺ, ഓൺലൈൻ ഗെയിമുകൾ, ഡേറ്റിംഗ് ആപ്പുകൾ, സാമൂഹിക മാധ്യമങ്ങൾ, അശ്ലീല സൈറ്റുകൾ എന്നിവ കാണുകയും അതൊരു അടിമത്തമായി മാറുകയുംചെയ്യുന്ന സ്ഥിതിവിശേഷം നമ്മുടെ സമൂഹത്തിൽ വ്യാപകമായി ഉണ്ട്. ഇവയുടെ ഉപയോഗത്തിന്റെ സമയം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ഇതൊരു അടിമത്തമായി മാറുകയും അത് നിത്യജീവിതത്തിൽ പഠനത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുകയുംചെയ്യുന്ന സ്ഥിതിവിശേഷം സംജാതമാകും. പിന്നീട് ഇവ കാണാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോൾ എടുത്തുചാടിയുള്ള പ്രതികരണങ്ങളും അക്രമവാസനയും പ്രകടമാകാനുള്ള സാധ്യതയും ഏറെയാണ്. മൊബൈൽ കാണാൻ അവസരം നിഷേധിച്ചതുമൂലം ആത്മഹത്യചെയ്ത കൗമാരപ്രായക്കാരനും ഓൺലൈൻ ഗെയിം കാണാൻ തടസ്സം സൃഷ്ടിച്ച മാതാവിനെ തലയ്ക്കടിച്ചുകൊന്ന യുവാവുമൊക്കെ ആധുനിക കേരളസമൂഹത്തിന്റെ നേർക്കാഴ്ചകളാണ്.
ലഹരി ഉപയോഗിക്കുന്ന വ്യക്തികളിൽ ഉണ്ടാകുന്നതിനു സമാനമായ മസ്തിഷ്കവ്യതിയാനങ്ങളാണ് സ്വഭാവസംബന്ധമായ അടിമത്തം ഉള്ളവരിലും കണ്ടുവരുന്നത്.
ഡോപ്പമിന്റെ വിളയാട്ടങ്ങൾ
മനുഷ്യനെയും മൃഗങ്ങളെയും തമ്മിൽ വ്യത്യസ്തരാക്കുന്നത് നമ്മുടെ തലച്ചോറിന്റെ മുൻഭാഗത്ത് നിലനിൽക്കുന്ന പ്രീ ഫ്രോണ്ടൽ കോടെക്സ് എന്ന ഭാഗമാണ്. മനുഷ്യന്റെ ആത്മനിയന്ത്രണത്തിന്റെയും ആസൂത്രണശേഷിയുടെയും ശ്രദ്ധയുടെയും ഒക്കെ കേന്ദ്രമാണ് ഈ ഭാഗം. ഈ ഭാഗത്ത് നിലനിൽക്കുന്ന ഡോപ്പമെൻ എന്ന രാസവസ്തുവാണ് നമുക്ക് ആനന്ദം ലഭിക്കുന്നതിന് അടിസ്ഥാനമാകുന്നത്. വ്യായാമം ചെയ്യുമ്പോഴും, സംഗീതം കേൾക്കുമ്പോഴും സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുമ്പോഴും ഒക്കെ തലച്ചോറിലെ ഡോപ്പമിന്റെ അളവ് ക്രമമായി ഉയർന്ന് ഉച്ചസ്ഥായിയിലെത്തി കുറെനേരം അങ്ങനെ നിന്നശേഷം പതിയെ കുറയും. മേൽ സൂചിപ്പിച്ച പ്രവൃത്തികൾചെയ്യുമ്പോൾ നമുക്ക് ആനന്ദം ഉണ്ടാകാനുള്ള കാരണം ഇതാണ്. എന്നാൽ, ഓൺലൈൻ ഗെയിം കളിക്കുമ്പോഴും ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോഴും തലച്ചോറിലെ ഡോപ്പമിന്റെ അളവ് പൊടുന്നനെ വര്‍ധിക്കുന്നു. അമിതമായ അളവിലേക്ക് ഇതു കൂടുമ്പോൾ പെട്ടെന്ന് ചില പെരുമാറ്റ പ്രശ്നങ്ങൾ പ്രകടമാകുന്നു. നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നതോടെ നാം അക്രമാസക്തരാകുന്നു. മനസ്സിൽ തോന്നുന്ന എന്തു മൃഗീയ വികാരവും ഉടനടി പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്ക് നാം ഈ ഘട്ടത്തിൽ എത്തിച്ചേരുന്നു. ഡോപ്പമിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചാൽ ചെവിയിൽ അശരീരി ശബ്ദങ്ങൾ മുഴങ്ങുന്നതുപോലെയുള്ള മിഥ്യാനുഭവങ്ങളും ആരൊക്കെയോ തന്നെ കൊല്ലാൻ വരുന്നു എന്ന മട്ടിലുള്ള മിഥ്യാവിശ്വാസങ്ങളും പ്രകടമാകുന്നു. അങ്ങനെ ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ തകർത്ത് അയാളെ ചിത്തഭ്രമത്തിലേക്ക് നയിക്കുന്നു.
ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ തലച്ചോറിലെ ഡോപ്പമിന്റെ അളവ് കൂടുമ്പോൾ കിട്ടുന്ന അമിതമായ ആഹ്ലാദമാണ് വീണ്ടുംവീണ്ടും അതുപയോഗിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നത്.
ലഹരി അടിമത്തത്തിന്റെ ലക്ഷണങ്ങൾ
താഴെപ്പറയുന്ന ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഒരു മാസക്കാലം എങ്കിലും തുടർച്ചയായി ഒരാൾ പ്രകടിപ്പിച്ചാൽ അയാൾ ലഹരിവസ്തുവിന് അടിമപ്പെട്ടു എന്ന് സംശയിക്കണം. മദ്യവും പുകയില ഉൽപന്നങ്ങളും കഞ്ചാവും രാസലഹരികളും അടക്കമുള്ള എല്ലാ ലഹരി വസ്തുക്കൾക്കും ഈ മാനദണ്ഡം ബാധകമാണ്.
1.ലഹരിവസ്തു ഉപയോഗിക്കാനുള്ള അധമ്യവും തീവ്രവുമായ ആസക്തി.
2.ലഹരിവസ്തുവിന്റെ അളവും അതുപയോഗിക്കുന്ന സമയവും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ.
3.ആനന്ദാനുഭൂതികൾ ലഭിക്കാൻ ക്രമേണ ഉപയോഗിക്കുന്ന ലഹരിവസ്തുവിന്റെ അളവ് കൂട്ടിക്കൂട്ടി കൊണ്ടുവരേണ്ട സ്ഥിതി.
4.സ്ഥിരമായി ഉപയോഗിക്കുന്ന ലഹരിവസ്തു പൊടുന്നനെ കിട്ടാതെ വരുമ്പോൾ പെട്ടെന്നു പ്രകടമാകുന്ന പിൻവാങ്ങൽ ലക്ഷണങ്ങൾ. ഉറക്കക്കുറവും അമിത ഉത്കണ്ഠയും അമിത ദേഷ്യവും തൊട്ട്, അങ്ങേയറ്റം ഭീകരമായ അക്രമസ്വഭാവവും അപസ്മാരവും സ്ഥലകാലബോധമില്ലായ്മയും ഒക്കെ പിൻവാങ്ങൽ ലക്ഷണങ്ങളാകാം.
5.ലഹരിവസ്തുവിന്റെ ഉപയോഗമല്ലാതെ മറ്റൊന്നും ഈ വ്യക്തിക്ക് ആഹ്ലാദം പകരുന്നില്ല.
6.ലഹരിവസ്തുക്കളുടെ ഉപയോഗം തന്റെ ആരോഗ്യത്തിനും സാമ്പത്തികസ്ഥിതിക്കും തകരാറുണ്ടാക്കുന്നു എന്നു തിരിച്ചറിഞ്ഞിട്ടും അതുപേക്ഷിക്കാൻ കഴിയാത്ത അവസ്ഥ..
കഴിഞ്ഞ തലമുറയിൽപ്പെട്ട ചെറുപ്പക്കാർ മദ്യമോ സിഗരറ്റോ വ്യാപകമായി ഉപയോഗിച്ചിരുന്നപ്പോൾ ആ വസ്തുക്കളുടെ ഗന്ധംമൂലവും അതുപയോഗിക്കുമ്പോൾ ശരീരചലനങ്ങളിലുണ്ടാകുന്ന സവിശേഷമായ മാറ്റങ്ങൾമൂലവും ലഹരി ഉപയോഗിച്ചിരുന്നവരെ തിരിച്ചറിയാൻ മുതിർന്നവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ, ആധുനികയുവത്വം കൂടുതലായി ആശ്രയിക്കുന്ന രാസലഹരികൾ ഉപയോഗിച്ചവരെ പ്രത്യേക ഗന്ധംകൊണ്ടോ മറ്റു ശാരീരിക ലക്ഷണങ്ങൾകൊണ്ടോ തിരിച്ചറിയാൻ സാധ്യമല്ലതന്നെ. പലപ്പോഴും ലഹരി ഉപയോഗത്തെ കൂടുതൽ സങ്കീർണതകളിലേക്ക് തള്ളിവിടുന്നത് ഈ പ്രശ്നമാണ്. എങ്കിലും നിങ്ങളുടെ വീട്ടിലുള്ള ഒരു കൗമാരപ്രായക്കാരൻ ലഹരി ഉപയോഗിക്കുന്നുവെങ്കിൽ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. അടിസ്ഥാനസ്വഭാവത്തിൽ പൊടുന്നനെ ഒരു മാറ്റം വരുകയാണെങ്കിൽ തീർച്ചയായും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരം വല്ലാതെ മെലിഞ്ഞുവരിക, വിശപ്പില്ലായ്മയും ഉറക്കക്കുറവും അനുഭവപ്പെടുക, ശബ്ദങ്ങളോട് അസഹിഷ്ണുത തോന്നുക, പെട്ടെന്ന് പൊട്ടിത്തെറിക്കുക, മുതിർന്നവർക്ക് മുഖംതരാതെ ഇരിക്കുക,, പകൽസമയത്ത് കിടന്നുറങ്ങുക, കണ്ണുകൾ ചുമന്നിരിക്കുക, ശരീരത്തിൽ പലയിടത്തായി മുറിപ്പാടുകൾ പ്രത്യക്ഷപ്പെടുക എന്നിവയൊക്കെ ലഹരി ഉപയോഗത്തിന്റെ സൂചനകൾ ആകാം. പഴയ കൂട്ടുകാർ അപ്രത്യക്ഷമാവുകയും പുതിയ ചില കൂട്ടുകാർ പ്രത്യക്ഷപ്പെടുകയും ചെയ്യാം. പലപ്പോഴും പ്രായത്തിൽ വളരെ മുതിർന്ന ഈ കൂട്ടുകാരെക്കുറിച്ച് വീട്ടുകാരോട് തുറന്നുപറയാൻ കുട്ടികൾ മടിക്കും പുതിയ കൂട്ടുകാരോടൊപ്പം എങ്ങോട്ട് പോകുന്നു തുടങ്ങിയ കാര്യങ്ങളും ഗോപ്യമായിവയ്ക്കും വീട്ടിൽനിന്ന് കൊടുക്കാതെ തന്നെ കുട്ടികളുടെ കൈയിൽ പണം കാണപ്പെടുന്നുവെങ്കിൽ അതും സംശയം വർധിപ്പിക്കേണ്ട ഒരു സൂചനതന്നെയാണ്.
എന്താണ് പരിഹാരം?
യുവതലമുറ ലഹരിയിലേക്ക് അടുക്കുന്നതിന് ഒട്ടേറെ സാമൂഹികമായ കാരണങ്ങളുണ്ട്. അമിതമായി ഡിജിറ്റൽ ഉപയോഗംമൂലം സംഭവിച്ച സാമൂഹികവിച്ഛേദനം, ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്ന സൗകര്യം മൂലം ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ക്ഷണനേരം സാധിക്കുന്നതുമൂലം മനസ്സിൽത്തോന്നുന്ന ആഗ്രഹങ്ങൾ സാധിക്കാതെ വരാം എന്ന സാധ്യതയുമായി തലച്ചോറിന് പൊരുത്തപ്പെടാൻ സമയം കിട്ടാതെ വരുന്നതുമൂലം സ്വഭാവത്തിൽ പൊതുവേ വര്‍ധിച്ചുവരുന്ന അക്ഷമയും എടുത്തുചാട്ടവും, കൗമാരപ്രായക്കാരോട് സംസാരിക്കാൻ മാതാപിതാക്കൾക്ക് സമയമില്ലാത്തതുമൂലം ഉണ്ടാകുന്ന വൈകാരികനിരാസം എന്നിവയൊക്കെ കുട്ടികളെ ലഹരിയിലേക്ക് അടുപ്പിക്കാൻ സാധ്യതയുള്ള സാമൂഹിക ഘടകങ്ങൾ തന്നെയാണ്. സിനിമകളിലും സീരീസുകളിലും സാമൂഹികമാധ്യമങ്ങളിലും ഒക്കെ ലഹരി ഉപയോഗത്തെയും അക്രമത്തെയും ആഘോഷിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നതും കുട്ടികളുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കും. മാധ്യമങ്ങളിൽക്കാണുന്ന ഇത്തരം രംഗങ്ങൾ എന്തുകൊണ്ട് അനാരോഗ്യകരമാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കാൻ മുതിർന്നവർക്ക് കഴിയാതെ വരുന്നതോടെ ദുരന്തം പൂർണമാകുന്നു.
പലപ്പോഴും നാലു കാരണങ്ങൾകൊണ്ടാണ് കൗമാരപ്രായക്കാർ ലഹരി ഉപയോഗം ആരംഭിക്കുന്നത്. എന്താണ് ഈ ലഹരിവസ്തു എന്നറിയാനുള്ള കൗതുകമാണ് അതിൽ ആദ്യത്തേത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം സെലിബ്രിറ്റികൾ ലഹരിവസ്തുക്കളെ അനുകൂലിക്കുമ്പോൾ അതും ഇളം മനസ്സുകളെ സ്വാധീനിക്കുന്നു. സമപ്രായക്കാരുടെ സമ്മർദത്തിന് വഴങ്ങിയാണ് മറ്റുചില ആളുകൾ ലഹരി ഉപയോഗം തുടങ്ങുന്നത്. സ്കൂളിലും കോളെജുകളിലും സുഹൃത്തുക്കളുടെ ഒരു ഗ്യാങ്ങിന്റെ ഭാഗമായി നിൽക്കാനുള്ള സമ്മർദം പലരെയും ലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുന്നു. ലഹരി ഉപയോഗിക്കുന്ന മുതിർന്ന വ്യക്തികളെ അനുകരിച്ചുകൊണ്ട് ലഹരിയുടെ പാതയിലേക്ക് വീഴുന്ന കുട്ടികളും വിരളമല്ല. വീട്ടിലോ അയൽവീടുകളിലോ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന മുതിർന്നവ്യക്തികൾ ഉണ്ടെങ്കിൽ കുട്ടികൾ ആ വഴിക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. മാനസികസമ്മർദം കുറയ്ക്കാനുള്ള ഔഷധം എന്നുള്ള നിലയിൽ ലഹരിയെ കാണുന്ന കുട്ടികളുമുണ്ട്. പലപ്പോഴും പെരുമാറ്റ പ്രശ്നങ്ങളോ പഠന പ്രശ്നങ്ങളോ ഉള്ള കുട്ടികൾ ലഹരി ഉപയോഗത്തിന്റെ വഴിയിലേക്ക് വളരെ നേരത്തെ നീങ്ങാൻ സാധ്യത കൂടുതലാണ്. കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പെരുമാറ്റ വ്യത്യാസമായ അമിതവികൃതിയും ശ്രദ്ധക്കുറവും എടുത്തുചാട്ടവും പ്രധാന ലക്ഷണങ്ങളായുള്ള എ. ഡി. എച്ച്. ഡി,, പഠനവൈകല്യം, അമിത ഉത്കണ്ഠ, വൈകാരിക അസ്ഥിരത തുടങ്ങിയ മാനസികപ്രശ്നങ്ങളുള്ള കുട്ടികൾ ലഹരി അടിമത്തത്തിലേക്ക് പോകാൻ സാധ്യത കൂടുതലാണ്. ഇതുകൊണ്ടുതന്നെ മേൽ സൂചിപ്പിച്ച മാനസിക പ്രശ്നങ്ങൾ കാണിക്കുന്ന കുട്ടികളെ തുടക്കത്തിൽത്തന്നെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്.
വീടുകളിൽ കുട്ടികളോടൊപ്പം ഒരു മണിക്കൂർ നേരമെങ്കിലും ചെലവിടാൻ മാതാപിതാക്കൾ സമയം കണ്ടെത്തുക എന്നുള്ളതാണ് ഇതിന്റെ ആദ്യ പരിഹാരമാർഗം. ഈ സമയം കുട്ടികളെ ശാസിക്കാനോ ശിക്ഷിക്കാനോ ഉള്ള സമയമല്ല മറിച്ച് ക്ഷമാപൂർവം അവരെ കേൾക്കാനാണ് മാതാപിതാക്കൾ വിനിയോഗിക്കേണ്ടത്. ഇതിലൂടെ കുട്ടികളുടെ ആശയവിനിമയശേഷി മെച്ചപ്പെടുന്നതിനോടൊപ്പം അവരുടെ ജീവിതത്തിൽ എന്തെങ്കിലും അനാരോഗ്യകരമായ സ്വാധീനം ഉണ്ടായാൽ അത് തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ഇടപെടാൻ രക്ഷിതാക്കൾക്ക് അവസരം ഒരുങ്ങുന്നു. സമപ്രായക്കാരായ കുട്ടികളോടൊപ്പം കളിക്കാൻ പരമാവധി മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. എന്നാൽ, സ്വന്തം കുട്ടിയുടെ കൂട്ടുകാർ ആരൊക്കെയാണ് എന്ന് മാതാപിതാക്കൾക്ക് വ്യക്തമായ ബോധ്യം വേണം. ആ കൂട്ടുകാരുടെ മാതാപിതാക്കളുമായി ഒരു പരിചയം നിലനിറുത്താനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഇതുവഴി ആ സുഹൃത്‌സംഘത്തിൽ ഏതെങ്കിലും ഒരു വ്യക്തി പ്രശ്നത്തിൽ ചെന്നുചാടിയാൽ അത് എല്ലാ രക്ഷിതാക്കൾക്കും അറിയാനും അവരവരുടെ കുട്ടികൾക്ക് ജാഗ്രതപാലിക്കാനുള്ള നിർദേശം നൽകാനും സാധിക്കും. കുട്ടികളെ പരിപൂർണമായി നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഏകാധിപത്യ രക്ഷാകർതൃ മാതൃകയ്ക്ക് പകരം സ്വാതന്ത്ര്യവും ഉത്തരവാദിത്വബോധവും ഒരുപോലെ സമ്മേളിക്കുന്ന ആധികാരിക രക്ഷാകർതൃ രീതി വീടുകളിൽ പ്രാവർത്തികമാക്കണം. സ്നേഹവും അച്ചടക്കവും ഒരുപോലെ പ്രകടമാകുന്ന ഈ മാതൃക കുട്ടികളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ ഏറെ സഹായകമാകുന്നു. ചെറുപ്രായത്തിൽ തന്നെ വീട്ടിലെ ചെറിയ ഉത്തരവാദിത്വങ്ങൾ കുട്ടികളെ ഏൽപ്പിക്കുകയും അവരത് ഭംഗിയായി ചെയ്യുമ്പോൾ അഭിനന്ദിക്കുകയും ചെയ്യാം. വീടിന്റെ പറമ്പിൽ ചെടികൾ നട്ടുവളർത്താനും വളർത്തുമൃഗങ്ങളെ വളർത്താനും ഒക്കെ കുട്ടികൾക്ക് പരിശീലനം നൽകാം. മാസത്തിൽ ഒരു ദിവസമെങ്കിലും ജീവിതത്തിൽ ദൗർഭാഗ്യകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികൾ കഴിയുന്ന ചില കേന്ദ്രങ്ങൾ സന്ദർശിക്കാൻ കുട്ടികളെ കൊണ്ടുപോകാം. അനാഥമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കെയർ കേന്ദ്രങ്ങൾ, മറവിരോഗം വന്ന വ്യക്തികൾ കഴിയുന്ന കേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെ സന്ദർശിക്കാൻ വല്ലപ്പോഴും കുട്ടികൾക്കവസരം നൽകാം. ഇതിലൂടെ തങ്ങളുടെ ജീവിതത്തിൽ തങ്ങൾ എത്രത്തോളം അനുഗ്രഹീതരാണ് എന്ന് തിരിച്ചറിയാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു. ലഭിക്കാതെ പോയ കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടാനും ആവശ്യമില്ലാത്ത സുഖഭോഗവസ്തുക്കൾ ആവശ്യപ്പെടാനുമുള്ള പ്രവണത കുറയ്ക്കാൻ ഇത് സഹായകമാണ്. കൗമാരത്തിലേക്ക് കാലുന്നതിനു മുൻപുതന്നെ അച്ചടക്കത്തിന്റെ പ്രസക്തിയെക്കുറിച്ച് കുട്ടികളോട് സംസാരിക്കാം. അച്ചടക്കം സ്വാതന്ത്ര്യം നഷ്ടപ്പെടുത്താനുള്ള വാളല്ല മറിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള മാർഗമാണ് എന്ന മട്ടിൽ കുട്ടികളെ ഈ ആശയം പരിചയപ്പെടുത്തണം. കുട്ടികളുടെ പരിമിതികൾ ചൂണ്ടിക്കാണിച്ച് അവരെ അവഹേളിക്കുന്നതിനു പകരം അവരുടെ അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ് അതുപയോഗപ്പെടുത്താൻ പറ്റുന്ന തൊഴിൽ മേഖലകളിലേക്കും ഉപരിപഠന മേഖലകളിലേക്കും അവരെ വഴിതിരിച്ചു വിടാം. അവരുടെ ജീവിതത്തിലുണ്ടാകുന്ന ഏതു പ്രതിസന്ധിയും ധൈര്യമായി സംസാരിക്കാൻ പറ്റുന്ന ഒരു സ്ഥലമാണ് വീട് എന്ന ആത്മവിശ്വാസം അവരുടെ മനസ്സിൽ വളർത്തിയെടുക്കാം.
വിദ്യാലയങ്ങളിലും കാതലായ മാറ്റങ്ങൾ അനിവാര്യമാണ്. തീവ്രമായ മത്സരബുദ്ധിയിൽ അധിഷ്ഠിതമായ താരതമ്യസ്വഭാവമുള്ള വിദ്യാഭ്യാസസമ്പ്രദായം മാറേണ്ടതുണ്ട്. മത്സരങ്ങളിൽ ഒന്നാംസ്ഥാനം കിട്ടുന്നവരെ മാത്രം അംഗീകരിക്കുന്ന വ്യവസ്ഥയ്ക്കു പകരം മനുഷ്യത്വപൂർണമായ നന്മനിറഞ്ഞ മറ്റുള്ളവർക്ക് സഹായകമായ പ്രവൃത്തികൾചെയ്യുന്ന കുട്ടികളെക്കൂടി അംഗീകരിക്കുന്ന ഒരു സമ്പ്രദായം വിദ്യാലയങ്ങളിൽ വരണം. ഇത്തരം പ്രവൃത്തികൾക്കുകൂടി സാമൂഹികാംഗീകാരം കിട്ടുമെന്ന് ഒരു ധാരണ കുട്ടികളുടെ മനസ്സിൽ ചെറുപ്പത്തിൽത്തന്നെ വരുന്നത് അവരെ കൂടുതൽ അനുതാപമുള്ളവരാക്കി മാറ്റും. ജീവിതത്തിലെ പുതുമയുള്ള സാഹചര്യങ്ങളും പ്രയാസമുള്ള ഘട്ടങ്ങളും തരണംചെയ്യാൻ കുട്ടികളെ സഹായിക്കുന്ന ജീവിതനിപുണത വിദ്യാഭ്യാസം, വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ എല്ലാ വിദ്യാലയങ്ങളിലും നിർബന്ധമായും നടപ്പിലാക്കണം. പങ്കാളിത്ത സ്വഭാവമുള്ള പ്രക്രിയാധിഷ്ഠിതമായ അനുഭവാത്മകമായ ഇത്തരം പരിശീലനങ്ങൾവഴി കുട്ടികളുടെ സ്വഭാവരൂപീകരണം ഉറപ്പുവരുത്താൻ സാധിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം എങ്ങനെ മാനസികാരോഗ്യത്തെ തകർക്കുന്നു എന്നതും അമിതമായി ഡിജിറ്റൽ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതും പാഠ്യപദ്ധതിയുടെ ഭാഗമായി പ്രൈമറി ക്ലാസുകളിൽത്തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. മാനസികാരോഗ്യ സാക്ഷരതയോടൊപ്പം സൈബർ സാക്ഷരതയും നിയമസാക്ഷരതയും പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടത് അനിവാര്യമാണ്.
കുട്ടികളുടെ മാനസികവും പഠനസംബന്ധവുമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ രക്ഷിതാക്കളെയും പ്രാപ്തരാക്കേണ്ടതുണ്ട്. കുട്ടികളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് താങ്ങുംതണലുമായി നിൽക്കാനുള്ള വ്യക്തമായ ബോധവൽക്കരണം രക്ഷിതാക്കൾക്ക് ലഭിക്കണം. കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടാനുള്ള ബോധവൽക്കരണവും മുതിർന്നവർക്ക് ആവശ്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളിൽ 50 ശതമാനവും 14 വയസ്സിനു മുൻപും 75% 24 വയസ്സിനു മുൻപും ആരംഭിക്കുന്നതായി ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാനസികാരോഗ്യപ്രശ്നങ്ങൾ തലച്ചോറിന്റെ പ്രവർത്തന വൈകല്യങ്ങളാണെന്നതും മറ്റേതു രോഗത്തെയുംപോലെ അവയെയും ചികിത്സിക്കാൻ സാധിക്കുമെന്നതും പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്. തുടക്കത്തിൽത്തന്നെ ഇത്തരം പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ അവ സങ്കീർണതകളിലേക്ക് പോകുന്നതും അവർ അക്രമ സ്വഭാവത്തിലേക്ക് ലഹരി അടിമത്തത്തിലേക്ക് വഴുതിവീഴുന്നതും ഫലപ്രദമായി തടയാൻ സാധിക്കും.
ലഹരി ഉപയോഗിക്കുന്ന കുട്ടികളെ ഒറ്റപ്പെടുത്തുന്നതിനു പകരം അവർ ഏതു സാഹചര്യത്തിലാണ് ലഹരി ഉപയോഗത്തിലേക്കു പോയത് എന്ന് സ്നേഹപൂർവം അന്വേഷിക്കാനാണ് മാതാപിതാക്കൾ ആദ്യം ശ്രമിക്കേണ്ടത്. അവരുടെ പ്രയാസങ്ങൾ ശ്രദ്ധാപൂർവം കേട്ട് അവയ്ക്കുള്ള പരിഹാരങ്ങൾ നിർദേശിക്കാൻ ശ്രമിക്കാം. തീവ്രമായ ലഹരി അടിമത്തത്തിലേക്കു പോയ കുട്ടികൾക്ക് വൈദ്യശാസ്ത്ര ചികിത്സതന്നെ വേണ്ടിവരും. ഒരു സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ മരുന്നുകളും മനഃശാസ്ത്രചികിത്സകളും രക്ഷിതാക്കൾക്കുള്ള പരിശീലനവും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ചികിത്സയാണ് ഇവർക്ക് വേണ്ടത്. ഏതു ലഹരിവസ്തുവാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് ചികിത്സയുടെ രീതിയും ദൈർഘ്യവും വ്യത്യാസപ്പെടും. എന്നാൽ, കൃത്യസമയത്ത് വേണ്ടതരത്തിലുള്ള ചികിത്സ നൽകുകവഴി ഒട്ടേറെ കൗമാരപ്രായക്കാരെയും യുവാക്കളെയും ലഹരി അടിമത്തത്തിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
(ലേഖകന്‍: പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഓണററി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി.)