കേരളത്തിൽ അക്രമവാസന വ്യാപകമാകുന്നത് എന്തുകൊണ്ട്? – എം. പി. മത്തായി
കുട്ടികളുടെ സ്വഭാവം രൂപപ്പെടുന്നതും പൊതുമര്യാദകളും മൂല്യങ്ങളും അവർ ആദ്യമായി ഉൾക്കൊള്ളുന്നതും സ്വന്തം ഗൃഹാന്തരീക്ഷത്തിൽനിന്നാണ്. കേരളത്തിലെ കുട്ടികളിൽ അക്രമത്തോടും ലഹരിയോടും ഇത്ര ശക്തമായ ആഭിമുഖ്യവും ആസക്തിയും സൃഷ്ടിക്കുന്നതിലും ഉറപ്പിക്കുന്നതിലും ഇവിടുത്തെ കുടുംബാന്തരീക്ഷം വഹിക്കുന്ന പങ്ക് നിർണായകമാണ്.
ദിനംപ്രതി വർധിച്ചുവരുന്ന അക്രമങ്ങൾക്കും കൊലകൾക്കും മുമ്പിൽ പകച്ചുനിൽക്കുകയാണ് കേരളം. പൈശാചികമായ അക്രമോത്സുകത അതിവേഗം യുവാക്കളിലേക്കും അവരിൽനിന്ന് കൗമാരക്കാരിലേക്കും പടർന്നിരിക്കുന്നു. കേരളയുവത ലഹരിക്കും അക്രമവാസനയ്ക്കും ഇരകളായിത്തീരുന്നതു കണ്ടിട്ടും; ഒരു യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ അതിക്രൂരമായി കൊലചെയ്ത വാർത്ത കേട്ടിട്ടും ഇളകാതിരുന്ന ഭരണാധികാരികൾപോലും താമരശ്ശേരിയിൽ പത്താംക്ലാസ്സുകാരനെ സമപ്രായക്കാർ തലക്കടിച്ചു കൊലപ്പെടുത്തിയ വാർത്ത കേട്ടപ്പോൾ അക്രമവാസനക്കെതിരെ സംസാരിക്കുന്നത് കേൾക്കാനിടയായി. അതോടൊപ്പം കേരള ഗവർണർ ലഹരിവ്യാപനം തടയുന്നതിനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോർട്ട് തേടുന്നു എന്ന വാർത്തയും കാണുന്നു. ആശ്വാസം.
ഈ സാഹചര്യത്തിൽ കേരളത്തിലെ യുവതലമുറയെപ്പറ്റി കരുതലുള്ള ഏവരും ചോദിക്കുന്ന ചോദ്യം എന്തുകൊണ്ട് നമ്മുടെ കുട്ടികൾ ഇങ്ങനെ അവിവേകികളും അക്രമികളും ആയിത്തീരുന്നു എന്നാണ്. ആരാണ് ഇതിനുത്തരവാദി? എങ്ങനെ ഇതിനറുതിവരുത്താം? ഈ ചോദ്യങ്ങൾ കേരളത്തിന്റെ സമൂഹമനഃസാക്ഷിയെ തീവ്രമായി അലോസരപ്പെടുത്തുകയാണ്. വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണിത്.
ആധുനിക ജീവിതക്രമം – ഹിംസയുടെ ഒളിസങ്കേതങ്ങൾ
ആധുനിക ജീവിതക്രമം അഥവാ നാഗരികത അടിമുടി ഹിംസയിൽ അധിഷ്ഠിതമാണ്. അഹിംസയുടെ വക്താവും, പ്രയോക്താവുമായിരുന്ന ഗാന്ധിജി ഹിംസയെ വ്യക്തിഗതഹിംസ അഥവാ പ്രത്യക്ഷഹിംസ എന്നും ഘടനാപരഹിംസ എന്നും വ്യവച്ഛേദിച്ച് വിശദീകരിച്ചിട്ടുണ്ട്. വ്യക്തികൾചെയ്യുന്ന കായികമായ അക്രമവും, കൊലയുമാണ് പ്രത്യക്ഷഹിംസ. ഇതു മനസ്സിൽ ഒളിഞ്ഞിരിക്കുന്ന അക്രമവാസനയുടെ പ്രകാശനമാണ്. ഗാന്ധിജിയുടെ അഭിപ്രായത്തിൽ പ്രത്യക്ഷരൂപങ്ങളെക്കാൾ അപകടകരമായ സൂക്ഷ്മവും പരോക്ഷവുമായ രൂപങ്ങളും തലങ്ങളുമുണ്ട് ഹിംസയ്ക്ക്. നമ്മുടെ ജീവിതക്രമത്തിന്റെ ഘടനയുടെ ഭാഗമായ മത്സരം, ചൂഷണം, മേധാവിത്വവ്യഗ്രത, അഹന്ത, വെറുപ്പ്, വിദ്വേഷം, പക, വിവേചനങ്ങൾ, ആർത്തി – ഇവയെല്ലാം ഹിംസയുടെ സൂക്ഷ്മവും പരോക്ഷവുമായ രൂപഭേദങ്ങളാണ്. ആധുനിക ജീവിതക്രമത്തിന്റെ അടിത്തറ വാർക്കപ്പെട്ടിട്ടുള്ളത് ഇത്തരം ഹിംസാത്മക പ്രവണതകളിലും മൂല്യങ്ങളിലുമാണ്.
വാസ്തവത്തിൽ ആധുനിക ജീവിതക്രമത്തെ രൂപപ്പെടുത്തിയതും, നിലനിറുത്തുന്നതുമായ കുടുംബംമുതൽ ദേശരാഷ്ട്രംവരെയുള്ള എല്ലാ സംവിധാനങ്ങളും സ്ഥാപനങ്ങളും പ്രത്യക്ഷവും പരോക്ഷവുമായ ഹിംസയിൽ അധിഷ്ഠിതമാണ്. കാലക്രമത്തിൽ, ചിരപരിചയംകൊണ്ട്, ഇവ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി അംഗീകരിക്കപ്പെടുകയും സർവസ്വീകാര്യമായിത്തീരുകയും ചെയ്തു.
തൽഫലമായി മനുഷ്യമനസ്സ് ഹിംസയെ സ്വാംശീകരിച്ചു. തുടർന്ന് ഹിംസാവാസന മനുഷ്യമനസ്സിൽനിന്ന് മനുഷ്യരുടെ വ്യവഹാരങ്ങളിലേക്കും, മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വ്യാപിച്ചു. ഈ വ്യാപനമാണ് ഹിംസയുടെ ആധുനികകാലത്തെ രണ്ടു മുഖ്യ സവിശേഷതകളിൽ ആദ്യത്തേത്. പവിത്രമായി പരിഗണിക്കപ്പെട്ടുപോരുന്ന കുടുംബംപോലും ഹിംസയുടെ ഒളിസങ്കേതമായിത്തീർന്നു. കുടുംബങ്ങളിലെ അക്രമം (domestic violence) ഇതിനകം ഗുരുതരമായ ഒരു സാമൂഹികപ്രശ്നമായി മാറികഴിഞ്ഞല്ലോ.
ഹിംസയുടെ തീവ്രവൽക്കരണം
വ്യാപനത്തോടൊപ്പം ഹിംസയുടെ പ്രകൃതത്തിലും മാറ്റമുണ്ടായി. ഹിംസ തീവ്രവൽക്കരിക്കപ്പെട്ടു. അതായത്, ഹിംസയുടെ പ്രയോഗം രൂക്ഷവും, തീവ്രതരവുമായി മാറി. ക്രമാനുഗതമായിട്ടാണ് ഈ തീവ്രവൽക്കരണം സംഭവിക്കുന്നതെന്ന് ഹിംസയുടെ പരിണാമഗതിയും സഞ്ചാരപഥവും നിരീക്ഷിച്ചാൽ ഗ്രഹിക്കാനാവും. ഹിംസയുമായുള്ള നിരന്തരസമ്പർക്കത്തിന്റെ ഫലമായി മനുഷ്യമനസ്സ് ഒരുതരം പരുവപ്പെടലിനും മരവിപ്പിനും വിധേയമാകും. ഹിംസ നിത്യജീവിതത്തിന്റെ സ്വാഭാവികവും അവിഭാജ്യവുമായ ഘടകമാണെന്ന തോന്നൽ ശക്തിപ്പെടും.
ഇതാണ് ആദ്യഘട്ടം. അങ്ങനെ ഒരുതരം നിസ്സംഗതയോടും മരവിപ്പോടുംകൂടി ഹിംസയെ കാണാനും അംഗീകരിക്കാനും ശീലിക്കുന്ന മനുഷ്യമനസ്സ് അചിരേണ സ്പർശബോധമറ്റ് മരവിക്കുന്നു. മനസ്സിന്റെ ക്രൗര്യവൽക്കരണം – brutalisation – എന്നാണ് ഈ പ്രക്രിയ വിശേഷിപ്പിക്കപ്പെടുന്നത്. ഈ മരവിപ്പിന്റെയും ക്രൗരീകരണത്തിന്റെയും ഫലമായി, ഈ പ്രക്രിയക്ക് വിധേയരാകുന്ന കുറെപ്പേർ എന്തക്രമ പ്രവൃത്തികളും ചെയ്യാൻ മടിയില്ലാത്തവരായി മാറിത്തീരുകയും സമൂഹം അക്രമത്തിന്റെ പിടിയിൽ അമരുകയും ചെയ്യും.
അക്രമത്തിന്റെ സഞ്ചാരപഥം
അക്രമത്തിന് അതിന്റേതായ ആരോഹണാവരോഹണക്രമം ഉണ്ടെന്നാണ് ഹിംസയുടെ സഞ്ചാരപഥം നിരീക്ഷിക്കുമ്പോൾ വെളിപ്പെടുന്നത്. ഒരുപക്ഷേ, വളരെ സദുദ്ദേശത്തോടുകൂടി, മിതമായരീതിയിൽ, അതായത് തീവ്രത കുറഞ്ഞ, ഹിംസ പ്രയോഗിച്ചുതുടങ്ങുന്ന ഒരു വ്യക്തി, വളരെപ്പെട്ടെന്ന് ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഹിംസയുടെ ഉപകരണമായി മാറി ക്രൂരന്മാരായിത്തീരുന്നു.
ഇത് ഹിംസയുടെ ബലതന്ത്രത്തിന്റെ സവിശേഷതയാണ്. പ്രയോക്താക്കളെ ക്രമാനുഗതമായി ക്രൂരതയിലേക്കും അതിക്രൂരതയിലേക്കും വീഴ്ത്തുന്ന ഒരു വർത്തുള സഞ്ചാരപഥമാണ് ഹിംസയുടേത്. അതായത്, ഹിംസ, അത് പ്രയോഗിക്കുന്നവരുടെ മനസ്സിന്റെ സമനില തകർത്ത്, അവരെ കീഴ്പ്പെടുത്തി ഹീനമായതോതിൽ ഹിംസ പ്രയോഗിക്കുന്ന ഭ്രാന്തമായ അവസ്ഥയിൽ എത്തിക്കും. ഒരു മനുഷ്യശരീരത്തിൽ മാരകായുധംകൊണ്ട് അമ്പത്തിയൊന്ന് വെട്ടുവെട്ടുന്നതും ഒരു പത്താംക്ലാസ്സുകാരൻ നഞ്ചക്കുപയോഗിച്ച് സഹപാഠിയുടെ തല അടിച്ചുടയ്ക്കുന്നതും നാലാംക്ലാസ്സുകാരിയായ സ്വന്തം മകളെ പരീക്ഷയിൽ റാങ്കു കുറഞ്ഞതിന് പെറ്റമ്മ കത്തിയെടുത്ത് കുത്തുന്നതും ഹിംസയുടെ ഈ പൈശാചിക ബലതന്ത്രത്തിന്റെ സമർഥനമാണ്.
ആധുനിക ജീവിതക്രമത്തിലെ ഏതെല്ലാം ഘടകങ്ങളാണ് മനുഷ്യരെ പൊതുവിലും യുവാക്കളെയും കൗമാരക്കാരെയും പ്രത്യേകിച്ചും ശക്തമായി സ്വാധീനിച്ച്, അക്രമോത്സുകരാക്കി മാറ്റുന്നതെന്നന്വേഷിക്കുമ്പോൾ തെളിഞ്ഞുവരുന്നത് പ്രധാനമായും നാലു കാര്യങ്ങളാണ് : (1) കുടുംബാന്തരീക്ഷം (2) സിനിമയും ഡിജിറ്റൽ മീഡിയയും (3) അധികാര രാഷ്ട്രീയം (4) ലഹരി അഥവാ മദ്യവും മയക്കുമരുന്നും.
(1) കുടുംബാന്തരീക്ഷം
നവജാതശിശുവിന്റെ മനസ്സിനെ ശൂന്യമായ എഴുത്ത് ഫലകവുമായിട്ടാണ് – ടാബുല രസാ – അരിസ്റ്റോട്ടിൽ താരതമ്യം ചെയ്തത്. ഒരു ക്‌ളീൻ സ്ലേറ്റായ ശിശുമനസ്സിൽ അറിവിന്റെയും സംസ്കാരത്തിന്റെയും ആദ്യാക്ഷരങ്ങൾ കുറിക്കുന്നത് മാതാപിതാക്കളാണ്. ശിശുക്കളുടെ ആദ്യ വിദ്യാലയം സ്വന്തം കുടുംബവും, ആദ്യ ഗുരുക്കൾ മാതാപിതാക്കളും കൂടെപ്പിറപ്പുകളുമാണല്ലോ. കുട്ടികളുടെ സ്വഭാവം രൂപപ്പെടുന്നതും പൊതുമര്യാദകളും മൂല്യങ്ങളും അവർ ആദ്യമായി ഉൾക്കൊള്ളുന്നതും സ്വന്തം ഗൃഹാന്തരീക്ഷത്തിൽനിന്നാണ് എന്നത് സുവിദിതമാണ്. കേരളത്തിലെ കുട്ടികളിൽ അക്രമത്തോടും ലഹരിയോടും ഇത്ര ശക്തമായ ആഭിമുഖ്യവും ആസക്തിയും സൃഷ്ടിക്കുന്നതിലും ഉറപ്പിക്കുന്നതിലും ഇവിടുത്തെ കുടുംബാന്തരീക്ഷം വഹിക്കുന്ന പങ്ക് നിർണായകമാണ്.
പൂർണമായിട്ടല്ലെങ്കിലും, പരമ്പരാഗത ധാർമ്മികമൂല്യങ്ങൾ പിന്തുടർന്നുപോന്ന ഒരു പാരമ്പര്യസമൂഹമായിരുന്നു (traditional society) കേരളസമൂഹം. വിദ്യാഭ്യാസത്തിൽ മുൻപന്തിയിലായിരുന്ന കേരളീയരിൽ വളരെപ്പേർ വിദേശങ്ങളിൽ തൊഴിൽ നേടിയതിന്റെ ഫലമായി കേരളസമൂഹം, 1990-കളിൽ ആരംഭിച്ചു ശക്തിപ്പെട്ട നവ-ആഗോളീകരണത്തിനു ഏകദേശം രണ്ടുപതിറ്റാണ്ട് മുമ്പുതന്നെ ആഗോളീകരിക്കപ്പെടുകയുണ്ടായി. കേരളസമൂഹം വളരെപ്പെട്ടെന്ന് പശ്ചാത്യവൽക്കരിക്കപ്പെട്ടു. ഇത് ഏറ്റവും കൂടുതൽ സ്വാധീനിച്ചതും മാറ്റിത്തീർത്തതും ഇവിടത്തെ കുടുംബബന്ധങ്ങളെയായിരുന്നു. കൂട്ടുകുടുംബങ്ങൾ തീർത്തും ഇല്ലാതായി. അണുകുടുംബങ്ങൾ വ്യാപകവും, മാനകവുമായി. ഭാര്യയും ഭർത്താവും, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം മൗലികമായി മാറുകയും, ശിഥിലമാവുകയും ചെയ്തു. സ്നേഹത്തിലധിഷ്ഠിതമായ ഭയം, പരസ്പരബഹുമാനം, കരുതൽ, പങ്കിടൽ, മുതിർന്നവരോട് കാട്ടേണ്ട ആദരവ് തുടങ്ങിയ പെരുമാറ്റമൂല്യങ്ങളും മര്യാദകളും നവീനചിന്തയുടെ വേലിയേറ്റത്തിൽ പിന്തിരിപ്പൻ ആചാരങ്ങളായി തിരസ്കരിക്കപ്പെട്ടു. കുടുംബബന്ധങ്ങൾ പവിത്രമാണെന്ന സങ്കല്പം തന്നെ പഴഞ്ചനും പിന്തിരിപ്പനുമാണെന്നു വിധിക്കപ്പെട്ടു. സ്വകാര്യസ്വത്ത് സംരക്ഷിക്കാനുള്ള ഒരു മുതലാളിത്ത ഉപകരണം മാത്രമാണ് കുടുംബം എന്ന ഏംഗൽസിന്റെ തീസിസ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും സ്ത്രീകളെ അടിമകളും കേവലം സുഖഭോഗ വസ്തുക്കളുമായിക്കരുതി പൂട്ടിയിടുന്ന പുരുഷമേധാവിത്വത്തിന്റെ കരിങ്കൽ കോട്ടകളാണ് കുടുംബങ്ങൾ എന്ന തീവ്ര ഫെമിനിസ്റ്റ് ആഖ്യാനവും കുടുംബത്തെ സംബന്ധിച്ച പരമ്പരാഗത സങ്കല്പത്തെ തച്ചുടച്ചു. പാശ്ചാത്യസമൂഹവും ചിന്താധാരകളും നവസമൂഹ പ്രസ്ഥാനങ്ങളുമായുള്ള സംസർഗവും എല്ലാംകൂടി കേരളത്തിലെ കുടുംബസംവിധാനത്തെ അടിമുടി മാറ്റിത്തീർത്തു. വളരെ ചെറിയ ന്യൂനപക്ഷമായിരുന്ന മധ്യവർഗം പെട്ടെന്ന് വളർന്നുവികസിച്ചു. പരമ്പരാഗതമൂല്യങ്ങൾ പുറംതള്ളപ്പെടുകയും പകരം മധ്യവർഗമൂല്യങ്ങൾ സംസ്ഥാപിതമാവുകയും ചെയ്തു. ഇടത്തരം കുടുംബങ്ങൾപോലും അത്യാധുനീകരിക്കപ്പെട്ടു. അതോടെ മദ്യം സാമൂഹികമാന്യതയുടെ അടയാളമായി പരിഗണിക്കപ്പെടാൻ തുടങ്ങി. വീടുകളിൽ മിനി ബാറുകൾ സംവിധാനംചെയ്തു. സാമൂഹികകൂട്ടായ്മകളിലും മതപരമായ ചടങ്ങുകളിലും മദ്യം വിളമ്പുന്നത് സർവസാധാരണമായി. സ്ത്രീകളും കുട്ടികളും പാനോപചാരങ്ങളിൽ സജീവമായി പങ്കുചേരാൻ തുടങ്ങി. അങ്ങനെ മദ്യം കുടുംബങ്ങളിൽ ചേക്കേറുകയും കുട്ടികളുടെകൂടി പാനീയമായിത്തീരുകയും ചെയ്തു.
മക്കളെപ്പറ്റിയുള്ള മാതാപിതാക്കളുടെ, പ്രത്യേകിച്ചും പിതാവിന്റെ സ്വപ്നങ്ങളും തീരുമാനങ്ങളും അധികവും മക്കളുടെ ആഗ്രഹങ്ങളോ അഭിരുചികളോ പ്രാപ്തികളോ പരിഗണിക്കാതെ, ഏകപക്ഷീയമായി എടുക്കുന്നവയാണ്. മക്കളുമായി ആലോചിക്കാതെയും അവരെ ബോധ്യപ്പെടുത്താതെയും പ്രസ്തുത തീരുമാനങ്ങൾ അടിച്ചേല്പിക്കുകയാണ് ചെയ്തുവരുന്നത്. മക്കൾ മാതാപിതാക്കളിൽനിന്ന് അകലുന്നതിനും അന്യവൽക്കരിക്കപ്പെടുന്നതിനും ഒരു പ്രധാന കാരണമാണിത്.
ചെറുപ്രായത്തിൽപ്പോലും കുട്ടികളെ കൂട്ടുകൂടാനും കളിക്കാനും അനുവദിക്കാതെ പഠിക്കാൻ നിർബന്ധിക്കുകയും നഴ്സറി മുതൽ ട്യൂഷൻ അടിച്ചേല്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ കുറവല്ല. ഇതുവഴി മാതാപിതാക്കൾ കുട്ടികളെ താങ്ങാനാവാത്ത സമ്മർദത്തിനാണ് വിധേയരാക്കുന്നത്. കളിച്ചുല്ലസിക്കേണ്ട ബാല്യം മാതാപിതാക്കൾതന്നെ തകർക്കുകയാണ്. ഇതുമൂലം കുട്ടികളുടെ മനസ്സിലേൽക്കുന്ന ക്ഷതം അവരുടെ ജീവിതവീക്ഷണത്തെ വികലമാക്കാൻപോലും പര്യാപ്തമാണെന്ന് മനഃശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുതകൾ ഇവയായിരിക്കെ കുട്ടികൾ വഴിപിഴച്ചു പോകുന്നതിൽ അവരെ മാത്രം കുറ്റപ്പെടുത്താനാവുമോ?
ആഗോളവൽക്കരണം സൃഷ്ടിക്കുന്ന തടിച്ച ശമ്പളമുള്ള പുതിയ തൊഴിലുകളുടെ സാമ്പത്തികസാധ്യത കണ്ട് പ്രലോഭിതരായ മാതാപിതാക്കൾ അവ കൈക്കലാക്കാൻ സഹായിക്കുന്ന കോഴ്സുകൾ പഠിക്കാൻ മക്കളിൽ ശക്തമായ സമ്മർദം ചെലുത്തുന്ന പ്രവണതയും വ്യാപകമാണ്. ഞെട്ടിക്കുന്നവയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ. മാതാപിതാക്കളുടെയും കോച്ചിങ് സെന്ററുകളുടെയും ഭീഷണമായ സമ്മർദം താങ്ങാനാവാതെ വരുന്ന കുട്ടികൾ ആത്മഹത്യയിലേക്കോ, ലഹരിയിലേക്കോ, അക്രമത്തിലേക്കോ തിരിയുക സർവസാധാരണമാണ്. സ്വന്തം കുട്ടികളെ മനസ്സിലാക്കാനും അവരുമായി സ്നേഹത്തിലും പരസ്പരവിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം സ്ഥാപിക്കാനും വിദ്യാഭ്യാസമുള്ള മാതാപിതാക്കൾപോലും ശ്രദ്ധിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. തങ്ങൾ ശ്രമിച്ചിട്ടും മക്കൾ വഴങ്ങുന്നില്ല എന്ന് ആവലാതിപ്പെടുന്ന മാതാപിതാക്കൾ കുറവല്ല. യുവതലമുറയിൽക്കാണുന്ന ആരാജകത്വത്തിന് രക്ഷാകർത്താക്കളും ഉത്തരവാദികളാണെന്ന വസ്തുത നാം അംഗീകരിക്കുകയും തിരുത്തുകയും ചെയ്തേ മതിയാവൂ. അല്ലാത്തപക്ഷം ഈ പ്രശ്നം ഒരു ഭീഷണിയായി തുടരുകതന്നെ ചെയ്യും.
സിനിമയും ഡിജിറ്റൽ മീഡിയയും – അരാജകത്വത്തിന്റെ ഉൽപാദനശാലകൾ
മറ്റെന്തിലുമുപരി ഇന്നത്തെ യുവാക്കളിൽ ഏറ്റവും ശക്തവും വ്യാപകവുമായ സ്വാധീനം ചെലുത്തുന്ന മാധ്യമം സിനിമയും ഡിജിറ്റൽ മീഡിയയുമാണ് എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. മറ്റു ഭാഷകളിലെ സിനിമകളുടെ കാര്യം തൽക്കാലം മാറ്റിവെച്ചുകൊണ്ട്, മലയാള സിനിമയുടെ കാര്യം പരിശോധിക്കാം.
മലയാള സിനിമ – തെറ്റായ മാതൃകകളുടെ അസംബ്ലിലൈൻ
“മികച്ചസിനിമ” എന്ന ഗണത്തിൽപ്പെടുന്ന ചിത്രങ്ങളെ ഒഴിവാക്കി പോപ്പുലർ അഥവാ ജനപ്രിയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മലയാള സിനിമകളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. കാരണം അത്തരം സിനിമകളാണ് സാധാരണക്കാരെ, പ്രത്യേകിച്ചും കൗമാരക്കാരെയും യുവാക്കളെയും സ്വാധീനിക്കുന്നത്. ഭൂരിപക്ഷം ജനപ്രിയ മലയാള സിനിമകളുടെയും ഇതിവൃത്തം ചതിയും പകയും പകപോക്കലുമാണ്. അവയിലെ മുഖ്യ ഇനം കായിക സംഘട്ടനങ്ങളുടെ വർണ്ണാഭമായ ആഘോഷമാണ്. പ്രതിയോഗികളെ പരസ്യമായി വെല്ലുവിളിച്ച്, പൊതുസ്ഥലങ്ങളിൽ വച്ച് നേരിട്ട് ഏറ്റുമുട്ടി അവരെ അടിച്ചുതകർത്ത് വിജയം നേടുന്ന രംഗങ്ങൾ ഇല്ലാത്ത മലയാള ചിത്രങ്ങൾ അത്യപൂർവമാണ് എന്നതാണ് യാഥാർഥ്യം.
ജനപ്രിയ മലയാളസിനിമകളിലെ കഥാനായകന്മാർ അന്തർമുഖരായ കലാകാരന്മാരാണെങ്കിലും അവർ പ്രതിനായകന്മാരെ അടിച്ചൊതുക്കുന്ന അഭ്യാസികൾകൂടി ആയിരിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. ഏതു കരുത്തനെയും അടിച്ചൊതുക്കുന്ന നായകവേഷം കെട്ടുന്ന മേനിക്കണ്ടപ്പന്മാരാണ് പ്രബുദ്ധകേരളത്തിൽ താരരാജാക്കന്മാരായി വിലസുന്നത്. അവരെയാണ് കൗമാരക്കാർ ആരാധിക്കുന്നതും മാതൃകയാക്കുന്നതും. ക്യാമ്പസ്സുകളിലെ ജീവിതം ചിത്രീകരിക്കുന്ന സിനിമകളിലെല്ലാംതന്നെ പ്രണയത്തെയും വിദ്യാർഥി രാഷ്ട്രീയത്തെയും ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും അക്രമാസക്തമായ ഏറ്റുമുട്ടലുകളുമാണ് ഏറ്റവും പ്രാധാന്യം നല്കി ചിത്രീകരിക്കുന്നത്. അപവാദങ്ങൾ ഇല്ലെന്നല്ല. പക്ഷേ, അവ ഒറ്റപ്പെട്ട അപവാദങ്ങൾ മാത്രം. പഠിപ്പിലോ, കലാകായിക രംഗങ്ങളിലോ മികവു കാട്ടുന്ന സമർഥരല്ല, മറിച്ച്, കലാലയങ്ങളിലെ അച്ചടക്കം ലംഘിക്കുന്നവരും അധികാരികളെ വെല്ലുവിളിക്കുന്നവരും എതിരാളികളെ കൂസലില്ലാതെ നേരിട്ട് അടിച്ചൊതുക്കുന്നവരുമാണ് വിദ്യാർഥികളുടെ ഇടയിൽ നേതാവും നായകനും കാമുകനും മറ്റുമായി അംഗീകരിക്കപ്പെടുന്നത്. മികവിനെപ്പറ്റി തീർത്തും അനാരോഗ്യകരമായ ഇത്തരം വികലധാരണകൾ വിദ്യാർഥികളിൽ സൃഷ്ടിക്കാനും പടർത്താനും മേൽസൂചിപ്പിച്ചതരം സിനിമകൾ കാരണമാകുന്നുണ്ട്. തന്റെ ഹീറോ ആയ നായകനോടുള്ള ആരാധന-വീരാരാധന- അയാളെ അനുകരിക്കുക വഴിയാണ് പൂർണമാകുന്നുന്നത് എന്നാണ് കുട്ടികൾ ധരിച്ചുവശാകുന്നത്. അതുകൊണ്ട് അവരെപ്പോലെ അധ്യാപകരെ ധിക്കരിച്ചും പ്രതിയോഗികളെ അടിച്ചൊതുക്കിയും വീരപുരുഷരാകാൻ കുട്ടികൾ ശ്രമിക്കുക സ്വാഭാവികമാണ്. സ്കൂൾ വിദ്യാർഥികൾ നടത്തുന്ന കൂട്ട അടികൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവയിൽ പലതും സിനിമയിലെ സ്റ്റണ്ട് രംഗങ്ങളുടെ തനിയാവർത്തനമാണെന്ന് തിരിച്ചറിയാനാകും. സിനിമയുടെ (ദു)സ്വാധീനത്തിന്റെ ശക്തിയും, വ്യാപ്തിയും എത്രയാണെന്നാണ് ഇതു കാട്ടിത്തരുന്നത്. വീരാരാധനയുടെ അപകടകരമായ ഇത്തരം അനുകരണങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്ക് നിത്യേനയെന്നോണം നാം സാക്ഷ്യം വഹിക്കുമ്പോൾ സിനിമയിലെ അക്രമരംഗങ്ങളല്ല യുവാക്കളെ വഴിതെറ്റിക്കുന്നത് എന്ന് സിനിമാക്കാർ വാദിക്കുന്നത് വസ്തുതാവിരുദ്ധവും അപഹാസ്യവുമാണ്.
ഡിജിറ്റൽ മീഡിയ എന്ന ചതിക്കെണി
വാസ്തവത്തിൽ സിനിമയെക്കാൾ കൂടുതൽ യുവാക്കളെ സ്വാധീനിക്കുന്നത് നിശ്ചയമായും ഇന്റർനെറ്റ് തന്നെയാണ്. മദ്യവും, മയക്കുമരുന്നുകളും സൃഷ്ടിക്കുന്ന അഡിക്ഷൻപോലെത്തന്നെ ശക്തവും അപകടകരവുമാണ് ഡിജിറ്റൽ അഡിക്ഷൻ. സ്വാർഥമതികളും ലാഭക്കൊതിയന്മാരും നയിക്കുന്ന ഗൂഢസംഘങ്ങളാണ് യുവാക്കളെ ഡിജിറ്റൽ ട്രാപ്പിൽ അകപ്പെടുത്തി പാട്ടിലാക്കുന്നത്. യുവാക്കൾ മാത്രമല്ല ആബാലവൃദ്ധം ജനങ്ങളും ഡിജിറ്റൽ അഡിക്ഷന്റെ ഇരകളായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് സമകാലിക യാഥാർഥ്യം.
ഡിജിറ്റൽ മീഡിയയുടെ പ്രയോജനങ്ങൾ അനവധിയാണെങ്കിലും അത് സമൂഹത്തിൽ പൊതുവിലും യുവാക്കളിൽ പ്രത്യേകിച്ചും ചെലുത്തുന്ന ദുഃസ്വാധീനം അത്യന്തം അപകടകരവും ഭയാനകവുമാണ്. ഏറ്റവും വ്യാപകമായി കാണപ്പെടുന്ന പ്രശ്നം ഡിജിറ്റൽ അഡിക്ഷനാണ്. ഇന്റർനെറ്റ് ഇന്ന് അപ്രതിരോധ്യ ലഹരിയായി മാറിക്കഴിഞ്ഞു. അത് സൃഷ്ടിക്കുന്ന സാമൂഹിക ആഘാതം വിപത്കരമാണ്. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ മീഡിയയുടെയും നിരന്തരമായ ഉപയോഗം കുട്ടികളുടെ ഗ്രഹണശേഷിയെ ക്ഷയിപ്പിച്ച് (cognitive impairment) ഇല്ലാതാക്കുകയും പുസ്തകങ്ങൾ ശ്രദ്ധിച്ച് വായിക്കാനുള്ള കഴിവ് നശിപ്പിക്കുകയും ഏകാഗ്രത അസാധ്യമാക്കിത്തീർക്കുകയും ചെയ്യുന്നതായി മനഃശാസ്ത്രപഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇന്റർനെറ്റിൽക്കൂടി പ്രവഹിക്കുന്ന വിവരപ്രളയത്തിൽനിന്ന് ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ കുഴങ്ങുന്ന യുവമനസ്സനുഭവിക്കുന്ന സ്‌ട്രെസ് അവരെ പലതരം വിഭ്രമങ്ങളിലേക്കും ഡിപ്രഷനിലേക്കും മയക്കുമരുന്നിലേക്കുപോലും എത്തിക്കുന്നു എന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, ഇന്റർനെറ്റിൽ ദീർഘസമയം ചെലവഴിക്കുന്ന കുട്ടികളുടെ ഓർമശക്തി കുറയുന്നതായും അങ്കഗണിതത്തിലെ ലളിതമായ സങ്കലനവ്യവകലനങ്ങൾ ചെയ്യാനുള്ള പ്രാപ്തിപോലും നഷ്ടപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുമുണ്ട്.
ഉപയോക്താവിന്റെ മനോഗതങ്ങൾപോലും ചോർത്തിയെടുക്കാനുള്ള സർവെയിലൻസ് ശേഷി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പതിയിരിക്കുന്നുണ്ട് എന്നത് അപകടത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇതിനെക്കാൾ അപകടകരമാണ് ലൈംഗികചൂഷണവും സാമ്പത്തികത്തട്ടിപ്പും ഉൾപ്പെടെയുള്ള സൈബർകുറ്റങ്ങളുടെ കെണികളിൽ വീഴ്ത്താനുള്ള സാധ്യത. ചുരുക്കിപ്പറഞ്ഞാൽ, യുവതലമുറയെ സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാൾപോലെയുള്ള ഒരു ഉപകരണമാണിത്. എന്നാൽ, ഈ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ ജീവിക്കാൻ പറ്റാത്തവിധത്തിലുള്ള ഒരു ജീവിത(ലോക)ക്രമം ഈ വിദ്യയുടെ അധിപൻമാർ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. അദൃശ്യരായി സ്ഥിതിചെയ്യുന്ന അവർ ഒരു അധൃഷ്യ ശക്തിയായി മാറിയിരിക്കുന്നു എന്ന സത്യവും നാം അറിയണം. മാനവരാശിയെ ഒന്നടങ്കം യഥേഷ്ടം അനായാസമായി നിയന്ത്രിക്കാനും ചൂഷണംചെയ്യാനും അവർക്ക് കഴിയുന്ന അവസ്ഥയിലേക്കാണ് ലോകത്തെ അവർ എത്തിച്ചിരിക്കുന്നത്.
ഡിജിറ്റൽ യുഗത്തിനുമുമ്പ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെ പരിമിതികൾകൊണ്ടും സാമൂഹിക മര്യാദകളുടെ സമ്മർദംകൊണ്ടും യുവാക്കൾക്ക് അവരുടെ അഭീഷ്ടങ്ങൾ സാധിച്ചുകിട്ടുന്നതിന് കാലതാമസം നേരിടുന്നതും കാത്തിരിക്കേണ്ടിവരുന്നതും സർവസാധാരണമായിരുന്നു. പ്രണയം എത്ര തീവ്രമായിരുന്നാലും കാമുകിയോട് പ്രണയാഭ്യർഥന നടത്താനും അവളുടെ മറുപടി ലഭിക്കാനും മറ്റും നെടുവീർപ്പുകളുടെ നീണ്ട ഇടവേളകൾ ആവശ്യമായിരുന്നു. ഈ ഇടവേളകൾ യുവാക്കൾക്കും സമൂഹത്തിനും ഒരേപോലെ അനുഗ്രഹപ്രദവുമായിരുന്നു. കാരണം, യുവാക്കൾക്ക് അവരുടെ മനസ്സിനെ ഇളക്കിമറിക്കുന്ന വികാരങ്ങളെ പുനഃപരിശോധിക്കാനും സ്പഷ്‌ടീകരിക്കാനും പ്രത്യാഘാതങ്ങളെ വിലയിരുത്താനും മറ്റും ഈ ഇടവേളകളിൽ സാധിച്ചിരുന്നു. അതുകൊണ്ട്, പെട്ടെന്നുണ്ടാകുന്ന വികാരത്തള്ളലിൽ സാഹസികതകൾ കാട്ടാനുള്ള സാധ്യത നന്നേ കുറവായിരുന്നു. അതിവേഗം കാര്യങ്ങൾ നടക്കണം എന്ന് എല്ലാവരും വാശിപിടിക്കുന്ന ഇന്നാകട്ടെ അപ്പപ്പോൾ ഉണ്ടാകുന്ന എന്തു തോന്നലിനും നിമിഷംകൊണ്ട് നിവൃത്തി നൽകുന്ന ഡിജിറ്റൽ മീഡിയ കൈപ്പിടിയിൽ ഉള്ളതുകൊണ്ട് യുവാക്കൾ വീണ്ടുവിചാരത്തിനോ, പുനഃപരിശോധനയ്ക്കോ കാത്തിരിക്കാറില്ല. അക്ഷമരായ അവർ ആർക്കും സാവകാശം നൽകാൻ തയ്യാറുമല്ല. “നോ” പറയുന്ന കാമുകിമാരുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതും അവരെ നിഷ്ഠൂരമായി കൊലചെയ്യുന്നതും നമ്മുടെ നാട്ടിൽ അസാധാരണമല്ലാതായല്ലോ.
ഈ ദുരവസ്ഥക്ക് ആരാണ് യഥാർഥത്തിൽ ഉത്തരവാദി എന്ന ചോദ്യത്തിന് ആർക്കും പെട്ടെന്ന്, ലളിതമായി മറുപടി നൽകാനാവില്ല. പക്വതയാർജിക്കാത്ത കൗമാര-യുവ മനസ്സുകൾ ഈ പ്രലോഭനത്തിൽ വീണുപോകുന്നതിന് അവരെമാത്രം പഴിപറഞ്ഞ് സ്വന്തം വീഴ്ച മറച്ചുവയ്ക്കുകയാണ് മുതിർന്നവർ, ചെയ്യുന്നത്. ചില അടിസ്ഥാന വസ്തുതകൾ നാം അംഗീകരിച്ചേ മതിയാവൂ: ഇന്റർനെറ്റും, ഡിജിറ്റൽ സാങ്കേതികവിദ്യയും മീഡിയയും കണ്ടുപിടിച്ചതും വികസിപ്പിച്ചതും യുവാക്കളല്ല, മുതിർന്നവരാണ്. അതിൽ ചതിക്കെണികൾ ഒളിപ്പിച്ചുവച്ചതും യുവാക്കളല്ല, മുതിർന്നവരാണ്. എങ്ങനെയാണ് ഡിജിറ്റൽ മീഡിയ വിവേകപൂർവം ഉപയോഗിക്കേണ്ടത് എന്ന് സ്വന്തം മക്കളെയും, വിദ്യാർഥികളെയും ബോധ്യപ്പെടുത്തുന്നതിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഒരുപക്ഷേ, അവർ ശ്രമിച്ചിട്ടും പരാജയപ്പെട്ടതാകാം. പലപ്പോഴും നിസ്സഹായതയുടെ വിലാപമാണ് അവർ ഉയത്തുന്നത്. ബിസിനസ്സ് – രാഷ്ട്രീയ ശക്തികളുടെ അവിഹിത കൂട്ടുകെട്ടിന്റെ വിജയാട്ടഹാസമാണ് മുതിർന്നവരുടെ നിസ്സഹായമായ വിലാപത്തിൽ പ്രതിധ്വനിക്കുന്നത്.
ക്രിമിനലുകളെ സൃഷ്ടിക്കുന്ന വിദ്യാർഥി രാഷ്ട്രീയം
ഭരണക്രമത്തിൽ ജനാധിപത്യ സംവിധാനമാണ് നാം സ്വീകരിച്ചിട്ടുള്ളതെങ്കിലും നമ്മുടെ രാഷ്ട്രീയകക്ഷികൾ ശരിയായി ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. അത്യന്തം കേന്ദ്രിതമാണ് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളുടെ സംഘടനാസംവിധാനം. അധികാരം മുഖ്യമായും ജനക്ഷേമത്തിനുള്ള ഒരുപാധിയാണ് എന്ന കാഴ്പ്പാട് പാടേ ഉപേക്ഷിച്ചുകഴിഞ്ഞ രാഷ്ട്രീയകക്ഷികൾ അധികാരപ്രാപ്തി ആത്യന്തിക രാഷ്ട്രീയലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നു. എങ്ങനെയും അധികാരം നേടുന്നതിനും അത് നിലനിറുത്തുന്നതിനും വീണ്ടും അധികാരത്തിലെത്തുന്നതിനുമുള്ള ഒരു മാർഗം മാത്രമായി രാഷ്ട്രീയപ്രവർത്തനം മാറ്റിത്തീർക്കപ്പെട്ടിരിക്കുന്നു. ജനക്ഷേമമല്ല, ഭരണത്തുടർച്ചയാണ് സ്വപ്നവും ലക്ഷ്യവും. വിജയിക്കുമെങ്കിൽ, അധികാരത്തിനുവേണ്ടി എത്ര ഹീനമായ മാർഗങ്ങൾ സ്വീകരിക്കുന്നതിലും തെറ്റൊന്നുമില്ല എന്നതാണ് ഇന്നത്തെ അംഗീകൃത രാഷ്ട്രീയ ധാർമ്മികത. സ്വന്തം കക്ഷിയുടെ രാഷ്ട്രീയവളർച്ചക്ക് തടസ്സമുണ്ടാക്കുന്ന ആരെയും വർഗശത്രുവായും പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ നിലപാടിനെ ചോദ്യംചെയ്യുന്ന പാർട്ടിപ്രവർത്തകരെ കുലംകുത്തികളായും ചാപ്പകുത്തി വകവരുത്തുന്നതും ഇന്നത്തെ രാഷ്ട്രീയധാർമ്മികതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. എതിരഭിപ്രായക്കാരെ അധിക്ഷേപിച്ച് നിശ്ശബ്ദരാക്കുക, വെല്ലുവിളിയുയർത്തുന്നവരെ കൊന്നുതള്ളുക എന്നത് രാഷ്ട്രീയത്തിൽ ചില പ്രബലകക്ഷികൾ നടപ്പാക്കുന്ന അംഗീകൃത “നീതി”യും “രീതി” യുമായി മാറിക്കഴിഞ്ഞു. കേരള രാഷ്ട്രീയത്തിൽ കൊല “പുതിയ സാധാരണം” – new normal – ആയിമാറി.
പാർട്ടിത്താൽപര്യം സംരക്ഷിക്കാനെന്നപേരിൽ രാഷ്ട്രീയകൊലപാതകികളെ ‘എന്തുവിലകൊടുത്തും’ സംരക്ഷിക്കാനും മഹത്വവൽക്കരിക്കാനും ചില രാഷ്ട്രീയകക്ഷികൾ സന്നദ്ധരായത്തോടെ, രാഷ്ട്രീയകൊലയാളികൾ സംഘടിതമതങ്ങളിലെ പുണ്യാളന്മാർക്കും വിശുദ്ധന്മാർക്കും ലഭിച്ചുപോരുന്ന വിധമുള്ള ആദരവിനും ആരാധനയ്ക്കും പാത്രീഭൂതരായി. ഈ രീതി യുവമനസ്സിനെ ശക്തമായി സ്വാധീനിക്കാനും കീഴ്പ്പെടുത്താനും തുടങ്ങി. രാഷ്ട്രീയകക്ഷികളിലും പുറത്തുമുള്ള യുവാക്കൾ ഈ രോഗത്തിന്റെ ഇരകളായിക്കഴിഞ്ഞു എന്നാണ് കേരളത്തിലെ ആനുകാലിക അക്രമസംഭവങ്ങൾ വ്യക്തമാക്കുന്നത്. അക്രമോത്സുകരും ക്രിമിനൽ വാസനയുള്ളവരും തങ്ങൾക്ക് സംരക്ഷണം തരുമെന്ന് ഉറപ്പുള്ള കക്ഷികളിലേക്ക് ചേക്കേറുന്നതും കുറെക്കാലമായി കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രവണതയാണ്. അതിവേഗത്തിലാണ് ഈ പ്രവണത വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് വ്യാപിച്ചത്. പ്രതിയോഗികളെ അടിച്ചൊതുക്കുന്ന ഘട്ടവും പിന്നിട്ട്, അവരെ കുത്തിയും വെട്ടിയും കൊല്ലുന്നതും ക്യാമ്പസ്സുകളിൽ അസാധാരണമല്ലാതായിക്കഴിഞ്ഞു. ഇതര സംഘടനകൾക്കെതിരെ മാത്രമല്ല, പ്രിൻസിപ്പലിനും തങ്ങളുടെ രാഷ്ട്രീയം സ്വീകരിക്കാത്ത അധ്യാപകർക്കെതിരെയും ആഭാസകരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ സംഘടനകൾ അംഗങ്ങളെ പരിശീലിപ്പിക്കുകയും, നിർബന്ധിക്കുകയും ചെയ്യുന്നത് കേരളത്തിൽ സർവസാധാരണമാണല്ലോ. പോലീസ് സാന്നിധ്യത്തിൽ, ഏതോ ഓഫീസിന്റെ (മിക്കവാറും സെക്രട്ടേറിയറ്റ് ആവണം) മുമ്പിൽ അരങ്ങേറിയ ഒരു ധർണയിൽ യുവത്വത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെൺകുട്ടി “…. ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ, കൈയുംവെട്ടും കാലുംവെട്ടും വേണ്ടിവന്നാൽ തലയുംവെട്ടും. ആരിതുപറയുന്നറിയാമോ……യാ പറയുന്നേ… സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്…..” എന്ന് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നതും, കൂട്ടുകാർ ഒരേതാളത്തിൽ മുഷ്ടി ചുരുട്ടിവീശി പ്രസ്തുത മുദ്രാവാക്യം ഉച്ചത്തിൽ ഏറ്റുവിളിക്കുന്നതും പകർത്തിയ ഒരു വീഡിയോ ഏതാനും മാസംമുമ്പ് കാണാനിടയായി. “നമ്മളൊന്നാണേ, പാടാം നമ്മളൊന്നാണേ, മൂന്നുകോണിൽ നിന്നുവന്ന് ഇന്നലെ നാം പാടിയല്ലോ… നമ്മളൊന്നാണേ …” എന്ന പാട്ടുപാടുന്ന ലാഘവത്തോടുകൂടിയാണ് ആ കുട്ടി മുദ്രാവാക്യം വിളിച്ചുകൊടുത്തതും, കൂട്ടുകാർ ഏറ്റുവിളിച്ചതും. കുട്ടികളുടെ ആ നിസ്സംഗഭാവം മനഃസാക്ഷി മരവിക്കാത്ത ആരെയും ഞെട്ടിക്കും എന്നുറപ്പാണ്.
വിദ്യാർഥി രാഷ്ട്രീയം എവിടെ എത്തിനിൽക്കുന്നു എന്നു മാത്രമല്ല ഈ വീഡിയോ നമ്മെ കാട്ടിത്തരുന്നത്. കക്ഷി രാഷ്ട്രീയം നമ്മളുടെ പെണ്മക്കളുടെ സൈക്കിയെപ്പോലും എത്രകണ്ടു ക്രൗര്യവൽക്കരിച്ചുകഴിഞ്ഞു എന്നുകൂടിയാണ് അത് വെളിപ്പെടുത്തുന്നത്. ഇന്നുവിളിക്കുന്ന മുദ്രാവാക്യങ്ങൾ നാളെ പ്രാവർത്തികമാക്കുന്നവരായി ഈ കുട്ടികൾ മാറിയാൽ അതിൽ അദ്ഭുതപ്പെടാൻ ഒന്നുമില്ലതന്നെ. പോലീസിനും പൊതുസമൂഹത്തിനും മുമ്പിൽ, പരസ്യമായി ഇത്തരം കൊലവിളികൾ നടത്തുന്നത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതും, അതിനെ ചോദ്യംചെയ്യാതിരിക്കുന്നതും സമൂഹത്തോടുചെയ്യുന്ന അപരാധമാണ്. കാര്യങ്ങൾ കൈവിട്ടുപോയി എന്ന് വിലപിച്ചതുകൊണ്ട് കാര്യമില്ല. തിരുത്തലിനായി യോജിച്ച് ശബ്ദമുയർത്തുകയാണ് വേണ്ടത്.
ലഹരി – മദ്യവും മയക്കുമരുന്നും
കേരളത്തിലെ വിദ്യാര്‍ഥികളും യുവാക്കളും വലിയതോതിൽ ലഹരിക്ക് – മദ്യത്തിനും, മയക്കുമരുന്നുകൾക്കും- അടിപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്ന വസ്തുതയാണല്ലോ. എങ്ങനെയാണ് കേരളത്തിലെ വിദ്യാര്‍ഥികളും യുവാക്കളും ചുരുങ്ങിയ കാലയളവിൽ ഇത്തരം ഒരു വിപത്തിൽ അകപ്പെട്ടത് എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.
ലഹരിയുടെ ഉപയോഗത്തിന്റെ പ്രാഥമികകാരണം അതിന്റെ അനായാസവും, സാർവത്രികവുമായ ലഭ്യതയാണ് എന്നത് പകൽപോലെ വ്യക്തമാണ്. ലഹരിവസ്തുക്കൾ എവിടെയും എപ്പോഴും എളുപ്പത്തിലും ലഭിക്കും എന്നുവന്നാൽ സ്വാഭാവികമായും ആവശ്യക്കാരും ഉപഭോഗവും വർധിക്കും എന്നത് അനിഷേധ്യമായ വസ്തുതയാണ്. കേരളം മാറിമാറി ഭരിച്ച മുന്നണികളുടെ നയവൈകല്യത്തിന്റെ ഫലമായി കേരളത്തിൽ മദ്യത്തിന്റെ ഉപഭോഗം വൻതോതിൽ വർധിക്കുകയും മദ്യപാനം ഒരു സാമൂഹിക വിപത്തായി വളരുകയും ചെയ്തിരുന്നു. മുതിർന്നവരിൽനിന്ന് ഈ രോഗം വളരെപ്പെട്ടെന്ന് യുവാക്കളിലേക്കും കൗമാരക്കാരിലേക്കും വ്യാപിച്ചു.
മദ്യം നിയന്ത്രിച്ചാൽ മദ്യം ഇഷ്ടപ്പെടുന്നവർ മദ്യത്തെക്കാൾ അപകടകാരിയായ മയക്കുമരുന്നിലേക്ക് തിരിയും എന്ന വാദം ഉന്നയിച്ചാണ് അധികാരികളും അവരെ ന്യായീകരിക്കുന്നവരും കൂടുതൽ മദ്യശാലകൾ അനുവദിച്ച നടപടിയെ പ്രതിരോധിച്ചത്. മദ്യം കിട്ടാതെവരുമ്പോഴാണ് ആളുകൾ മയക്കുമരുന്നുകളിലേക്കു തിരിയുന്നത് എന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. ലഹരിക്ക് അഡിക്റ്റ് ആയവരാണ് അധികവും മയക്കുമരുന്നുകളിലേക്ക് – സബ്സ്റ്റൻസ് – കുടിയേറുന്നത് എന്നാണ് ഇതേസംബന്ധിച്ച പഠനങ്ങൾ പറയുന്നത്. ലഹരിയിലെ സ്ഥാനക്കയറ്റം എന്ന് ഈ പ്രവണതയെ വിശേഷിപ്പിക്കാറുണ്ട്. മദ്യത്തെ അപേക്ഷിച്ച് അനായാസമായി കൊണ്ടുനടക്കാനും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ സൂക്ഷിക്കാനും കൈമാറാനും ഉപയോഗിക്കാനും മറ്റും കഴിയുന്നത് മയക്കുമരുന്നാണ്. മാത്രമല്ല, വളരെ കുറഞ്ഞ അളവ് ഉപയോഗിച്ചാൽ പെട്ടെന്ന്, കൂടുതൽ ശക്തവും വ്യത്യസ്ത അനുഭൂതി നൽകുന്നതുമായ ലഹരി ലഭിക്കുകയും ചെയ്യും. ഈ സൗകര്യങ്ങളാണ് മദ്യപാനികളെയും യുവാക്കളെയും – പ്രത്യേകിച്ച് വിദ്യാര്‍ഥികളെ – മയക്കുമരുന്നുകളിലേക്ക് ആകർഷിക്കുന്നത്.
ഇന്റർനെറ്റിലെ ചതിക്കുഴികളുടെ കാര്യത്തിലെന്നപോലെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനത്തിന്റെ കാര്യത്തിലും യുവതലമുറ വഴി തെറ്റുന്നതിന്റെ പ്രധാന കാരണക്കാർ മുതിർന്ന തലമുറക്കാരാണ്. ലാഭത്തിനുവേണ്ടി മദ്യവും മയക്കുമരുന്നും വ്യാവസായികാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും അവ ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതുമെല്ലാം സമ്പത്തും രാഷ്ട്രീയ സ്വാധീനവുമുള്ള മുതിർന്നവരല്ലാതെ മറ്റാരാണ്? രാഷ്ട്രീയകക്ഷികളുടെ പിന്തുണയും സംരക്ഷണവുമില്ലാതെ ഇതു സാധ്യവുമല്ല. ഒരു കാര്യം ഉറപ്പാണ് – രാഷ്ട്രീയകക്ഷികൾ നിലപാട് മാറ്റുകയും ശക്തമായ ഭരണനടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ടല്ലാതെ, മറ്റൊന്നുകൊണ്ടും ഈ വിപത്തിനെ തടയാനാവില്ല. അതിനാകട്ടെ അചഞ്ചലമായ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ ആവശ്യവുമാണ്. ഇതിനായി ശക്തമായ ബഹുജനാഭിപ്രായം ഉയരേണ്ടതുണ്ട്.