നമ്മുടെ കാലത്തിനും അവരുടെ ഭാവിക്കും ഇടയിൽ

നോട്ടം / വിനോദ് നാരായണ്‍
ന്യൂജനറേഷൻ എന്നത് ഓൾഡ് ജനറേഷൻ വാർത്തെടുക്കേണ്ട ഒന്നാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ സമൂഹത്തിൽ ഓൾഡ്‌ജെനിന് ന്യൂജെനിനെക്കാൾ പ്രിവിലേജ് ഉണ്ടോ? അവരുടെ “ന്യൂ” എന്നതിൽ ഓൾഡ് ജനറേഷനിൽനിന്ന് അവർ മനസ്സിലാക്കിയതും അനുഭവിച്ചറിഞ്ഞതും ഉൾപ്പെടുന്നുണ്ട്. അതേസമയം, അവർ ഓൾഡ് ജനറേഷൻപോലെത്തന്നെ അവരുടെ വഴി സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവരാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
ന്യൂജനറേഷൻ എന്നത് പുതിയ ഒരു കാര്യമല്ല. ചരിത്രത്തിലുടനീളം, എല്ലാ കാലത്തും എല്ലാ സമൂഹത്തിലും തലമുറകൾ തമ്മിൽ ആശയപരവും പ്രായോഗികവുമായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. സിനിമ, സാഹിത്യം, സംഗീതം, രാഷ്ട്രീയം, സ്വപ്‌നങ്ങൾ, സാമൂഹിക കാഴ്ചപ്പാടുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വ്യത്യാസം പ്രകടമാണ്. പഴയ തലമുറയുടെ ചിന്താഗതികളും രീതികളും പുതിയ തലമുറ ചോദ്യം ചെയ്യുകയും പുതിയ മാറ്റങ്ങൾക്കായി വാദിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അപ്പോൾ എന്താ ഇപ്പോൾ ഇതിൽ ഇത്ര പുതുമ?
എപ്പോഴും ന്യൂജനറേഷനെ വിലയിരുത്തുന്നത് ഓൾഡ്ജനറേഷനാണ് എന്നതൊരു പ്രശ്നമല്ലേ. ഭാവിലോകം ന്യൂജനറേഷനിന്റേതാണ് എന്ന് സമ്മതിക്കുമ്പോൾത്തന്നെ ആ ഭാവിയിലേക്ക് ന്യൂജനറേഷനെ കൈപിടിച്ച് മൂല്യങ്ങളും പുതപ്പിച്ച് കൊണ്ടെത്തിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കാണ് എന്ന്‍ ഓൾഡ്ജനറേഷനുകളിൽ പലരും പറയാതെ പറയുന്നുണ്ട്. ആ കൈപിടിച്ചുകൊണ്ടു പോകലുകളിൽ ഉണ്ടാവുന്നതാവാം ഈ ഉരസലുകൾ. മറ്റൊരാളുടെ ജീവിതത്തെയും ഭാവിയെയും നമ്മുടെ ലോകവീക്ഷണത്തിലൂടെ നിർവചിക്കുക എന്നത് നടക്കുന്ന കാര്യമാണോ? ലേശം ബുദ്ധിമുട്ടാണ്.
അതുപോട്ടെ, എന്താണ് ന്യൂജനറേഷനോട് ഓൾഡ്ജനറേഷനുള്ള ഉത്തരവാദിത്വം? ഈ ഭൂമി, ഈ ലോകം ഓൾഡ് ജനറേഷൻ സ്വന്തമാക്കിയതിനേക്കാൾ നല്ല രീതിയിൽ അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതല്ലേ അതിന്റെ സാരം? അതു നാം നിറവേറ്റുന്നുണ്ടോ? നമ്മുടെ ശരികളും തെറ്റുകളും അവരിൽ അടിച്ചേൽപ്പിക്കുന്നതാണോ ഉത്തരവാദിത്വം? ഞാൻ ഒരു ഓൾഡ് ജനറേഷനിൽപ്പെട്ടവനാണ്, എങ്കിലും എന്നെക്കാൾ മൂത്ത ഓൾഡ് ജനറേഷൻ ഇപ്പോഴുമുണ്ട് എന്നതും വാസ്തവമാണ്.
കുറച്ചുവർഷം മുൻപ് ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ രക്ഷിതാക്കളുമായുള്ള ഒരു സംവാദത്തിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. അന്നു ഞാൻ അവരോട് രണ്ടുകാര്യങ്ങൾ ചോദിച്ചു. ഒന്ന്, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അവരുടെ വീടുകളിൽ ഏതെങ്കിലും പുസ്തകം വാങ്ങിയിട്ടുണ്ടോ എന്ന്. രണ്ടാമതായി, ആരെങ്കിലും ലൈബ്രറി സന്ദർശിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. ആദ്യത്തെ ചോദ്യത്തിന് കുറച്ചുപേർ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. എന്നാൽ, ലൈബ്രറിയിൽ പോയിരുന്നോ എന്ന ചോദ്യത്തിന് മിക്കവാറും എല്ലാവരും കൈ ഉയർത്തി.
ഇതിൽ എത്ര പ്രാവശ്യം കുട്ടികൾക്കല്ലാതെ, സ്വന്തം ആവശ്യത്തിനായി ഒരു പുസ്തകം വാങ്ങുകയോ ലൈബ്രറിയിൽ പോകുകയോ ചെയ്തുവെന്നു ചോദിച്ചപ്പോൾ, ഒരു കൈപോലും പൊങ്ങിയില്ല. എല്ലാവരും അങ്ങനെയാണെന്നല്ല, എങ്കിലും എഴുത്തും വായനയും അറിയുന്ന മാതാപിതാക്കൾ സ്വന്തം ആവശ്യത്തിനായി പുസ്തകങ്ങൾ വാങ്ങുകയോ വായിക്കുകയോ ചെയ്യാതെ, കുട്ടികളിൽ വായനാശീലം വളർത്താൻ ശ്രമിക്കുന്നത് പലതരം പ്രതികൂല ഫലങ്ങൾക്ക് വഴിയൊരുക്കുന്നു. അതിന്റെ പ്രതിഫലനമായി മറ്റൊരു തലത്തിലേക്കും വ്യാപിക്കുന്ന ജനറേഷൻ ഗ്യാപ്പ് (generation gap) പഠിക്കേണ്ടതുണ്ട്. നമ്മുടെ അപൂർണമായ സ്വപ്നങ്ങൾ അവരിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നു. എന്തോ ഒരു തകരാറുണ്ട്. കുട്ടികളുമായി ഒരുമിച്ച് നല്ല സ്വഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നതല്ലേ കൂടുതൽ നല്ലത്? ഈ കാര്യത്തിൽ നമ്മുടെയെല്ലാം നിലപാട് ഒന്നാണോ?
ന്യൂജനറേഷൻ എന്നത് ഓൾഡ് ജനറേഷൻ വാർത്തെടുക്കേണ്ട ഒന്നാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ആദ്യമായി, ന്യൂജനറേഷൻ ന്യൂ ആണെന്ന് നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. അവരുടെ “ന്യൂ” എന്നതിൽ ഓൾഡ് ജനറേഷനിൽനിന്ന് അവർ മനസ്സിലാക്കിയതും അനുഭവിച്ചറിഞ്ഞതും ഉൾപ്പെടുന്നുണ്ട്. അതേസമയം, അവർ ഓൾഡ് ജനറേഷൻപോലെത്തന്നെ അവരുടെ വഴി സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവരാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
Your responsibility is not to steer them, but to guide them when they need guidance. പറയാൻ എളുപ്പമാണ്, എന്നറിയാം. ഞാൻ എന്റെ കുട്ടികളുമായി സംസാരിക്കുമ്പോൾ ഞാൻ നേരിടുന്ന പ്രശ്നം അതേപോലെയാണല്ലോ. ഗൈഡ് ആവേണ്ടതിനുപകരം, പലപ്പോഴും ഞാൻ അവരുടെ ജീവിതത്തിന്റെ ഡ്രൈവർ ആകാൻ തുടങ്ങും.
ചില ആളുകൾ ന്യൂജനറേഷൻ “സോഫ്റ്റ്” ആണെന്നും പ്രശ്നങ്ങൾ വരുമ്പോൾ പെട്ടെന്ന് തളർന്നുപോകുമെന്നും അഭിപ്രായപ്പെടുന്നു. എന്നാൽ, അതേസമയംതന്നെ, ഒരു സ്കൂളിലെ അധ്യാപകനെ ഭീഷണിപ്പെടുത്തിയ പതിനേഴുകാരൻ “ഗുണ്ട” ആണെന്നും അവനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഓൾഡ് ജനറേഷനിലെ ചിലർ മുറവിളി കൂട്ടുന്നു. ആ പതിനേഴുകാരൻ ചെയ്തതിനെ ന്യായീകരിക്കുകയല്ല പക്ഷേ, ഈ സ്വഭാവങ്ങളിലേക്ക് ഓൾഡിന്റെ സംഭാവന ഒന്നുമില്ല എന്നു പറയാൻ കഴിയുമോ? ക്ഷുഭിതയൗവനം എന്നത് ഇപ്പോൾ ഉണ്ടായ പ്രയോഗം അല്ലല്ലോ. ഈ ക്ഷുഭിതം എങ്ങനെ വേണം എന്നു നമ്മളാണോ തീരുമാനിക്കുന്നത്. പഴയ തലമുറ പുതിയ തലമുറയുടെ പ്രശ്നങ്ങളെ ഒരു ദുർഗുണ പരിഹാര പാഠശാല കണക്കാണ് നോക്കി കാണുന്നത് എന്നു തോന്നാറുണ്ട്. അത് ഉപകാരപ്പെടുമോ?
ഇതിനര്‍ഥം ന്യൂജനിൽ പ്രശ്‍നങ്ങൾ ഇല്ലെന്നല്ല. നമ്മൾ ന്യൂജൻ ആവുന്ന കാലത്തുണ്ടായിരുന്ന പ്രശ്നങ്ങളൊക്കെ ഇപ്പോഴുമുണ്ട്. പക്ഷേ, ആ പ്രശ്നങ്ങളെ പർവതീകരിക്കാനും വൈറൽ ആക്കാനും പറ്റുന്ന സാങ്കേതികവിദ്യ ഇന്നു നിലവിലുണ്ട്. സ്‌കൂളിൽ അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിയെക്കുറിച്ച് മാധ്യമങ്ങളെല്ലാം എഴുതുന്നുമുണ്ട്. എല്ലാവരും വിധി കല്പിക്കുന്നുമുണ്ട്. കുറെ ‘ഓൾഡു’കൾ ചാനലുകളിൽ വന്നു ചർച്ചചെയ്യുന്നു. എന്നിട്ട്? എന്തു ഫലമാണ് നാം പ്രതീക്ഷിക്കുന്നത്? ആ കുട്ടിയെ അസ്വസ്ഥമാക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ഓൾഡ് ജനറേഷൻ ശ്രമിക്കണം. മാധ്യമങ്ങള്‍ പ്രോബ്ലം ജേർണലിസത്തിൽനിന്ന് സൊല്യൂഷൻ ജേർണലിസത്തിലേക്ക് മാറേണ്ടതും അനിവാര്യമാണ്.
ഇവിടെ വേണ്ടത് ‘ഓൾജെൻ’ (AllGEN-എല്ലാ ജെനെറേഷനുകളും) ഒത്തുചേരുന്ന ഇടങ്ങളാണ്. എന്താണ് ന്യൂജെനിന്റെ സ്വപ്നങ്ങൾ, ആകുലതകൾ, വിഷമങ്ങൾ? ന്യൂജനും ഓൾഡ്‌ജനും തമ്മിലുള്ള സൗഹൃദം എങ്ങനെയാവും. അതിനു കഴിയുമോ? എത്ര ഓൾഡ്ജനുകൾക്ക് ന്യൂജനുമായി രക്ഷാധികാരിയാ(Patronising)കാതെ ഒരു തുല്യമായ സൗഹൃദബന്ധം സ്ഥാപിക്കാൻ കഴിയും. വ്യക്തികളെ വിടൂ. ന്യൂജനെയും ഓൾഡ്‌ജനെയും ഒരേപോലെ കണ്ടുകൊണ്ടുള്ള ചർച്ചകൾ ഉണ്ടായിക്കൂടെ. ഇനി ഉണ്ടായാൽത്തന്നെ ചർച്ചയിൽ പങ്കെടുക്കേണ്ട ന്യൂജെനിനെ തിരഞ്ഞെടുക്കുന്നതും ഓൾഡ്‌ജെൻ ആവും. ഈ സമൂഹത്തിൽ ഓൾഡ്‌ജെനിന് ന്യൂജെനിനെക്കാൾ പ്രിവിലേജ് ഉണ്ടോ?
ന്യൂജനും ഓൾഡ്‌ജനും ഒരുമിച്ചുണ്ടാക്കുന്ന ഒരു ഭാവി ഇടം എങ്ങനെയുണ്ടാവും എന്നു ചിന്തിക്കണം. ആ ഭാവിയിടം ഇന്നു പല ഓൾഡ്‌ജെനിനും പരിചിതമാവണമെന്നില്ല. പരിചിതമാവില്ല എന്നു മാത്രമല്ല ഓൾഡിന്റെ ചിന്തകളെ ചോദ്യം ചെയ്യുന്നതുമാവാം. ഓൾഡിന്റെ പല പോരായ്മകളും ഇല്ലാത്തവരാണ് ഇന്നത്തെ ന്യൂജൻ എന്നൊന്ന് ചിന്തിച്ചു നോക്കു.
അതൊക്കെ പറയുമ്പോഴും ന്യൂജെനിന്റെ ജീവിതത്തെയും മാനസികവും സാമൂഹികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിക്കുന്ന പലതുമുണ്ട്. അതുപക്ഷേ, ഓൾഡ്‌ജെൻ മാത്രം ചർച്ച ചെയ്യേണ്ടതല്ല. ഇതൊരു ന്യൂജൻ പ്രശ്നം മാത്രമല്ല ഒരു ജെനറേഷണൽ പ്രശ്നമാണ്. ഇന്നു ജീവിക്കുന്ന എല്ലാവരെയും ബാധിക്കുന്നത്. എന്തുകൊണ്ട് നമുക്ക് ഒരുമിച്ചിരുന്നു ചർച്ചചെയ്തുകൂടാ?
പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും എനിക്ക് ഒരുപാട് എഴുതാൻ കഴിയും. എന്നാൽ അതു വെറും ഒരു ഓൾഡ്‌ജെൻ ജല്പനം മാത്രമാവും. തലമുറകളെ കുറ്റപ്പെടുത്തുന്നതിനോ വിധികൽപ്പിക്കുനതിനോ പകരം, എല്ലാവരും ഒത്തുചേർന്ന് പരസ്പരം മനസ്സിലാക്കാനും സഹകരിക്കാനും ശ്രമിക്കുകയാണ് വേണ്ടത്