ഭാഷാപിതാ – വ്ജാതികേരളത്തിന്റെ ഉപകാരസ്മരണ
സാഹിത്യവിചാരം/റാണിപോള്‍
ചാതുർവർണ്യത്തിൽ ഉടലാർന്ന പ്രദേശമായി കേരളത്തെയും മലയാളത്തെയും നിർമ്മിക്കുന്ന പ്രവർത്തനമായിരുന്നു സൂക്ഷ്മാർഥത്തിൽ തുഞ്ചൻസാഹിത്യം. വർണാശ്രമസംസ്‌കാരത്തെ വൃത്തിവൽക്കരിച്ച് മലയാളസംസ്‌കാരമാക്കിതീർത്ത സൗന്ദര്യശാസ്ത്രജ്ഞനാണ് തുഞ്ചൻ. രാഷ്ട്രനിർമ്മാതാവ് എന്നു പറയാം. ഇത് മൗലികമായി രാഷ്ട്രനിർമ്മാണപ്രക്രിയയാണ്. ചാതുർവർണ്യധിഷ്ഠിതമായ മലയാളസംസ്‌കാരം നിർമ്മിക്കുക എന്ന അർത്ഥത്തിൽ അദ്ദേഹത്തിന്റെ പ്രവൃത്തി മനുസ്മൃതി നിർദ്ദേശിക്കുന്ന ബ്രാഹ്മണസേവയത്രേ.
തുഞ്ചൻ മൗലികമായി ഒരു ഭാവനാസ്വരൂപം മാത്രമാണ്. ജാതി അതിന്റെ രാഷ്ട്രീയഅബോധവും. ജാതിധർമത്തിന്റെ ഈ മാമറയിൽ ഒരു സവിശേഷവ്യക്തിയുണ്ടെന്ന് ആധുനികലോകത്തെ ബോധ്യപ്പെടുത്താൻ പോന്ന യുക്തികളൊന്നും ഇതുവരെയും തെളിഞ്ഞുവന്നിട്ടില്ല. ശൂദ്രസാഹിത്യചരിത്രങ്ങളും ബ്രാഹ്മണദാസരായ കവികളും ശാസ്ത്രജ്ഞർ എന്നവകാശപ്പെടുന്ന ചില എഴുത്തുകാരും നടത്തുന്ന ആഖ്യാനങ്ങളാകട്ടെ കേവലം ഭാവനാലോകങ്ങൾ എന്നേ പറയാനാവൂ. വസ്തുതകൾ അവയിൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇനി, ഒരു ഇതിഹാസവും ഒരു പൗണ്ഡ്രകേതിഹാസവും ഉൾപ്പെടുന്ന രണ്ടു രചനകളുടെ വിവർത്തകനായി അതുവഴി വർണാശ്രമധർമത്തിന്റെ വൃത്തിവൽക്കരണത്തിലൂടെ മലയാളജനതയെ ബ്രാഹ്മണദാസരും കേരളത്തെ ഭാർഗവക്ഷേത്രവുമായി പണിതുയർത്താൻ ശ്രമിച്ച പാദദാസനെന്ന നിലയിൽ മലയാളസാഹിത്യഭാഷയുടെ സ്ഥാപനാചാര്യനായി പീഠവൽക്കരിക്കപ്പെട്ട തുഞ്ചൻ ഒറ്റ വ്യക്തിതന്നെയാണെന്ന് കരുതാൻ വേണ്ടത്ര തെളിവുകൾ രചനകൾപോലും തരുന്നില്ല.
യഥാർഥത്തിൽ പരസ്പരം പൊരുതുന്ന, വിരുദ്ധങ്ങളും വൈവിധ്യപൂർണങ്ങളുമായ ലോകബോധങ്ങളും ആഖ്യാനവഴികളും പൊട്ടിയമരുന്ന (implode) വ്യവഹാരകലർപ്പിന് വിനിമയസൗകര്യാർഥം നൽകുന്ന വിളിപ്പേരാണ് തുഞ്ചൻ. ഇതിനെക്കുറിച്ച് ഉറപ്പിച്ചു പറയാവുന്ന ഒരേ ഒരു കാര്യം, ഇത് ഒരു ജാതിവ്യവഹാരമാണ് എന്നതുമാത്രം. ബ്രാഹ്മണസേവ എന്ന ശൂദ്രധർമമാണ് അതിന്റെ പ്രവൃത്തിമണ്ഡലം. കേരളജനതയ്ക്ക് പൊതുവായി പങ്കുവയ്ക്കാവുന്ന ഒന്നും അതിലില്ല. മതേതരമോ ജാത്യതീതമോ ആയ കാഴ്ചകളൊന്നും ആ വ്യവഹാരത്തിന് ഭാവനചെയ്യാൻ പോലുമാവില്ല. ഉടലാർന്ന ജാതിയാണ് എഴുത്തച്ഛൻ; ബ്രാഹ്മണസേവ എന്ന ശുദ്രവൃത്തി അതിന്റെ ധർമവും. അതുകൊണ്ടാണ് മലയാളത്തിലെ ശൂദ്രസാഹിത്യ വിമർശനം തുഞ്ചനെ പുതുമലയാണ്മതൻ മഹേശ്വരൻ, ഭാഷാപിതാവ് എന്നെല്ലാം സ്തുതിച്ച് ആത്മനിർവൃതിയടയുന്നത്. ശൂദ്രന് പിണ്ഡാവകാശംപോലുമില്ലെന്നും ആരണർക്കൊരു ദുഖം കാണുമ്പോളതുതീർപ്പാൻ/പ്രാണത്യാഗവും ചെയ്തു സദ്ഗതിലഭിക്കേണം എന്നും ജാതിധർമം മലയാളിയെ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ പാദദാസനെ ഭാഷാപിതാവാക്കി പാദപൂജ ചെയ്യുമ്പോഴാണ് മലയാളശൂദ്രന്റെ നരജന്മം സഫലമായിത്തീരുക. ശൂദ്രനെ ദാസ്യത്തിൽനിന്ന് യജമാനൻ മോചിപ്പിച്ചാലും അയാൾ സ്വയം ദാസ്യമുപേക്ഷിക്കില്ലെന്ന് മനുസ്മൃതി എന്നേ ഉറപ്പിച്ചു കഴിഞ്ഞതാണ്. ഇതാണ് ജാതിയുടെ ഗതികോർജം.
മതസാഹിത്യം
കേരളത്തെ ഭാർഗവക്ഷേത്രം അഥവാ ബ്രാഹ്മണക്ഷേത്രമായി പണിതുയർത്തുന്ന നിർമ്മാണജോലിയാണ്,‘പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ/പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ’ എന്നു സ്വയം ആഹ്ലാദിക്കുന്ന തുഞ്ചൻ ഏറ്റെടുത്തത്. സൂക്ഷ്മതലത്തിൽ ഇതു രാഷ്ട്രനിർമ്മാണ പ്രവർത്തനമാണ്; രാഷ്ട്രീയപ്രവർത്തനം. അതുകൊണ്ട് മലയാളത്തിലെ പ്രഥമ ബ്രാഹ്മണമതപ്രചാരണസാഹിത്യം എന്നു തുഞ്ചൻസാഹിത്യത്തെ ചരിത്രപരമായി സ്ഥാനപ്പെടുത്താം.(കെ.എൻ.എഴുത്തച്ഛൻ, കേസരിമാർക്ക് വിദൂരനമസ്‌കാരം) ബ്രാഹ്മണമതത്തെ വൃത്തിവൽക്കരിക്കുന്ന (sanitise) ഈ മതപ്രചരണസുവിശേഷം കാണാൻ മലയാളവിമർശനത്തിനു കഴിയാതെപോയത് അതിന്റെ കണ്ണുകൾ ചാതുർവർണ്യധർമത്തിൽ ഉയിരാർന്നതുകൊണ്ടാണ്. പോത്തേരിയുടെ ‘സരസ്വതീവിജയം’ ക്രിസ്തുമതപ്രചാരണമാണെന്നു വലിയ വായിൽ ഒച്ചയിട്ട സി.പി.അച്യുതമേനോനെ ഓർമിക്കുക. ‘ഇതിനെ നോവൽ എന്ന രേഖപ്പെടുത്തിയതാണ് അബദ്ധമായത്.’ എന്നു സരസ്വതീവിജയത്തെക്കുറിച്ച്, സി.പി.അച്യുതമേനോൻ പത്തൊമ്പതാംനൂറ്റാണ്ടിന്റെ അന്ത്യപകുതിയിൽ എഴുതി. കേരളനവോത്ഥാനത്തിന്റെ ആശയലോകം മലയാളത്തിലെ സാഹിത്യവിമർശനത്തിനു തീണ്ടാപ്പാടകലെയായിരുന്നുവെന്ന് അച്യുതമേനോൻ പ്രഭൃതികളെപ്പോലെ, ഇംഗ്ലീഷ് പഠിച്ച പണ്ഡിതമൂഢരുടെ ഇത്തരം മതപ്രലപനങ്ങൾ തെളിയിക്കുന്നു. ഈ അബോധം എഴുത്തച്ഛന്റെകൂടി നിർമ്മിതിയാണ്. തുഞ്ചന്റെ രാഷ്ട്രീയഅബോധം വർണാശ്രമധർമം എന്ന ബ്രാഹ്മണമതം ആയിരുന്നുവെന്ന് ഇംഗ്ലീഷ് പഠിച്ച ഈ നവവരേണ്യർ കാണാതെപോയത് എന്തുകൊണ്ട്? മൗലികമായി ഉയിരും ഉടലുമായിത്തീർന്ന ബ്രാഹ്മണമതമാണ് ഇവർ എന്നതുകൊണ്ടുതന്നെ. സി.പി മുതൽ ദലിത് വിമർശനം പ്രബലമാവുംവരെയുള്ള മലയാളവിമർശനത്തിന്റെ രാഷ്ട്രീയഅബോധം ചാതുർവർണ്യം എന്ന ബ്രാഹ്മണമതമാണ് എന്നു ചുരുക്കം. അതുകൊണ്ടാണ് ഇതിഹാസങ്ങളിൽനിന്ന് മതേതരപാഠം കണ്ടെടുക്കാമെന്ന് മാർക്‌സിസ്റ്റുകളെന്നവകാശപ്പെടുന്ന ആദരണീയരായ ചിലർപോലും, സുവിശേഷം പ്രസംഗിച്ചു നടക്കുന്നത്; തങ്ങളുടേത് ബ്രാഹ്മണസേവയാണെന്നറിയാതെ.
തൊണ്ണൂറുകളുടെ ആരംഭത്തിൽ ഹിന്ദുപരിവാർ ബാബറി മസ്ജിദ് തകർത്തു. തുടർന്ന് ഇന്ത്യയിൽ ഭരണകൂടശക്തിയായി പരിണമിച്ചു. അധികാരത്തിന്റെ ഈ അന്തരീക്ഷത്തിൽ മതപുനരുത്ഥാനവാദം പൊതുമണ്ഡലത്തിൽ സ്വാഭാവികരാഷ്ട്രീയവ്യവഹാരമായി വൃത്തിവൽക്കരിക്കപ്പെട്ടു. സാഹിത്യം,കല,രാഷ്ട്രീയം,മാധ്യമങ്ങൾ എന്നിവ അഹമഹമിഹാദിയാ മത്സരിച്ച് പ്രകടനങ്ങളാരംഭിച്ചു. സിനിമകൾ, സിനിമാഗാനങ്ങൾ, സാഹിത്യം, ചിത്രകല, ദൃശ്യ,ശ്രാവ്യ,അച്ചടിമാധ്യമങ്ങൾ തുടങ്ങിയവ ഇതിന്റെ ഉത്സവങ്ങളാൽ തിളങ്ങി. രാമായണരസാമൃതങ്ങളും ഭാഗവതസപ്താഹങ്ങളും ദേശീയപ്രവർത്തനങ്ങളായി ഇവ ഏറ്റെടുത്തു പണംവാരി. ഈ അന്തരീക്ഷത്തിൽ, കർക്കിടകമാസാരംഭമായാൽ പണ്ഡിതശൂദ്രർ ചാതുർവർണ്യത്തിന്റെ സൗന്ദര്യാത്മക ഭരണഘടനകളിലൊന്നായ അധ്യാത്മരാമായണം മുൻനിർത്തി ചാതുർവർണ്യമഹത്വം മത്സരിച്ച് ആഘോഷിച്ചു തുടങ്ങുകയായി. ഇന്ത്യൻ ഭരണഘടനക്കെതിരെ മതകേന്ദ്രിതമായി നടത്തുന്ന ഈ യുദ്ധതന്ത്രങ്ങൾ തുറന്നുകാണേണ്ടതുണ്ട്.
ജാതിയില്ലാത്ത രാമായണം
രാമായണത്തിൽ ജാതി ഇല്ലെന്നും അങ്ങനെ ഉണ്ടെന്നു വാദിക്കുന്നത് ജാതിവാദികളാണെന്നും അധ്യാത്മരാമായണം ആരണ്യകാണ്ഡത്തിലെ ശബരീമോക്ഷം എന്ന ഭാഗം മുൻനിർത്തി പാദസേവകരായ ഈ വിദ്വാന്മാർ പാടിനടക്കും. ശംബൂകവധവും അതു ചൂണ്ടിക്കാണിച്ച നാരായണഗുരുവിന്റെ ചരിത്രബോധവും പക്ഷേ, ഇവരെ ആരും ഓർമിപ്പിക്കയുമരുത്. കേവലം ബ്രാഹ്മണണസേവക പണ്ഡിതഡിണ്ഡിമപ്രലാപനം എന്ന നിലയിൽ വിട്ടുകളയാമായിരുന്ന ഇത്തരം മതനിരപേക്ഷതയിൽപ്പൊതിഞ്ഞ ജാതീയ ഒളിയുദ്ധങ്ങൾ മലയാളികൾ കരുതലോടെ പ്രതിരോധിക്കേണ്ടതുണ്ട്; അതു മലയാളസംസ്‌കാരമല്ലെന്ന് ഉറക്കെ പറയേണ്ടതുണ്ട്. അല്ലെങ്കിൽ, മതേതരകേരളം വർണാശ്രമധർമത്തിന്റെ സൗന്ദര്യപ്രളയത്തിൽ മുങ്ങിപ്പോകാം.
പുരുഷോത്തമൻ എന്ന ജാതിപുരുഷൻ
വൈദികേതിഹാസസാഹിത്യം മൗലികമായി ചാതുർവർണ്യത്തിന്റെ അനുഭൂതിവ്യവഹാരമാണ്. ഇവയിലെ മറ്റേതൊരു രാജാവിനെയുംപോലെ രാമനും ചാതുർവർണ്യപാലകനാണെന്നും അദ്ദേഹത്തിന്റെ പുരുഷോത്തമത്തം ഈ വർണധർമനിഷ്ഠയാണെന്നും സംസ്‌കൃതസാഹിത്യം സാമാന്യമായി പഠിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. താടകാവധം, ശംബൂകവധം, ബാലിവധം തുടങ്ങിയവയെല്ലാം ചാതുർവർണ്യഹിതാർഥം മനുസ്മൃതി നിർദ്ദേശിക്കുന്ന വധങ്ങളാണ്.
ചതുർവർണാശ്രമസ്യായം
ലോകസ്യാചാരരക്ഷണാത്.
നശ്യതാം സർവധർമാണാം
രാജധർമഃ പ്രവർത്തകഃ
എന്ന, അർഥശാസ്ത്രവും മനുസ്മൃതിയും നിർദ്ദേശിക്കുന്ന രാജധർമമാണ് രാമൻ പാലിച്ചത്. ഈ ധർമംതന്നെ വർണധർമം. ഇതിഹാസപുരാണങ്ങൾപോലെത്തന്നെ സംസ്‌കൃതത്തിൽ കാളിദാസ,ബാണ,ഭട്ടപ്രഭൃതികളും മലയാളത്തിൽ ഉണ്ണായിവാര്യർപ്രഭൃതികളുമുൾപ്പെടുന്ന സാഹിത്യത്തിന്റെ സൗന്ദര്യത്വം വർണധർമം എന്ന ഈ വ്യവഹാരമാണ്. ചാതുർവർണ്യം അതിന്റെ രാഷ്ട്രീയഅബോധവും. വർണാശ്രമധർമങ്ങളുടെ പാലകനായ രാജാക്കന്മാരാണ് ഇവയുടെ കേന്ദ്രം. ഇവരത്രേ പുരുഷോത്തമർ. ഇതിഹാസങ്ങളാകട്ടെ, വർണാശ്രമധർമത്തിന്റെ പാഠ്യപദ്ധതിയും കരിക്കുലവുമാണെന്ന് ‘അർഥശാസ്ത്രം’ സന്ദേഹമില്ലാതെ തന്നെ ഉറപ്പിച്ചിട്ടുണ്ട്.
‘മഹാഭാഗഃ കാമം നരപതിരഭിന്നസ്ഥിതിരസൗ
ന കശ്ചിദ്വർണാനാമപഥമപകൃഷ്ടോളപി ഭജതേ’.
എന്ന കാളിദാസശാകുന്തളത്തിലെ(അഞ്ചാമങ്കം) ശാർങ്ഗരവവാക്യം ഓർമിക്കുക. ചിത്രമെഴുത്തിലല്ലാതെ, രാജ്യത്ത് വർണസങ്കരമേ ഉണ്ടായിരുന്നില്ലെന്ന് ബാണഭട്ടന്റെ കാദംബരി. ഇവ ഉദാഹരണങ്ങൾ മാത്രം.
രാമായണം അധ്യാത്മം
വർണധർമത്തിന്റെ ഈ രാഷ്ട്രീയഅബോധം അധ്യാത്മരാമായണത്തെ ഉരുവപ്പെടുത്തുന്നതെങ്ങനെയെന്നു നോക്കാം.
കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ…എന്നു ബ്രാഹ്മണപൂജ ചെയ്യുന്നു.
വർണധർമങ്ങൾ പുനരാശ്രമധർമ്മങ്ങളു-
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
നിന്തിരുവടിയരുൾചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്വന്നു…എന്നു പാർവതിയെക്കൊണ്ട് പ്രശംസിപ്പിക്കുന്നു.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടകാഭയങ്കരി വാണിടും ദേശമല്ലൊ….
‘കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ’മെന്നു മാമുനി പറഞ്ഞപ്പോൾ…
എന്നു താടകയെചൂണ്ടി വിശ്വാമിത്രൻ രാമനോടാജ്ഞാപിച്ചപ്പോൾ കണ്ണുംപൂട്ടി ശരമെയ്തുകൊന്നു. ചാതുർവർണ്യഹിതാർഥമെന്ന് വാല്മീകി എഴുതുന്നതിന്റെ തുഞ്ചൻവ്യാഖ്യാനം. ഇതെല്ലാമത്രേ ബ്രാഹ്മണസേവ എന്ന ശൂദ്രധർമം. ഇതിനു പച്ചമലയാളത്തിൽ ജാതി എന്നു പറയും. ആനന്ദപുരസ്സരം ഇതാസ്വദിക്കുന്ന, ബ്രാഹ്മണരുടെ ചരണാരുണാംബുജലീനപാംസുസഞ്ചയം/മമ ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു/ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്ന തുഞ്ചൻ വർണാശ്രമധർമ പ്രകീർത്തനം അനുപദം ആവർത്തിക്കുമ്പോൾ ‘അധ്യാത്മരാമായണം’ ജാതിഭേദങ്ങൾ നിരസിക്കുന്നുവെന്നു പ്രേതാത്മാക്കൾ വാദിച്ചുകൊണ്ടേയിരിക്കുന്നു.
വാല്മീകിരാമായണം
ആദികവി വാല്മീകിയുടെ രാമായണമാണല്ലോ തുഞ്ചന്റെ തന്നെ തർജമയുടെ സ്രോതസായ അധ്യാത്മരാമായണത്തിന് ആധാരമായത്. വാല്മീകിരാമായണം എന്തു പറയുന്നു? അവിടെ ശബരി, വർണധർമിയായ രാമനിൽപ്പോലും ബഹുമാനമുണർത്തുന്ന ശ്രമണപാരമ്പര്യത്തിൽ വരുന്ന ഋഷിയാണ്. രാമനെന്നല്ല ബ്രാഹ്മണസംസ്‌കാരമുള്ള ആരുടെയും സാന്നിധ്യം ശബരിക്കാവശ്യമില്ല.
‘താമുവാച തതോ രാമഃ
ശ്രമണിം സംശിതവൃതാം’ (ആരണ്യകാണ്ഡം,74.9).
ശബരി ശ്രമണതാപസിയാണെന്നും, ‘സാ സിദ്ധാ സിദ്ധസമ്മത’(ആരണ്യകാണ്ഡം,74.11).യാണന്നും വാല്മീകി. രാമൻ കാണുന്നതിനു മുന്നേതന്നെ അവർ സിദ്ധയാണ്; സിദ്ധസമ്മതയുമാണെന്നു വാല്മീകിരാമായണം. മാത്രമല്ല, സ്വതേജസ്സിനാൽ സ്വർഗത്തിൽ പ്രവേശിച്ചവളുമാണ് ഈ ശ്രമണതാപസിയെന്നുതന്നെ വാല്മീകിക്ക് സംശയമില്ല. രാമന്റെ സാന്നിധ്യംപോലും ഒന്നിനും ശബരിക്ക് ആവശ്യമില്ലെന്നു സാരം.
ലോകം ഇങ്ങനെ പ്രകാശപൂർണമായിരിക്കെയാണ് മലയാളികളുടെ കണ്ണിൽ മണ്ണുവാരിയിട്ട് വെട്ടിവീഴ്ത്തുന്ന കള്ളച്ചുവടുമായി പണ്ഡിതശൂദ്രർ വരുന്നത്. ഇത് ആധുനികമലയാളിയുടെ ആത്മാഭിമാനം വൃണപ്പെടുത്തുന്നു. ജാതി-ലിംഗഭേങ്ങൾ ഭാരതീയമല്ല എന്ന് അധ്യാത്മരാമായണം മുൻനിർത്തി ആവർത്തിക്കുന്നു. ഇങ്ങനെ വ്യാജമെഴുതാൻ ഇക്കാലത്ത് ജാതിഭ്രാന്തരായ മൂഢർക്കു മാത്രമേ കഴിയൂ. അതുപോലെ, വിപ്ലവം ഇതിഹാസപുരാണങ്ങളിലൂടെ എന്നു സുവിശേഷം പ്രസംഗിക്കുന്ന ചില കാഥികരെയും കപ്യാരുമാരെയും നാം ജാഗ്രതാപൂർവം കാണണം. അവർ ബ്രാഹ്മണസേവ എന്ന യഥാർഥ ശൂദ്രധർമം നിർവഹിക്കുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ആളെ പിടിക്കുന്ന സത്യപോരാളികളാണവർ. അതുകൊണ്ട്, ‘മർദിതലക്ഷങ്ങളെ മുതലാളികളുടെ സാമ്പത്തികചൂഷണങ്ങൾ, സഹിച്ചുകൊണ്ടുപോകുന്നതിന് ഉപദേശിക്കുന്ന ദൈവവിധിക്കു കീഴടങ്ങണമെന്നുള്ള മതതത്ത്വം ഉദ്ഘോഷിച്ചിട്ടുള്ള തുഞ്ചന്റെ മുദ്ര ധരിച്ചുകൊണ്ട് ആ മർദ്ദിതലക്ഷങ്ങളോടു സഹായമപേക്ഷിക്കുന്നതിന്റെ അനൗചിത്യം ശ്രീ. വള്ളത്തോൾ കാണാത്തതു കഷ്ടമായിപ്പോയി എന്നു കേസരി (2011:913) 1930-കളിൽ എഴുതിയത് അവരെ, നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കണം. ഇതു രാഷ്ട്രീയപ്രവർത്തനമാണ്.