സ്റ്റാലിനിസ്റ്റ്ഭീകരതയോട് വിടപറഞ്ഞ എം.ആർ.സി. – റഷീദ് പാനൂർ

സ്റ്റാലിനിസ്റ്റ്ഭീകരതയോട് വിടപറഞ്ഞ എം.ആർ.സി.  – റഷീദ് പാനൂർ

പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രഫ. എം.ആര്‍. ചന്ദ്രശേഖരന് സ്മരണാഞ്ജലി.


കേരളത്തിലെ മാർക്‌സിയൻ ബുദ്ധിജീവികളുടെ മുൻനിരയിൽ സ്ഥാനംകിട്ടിയ എം.ആർ.സി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എം.ആർ.ചന്ദ്രശേഖരൻ വിടപറഞ്ഞപ്പോൾ കേരളത്തിലെ മാർക്‌സിസ്റ്റ് കേന്ദ്രങ്ങളിൽ വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടായില്ല. ഇടതുപക്ഷ വീക്ഷണമുള്ള ബുദ്ധിജീവികള്‍പോലും പ്രതികരിച്ചില്ല. എഴുപതുകളിലും, എൺപതുകളിലും, സാഹിത്യത്തിലും, കലയിലും, സാമൂഹികപ്രതിബദ്ധത വേണം എന്നു വാദിച്ച ഇടതുപക്ഷസൈദ്ധാന്തികരുടെ മുൻനിരയിൽ എം.ആർ.സി. ഉണ്ടായിരുന്നു. കലയും സാഹിത്യവും രാഷ്ട്രത്തിന്റെ ഉന്നമനത്തിനാണെന്ന സ്റ്റാലിനിസ്റ്റിക് ആശയം തലയിലേറ്റി നടന്ന പി.ഗോവിന്ദപിള്ളയുടെയും, എൻ.ഇ.ബാലറാമിന്റെയും മറ്റും വലതുകൈയായി എം.ആർ.സിയും  ഉണ്ടായിരുന്നു.


‘ബലികുടീരങ്ങൾക്ക് ഒരു ഓർമപുസ്തകം’ എന്ന കൃതി എഴുപതുകളിൽ കമ്മ്യൂണിസ്റ്റുകൾ ഏറെ കൊണ്ടാടപ്പെട്ടിരുന്നു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ബോൾഷെവിസം എന്ന വാക്ക് എന്റെ അറിവിന്റെ ഭാഗമായത്. അത് എന്താണ് എന്നറിഞ്ഞില്ല. ഒരു പദ്യത്തിന്റെ ഭാഗമായിട്ടാണ് ഞാനത് പഠിച്ചത്. ആ ഭാഗമിതാണ് : 


”വരട്ടെ ബോൾഷെവിസം/വരട്ടെ സോഷ്യലിസം,/വരട്ടെ, വരുമെങ്കിലിസം/ഒട്ടേറെ, ഒന്നെന്നാൽ/അവയ്‌ക്കെല്ലാമത്യതീതമായ് /മന്നിലെന്നും നിലനിൽക്കും/സുന്ദര വൃന്ദാവനം.”


മാർക്‌സിസ്റ്റ് ചിന്തകൾ തലയിലേറ്റി നടന്നിരുന്ന എം.ആർ.സി. സോവ്യറ്റ് റഷ്യ ഭൂമിയിലെ സ്വർഗമാണ് എന്ന് തെറ്റിദ്ധരിച്ചുപോയി. തന്റെ ജീവിതലക്ഷ്യം കമ്മ്യൂണിസ്റ്റാശയങ്ങൾ അക്ഷരങ്ങൾവഴി മനുഷ്യരിൽ എത്തിക്കലാണ് എന്ന് എം.ആർ.സി. കരുതി. തന്റെ രാഷ്ട്രീയഗുരുക്കന്മാർ സ്റ്റാലിനും, മാർക്‌സും, ലെനിനും  ഏംഗൽസും ആയിരുന്നു. പുരോഗമന സാഹിത്യ സംഘടന രൂപംകൊണ്ടത് 1944-ൽ ഷൊർണ്ണൂരിൽ ആയിരുന്നു. 1937-ൽ തൃശൂരിൽ രൂപംകൊണ്ട ജീവൽ സാഹിത്യപ്രസ്ഥാനത്തിന്റെ തുടർച്ചയായിരുന്നു ഇത്. പി. കേശവദേവും തകഴിയും നിറഞ്ഞുനിന്ന ഈ കാലഘട്ടത്തിൽ എം.ആർ.സി. തൊഴിലാളിവർഗ സാഹിത്യത്തെക്കുറിച്ചും റഷ്യയിലെ ഗോർക്കി, ചെക്കോവ്, ഷൊളക്കോവ്, ടർജിനേവ് തുടങ്ങിയ വിശ്വസാഹിത്യനായകന്മാരെക്കുറിച്ചും ഇടിമുഴക്കത്തോടെ സംസാരിച്ചു. പി.ഗോവിന്ദപിള്ളയും ഉണ്ണിരാജയും പവനനും എം.ആർ.സിയുടെ ഉറ്റതോഴന്മാരായിരുന്നു. മാധ്യമപ്രവര്‍ത്തകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവജീവൻ മാസികയുടെ എഡിറ്ററായിരുന്നു. എൻ.വി. എം.ടി തുടങ്ങിയ എഡിറ്റർമാരുടെ സുവർണകാലത്ത് എം.ആർ.സി. മാതൃഭൂമിയിൽ സബ് എഡിറ്ററായിരുന്നു.


നിരൂപണം

‘കൃഷ്ണഗാഥാ നിരൂപണം ചില തിരുത്തലുകൾ’ എഴുതിയതോടുകൂടിയാണ് എം.ആർ.സി. കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ‘മലയാളത്തനിമയുള്ള ആദ്യത്തെ ബ്രഹത്തായ കാവ്യകൃതി കൃഷ്ണഗാഥയാണ്’ എന്ന എം.ആര്‍.സിയുടെ പ്രഖ്യാപനം അറുപതുകളിൽ ശ്രദ്ധിക്കപ്പെട്ടു. സുകുമാർ അഴീക്കോടും, എം. ലീലാവതിയും എം.കൃഷ്ണൻനായരും, ഈ അഭിപ്രായത്തോട് യോജിച്ചിരുന്നു. മലയാള നോവൽ സാഹിത്യത്തിൽ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സ്വാധീനത്തെക്കുറിച്ചും എം.ആർ.സി ധാരാളം എഴുതിയിട്ടുണ്ട്. തകഴി, ദേവ്, പൊറ്റക്കാട്, ഉറൂബ്, ചെറുകാട്, സി.വി.രാമൻപിള്ള തുടങ്ങിയ ക്ലാസിക് നോവലിസ്റ്റുകളെക്കുറിച്ചുള്ള എം.ആർ.സിയുടെ പഠനങ്ങൾ യൂണിവേഴ്‌സിറ്റിതലത്തിൽ പാഠ്യവിഷയങ്ങളായിട്ടുണ്ട്. പി.കെ.ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’, എം.ടിയുടെ ‘രണ്ടാമൂഴം’ തുടങ്ങിയ നോവലുകളെക്കുറിച്ചും എം.ആർ.സി. പഠനം നടത്തിയിട്ടുണ്ട്. മലയാളത്തിലെ ആധുനിക നോവലുകളെക്കുറിച്ചും അസ്തിത്വദുഃഖം തളംകെട്ടിനിൽക്കുന്ന എം. മുകുന്ദന്റേയും കാക്കനാടന്റേയും കഥകളെക്കുറിച്ചും നീരസത്തോടുകൂടിയാണ്   രണ്ടരവർഷം മുൻപ് എം.ആർ.സിയെ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി കണ്ട സമയത്ത് സംസാരിച്ചത്.  ആനന്ദിന്റെ ‘ആൾക്കൂട്ടം’, ഓ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, സേതുവിന്റെ ‘പാണ്ഡവപുരം’, എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, പുനത്തിലിന്റെ ‘സ്മാരകശികൾ’, പി. പത്മരാജന്റെ ‘പ്രതിമയും രാജകുമാരിയും’, സക്കറിയയുടെ കഥകൾ തുടങ്ങിയ ആധുനിക കൃതികളൊന്നും അദ്ദേഹത്തെ സ്വാധീനിച്ചില്ല എന്നാണ് പറഞ്ഞത്. കടംകൊണ്ട ദർശനമാണ് ആധുനിക സാഹിത്യത്തിൽ ഉപയോഗിച്ചത് എന്ന് എം.ആർ.സി. പറയുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ചിന്താധാരയും അത് വെളിപ്പെടുത്തുന്ന സ്റ്റാലിനിസ്റ്റ് കലാവീക്ഷണവും അദ്ദേഹമറിയാതെ പുറത്തുവരുന്നു. ആഴമില്ലാത്ത സാമൂഹികചിത്രങ്ങൾ തിരിച്ചുംമറിച്ചും നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം കഴിയാനാവുകയില്ല എന്ന സത്യം എം.ആർ.സി. മനസ്സിലാക്കേണ്ടതായിരുന്നു.


മാധവിക്കുട്ടിയും എം.ടിയും, ബഷീറും കാരൂരും സാമൂഹികചിത്രങ്ങൾ ഉപരിപ്ലവമായി അവതരിപ്പിച്ചവരല്ല. ഒരു ഭാവഗീതത്തിന്റെ ഏകാഗ്രമായ ആഴവും താളവും പുലർത്തുന്ന എം.ടിയുടെയും മറ്റും കഥകൾ മനുഷ്യമനസ്സിന്റെ തുറക്കാത്ത വാതിലുകൾ തുറന്നിട്ടു. എം.ടിക്കും ടി. പത്മനാഭനും പിറകെ ഒരു അധിനിവേശപ്പടപോലെവന്ന ഓ.വി. വിജയന്റെയും ആനന്ദിന്റെയും എം. മുകുന്ദന്റെയും കാക്കനാടന്റെയും സേതുവിന്റെയും പുനത്തിലിന്റെയും എം.പി. നാരായണപിള്ളിയുടെയും രചനകൾ ഉൾക്കൊള്ളാനുള്ള ഭാവുകത്വപരിണാമം എം.ആർ.സിയിൽ ഉണ്ടായില്ല. ബഷീറിന്റെ രചനകളുടെ കാര്യത്തിലും, എം.ആർ.സിയുടെ അഭിപ്രായങ്ങൾ ഉപരിപ്ലവമായിരുന്നു.


കാരൂർക്കഥകളിലും, ബഷീർക്കഥകളിലും കലയുടെ വൈദ്യുതിപ്രവാഹമുണ്ട്. കലയുടെ മെറ്റബോളിസം പ്രതിബദ്ധതയല്ല. ‘സാമൂഹിക പ്രതിബദ്ധതയില്ലാതെയും മികച്ച രചനകൾ ഉണ്ടാകാം എന്ന് സാക്ഷാൽ ഇ.എം.എസ്. പറഞ്ഞപ്പോൾ അതു വ്യാഖ്യാനിക്കാൻ എം.എൻ.വിജയൻ മാസ്റ്റർക്ക് പാടുപെടേണ്ടിവന്നു. സാമൂഹികപ്രശ്‌നങ്ങൾ ഇരച്ചുകയറുന്ന രചനകൾ മാത്രമേ മാർക്‌സ് ഇഷ്ടപ്പെട്ടിരുന്നുള്ളു എന്നതിനു തെളിവുകൾ ഉണ്ടോ? ‘ഇല്ല’ എന്നാണ് 1994-ൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽവച്ച് പി.ജി. എന്നോട് പറഞ്ഞത്. അബുദാബിയിൽ ഒരു സാംസ്‌കാരിക പ്രഭാഷണത്തിന് വന്നതായിരുന്നു പി.ഗോവിന്ദപിള്ള. സോഫോക്ലീസിന്റേയും ഈസ്തിലസിന്റെയും ഷെയിക്‌സ്പിയറുടെയും രചനകൾ കാൾമാർക്‌സ് ആസ്വദിച്ചിരുന്നു. ലോകത്തിലേറ്റവും കൂടുതൽ പഠനങ്ങൾ എഴുതപ്പെട്ട കൃതികളിൽ ഒന്നാംസ്ഥാനത്ത് ഷേക്‌സ്പിയറുടെ ഹാംലറ്റാണുള്ളത്. വിശ്വവിഖ്യാത ചരിത്രകാരൻ വിൽഡൂറാന്റ്‌ പറയുന്നത് ഇരുപതിനായിരത്തിൽക്കൂടുതൽ ഗ്രന്ഥങ്ങൾ ഹാംലറ്റിന്റെ പഠനങ്ങളായി ലോകത്തിലെ അനേകം ഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് എന്നാണ്. ഡെൻമാർക്കിലെ രാജകുമാരന്റെ മനസ്സിന്റെ സൂക്ഷ്മമായ സെല്ലുകളിലേക്ക് ഷേക്‌സ്പിയർ കടന്നുചെല്ലുന്നു. ഗോയ്ഥേയുടെ Faust.  തോമസ്മന്നിന്റെ Magic Mountain,  കാഫ്കയുടെ The Castle,  ഖലീൽ ജിബ്രാന്റെ The Prophet തുടങ്ങിയ വിശ്വസാഹിത്യകൃതികളിൽ സമൂഹികപ്രതിബദ്ധതയുണ്ടോ? കാക്കനാടന്റെ ‘ഉഷ്ണമേഖല’ ആധുനിക കാലഘട്ടത്തിൽ മലയാളത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെട്ട അഞ്ചു നോവലുകളിലൊന്നാണ്. ആനന്ദിന്റെ ‘ആൾക്കൂട്ടം’, ഓ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം, എം. മുകന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, സേതുവിന്റെ പാണ്ഡവപുരം തുടങ്ങിയ കൃതികൾക്കൊപ്പം കഴിഞ്ഞ 40 വർഷങ്ങളായി ഏറ്റവും കൂടുതൽ പഠനങ്ങൾ വന്ന ഉഷ്ണമേഖലയെക്കുറിച്ച് മാർക്‌സിയൻ വീക്ഷണമുള്ള എസ്. സുധീഷും, വി.സി. ശ്രീജനും, ബി. രാജീവനും, നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ, കാക്കനാടന്റെ എല്ലാ കൃതികൾക്കും, ഇതിന്റെ മേന്മയില്ല. ഈ നോവലിനെക്കുറിച്ച് എം.ആർ.സിയുടെ പഠനം തുടങ്ങുന്നതിങ്ങനെയാണ്: ‘ഇത് മനോരമയിൽ തുടർക്കഥയായി വരേണ്ട നോവലാണ്. ഇതിന് സി.ഐ.എ. സബ്‌സിഡി കിട്ടിയില്ലേ?’ ആശയപരമായ വിപരീതധ്രുവങ്ങളിൽ നിൽക്കുമ്പോഴും കൃതികളുടെ കലാമേന്മ അംഗീകരിക്കാനുള്ള സന്മനസ്സ് എം.ആർ.സി, ചില കൃതികളുടെ കാര്യത്തിൽ കാണിച്ചില്ല.


ഏതാണ്ട് മൂന്നുവർഷം മുമ്പ് പ്രശസ്ത നോവലിസ്റ്റ് പ്രകാശൻ ചുനങ്ങാടും ഞാനും എം.ആർ.സിയെ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി കണ്ടിരുന്നു. രണ്ടുമണിക്കൂറോളം സംസാരിച്ചു. സ്റ്റാലിനിസത്തിന്റെ കൊടുംക്രൂരതയെക്കുറിച്ച് ഇന്നത്തെ റഷ്യൻ ചരിത്രകാരന്മാർ എഴുതിയ ചില ചരിത്രഗ്രന്ഥങ്ങളുടെ പഠനത്തിലാണിപ്പോൾ എന്നാണ് ഞങ്ങളോട് പറഞ്ഞത്. മിലോവഞ്ചലാസ് ഉൾപ്പെടെയുള്ള വിഖ്യാത റഷ്യൻ ചരിത്രകാരന്മാർ സ്റ്റാലിൻ നാലുകോടിയിൽക്കൂടുതൽ ആളുകളെ കൊന്നൊടുക്കി എന്നു പറയുന്നു. കംപൂച്ചിയയിലെ പോൾപോട്ടും, ഒരുകോടിയോളം ആളുകളെ കൊന്നിട്ടുണ്ട്. ചെഷസ്‌കുവും ഇന്നത്തെ ചൈനീസ് ഭരണാധികാരിയും എം.ആർ.സിയെന്ന മാർക്‌സിയൻ ബുദ്ധിജീവിയെ താൻ പ്രവർത്തിച്ച രാഷ്ട്രീയമണ്ഡലം ഇത്രയും വലിയ നരകമായിരുന്നോ എന്ന ഒരു പുതിയ ചിന്ത എം.ആർ.സിയിൽ ഉണ്ടാക്കി. അദ്ദേഹം പറഞ്ഞു: ‘കമ്മ്യൂണിസം ഒരു വിപത്താണ്, ഗാന്ധിസമാണ് ഭേദം’ സ്റ്റാലിന്റെ കിരാതവാഴ്ചയെക്കുറിച്ചുള്ള പുസ്തകം ഉടനെ പ്രസിദ്ധപ്പെടുത്തും എന്നു പറഞ്ഞിരുന്നു.