അധികാരത്തിന്റെ പുരോഹിതന്മാർ – ഡോ. ആന്റണി പാലക്കൽ

അധികാരത്തിന്റെ പുരോഹിതന്മാർ – ഡോ. ആന്റണി പാലക്കൽ

തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന അടിസ്ഥാനചുമതലകളെയൊക്കെ അട്ടിമറിച്ച്, സ്വേച്ഛാധിപതികളായി വിഹരിക്കുന്ന അധികാരത്തിന്റെ പുരോഹിതന്മാർ നമ്മുടെ ജീവിതത്തിലെ സമസ്തമേഖലകളെയും കൈയടക്കിയിരിക്കുന്നു. ഏതൊരു സർവാധിപതിക്കും ഗ്രഹണം പിടിപെടുന്ന സമയമുണ്ടാകുമെന്ന ചരിത്രപാഠം ജനാധിപത്യവിശ്വാസികൾ മനസ്സിലാക്കേണ്ടതുണ്ട്. അതിലേക്ക് വെളിച്ചംവീശുന്ന, സര്‍വാധിപതികളായി വാഴുന്ന  ഭരണാധികാരികളും ജനാധിപത്യത്തിന്റെ അപചയവും ഒരു സമൂഹശാസ്ത്ര വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്ന ലേഖനം.


ഓർവെല്ലിന്റെ വിഖ്യാതനോവൽ  ‘1984’-ൽ   ഉൾപ്പാർട്ടിയിലെ ഉന്നതാംഗമായ  ഓബ്രിയൻ എന്ന കഥാപാത്രത്തിന് ഭാവിയെക്കുറിച്ചു ഒരു വിചിത്ര സങ്കല്പമുണ്ട്: “മനുഷ്യമുഖത്തെ എന്നന്നേക്കും ചവിട്ടിയരക്കുന്ന ബൂട്സ്”. ക്രൂരവും മ്ലേച്ഛവുമായ അധികാരതത്വത്തിന്റെ പ്രതീകമാണ് ഉൾപ്പാർട്ടിയിലെ ഉന്നതാംഗമായ  ഓബ്രിയൻ. അധികാരത്തിന്റെ പ്രതിപുരുഷനായ ഒബ്രിയൻ  പറയുന്നു: “ഞങ്ങൾക്ക് മറ്റുള്ളവരുടെ നന്മയിൽ താൽപര്യമില്ല. ഞങ്ങൾ അധികാരത്തിൽ മാത്രം തൽപരരാണ്. അധികാരം, കേവല  അധികാരം മാത്രം. ഞങ്ങൾ അധികാരത്തിന്റെ പുരോഹിതന്മാരാണ്. അധികാരം ദൈവമാണ്”.


നമ്മുടെ വർത്തമാനകാല സാമൂഹികവ്യവസ്ഥയിൽ  നിരവിധി ഓബ്രിയസ്വരൂപങ്ങൾ പതിയിരിക്കുന്നു എന്നത് നിസ്തർക്കമായ ഒരു യാഥാർഥ്യമാണ്. മനുഷ്യനന്മയിൽ അശേഷം താൽപര്യമില്ലാത്ത,  രാഷ്ട്രീയഭദ്രത, ക്ഷേമസുരഭിലമായ സാമൂഹികക്രമം, സുസ്ഥിരവികസനം എന്നിങ്ങനെ തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന അടിസ്ഥാനചുമതലകളെയൊക്കെ അട്ടിമറിച്ച്, സ്വേച്ഛാധിപതികളായി വിഹരിക്കുന്ന അധികാരത്തിന്റെ പുരോഹിതന്മാർ. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, മതം, സംസ്കാരം തുടങ്ങി സമകാലീനജീവിതത്തിന്റെ സമസ്തമേഖലകളിലും ഈ അധികാരസ്വരൂപങ്ങൾ വിഹരിക്കുന്നു  എന്നതാണ് നമ്മുടെ കാലഘട്ടത്തിന്റെ ഒരു സാമൂഹിക ദുരന്തം.


അധികാരത്തിന്റെ സമൂഹശാസ്ത്രം


അധികാരമെന്നത് മനുഷ്യജീവിതത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ അനുദിന വ്യവഹാരങ്ങളെയും അനുഭവങ്ങളെയും  നിയന്ത്രിക്കുന്ന  പ്രാഥമികമായ പ്രതലമാണ്.  അധികാരികളും അധികാരസ്വരൂപങ്ങളും മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സമസ്തതലങ്ങളിലും സജീവ സാന്നിധ്യമാണ്. അതിനാൽത്തന്നെ അധികാരം സമൂഹശാസ്ത്രത്തിലെ (Sociology) ഒരു പ്രധാന പഠന മേഖലയാണ്. അധികാരത്തെക്കുറിച്ചും അധികാരത്തിന്റെ  പ്രതിലോമ  ആവിഷ്കാരങ്ങളായ  അധികാരദുര, അധികാരപ്രമത്തത, സ്വേച്ഛാധിപത്യം,  ഫാസിസം എന്നിവയെ സംബന്ധിച്ചുമുള്ള  സമൂഹശാസ്ത്ര പഠനങ്ങൾ വരിഞ്ഞുമുറുക്കുന്ന അധികാരത്തെക്കുറിച്ചും അധികാരികളെക്കുറിച്ചും  അവയെ നിലനിറുത്തുന്ന സാമൂഹികവ്യവസ്ഥകളെയും ഘടനകളെയും സംബന്ധിച്ചും അഗാധമായ   ഉൾക്കാഴ്ച്ചകൾ നൽകുന്നു.


അധികാരത്തെ സംബന്ധിച്ച ചില അടിസ്ഥാന പ്രമാണങ്ങൾ അവതരിപ്പിച്ചത് ജര്‍മൻ സമൂഹശാസ്ത്രജ്ഞനായ മാക്സ് വെബ്ബർ  ആണ്. സമൂഹശാസ്ത്രത്തിലെ  കുലപതികളിൽ ഒരാളായ  അദ്ദേഹം,  അധികാരപ്രയോഗത്തെ ബലപ്രയോജിതമായ അധികാരം (Coercive power), നിയമാനുസൃതമായ അധികാരം (Authority) എന്നു രണ്ടുതരത്തിൽ  നിരീക്ഷിക്കുന്നു.  ബലപ്രയോജിതമായ അധികാരമെന്നാൽ, നിയമാനുസൃതമായ ഒരു  പദവിയുടെ പിൻബലമില്ലാതെ, അധികാരത്തിനു വിധേയരാകുന്നവരുടെ ഹിതത്തിനെതിരായി   ബലാൽക്കാരമായി പിടിച്ചെടുക്കുന്ന ആധിപത്യമാണ്. കായികബലവും ഹിംസയുമാണ് ബലപ്രയോജിതമായ അധികാരത്തിന്റെ ഭാഷ. ബലാത്സംഗം ബലപ്രയോജിതമായ അധികാരത്തിന്റെ അതിക്രൂരമായ ഒരു  മുഖമാണ്.  മാഫിയ, കൊട്ടേഷൻ സംഘങ്ങൾ, രാഷ്ട്രീയ, വർഗീയ അക്രമങ്ങൾ,  കൊലപാതകങ്ങൾ എന്നിവയൊക്കെയും ബലപ്രയോജിതമായ അധികാരത്തിന്റെ വികൃതമുഖങ്ങൾതന്നെ.


നേരെമറിച്ച്, നിയമാനുസൃതമായ അധികാരമാകട്ടെ, യുക്ത്യധിഷ്ഠിതമായ ഒരു നിയമാവലിയുടെ അടിസ്ഥാനത്തിൽ കൈയാളുന്ന അധികാരമാണ്.  ഔദ്യോഗിക അധികാരത്തിന്റെ അടിസ്ഥാനം യുക്ത്യധിഷ്ഠിതമായ നിയമാവലിയുടെ പിൻബലമാണ്.  നിയമ-സാമ്പ്രദായിക (legal-normative)  വ്യവസ്ഥകൾക്ക് വിധേയമായതിനാൽ ഏതൊരു  നിയമാനുസൃതമായ അധികാരസംവിധാനത്തിനും ജനങ്ങൾ സ്വമേധയാ വിധേയരാകേണ്ടതുണ്ട്. അതിനാൽ, സ്വീകാര്യമാണെങ്കിലും അല്ലെങ്കിലും  നിയമാനുസൃതമായ അധികാരത്തെ അംഗീകരിക്കുക എന്നത് ജനങ്ങളുടെ ബാധ്യതയാണ്. മതം, സംസ്കാരം, വിദ്യാഭ്യാസം, നീതിന്യായം, സാമൂഹികം, രാഷ്ട്രീയം തുടങ്ങി ആധുനികകാലത്തെ  സമൂഹജീവിതത്തിന്റെ   സമസ്തമേഖലകളിലും ഇപ്രകാരമുള്ള  നിയമാനുസൃതമായ അധികാര വ്യവസ്ഥകളും സ്ഥാപനങ്ങളും  നിലനിൽക്കുന്നു.  ജനാധിപത്യവ്യവസ്ഥയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരം നേടി ഭരിക്കുവാൻ നിയുക്തരാകുന്ന സമിതി – ഭരണകൂടം അഥവാ സർക്കാരും, അതിന്റെ അനുബന്ധ ഭരണസംവിധാനങ്ങളും നിയമാനുസൃതമായ അധികാരവ്യവസ്ഥയുടെ ഉത്തമ ഉദാഹരണമാണ്. യുക്തിപരമായ ഒരു നിയമാവലിക്ക് വിധേയമായി,   പദവി അഥവാ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഇത്തരം ആധുനിക  ഭരണസംവിധാനമാണ്  ബ്യുറോക്രസി – ഉദ്യോഗസ്ഥ ഭരണം –  എന്നാണ് വെബ്ബർ വിലയിരുത്തിയത്.


സമകാലീനസമൂഹത്തിലെ സാമൂഹികസംവിധാനങ്ങളെയെല്ലാം അടക്കിഭരിക്കുന്നത് ബ്യുറോക്രസി ആണെന്ന് കാണാം. നിർഭാഗ്യകരമെന്നു പറയട്ടെ, അധികാരദുരയും ആധിപത്യപ്രവണതയും  അലംഭാവവും അഹങ്കാരവും കൈമുതലാക്കിയ ബ്യുറോക്രസിയെ ‘ഇരുമ്പു കൂടാരം’  (Iron cage) എന്നാണ്  വെബ്ബർ വിശേഷിപ്പിച്ചത്. സാമാന്യജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും അവരുടെ സർഗാത്മകതയെയും യാതൊരു തത്വദീക്ഷയുമില്ലാതെ  നിഷ്കരുണം ചവിട്ടിയരക്കുന്നതിൽ  ആഹ്ലാദം കണ്ടെത്തുന്ന  പരപീഡന പ്രവണതയുള്ള ഉദ്യോഗസ്ഥ/അധികാര ദുഷ്പ്രഭുക്കളുടെ കൂടാരത്തെയാണ് അദ്ദേഹം ‘ഇരുമ്പുകൂടാരം’ എന്നതുകൊണ്ട് അര്‍ഥമാക്കിയത്. ഇക്കൂട്ടർ ഒബ്രിയാൻ പ്രതിനിധാനം ചെയ്യുന്ന സർവാധികാരത്തിന്റെ പുരോഹിതന്മാരായി ഭരണത്തിന്റെ അന്തഃപുരങ്ങളിൽ വാണരുളുന്നു. ഇവരുടെ സർവാധികാരപട്ടത്തിന്  കുടചൂടാനും കുഴലൂതാനും അവരുടെ  അധികാരഹുങ്കിനെയും കൊള്ളരുതായ്മകളെയും ന്യായീകരിക്കുവാനും അവർക്കു  എതിരാളികളിൽനിന്നു  സംരക്ഷണകവചമൊരുക്കാനും ഒരുപറ്റം മാടമ്പികളും, ന്യായീകരണത്തൊഴിലാളികളും അംഗരക്ഷകരും സദാസന്നദ്ധരായി ചുറ്റുമുണ്ടാകും. സർവാധികാരിക്ക് സുരക്ഷ ഒരുക്കുന്നതിനിടയിൽ  എന്തുസംഭവിച്ചാലും  ഒരുപോറലുപോലുമേൽക്കാതെ  സർവാധികാരി  അവരെ കാ
ത്തുകൊള്ളും.


മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ ആധുനികലോകത്തിന്റെ ഭാവിയെ സംബന്ധിച്ച്  ‘തൊഴിലാളിവര്‍ഗ സർവാധിപത്യമാണ്’ (Dictatorship of the proletariat) കാൾ മാർക്സ് വിഭാവനം ചെയ്തതെങ്കിൽ, ഉദ്യോഗസ്ഥ/അധികാര ദുഷ്പ്രഭുക്കളുടെ ആധിപത്യമാണ് (Domination of the officialdom) വരും കാലത്തിന്റെ സാമൂഹികവ്യവസ്ഥയെ നിയന്ത്രിക്കുക എന്ന് ഉദ്യോഗസ്ഥ ‘ഇരുമ്പുകൂടാരത്തെ’ സംബന്ധിച്ചുള്ള തന്റെ ഭയാശങ്കകൾ മുൻനിറുത്തി വെബ്ബർ  പ്രവചിച്ചു. ജനങ്ങളെ വരിഞ്ഞുമുറുക്കുന്ന ദേശീയവും പ്രാദേശികവുമായ  ഭരണകൂടങ്ങളുടെ  വർത്തമാന സംഭവഗതികളുടെ പശ്ചാത്തലത്തിൽ വെബ്ബറിന്റെ പ്രവചനം ഇക്കാലത്ത്  എത്രമാത്രം സംഗതമാണെന്നു കാണുന്നു.  


നീളുന്നവിരലുകൾ

ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’എന്ന നോവലിൽ   തടവറയിലെ കങ്കാണിമാരുടെ പൈശാചികതളിൽ വ്യാകുലനാകുന്ന മുഖ്യകഥാപാത്രമായ കുന്ദനോട് പ്രിസൺ ഫോഴ്സ് കമാൻഡർ യോഗീശ്വർ ചോദിക്കുന്നുണ്ട്: “സർക്കാരിന്റെ കൈകൾക്കു എത്ര നീളമുണ്ടെന്നും എത്ര വിരലുകളുണ്ടെന്നും നിങ്ങൾക്കു പറഞ്ഞുതരേണ്ടതുണ്ടോ”. ഭരണകൂടവും  ഭരണാധികാരികളും  അടങ്ങുന്ന അധികാരവര്‍ഗം നേരിട്ട് അധികാരഗര്‍വിന്റെ  ഉരുക്കുമുഷ്ടി മനുഷ്യരുടെമേൽ പ്രയോഗിക്കാറുണ്ട്.  ഒപ്പം,  ഭരണകൂടത്തിനു കീഴിലുള്ള   വിവിധ വകുപ്പുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും   വരിഞ്ഞുമുറുക്കുന്ന  അധികാരത്തിന്റെ നീളുന്നവിരലുകൾ  മനുഷ്യർക്കുമേൽ നിപതിക്കുന്നതായി കാണാം.  മനുഷ്യന്റെ അനുദിന ജീവിതത്തെ സംബന്ധിക്കുന്ന  ക്രമസമാധാനം,  നീതിന്യായം,  മതം, വിദ്യാഭ്യസം, റവന്യുപോലുള്ള  വിവിധങ്ങളായ സംവിധാനങ്ങളെയും  അവയുടെ ഉദ്യോഗസ്ഥ മാടമ്പിമാരെയും തങ്ങളുടെ അധികാരദണ്ഡുമായി അധികാരത്തിന്റെ പുരോഹിതൻമാർ കൽപ്പിച്ചുവിടുന്ന പ്രവണത ഇക്കാലത്തു വര്‍ധിച്ചു വരുന്നതായി കാണാം.


കിരാതമായ അധികാരത്തിന്റെ നീളുന്നവിരലുകൾ പ്രധാനമായും രണ്ടുതരത്തിലാണ് ആവിഷ്കാരമെടുക്കുക.  ഒന്ന്, നീതി, സത്യം, സമത്വം എന്നീ മാനവികമൂല്യങ്ങൾക്കായി നിലകൊള്ളുകയും, അടിച്ചമർത്തപ്പെട്ടവരോട് പക്ഷംചേർന്ന് ഭരണകൂടത്തിന്റെ, അധികാരികളുടെ  അപമാനവീകരണ ക്രൂരതകൾക്കെതിരെയും ജനാധിപത്യധ്വംസനങ്ങൾക്കെതിരെയും  ശബ്‌ദിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്യുന്ന സാമൂഹികപ്രവർത്തകരെ ഭീകര കുറ്റംചുമത്തി കൽത്തുറുങ്കിലടയ്ക്കുകയോ  കൊന്നൊടുക്കുകയോ ചെയ്യുക. ഈഡി, സിബിഐ, പോലീസ്, കോടതി എന്നിങ്ങനെ അധികാരികളുടെ അദൃശ്യ ബൂട്സ്  അവർക്കു അപ്രിയരോ വിമർശകരോ  വിമതരോ ആയ എത്രയോ സാമൂഹ്യ, രാഷ്ട്രീയ, മാധ്യമ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരെ  ചവിട്ടിയരച്ചിരിക്കുന്നു.  ഭരണകൂടഭീകരതകൾക്കെതിരെ ഉയരുന്ന വിമതശബ്ദങ്ങളെ മുഴുവൻ രാജ്യദ്രോഹമെന്നും  ദേശവിരുദ്ധമെന്നും മുദ്രകുത്തി  അടിച്ചമർത്തുകയും നിശ്ശബ്ദമാക്കുകയും ചെയ്യുന്നു. വരിഞ്ഞുമുറുക്കുന്ന ഈ അധികാരത്തിന്റെ ഭീകരത മനസ്സിലാക്കുവാൻ  സ്റ്റാൻ ലൂർദ്  സ്വാമി എന്ന ജസ്വിറ്റ്‌ പുരോഹിതൻ ജയിലഴിക്കുള്ളിൽ ദാരുണമായി മരിക്കുവാനിടയായ സാഹചര്യം മാത്രം പരിശോധിച്ചാൽ മതിയാകും. ഭരണകൂടഭീകരതയുടെ അടിച്ചമർത്തലിനു വിധേയമായ വിമതശബ്ദത്തിന്റെ ഉദാത്തമായ സാന്നിധ്യമായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. ചെറുത്തുനിൽപുകളെ, നിലനിൽക്കുന്ന അധികാരവ്യവസ്ഥയും ഭരണകൂടവും അടിച്ചമർത്തുമെന്നതിന്റെ നേർസാക്ഷ്യം.


രണ്ട്, അടിസ്ഥാനവിഭാഗങ്ങളുടെ അവകാശസമരങ്ങളെയും  അനീതിക്കെതിരെയുള്ള പ്രതിഷേധങ്ങളെയും ഭരണകൂടത്തിന്റെ മര്‍ദനമുറകൾ  ഉപയോഗിച്ച് അടിച്ചമർത്തുക. ദളിതർക്കും ആദിവാസികൾക്കും  കർഷകർക്കും  ന്യുനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ ഇക്കാലത്ത് ക്രമാതീതമായി വർധിച്ചു. എഴുന്നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും മറ്റനേകംപേർ അതിക്രൂരമായി  മര്‍ദിക്കപ്പെടുകയും ചെയ്ത കർഷകസമരത്തോട്  സർക്കാർ  കൈക്കൊണ്ട നിലപാടും സമീപനവും ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതക്ക് ഉത്തമ ദൃഷ്ടാന്തമാണ്.


ജനാധിപത്യത്തിന്റെ അപചയം


ഇന്ത്യയിൽ  അരങ്ങേറിക്കൊണ്ടിരിക്കുന്ന അധികാരത്തിന്റെ തേർവാഴ്ച  ആത്യന്തികമായും ജനാധിപത്യത്തിന്റെ അപചയത്തിലേക്കാണ് വിരൽചൂണ്ടുന്നത്‌. ജനാധിപത്യമെന്നത്  അധികാരം പിടിച്ചടക്കലും അധികാരവാഴ്ചയുമായി  ചുരുങ്ങുന്ന അവസ്ഥ. ജനാധിപത്യത്തെ, പാർട്ടി ആധിപത്യമെന്ന ജനാധിപത്യവിരുദ്ധ സമവാക്യത്തിലേക്കു ഇക്കൂട്ടർ  ചുരുക്കുന്നു. സ്വജനപക്ഷപാതവും അസഹിഷ്ണുതയുമാണ്  പാർട്ടി ആധിപത്യത്തിന്റെ  മുഖമുദ്ര. അഭിമതരെ, അവർ ക്രിമിനലുകളും  കുറ്റവാളികളും കൊലയാളികളുമാണെകിൽപ്പോലും   സംരക്ഷിക്കുവാനും, അനഭിമതരെ, അവർ നിരപരാധികളോ ന്യായമായ  അവകാശികളോ  ആണെന്നു വ്യക്തമായി അറിയുമ്പോഴും  വെട്ടിനിരത്താനും അടിച്ചൊതുക്കാനും കൊല്ലാനുംപോലും എന്തു കുത്സിതമാര്‍ഗവും   അവലംബിക്കുവാൻ  ഭരിക്കുന്ന സർക്കാരിന്റെ പാർട്ടിക്കും  അധികാരികൾക്കും  യാതൊരു മടിയുമില്ല;  മാത്രവുമല്ല, ഈ കൊള്ളരുതായ്മകളെയൊക്കെ അപഹാസ്യമാംവിധം ന്യായീകരിക്കുകയും ചെയ്യുന്ന അങ്ങേയറ്റം  പ്രതിലോമകരമായ സ്ഥിതിവിശേഷമാണ്.  ജനാധിപത്യത്തെ, ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട അധികാരികൾതന്ന പരാജയപ്പെടുത്തുന്ന  വിരോധാഭാസം.


പ്രമുഖ യുഗോസ്ലാവ് രാഷ്ട്രീയചിന്തകനും വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന  മിലോവന്‍ ഡിജിലാസ്,  യുഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ രാഷ്ട്രീയ,സാമ്പത്തിക അധികാരം കുത്തകയാക്കിയ  ഒരു ‘പുത്തൻ  അധികാരവര്‍ഗ’ത്തെക്കുറിച്ച് അദ്ദേഹത്തിന്റെ The New Class  (1957)  എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രീയപ്പാർട്ടികളെക്കുറിച്ചുള്ള The Political Parties (1911) എന്ന തന്റെ വിഖ്യാതമായ  പുസ്തകത്തിൽ ഈ പുത്തൻ അധികാരവര്‍ഗത്തിന്റെ ഭരണസംവിധാനത്തെ  ‘പ്രഭുവര്‍ഗത്തിന്റെ ഇരുമ്പ് നിയമം’  (Iron Law of Oligarchy) എന്നാണ് ജര്‍മൻ രാഷ്ട്രീയ സൈദ്ധാന്തികനും സമൂഹശാസ്ത്രജ്ഞനുമായ റോബർട്ട് മിഷേൽ  വിശേഷിപ്പിച്ചത്. അധികാരം ഏതാനും പേരിൽ കേന്ദ്രീകരിക്കുമ്പോൾ ജനാധിപത്യസ്ഥാപനങ്ങൾ കൊള്ളസങ്കേതങ്ങളായി മാറുന്നത് എപ്രകാരമാണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


ഇന്ത്യൻ ഭരണകൂടങ്ങളിലും ഇമ്മാതിരി വരിഞ്ഞുമുറുക്കുന്ന അധികാരത്തിന്റെ   പുരോഹിതവര്‍ഗം  രൂപപ്പെട്ടിട്ടുള്ളതായി കാണാം. തങ്ങളുടെ പാർട്ടിയിലെയും  ഭരണകൂടത്തിലെയും അതിപ്രബല ശക്തികളായി, അവസാനവാക്കായി  മാറിയ പുരോഹിതഗണം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം  യുഗോസ്ലാവിയയിൽ  സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിൽ സുപ്രധാന  പങ്ക് വഹിക്കുകയും, അവിടത്തെ  ഭരണകൂടത്തിൽ    വൈസ് പ്രസിഡന്റ്, പ്രമുഖ പാർട്ടി സൈദ്ധാന്തികൻ തുടങ്ങിയ പദവികൾ  നിവർഹിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാരനായിരുന്നു  ഡിജിലാസ് എന്നോർക്കണം. ഭരണാധികാരികൾ ഫാസിസ്റ്റു സ്വഭാവത്തോടുകൂടിയ പ്രജാപതികളായി പരിണമിക്കുന്നതെന്നു ഡിജിലാസ്  തന്റെ  പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഈ പരമാര്‍ഥങ്ങൾ  തുറന്നു പറഞ്ഞതിന്റെ പേരിൽ അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയും   പലതവണ ജയിലിലടക്കപ്പെടുകയും ചെയ്തു. ഇന്നും സ്ഥിതി മറിച്ചല്ല എന്നു നാം ഉൾക്കിടിലത്തോടെ  തിരിച്ചറിയുന്നു.


ഫാസിസവും ബിംബവത്ക്കരണവും


ഇപ്രകാരം ജനാധിപത്യത്തെ പരാജയപ്പെടുത്തുന്ന അധികാരത്തിന്റെ പുരോഹിതവര്‍ഗം  ഉത്തരമുതലാളിത്ത കാലഘട്ടത്തിലെ ഫാസിസ്റ്റുമുഖമാണ് എന്നു കരുതണം. പ്രകൃതത്തിൽ, ഫാസിസ്റ്റുകൾ ഏകാധിപത്യത്തിന്റെ സംവാഹകരാണ്. പ്രജാധിപത്യത്തെ നിരസിക്കുന്ന ഫാസിസം സൂപ്പർമാൻ കൾട്ടാണ് –  അതിമാനുഷ പരിവേഷം (Godmen/Women).  സമത്വ സുന്ദരമായ നല്ല നാളെയെക്കുറിച്ചുള്ള സങ്കല്പം,  മതം,  രാജ്യം എന്നിവയെക്കുറിച്ചൊക്കെ  മനുഷ്യർ നെഞ്ചേറ്റുന്ന  വിചാരങ്ങളെ  വൈകാരികമായി ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ്  ഫാസിസ്റ്റുകൾ  പ്രയോഗിക്കുക. ഇവസംബന്ധിച്ചുള്ള മിത്തുകളെ കൗശലപൂർവം ചൂഷണംചെയ്തുകൊണ്ടാണ്  അവർ അതിമാനുഷ പരിവേഷം കൈവരിക്കുന്നത്.   മിത്തുകളുടെ ആവിഷ്കാരമാണ് അനുഷ്ഠാനങ്ങൾ. ആചാരങ്ങൾ, യോഗ, പൂജകൾ, റാലികൾ, വിദേശപര്യടനങ്ങൾ, ‘നവകേരള സദസ്സ്’, ‘നവകേരളീയം’   തുടങ്ങിയ പ്രകടനകളൊക്കെ അനുഷ്ഠാനങ്ങളായി മാറുന്നു.  വിശപ്പടക്കാൻ  ഒരു റൊട്ടിക്കഷ്ണം പോലും കിട്ടാതെ നിലവിളിച്ച അടിമകളെ, റോമിലെ ഏകാധിപതികൾ സർക്കസ്സുകൂടാരത്തിലെ മല്ലയുദ്ധം കാട്ടി രസിപ്പിച്ചിരുന്നുവത്രെ. ജനാധിപത്യരാജ്യത്തെ  ഫാസിസിസ്റ്റുകളാകട്ടെ അതിലും കേമമായി പ്രശ്നം കൈകാര്യംചെയ്യുന്നു; പൊള്ളയായ പ്രത്യയശാസ്ത്രങ്ങളുടെയും മതവികാരത്തിന്റെയും ദേശീയതയുടെയും സർക്കസ്സുകാട്ടിയാണ് ഫാസിസ്റ്റു ഭീകരതകളുടെയും  ദുരിതങ്ങളുടെയും വറചട്ടിയിൽ വെന്തുരുകുന്ന ജനങ്ങളെ  ഇക്കൂട്ടർ  തൃപ്തിപ്പെടുത്തുന്നത്.


ഈ അനുഷ്ഠാനവത്കരണത്തിലൂടെ ഒരു ബിംബങ്ങളായി ഇവർ സ്വയം അവരോധിക്കപ്പെടുകയാണ്. ‘വിശ്വഗുരു’, ‘അജൈവിക ജന്മം’ (Non-biological being), ‘ഇരട്ടച്ചങ്കൻ’,   ‘ഉരുക്കു ക്യാപ്റ്റൻ’ തുടങ്ങിയ  അമാനുഷിക  അലങ്കാരങ്ങളിൽ അവർ അഭിരമിക്കുകയൂം, ദേശീയസത്വത്തിന്റെ കാവലാളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.  ഈ അവസ്ഥയിൽ   ‘ഞാനാണ് രാഷ്ട്രം’ എന്ന അബദ്ധബോധം, പരകായപ്രവേശംപോലെ അവരെ പിടികൂടുന്നു;   അങ്ങനെ ജനാധിപത്യ ഭരണകൂടങ്ങളുടെ ഈ  സർവാധികാരികൾ ചോദ്യംചെയ്യപ്പെടാനാകാത്ത ആരാധനാമൂർത്തികളായി അവതാരമെടുക്കുന്നു.  അതിനനുയോജ്യമായ  ശരീരഭാഷയും  മാധ്യമപരിവേഷവും അവർ സ്വായത്തമാക്കുകയും ചെയ്യും.   


പ്രത്യയശാസ്ത്രം, മതം,  രാജ്യം എന്നീ  വികാരങ്ങളെ പാർട്ടിയുടെ സംഘടിത അതിക്രമങ്ങൾക്കും  ഭൂരിപക്ഷ ഭീകരതക്കും വർഗീയതയ്ക്കുമുള്ള  ആയുധങ്ങളാക്കുന്നു.   ഒപ്പം മതസമുദായങ്ങളെ അതിന്റെ ആത്മീയഭാവങ്ങളിൽനിന്നും മാര്‍ഗങ്ങളിൽനിന്നുമടർത്തി അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള രാഷ്ട്രീയ ഉപകരണമാക്കും; അതിനായി വിഭാഗീയതയുടെ വിഷംകലർത്തി അപരഭയം (Xenophobia) കുത്തിവയ്ക്കും. ഈ അപരഭയമാണ് ഇന്ന് ശുദ്ധരായ മതവിശ്വാസികളുടെയും ഭക്തരുടെയും മതബോധത്തിൽ അന്തർലീനമായിരിക്കുന്നത്.   മത-സമുദായ മണ്ഡലങ്ങളിൽനിന്നു ഉയർന്നുവന്നിട്ടുള്ള കലാപങ്ങളുടെയും വിവാദങ്ങളുടേയുമൊക്കെ ശക്തമായ അന്തർധാരയായിത്തീരുന്നത്  ഈ അപരഭയമാണ്. ജർമനിയിൽ ഫാസിസം ദേശീയ സോഷ്യലിസത്തിന്റെ മറവിൽ വംശീയതയുടെ വ്യാജവും വൈകാരികവുമായ മുഖംമൂടിയിട്ടായിരുന്നു എന്നു ചരിത്രത്തിൽ നാം വായിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാന അവസ്ഥയും ഈ  ഫാസിസ്റ്റുചരിത്രത്തിന്റെ പുനരാവർത്തനഘട്ടത്തിൽ എത്തിനിൽക്കുന്നോ എന്ന്  അതിനാൽ നാം സംശയിക്കണം. 


സാംസ്കാരിക ആധിപത്യം


ഫാസിസത്തെക്കുറിച്ചുള്ള പഠനങ്ങളെ സ്വാധീനിച്ച ഇറ്റാലിയൻ മാർക്സിസ്റ്റ് ചിന്തകനാണ് അന്റോണിയോ ഗ്രാംഷി. ബലപ്രയോഗത്തിലൂടെ  മാത്രമല്ല, സ്വമേധയായുള്ള സമ്മതത്തിലൂടെയും (Consent) അധികാരം അടിച്ചേല്പിക്കാമെന്നു ‘സാംസ്കാരിക ആധിപത്യം’ (Cultural hegemony) എന്ന ആശയത്തിലൂടെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഗ്രാംഷിയുടെ അഭിപ്രായത്തിൽ, ഒരു പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി തങ്ങളുടെ ഇച്ഛാനുസരണം  സമൂഹത്തിന്റെ  മൂല്യങ്ങളും മാനദണ്ഡങ്ങളും വിശ്വാസങ്ങളും പരുവപ്പെടുത്തുന്നതിലൂടെ ഭരണവർഗങ്ങൾക്ക്  സ്വേച്ഛാധിപത്യവ്യസ്ഥ  ഊട്ടിയുറപ്പിക്കുവാനും നിലനിറുത്തുവാനും കഴിയുന്നു. പോലീസ്, പട്ടാളം തുടങ്ങിയ ഭരണകൂടത്തിന്റെ മര്‍ദകസംവിധാനങ്ങളുപയോഗിച്ച് പ്രത്യക്ഷമായ ബലാൽക്കാരത്തിലൂടെയല്ലാതെ, ഇപ്രകാരം പരോക്ഷമായ പ്രത്യയശാസ്ത്രത്തിന്റെ മറവിൽ  കൈയടക്കുന്ന ആധിപത്യത്തെ അദ്ദേഹം ‘മൃദു  അധികാരം’ (Soft power) എന്നു വിശേഷിപ്പിച്ചു. മുസ്സോളിനിയുടെ ഫാസിസ്റ്റുഭരണകൂടത്തെ വിമർശിച്ചതിന്റെ  പേരിൽ ദീർഘകാലം  കൽത്തുറുങ്കിലടക്കപ്പെട്ട തത്വചിന്തകനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു ഗ്രാംഷി. ജയിലിൽ വച്ച്  1929-1935 കാലയളവിൽ അദ്ദേഹമെഴുതിയ Prison Notes-ലാണ്  ‘സാംസ്കാരിക ആധിപത്യത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങൾ അവതരിപ്പിക്കുന്നത്.


ഒരു തരത്തിൽ, മൃദു  ആധിപത്യമാണ് ബലമായി നേടുന്ന അധിപത്യത്തെക്കാൾ ശക്തവും കേന്ദ്രീകൃതവും അപകടകരവും; ജനങ്ങൾക്കിടയിൽ  കൂടുതൽ വിശ്വാസ്യതയുള്ളതും.  മൃദു  ആധിപത്യവ്യവസ്ഥയിൽ, ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നടപടികളെയും അടിച്ചമർത്തലുകളെയും അഴിമതികളെയുമൊക്കെ  പൗരന്മാർ സ്വമേധയാ സ്വീകരിക്കുവാനും   അംഗീകരിക്കുവാനിടയാകുന്നു;  ഒപ്പം, ഭരിക്കുന്ന പാർട്ടിയുടെ സ്വേച്ഛാധികാരത്തിന്റെ  അസംബന്ധങ്ങളെയെല്ലാം പിന്താങ്ങുന്ന അന്ധരായ  അനുചരസംഘങ്ങളും ഉടലെടുക്കും. ഇതാണ് ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫുക്കോ പറയുന്ന ജനതയെ സ്വയം നിയന്ത്രണത്തിനു വിധേയമാക്കുകയും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് ജനതയുടെ മേൽ ബലപ്രയോഗം കൂടാതെതന്നെ നിയന്ത്രണം കൈവരിക്കുന്നതിനും സഹായകരമായ,   ‘പ്രശിക്ഷണ അധികാരം’ (Disciplinary power). അച്ചടക്കം അടിച്ചേല്പിക്കുന്ന അധികാരം  എന്ന അര്‍ഥത്തിലാണ് ഫുക്കോ ഈ പരികല്പന പ്രയോഗിച്ചിട്ടുള്ളത്. ഇത്തരം ചിട്ടയായ മൃദു ആധിപത്യ പ്രക്രിയയിലൂടെയാണ്  ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സമകാലീന സാമൂഹികവ്യവസ്ഥ  ഭരിക്കുന്ന പാർട്ടികളുടെ സ്വേച്ഛാധിപത്യവ്യവസ്ഥയായി പരിണമിച്ചത്. 


രാഷ്ട്രീയസൈദ്ധാന്തികയും, തത്വചിന്തകയുമായ ജര്‍മൻ-അമേരിക്കൻ  ഹന്ന ആരെൻഡ്, നാസി ജര്‍മനിയെയും  സ്റ്റാലിനിസ്റ്റ് റഷ്യയെയും കുറിച്ചുള്ള തന്റെ അപഗ്രഥനം  സ്വേച്ഛാധിപത്യ  പ്രസ്ഥാനങ്ങളെക്കുറിച്ചും, ഫാസിസ്റ്റുഭരണകൂടങ്ങളിലെ അധികാരവാഴ്ച്ചയെക്കുറിച്ചും അത്യന്തം പ്രസക്തമായ ചില ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. ഭയത്തിന്റെയും, സംശയത്തിന്റെയും ഒരു സംസ്കാരം സൃഷ്ടിച്ചുകൊണ്ടാണ് സ്വേച്ഛാധിപത്യം തഴച്ചുവളരുന്നത് എന്ന് ആരെൻഡ് നിരീക്ഷിക്കുന്നു. വ്യാജ പ്രചരണം, അപമാനവത്ക്കരണം, ഉദ്യോഗസ്ഥസംവിധാനങ്ങൾ എന്നിവയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്  കേവല അധികാരം തങ്ങളുടെ അതിക്രമങ്ങളെ സാധൂകരിക്കുന്നതെന്നു ആരെൻഡ് വാദിക്കുന്നു. പ്രത്യയശാസ്ത്രത്തോടുള്ള ബോധ്യത്തിനപ്പുറം, സ്വേച്ഛാധിപത്യ ഭരണവര്‍ഗത്തിനു വിധേയരാകുന്നതുകൊണ്ടു മാത്രം  സാധാരണക്കാരായ അണികൾക്കു  കൊലപാതകം പോലെയുള്ള ഭീകരകൃത്യങ്ങൾ  നടത്തുവാൻ എങ്ങനെ കഴിയുന്നു എന്ന് “തിന്മയുടെ നിസ്സാരത്വം’ (Banality of Evil) എന്ന തന്റെ ആശയത്തിലൂടെ അവർ വിശദീകരിക്കുന്നുണ്ട്. അധികാരികളുടെ ആഹ്വാനം പാടെ ചെവിക്കൊണ്ട്,   ഈ അടുത്തകാലത്തായി  പാർട്ടികളുടെ അണികൾ ഈ നാട്ടിൽ നടത്തിയ കൊലവിളികളെയും അതിക്രമങ്ങളെയും കുറിച്ച്   ആരെൻഡിന്റെ ഈ ആശയം ഭീതിദമായ ഉൾക്കാഴ്ച നൽകുന്നു. 


അധികാരത്തെ സംബന്ധിച്ചും  അധികാരത്തിന്റെ അനുബന്ധ പ്രമേയങ്ങളായ അധികാരവര്‍ഗം, സ്വേച്ഛാധിപത്യം, ഫാസിസം എന്നിവയെ സംബന്ധിച്ചുമുള്ള  സമൂഹശാസ്ത്രത്തിലെ ഏതാനും  പ്രമുഖ വ്യവഹാരങ്ങൾ ചർച്ചചെയ്തതിൽനിന്നു   വ്യക്തമാകുന്നത്, അധികാരത്തിന്റെ പുരോഹിതൻമാർ ഇന്ത്യൻ ജനാധിപത്യത്തിന്റെ ദേശീയവും പ്രാദേശീയവുമായ പൊതുയിടങ്ങൾ  കൈയടക്കി എന്ന ദൗർഭാഗ്യകരമായ വസ്തുതയാണ്.  ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഈ ദുരവസ്ഥയെ  അതിജീവിക്കുന്നതിനുള്ള  മാര്‍ഗമെന്നും കാണുന്നു. ഒരു വർഷത്തോളം  നീണ്ടുനിന്ന കർഷകസമരത്തിന്റെ ഐതിഹാസിക വിജയം, ആത്യന്തികമായും ജനാധിപത്യത്തിന്റെ വിജയമാണ്; ജനാധിപത്യം ഉദ്‌ഘോഷിക്കുന്ന  മാനവികമൂല്യങ്ങളായ പൗരസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും വിജയമായിട്ടുവേണം കരുതുവാൻ. അതുപോലെ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യമാര്‍ഗത്തിലൂടെ ഈ ചെറുത്തുനില്പ് സാധ്യമാകുമെന്ന് പ്രത്യേകിച്ചും,  ഉത്തരേന്ത്യൻ ജനങ്ങൾ ഒരു പരിധിവരെ  തെളിയിച്ചു.


‘നേത്രുനാമം ജപ ജപ ശരണം, ഗ്രഹണ നേരത്ത്’ എന്ന് കെ.ജി.ശങ്കരപ്പിള്ള തന്റെ കൂർമ്മം എന്ന പുതിയ കവിതയിൽ എഴുതി. അധികാരത്തിന്റെ പുരോഹിതന്മാരുടെ   നെറികേടുകൾക്കെതിരെ  മൗനം ഭജിക്കുന്നത് നീതികേടാണെന്നു ശങ്കരപ്പിള്ള ഈ കവിതയിലൂടെ വിളിച്ചുപറയുന്നു. ഫാസിസ്റ്റു രൂപംപൂണ്ട അധികാര അസംബന്ധങ്ങളെ വ്യക്തിഗതമായും സംഘടിതമായും  തുറന്നുകാട്ടുകയും  പ്രതിരോധിക്കുകയും  ചെയ്യുക  എന്നതാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാനുള്ള  ഏക പോംവഴി. സ്വേച്ഛാധിപത്യത്തിന്റെ അധികാരക്കസേരകളിൽ എന്നന്നേക്കും വാഴുവാൻ  ഒരു ഏകാധിപതിക്കും കഴിയില്ല എന്നതും ചരിത്രപാഠം. ഏതൊരു സർവാധിപതിക്കും ഗ്രഹണം പിടിപെടുന്ന സമയമുണ്ടാകുമെന്ന ചരിത്രപാഠം ജനാധിപത്യ വിശ്വാസികൾകൾക്ക്  ഊർജംപകരും. ‘കൂട്ടിലടക്കപ്പെട്ടാലും കിളിക്കു പാടാനാകും’ എന്ന് സ്വജീവൻ കൊടുത്ത് സാക്ഷ്യപ്പെടുത്തി  മുൻപേ ചരിത്രത്തിൽ നടന്നുപോയ വിളക്കുമാടങ്ങൾ നമുക്ക്  ഈ ദുർഘടവഴിയിൽ  വെളിച്ചവും കരുത്തുമാകട്ടെ.  


(ലേഖകന്‍: കേരള സർവകലാശാല സോഷ്യോളജി വിഭാഗം മുൻ മേധാവിയും പ്രഫസറുമാണ്.)