മിസൈലുകൾ തുപ്പുന്ന അധികാരത്തീ – ബിജിത പി. ആർ

മിസൈലുകൾ തുപ്പുന്ന അധികാരത്തീ – ബിജിത പി. ആർ

 യുദ്ധത്തെ ഒരു സാമൂഹികവിഷയമായി പരിഗണിച്ചുകൊണ്ട് നടത്തുന്ന ചില സൈദ്ധാന്തിക ഇടപെടലുകളെ ചുരുക്കിവിവരിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനം.


യുദ്ധം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഹിംസാത്മകമായ ഒരു പ്രവണതയുടെ നേർക്കാഴ്ചയാണ്.   സമൂഹത്തിന്റെ അടിസ്ഥാനപരമായ നിലനിൽപ്പിനെ ശിഥിലമാക്കുന്ന, മനുഷ്യരടക്കമുള്ള ജീവനുകളെ ഉന്മൂലനംചെയ്യുന്ന, ചരിത്ര-സാംസ്കാരിക ഗരിമകളെ ഗളഛേദം ചെയ്യുന്ന,  വികസനപ്രവൃത്തികളെ പിന്നോട്ടടിപ്പിക്കുന്ന ഒരു ദുരന്തയാഥാർഥ്യം.  റഷ്യ-യുക്രൈൻ യുദ്ധം, പലസ്തീൻ – ഇസ്രയേൽ യുദ്ധം, വിവിധരാജ്യങ്ങളിലെ ആഭ്യന്തരസംഘർഷങ്ങൾ തുടങ്ങി  ഏറെ ഭീതിജനകമായ അന്തരീക്ഷത്തിലൂടെയാണ് ആഗോളജനത ഇപ്പോൾ  കടന്നുപോകുന്നത്.   റഷ്യ-യുക്രൈൻ രാജ്യങ്ങൾക്കിടയിലെ സംഘർഷം ഉടൻ തീരുമെന്നതിൽ ഒരു ഉറപ്പുമില്ല. ഇസ്രയേൽ-ഹമാസ് സംഘർഷം പുതിയ തലങ്ങളിലേക്ക് നീളുന്നുവെന്ന വാർത്തയാണ് ഇപ്പോഴുള്ളത്. ഈ പശ്ചാത്തലത്തിൽ യുദ്ധരഹിതമായ ഒരു ഭാവിക്കുവേണ്ടി മനുഷ്യർ ശബ്ദമുയർത്തുന്നത് തുടരുകയാണ്.  


സാമൂഹികശാസ്ത്ര കാഴ്ചപ്പാടിലൂടെ


യുദ്ധവും സമൂഹവും തമ്മിലുള്ള സവിശേഷവും സംഘർഷഭരിതവുമായ യാഥാർഥ്യത്തെ സോഷ്യോളജിസ്റ്റുകൾ എങ്ങനെ സൈദ്ധാന്തികവൽക്കരിച്ചിരിക്കുന്നു എന്നു നോക്കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉയർന്നുവന്ന സാമൂഹികസാഹചര്യങ്ങളും വികസനപ്രശ്നങ്ങളും  വലിയ ചർച്ചകൾക്കു  വഴിയൊരുക്കി.  വേൾഡ് ട്രേഡ് സെന്റർ ആക്രമണവും തുടർന്നുണ്ടായ സംഘർഷങ്ങളും ആഗോള-ആഭ്യന്തര ഭീകരപ്രവർത്തനങ്ങളുമെല്ലാം  സോഷ്യോളജിക്കൽ അന്വേഷണങ്ങൾക്ക്  കൂടുതൽ പ്രേരണയായി. സമൂഹങ്ങളുടെ നിലനിൽപ്പിനും പരിണാമങ്ങൾക്കും യുദ്ധം എങ്ങനെ വഴിയൊരുക്കുന്നുവെന്ന് കണ്ടെത്തുവാനാണ് സോഷ്യോളജിസ്റ്റുകൾ ശ്രമിക്കുന്നുത്. റോബർട്ട് ഇ. പാർക്ക് (Robert  E. Park),  മെയർ കെസ്റ്റൻബാം  (Meyer Kestnbaum), മാർക്ക് പി. വോറൽ ( Mark P. Worrell), ആർ. എസ്. ശർമ (R. S. Sharma )  തുടങ്ങിയവരുടെ പഠനങ്ങൾ ഇത്തരത്തിലുള്ള ഒരു സാമൂഹികശാസ്ത്ര വിശകലനത്തിന്  വഴിതുറക്കുന്നവയാണ്. ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും നിലനിൽപ്പിനും മാറ്റങ്ങൾക്കുംമീതെ യുദ്ധം സൃഷ്ടിക്കുന്ന പരിണതഫലങ്ങളോട്  ബന്ധിപ്പിച്ചുവേണം യുദ്ധം എന്ന സാമൂഹികയാഥാർഥ്യത്തെ സോഷ്യോളജി ഓഫ് വാർ എന്ന സാമൂഹികശാസ്ത്രശാഖ സമീപിക്കേണ്ടതെന്ന്  ലാർസ് ബോ കാസ്‌പെർസൻ (Lars Bo Kaspersen) അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ലാസ്സിക്കൽ സോഷ്യോളജിയിൽ ഉടലെടുത്ത ചില ആശയങ്ങൾ സാമൂഹികശാസ്ത്രപരമായ  അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നാം  പരിശോധിക്കേണ്ടതുണ്ട്. 


സംഘടിതമായ ഹിംസയെക്കുറിച്ച് പലവിധത്തിൽ ക്ലാസ്സിക്കൽ സോഷ്യോളജിയിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും  യുദ്ധം ഏറെയൊന്നും വിശകലനത്തിന് വിധേയമായിട്ടില്ല. യുദ്ധം ഒരു സാമൂഹികപ്രക്രിയ അല്ലെങ്കിൽ ഒരു സാമൂഹികസംവിധാനം എന്ന രീതിയിൽ നിർവഹിക്കുന്ന ധർമങ്ങൾ,   സങ്കീർണവും സംഘടിതവുമായ  ഒരു സവിശേഷ രാഷ്ട്രീയാധികാര പ്രക്രിയ എന്ന രീതിയിൽ യുദ്ധം എങ്ങനെയാണ് സമൂഹത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ചില പ്രത്യേക സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നത് എന്നതടക്കമുള്ള അന്വേഷണങ്ങൾക്ക്  സ്ട്രക്ച്ചറൽ ഫങ്ഷനലിസം അടിത്തറയിടുന്നു. എമീൽ ഡർഖൈമി (Emile Durkheim)ന്റെ,  അനോമി  (anomie) എന്ന ആശയം യുദ്ധത്തിന്റെ  സാമൂഹികമാനങ്ങൾ നിർണയിക്കാൻ ഉതകുന്നതാണ്. സാമൂഹിക അസന്തുലിതാവസ്ഥകളിലൂടെ സംജാതമാകുന്ന സാമൂഹികസാഹചര്യങ്ങളെയും യാഥാർഥ്യങ്ങളെയും വിശദീകരിക്കാനുള്ള ശ്രമങ്ങൾ ഇവിടെ നമുക്ക് കാണാൻ കഴിയും.   സാമൂഹികശാസ്ത്ര വിശകലന പ്രകാരം യുദ്ധമെന്നത്  ഒരു സാമൂഹിക സംവിധാനമാണ്. വിവിധ രാജ്യങ്ങൾക്കിടയിൽ നിൽക്കുന്ന ‘യുദ്ധസാധ്യതകൾ’ (war-making potential) എന്നതിനെ അതാതു സമൂഹങ്ങളുടെ വിവിധ ഘടനാപരമായ സങ്കീർണതകളുടെ അടിസ്ഥാനത്തിൽ നാം മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും, സാമ്പത്തികരംഗവും രാഷ്ട്രീയ,നിയമവ്യവസ്ഥകളും എങ്ങനെയാണ് ഒരു യുദ്ധസംവിധാനത്തിന്റെ അടിസ്ഥാനഘടകങ്ങളായി രൂപാന്തരപ്പെടുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.  മാക്സ് വെബർ (Max Weber) തന്റെ തിയറിയിൽ പവർ, അതോറിറ്റി, ഡോമിനേഷൻ തുടങ്ങിയ വിവിധ ആശയങ്ങളിലൂടെ അധികാരം, ആധിപത്യം തുടങ്ങിയവയെ  ചർച്ചാവിഷയമാക്കുന്നുണ്ട്. ഈ ആശയങ്ങൾ യുദ്ധം എന്നതിന്റെ വിവിധ അധികാരപ്രക്രിയകളെ വിശകലനംചെയ്യാൻ സഹായിക്കുന്നവയാണ്. 


ക്ലാസിക്കൽ സോഷ്യോളജിയുടെ പ്രധാനശാഖയായ കോൺഫ്ലിക്ട് സോഷ്യോളജി കുറച്ചുകൂടി വിശാലമായി സാമൂഹികവൈരുധ്യങ്ങളെയും സംഘർഷങ്ങളെയും പ്രശ്നവൽക്കരിക്കുന്നുണ്ട്. ചരിത്ര, സാംസ്കാരിക, ഭൗതിക, ആശയ, അധികാരവിഭവങ്ങളുടെ  സമത്വരഹിതമായ വിതരണവും, സാമൂഹിക വിഭജനങ്ങളും വർഗവൽക്കരണവും ഹിംസാത്മക ധ്വംസനങ്ങളും   എങ്ങനെയാണ് യുദ്ധസമാനമായ സംഘർഷങ്ങളിലേക്കു നയിക്കുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. സമൂഹത്തിൽ അടിസ്ഥാനപരമായി നിലനിൽക്കുന്ന വർഗവൈരുധ്യങ്ങളും മുതലാളിത്ത വ്യവസ്ഥിതിയുടെ അന്തർലീനമായ ഹിംസാത്മക മത്സരങ്ങളും വിധ്വംസനങ്ങളുമെല്ലാം എങ്ങനെയാണ് യുദ്ധംപോലൊരു പ്രക്രിയക്ക് കാരണമാകുന്നതെന്ന് ഒരു മാർക്സിയൻ വിശകലനത്തിലൂടെ കണ്ടെത്താൻ കഴിയും.  എങ്കിലും, ക്ലാസിക്കൽ സോഷ്യോളജിയിൽ പ്രബലമായിനിന്ന മാർക്സിസ്റ്റ്, ലിബറൽ   ചിന്താധാരകൾ    സുസംഘടിതമായ രാഷ്ട്രീയ, അധികാര ചിട്ടവട്ടങ്ങളോടെ നടപ്പിലാക്കപ്പെടുന്ന യുദ്ധം എന്ന ഹിംസാ രൂപത്തിനെ ആദ്യകാലത്തു കൃത്യമായി വിശകലനംചെയ്യാൻ ശ്രമിച്ചിട്ടില്ല എന്നു കാണാം. പിന്നീട് ഉയർന്നുവന്ന സിംബോളിക് ഇന്ററാക്ഷനിസം അഥവാ പ്രതീകാത്മക ഇടപെടൽ വീക്ഷണം, ഫിനമിനോളജി തുടങ്ങിയവ  എങ്ങനെയാണ് യുദ്ധംപോലൊരു സാമൂഹികസാഹചര്യത്തെ ഒരു ദൈനംദിന യാഥാർഥ്യമായും, അതിന്റെ വിവിധ അനുഭവതലങ്ങളെ ആഴത്തിലും മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. ഉത്തരാധുനികവീക്ഷണങ്ങൾ പലതും കുറെക്കൂടി വിശാലമായ സമകാലിക സാമൂഹികസാഹചര്യങ്ങളുടെ നിർമിതികളെയും സങ്കീർണതകളെയും  വിശദീകരിക്കാൻ പ്രാപ്‌തമാണ്. നവ-മുതലാളിത്ത വ്യവസ്ഥിതിയുടെയും സാങ്കേതികവിദ്യയുടെയും  വിഭവ-രാഷ്ട്രീയത്തിന്റെയും  നൂതന കാലഘട്ടത്തിൽ യുദ്ധങ്ങളുടെ ബഹുമുഖമായ അർഥങ്ങളും പ്രയോഗങ്ങളും അവയിലൂടെ വ്യാഖ്യാനിക്കാവുന്നതാണ്.


സാമൂഹിക വിശകലനമാനങ്ങൾ


സാമൂഹികശാസ്ത്ര വിശകലനത്തിലൂടെ സമീപിച്ചാൽ യുദ്ധത്തിന്റെ കാരണങ്ങൾ, പ്രത്യാഘാതങ്ങൾ, സാമൂഹികപ്രതികരണങ്ങൾ തുടങ്ങിയവയെ നമുക്ക് പ്രശ്നവൽക്കരിക്കാൻ സാധിക്കും. അധികാര-രാഷ്ട്രീയ വ്യവസ്ഥയും സാമ്പത്തികവ്യത്യാസങ്ങളും  വിഭവങ്ങൾക്കുവേണ്ടിയുള്ള കിടമത്സരങ്ങളും  യുദ്ധങ്ങൾക്ക് വഴിതെളിക്കുന്നു. വിവിധ സാമൂഹികവിഭാഗങ്ങൾക്കിയിൽ നിലനിൽക്കുന്ന അസമത്വവും വംശീയവിദ്വേഷങ്ങളും ഇതോടൊപ്പം കാരണങ്ങളായി കാണാം. കൂടാതെ,  ദേശീയവാദം, മതവിശ്വാസങ്ങൾ, സാംസ്കാരികസ്വത്വങ്ങൾ എന്നിങ്ങനെ വിവിധ കാരണങ്ങൾകൂടി യുദ്ധത്തിനും അതിനു അടിത്തറപാകുന്ന സാമൂഹികസാഹചര്യങ്ങൾക്കുമിടയാക്കുന്നു.  സാമൂഹികശാസ്ത്ര വിശകലനം ഇവയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കും.  യുദ്ധങ്ങൾ അവശേഷിപ്പിക്കുന്നത് കനത്ത ആൾനാശവും വിഭവനാശവുമാണ്. യുദ്ധകാലഘട്ടത്തിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ കഥകൾ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്. വലിയ രീതിയിലുള്ള കുടിയൊഴിപ്പിക്കലുകൾ, പൊതുമുതൽ നശിപ്പിക്കൽ, സാധാരണപൗരന്മാരുടെ ആൾനാശം, വിവിധതരത്തിലുള്ള അതിക്രമങ്ങൾ, അഭയാർഥി പ്രശ്നം, പലായനം, യുദ്ധകുറ്റവാളികളുടെ തടവും പീഡനവും, യുദ്ധംചെലുത്തുന്ന മാനസികപ്രത്യാഘാതം എന്നിങ്ങനെ യുദ്ധം ഇന്നു നമുക്കുമുന്നിൽ തുറന്നുകാണിക്കുന്ന  പരിണതഫലങ്ങളുടെ  ആഴത്തിലുള്ള പഠനമാണ് സാമൂഹികശാസ്ത്രം ചെയ്യുന്നുത്. കേവലം യുദ്ധത്തിന്റെ കാരണങ്ങൾക്കും പ്രത്യാഘാതങ്ങൾക്കുമപ്പുറം എങ്ങനെയാണ് സമൂഹം അതിനോടെല്ലാം പ്രതികരിക്കുന്നത് എന്നുകൂടി സോഷ്യോളജി പരിഗണിക്കുന്നുണ്ട്. യുദ്ധത്തിനെതിരെയുള്ള ബോധവൽക്കരണങ്ങൾ, സമരനടപടികൾ, വിവിധ ലോകസംഘടനകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രവർത്തന മണ്ഡലങ്ങൾ, സമാധാന ഉടമ്പടികളും കരാറുകളും, യുദ്ധാനന്തര പുനർനിർമാണങ്ങൾ, മാനുഷിക സഹായങ്ങൾ, വികസനപ്രവർത്തനങ്ങൾ, ആണവ നിരായുധീകരണത്തിനായുള്ള സമ്മർദം ചെലുത്തൽ, വിവിധരാജ്യങ്ങളുടെ കൂട്ടായ്മകൾ രൂപീകരിക്കൽ തുടങ്ങി നിരവധി പ്രതികരണ പ്രക്രിയകൾ യുദ്ധാനന്തരം നടക്കുന്നു. ആഴത്തിലുള്ള ഒരു സോഷ്യോളജിക്കൽ കാഴ്ചപ്പാട് ഇത്തരത്തിൽ യുദ്ധം എന്ന സവിശേഷ സാമൂഹികസാഹചര്യത്തെയും, അതിന്റെ കാലഘട്ടങ്ങളെയും  വിശദീകരിക്കാൻ നമ്മെ സഹായിക്കുന്നു.


യുദ്ധവും ഹിംസയും


ഹിംസ എന്നത് യുദ്ധം എന്ന സാമൂഹികാവസ്ഥയുടെ ഏറ്റവും ഭീകരമായ യാഥാർഥ്യമായി വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഓൺ വയലൻസ് (On violence, 1970) എന്ന തലക്കെട്ടിൽ ഹന്നാ ആരെൻട് (Hannah Arendt) എഴുതിയ പുസ്തകത്തിന് ഹിംസയുടെ അവസാനിക്കാത്ത ദുരിതങ്ങൾ പേറുന്ന സമൂഹങ്ങളുടെ എണ്ണം വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്. ഹിംസയുടെ വിവിധരൂപങ്ങൾ, അവയെക്കുറിച്ചുള്ള ചർച്ചകൾ  നടക്കുന്ന ഇടങ്ങൾ, സമാധാനാന്തരീക്ഷം നിർമിക്കാനുള്ള വൈവിധ്യമാർന്ന ശ്രമങ്ങൾ എന്നിവയുടെ സാഹചര്യങ്ങളിൽ പ്രത്യേകിച്ചും. തത്വശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രീയ ചിന്താധാരകളും എങ്ങനെയാണ്  ഹിംസയെ പരാമർശിക്കുന്നതെന്നു  കണ്ടെത്താൻ ഹന്നാ ശ്രമിക്കുന്നുണ്ട്. അധികാരവും ഹിംസയും പരസ്പരം പൂരകങ്ങളാണെന്ന് അവർ സമർഥിക്കുന്നു. ലോകമഹായുദ്ധാനന്തരം സംജാതമായ സവിശേഷമായ മാനുഷിക അനുഭവങ്ങളെയും സാങ്കേതിക വളർച്ചയെയും അവർ ചർച്ചചെയ്യുന്നുണ്ട്. എന്നാൽ, യുദ്ധമെന്ന  സാമൂഹികപ്രക്രിയക്കപ്പുറം,  റെവല്യൂഷൻ (Revolution) എന്ന ആശയത്തെക്കൂടി അവർ ഹിംസ എന്ന പ്രക്രിയയെ മനസ്സിലാക്കാൻ ഉപയോഗിക്കുന്നുണ്ട്. അവരുടെ ചിന്തയിൽ  ഹിംസ എന്ന അതിസങ്കീർണമായ സാമൂഹികപ്രക്രിയയെ മറികടക്കാൻ തക്കവിധം ഉപകരണങ്ങൾ നമുക്കില്ല. അതുകൊണ്ടാണ് രാജ്യാന്തരബന്ധങ്ങൾക്കിടയിൽ ഉടലെടുക്കുന്ന യുദ്ധമടക്കമുള്ള അതിസങ്കീർണമായ ഹിംസകളെ തടയാൻ നമുക്കു കഴിയാതെപോകുന്നത്. ഹിംസയുടെ ഏറക്കുറെ സംഘടിതമായ, സങ്കീർണമായ  യുദ്ധം/വാർ എന്ന ഘടകരൂപത്തിലേക്കു ഹന്നാ  നമ്മെ  പലവിധത്തിൽ നയിക്കുന്നുണ്ട്. ഹിംസയെക്കുറിച്ചുള്ള ആദ്യകാല സൈദ്ധാന്തിക  നിരൂപണങ്ങൾ,   രണ്ടാംലോക മഹായുദ്ധാനന്തരം സംജാതമായ സവിശേഷ സാമൂഹിക, സാമ്പത്തികസാഹചര്യങ്ങളിൽ  ഏറെയൊക്കെ അപ്രസക്തമാണ് എന്ന് അവർ കരുതുന്നു. അന്താരാഷ്ട്ര തർക്കങ്ങളിൽ ‘വാർഫെയർ’  (warfare) ഒരു ദയാരഹിത  മധ്യസ്ഥൻ എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ പ്രാധാന്യം ശുഷ്കിച്ചുവരുന്നതായി അവർ കരുതുന്നു. എന്നാൽ യുദ്ധമെന്നത് വിവിധരാജ്യങ്ങൾക്കിടയിൽ ഹിംസയുടെ ഉപകരണമായി വർത്തിക്കുന്നുവെന്നത് ഇന്നിന്റെകൂടി യാഥാർഥ്യമാണ്. എടുത്തുപറയേണ്ട മറ്റൊരു കാര്യം ഹന്നാ  അധികാരത്തെക്കുറിച്ച് നടത്തുന്ന നിരീക്ഷണമാണ്. തീയും പുകയും തുപ്പുന്ന ബാരലുകളിൽനിന്നു പുറപ്പെടുന്ന അധികാരം എന്ന മാവോ (Mao) അടക്കമുള്ളവരുടെ കാഴ്ചപ്പാടിനെ അവർ  തള്ളുന്നുണ്ട്. പകരം, വിവിധ സോഷ്യൽ ഗ്രൂപ്പുകൾക്കിടയിൽ ഉടലെടുക്കുന്ന പരസ്പര സമാധാനത്തിൽനിന്നാണ് അധികാരം ഉയർന്നുവരുന്നതും നിലനിൽക്കുന്നതെന്നും അവർ പരാമർശിക്കുന്നു.


 സാങ്കേതികവിദ്യയും യുദ്ധവും


യുദ്ധസന്നാഹങ്ങളിലും, സാമഗ്രികളിലും സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഏറെ നിർണായകമായി തീർന്നിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വികസനപരമായി ഏറെയൊന്നും മുന്നേറിയിട്ടില്ലാത്ത രാജ്യങ്ങൾപോലും രാജ്യരക്ഷ മുൻനിറുത്തി ഭീമമായ തുക അതിർത്തി സംരക്ഷണങ്ങൾക്കും യുദ്ധോപകരണങ്ങൾ  വാങ്ങിക്കൂട്ടുന്നതിനും ചെലവഴിക്കുന്നു. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Stockholm International Peace Research Institute)  2022-ലെ കണക്കുകൾ പ്രകാരം ലോകരാജ്യങ്ങൾ പ്രതിരോധത്തിനും യുദ്ധസന്നാഹങ്ങൾക്കും വേണ്ടി ആകെ ചെലവാക്കിയത് 2240 ബില്യൺ യു.എസ് ഡോളർ ആണ്. അതിൽ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾ മുന്നിട്ടു നിൽക്കുന്നു. സൈനികസാങ്കേതികവിദ്യയുടെ മേഖലയിലെ ഉയർന്ന സ്വകാര്യവൽക്കരണം  ഇതിനെയെല്ലാം സ്വാധീനിക്കുന്നുണ്ട്. ന്യൂക്ലിയർ, ബയളോജിക്കൽ ആയുധങ്ങൾ ഉപയോഗിച്ച് ശക്തി തെളിയിക്കുന്ന ഭയാനകമായ സാഹചര്യത്തിലേക്കാണ് ഇന്ന് ഓരോ യുദ്ധവും ലോകത്തെ നയിക്കുന്നത്.   സാങ്കേതികവിദ്യയുടെയും അധികാരത്തിന്റെയും ഹിംസയുടെയും ഭയാനകമായ സംയോജനം വാർ ഗെയിമിൽ (war-game) നമുക്ക് കാണാം. വ്യാവസായികമായും സാങ്കേതികവിദ്യാപരമായും മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങൾക്കിടയിലിന്ന് കിടമത്സരം നടക്കുന്നത് കൂടുതൽ മെച്ചപ്പെട്ട  ഉപകരണങ്ങൾ നിർമിക്കാനും പരീക്ഷണങ്ങളിലൂടെ ശത്രുരാജ്യങ്ങൾക്കു പരോക്ഷമായി മുന്നറിയിപ്പുകൾ നൽകാനും പ്രാദേശിക ഇടങ്ങളിൽ തങ്ങൾക്കുള്ള മേൽക്കൈ ഉറപ്പുവരുത്താനുമാണ്. തീവ്രവാദമടക്കമുള്ള ആരോപണം നേരിടുന്ന പല രാജ്യാന്തര സംഘർഷ മേഖലകളും ഇത്തരത്തിൽ ആയുധക്കച്ചവടത്തിന്റെയും സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും ഇടങ്ങൾ കൂടിയായി മാറുന്നുവെന്നത്  യാഥാർഥ്യമാണ്.


യുദ്ധനിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. എങ്കിലും ഒട്ടുമിക്ക സമൂഹങ്ങളിലും   യുദ്ധങ്ങളോ അല്ലെങ്കിൽ യുദ്ധസമാനമായ സാഹചര്യങ്ങളോ നിലനിന്നിട്ടുണ്ട്. സാമൂഹിക സംഘർഷങ്ങൾ ഒരു ദൈനംദിന ജീവിത യാഥാർഥ്യംതന്നെയാണ് പല കാലഘട്ടങ്ങളിലും. വിവിധ കാലഘട്ടങ്ങളിൽ അത് സ്റ്റേറ്റിന്റെ നിർമിതിക്കും ആശയരൂപീകരണങ്ങൾക്കും കാരണമായിട്ടുണ്ട്. അത്തരത്തിൽ നോക്കിയാൽ യുദ്ധം ഒരു ചരിത്ര പ്രതിഭാസംകൂടിയാണ്. ആഭ്യന്തരയുദ്ധം എങ്ങനെയാണ്  ശ്രീലങ്കൻ ജനതയുടെ ചരിത്ര,സാമൂഹിക, സാമുദായിക, കുടുംബ, വംശീയ വേരുകളെ അറുത്തുമാറ്റിയത് എന്ന് ശാരിക തിരണഗാമ (Sarika Thiranagama) എഴുതുന്നുണ്ട്. യുദ്ധം എന്നത് എങ്ങനെ ഒരു ദൈനംദിന യാഥാർഥ്യമായി, മനുഷ്യജീവിതങ്ങളെ എങ്ങനെ സംഘർഷ ഭരിതമാക്കുന്നുവെന്നതിന്റെ തീവ്രമായ ആഖ്യാനമാണ്  ഈ പുസ്തകം.


ജെൻഡർ വാർ


യുദ്ധസാഹചര്യങ്ങളിൽ ജെൻഡർ ഭേദമെന്യേ മനുഷ്യർ ഇരകളാക്കപ്പെടുന്നുണ്ട്. എങ്കിലും സ്ത്രീകളും കുട്ടികളും ഏറെ ദുർബലവിഭാഗമായി  ഇത്തരം സാഹചര്യങ്ങളിൽ പരിഗണിക്കപ്പെടുന്നു. ഫെമിനിസ്റ്റ് ചിന്താധാരകളുടെ സ്വാധീനംകൂടി സോഷ്യോളജി ഓഫ് വാറിന്റെ സാഹചര്യത്തിൽ എടുത്തു പറയേണ്ടതാണ്. ഫെമിനിസ്റ്റ് പീസ് സ്റ്റഡീസ് അല്ലെങ്കിൽ ഫെമിനിസ്റ്റ് പീസ് റിസർച്ച് എന്ന ഉപവിഭാഗം യുദ്ധത്തിന്റെ ജെൻഡർ വശത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇന്ന് ഫെമിനിസ്റ്റ് പീസ് സ്റ്റഡീസ് ശക്തമായ ഒരു ചിന്താമേഖലയായി വളർന്നിരിക്കുന്നു.  യുദ്ധമെന്നത് കേവലമൊരു സാമൂഹിക സംവിധാനമോ, പ്രക്രിയയോ അല്ല, മറിച്ചു അതൊരു  ആണധികാര വ്യവസ്ഥകൂടിയാണെന്ന് ഈ ചിന്താധാര സമർത്ഥിക്കുന്നു. രണ്ടാംലോകമഹായുദ്ധ കാലത്തിനുശേഷം ഉയർന്നുവന്ന ഈ മേഖലയുമായി ബന്ധപെട്ടു നിരവധി പഠനങ്ങൾ ഇപ്പോഴും  നടന്നുകൊണ്ടിരിക്കുന്നു. അതിൽ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ ജെൻഡർ സ്വത്വങ്ങൾക്കനുസരിച്ചു സമാനവും വ്യത്യസ്തവുമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് ഗവേഷകർ വാദിക്കുന്നു. എങ്ങനെയാണ് യുദ്ധമെന്നത് സ്ഥല-കാലങ്ങൾക്കുമതീതമായി സ്ത്രീകളെ ഹിംസിക്കുന്നത് എന്ന് അത് പ്രശ്നവൽക്കരിക്കുന്നു. യുദ്ധമോ മറ്റു സംഘർഷമോയുള്ള മേഖലകളിൽ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്താണ്, അവർ കടന്നുപോകുന്ന അതിജീവന വെല്ലുവിളികൾ എന്താണ്, സമാധാന നിർമിതിയിൽ സ്ത്രീയുടെ പങ്ക് എന്താണ്, സ്ത്രീയും പുരുഷനും ഒരു യുദ്ധമോ യുദ്ധസമാന സാഹചര്യമോ എങ്ങനെ വ്യത്യസ്തതലങ്ങളിൽ അനുഭവിക്കുന്നു,  ഒരു പടികൂടി കടന്ന്‍ ഇത്തരം സാഹചര്യങ്ങളിൽ ഹിംസ നടപ്പിലാക്കുന്നതിൽ സ്ത്രീക്കുള്ള പങ്ക് എന്താണ് എന്നൊക്കെ ഈ ശാഖ ചർച്ചചെയ്യുന്നു. ഷോബെർഗിന്റെ (Shoberg)  വിശകലനത്തിൽ യുദ്ധമെന്നത് ഘടനാപരമായ ജെൻഡർ വ്യത്യാസങ്ങളുടെ, ആണധികാര രാഷ്ട്രീയത്തിന്റെ, സ്റ്റേറ്റിന്റെ, അല്ലെങ്കിൽ വൈകാരികതകളുടെ പശ്ചാത്തലങ്ങൾ ഉൾകൊള്ളുന്ന സാമൂഹികസംവിധാനമാണ്.  റഷ്യൻ-യുക്രൈൻ യുദ്ധത്തെ പാശ്ചാത്യമാധ്യമങ്ങൾ കേവലം പുരുഷകേന്ദ്രിത പ്രക്രിയയായി വിലയിരുത്തുന്നതിനെക്കുറിച്ചുള്ള കാതറിൻ  റൈറ്റിന്റെ (Katherine  A.  M.  Wright) നിരീക്ഷണങ്ങൾ ഈ സത്യത്തെയാണ് തുറന്നു കാണിക്കുന്നുണ്ട്.


അതിസങ്കീർണമായ ലോകരാഷ്ട്രീയത്തിന്റെയും അധികാര-വിഭവവിതരണത്തിന്റെയും മാധ്യമങ്ങളടക്കമുള്ള നൂതന സാങ്കേതികവിദ്യയുടെ അതിപ്രസരത്തിന്റെയും കാലത്ത് സോഷ്യോളജി  ഓഫ് വാർ പോലുള്ള വിഷയങ്ങൾ വിദ്യാഭ്യാസ കരിക്കുലത്തിലേക്കു കൂടുതൽ ഇണക്കിചേർക്കേണ്ടതും വിപുലീകരിക്കേണ്ടതുമാണ്. സോഷ്യോളജി ഓഫ്  പീസ് ആൻഡ് കോൺഫ്ലിക്റ്റ്  എന്ന മേഖല കുറച്ചു കൂടി ആഴത്തിലും പരപ്പിലും ഈ വിഷയം കൈകാര്യംചെയ്യാൻ ശ്രമിക്കുന്നുണ്ട്. സാമൂഹിക സംഘർഷങ്ങളുടെ സൂക്ഷ്മ-സ്ഥൂല പ്രക്രിയകളെ, രൂപങ്ങളെ, അനുഭവങ്ങളെ,  ആഴത്തിൽ മനസ്സിലാക്കേണ്ടത് വൈവിധ്യമാർന്ന അവസ്ഥാന്തരങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹികഘടനയെയും അതിലൂടെ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന സാമൂഹിക ജീവിതങ്ങളുടെയും അപഗ്രഥനത്തിനും ആവശ്യമാണ്.