ക്രീമിലെയർ ഭരണഘടനാ വിരുദ്ധം – സിയർ മനുരാജ്

ക്രീമിലെയർ ഭരണഘടനാ വിരുദ്ധം – സിയർ മനുരാജ്

ലേഖനം


പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുമ്പോൾ ഇന്ത്യൻ പ്രസിഡന്റ് അംഗീകരിച്ചതും യഥാക്രമം ഭരണഘടനയുടെ ആര്‍ട്ടിക്കിൾ 341, 342-ലായി ചേര്‍ത്തിട്ടുള്ളതുമായ  പട്ടികജാതി, പട്ടികവര്‍ഗ ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലവിൽ ആ വിഭാഗങ്ങളിൽപ്പെട്ട സംവരാണാര്‍ഹരെ സംസ്ഥാനങ്ങൾ കണ്ടെത്തുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളും ഓരോ സംസ്ഥാനത്തിലും പട്ടികജാതി പട്ടികവര്‍ഗ ലിസ്റ്റിൽ ഉള്‍പ്പെടാനര്‍ഹതയുള്ള ജാതികളെ കണ്ടെത്തി യഥാസമയം ഈ പട്ടിക പുതുക്കാറുമുണ്ട്. സംസ്ഥാന ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം വരുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ പാര്‍ലമെന്റും പ്രസിഡന്റും അംഗീകരിക്കുന്ന മുറയ്ക്കാണ് പട്ടികജാതി,പട്ടികവര്‍ഗ ലിസ്റ്റിലേക്ക് പുതിയ ജാതികളെ ചേര്‍ക്കുന്നതും നിലവിലുള്ള ജാതികളെ നീക്കുന്നതും. പാര്‍ലമെന്റ് അംഗീകരിച്ച പട്ടികജാതി ലിസ്റ്റിനെ ഒരൊറ്റ ലിസ്റ്റ് ആയി പരിഗണിച്ചാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചിരുന്നത്. കേരളത്തിൽ പട്ടികജാതി വിഭാഗങ്ങള്‍ക്ക് എട്ടു ശതമാനമാണ് സംവരണം. കേരളത്തിലെ പട്ടികജാതി ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുള്ള ഏതൊരു ജാതിക്കും ആ എട്ടു ശതമാനം സംവരണത്തിൽ തുല്യാവകാശമുണ്ട്. അതായത്, നിലവിലുള്ള എട്ടു ശതമാനത്തിൽ എത്രയെങ്കിലും ഏതെങ്കിലും ജാതിക്കോ, ജാതികളുടെ ബ്ലോക്കിനോ പ്രത്യേകം നീക്കിവച്ചിട്ടില്ല എന്നര്‍ഥം. എന്നാൽ, പഞ്ചാബ്, ഹരിയാന, തമിഴ്നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങൾ അവരുടെ പട്ടികജാതി ലിസ്റ്റിലെ ചില പ്രത്യേക ജാതികള്‍ക്ക്   അവയുടെ അതിപിന്നാക്കാവസ്ഥ പരിഗണിച്ച് പട്ടികജാതി സംവരണത്തിനകത്ത് പ്രത്യേകം ഉപവിഭാഗസംവരണം ഏര്‍പ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, അങ്ങനെ ശ്രമിച്ചപ്പോളൊക്കെത്തന്നെ ഹൈക്കോടതികളും സുപ്രീംകോടതിയും അതിനെ ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി റദ്ദ് ചെയ്തിരുന്നു. പട്ടികജാതി ലിസ്റ്റ്  വിഭജിച്ച് ഉപവിഭാഗസംവരണം കൊടുക്കാൻ കഴിയില്ല എന്ന നിലപാടാണ് കോടതികൾ നാളിതുവരെ പുലര്‍ത്തിയിരുന്നത്. എന്നാൽ, പിന്നാക്കജാതികളുടെ കാര്യത്തിൽ അവരെ പിന്നാക്കം, അതിപിന്നാക്കം എന്നിങ്ങനെ തരംതിരിച്ച് പ്രത്യേക സംവരണം കൊടുക്കാം എന്നും സുപ്രീംകോടതി  പറഞ്ഞിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ  വിഭാഗങ്ങളിൽപ്പെട്ട ജാതികള്‍ക്ക് അവരുടെ പിന്നാക്കാവസ്ഥയുടെ തോതനുസരിച്ച് സംവരണത്തിനകത്ത് പ്രത്യേക സംവരണത്തിനര്‍ഹതയുണ്ടെന്നും, അങ്ങനെ ചെയ്യുന്നതിൽ ഭരണഘടനാവിരുദ്ധതയില്ലെന്നുമാണ് ഏഴംഗ സുപ്രീംകോടതി ബെഞ്ച്‌ 2024, ആഗസ്റ്റ് ഒന്നിന് വിധി പറഞ്ഞിരിക്കുന്നത്. ഇതിനോടൊപ്പം പട്ടികജാതി,പട്ടികവര്‍ഗ  വിഭാഗങ്ങളിൽപ്പെട്ട ക്രീമിലെയർ ആളുകളെ കണ്ടെത്തി അവരെ സംവരണത്തിൽനിന്ന്‍ ഒഴിവാക്കണം എന്നൊരു നിരീക്ഷണംകൂടി കോടതി ഈ വിധിയിൽ സൂചിപ്പിച്ചിട്ടുണ്ട്.


ക്രീമിലെയർ ഏര്‍പ്പെടുത്തുന്നതിന്റെ ന്യായമായി കോടതി കണ്ടെത്തുന്നത്, ഒന്ന് സംവരണത്തിലൂടെ അതിസമ്പന്നർ ആയ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങൾ ഉണ്ടെന്നാണ്. മറ്റൊന്ന് ഈ വിഭാഗങ്ങളിൽപ്പെട്ടവരാണ് കാലാകാലമായി സംവരണത്തിന്റെ ഗുണഫലം അനുഭവിക്കുന്നത്. അതു പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ അതിദരിദ്രരുടെ താല്‍പര്യങ്ങള്‍ക്ക് ഗുണകരമല്ല എന്നതാണ്, ഇതു പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിൽ കടുത്ത സാമ്പത്തിക അസമത്വം ഉണ്ടാക്കുന്നു. ഒറ്റനോട്ടത്തിൽ കോടതിയുടെ നിരീക്ഷണം ന്യായവും പട്ടികജാതി പട്ടികവര്‍ഗങ്ങളിലെ പാവപ്പെട്ടവരുടെ താൽപര്യങ്ങള്‍ക്ക് ഗുണകരവുമാണെന്നു തോന്നുമെങ്കിലും യഥാര്‍ഥത്തിൽ മുഴുവൻ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ താല്‍പര്യങ്ങളെയും  ഹനിക്കാൻ പോകുന്നവയാകും അവര്‍ക്ക് ഏര്‍പ്പെടുത്താൻ പോകുന്ന ക്രീമിലെയർ. ഇന്ത്യൻ ജനസംഖ്യയിൽ നാലിലൊന്നുവരുന്ന പട്ടികജാതി, പട്ടികവര്‍ഗ  ജനവിഭാഗങ്ങളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ താല്‍പര്യങ്ങളെ സമ്പൂര്‍ണ്ണമായി അട്ടിമറിക്കുന്ന, ചരിത്രപരമായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അവർ നേടിയിട്ടുള്ള എല്ലാ സാമൂഹിക പുരോഗതികളെയും ഇല്ലാതാക്കാനും അവരുടെ സാമൂഹിക വികാസത്തെ പുറകോട്ടു നയിക്കാനും മാത്രമേ ഈ വിധി കാരണമാകു എന്ന് ആമുഖമായി പറഞ്ഞുകൊണ്ട് എന്തുകൊണ്ട് ഈ വിധി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അങ്ങേയറ്റം ദോഷകരമാകും എന്നു നോക്കാം. ഈ വിധിയെ രണ്ടുവിധത്തിൽ സമീപിക്കേണ്ടതുണ്ട്. ഒന്ന്, ഈ വിധി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ സാമ്പത്തികമായി എങ്ങനെ ബാധിക്കും എന്നതാണ്. മറ്റൊന്ന്, സാംസ്കാരികമായും രാഷ്ട്രീയമായും ഈ വിധി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ എങ്ങനെ ബാധിക്കും എന്നാണ്.


സാമ്പത്തിക പ്രത്യാഘാതം


പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിൽ സംവരണത്തിലൂടെ അതിസമ്പന്നരായവർ ഉണ്ടെന്നുള്ളത് കോടതിയുടെ ഒരു ഭാവന മാത്രമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിൽ സംവരണത്തിലൂടെ അതിസമ്പന്നരായ ആളുകളുടെ എണ്ണമോ അവരുടെ സാമ്പത്തികസ്ഥിതിയോ തിട്ടപ്പെടുത്തുന്നതിനുള്ള എന്തെങ്കിലും ശാസ്ത്രീയമായ സർവേകൾ സര്‍ക്കാർതലത്തിൽ നാളിതുവരെ നടത്തിയിട്ടുള്ളതായി അറിയില്ല. അങ്ങനെയൊരു സർവേ നടത്തുക മാത്രമല്ല, അത്തരം സർവേയിൽ ഏതെങ്കിലും പണക്കാരനായ പട്ടികജാതിക്കാരനെ കണ്ടെത്തിക്കഴിഞ്ഞാൽത്തന്നെ അയാൾ സമ്പന്നനായത് സംവരണം മൂലമാണോ എന്നുകൂടി കണ്ടെത്തേണ്ടതുണ്ട്. അത്തരത്തിൽ യാതൊരുവിധ പഠനവും കൂടാതെ പട്ടികജാതിക്കാര്‍ക്ക് ക്രീമിലെയർ ഏര്‍പ്പെടുത്തണമെന്ന് കോടതികൾ പറയുമ്പോൾ അതു ജാതി സംവരണവിരുദ്ധമായ ഇന്ത്യൻ പൊതുബോധത്തിന്റെ ഒരു അനുരണനമായി മാത്രമേ കരുതാൻ കഴിയൂ. ഒരാളുടെ സാമ്പത്തികശേഷി നിശ്ചയിക്കുമ്പോൾ പ്രധാനമായും പരിഗണിക്കേണ്ട രണ്ടു കാര്യങ്ങൾ അയാളുടെ വരുമാനവും (Income) ആസ്തികളും  (Assets) ആണ്. ഒരാള്‍ക്ക് അയാൾ ചെയ്യുന്ന ജോലിക്ക് അല്ലെങ്കിൽ, അയാളുടെ മൂലധന നിക്ഷേപത്തിന്മേൽ മാസത്തിലോ വര്‍ഷത്തിലോ ലഭിക്കുന്ന പണത്തെയാണ് നമ്മൾ സാമാന്യമായി വരുമാനമെന്നു വിളിക്കുന്നത്. സ്വത്ത് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അയാളുടെ കൈവശമുള്ള ഭൂമി, ബിസിനസ് സംരംഭങ്ങൾ, സ്വര്‍ണ്ണം, ബാങ്ക് നിക്ഷേപങ്ങൾ, ഓഹരി മാര്‍ക്കറ്റിലുള്ള പങ്കാളിത്തം ഒക്കെയാണ്. ഒരാളുടെ സാമ്പത്തികശേഷിയെ നിശ്ചയിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത് അയാളുടെ വരുമാനമല്ല മറിച്ച് അയാളുടെ ആസ്തികളാണെന്നു കാണാം. ചരിത്രപരമായി ആസ്തികളില്ലാത്ത വിഭാഗങ്ങളാണ് പട്ടികജാതി, പട്ടികവര്‍ഗ  വിഭാഗങ്ങൾ. ഇന്ത്യൻസംസ്കാരത്തിന്റെ സാംസ്‌കാരികരേഖകളിലൊന്നായ മനുസ്മൃതിയിലൂടെ കടന്നുപോയിട്ടുള്ള ഏതൊരാള്‍ക്കും അറിയാം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആസ്തികൾ പോയിട്ട് വരുമാനംപോലും നേടാൻപറ്റുന്ന തരത്തിലുള്ള ഒരു സാമൂഹികജീവിതം ഉണ്ടായിരുന്നില്ല എന്ന്. കൊല്ലപ്പെടാതിരിക്കാൻ ഏറ്റവും നികൃഷ്ടമായ ജോലികൾ ചെയ്യുക എന്നതുമാത്രമാണ് അവര്‍ക്ക് മനുസ്മൃതി വിധിച്ചിരുന്നത്. അമേരിക്കൻ ആന്ത്രോപോളജിസ്റ്റായ ആല്‍ഫ്രെഡ് ക്രോബർ (Alfred Kroeber) ജാതിയെന്നാൽ  സാമ്പത്തികമായും സാമൂഹികമായും ഒരേനിലവാരത്തിലുള്ള ആളുകളുടെ കൂട്ടമാണെന്നു പറഞ്ഞതുതന്നെയാണ് പിന്നീട്, അംബേദ്‌കർ ജാതിയെന്നത് സാമൂഹികമായി  വാതിലുകൾ സ്വയം കൊട്ടിയടച്ച വര്‍ഗം (Class) ആണെന്ന് കൂടുതൽ തെളിമയോടെ പറഞ്ഞത്. അംബേദ്കറും ക്രോബറും ജാതിയുടെ മര്‍മ്മം കൃത്യമായി തിരിച്ചറിഞ്ഞവരാണ്. മേല്‍ജാതികളുടെ അസ്തിത്വം ഉറപ്പിക്കുന്നത് അവരുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മൂലധനമാണ്. ജാതിയിൽ ആസ്തി ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നാണ് അംബേദ്കറും ക്രോബറും ഉറപ്പിച്ചു പറഞ്ഞത്. ഇന്ത്യൻ ജാതിവ്യവസ്ഥയിൽ മേല്‍ജാതികൾ എന്നു പറയപ്പെടുന്ന എല്ലാ ജാതികളും ആ സാമൂഹികാവസ്ഥ കൈവരിച്ചത് ജാതിവ്യവസ്ഥയ്ക്കകത്തുള്ള ഘടനാപരമായ ചൂഷണവും അസമത്വവും നല്‍കിയ, ഇപ്പോഴും നല്‍കുന്ന അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.


ഇന്ത്യയിലെ ചെറുവിഭാഗം വരുന്ന പട്ടികജാതി,പട്ടികവര്‍ഗ വിഭാഗങ്ങൾ   ചെറിയ സ്ഥിരവരുമാനം സംവരണത്തിലൂടെ നേടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, സംവരണത്തിലൂടെ അവർ ആസ്തികൾ നേടിയിട്ടില്ല എന്നതും പകൽപോലെ സത്യമായ കാര്യമാണ്. ഒരാളുടെ വരുമാനം എന്നത് ഏതു നിമിഷവും ഇല്ലാതാകുന്ന ഒന്നാണ്. അയാളുടെ മരണത്തോടെയോ തൊഴിൽ നഷ്ടത്തിലൂടെയോ പെന്‍ഷൻ ആകുന്നതോടെയോ  ഇല്ലാതാകുന്ന വരുമാനമാണ് ഒരാളുടെ തൊഴിലിൽനിന്നുള്ള വരുമാനം. അതായത്, സംവരണത്തിലൂടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഒരിക്കലും അതിസമ്പന്നർ പോയിട്ട്, സമ്പന്നർ പോലും ആകാൻ കഴിയില്ല. അങ്ങനെ സാധിക്കുമെന്നത് ഇന്ത്യയിലെ ജാതി സംവരണവിരുദ്ധരായ സവര്‍ണ്ണവിഭാഗങ്ങളുടെ ഒരു ഭാവന മാത്രമാണ്. പിതാവിന്റെ വരുമാനം നോക്കി മക്കള്‍ക്ക് സംവരണം കൊടുക്കില്ല എന്നു പറയുന്നത് വീട്ടിൽ കറക്കുന്ന പശു ഉള്ളവര്‍ക്ക് റേഷൻ കൊടുക്കില്ല എന്നു പറയുന്നതുപോലുള്ള വിവരക്കേടാണ്. പശു ചാകട്ടെ അല്ലെങ്കിൽ കറവ നില്‍ക്കട്ടെ അപ്പോൾ റേഷൻ തരാം എന്നു പറയുന്നതുപോലെ “തന്ത ചാവട്ടെ അപ്പോൾ സംവരണം തരാം” എന്നു പറയുന്നത് എങ്ങനെയാണ് സംവരണം പ്രവര്‍ത്തിക്കുന്നത്, എന്താണ് അതിന്റെ ചരിത്രപരമായ ഉറവിടം എന്നറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന ഭാവം നടിക്കുന്നവർക്കു മാത്രം പറയാൻ കഴിയുന്ന കാര്യമാണ്. ഏറിയാൽ അഞ്ചു സെന്റ്‌ സ്ഥലമോ ഒരു വീടോ മക്കള്‍ക്ക് വിദ്യാഭ്യാസമോ ഒരു ചെറിയ കാറോ എന്നതിനപ്പുറം അടുത്ത തലമുറകള്‍ക്കു ‘വരുമാനം’ കൊടുക്കാൻ കഴിയുന്ന ‘ആസ്തികൾ’ ഉണ്ടാക്കാൻ ഒരു പട്ടികജാതി പട്ടികവര്‍ഗക്കാരനും സംവരണത്തിലൂടെ കിട്ടിയ ജോലിയിൽനിന്നുള്ള വരുമാനംകൊണ്ട് സാധിച്ചിട്ടില്ല എന്ന യഥാര്‍ഥ്യം കണ്ടില്ലെന്നു നടിച്ചു മാത്രമേ ആ വിഭാഗങ്ങളിൽ ക്രീമിലെയർ ഏര്‍പ്പെടുത്തണം എന്നു പറയാൻ കഴിയൂ. സംവരണവും വിദ്യാഭ്യാസവും നല്ലനിലയിൽ നടക്കുന്ന കേരളത്തിൽപോലും പട്ടികജാതി കുടുംബങ്ങളുടെ ശരാശരി ഭൂമി രണ്ടു സെന്റിൽ താഴെ മാത്രമേ ഉള്ളൂ. സര്‍ക്കാർ രേഖകൾ നോക്കിയാൽ ഒരു ഹെക്ടറിൽത്താഴെ ഭൂമി ഉള്ളവരെയാണ് നമ്മൾ സീമാന്ത [Marginal Land Holders] ഭൂവുടമകൾ എന്നു വിളിക്കുന്നത്. ഇങ്ങനെ പറയുമ്പോൾ അര സെന്റ്‌ മാത്രമുള്ള പട്ടികജാതിക്കാരനും ഒരു ഹെക്ടർ തികച്ചുള്ള മറ്റാളുകളും ഒറ്റക്കള്ളിക്ക് അകത്തുവരും. കിലയുടെ റിപ്പോര്‍ട്ടനുസരിച്ച് 2010-ൽ 23.5 ലക്ഷം ആളുകൾ താമസിച്ചത് 26000-ത്തോളം വരുന്ന കോളനികളിലായിരുന്നു. കോളനിയിലുള്ള കുടുംബങ്ങളുടെ കൈവശഭൂമി എന്നത് 0.064 സെന്റ്‌ മാത്രമാണ്. മൊത്തം പട്ടികജാതിക്കാരുടെ 77% കോളനികളിലാണ് താമസിക്കുന്നത് എന്നോര്‍ത്താൽ അവരുടെ ആസ്തി ഊഹിക്കാമല്ലോ.


ഉയര്‍ന്ന ജോലി കിട്ടില്ല


പട്ടികജാതി കോളനികളിൽ താമസിക്കുന്ന കുടുംബങ്ങൾ നേരിടുന്ന വിദ്യാഭ്യാസത്തിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്, അവർ എത്തിച്ചേരുന്ന താഴ്ന്നവരുമാനമുള്ള ജോലികളൊക്കെ സംഭവിക്കുന്നത് ചരിത്രപരമായി കേരളത്തിൽ നിലനില്‍ക്കുന്ന ആസ്തികളിലുള്ള ജാതീയമായ അസമത്വം മൂലമാണ്. പട്ടികജാതി, പട്ടികവര്‍ഗ  വിഭാഗങ്ങൾ ഇന്നും അനുഭവിക്കുന്ന ചരിത്രപരമായ  ആസ്തികളിലുള്ള അസമത്വം പരിഹരിക്കാതെ, അവരിൽ അല്‍പ്പമെങ്കിലും വരുമാനമുള്ള ആളുകളുടെ മേൽ ക്രീമിലെയർ അടിച്ചേല്പിച്ച് അവരെ സംവരണത്തിൽനിന്നു പുറത്താക്കിയാൽ സംഭവിക്കാൻ പോകുന്നത് കൂടുതൽ വര്‍ഷത്തെ  വിദ്യാഭ്യാസം ആവശ്യമായ ജോലികള്‍ക്ക്  മതിയായ പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാർഥികളെ കിട്ടാത്ത അവസ്ഥ വരും, അത്തരം ജോലികൾ മറ്റു ജാതിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. കേരളത്തിൽപ്പോലും ഭീകരമായ വിദ്യാഭ്യാസ കൊഴിഞ്ഞുപോക്ക് പട്ടികജാതികള്‍ക്കിടയിലുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ കാര്യം ഊഹിച്ചാൽ മതി. EWS എങ്ങനെയാണ് മുന്നാക്ക ജാതികളിലെ സമ്പന്നര്‍ക്ക് ജോലിയും വരുമാനവും കൊടുക്കുന്നത് അതുപോലെതന്നെ പട്ടികജാതി സംവരണത്തിന്റെ നേട്ടങ്ങളും പിന്‍വാതിലിൽക്കൂടി മറ്റുള്ളവര്‍ക്ക് എത്തിക്കാനേ പട്ടികജാതി, പട്ടികവര്‍ഗ  ക്രീമിലെയർ കാരണമാകൂ. പട്ടികജാതിക്കാര്‍ക്ക് ക്രീമിലെയർ ഏര്‍പ്പെടുത്തിയാൽ അവരിലെ പാവപ്പെട്ടവര്‍ക്ക്  ജോലി കിട്ടും എന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത പച്ചകള്ളമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സെക്രട്ടറി തലത്തിലുള്ള ഉദ്യോഗങ്ങളിൽ പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യം വിരലിലെണ്ണാവുന്നത് മാത്രമാണ് എന്ന് എത്രയോ തവണ പാര്‍ലമെന്റിലും നിയമസഭയിലും മന്ത്രിമാർ പറഞ്ഞത് നമ്മൾ കേട്ടിട്ടുണ്ട്. 2022 ഡിസംബർ 15- ന് പാര്‍ലമെന്റിൽ മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞത്, കേന്ദ്ര ഗവര്‍മെന്റിനുകീഴിൽ സെക്രട്ടറി ജോയിന്റ് സെക്രട്ടറി തലത്തിലുള്ള 322 പോസ്റ്റുകളിൽ 16 പട്ടികജാതിക്കാരും 13 പട്ടികവര്‍ഗക്കാരും ഉള്ളപ്പോൾ മുന്നാക്ക ജാതിക്കാരുടെ എണ്ണം 254 ആണെന്നാണ്‌. സംവരണമനുസരിച്ചുള്ള പ്രാതിനിധ്യംപോലും പട്ടികജാതി പട്ടികവര്‍ഗ  വിഭാഗങ്ങള്‍ക്ക് മേല്‍ത്തട്ടിലുള്ള സര്‍ക്കാർ ജോലികളിൽ ഇല്ലെന്നു സര്‍ക്കാരുകൾതന്നെ രേഖാമൂലം പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇത്തരം സാമൂഹിക യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ പട്ടികജാതികള്‍ക്ക്  ക്രീമിലെയർ ഏര്‍പ്പെടുത്തിയാൽ ചെറിയ തോതിലെങ്കിലും വരുമാനസുരക്ഷിതത്വം നേടിയ പട്ടികജാതി, പട്ടികവര്‍ഗത്തിൽപ്പെടുന്ന ഒരു ചെറുവിഭാഗത്തെ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴ്ത്താൻ മാത്രമേ അതിലൂടെ നമുക്ക്  കഴിയൂ.


സിവിൽസര്‍വീസിൽ ചേരാനുള്ള യോഗ്യതാപരീക്ഷ എഴുതാൻ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഒരു നിശ്ചിതപ്രായംവരെ എത്രതവണ വേണമെങ്കിലും അവസരമുണ്ട്. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥമൂലം ഇത്തരം വിഭാഗങ്ങളിൽനിന്നു സിവിൽസര്‍വീസിലെത്തുന്നവർ മിക്കപ്പോഴും പ്രായം കൂടിയവരാകും. മുന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർ 32 വയസ്സിനുള്ളിൽ സിവിൽസര്‍വീസിൽ കയറുമ്പോൾ പട്ടികജാതി വിഭാഗങ്ങൾ ശരാശരി 36, 37 വയസ്സിലാണ് സിവിൽസര്‍വീസ് ഉദ്യോഗങ്ങൾ നേടുന്നത്. അതായത്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങൾ സര്‍വീസിൽ കയറി എത്ര മികച്ച സേവനം നടത്തിയാലും അവര്‍ക്ക് ഉയര്‍ന്ന പദവികളിലെത്തുന്നതിനു മുന്‍പേ സര്‍വീസിൽനിന്നു വിരമിക്കേണ്ട സാഹചര്യമുണ്ടെന്നാണ് മുൻ വിദേശകാര്യ ഉദ്യോഗസ്ഥനായ വിവേക് കട്ജു ചൂണ്ടിക്കാണിക്കുന്നത്. ഇതേയവസ്ഥതന്നെയാണ് കേന്ദ്ര യൂണിവേഴ്സിറ്റികളിലും, രാജ്യത്തെ ഉന്നത ശാസ്ത്ര-സാങ്കേതിക, മെഡിക്കൽ സ്ഥാപനങ്ങളിലുമുള്ള അധ്യാപക, അനധ്യാപക തസ്തികകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യം സൂചിപ്പിക്കുന്നത്. സര്‍ക്കാർ ജോലികളിൽ സംവരണ നിരക്കിനെക്കാൾക്കൂടുതൽ പട്ടികജാതി പ്രാതിനിധ്യമുള്ളത് മാനുവൽ സ്കാവഞ്ചിംഗ് ജോലികളിൽ മാത്രമാണ് എന്നതിനെക്കാൾ വലിയ തെളിവ് ആവശ്യമുണ്ടോ ഇന്നും ആ വിഭാഗങ്ങൾ നേരിടുന്ന പിന്നാക്കാവസ്ഥ സൂചിപ്പിക്കാൻ. സര്‍ക്കാർതലത്തിലെ മേല്‍ത്തട്ട് ജോലികളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ അഭാവത്തിന്റെ കാരണം അവരുടെ കഴിവില്ലായ്മയല്ല, മറിച്ച്, ശേഷികൾ നേടുന്നതിൽ അവർ നേരിടുന്ന സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ തന്നെയാണ്. ആ വെല്ലുവിളികൾ തന്നെയാണ് വയസ്സന്മാരായി ജോലിയിൽക്കയറാൻ അവരെ നിര്‍ബന്ധിതരാക്കുന്നതും. ക്രീമിലെയർ ഏര്‍പ്പെടുത്തിയാൽ നീണ്ടകാലം പഠനം ആവശ്യമായ ജോലികളിലേക്ക് മതിയായ ആളുകളെ പ്രദാനംചെയ്യാൻ പട്ടികജാതി സമുദായങ്ങള്‍ക്ക് കഴിയാതെ വരും.


പാവപ്പെട്ടവര്‍ക്ക് നഷ്ടം


അനിയന്ത്രിതമായ ചങ്ങാത്തമുതലാളിത്തം രാജ്യത്തിന്റെ സമസ്തമേഖലകളെയും വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ, തൊഴിൽരഹിത വളര്‍ച്ച എന്ന സാമ്പത്തികവൈകൃതത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ, അതിനെ നേരിടാൻ സര്‍ക്കാർ കൊണ്ടുവന്ന Make in India പ്രോജക്റ്റും അതിനു വളമായി കൊണ്ടുവന്ന കോര്‍പ്പറേറ്റ് നികുതികളിലുള്ള വെട്ടിക്കുറയ്ക്കലും, Production linked incentives ഉം വിജയിച്ചില്ലെന്ന തിരിച്ചറിവിൽനിന്നാണ് 2024 ബജറ്റിൽ Employment Linked Incentive എന്നൊരു സൂത്രം മുന്നോട്ട് വച്ചത്. അറുപതുകളിൽ മൂന്നാംലോകരാജ്യങ്ങൾ നേരിട്ടത് Low Income Trap ആയിരുന്നുവെങ്കിൽ ഇന്നത് Middle Income Trap ആണ്. രാജ്യം Low Income Trap മറികടന്നുവെങ്കിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങൾ ഇന്നും വരുമാനമില്ലായ്മയുടെ നിലയില്ലാക്കയത്തിൽത്തന്നെയാണ് ഉള്ളത്. സാങ്കേതികവിദ്യയെ ഉപയോഗിച്ചുകൊണ്ട് നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളുണ്ടാക്കിയ ഗിഗ് ഇക്കോണമി (Gig Economy) പിന്നാക്കവിഭാഗങ്ങളിലേക്ക് ചെറിയതോതിൽ വരുമാനം എത്തിക്കുന്നുവെങ്കിൽപ്പോലും, നവലിബറൽ ഇക്കോണമിയുടെ യഥാര്‍ഥ ഗുണഭോക്താക്കൾ ബില്ല്യനയർ രാജ് (Billionaire Raj) കെട്ടിപ്പൊക്കിയ ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെയുള്ള ആളുകളാണ്. രാജ്യത്തെ വരുമാനത്തിന്റെ 22 ശതമാനവും സ്വത്തിന്റെ 40 ശതമാനവും ഇവരുടെ കൈയിലാണ്. അവരിൽ ഭൂരിപക്ഷവും മുന്നാക്ക ജാതിക്കാരാണ്. സര്‍ക്കാർ കണക്കുകളിൽനിന്നു അപ്രത്യക്ഷരാകുന്ന ദരിദ്രർ  സ്വതന്ത്ര ഏജന്‍സികളുടെ സ്ഥിതിവിവരപ്പട്ടികയിൽ പ്രത്യക്ഷപ്പെടുന്നു. ആവശ്യത്തിനു പോഷകാഹാരം കിട്ടാത്ത ഇന്ത്യക്കാർ ജനസംഖ്യയുടെ 56 ശതമാനത്തിനു മുകളിലാണെന്നു ലോകാരോഗ്യ സംഘടനയൊക്കെ പറയുന്നിടത്താണ് മുപ്പത് ട്രില്ല്യൻ സമ്പദ്‌വ്യവസ്ഥ എന്ന കോമഡി ഭരണവര്‍ഗം പ്രചരിപ്പിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറയുന്നുവെന്ന പച്ചകള്ളത്തിന്റെ മേൽ മാത്രമേ നമുക്ക് മുപ്പത് ട്രില്ല്യൻ സമ്പദ്‌വ്യവസ്ഥ എന്ന കെട്ടുകാഴ്ച ഉയര്‍ത്താൻ കഴിയൂ. ഈ വിശാലമായ പരിപ്രേക്ഷ്യത്തിൽക്കൂടിവേണം നമ്മൾ പട്ടികജാതിക്കാരുടെ ക്രീമിലെയർ വിഷയത്തെ സമീപിക്കാൻ.


ക്രീമിലെയർ പട്ടികജാതിക്കാരിലെ വരുമാനം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും ഗുണകരമല്ല. ക്രീമിലെയർ ഏര്‍പ്പെടുത്തിയാൽ കൂടുതൽ നഷ്ടം ആ വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കായിരിക്കും. സംവരണം പട്ടികജാതിക്കാരുടെ ആസ്തികൾ വര്‍ധിപ്പിച്ചിട്ടില്ല എന്നതിനാൽ അവര്‍ക്ക് ക്രീമിലെയർ ഏര്‍പ്പെടുത്തുന്നത് അനുചിതവും അന്യായവുമാണ്. അങ്ങനെ ചെയ്‌താൽ അതിന്റെ ഗുണഫലം കിട്ടുക പട്ടികജാതി, പട്ടികവര്‍ഗ  വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കാവില്ല, മറിച്ച്, മറ്റു ജാതികളിലും മതങ്ങളിലും പെട്ടവർക്കായിരിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ക്രീമിലെയർ ഏര്‍പ്പെടുത്തി അവരിലെ അല്‍പ്പമെങ്കിലും സാമ്പത്തികസുരക്ഷിതത്വമുള്ള ആളുകളെ ദുര്‍ബലരാക്കുന്നതിനുപകരം നിലവിലുള്ള സംവരണത്തിൽ അമ്പതുശതമാനം പട്ടികജാതിക്കാരിലാര്‍ക്കും ലഭിക്കുന്ന ഓപ്പൺ വേക്കന്‍സിയാക്കി, അവരിൽ ഏറ്റവും മെറിറ്റുള്ള ആളുകള്‍ക്ക്  നല്‍കുകയും ബാക്കിയുള്ള അമ്പതുശതമാനം സീറ്റുകൾ ജോലിയിലും വിദ്യാഭ്യാസത്തിലും നിലവിലുള്ള പ്രാതിനിധ്യം കണക്കാക്കി കുറവ് പ്രാതിനിധ്യമുള്ളവര്‍ക്ക് ആദ്യം ജോലികിട്ടുകയും അവരെക്കാൾക്കൂടുതൽ പ്രാതിനിധ്യമുള്ളവര്‍ക്ക് രണ്ടാമത് എന്ന മട്ടിൽ സംവരണ ടേണുകൾ നിശ്ചയിക്കുന്നതായിരിക്കും ഉചിതം. ഇതനുസരിച്ച് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പ്രാതിനിധ്യം ശാസ്ത്രീയമായി നിശ്ചയിച്ച് ഒരേ പ്രാതിനിധ്യം ഉള്ളവരെ ഒരു ഗ്രൂപ്പിൽ ഇടുകയും ചെയ്‌താൽ സാമൂഹികനീതി ഉറപ്പുവരുത്തിക്കൊണ്ട് ക്രീമിലെയർ ഇല്ലാതെതന്നെ പട്ടികജാതി സംവരണം തുടരാവുന്നതാണ്. ക്രീമിലെയർ നടപ്പിലാക്കി സംവരണത്തിൽനിന്നു പുറത്താക്കപ്പെടുന്ന പട്ടികജാതിക്കാർ സാമൂഹികമായും വിദ്യാഭ്യാസപരമായും മറ്റുള്ളവര്‍ക്ക് ഒപ്പമാണെന്ന്‍ എങ്ങനെയാണ് നമ്മൾ നിശ്ചയിക്കാൻ പോകുന്നത്? മതിയായ പ്രാതിനിധ്യമില്ലാത്ത ജാതികളെ  പ്രത്യേക ബ്ലോക്കുകളാക്കി അവര്‍ക്ക്  ക്വാട്ട നിശ്ചയിക്കുകയാണു വേണ്ടത്. അങ്ങനെ ചെയ്‌താൽ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിൽപ്പെട്ട എല്ലാവര്‍ക്കും  സംവരണം ലഭിക്കുകയും,  അവരിലെ ചിലർ  തഴയപ്പെടുന്ന അവസ്ഥ ഇല്ലാതാവുകയും, മുഴുവൻ ജോലികളും പട്ടികജാതി വിഭാഗങ്ങൾക്കുതന്നെ ലഭിക്കുകയും ചെയ്യും. 


പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ സംവരണംമൂലം കിട്ടുന്ന ജോലിയിലൂടെ നേടുന്ന ചെറുതും താല്‍ക്കാലികവുമായ വരുമാനവര്‍ധനവിലൂടെ  അവരുടെ സാമൂഹികപദവി ഉയര്‍ത്തിയിട്ടുണ്ടെന്നത് വെറുമൊരു കെട്ടുകഥ മാത്രമാണെന്നത് പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധനനിയമപ്രകാരം രജിസ്റ്റർചെയ്ത ലക്ഷകണക്കിനു കേസുകൾ സാക്ഷ്യം പറയും. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധനനിയമപ്രകാരം 2022-ൽ ഇന്ത്യയിലെടുത്ത കേസ്സുകൾ മാത്രം 57582 വരും. അതിൽത്തന്നെ കുറ്റവാളികൾ ശിക്ഷകിട്ടാതെപോകുന്നത്, അനന്തമായി നീളുന്ന കേസുകൾ, പരാതിക്കാർ തന്നെ ഭീഷണിമൂലം പിന്‍വലിക്കേണ്ടിവരുന്ന കേസുകൾ, പട്ടികജാതിക്കാർക്കുനേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ വൈജാത്യമൊക്കെ സൂചിപ്പിക്കുന്നത് അവരിലെ ഒരു ചെറിയ വിഭാഗത്തിന്റെ ശമ്പളംകാണിച്ച് അവർക്കുമേൽ ക്രീമിലെയർ ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാൻ കഴിയാത്ത അധാര്‍മ്മികത തന്നെയാണെന്നാണ്. ഉന്നത ജോലികളിലിരിക്കുന്ന പട്ടികജാതിക്കാർ നേരിടുന്ന ജാതീയമായ വിവേചനങ്ങൾ, തൊഴിൽരംഗത്ത് അവരനുഭവിക്കുന്ന ജാതീയമായ ഒഴിവാക്കലുകൾ, പ്രൊമോഷൻ നിഷേധിക്കലുകൾ, സവര്‍ണ്ണക്കൂട്ടങ്ങൾ അവർക്കുമേൽ ഉണ്ടാക്കുന്ന മാനസികസമ്മര്‍ദങ്ങളൊക്കെ പച്ചയായ യാഥാര്‍ഥ്യങ്ങളാണ്. ഭരണഘടനയും രാജ്യത്തെ സെക്കുലർ നിയമവാഴ്ചയുമുള്ളതുകൊണ്ടുമാത്രമാണ് അവര്‍ക്ക്   സമൂഹത്തിൽ അല്‍പ്പമെങ്കിലും സുരക്ഷിതരായി ജീവിക്കാൻ കഴിയുന്നത്. അല്ലാതെ അവർ സംവരണംവഴി സാമൂഹികമായും രാഷ്ട്രീയമായും അധികാരവും സമ്പത്തും ഉള്ളവർ ആയതുകൊണ്ടല്ല.


സാംസ്കാരിക പ്രത്യാഘാതം


ഇന്ത്യ മുഴുവൻ ഒരു സാംസ്‌കാരിക ഹിന്ദു ഐക്യം എന്ന ഒരു പ്രോജക്റ്റ് പലതലത്തിൽ നടന്നുവരുന്നുണ്ടല്ലോ. ഹിന്ദുത്വദേശീയതയുടെ രാഷ്ട്രീയം, ജാതി സംവരണവിരുദ്ധമാണെന്ന ഒരു ചിന്ത പട്ടികജാതി, പട്ടികവര്‍ഗ  വിഭാഗങ്ങളിൽ ശക്തമായിരുന്നു എന്നത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. പിന്നാക്ക ഹിന്ദുജാതികൾ സാംസ്‌കാരിക ഹിന്ദുത്വ പ്രോജക്റ്റുമായി പൊക്കിൾക്കൊടി ബന്ധം സ്ഥാപിച്ചതിൽ അവർക്കുമേൽ ഏര്‍പ്പെടുത്തിയ ക്രീമിലെയർ ഒരു കാരണമാണ്. ഹിന്ദുത്വ പ്രോജക്റ്റുമായി എളുപ്പത്തിൽ ഐക്യപ്പെട്ടത് പിന്നാക്കജാതികളിൽ ക്രീമിലെയർ ഭാരം വഹിക്കുന്നവരാണ്. പിന്നാക്കജാതികളുടെ സംവരണരാഷ്ട്രീയത്തെ ക്രീമിലെയർ എങ്ങനെയാണ് ദുര്‍ബലപ്പെടുത്തിയത് എന്നറിയുന്ന ഏതൊരാള്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ ക്രീമിലെയർ എങ്ങനെയാണ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ വിഘടിപ്പിക്കാൻ പോകുന്നതെന്ന്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിൽ ക്രീമിലെയർ ഏര്‍പ്പെടുത്തുന്നതിലൂടെ അവരിലെ നാമമാത്ര ശമ്പള വരുമാനക്കാർ സാംസ്കാരികമായി ഹിന്ദുത്വ ദേശീയ പ്രോജക്റ്റുമായി സന്ധിചെയ്യാനുള്ള ചരിത്രപരമായ ഒരു സാധ്യത നമുക്ക് മുന്‍പിലുണ്ട്.