തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതരാണോ? – അലീന മരിയ മോൻസി

തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതരാണോ? – അലീന മരിയ മോൻസി

ഒരു നിയമ വിശകലനം


ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഒരു പ്രധാന സാമൂഹികവിഷയമായി മാറിയിരിക്കുന്നു. തൊഴിൽചെയ്യാനുള്ള അവകാശത്തിനായി സ്ത്രീകൾ പോരാടേണ്ട ഒരു കാലമുണ്ടായിരുന്നു. കാലക്രമേണ, ഈ അവസ്ഥ മാറി. സമൂഹത്തിൽ സ്ത്രീകൾ അവരുടേതായ ഇടവും വ്യക്തിത്വവും കണ്ടെത്തി. എന്നാൽ, തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷാ ഭീഷണികളും അവകാശലംഘനങ്ങളും ഇന്നും നിലനിൽക്കുന്നു എന്നത് ഒരു ദുരന്തകരമായ വസ്തുതയാണ്. അതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സ്ത്രീസുരക്ഷ ബഹുമുഖസ്വഭാവമുള്ള ഒരു ആഗോള പ്രശ്നമാണ്. പുരാതനകാലംമുതൽ, സ്ത്രീകളെ പൊതുവെ ദുർബലവിഭാഗമായി കണക്കാക്കിയിരുന്നു. അവരുടെ ആശങ്കകൾ പലപ്പോഴും അവഗണിക്കപ്പെട്ടു. അവര്‍ ഏതു തൊഴിൽ മേഖലയിലായാലും ചൂഷണത്തിന് വിധേയരാകുന്നു. ലിംഗസമത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പശ്ചാത്തലത്തിൽ, സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ സമഗ്രമായ പരിഗണന അർഹിക്കുന്ന ഒരു വിഷയമാണ്.


ജോലിസ്ഥലങ്ങളിൽ സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് പ്രോത്സാഹനകരമാണെങ്കിലും, അവർക്ക് ഒരു സുരക്ഷിതമായ, സമാധാനപരമായ തൊഴിൽ അന്തരീക്ഷം ലഭിക്കുമ്പോൾ മാത്രമേ അവർ പൂർണ്ണമായും ശാക്തീകരിക്കപ്പെടുകയുള്ളൂ. സ്ത്രീസുരക്ഷ കോർപ്പറേറ്റ് ലോകത്തിന്റെ പ്രധാന സാമൂഹിക ഉത്തരവാദിത്വം മാത്രമല്ല, മനുഷ്യാവകാശം കൂടിയാകണം. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നിയമപരമായ ചട്ടക്കൂടുകൾ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അവയുടെ നടപ്പാക്കലിന്റെ തോത് ആശങ്കയ്ക്ക് വക നൽകുന്നതാണ്. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം (UDHR) പോലുള്ള അന്താരാഷ്ട്ര കൺവെൻഷനുകളും ലൈംഗിക പീഡനം തടയൽ (POSH) നിയമം പോലുള്ള ദേശീയ നിയമനിർമ്മാണങ്ങളും എല്ലാ തലങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.


തൊഴിലിടപീഡന നിയമസംരക്ഷണം ചില സ്ഥിതിവിവരക്കണക്കുകൾ


സ്ത്രീകൾക്ക് സുരക്ഷിതവും ചൂഷണരഹിതവുമായ തൊഴിൽസ്ഥലങ്ങളിൽ ജോലിചെയ്യാനുള്ള അവകാശമുണ്ട്. അവർ ഏതു തൊഴിലിലേർപ്പെട്ടാലും അവരുടെ മൗലികാവകാശമാണത്. രാജ്യത്തിന്റെ പരമോന്നത നിയമമായ ഇന്ത്യൻ ഭരണഘടന, എല്ലാ പൗരന്മാരുടെയും അവകാശസംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്നു, പ്രത്യേകിച്ച് ദുർബലവിഭാഗങ്ങളുടെ അവകാശങ്ങളിൽ. ഭരണഘടനയുടെ മൂന്നാംഭാഗത്തിൽ ആർട്ടിക്കിൾ 12 മുതൽ 35 വരെ പൗരന്റെ മൗലികാവകാശങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ആർട്ടിക്കിൾ 14 അനുസരിച്ച് നിയമത്തിന്റെ മുൻപാകെയുള്ള സമത്വം രാഷ്ട്രം നിഷേധിക്കാൻ പാടില്ല. അതോടൊപ്പം നിയമങ്ങളുടെ സംരക്ഷണം മുഴുവൻ വ്യക്തികൾക്കും നൽകുകയും വേണം. ഈ ആർട്ടിക്കിൾ അനുസരിച്ച് രാജ്യത്തെ എല്ലാ വ്യക്തികളും തുല്യരാണ്. കൂടാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ 15 (3) പ്രകാരം രാജ്യത്തിന് സ്ത്രീകൾക്കായി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാം എന്നു നിര്‍ദ്ദേശിക്കുന്നു. 1997-ൽ സുപ്രീം കോടതിയിൽ പരിഗണിക്കപ്പെട്ട വിശാഖ കേസ് ഈ മേഖലയിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു.


രാജസ്ഥാനിലെ ഒരു സാമൂഹിക പ്രവർത്തകയായ ഭൻവാരി ദേവിക്കു നേരെ നടന്ന അതിക്രമത്തെ അടിസ്ഥാനമാക്കിയുള്ള ഈ കേസിൽ, സുപ്രീംകോടതി, ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ സമത്വം, സ്വാതന്ത്ര്യം, ജീവനും ശരീരവും സംരക്ഷിക്കാനുള്ള അവകാശം എന്നിവയുടെ അടിസ്ഥാനത്തിൽ, സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. ഈ വിധിയാണ് പിന്നീട് തൊഴിലിടങ്ങളിലെ സ്ത്രീപിഡനത്തിനെതിരായ ചട്ടങ്ങൾ അടങ്ങുന്ന ‘വിശാഖ മാർഗരേഖ’യായി അറിയപ്പെടുന്നത്. വിശാഖ കേസിലെ സുപ്രീം കോടതിയുടെ മാർഗ്ഗനിര്‍ദ്ദേശങ്ങളാണ് 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമം 2013 (POSH) രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. ജോലിസ്ഥലത്തെ പരാതികൾ കൈകാര്യം ചെയ്യുന്നതിന് 10-ല്‍ കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന ഓരോ ജോലിസ്ഥലത്തും ഒരു ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐ.സി.സി) രൂപീകരിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നു. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതായിരുന്നു ഈ നിയമനിർമ്മാണത്തിലെ പ്രധാന ഉദ്ദേശ്യം.


സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങൾ ലംഘിക്കുന്നവർക്ക് ശിക്ഷ നൽകുന്നതിനുമായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (ഐ.പി.സി) പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പ് 354-ലാണ് ഒരു സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതോ അതോ ഉദ്ദേശ്യത്തോടെ ബലം പ്രയോഗിക്കുന്നതോ ഉള്പ്പ ടെയുള്ളവ കുറ്റകരമാണെന്ന് പറയുന്നത്. ലൈംഗികമായ ഉദ്ദേശ്യത്തോടുകൂടി ഒരു സ്ത്രീയോട് നടത്തുന്ന ശാരീരിക ആക്രമണമോ ഏതെങ്കിലും പ്രവൃത്തിയോ ഇതു പ്രകാരം ക്രിമിനൽ കുറ്റമാകുന്നു. ശാരീരിക പീഡനം സംഭവിക്കുന്ന സന്ദർഭങ്ങളിൽ, ക്രിമിനൽ നടപടികളിലേക്ക് നയിക്കുന്ന പോലീസ് എഫ്.ഐ.ആർ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) ഫയൽ ചെയ്യാൻ ഈ വകുപ്പ് ഉപയോഗിക്കാം. ഒരുവര്ഷംക മുതൽ അഞ്ചുവര്ഷംപ  വരെയാകാവുന്ന തടവാണ് ശിക്ഷ. പിഴയും വിധിക്കാം. സ്ത്രീയെ വാക്കുകൊണ്ടോ, ആംഗ്യംകൊണ്ടോ, ശബ്ദങ്ങള്‍കൊണ്ടോ ശല്യംചെയ്യുന്നത് മൂന്നുവര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്ന വകുപ്പാണ് ഐ.പി.സി-509.


ജോലിസ്ഥലത്ത് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനം: നിരന്തരമായ വെല്ലുവിളികൾ


സ്ത്രീസുരക്ഷയ്ക്കായി ചട്ടക്കൂടുകളും സുരക്ഷാസംവിധാനങ്ങളും നടപ്പാക്കിയിട്ടും, അവരുടെ അവകാശലംഘനം ഇന്നും ഒരു പ്രധാന സാമൂഹിക പ്രശ്നമായി തുടരുന്നു. ലൈംഗിക പീഡനം എന്നത് ശാരീരികമായ ആക്രമണങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പുരുഷ സഹപ്രവർത്തകരിൽനിന്നോ മേലുദ്യോഗസ്ഥരിൽനിന്നോ ഉള്ള വാക്കാലുള്ള അധിക്ഷേപം, അപമാനം, അതുപോലെത്തന്നെ വൈകാരികമായ ഉപദ്രവങ്ങളും ലൈംഗിക പീഡനത്തിൽ ഉൾപ്പെടുന്നു.പീഡനത്തെക്കുറിച്ച് പറയുമ്പോൾ, തൊഴിൽമുന്നേറ്റം നിഷേധിക്കുന്നതും ജീവനക്കാരെ പീഡിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് എന്നുകാണാം. ചില കമ്പനികൾ സ്ത്രീകളുടെ കരിയർ വളർച്ച തടയുകയും അവരെ താഴ്ന്ന തസ്തികകളിലേക്ക് ഒതുക്കുകയും ചെയ്യുന്നു. ഇത് വേതന അസമത്വത്തിലേക്കും ലിംഗ വിവേചനത്തിലേക്കും നയിക്കുന്നു. ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വം ഇപ്പോഴും പല സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എല്ലാ ലിംഗക്കാർക്കും തുല്യ വേതനം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 1976-ൽ നടപ്പിലാക്കിയ തുല്യ വേതന നിയമം എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു എന്നത് ഇന്നും ഒരു പ്രധാന ചോദ്യമാണ്.


ജോലിസ്ഥലത്തെ ലൈംഗികാതിക്രങ്ങൾ തടയുന്നതിനൊപ്പം, ജീവനക്കാരുടെ ക്ഷേമത്തിനും മൊത്തത്തിലുള്ള ഉൽപാദനക്ഷമതയ്ക്കും പിന്തുണ നൽകുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഏതെങ്കിലും തരത്തിലുള്ള പരോക്ഷ വിവേചനങ്ങൾ തടയുകയും കമ്പനിക്കുള്ളിലെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്ത്രീകളെ ഉൾപ്പെടുത്തുകയും വേണം. ജോലിസ്ഥലത്തെ സുരക്ഷ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അടിസ്ഥാന മനുഷ്യാവകാശമാണ്. സുരക്ഷിതവും മാന്യവുമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാനുള്ള അവകാശം UDHR ഉറപ്പുനൽകുന്നു. പീഡനം, ലിംഗാധിഷ്ഠിത അതിക്രമം, ജോലിസ്ഥലത്തെ പക്ഷഭേദ പെരുമാറ്റം എന്നിവ മനുഷ്യാവകാശങ്ങളെ മാത്രമല്ല, ദോഷകരമായ അധികാര അസന്തുലിതാവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകൾ വിവേചനമോ പീഡനമോ നേരിടുമ്പോൾ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ജീവിതത്തിൽ തുല്യ പങ്കാളിത്തത്തിനുള്ള അവരുടെ അവകാശത്തെയാണ്‌ തുരങ്കംവയ്ക്കുന്നത്.


നിയമസഹായവും പരിഹാര സംവിധാനങ്ങളും – നിലവിലെ പ്രവണതകൾ


പരാതികൾ പരിഹരിക്കുന്നതിനായി വിവിധ നിയമനിർമ്മാണങ്ങളിലൂടെയും അധികാരഘടനകളിലൂടെയും ഒരു സമഗ്രമായ ചട്ടക്കൂട് നാം തീർത്തെടുത്തിട്ടുണ്ട്. പോഷ് നിയമത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച്, സ്ത്രീകൾക്ക് ഐ.സി.സി വഴി പരാതികൾ നൽകാം. അതു പരിഹരിക്കപ്പെട്ടില്ലെങ്കിൽ ലേബർ കോടതികളെ സമീപിക്കാം. സ്ത്രീകളുടെ നയപരമായ കാര്യങ്ങളിൽ ഉപദേശങ്ങൾ നൽകുന്നതിനായി 1992-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ഒരു നിയമപരമായ സ്ഥാപനമായി ദേശീയ വനിതാ കമ്മീഷൻ (NCW) സ്ഥാപിതമായി. തൊഴിലിട അക്രമത്തെയും പീഡനത്തെയും കുറിച്ചുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) കൺവെൻഷൻ 190 പോലെയുള്ള ഉടമ്പടികൾ, ആഗോളതലത്തിൽ പീഡനം തടയാൻ ഉപയോഗിക്കുന്ന ലിംഗ-സംവേദിയായ നയങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു


50% അംഗങ്ങൾ സ്ത്രീകളായുള്ള ഒരു  ഐ.സി.സിയിൽ പരാതി ഫയൽ ചെയ്തുകഴിഞ്ഞാൽ, അന്വേഷണത്തോടൊപ്പം ശരിയായ വിശകലനവും നടത്തേണ്ടതുണ്ട്. ലഭ്യമായ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ കണ്ടെത്തണം. ഈ തരം കേസുകളിൽ വ്യവസ്ഥകളുടെ ദുരുപയോഗം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേസിന്റെ ഇരുവശങ്ങളും പരിശോധിക്കേണ്ടത് പ്രധാനമാണ്. അന്വേഷണത്തിന്റെ അവസാന ഘട്ടമാണ് റിപ്പോർട്ട് തയ്യാറാക്കൽ. ഈ റിപ്പോർട്ടിൽ ബോർഡിന്റെ തീരുമാനത്തിന്റെ കാരണങ്ങൾ വിശദീകരിക്കണം. നിർദ്ദിഷ്ട നടപടികൾ സുരക്ഷിതവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ തൊഴിലിടങ്ങൾക്കായി വാദിക്കാൻ സ്ത്രീകളെ ശക്തീകരിക്കുകയും ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ അവരുടെ പെരുമാറ്റത്തിനുത്തരവാദികളാക്കുകയും ചെയ്യും.


ജോലിസ്ഥലത്തെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്നുവന്ന ഒരു പ്രശ്നമാണ് കേരളത്തിലെ സിനിമാ വ്യവസായത്തെ കേന്ദ്രീകരിച്ച് പുറത്തുവന്ന ഹേമകമ്മിറ്റി റിപ്പോർട്ട്. മലയാള സിനിമാ വ്യവസായത്തിലെ അധികാരത്തിന്റെ അസമത്വങ്ങൾ ഹേമകമ്മിറ്റി തുറന്നുകാട്ടുകയും ദുർബലരായ സ്ത്രീ സിനിമാ പ്രവർത്തകരെ ചിലരെല്ലാം ചൂഷണം ചെയ്യുന്നത് അവരുടെ തന്നെ മൊഴികളുടെ അടിസ്ഥാനത്തിൽ തുറന്നു കാട്ടുകയും ചെയ്തു. അധികാരത്തിന്റെ മറവിൽ ഏതാനും ആൾക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയാണ്. ഈ റിപ്പോർട്ട് നാലുവർഷം മുമ്പ് പൂർത്തിയായെങ്കിലും വളരെ അടുത്തിടെയാണ് ഇതു പൊതുജനങ്ങൾക്കുമുന്നിൽ വന്നത്. ‘നീതി വൈകുന്നത് നീതിനിഷേധ’മാണെന്ന പഴമൊഴിയെ ഇത് ഓര്‍മിപ്പിക്കുന്നു. സ്ത്രീകളുടെ ശബ്ദം അടിച്ചമർത്തുന്നതിനു പകരം വേഗത്തിലും സുതാര്യമായും ന്യായമായും നിയമപ്രകാരം അന്വേഷിക്കുകയും കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണം. നമ്മുടെ സമൂഹം സ്ത്രീസുരക്ഷയെ ഗൗരവമായി എടുക്കേണ്ട സമയമാണിത്. കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ നമുക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയൂ. ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഒരു സ്ത്രീ തന്റെ തൊഴിലിടത്തിൽ നേരിടുന്നുണ്ടെങ്കിൽ, നിശ്ശബ്ദരായിരിക്കാതെ സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയെങ്കിലും സമൂഹത്തിൽ ഒരു മാറ്റം സൃഷ്ടിക്കാൻ നിരന്തരമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അതിലുപരിയായി അത്തരം പരിശ്രമങ്ങളെ വിലമതിക്കുകയും ബഹുമാനിക്കുകയും വേണം.


ജോലിസ്ഥലങ്ങളിലെ സ്ത്രീസുരക്ഷ, യഥാർത്ഥ ലിംഗസമത്വം കൈവരിക്കുന്നതിനും അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും അത്യാവശ്യമാണ്. ഇത് ഒരു സാർവത്രിക ആശങ്കയായതിനാൽ, മാറ്റം നമ്മുടെ സമൂഹത്തിന്റെ ലിംഗ ബോധവൽക്കരണത്തിൽനിന്ന് ആരംഭിക്കണം. അതുവഴി സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾക്കായി സംസാരിക്കാനുള്ള ധൈര്യം ലഭിക്കും. സമൂഹത്തിന്റെ സംവേദനക്ഷമതയില്ലായ്മയാണ് സ്ത്രീകളെ എല്ലായ്‌പ്പോഴും മിണ്ടാതിരിക്കാൻ പ്രേരിപ്പിക്കുന്നത്. സ്ത്രീസുരക്ഷയ്ക്കായി രൂപകൽപ്പന ചെയ്ത നിയമങ്ങളും ചട്ടങ്ങളും അധികാരികൾ സജീവമായി നടപ്പാക്കണം, പ്രത്യേകിച്ചും സ്ത്രീകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് പൂർണ്ണമായും ബോധവവതികളായ സാഹചര്യത്തിൽ. പരാതിസമിതികൾ വേഗത്തിൽ പ്രവർത്തിക്കണം. കുറ്റക്കാരായി കണ്ടെത്തുന്നവരുടെ ശിക്ഷാനിരക്കിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്, പീഡനങ്ങളിൽനിന്ന് മുക്തമായ ഒരു പരിതസ്ഥിതി സൃഷ്ടിക്കുന്നതിന്, സമൂഹത്തിലെ എല്ലാ മേഖലകളിലും സംയുക്തമായ ശ്രമങ്ങൾ ആവശ്യമാണ്. ഇതിന് നിയമനടപടികൾ ശക്തിപ്പെടുത്തുന്നതോടൊപ്പം, തൊഴില്‍രംഗത്തെ ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക മാറ്റങ്ങൾക്കുവേണ്ടിയുള്ള കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണ്.