സ്ത്രീകൾ ഇന്ത്യയെ വീണ്ടെടുക്കേണ്ട സമയം – തുഷാർ ഗാന്ധി
“എന്റെ അഭിപ്രായത്തിൽ, സ്ത്രീകളനുഭവിക്കുന്ന ഗാർഹിക അടിമത്തം നമ്മുടെ പ്രാകൃതത്വത്തിന്റെ പ്രതീകമാണ്. അടുക്കളയിലെ അടിമത്തം ക്രൂരതയുടെ അവശിഷ്ടം മാത്രമാണ്. സ്ത്രീകൾ ഈ ദുഃസ്വപ്നത്തിൽനിന്ന് മോചിതരാകേണ്ട സമയം ഏറെ വൈകിയിരിക്കുന്നു. ഒരു സ്ത്രീയുടെ മുഴുവൻ സമയവും വീട്ടുജോലിക്കുവേണ്ടി നശിപ്പിക്കരുത്.” – എം.കെ. ഗാന്ധി, ഹരിജൻ: ജൂൺ 8, 1940.
1940-ൽ ബാപ്പു എഴുതിയത് ഇന്നും സത്യമായി തുടരുന്നു. മെട്രോകളിലും ചില പട്ടണങ്ങളിലും സ്ത്രീകളോടുള്ള സമീപനത്തിൽ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഭൂരിഭാഗം സ്ത്രീകളും ഇന്നും സ്വമേധയാലോ നിർബന്ധിതമായോ വീടുകളിൽ പ്രത്യേകിച്ച് അടുക്കളയ്ക്കുള്ളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ദൗർഭാഗ്യവശാൽ, ഗാർഹിക അടിമത്തത്തിന്റെ നുകങ്ങൾ തകർത്ത് വിദ്യാഭ്യാസത്തിനോ തൊഴിലിനോ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവർക്ക് പൊതുയിടങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ലഭിക്കുന്ന സാഹചര്യം അത്ര സുരക്ഷിതമല്ല. നമ്മൾ ഇപ്പോഴും ഫ്യൂഡൽ – അടിച്ചമർത്തൽ സ്വഭാവമുള്ള പുരുഷാധിപത്യ സമൂഹമാണ്. സങ്കടകരമെന്നു പറയട്ടെ, നമ്മുടെ സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇപ്പോഴും സ്ത്രീകളെ കാണുന്നത് അവർ പുരുഷനു കീഴടങ്ങി ജീവിക്കേണ്ടവരായിട്ടാണ്. വിദ്യാസമ്പന്നരോ വിദ്യാഭ്യാസമില്ലാത്തവരോ വരേണ്യരോ സാധാരണക്കാരോ ആകട്ടെ, മിക്ക പുരുഷന്മാരിലും നിലനിൽക്കുന്ന മനോഭാവം, സ്ത്രീകൾ തങ്ങൾക്ക് അടിയറവു പറയേണ്ടവരും പുരുഷന്മാരുടെ ആനന്ദത്തിനായി മാത്രം നിലകൊള്ളേണ്ടവരുമാണെന്നാണ്. അതീഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഉയർന്നുവന്ന സോഷ്യൽ മീഡിയ പ്രചാരണം ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. ‘നഗര വരേണ്യവർഗം’ എന്നു വിളിക്കപ്പെടുന്നവർപ്പോലും, അതീഷിയെ പരിഹസിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ പങ്കുവച്ചു. വിമർശനങ്ങളിൽ ഭൂരിഭാഗവും അവരുടെ ലിംഗഭേദത്തിൽ വേരൂന്നിയതാണ്. പുരുഷന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന ഒരു സ്ഥാനം ഒരു സ്ത്രീ ഏറ്റെടുക്കുമ്പോൾ നമുക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുന്നു. “സ്ത്രീയെ പുരുഷന്റെ നല്ലപാതിയായി വിശേഷിപ്പിക്കുന്നു. സ്ത്രീക്ക് പുരുഷന്റെ അതേ അവകാശങ്ങൾ ഇല്ലാത്തിടത്തോളം കാലം, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടേതിനു തുല്യമായി ആഘോഷിക്കാത്തിടത്തോളം കാലം, ഇന്ത്യ ഭാഗികമായി സ്തംഭനാവസ്ഥയിലാണെന്നു നാം തിരിച്ചറിയണം. സ്ത്രീകളെ അടിച്ചമർത്തുന്നത് അഹിംസയുടെ നിഷേധമാണ്.” – എം.കെ.ഗാന്ധി. ഹരിജൻ: ഓഗസ്റ്റ് 18, 1940.
നാം പിന്തുടരുന്ന പുരുഷകേന്ദ്രിത സാമൂഹിക മാതൃകയിൽനിന്നാണ് സ്ത്രീകളെ കീഴ്പ്പെടുത്തണമെന്ന ചിന്തകളുടെ വേരുകൾ ഉദ്ഭവിക്കുന്നത്. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയിലും ഈ വേരുകൾ ആഴത്തിലുണ്ട്. കർശനമായ ചാതുർവർണ്യഘടന ഉയർന്നജാതിക്കാരെ അവർക്ക് താഴെയുള്ളവരെ അടിച്ചമർത്താനും കീഴാളർക്കുമേൽ ആധിപത്യം സ്ഥാപിക്കാനും അനുവദിക്കുന്നു. ഈ അധികാരം ദൈവദത്തമായതാണെന്ന് വിശ്വസിക്കുന്ന ഒരു സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഇതു കുടുംബങ്ങൾക്കുള്ളിൽപ്പോലും സ്ത്രീകളെ താഴ്ന്നവരായി പരിഗണിക്കുന്നതിലേക്കു നയിച്ചു. ഒരു സ്ത്രീ എത്ര യോഗ്യതയുള്ളവളും കഴിവുള്ളവളുമാണെങ്കിലും, ഒരു കുടുംബത്തിന്റെ തലവൻ എല്ലായ്പ്പോഴും ഒരു പുരുഷനാണ്. സ്ത്രീയാകട്ടെ അവനെ സേവിക്കുകയും അവന്റെ ഭോഗവസ്തുവായി പ്രവർത്തിക്കുകയും ഭക്ഷണം വിളമ്പുകയും അവന്റെ കുഞ്ഞിനെ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന അടിമമാത്രമാണ്. നമ്മുടെ വീടുകളിൽ നിലനിൽക്കുന്ന ഈ മുൻവിധിയുടെ സ്വാധീനം, പൊതുയിടങ്ങളിലും ജോലിസ്ഥലങ്ങളിലും പുരുഷന്മാർ സ്ത്രീകളോട് പെരുമാറുന്ന ശൈലിയിലും കടന്നു കൂടിയിട്ടുണ്ട്. നമ്മുടെ പൊതുയിടങ്ങളും തൊഴിലിടങ്ങളും സ്ത്രീസൗഹൃദമാക്കുന്നതിനുമുമ്പ് വീടുകളാണ് കൂടുതൽ സമത്വവും സ്ത്രീകളോട് ആദരവുള്ള ഇടമാക്കി മാറ്റേണ്ടത്. ഇതു സംഭവിക്കണമെങ്കിൽ സ്ത്രീകൾ വീടുകളിലും കുടുംബത്തിനകത്തും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും കൂടുതൽ കരുത്തും നിശ്ചയദാർഢ്യവുമുള്ളവരാകണം. അതോടൊപ്പം സ്ത്രീകൾക്കെതിരെകുറ്റകൃത്യങ്ങൾ നടക്കുമ്പോൾ സമൂഹം കൂടുതൽ സജീവമായി പ്രതികരിക്കേണ്ടതുമുണ്ട്. “സ്ത്രീ പലവിധത്തിൽ പുരുഷനെ മറികടന്നിരിക്കുന്നു, അവളുടെ അബോധമായ സൂക്ഷ്മവഴികളിലൂടെ. തന്നെക്കാൾ ആധിപത്യം നേടുന്നതിൽനിന്നു സ്ത്രീകളെ തടയാൻ പുരുഷൻ വെറുതെ പാടുപെട്ടു. സ്തംഭനാവസ്ഥയായിരുന്നു ഫലം.” എം.കെ.ഗാന്ധി. യങ് ഇന്ത്യ, ഒക്ടോബർ 17, 1928.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഒരു സമൂഹമെന്ന നിലയിൽ പ്രതിഷേധിക്കുന്നതിൽ നാം കൂടുതൽ ഊർജസ്വലരാകേണ്ടതുണ്ട്. എന്റെ ഓർമ ശരിയാണെങ്കിൽ, സമീപകാലത്ത് സ്ത്രീകൾക്കെതിരെ ഹീനമായ കുറ്റകൃത്യങ്ങൾ നടന്ന രണ്ടു സന്ദർഭങ്ങളിൽ മാത്രമാണ് ഇന്ത്യൻസമൂഹം മൊത്തത്തിൽ കടുത്ത രോഷപ്രകടനം നടത്തിയത്. ആദ്യത്തേത് ഡൽഹിയിൽ ‘നിർഭയ’ കൂട്ടബലാത്സംഗവും കൊലപാതകവും നടന്നപ്പോൾ. ഇപ്പോൾ കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിൽ യുവ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയപ്പോൾ. കത്വയിൽ എട്ടുവയസ്സുള്ള ഒരു മുസ്ലീം പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ ബന്ദിയാക്കി ദിവസങ്ങളോളം തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്തു. അപ്പോഴുണ്ടായ പ്രതിഷേധം പെട്ടെന്ന് ശമിപ്പിച്ചു. ഒരു ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയപ്പോൾ വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. പ്രതിഷേധം ഉയർന്നുവെങ്കിലും അത് അധികം നീണ്ടുനിന്നില്ല. ആയിരക്കണക്കിനു വർഷങ്ങളായി ദലിത്, ദരിദ്രസ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതു മിക്കവാറും എല്ലാ ദിവസവുംതന്നെ സംഭവിക്കുന്നുണ്ട്. പക്ഷേ, പലതും കൃത്യമായി റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. മാത്രമല്ല, ഉയർന്നജാതിയിലെ പുരുഷന്മാർ ഇത് അവരുടെ വിശേഷാധികാരമായി കണക്കാക്കുന്നു. ഇരകളാകട്ടെ നിശ്ശബ്ദരായി സഹിക്കുന്നു. ഇവരിൽപ്പലരും തങ്ങൾക്കെതിരെയുള്ള കുറ്റകൃത്യത്തിന്റെ ആഘാതത്തിനും നാണക്കേടിനും സ്വയം കീഴടങ്ങുകയാണ്. സ്വന്തം കുടുംബത്തിൽ പെൺകുട്ടികൾക്കുനേരെ നടക്കുന്ന ലൈംഗികചൂഷണത്തെക്കുറിച്ച് സംസാരിക്കാൻപോലും പലരും ഇഷ്ടപ്പെടുന്നില്ല. ഇവിടെയും വീണ്ടും പെൺകുട്ടി നിശ്ശബ്ദയാകാൻ നിർബന്ധിതയാകുകയും ജീവിതകാലം മുഴുവൻ തനിക്കേറ്റ മാനസികമുറിവിന്റെ ആഘാതം അനുഭവിക്കുകയും ചെയ്യുന്നു. പരസ്യമായി പരാതിപ്പെടാനും നീതിതേടാനും ധൈര്യംകാണിക്കുന്നവരോട് കുടുംബത്തെ നാണംകെടുത്തരുതെന്ന് ‘അഭ്യുദയകാംക്ഷികൾ’ ഉപദേശിക്കുന്നു. “സ്ത്രീയെ ദുർബലലിംഗമെന്നു വിളിക്കുന്നത് അപകീർത്തികരമാണ്; അതു പുരുഷൻ സ്ത്രീയോട് കാണിക്കുന്ന അനീതിയാണ്. ശക്തി എന്നതുകൊണ്ട് അർഥമാക്കുന്നത് മൃഗബലമാണെങ്കിൽ, തീർച്ചയായും സ്ത്രീ പുരുഷനെക്കാൾ മൃഗീയത കുറഞ്ഞവളാണ്. ശക്തിയെന്നാൽ ധാർമ്മികശക്തിയാണെങ്കിൽ, സ്ത്രീ പുരുഷനെക്കാൾ ശ്രേഷ്ഠയാണ്. അവൾക്ക് വലിയ ഉള്ളുണർവ്വ് ഇല്ലേ, അവൾ കൂടുതൽ ആത്മത്യാഗം ചെയ്യുന്നവളല്ലേ, അവൾക്ക് കൂടുതൽ ധൈര്യമില്ലേ? സ്ത്രീയില്ലാതെ പുരുഷജീവിതം അസാധ്യമാണ്. അഹിംസയാണ് നമ്മുടെ നിലനിൽപ്പിന്റെ അടിത്തറയെങ്കിൽ, ഭാവിയിലേക്കുള്ള താക്കോൽ സ്ത്രീകളുടെ കൈവശമാണ്.” – എം.കെ.ഗാന്ധി, യങ് ഇന്ത്യ, 1930 ഏപ്രിൽ 10. ബാപ്പു ഇതെഴുതിയത് ദണ്ഡി മാർച്ചിനുശേഷമാണ്. സ്വാതന്ത്ര്യസമരത്തിൽ പുരുഷന്മാർക്കൊപ്പം തുല്യനിലയിൽ പങ്കെടുക്കാൻ തങ്ങളെയും അനുവദിക്കണമെന്ന് സ്ത്രീകൾ നിർബന്ധിച്ചപ്പോൾ ബാപ്പു അവരുടെ ആവശ്യം അംഗീകരിച്ചിരുന്നു.
“നമ്മുടെ രാജ്യത്ത് ഒരു സ്‌ത്രീയെ വളർത്തുന്നതുതന്നെ താൻ സുഖമായിരിക്കുന്നത് ഭർത്താവിനൊപ്പമോ അല്ലെങ്കിൽ ചിതയിലോ മാത്രമാണെന്നു ചിന്തിക്കാൻ പരിശീലിപ്പിച്ചുകൊണ്ടാണ്. സ്വയം നിസ്സഹായരായി കരുതുന്നതിനെക്കാൾ ആയുധം പ്രയോഗിക്കാൻ പരിശീലനം ലഭിച്ചവരായി ഇന്ത്യയിലെ സ്ത്രീകളെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” – എം.കെ.ഗാന്ധി,ഹരിജൻ:ഒക്‌ടോബർ 27, 1946. മുസ്ലിം ലീഗ് നടത്തിയ ‘ഡയറക്ട് ആക്ഷൻ ഡേ’ കലാപത്തിനും തുടർന്നുണ്ടായ കൽക്കട്ട വർഗീയ കൂട്ടക്കൊലയുടെയും സന്ദർഭത്തിൽ സ്ത്രീകൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേട്ടപ്പോൾ അദ്ദേഹം സ്ത്രീകൾക്കു നൽകിയ സന്ദേശം ഇതായിരുന്നു. കലാപബാധിത ജില്ലകളായ നൗഖാലി, ടിപ്പെറ പ്രദേശങ്ങളിലൂടെയുള്ള തന്റെ സമാധാനതീർത്ഥാടനത്തിൽ അദ്ദേഹം സ്ത്രീകളെ സമാധാനദൂതരായി അയച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി മനു, സുശീല നയ്യാർ, ബീബി അംതുസ് സലാം, പ്രഭാവതി ദേവി എന്നിവരെ ഒറ്റയ്ക്ക് വിദൂര ഗ്രാമങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും അദ്ദേഹം അയച്ചു.
വളരെക്കാലമായി, യാതൊരു പ്രത്യാഘാതങ്ങളും നേരിടാതെ സ്ത്രീകളോട് അനുചിതമായി പെരുമാറാൻ പുരുഷന്മാർക്കു കഴിഞ്ഞിരിക്കുന്നു. ഇവിടെ സ്ത്രീകളുടെ വികാരങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട്. പുരുഷന്മാർ നിരുപദ്രവകരമായ വിനോദമെന്നു കരുതി ചെയ്യുന്ന പലതും സ്ത്രീകളെ ആഴത്തിൽ മുറിവേല്പിക്കുകയോ അല്ലെങ്കിൽ അരോചകമായിത്തീരുകയോ ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് എന്തു വികാരമാണോ അനുഭവപ്പെടുന്നത് എന്നതുപോലും പരിഗണിക്കപ്പെടുന്നില്ല. ചില പെരുമാറ്റങ്ങളോട് ഒരു സ്ത്രീ അസ്വസ്ഥതയോ അസംതൃപ്തിയോ പ്രകടിപ്പിക്കുകയാണെങ്കിൽ, അവളോട് അത് കളിയായി കാണാനും നർമ്മഭാവം വളർത്താനും പറയുന്നു. സ്ത്രീകളോട് നന്നായി പെരുമാറുവാനും സെൻസിറ്റീവ് ആയിരിക്കാനും അപൂർവമായി മാത്രമേ ഒരു പുരുഷനെ നമ്മൾ ഉപദേശിക്കാറുള്ളൂ. ഇത്തരത്തിൽ പുരുഷന്റെ തെറ്റായ പെരുമാറ്റങ്ങളെപ്പോലും ‘സാധാരണ’ സ്വഭാവമായി കാണുന്ന പ്രവണത ലൈംഗികചൂഷണത്തിനും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നു. വർഷങ്ങൾക്കു മുമ്പ്, ‘മീ ടൂ’ പ്രസ്ഥാനം ഹിന്ദി ചലച്ചിത്രമേഖലയിലെ ലൈംഗികപീഡനവും നിന്ദ്യവും ചൂഷണാത്മകവുമായ ‘കാസ്റ്റിംഗ് കൗച്ച്’ സമ്പ്രദായത്തെയും തുറന്നു കാണിച്ചു. ധീരരായ ചില സ്ത്രീകൾ മുന്നോട്ടുവന്ന് ‘പ്രമുഖ’ കുറ്റവാളികളെ തുറന്നുകാട്ടിയപ്പോൾ കുറച്ചു ദിവസത്തേക്ക് ബഹളവും മുറവിളിയും ഉയർന്നു. ഒരു ചെറുകിട നായകനായ ഷൈനി അഹൂജയെ വിചാരണ ചെയ്യുകയും ബലാത്സംഗത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്തുവെന്നു ഞാൻ കരുതുന്നു. പക്ഷേ, മറ്റു വൻതോക്കുകൾ അതിൽനിന്ന് രക്ഷപ്പെട്ടു. അവർ കുറച്ചുകാലം ഒതുങ്ങി നിന്നതിനുശേഷം പഴയ വേട്ടയാടൽ രീതികളിലേക്ക് മടങ്ങി. ചില ദൃഢചിത്തരായ പോരാളികൾ അവരുടെ കേസുമായി മുന്നോട്ടുപോയി. പക്ഷേ, അവരും ഉപദ്രവം നേരിട്ടു. പലരുടെയും കരിയർ ഇതോടെ അവസാനിച്ചു. ഇരകളെ ‘പ്രശ്നമുണ്ടാക്കുന്നവർ’ എന്നു സമൂഹം മുദ്രകുത്തി. നിർഭാഗ്യവശാൽ, കുറ്റവാളികളെയല്ല, ഇരകളെ ശിക്ഷിക്കുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. ഇത് ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുണ്ട്. ഹിന്ദി ചലച്ചിത്രമേഖലയിലെ ‘മീ ടൂ’ പ്രസ്ഥാനം അതിൽ നിലനിൽക്കുന്ന ലൈംഗികചൂഷണമെന്ന മഞ്ഞുമലയുടെ ചെറിയൊരു അംശം മാത്രമേ തുറന്നുകാട്ടിയിട്ടുള്ളൂ. ലൈംഗികപീഡനങ്ങളും ആക്രമണങ്ങളും മൂലം ഹിന്ദി സിനിമാവ്യവസായം ഏതാണ്ട് പൂർണ്ണമായും ജീർണിച്ച അവസ്ഥയിലാണ്. ഇത്തരം പ്രശ്നങ്ങൾ സാധാരണ സംഭവങ്ങളായിക്കഴിഞ്ഞിരിക്കുന്നു. ‘മീ ടൂ’ പ്രസ്ഥാനത്തിൽ സൂപ്പർതാരങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അവർ ദുർബലരായ സഹപ്രവർത്തകരെയും കീഴുദ്യോഗസ്ഥരെയും വേട്ടയാടുന്നത് തുടരുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ, പല ഇരകളും അവരുടെ കരിയർ സംരക്ഷിക്കുന്നതിനായി നിശ്ശബ്ദരായിരിക്കാനും ചൂഷണം സഹിക്കാനും നിർബന്ധിതരാവുകയാണ്.
കുറഞ്ഞപക്ഷം മലയാള ചലച്ചിത്രമേഖലയിലെങ്കിലും ധീരരായ കുറച്ച് സ്ത്രീകൾ, സ്ത്രീകളുൾപ്പെടെ എല്ലാ ലിംഗങ്ങളിലുംപെട്ട ദുർബലർ നേരിട്ട ലൈംഗികചൂഷണം തുറന്നുകാട്ടിയിട്ടുണ്ട്. അതിന്റെ ഫലമായി ഹേമ കമ്മിറ്റി നടത്തിയ അന്വേഷണവും അതിന്റെ റിപ്പോർട്ടും ഈ വ്യവസായത്തിനുള്ളിലെ നിരവധി ദുഷ്ചെയ്തികൾ പുറത്തു കൊണ്ടുവന്നു. പക്ഷേ, ഇവിടെയും പരിഹാരസാധ്യതകൾ വളരെ കുറവാണ്. എങ്കിലും കുറ്റവാളികൾക്കെതിരെ നിയമനടപടികളുണ്ടായി സിനിമാവ്യവസായമേഖലയിൽ ശുദ്ധീകരണം സംഭവിക്കുമെന്ന പ്രതീക്ഷ കൈവിടുന്നില്ല. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തെ എല്ലാ സിനിമാമേഖലയിലും കോർപറേറ്റുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം മാറ്റം സംഭവിക്കേണ്ടതുണ്ട്. അതിലുപരി പരിവർത്തനം സ്വന്തം വീട്ടിൽനിന്നാണ് നാം ആരംഭിക്കേണ്ടത്. വളരെ ‘സാധാരണമായി’ കണക്കാക്കുന്ന കീഴ്പ്പെടുത്തലിനെതിരെ സ്ത്രീകൾതന്നെ കലാപം നടത്തുന്നിടത്താണ് ഈ മാറ്റം ആരംഭിക്കുക. “സ്ത്രീകൾ പുരുഷൻമാരെക്കാൾ താഴ്ന്നവരോ അവർക്കു കീഴ്പെട്ടവരോ ആയി സ്വയം കണക്കാക്കേണ്ട സാഹചര്യമില്ല. സ്ത്രീ പുരുഷന്റെ പകുതിയാണെന്നും, യുക്തിയും തുല്യതാ ബോധവും അനുസരിച്ചു നോക്കുമ്പോൾ പുരുഷൻ സ്ത്രീയുടെ പകുതിയാണെന്നും വിവിധ ഭാഷകൾ പ്രഖ്യാപിക്കുന്നു. രണ്ടു വ്യത്യസ്ത അസ്തിത്വങ്ങളല്ല, ഒന്നിന്റെ പകുതിഭാഗങ്ങളാണ്. ഇംഗ്ലീഷ് ഭാഷ അല്പംകൂടി മുന്നോട്ടുപോയി സ്ത്രീകളെ പുരുഷന്റെ ‘മികച്ച പാതി’ എന്നു വിളിക്കുന്നു. അതിനാൽ അഭികാമ്യമല്ലാത്തതും അനർഹവുമായ എല്ലാ നിയന്ത്രണങ്ങൾക്കുമെതിരെ സ്ത്രീകൾ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങണം.” – എം. കെ. ഗാന്ധി. ഹരിജൻ: മാർച്ച് 23, 1947.
നമ്മുടെ കോർപറേറ്റ് സ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരിൽ നിരവധി ലൈംഗികവേട്ടക്കാർ ഉണ്ട്. അവർ തങ്ങളുടെ കീഴുദ്യോഗസ്ഥരെ സ്വന്തം ആജ്ഞാനുവർത്തികളായാണ് കരുതുന്നത്. അനുചിതമായ പെരുമാറ്റം ആരോപിച്ച് ഐ.ടി. വിദഗ്ധനായ ഫനീഷ് മൂർത്തിയെന്ന വിരുതനെ ഇൻഫോസിസ്, ഐ ഗേറ്റ് എന്നീ രണ്ടു കോർപറേറ്റുകളിൽനിന്ന് പുറത്താക്കുകയുണ്ടായി. എന്നാൽ, നമ്മുടെ കോർപറേറ്റ് മേഖലയിൽ ലൈംഗികചൂഷണ നടപടികളിൽനിന്ന് ഇപ്പോഴും രക്ഷപ്പെടുന്ന നിരവധി ഫനീഷ് മൂർത്തിമാരുണ്ട്. രാഷ്ട്രീയത്തിലും സർക്കാർ സർവീസിലും സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും നമുക്ക് സംസാരിക്കാതിരിക്കുന്നതാകും ഭേദം. സങ്കടകരമെന്നു പറയട്ടെ, തൊഴിലിടങ്ങളിലെ ചൂഷണം, ഉപദ്രവം, കീഴ്പ്പെടുത്തൽ എന്നിവ തടയുന്നതിനുള്ള നിർബന്ധിത പെരുമാറ്റച്ചട്ടം സ്ഥാപിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോർപറേറ്റുകളും സർക്കാരും പരാജയപ്പെട്ടിരിക്കുകയാണ്. അനുചിതവും അസ്വീകാര്യവുമായ പെരുമാറ്റം എന്തെന്ന് നിർവചിക്കുകയും കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാൻ നിയമങ്ങൾ ഉണ്ടായിരിക്കുകയും വേണം. അനുചിതമായി പെരുമാറുന്ന പുരുഷന്മാരെ ശാസിക്കാൻ കുടുംബങ്ങളിലോ പൊതുസ്ഥലത്തോ നാം മിനക്കെടാറില്ല. ഒരു സ്ത്രീ പൊതുസ്ഥലത്തോ വീടിന്റെ അടഞ്ഞ വാതിലുകൾക്കുള്ളിലോ ഉപദ്രവിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുകയാണെങ്കിൽ, ആക്രമണകാരിക്കെതിരെ നിലകൊള്ളാനും സ്ത്രീയെ സംരക്ഷിക്കാനുമുള്ള ധാർമ്മികത ഒരാൾക്ക് ഉണ്ടായിരിക്കണം. അടുത്തിടെ ഇൻഡോറിൽനിന്ന് ഒരു ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. നഗരത്തിലെ തിരക്കേറിയ കവലയിൽ, പട്ടാപ്പകൽ, ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ആളുകൾ നോക്കികൊണ്ടിരുന്നു. ചിലർ ഈ പ്രവൃത്തി മൊബൈലിൽ ചിത്രീകരിച്ചു. പക്ഷേ,ആരും പ്രശ്നത്തിൽ ഇടപെടാൻ മിനക്കെട്ടില്ല. ബലാത്സംഗിയെ നേരിടുന്നതിനെക്കുറിച്ച് ആരും ചിന്തിച്ചില്ല. അടുത്തകാലത്തായി ആൾക്കൂട്ടകൊലയെന്ന ഒരു ശീലം നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഇരകളിൽ ഭൂരിഭാഗവും ന്യൂനപക്ഷങ്ങളിൽനിന്നോ നിരാലംബരിൽനിന്നോ ഉള്ള നിരപരാധികളാണ്. ഞാൻ ആൾക്കൂട്ട കൊലപാതകത്തെ ഒരിക്കലും അനുകൂലിക്കുന്നില്ല. പക്ഷേ, എത്ര കുറ്റവാളികൾ, എത്ര ബലാത്സംഗികൾ, എത്ര കൊലപാതകികൾ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വിധേരായിട്ടുണ്ട് എന്നു ചിന്തിക്കുന്നത് നല്ലതാണ്. ആർക്കെങ്കിലും ഒരാളുടെ പേരുപോലും പറയാൻ കഴിയുമെന്നു ഞാൻ കരുതുന്നില്ല.
സമീപകാലത്തെ പ്രമാദമായ പല ബലാത്സംഗ കേസുകളും ജനങ്ങൾക്കിടയിൽ വ്യാപകരോഷത്തിനു തിരികൊളുത്തുകയും ഇരകൾക്കു വേഗത്തിൽ നീതി ലഭ്യമാക്കുന്നമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വാദിക്കുന്ന പലരും, കുറ്റവാളി കുടുംബാംഗമോ അടുപ്പമുള്ളവരോ ആയിരിക്കുമ്പോൾ സ്ത്രീകൾക്കെതിരായ ഇത്തരം അക്രമസംഭവങ്ങൾ അവഗണിക്കുകയോ വിലകുറച്ച് കാണുകയോ ചെയ്യുന്ന വിരോധാഭാസം നമുക്ക് കാണാതിരിക്കാനാവില്ല. പുരുഷന്മാരുടെ തെറ്റായ പെരുമാറ്റത്തിന് ഉത്തരവാദികൾ സ്ത്രീകളാണെന്ന മിഥ്യാധാരണയ്ക്ക് വളരെയധികം സാമൂഹികാംഗീകാരം ലഭിക്കുവെന്നത് അങ്ങേയറ്റം സങ്കടകരമായ കാര്യമാണ്. ഉഭയസമ്മതത്തോടെ ലൈംഗികബന്ധം ആരംഭിച്ചശേഷം ഒരു സ്ത്രീ മനസ്സ് മാറ്റുകയാണെങ്കിൽ, ഏതെങ്കിലും ഘട്ടത്തിൽ പുരുഷനോട് തന്റെ വിസമ്മതം പ്രകടമാക്കിയിട്ടും പുരുഷൻ ആ ബന്ധം തുടരുകയാണെങ്കിൽ, അതു ബലാത്സംഗമായി പരിഗണിക്കുകയും കുറ്റകൃത്യമായിക്കണ്ട് ഇടപെടുകയും ചെയ്യുന്ന ഒരു സമൂഹത്തെ നാം സൃഷ്ടിക്കേണ്ടതുണ്ട്. അത്തരക്കാരെ വിചാരണചെയ്യുകയും ശിക്ഷിക്കുകയും വേണം, സമൂഹം അവരെ അപലപിക്കണം. ഒരു പരിഷ്കൃതനായ പുരുഷൻ തന്റെ വൈകാരികതലം എന്തുതന്നെയായാലും സ്ത്രീയുടെ ആവശ്യം മാനിച്ച് പിൻമാറുകതന്നെ ചെയ്യണം. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്ന ഒരു നിയമവും നമുക്കാവശ്യമാണ്. സ്ത്രീയുടെ ശരീരം സ്വന്തമാക്കാനുള്ള അവകാശവും അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശവും വിവാഹം നൽകുന്നുവെന്നു കണക്കാക്കാൻ പുരുഷന് അവകാശമില്ല. പങ്കാളിയുമായുള്ള ശാരീരികബന്ധം താൽക്കാലികമായോ ശാശ്വതമായോ അവസാനിപ്പിക്കാനുള്ള അവകാശം വിവാഹബന്ധത്തിൽപ്പോലും ഉണ്ടാകണം. സ്വന്തം ശരീരത്തിൻമേലുള്ള സ്ത്രീയുടെ അവകാശവും പങ്കാളിയെ അതിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കാനുള്ള അവളുടെ തീരുമാനവും നിയമപ്രകാരം ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം.
നിർഭാഗ്യവശാൽ, മിക്കവാറും സന്ദർഭങ്ങളിൽ സ്ത്രീകളെയാണ് സമൂഹം കുറ്റപ്പെടുത്തുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ ബലാത്സംഗക്കേസിനു ശേഷവും പുരുഷനുവേണ്ടി ചില ഒഴികഴിവുകൾ നിരത്തി സ്ത്രീകളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പുരുഷന്മാരുടെ മോശവും കുറ്റകരവുമായ പെരുമാറ്റത്തിന് പതിവുന്യായീകരണമായി, “അവൾ എന്തിനാണ് അസമയത്ത് പുറത്ത് പോയത്?” എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. വൈകുന്നേരങ്ങളും രാത്രികളും പുരുഷ ലൈംഗികവേട്ടക്കാരന് ഇരതേടാനുള്ളതാണെന്ന മട്ടിലാണ് ഈ ചോദ്യങ്ങള്‍. “അവളെന്തിനാ ഇത്തരം വസ്ത്രം ധരിച്ചത്?”. ഒരു സ്ത്രീക്ക് അവൾ ആഗ്രഹിക്കുന്നതു പോലെ ചെറുതോ വലുതോ ആയ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അവളുടെ വസ്ത്രധാരണമോ വസ്ത്രമില്ലായ്മയോ പുരുഷന്മാരുടെ മോശം അല്ലെങ്കിൽ ക്രിമിനൽ പെരുമാറ്റത്തിനുള്ള ഒരു ഒഴികഴിവായി കണക്കാക്കരുത്. തൊഴിലിടം പുരുഷന്മാർക്ക് വേട്ടയാടാനുള്ള സ്ഥലമായി കണക്കാക്കരുത്. സ്ത്രീകൾ അവിടെ വരുന്നത് ജോലിക്കാണ്. അവർക്ക് ഒരു ബന്ധം വേണമെങ്കിൽ, അല്ലെങ്കിൽ ഒരു സഹപ്രവർത്തകനുമായി ഒറ്റത്തവണത്തേക്കു മാത്രമായിപ്പോലും ഒരു കൂടിക്കാഴ്ചയ്ക്ക് താൽപര്യമുണ്ടെങ്കിൽ അവർ നേരിട്ടു ചോദിക്കും. അതല്ലാതെ ഒരു സ്ത്രീ പുരുഷനെ നോക്കി ചിരിച്ചതുകൊണ്ടോ, വളരെ എളുപ്പത്തിൽ സംഭാഷണത്തിൽ ഏർപ്പെട്ടതുകൊണ്ടോ, സൗഹൃദപരമായി പുരുഷസുഹൃത്തുക്കളോട് പെരുമാറുന്നതുകൊണ്ടോ അവർ ഒരു ബന്ധത്തിന് തയ്യാറാണെന്നു കരുതുന്നത് ശരിയല്ല. ചെറുപ്പം മുതലേ ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കാനും അവർ തുല്യരാണെന്നു മനസ്സിലാക്കാനും പഠിപ്പിക്കണം.
സ്ത്രീകൾ സമൂഹത്തിൽ അർഹമായ സ്ഥാനം ഏറ്റെടുക്കേണ്ട സമയമാണിത്. പുരുഷന്മാർ തങ്ങൾ സ്ത്രീകളെക്കാൾ ശ്രേഷ്ഠരാണെന്ന കാലഹരണപ്പെട്ട ധാരണ ഉപേക്ഷിക്കേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രിയായ രാജ്കുമാരി അമൃത് കൗറിന് ബാപ്പു എഴുതിയ കത്തിലെ ഒരു ഭാഗം ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. “നിങ്ങൾ സ്ത്രീകൾ സ്വന്തം അന്തസ്സും പദവിയും തിരിച്ചറിയുകയും മനുഷ്യരാശിക്കുവേണ്ടി അതു പൂർണ്ണമായി ഉപയോഗിക്കുകയും ചെയ്താൽ, നിങ്ങൾ അതിനെ ഇപ്പോഴുള്ളതിനെക്കാൾ മികച്ചതാക്കും. എന്നാൽ, പുരുഷൻ നിങ്ങളെ അടിമകളാക്കുന്നതിൽ സന്തോഷിക്കുന്നു. മനുഷ്യത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യത്തിൽ അടിമകളും ഉടമകളും ഒരുപോലെ ഉത്തരവാദികളാണ് എന്നു തെളിയിക്കുംവിധം നിങ്ങളും അടിമത്തത്തെ സ്വയം സ്വീകരിച്ചിരിക്കുന്നു. കുട്ടിക്കാലം മുതലുള്ള എന്റെ പ്രത്യേക കർത്തവ്യം സ്ത്രീകളെ അവരുടെ അന്തസ്സ് മനസ്സിലാക്കുവാൻ സഹായിക്കുക എന്നതായിരുന്നു. ഒരിക്കൽ ഞാനും സ്ത്രീയുടെ ഉടമയാണെന്ന് സ്വയം കരുതിയിരുന്നു. എന്നാൽ കസ്തൂർബാ എന്റെ അനുസരണയുള്ള അടിമയാകാൻ വിസമ്മതിച്ചു. അങ്ങനെ എന്റെ ദൗത്യത്തിലേക്ക് കണ്ണുകൾ തുറക്കപ്പെട്ടു. ബാ അവരുടെ ജോലി പൂർത്തിയാക്കി. സ്വന്തം ദൗത്യം തിരിച്ചറിയുന്ന ഒരു സ്ത്രീയെ ഞാൻ ഇപ്പോൾ തിരയുന്നു.”- എം.കെ.ഗാന്ധി, രാജ്കുമാരി അമൃത് കൗറിനുള്ള കത്തുകൾ: പേജ് 100.
അതേ,സമയമായി.