നമ്മുടെ ആരോഗ്യം: ഇനിവരും കാലം – ഡോ യു. നന്ദകുമാർ
വർധിക്കുന്ന രോഗാതുരതയും രോഗങ്ങളും കണ്ടെത്താനും നിയന്ത്രിക്കാനും കാലബന്ധിതവും ശാസ്ത്രീയവുമായ നയങ്ങൾ, അടിയന്തര ചികിത്സയുടെ പ്രാപ്യതയും ലഭ്യതയും, സംസ്ഥാനമെമ്പാടും തുല്യമായ ആരോഗ്യസേവന വിതരണം ഉറപ്പാക്കൽ, ഉയർന്ന ചികിത്സാച്ചെലവ് നിയന്ത്രിക്കൽ എന്നിവ കേരളത്തിന്റെ ഭാവി ആസൂത്രണത്തിൽ ഉണ്ടാവേണ്ടവയാണ്.
ആരോഗ്യരംഗത്തെക്കുറിച്ച് പറയുമ്പോൾ കേരളം എക്കാലത്തും പ്രത്യാശയുടെ തുരുത്താണെന്ന് നാം മനസ്സിലാക്കുന്നു. അതു തെറ്റാണെന്നല്ല, ആരോഗ്യത്തിന്റെ സൂചികകളിൽ കേരളം ഇതര സംസ്ഥാനങ്ങളെക്കാൾ മുന്നിലുമാണ്. അത്രയും പറയുമ്പോൾ കേരളത്തിന്റെ പൊതുജനാരോഗ്യരംഗം എല്ലാംകൊണ്ടും ശ്രേയസ്കരമാണെന്നും ഭാവിയിലും അപ്രകാരം തുടരും എന്നൊന്നും അർഥമില്ല. നമ്മുടെ ആരോഗ്യസംസ്കാരം ഒരു പൊതുസ്വത്തായി കണ്ടാൽ മാത്രമേ നിലവിലുള്ള നേട്ടങ്ങളെയും ദൗർബല്യങ്ങളെയും സൂക്ഷ്മതയോടെ വിലയിരുത്താനും ഭാവിയിലെ ആസൂത്രണം സാധ്യമാക്കാനും കഴിയൂ.
ആരോഗ്യരംഗം ഭാവിയിൽ വിവിധതരം സ്വാധീനങ്ങൾക്കു വിധേയമാകും. പുതിയ രോഗങ്ങൾ, ദുരന്തങ്ങൾ എന്നിവകളെ സമീപിക്കുന്നതിനുള്ള പുതിയ അറിവുകളാണ് അവയിലൊന്ന്. ലോകാരോഗ്യസംഘടനയും സമാനമായ ഏജൻസികളും പിന്തുണയ്ക്കുന്ന നൂതനാശയങ്ങൾ നയരൂപീകരണത്തിൽ പരിഗണിക്കുന്നത് അതുപോലെ പ്രാധാന്യമുള്ള കാര്യമാണ്. പൊതുജനാരോഗ്യരംഗത്ത് സംഭവിക്കുന്ന പുത്തൻ സാങ്കേതികവിദ്യകളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രായോഗികമാക്കാനും പറ്റുക എന്നതും പ്രാധാന്യമർഹിക്കുന്നു. ഇതെല്ലാം പ്രയോഗത്തിൽ വരുത്താൻ ആരോഗ്യത്തിൽ നിക്ഷേപിക്കാൻ കരുതലുള്ള സർക്കാർ ഉണ്ടാവണം. ആരോഗ്യനിക്ഷേപം കുറഞ്ഞുവരുന്നതായുള്ള റിപ്പോർട്ടുകളാണ് നമ്മുടെ മുന്നിലുള്ളത്. രൂപയുടെ മൂല്യശോഷണം, പണപ്പെരുപ്പം എന്നിവ നിക്ഷേപത്തെ ദുർബലപ്പെടുത്തുന്ന മറ്റു ഘടകങ്ങളായി പ്രവർത്തിക്കുന്നു.
സമൂഹം ജീവിക്കുന്നത് അതിലെ ആരോഗ്യമുള്ള വ്യക്തികളിലൂടെയാണ്. ആരോഗ്യരംഗത്ത് നിക്ഷേപിച്ചാൽ ജീവൻ രക്ഷിക്കാനാകും എന്നു മാത്രമല്ല, രോഗരഹിതമായി കൂടുതൽക്കാലം ജീവിക്കാനുമാകും. ഇത് ഉൽപാദനക്ഷമത, ആരോഗ്യസേവനങ്ങളിലെ ഉപഭോഗം എന്നിവയിൽ ഗണ്യമായ അനുകൂലമാറ്റങ്ങൾ സാധ്യമാക്കുന്നു. അനാരോഗ്യം അധികമുള്ള സമൂഹത്തിൽ മൂലധന നിക്ഷേപം, മൂലധനത്തിലെ വളർച്ച എന്നിവ സാധ്യമാക്കാൻ പ്രയാസമാണ്. പല രാജ്യങ്ങളും ആരോഗ്യം അവരുടെ സാമൂഹികലക്ഷ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. നമുക്കടുത്തുള്ള തായ്‌ലൻഡ് ഇതിനകം സാമൂഹികസുരക്ഷ, ആരോഗ്യ ഇൻഷുറൻസ് എന്നിവ സാർവത്രികമായ ക്ഷേമപദ്ധതിയായി മാറ്റിക്കഴിഞ്ഞു. കേരളത്തിന്റെയും ഇന്ത്യയുടെയും ആരോഗ്യനിക്ഷേപങ്ങൾ എങ്ങനെ ന്യായീകരിക്കാമെന്നും, ഉയർത്താമെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഭാവിയിൽ ആരോഗ്യമെന്നാൽ ആരോഗ്യനിക്ഷേപം എന്നുകൂടിയാണ് അർഥമാക്കുന്നത്.
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മുൻഗണനകളിൽ ധാരണയുണ്ടാക്കുക അത്യാവശ്യമാണ്. പതിനാലാം ധനക്കമ്മീഷൻ കേന്ദ്രപൂളിലെ സംസ്ഥാനങ്ങളുടെ ഓഹരി 32-ൽനിന്ന് 42% ആയി ഉയർത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ധനം കൈമാറ്റം ചെയ്യുന്നതും കൈമാറ്റപ്പെട്ട പണം നിശ്ചിതകാര്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നുവെന്നതും ഉറപ്പാക്കുന്നതും പ്രാധാന്യമർഹിക്കുന്നു. ആരോഗ്യമേഖലയിലെ സങ്കീർണമായ പ്രോജക്ടുകളിൽ നിക്ഷേപിക്കുന്ന സംസ്ഥാനസർക്കാരുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ഒരിടപെടൽ. ഉദാഹരണത്തിന്, ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ ആരോഗ്യസുരക്ഷ, ചെലവ്-ഫലപ്രാപ്‌തി അനുപാതം മെച്ചമായ പദ്ധതികൾ തീർച്ചയായും പ്രോത്സാഹനത്തിനു പരിഗണിക്കപ്പെടണം.
ഒപ്പം കാണേണ്ട മറ്റൊന്നുണ്ട്. ആരോഗ്യസേവനങ്ങൾ പകർന്നുകൊടുക്കുമ്പോൾ അവയ്ക്ക് അടിസ്ഥാന ഗുണമേന്മ ഉറപ്പാകേണ്ടതെങ്ങനെ എന്നതും പരിഗണനാവിഷയമാണ്. ആശുപത്രി, ലാബ് സേവനങ്ങൾ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ മിനിമം ഗുണമേന്മ സംവിധാനത്തിൽ ഉൾപ്പെടുത്തപ്പെടും. ഇതേക്കുറിച്ചു 2010 മുതൽ നിയമനിർമാണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പൂർണമായതോതിൽ നടപ്പിലായി എന്നുപറയാനാവില്ല. വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾക്ക് മേൽ ഉത്തരവാദിത്വം ഉറപ്പാക്കലാണ് ഗുണനിലവാരം ഉറപ്പാക്കാനുള്ള മാർഗം. സേവനഗുണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാൽമാത്രമേ ഭാവിനിക്ഷേപങ്ങൾ എവിടെല്ലാം വേണമെന്നും, എത്ര തോതിലാവണമെന്നും, ഏതെല്ലാം പുതിയ ടെക്നൊളജികളിലേക്കു ശ്രദ്ധനൽകണമെന്നും പഠിക്കാൻ ഗുണത്തിന്റെ മാനദണ്ഡങ്ങൾ സഹായിക്കും.
ആരോഗ്യമേഖലയുടെ അടിസ്ഥാനഘടകമാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ. ബഹുഭൂരിപക്ഷം രാജ്യങ്ങളും ആരോഗ്യനയത്തിന്റെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളെ കാണുന്നു. പീറ്റർ വോൻ, ജിൽ വോൾട്ട്, ആൻ മിൽസ് എന്നിവർ ചേർന്നെഴുതിയ പ്രബന്ധം സാമൂഹികാരോഗ്യം ഉറപ്പാക്കുന്നതിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പങ്ക് വിശദമായി അന്വേഷിക്കുന്നു. വളരെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ആരോഗ്യകേന്ദ്രങ്ങൾക്ക് ചെയ്യാനുള്ളത്. അവയെല്ലാം കൃത്യമായ അർഥത്തിൽ ‘ആരോഗ്യം’ എന്ന വിഷയത്തിലല്ല വരിക. ഭക്ഷണം, വെള്ളം, മാലിന്യസംസ്കരണം, ഭവനം, വിദ്യാഭ്യാസം, തൊഴിൽ, തുടങ്ങി അനേക വകുപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ടുകാണാം. അങ്ങനെയെങ്കിൽ ഇവയുടെ നടത്തിപ്പിൽ പുതിയതും ഫലപ്രദവുമായ മാനേജ്മെന്റ് രീതികൾ വേണ്ടിവരും. അഞ്ചു വ്യത്യസ്തവും എന്നാൽ, പരസ്പരപൂരകവുമായ പ്രവർത്തനങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് നിർവഹിക്കാനുണ്ട്:
- അടിസ്ഥാന ആരോഗ്യ സേവനങ്ങൾ, സാമൂഹികാരോഗ്യം എന്നിവ
- ഇടത്തട്ടിൽ (intermediate) നടത്തുന്ന പ്രവർത്തനം: ഇതര ആരോഗ്യ സ്ഥാപനങ്ങൾ, താലൂക്ക്, ജില്ലാ തല ആശുപത്രിയുമായുള്ള സജീവ ബന്ധം, അനുബന്ധ സൗകര്യങ്ങൾ.
- മറ്റു വകുപ്പുകളുമായുള്ള പങ്കാളിത്തം (intersectoral cooperation, participation)
- പരമ്പരാഗതമായ ചിന്തകളും പദ്ധതികളും, സ്വകാര്യ ഏജൻസികൾ, സർക്കാരിതര സംഘടനകൾ (non-government organization) എന്നിവയുമായി ചെയ്യാവുന്ന സഹകരണവും ഏകോപനവും
4.വ്യക്തി, സമൂഹം എന്നീ തലങ്ങളിൽ നടപ്പാക്കേണ്ട പങ്കാളിത്തം
ചുരുക്കിപ്പറഞ്ഞാൽ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ അല്ല. സങ്കീർണമായ മാനേജ്‌മെന്റ് ആശയങ്ങൾ ഉപയോഗിച്ച് ലക്ഷ്യരൂപപ്പെടുത്തൽ നടത്തുകയും, സ്ഥാപനം പ്രദാനംചെയ്യുന്ന സേവനഗുണം കണക്കാക്കുക, സ്റ്റേക്ക്ഹോൾഡർ ഓഡിറ്റ് നടപ്പാക്കുക എന്നിവ ഫലപ്രദമായ പ്രാഥമികാരോഗ്യസംവിധാനത്തിന്റെ അവിഭാജ്യഘടകങ്ങളാകണം. കേരളത്തിന്റെ ആരോഗ്യമുന്നേറ്റത്തോടൊപ്പം നമ്മുടെ ആരോഗ്യരംഗത്തിലെ പ്രതിസന്ധികൂടിയാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. ഇത് പ്രാഥമികാരോഗ്യ സംവിധാനത്തിൽ വന്നുചേരുന്ന ദൗർബല്യവുമായി ചേർത്തുകാണാനാവും. കഴിഞ്ഞ ഏതാനും വർഷത്തെ കണക്കെടുത്താൽ നാം ഏതുദിശയിലേക്കാണ് പോകുന്നത് എന്നുകാണാം. നമുക്കെടുക്കാൻ കഴിയുന്ന മുൻകരുതലുകൾ, ആരോഗ്യമേഖലയിൽ അവശ്യം വേണ്ടുന്ന മസ്തിഷ്കോദ്ദീപനം (brainstorming), പൊതുജനാരോഗ്യ പരിപാലനത്തിൽ വരുത്തേണ്ട പ്രഫഷനലിസം എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കും അനുകൂല സമയമാണിത്.
കേരളത്തിന്റെ പകർച്ചരോഗങ്ങളുടെ മാതൃക പരിശോധിച്ചാൽ മാറിവരുന്ന രോഗാതുരത വ്യക്തമാകും. ഉദ്ദേശം മുപ്പതു രോഗങ്ങളെങ്കിലും കൂടിയും കുറഞ്ഞും സംസ്ഥാനത്തു നിലനിൽക്കുന്നു. രോഗങ്ങൾ കണ്ടെത്തുന്നതിന് ചില പ്രായോഗിക വൈഷമ്യങ്ങളുണ്ട്. പലപ്പോഴും രോഗികൾ ആശുപത്രികളിൽ എത്തണമെന്നില്ല; രോഗലക്ഷണങ്ങൾ ലഘുവായതിനാൽ രോഗനിർണയം നടന്നെന്നുവരില്ല. കൂടാതെ സ്വകാര്യ ആശുപത്രി സേവനങ്ങൾ തേടുന്ന രോഗികളുടെ വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയെന്നും വരില്ല. എങ്കിലും ലഭ്യമായ കണക്കുകൾ ശുഭോദർക്കമല്ല.
നമുക്ക് 2021, 2022 വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ച രോഗങ്ങളിൽ ചിലതു നോക്കാം. ഏ-ടൈപ്പ് മഞ്ഞപ്പിത്തം (Hepatitis A)യഥാക്രമം 2021-ൽ 114-ഉം 2022-ൽ 231-ഉം ഉണ്ടായിരുന്നു; ഇതുകൂടാതെ 894 പേരുടെ കാര്യത്തിൽ ഏ ടൈപ്പ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം ഉണ്ടായിരുന്നെങ്കിലും രോഗനിർണയം പൂര്‍ണമായില്ല. ഇതേകാലയളവിൽ ടൈഫോയിഡ് 30-ൽ നിന്നു 55-ലേക്കും വയറിളക്ക രോഗങ്ങൾ 230308-ൽ നിന്നു 467715-ലേക്കും ഉയർന്നതായി കാണാം. കോളറ 2021-ൽ മാത്രമാണ് റിപ്പോർട്ടിൽ വന്നിട്ടുള്ളത്. പൊതുജനാരോഗ്യത്തിന്റെ ദൃഷ്ടിയിൽ ഗൗരവമേറിയ കണക്കുകളാണ് ഇവ. എല്ലാം ജലജന്യരോഗങ്ങളെന്ന് പറയാമെങ്കിലും ഇവയുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി മലിനീകരണത്തിന്റെ ഗുരുതരാവസ്ഥയുണ്ട്. മനുഷ്യ, മൃഗ വിസർജ്യങ്ങൾ കുടിവെള്ളത്തിലും ഭക്ഷണത്തിലും കലര്‍ന്നിരിക്കുന്നു എന്നർത്ഥം. ഒന്നുകൂടി ചിന്തിച്ചാൽ മനസ്സിലാകുന്നതിതാണ്: മനുഷ്യവിസർജ്യത്തിലെ ചില സൂക്ഷ്മാണുക്കൾ ജലം,ഭക്ഷണം എന്നിവയിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്നു. കേരളത്തിൽ മലവിസർജനത്തിന് എല്ലാവീടുകളിലും ടോയ്‌ലറ്റ് സംവിധാനമുണ്ടെന്നാണ് കണക്ക്; അതുണ്ടായിരിക്കാം. എന്നാൽ അവിടെനിന്ന് വിസർജ്യവസ്തുക്കൾ എങ്ങനെ കുടിവെള്ളസ്രോതസ്സിനെയും ഭക്ഷണത്തെയും മലിനപ്പെടുത്തുന്നു എന്നന്വേഷിച്ചാൽ ഉത്തരം ലഘുവാണ്. ശുചിമുറിക്ക് പരിസരത്തായി ശേഖരിച്ചുവച്ചിരിക്കുന്ന വിസർജ്യം ഏതാനും വർഷങ്ങൾ കഴിഞ്ഞു അവിടെനിന്നു തുറസ്സിടങ്ങളിലേക്കോ പുഴയിലേക്കോ മാറ്റുന്നു. ഇത് ജലമലിനീകരണത്തിനു ഹേതുവാകുമല്ലോ.
ജലത്തിന്റെ ഗുണനിലവാരം നിരന്തരം പരിശോധിക്കപ്പെടേണ്ട വിഷയമാണ്. വെള്ളത്തിന്റെ വിവിധ ഘടകങ്ങൾക്ക് സ്റ്റാൻഡേർഡ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാംകൂടി ചേർത്ത് പൊതുഗുണത നിർവചിക്കപ്പെടുന്നു. ജ്യോതി, തോമസ് തുടങ്ങിയവരുടെ പഠനത്തിൽ ജല നിലവാര സൂചിക (Water Quality Index) ഇപ്രകാരം കണ്ടെത്തുകയുണ്ടായി. പെരിയാർ, മൂവാറ്റുപുഴയാർ എന്നിവയിലെ ജലഗുണത പൊതുവേ മോശമാണ്; തെക്കുള്ള പല നദികളും മെച്ചപ്പെട്ട ജലമൊഴുകുന്നു. കടലുണ്ടിപ്പുഴയിൽ നല്ല വെള്ളം, ചാലിയാറിൽ ജലമശുദ്ധവും. ഈ പഠനം പ്രസിദ്ധപ്പെടുത്തിയത് 2021-ലാണെങ്കിലും പഠനകാലം 2017 ആണ്. അക്കാലത്തുതന്നെ ജലഗുണം മോശപ്പെട്ടുതുടങ്ങിക്കാണണം. പകർച്ചരോഗങ്ങൾ ശക്തിപ്രാപിക്കുന്നതും 2017-നു ശേഷമാണെന്നുകാണാം. നമ്മുടെ പരിസ്ഥിതിമലിനീകരണം വർധിക്കുന്നതായും പരിസ്ഥിതിയുടെ ബഹുവിധ നിലവാരത്തിൽ അധഃപതനം സംഭവിക്കുന്നതായും ഇതെല്ലാം സൂചിപ്പിക്കുന്നു.
ജലവിഭവത്തിൽ മാത്രമല്ല പ്രശ്നം. പ്രാണിജന്യ രോഗങ്ങളിലും സമാനമായ മാറ്റങ്ങൾ കാണാനാവും. കൊതുകും ചെറുപ്രാണികളും പരത്തുന്ന രോഗങ്ങളും 2021 മുതൽ വർധിച്ചതോതിൽ കാണപ്പെടുന്നു. ഇതിൽ ഡെങ്കി, ചിക്കുൻഗുനിയ,മലേറിയ, വെസ്റ്റ് നൈൽ രോഗം, സിക്ക എന്നിവ കൊതുകുജന്യ രോഗങ്ങളാണ്. കെയ്സാനൂർ ഫോറസ്റ്റ് ഫീവർ, സ്ക്രബ്ബ് ടൈഫസ് എന്നിവ ചിലയിനം ടിക്ക് (tick) അഥവാ ചെറുപ്രാണികൾ വഴി പകരുന്നവയാണ്. ഇതുവരെ തുടർന്നുപോന്ന മഴക്കാലപൂർവ ശുചീകരണവും മറ്റും ഫലപ്രദമാകുന്നില്ലെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകുന്നതിൽ അദ്ഭുതമില്ല. പഴയ കൊതുകുജന്യരോഗങ്ങൾ ഇപ്പോഴും ഉണ്ടെന്നുമാത്രമല്ല, പുതിയ പകർച്ചവ്യാധികൾ കുറേശ്ശെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ചിക്കൻപോക്സ്, ലെപ്റ്റോ പനി എന്നിവയും ഇക്കാലഘട്ടത്തിൽ വർധിച്ചുവന്നു; അതുമായി ബന്ധപ്പെട്ട മരണനിരക്ക് ആശങ്കയുളവാക്കുന്നതാണ്.
എന്തായിരിക്കാം ഇത്തരം മാറ്റങ്ങൾക്ക് കാരണം? അതാണ് നാം അടുത്തതായി ചിന്തിക്കേണ്ടത്. മനുഷ്യരോടൊപ്പം ചെറുതും വലുതുമായ ജീവികളുണ്ട്. അവയുടെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ജീവിവർഗത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കും. കൊതുകെന്നോ എലിയെന്നോ വ്യത്യാസമില്ലാതെ എല്ലാ ജീവികളിലും അതിജീവനത്തിന്റെ സമ്മർദം ഉണ്ടാകുമെല്ലോ. ഇതു പഠിക്കാനും പുതിയ മാറ്റങ്ങൾക്കനുസരിച്ച് ആരോഗ്യനയം രൂപപ്പെടുത്താനും ശക്തമായ അടിത്തറയുള്ള ഗവേഷണസംവിധാനം വേണം. കാലാവസ്ഥാവ്യതിയാനം, പ്രളയം, ഉരുൾപൊട്ടൽ, കാലം തെറ്റിയ മഴയും വരൾച്ചയും, വന്യമൃഗങ്ങളുടെ ഭക്ഷണലഭ്യതയിലെ മാറ്റം, ഇങ്ങനെ അനേകം വിഷയങ്ങൾ പഠിച്ചാൽ മാത്രമേ കൃത്യമായ പോംവഴികളുണ്ടാകൂ. ഗവേഷണം എളുപ്പമല്ല; അതിനായി യൂണിവേഴ്സിറ്റികളിലും ഗവേഷണകേന്ദ്രങ്ങളിലും ഫുൾ-ടൈം ഗവേഷകർ ഉണ്ടായാൽ മാത്രമേ സാധ്യമാകൂ. നാം കുറച്ചുനാളായി പറഞ്ഞുകേൾക്കുന്ന ഒരാശയമുണ്ട്: ഏകാരോഗ്യ സമീപനം. കോവിഡ്കാലത്ത് ഉണ്ടായിവന്ന നൂതനാശയമാണത്. ഇനിവരുന്ന പകർച്ചവ്യാധികൾ മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും ഒത്തുചേരുന്ന ഇടങ്ങളിൽ കാണപ്പെടുന്ന സംഘർഷങ്ങൾ മൂലമായിരിക്കുമെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. അതിനു ഗവേഷകർ അവരുടെ പ്രത്യേക മേഖലയിൽ ചെയ്യുന്ന ഗവേഷണംകൂടാതെ ഇതരമേഖലയിലുള്ളവർ കൂടിച്ചേർന്ന് ഇന്റർ -ഡിസിപ്ലിനറി (interdisciplinary) ഗവേഷണത്തിലേക്കു തിരിയണം. പണച്ചെലവുള്ള കാര്യമാണിതെന്ന് സമ്മതിക്കുന്നു; ആശയത്തോട് അനുഭാവവും പ്രതിബദ്ധതയും ഉണ്ടെങ്കിലേ മറ്റു വിഭവങ്ങൾ ഉണ്ടായിത്തീരൂ.
പണച്ചെലവുള്ള കാര്യങ്ങളാണ് പരിഹാരമാർഗങ്ങളായി മുന്നോട്ടുവയ്ക്കുന്നത് എന്നുപറയാൻ വരട്ടെ. നാം എത്ര പണമാണ് ആരോഗ്യത്തിനായി ചെലവാക്കുന്നത് എന്നുനോക്കൂ. ഇന്ത്യയുടെ ജി.ഡി.പിയുടെ (GDP) 1.1% മാത്രമാണ് നാം ആരോഗ്യത്തിനായി മാറ്റിവച്ചിരിക്കുന്നത്. നമ്മെപ്പോലുള്ള മറ്റു മധ്യവർത്തി രാജ്യങ്ങൾ ആരോഗ്യത്തെ വിഭാവനചെയ്യുന്നതെങ്ങനെ എന്നു നോക്കാം. ജി.ഡി.പിയുടെ ശതമാനം എന്നതോതിൽ നോക്കിയാൽ, ക്യൂബ 13.7, അർജന്റീന 9.7, ബംഗ്ലാദേശ് 2.36, ഈജിപ്ത് 4.6, ഇറാൻ 5.7, ഇറാക്ക് 5.2, എന്നിങ്ങനെ വകയിരുത്തിയിരിക്കുന്നു. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് അമർത്യസെൻ അഭിപ്രായപ്പെടുന്നു. അതിവേഗം വികസിക്കുന്ന സമ്പദ്‌വ്യവസ്ഥയായിട്ടുപോലും മറ്റു രാജ്യങ്ങളെക്കാൾ ആരോഗ്യവികസനത്തിൽ ഇന്ത്യ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. ചൈന, തായ്‌ൻഡ്, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളെക്കാൾ ആയുർദൈർഘ്യത്തിൽപ്പോലും നാം പിന്നിലാണ്. സമ്പദ്‌വ്യവസ്ഥയുടെ വികസനവേഗം ജനങ്ങളെ പട്ടണങ്ങളിലേക്ക് ആകർഷിക്കുകയും, യാത്രകൾ, സാംസ്കാരിക കൂടിച്ചേരലുകൾ എന്നിവ സർവസാധാരണമാക്കുകയും ചെയ്യുന്നു. ഇതു പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഒരിടത്ത് വിരളമായ രോഗങ്ങൾ മറ്റിടങ്ങളിൽനിന്ന് വ്യാപിക്കാം, പ്രവാസവും യാത്രയും മാനസികസംഘർഷങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഇടംനൽകാം. ജീവിതശൈലീരോഗങ്ങൾക്ക് ആക്കംകൂട്ടാം. ചുരുക്കത്തിൽ സമ്പദ്‌വ്യവസ്ഥ വികസിക്കുന്നതല്ല പ്രശ്നം, ആനുപാതികമായി ആരോഗ്യത്തിൽ നിക്ഷേപിക്കാത്തതാണ് യഥാർത്ഥ പ്രശ്നം. ഇതു നമ്മുടെ ഭാവി ആരോഗ്യസ്വപ്നങ്ങളെ അസ്ഥിരപ്പെടുത്തുന്നു. ഘട്ടംഘട്ടമായി ആരോഗ്യ ബജറ്റ് വികസിപ്പിക്കാനുള്ള സമ്മർദം പൊതുജനങ്ങളിൽനിന്നുണ്ടാകുന്നതാകും മാർഗം. നമ്മുടെ മാധ്യമങ്ങള്‍, ഗവേഷകർ, അക്കാഡമിക് സമൂഹം എന്നിവർ ഇതേക്കുറിച്ചു ചർച്ചചെയ്യാൻ മുമ്പോട്ടു വരാത്തതും കഷ്ടമാണ്.
കേരളത്തിന്റെ രോഗാതുരതയ്ക്ക് പകർച്ചവ്യാധികൾ മാത്രമല്ല കാരണം; പകർച്ചേതര രോഗങ്ങളും ഒപ്പമുണ്ട്. അവയിൽ റോഡപകടങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, മനസികപ്രശ്നങ്ങൾ, അർബുദം എന്നിവയാണ് പ്രധാനമായും പരിഗണിക്കേണ്ടത്.
അന്താരാഷ്ട്ര ഏജൻസിയായ സ്റ്റാറ്റിസ്റ്റ (Statista) പുറത്തുവിട്ട കണക്കനുസരിച്ചു 2014 മുതൽ പ്രതിവർഷം നാലായിരത്തിലധികം പേർ നമ്മുടെ റോഡുകളിൽ മരിച്ചുവീഴുന്നു. ഇതിനൊരപവാദം കോവിഡ് എപിഡെമിക് കാലത്തെ 2020, 2021 വർഷങ്ങളാണ്. ഈ വർഷങ്ങളിൽ യഥാക്രമം 2980-ഉം, 3430-ഉം പേർക്ക് നിരത്തുകളിൽ ജീവൻ നഷ്ടപ്പെട്ടു. തൊട്ടടുത്തവർഷം (2022) മരണം വീണ്ടും നാലായിരം കടന്നു. ട്രാഫിക് ആക്‌സിഡന്റുകളിൽ മരിക്കുന്നവരിലേറെയും ചെറുപ്പക്കാരായിരിക്കും എന്നതിനാൽ സമൂഹത്തിന് ഭാരിച്ച നഷ്ടമാണിതിലൂടെ ഉണ്ടാകുന്നത്. മരിച്ചവരുടെ ഏതാനും ഇരട്ടിപ്പേർ സ്ഥിരമായ ശാരീരികവൈകല്യത്തോടെ ജീവിക്കുന്നുണ്ടാകും. ട്രാഫിക് ആക്സിഡന്റ് മരണങ്ങൾ കേരളത്തിന്റെ വലിപ്പവും റോഡുസാന്ദ്രതയുമായി തട്ടിച്ചുനോക്കുമ്പോൾ വളരെക്കൂടുതലാണെന്ന് മനസ്സിലാകും. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തിര വൈദ്യസഹായം കിട്ടിയേതീരൂ. എന്നാൽ, അപകടങ്ങള്‍ തടയുന്നതിന്റെ മാർഗമന്വേഷിക്കുന്നതും അത്യാവശ്യമാണ്; ഇതാകട്ടെ ആരോഗ്യവകുപ്പിന്റെ പരിധിയിൽ വരുന്നുമില്ല. റോഡ്, ട്രാഫിക് എന്നിവയിൽ ഗവേഷണം നടക്കുകയും അതിൽനിന്നു ലഭിക്കുന്ന അനുഭവങ്ങൾ ഡിസൈൻ തലത്തിൽ പ്രാവർത്തികമാക്കുക, മെച്ചപ്പെട്ട റോഡ് സംസ്കാരം സ്ഥാപിക്കാനുതകുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കുക, വാഹനങ്ങളുടെ ഡിസൈനിൽ കാലോചിതമായ മാറ്റങ്ങളനുശാസിക്കുക എന്നിവ അത്യാവശ്യമാണ്. തുല്യപ്രാധാന്യമുള്ള വിഷയങ്ങൾ ചികിത്സാനുബന്ധമായ കാര്യങ്ങളിലുമുണ്ട്. മെച്ചപ്പെട്ട, പ്രഫഷനൽ ആംബുലൻസ് സംവിധാനം, രക്തബാങ്കുകൾ, ട്രോമാകേന്ദ്രങ്ങളിലേക്ക് ആംബുലൻസ് എത്തിക്കാനാകുക, ട്രോമാ പാരാമെഡിക് സംവിധാനം ഉറപ്പാക്കുക എന്നിവയെല്ലാം ഒപ്പം കൊണ്ടുപോകേണ്ട സേവനങ്ങളാണ്. അടുത്ത പത്തുവര്‍ഷംകൊണ്ട് നടപ്പാക്കേണ്ട പ്രധാന അജണ്ടകളിൽ ഇതും പെടുമെന്നതിൽ സംശയമില്ല. ട്രാഫിക് ആക്സിഡൻറ്റ് യുദ്ധസമാനമാണെന്നതിൽ രണ്ടഭിപ്രായമില്ല. കേരളത്തിൽ രണ്ടു വർഷത്തിൽ മരിച്ചുവീണത് ഏതാണ്ട് 9000 പേരാണ്; പൂർണതോതിൽ യുദ്ധംനടക്കുന്ന ഉക്രൈനിൽ രണ്ടു വർഷത്തിൽ മരിച്ച പട്ടാളക്കാർ 10190 മാത്രം. ഒരു മേജർ യുദ്ധത്തോടടുക്കുന്നു നമ്മുടെ റോഡുകൾ. നമ്മുടെ സാമൂഹിക രോഗഭാരം (social burden of disease) പരിഗണിച്ചാൽ അടിയന്തര ശ്രദ്ധയാകർഷിക്കുന്ന വിഷയമാണതെന്നു കരുതേണ്ടിവരും.
നമ്മുടെ പകർച്ചേതര രോഗങ്ങൾ നൽകുന്ന ആഘാതത്തെയാണ് മരളീധരൻ, ചന്ദക് എന്നീ ഗവേഷകർ പഠിക്കാൻ ശ്രമിക്കുന്നത്. ദീർഘകാലരോഗങ്ങൾ കേരളത്തിലെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്നു. രോഗങ്ങൾ ഗുരുതരമാകുകയും സങ്കീർണാവസ്ഥകളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. വേണ്ടത്ര പ്രതിരോധപ്രവർത്തനങ്ങൾ ആഴത്തിലെത്താത്തതും, കൃത്യമായ ചികിത്സ സ്വീകരിക്കാനുള്ള മടിയും, ഉയർന്ന ചികിത്സാച്ചെലവും കാരണമായി പറയാം. ഒപ്പം, ഇൻഷുറൻസ് പോലുള്ള ആരോഗ്യ പരിരക്ഷ സംവിധാനങ്ങളുടെ അപ്രാപ്യതയും ചേർത്തുവായിക്കാം. ഭാവി ആസൂത്രണത്തിൽ ഉൾക്കൊള്ളേണ്ട പ്രതിപാദ്യവിഷയങ്ങൾ ലേഖകർ ഇങ്ങനെ ചുരുക്കുന്നു: വർധിക്കുന്ന രോഗാതുരതയും രോഗങ്ങളും കണ്ടെത്താനും നിയന്ത്രിക്കാനും കാലബന്ധിതവും ശാസ്ത്രീയവുമായ നയങ്ങൾ, അടിയന്തര ചികിത്സയുടെ പ്രാപ്യതയും ലഭ്യതയും, സംസ്ഥാനമെമ്പാടും തുല്യമായ ആരോഗ്യസേവന വിതരണം ഉറപ്പാക്കൽ, ഉയർന്ന ചികിത്സാച്ചെലവ് നിയന്ത്രിക്കൽ.
മറ്റൊരു കാര്യംകൂടി. വ്യാജചികിത്സകരും, നിലവിലുള്ള ചികിത്സാമാർഗങ്ങളെ അമ്പേ തള്ളിക്കളയുന്നവരും സാമൂഹിക ഇടങ്ങളിൽ വർധിച്ചുവരുന്നു. കോവിഡ്കാലംമുതൽ ഇത്തരം അബദ്ധപ്രചാരണങ്ങൾ വർധിച്ചുവരുന്നു. ഇതെല്ലാം രോഗാതുരതയുടെ രീതികളിൽ സ്വാധീനം ചെയ്യുന്നുണ്ട്. രക്താതിമർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾ ബാധിച്ചവർ രോഗനിർണയത്തിനുശേഷം തുടർചികിത്സയിൽ അമാന്തം വരുത്തുന്നതായി പഠനങ്ങൾ കാണിക്കുന്നു. എല്ലാകാലവും ഉയർന്ന വാക്‌സിനേഷൻ നിരക്ക് നിലനിറുത്തിയിരുന്ന കേരളത്തിൽ ഇപ്പോളത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അന്ധവിശ്വാസങ്ങളും അതിൽ ഊന്നൽകൊടുക്കുന്ന ചികിത്സകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമസംവിധാനങ്ങൾപോലും മെല്ലെപ്പോക്കുനയം എടുക്കുന്നതും കാണാം. ഒരുപക്ഷേ, കേരളത്തിന്റെ ഭാവി വെല്ലുവിളികളിൽ പ്രധാനം ഇതാണെന്നു കരുതാം.
References:
Kapferer, Stefan: The importance of investing in health; (Dec, 2015) – World Economic Forum
Vaughan, P. (1985). Can ministries of health support primary health care? Some suggestions for structural reorganization and planning. Public Administration and Development.
https://dhs.kerala.gov.in/wp-content/uploads/2022/02/DATA-ON-COMMUNICABLE-DISEASE-2021.pdf
https://dhs.kerala.gov.in/wp-content/uploads/2023/07/CD-Data-2022_Signed.pdf
Samuel, Susheel – Septage : Kerala’s Looming Sanitation Challenge: World Bank Blogs (2013)