മലയാളികളുടെ മാനസികാരോഗ്യവും ഭാവി കേരളീയ സമൂഹവും – റ്റിസി മറിയം തോമസ്, ആഷ്‌ലി മറിയം പുന്നൂസ്

മലയാളികളുടെ മാനസികാരോഗ്യവും ഭാവി കേരളീയ സമൂഹവും   – റ്റിസി മറിയം തോമസ്, ആഷ്‌ലി മറിയം പുന്നൂസ്

സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക അടിത്തറയും, പ്രകൃതിയുടെ ജൈവസമൃദ്ധിയും ചേർന്ന് രൂപപ്പെടുത്തിയ അക്ഷയഖനിയാണ് കേരളം. ഇരുൾനിറഞ്ഞകാലത്തെ ഫ്യൂഡൽ ദുഷ്പ്രഭുത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും യാഥാസ്ഥിതികത്വത്തിന്റെയും മുഖംചട്ടകൾ അഴിച്ചുവച്ചതോടെ നാം നവോത്ഥാന മൂല്യങ്ങളാൽ നിർവചിക്കപ്പെട്ട സമൂഹമായി മാറി. കാലത്തിന്റെ ഗതിവേഗങ്ങൾക്കൊപ്പം വ്യത്യസ്ത മേഖലകളിൽ മാറ്റങ്ങൾ സ്ഥിരമായി ഉണ്ടാകുന്നുണ്ട്. ഈ മാറ്റങ്ങൾ മലയാളി സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനവും അതിന്റെ മാനസികമാനങ്ങളുമാണ് ഈ ലേഖനം ചർച്ചചെയ്യുന്നത്. മാനസികസ്ഥിരതയ്ക്കും സ്വാസ്ഥ്യത്തിനും ഊന്നൽ നല്കുന്ന വികസനപ്രക്രിയകൾക്കുള്ള ആലോചനകളിലേക്ക് കേരളസമൂഹത്തെ നയിച്ചേക്കാനിടയുള്ള ചർച്ചകളാണ് ഈ ലേഖനത്തിലെ പ്രമേയം.


കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി, ശാരീരിക ആരോഗ്യം, മാനവ വികസന സൂചകങ്ങൾ  എന്നിവയിൽ മുന്നിട്ട് നില്ക്കുന്നു.  ഉയർന്ന വിഭവശേഷിയുള്ള രാജ്യങ്ങളുമായി ആരോഗ്യമേഖലയിൽ അടക്കം ‘കേരള മോഡൽ’ അടുത്തു നില്ക്കുന്നുവെന്നത് വസ്തുതയാണ്. പരക്കെ പ്രശംസിക്കപ്പെടുന്ന ഒരു ആരോഗ്യമാതൃക നിലവിലുണ്ടായിട്ടും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കേരളം ഇനിയും ഏറെ മുന്നേറേണ്ടതുണ്ടെന്നാണ്  പഠനങ്ങൾ സൂചിപ്പിക്കുന്നത്. നാഷണൽ മെന്റൽ ഹെൽത്ത് സർവേ പ്രകാരം കേരളത്തിലെ മുതിർന്നവരിൽ മാനസിക രോഗങ്ങളുടെ ആജീവനാന്ത വ്യാപനം 14.14%-വും നിലവിലെ വ്യാപനം 11.36%-വുമാണ് (Jyrwa,S. et al. 2023). കേരളത്തിൽ ഏകദേശം എട്ടു പേരിൽ ഒരാൾ മാനസിക രോഗാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടത്രേ.  അടിയന്തിരമായി ആലോചനാവിഷയമാക്കേണ്ടതും സജീവ  മാനസികാരോഗ്യ ഇടപെടൽ ആവശ്യമുള്ളതുമായ മേഖലയാണിതെന്ന് വ്യക്തമാണല്ലോ. വിഷാദ രോഗം, ന്യൂറോട്ടിക് രോഗങ്ങൾ, പലതരത്തിലുള്ള ഫോബിയ, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ മാനസികപ്രശ്നങ്ങൾ മലയാളിസമൂഹത്തിൽ വർധിച്ചുവരികയാണ്. മാറുന്ന മനസികാരോഗ്യപ്രവണതയുടെ  ശരിയായ കാരണങ്ങൾ കണ്ടെത്തേണ്ടതും പരിഹാരങ്ങൾ നിലവിൽ കൊണ്ടുവരേണ്ടതും അതിപ്രധാനമാണ്. ഇതുസംബന്ധമായ ഗവേഷണങ്ങളും അന്വേഷണങ്ങളും പല നിലയ്ക്കും നടക്കുന്നുണ്ടെങ്കിലും അവയുടെ പരിണതഫലം പലപ്പോഴും സാമൂഹികഘടനയെ ചോദ്യംചെയ്യുന്നതിലേക്കോ നിലവിലുള്ള പോളിസികളെ നവീകരിക്കുന്നതിലേക്കോ എത്താറേയില്ല.


സമകാലീന മലയാളിയുടെ മാനസികാരോഗ്യത്തിന്റെ സമഗ്ര അവലോകനം ആരംഭിക്കേണ്ടത് വീട്ടകങ്ങളിൽനിന്നാകണം. കേരളസമൂഹത്തിന്റെ ചലനാത്മകതയും ഊർജവും കുടുംബബന്ധങ്ങളോട് ചേർന്നാണ് നിർവചിക്കപ്പെടുന്നത്. കുടുംബവ്യവസ്ഥിതിയുടെ ഘടനയും അധികാരരീതികളും കാലാനുസൃതമായി മാറ്റപ്പെട്ടത് നമ്മുടെ ജീവിതങ്ങളിൽ സാരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ലിംഗവിവേചനം ഉൾപ്പടെയുള്ള അസമത്വങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ ക്രിയാത്മകമായ ഈ മാറ്റങ്ങൾ സഹായിച്ചിട്ടുണ്ട്. എന്നാൽ, മാറ്റങ്ങളിലേക്കു പറിച്ചുനട്ടപ്പെട്ടവരും മാറ്റങ്ങൾക്കു കാരണമായവരും തമ്മിലുള്ള ആശയപരവും പ്രായോഗികവുമായ വ്യത്യാസങ്ങൾ മലയാളികളുടെ കുടുംബബന്ധങ്ങളെ കലുഷിതമാക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ പൂർണമായി ബഹുമാനിക്കുന്ന പരസ്പര ധാരണയോടെയുള്ള കുടുംബവ്യവസ്ഥകൾ രൂപപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർന്നുവരുന്ന ദാമ്പത്യ തകർച്ചകൾ ഓർമിപ്പിക്കുന്നു. കുടുംബത്തിലെ വ്യക്തിയുടെ കർത്തവ്യം അവരുടെ ലിംഗപരമായ സ്വത്വത്തോട്  ചേർന്നു നിർണയിക്കുന്ന പ്രവണത വലിയ ഗാർഹികപ്രതിസന്ധികൾക്കും മാനസിക പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നു.


സമൂഹം ആണും പെണ്ണുമെന്ന ദ്വന്ദസ്വത്വമല്ലെന്ന തിരുത്തലിന്റെ കാലമാണിത്. ലിംഗസ്വത്വഭേദങ്ങൾക്കപ്പുറം എല്ലാവരെയും ചേർത്തുപിടിക്കാൻ സാധ്യമാകണം. കേരളത്തിന്റെ പൊതു ഇടങ്ങളിൽ ക്വിയർ കമ്മ്യൂണിറ്റിക്ക് എതിരായുണ്ടാകുന്ന അക്രമണങ്ങളും, ട്രാൻസ്‍ജെൻഡർ  വിഭാഗത്തിൽപ്പെട്ടവരുടെ ആത്മഹത്യകളും എല്ലാവരെയും ഉൾക്കൊള്ളുവാൻ നാം ഇനിയും എത്രയോ വളരേണ്ടതുണ്ടെന്ന ഓർമപെടുത്തലാണ്.


ഒരു സമൂഹത്തിന്റെ പുരോഗതി അതിന്റെ വിദ്യാഭ്യാസരീതിയോടും അതോടൊപ്പമുള്ള ജോലി സാധ്യതയോടും ബന്ധപ്പെടുത്തി  നിർണയിക്കപ്പെടുന്നുണ്ട്. സ്വന്തം കഴിവുകളും നൈപുണ്യങ്ങളും വികസിപ്പിക്കാനുള്ള സാധ്യതകൾ ജനിച്ച മണ്ണിൽ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, ഉന്നത വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട തൊഴിൽ സാധ്യതയ്ക്കും  വിദേശരാജ്യങ്ങളിലേക്ക് കുടിയേറി അവിടെ ജീവിതം കെട്ടിപ്പടുക്കുന്ന കേരളീയയുവതയുടെ എണ്ണം കൂടിവരികയാണ്. സംസ്ഥാന സർക്കാരിന്റെ കണക്കുകളനുസരിച്ച് ഓരോ വർഷവും വിദേശപഠനത്തിനായിപ്പോകുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി വർധിക്കുകയാണ്. ഇതു വിരൽചൂണ്ടുന്നത് നമ്മുടെ വിദ്യാഭ്യാസരീതിയിലും സാമൂഹിക ഇടപെടലുകളിലും ഉണ്ടാകേണ്ട സമുന്നതമായ മാറ്റത്തിലേക്കാണ്. പഠനശേഷം തൊഴിൽസാധ്യതയും ബന്ധപ്പെട്ട തൊഴിൽലഭ്യതയും ഇല്ലാതാകുന്നത് കേരളത്തിലെ യുവജനങ്ങളിൽ വലിയ മാനസിക ആഘാതമാണ് സൃഷ്ടിക്കുന്നത്. കേരളത്തിനുള്ളിൽ ‘വൈറ്റ് കോളർ’ ജോലികൾ മാത്രം ചെയ്യാൻ തയാറാകുന്നവർ, വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ എന്തു ജോലിചെയ്യാനും തയാറാകുന്നു. മാനവവിഭവശേഷി നിലനിറുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമെന്ന നിലയിൽ, പൊള്ളത്തരങ്ങൾ നിറഞ്ഞ ചിന്താരീതിയിൽനിന്ന് പ്രായോഗികമായ ജീവിതശൈലിയിലേക്ക് മലയാളി മാറേണ്ടതുണ്ട്. ചിന്തയും പ്രവൃത്തിയും തമ്മിൽ ഉണ്ടാകുന്ന അന്തരം, (Cognitive dissonance) മാറുന്ന മലയാളിയുടെ അനുദിന ജീവിതത്തിൽ വീർപ്പുമുട്ടലുകൾ സൃഷ്ടിക്കുന്നു.


നിർമിതബുദ്ധി ലോകത്തിന്റെ ചലനത്തെ നിർണയിക്കുന്ന കാലത്തിലേക്കാണ് നാം വളരുന്നത്. മനുഷ്യന്റെ ചിന്താശേഷിക്കപ്പുറമാണ് നിർമിതബുദ്ധിയുടെ സാധ്യതകൾ എന്ന കഴമ്പില്ലാത്ത ചിന്ത നമ്മുടെ ക്രിയാത്മക ചിന്തയെയും പ്രശ്നപരിഹാര ശേഷിയെയും തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവിനെയും മറ്റു ചിന്താപരവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങളെയും സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്. ടെക്നോളജിയെ കണ്ണടച്ച് വിശ്വസിക്കുക എന്ന മലയാളിയുടെ പതിവുരീതി നിർമിതബുദ്ധിയുടെ ഉപയോഗത്തിലും പിന്തുടർന്നാൽ അതു പ്രത്യാഘാതങ്ങൾക്കു കാരണമാകും. പുതിയകാലത്തെ ജീവിതരീതിയിൽ മനുഷ്യബുദ്ധിയുടെ സാധ്യതകളോട് ചേർത്തുവയ്ക്കുന്ന ഒന്നു മാത്രമായി നിർമിതബുദ്ധിയെ പരിഗണിച്ച്  ഉപയോഗിക്കുവാൻ നാം പരിശീലിക്കണം.


നമ്മുടെ സാമൂഹികവും മതപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളാൽ രൂപപ്പെട്ട ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളും മാലയാളിയുടെ ജീവിതരീതിയെ സാരമായി ബാധിച്ചിട്ടുണ്ട്. നാവിന്റെ രുചിയും ശരീരത്തിന്റെ ആരോഗ്യവും ഒരുപോലെ പ്രധാന്യം നല്കി ഭക്ഷണമേശകളെ ക്രമീകരിക്കാൻ കഴിയണം. ആരോഗ്യസുരക്ഷ ഉറപ്പാക്കാത്ത ഭക്ഷണരീതി നമ്മുടെ മാനസികപ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ശരിയായ വ്യായാമം നമ്മുടെ ശരീരപ്രകൃതിക്ക് അനുസരിച്ചു ശീലിക്കണം. ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള മലയാളിയുടെ അമിതമായ ആശങ്കകൾ മുതലാളിത്തത്തിന് കച്ചവട മാർഗമാകുന്നുണ്ട് എന്നതും ഇന്നു നാം നേരിടുന്ന വെല്ലുവിളിയാണ്. എന്താണ് ശരിയായ ആരോഗ്യംഎന്നും, സൗന്ദര്യബോധത്തിന് അതീവ പ്രാധാന്യം നല്കുന്ന നാം എന്താണ് സൗന്ദര്യം എന്നും കൃത്യമായി തിരിച്ചറിയണം.

ജൈവവ്യവസ്ഥ നശിച്ചാൽ ജീവൻ നിശ്ചലമാകും എന്ന ബോധ്യം പൂർണമായി നഷ്ടപ്പെടുത്തിയാണ് മലയാളി തന്റെ പാരിസ്ഥിതിക ഇടപെടലുകളെ രൂപപ്പെടുത്തുന്നത്. നാളെയുടെ വൈരൂപ്യം ഇന്നുതന്നെ കണികാണണം എന്ന വിധി ഏറ്റുവാങ്ങുന്നവരായി മലയാളി   ഓരോ പ്രകൃതിദുരന്തത്തിലും മാറുകയാണ്. ഈ പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുന്ന മാനസികാഘാതം ചെറുതല്ല. Post Traumatic Stress Disorder-ൽ തുടങ്ങി മറ്റനേകം മാനസിക പ്രശ്നങ്ങൾക്കത് കാരണമാകും. ദുരന്തങ്ങളുണ്ടാകുന്ന സമയങ്ങളിൽ സഹായിക്കാൻ നാം കാണിക്കുന്ന സന്നദ്ധതയും ചേർത്തുനിറുത്തലും സഹാനുഭൂതിയും ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളിലും നാം പ്രകടമാക്കേണ്ടതുണ്ട്.


വ്യക്തിജീവിതങ്ങൾ മാനസികമായി കരുത്ത് പ്രാപിക്കേണ്ടതും മാറുന്ന മലയാളിയുടെ പുതു ജീവിതവഴി ആവശ്യപ്പെടുന്ന ക്രിയാത്മകമായ മാറ്റമാണ്. 2022-ലെ കണക്കുകളനുസരിച്ച് പ്രതിവർഷം 10,000-ൽ അധികം ആളുകൾ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. ആത്മഹത്യാ നിരക്കിൽ ഉണ്ടാകുന്ന ഗണ്യമായ വർധനവിന്റെ പ്രധാന കാരണം മാനസിക സമ്മർദം, ഉയർന്നുവരുന്ന മാനസിക-ശാരീരിക അസ്വസ്ഥതകൾ, ലഹരി ഉപയോഗം, കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ,  പ്രണയബന്ധങ്ങളുടെ തകർച്ച, തൊഴിലില്ലായ്മ എന്നിവയാണ്.  ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ യാഥാർഥ്യങ്ങളെ ശരിയായ വൈകാരിക നിയന്ത്രണത്തിൽ നേരിടുവാൻ  മലയാളി ഏറെ പരിശീലിക്കേണ്ടതുണ്ട്. പൂർവകാലങ്ങളിൽ നാം ശീലിച്ചിരുന്നതുപോലെ ശക്തമായ സാമൂഹികബന്ധങ്ങൾ രൂപപ്പെടണം. പരസ്പരം ഹൃദയബന്ധങ്ങൾ ശക്തമാക്കി സമൂഹജീവിതം സ്ഥിരപെടുത്തുവാൻ ഇടപെടലുകൾ ഉണ്ടാകണം. വ്യക്തിയുടെ മാനസിക ക്ഷേമവും, അധികാരികളുടെ ശ്രദ്ധ എത്തേണ്ടുന്ന പ്രധാന കാര്യമാണ്. മനുഷ്യന്റെ സാമൂഹികജീവിതം പാരസ്പര്യത്തിലൂടെ അർഥപൂർണമാകുമ്പോൾ മാത്രമാണ് വ്യക്തിയും സമൂഹവും മാനസിക അനാരോഗ്യപ്രവണതകളെ മറികടക്കുക.


മലയാളിയുടെ മാറ്റത്തിന് അനുദിനം വേഗത കൂടുന്ന ഈ കാലത്തെക്കുറിച്ച് മലയാളിത്തത്തിന് മരണം സംഭവിക്കുന്ന കാലമെന്ന് ചൊല്ലി പരിതപിക്കുന്നവർ ഏറെയാണ്. ഏതു കാലത്തിനും അതിന്റേതായ പരിണാമ സവിശേഷതകൾ ഉണ്ടെന്ന അടിസ്ഥാന തിരിച്ചറിവാണ്, പഴമയ്ക്കും പുതുമയ്ക്കും നടുവിൽ അമർന്ന് പോകുന്നു ഇന്നിന്റെ മാനസികസംതൃപ്തിയെ തിരിച്ചുപിടിക്കാനുള്ള പ്രഥമ മാർഗം. മലയാളിജീവിതങ്ങളിൽ അന്നും ഇന്നും മാറ്റമില്ലാതെ സ്വാധീനിക്കുന്ന വീട്ടകങ്ങളിൽനിന്ന് അതാരംഭിക്കണം. എല്ലാവരെയും ചേർത്തുപിടിക്കാൻ, പുതിയ കാലത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ വിശാല ചിന്താഗതിയിലേക്ക് ഒരു സമൂഹമായി നാം വളരണം. സുസ്ഥിരവികസനത്തിന്റെ മാതൃകകൾ എല്ലാ തലങ്ങളിലുമുള്ള ഭരണകേന്ദ്രങ്ങൾ സ്വീകരിക്കണം.


ഭൂതകാലത്തിന്റെ നല്ല സ്മരണകളിൽ, വർത്തമാനത്തിന്റെ പ്രായോഗികതയിലൂടെ ഭാവിയുടെ സുസ്ഥിരതയെ നമുക്ക് രൂപപ്പെടുത്താം. നാട്ടുകഥകളോട്, നാടോടി തനിമകളോട്, കടംകഥകളോട് പതിരില്ലാത്ത പുതുമൊഴികൾ ചേർത്തുവയ്ക്കുന്ന നവകേരളം സൃഷ്ടിക്കപ്പെടട്ടെ.


References:


Jyrwa, S.; Shibukumar, T. M.; Thavody, J; Anish, P. K.; Bina, Thomas; Rajith, K.R.; Banandur, Pradeep S.; Rao, Girish N.; Gururaj, Gopalkrishna; Varghese, M.; Benegal, V.


Mental Health Morbidities in Kerala, India: Insights from National Mental Health Survey, 2015–2016.


Indian Journal of Psychiatry 65(12):p 1289-1296, December 2023. | DOI: 10.4103/indianjpsychiatry.indianjpsychiatry_842_23.


Sharp increase in student migration catapults total emigrants from Kerala to 2.2 million. The Hindu. June 14, 2024


Worrying rise in suicide rates in Kerala in past three years. The Hindu. June 15, 2024.


(ലേഖകര്‍ : റ്റിസി മറിയം തോമസ് – അസിസ്റ്റന്റ് പ്രഫസർ,മനഃശാസ്ത്ര വിഭാഗം,കേരള സർവകലാശാല&ആഷ്‌ലി മറിയം പുന്നൂസ് ,മനഃശാസ്ത്ര ഗവേഷക)