വിയോജിക്കാനും ഇടംവേണം – എം.വി.ബെന്നി

വിയോജിക്കാനും ഇടംവേണം – എം.വി.ബെന്നി

പൊളിറ്റിക്കൽ ഹണിമൂൺ എന്നപ്രയോഗം നിങ്ങളും കേട്ടിട്ടുണ്ടാകും. രാഷ്ട്രീയമധുവിധുവെന്നു വേണമെങ്കിൽ നമുക്കതിനെ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്താം. പുതുതായി അധികാരത്തിലെത്തുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഭരണ നിർവഹണത്തിന്‌ പ്രാപ്തരായ ആളുകളെ കണ്ടെത്തി മന്ത്രിസഭ രൂപവത്കരിക്കണം, ഭരണമുന്നണിയുടെ നയപരിപാടികൾ നിശ്ശബ്ദമായും കാര്യക്ഷമമായും നടപ്പിലാക്കാ൯ കെല്പുള്ള ഉദ്യോഗസ്ഥരെ മർമസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും വേണം. അതിനൊക്കെശേഷമാണ്‌ യഥാർഥഭരണം ആരംഭിക്കുന്നത്‌. അത്തരം ഭരണപരമായ നിയമനങ്ങള്‍ക്കാവശ്യമായ ഏകദേശ സമയമായി ജനാധിപത്യ വ്യവസ്ഥിതി സങ്കല്പിച്ചിരിക്കുന്നത്‌ ആറുമാസമാണ്‌. അതാണ്‌ പുതിയ മന്ത്രിസഭയുടെ മധുവിധുകാലം.


ഹണിമൂൺകാലത്തെ ആഹ്ളാദനിമിഷങ്ങളിൽ ആരും ആരെയും ശല്യപ്പെടുത്താൻ പാടില്ല.


ഹണിമൂൺ കോട്ടേജിനുചുറ്റും ആരെങ്കിലും അകാരണമായി കറങ്ങിനടക്കുന്നത്‌ സംസ്കാരസമ്പന്നതയുടെ ലക്ഷണമായി കണക്കാക്കുകയുമില്ല. അതുകൊണ്ടാണ്‌, പുതുതായി അധികാരത്തിലേറുന്ന മന്ത്രിസഭയെ ശക്തമായ ശല്യപ്പെടുത്തലുകളില്ലാതെ ഭരിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നത്‌. ആദ്യത്തെ ആറുമാസം പ്രതിപക്ഷം മൃദുവിമര്‍ശനങ്ങളിൽ ഒതുങ്ങും.


എങ്കിലും ഇത്തവണ കേന്ദ്രത്തിൽ അധികാരത്തിലേറിയ മന്ത്രിസഭയ്ക്ക്‌ പ്രതിപക്ഷം ഹണിമൂണ്‍കാലം അനുവദിച്ചില്ല. തുടക്കംമുതൽ പാര്‍ലമെന്റ്‌ പ്രക്ഷുബ്ദമായിരുന്നു. പുതിയ മന്ത്രിസഭയെന്ന്‌ ആലങ്കാരികമായി പറയാമെങ്കിലും യഥാർഥത്തിൽ ഇതു പഴയമന്ത്രിസഭയുടെ തുടര്‍ച്ചതന്നെയാണ്‌. മൂന്നാമതും അധികാരത്തിലെത്തിയ പ്രധാനമന്ത്രിയും പ്രധാന വകുപ്പുകൾ കൈകാര്യംചെയ്യുന്ന കേന്ദ്രമന്ത്രിമാരും പഴയമുഖങ്ങൾ. മർമപ്രധാനമായ വകുപ്പുകളിൽ കാര്യനിർവഹണം നടത്താൻ നിയുക്തരായ ഉദ്യോഗസ്ഥപ്രമുഖരിലും പഴമക്കാരുണ്ട്‌. ആ നിലയ്ക്ക്‌ പുതിയമന്ത്രിസഭയ്ക്ക്‌ മധുവിധുകാലം അനുവദിക്കേണ്ടതില്ലെന്ന്‌ പ്രതിപക്ഷം തീരുമാനിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. പഴയ മന്ത്രിസഭയുടെ നയസമീപനങ്ങൾ തുടരുന്നതിനാണ്‌ പുതിയ മന്ത്രിസഭയും ജനങ്ങളോട്‌ വോട്ടുചോദിച്ചത്‌. ആ നിലയ്ക്ക്‌ ഭരണപരമായ എന്തെങ്കിലുമൊരു വ്യതിചലനം ആരും പ്രതീക്ഷിക്കുന്നുമില്ല. ഇതിനിടയിൽ, നീറ്റ്‌ പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിപക്ഷത്തിന്‌ ആയുധമാകുകയും ചെയ്തു. സ്വാഭാവികമായും ബഹളത്തിൽ തുടങ്ങിയ പാര്‍ലമെന്റ്‌ സമ്മേളനം ബഹളത്തിൽ തുടരുകയും ചെയ്തു. ആറുമാസത്തെ മധുവിധുകാലം ലഭിക്കാതിരുന്നതുകൊണ്ട്‌, ആര്‍ക്കും സ്വയംവിമര്‍ശനത്തിനു സമയമുണ്ടായില്ല. എന്തുകൊണ്ട്‌ പാര്‍ലമെന്റിൽ സീറ്റ്‌ കുറഞ്ഞുവെന്ന്‌ ഭരണപക്ഷത്തിനോ, പരമാവധി വിമര്‍ശിച്ചിട്ടും എന്തുകൊണ്ട്‌ പാര്‍ലമെന്റിൽ ഭൂരിപക്ഷം കിട്ടിയില്ലെന്ന്‌ പ്രതിപക്ഷത്തിനോ, ജനങ്ങളോട്‌ വിശദീകരിക്കേണ്ടിയും വന്നില്ല. ക്ലൈമാക്സിൽ തുടങ്ങിയ സിനിമപോലെയായി പാര്‍ലമെന്റ്‌.


മോദിക്കുമുമ്പും ചില ഇന്ത്യൻ ആദര്‍ശങ്ങൾ വിദേശങ്ങളിൽ ഇന്ത്യക്കനുകൂലമായ മതിപ്പ്‌ സൃഷ്ടിച്ചിരുന്നു. ബുദ്ധനും ഗാന്ധിയും യോഗയും ബഹുസ്വരതയും മോദിക്കുമുമ്പുള്ള ഇന്ത്യൻ പ്രതിച്ഛായയുടെ അംബാസഡര്‍മാർ ആയിരുന്നു. യോഗ ഇന്ത്യയിൽ പണ്ടേ ഉള്ളതാണെങ്കിലും അതിനെ ആഗോളപ്രശസ്തമാക്കിയതിന്റെ ക്രെഡിറ്റ്‌ നരേന്ദ്രമോദിക്ക്‌ നല്കണം. സ്ഥാനംകിട്ടാനും പണമുണ്ടാക്കാനും രാഷ്ട്രീയം ഉപയോഗിക്കപ്പെടുന്ന നാടുകളിൽപ്പോലും ശ്രീബുദ്ധന്റെ ഓർമ ജനങ്ങള്‍ക്ക്‌ പവിത്രമാണ്‌. അധികാരത്തിനു പിന്നാലെ പേപിടിച്ചോടുന്ന നേതാക്കളെമാത്രം കണ്ടുശീലിച്ച ജനങ്ങള്‍ക്ക്‌, പരമ്പരാഗതമായി കിട്ടിയ രാജസ്ഥാനംപോലും ഉപേക്ഷിച്ച ശ്രീബുദ്ധൻ ഒരു മഹനീയ മാതൃകയാണ്‌. ഒരു പഞ്ചായത്ത്‌ അംഗമോ, കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു ബൂത്ത്‌ കമ്മിറ്റി പ്രസിഡണ്ടോപോലും ആകാതെ, സ്വാതന്ത്ര്യസമരം നയിച്ച മഹാത്മാഗാന്ധിയും ലോകവിസ്മയം. നേടിയവരല്ല തൃജിച്ചവരാണ്‌ ചരിത്രം സൃഷ്ടിച്ചത്‌.


യോഗ ക്രോഡീകരിച്ചത്‌ പതഞ്ജലിയാണെങ്കിലും യോഗയുടെ ആദിപിതാവ്‌ പരമശിവനാണെന്ന്‌ ഇന്ത്യയിൽ വിശ്വസമുണ്ട്‌. ശിവൻ പാർവതിയെ യോഗപഠിപ്പിക്കുന്നത്‌ മത്സ്യേന്ദ്രനാഥ്‌ കണ്ടതാണ്‌ ഇന്ത്യൻ കഥയിലെ മർമം. യുവാൽ നോഹ ഹരാരിയുടെ പ്രശസ്തമായ 21 Lessons for the 21st Century എന്ന പുസ്തകത്തിൽ, യോഗയുടെ ആദിപിതാവ്‌ അബ്രഹാമാണ്‌. ജൂതർ അബ്രാം, ക്രിസ്ത്യാനികൾ അബ്രഹാം, മുസ്ലീങ്ങൾ ഇബ്രാഹിം എന്നും വിളിക്കുന്ന കഥാപാത്രമാണ്‌ ജൂതചിന്തയിൽ യോഗയുടെ പിതാവ്‌.


ഇസ്രായേലിൽ യോഗപഠിക്കാൻ പോയകഥ ഹരാരി എഴുതിയിട്ടുണ്ട്‌, “ഞാനൊരിക്കൽ ഒരു യോഗാധ്യാപകന്റെ അടുത്ത്‌ ക്ലാസ്സിനുപോയി. ആദ്യത്തെ ക്ലാസ്സിൽ ഗൗരവമായിത്തന്നെ അദ്ദേഹം വിശദീകരിച്ചത്‌ യോഗകണ്ടുപിടിച്ചത്‌ അബ്രഹാം ആണെന്നും യോഗയുടെ അടിസ്ഥാനപരമായ അംഗവിന്യാസങ്ങൾ ഹീബ്രു അക്ഷരമാലയിലെ അക്ഷരങ്ങളില്‍നിന്ന്‌ രൂപംകൊണ്ടതാണെന്നുമാണ്‌. അബ്രഹാം ഈ അംഗവിന്യാസങ്ങൾ തന്റെ വെപ്പാട്ടിമാരിലൊരാളുടെ മകനെ പഠിപ്പിക്കുകയും അയാൾ ഇന്ത്യയില്‍ച്ചെന്ന്‌ ഇന്ത്യക്കാരെ യോഗപഠിപ്പിക്കുകയും ചെയ്തു എന്നാണ്‌ വിശ്വാസം” – ക്ഷോഭിക്കണ്ട, നല്ലതിന്റെ പിതൃത്വംഏറ്റെടുക്കാൻ ഭൂമിയിൽ എല്ലായിടത്തും ആളുകളുണ്ടാകുമെന്ന അർഥത്തിലാണ്‌ ഹാരാരിയും എഴുതിയിരിക്കുന്നത്‌.


പഴയ ഇന്ത്യ-ചൈന യുദ്ധകാലത്തെ ഇ.എം.എസിന്റെ വിവാദ പ്രസ്താവനപോലെ, അവർ അവരുടേതെന്നും നമ്മൾ നമ്മുടേതെന്നും പറയുന്ന അതിര്‍ത്തി, നമ്മൾ നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന യോഗ ഏതായാലും ഇപ്പോൾ ലോകംമുഴുവൻ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.


വംശീയ വിദ്വേഷത്തിന്റെ ചോരപ്പാടുകൾ നിറഞ്ഞ ചരിത്രമുള്ള ലോകത്തിന്‌ ബഹുസ്വരത മനസ്സിലാക്കാനും വിഷമമില്ല. ഇപ്രകാരമാണ്‌ നമ്മുടെ ആദര്‍ശങ്ങളെങ്കിലും യഥാർഥത്തിൽ ഭരണവണ്ടി ഓടിയിരുന്നത്‌ രണ്ടുവീലുകളിലാണ്‌. വലതുപക്ഷ സാമ്പത്തികനയങ്ങളും ഹിന്ദുത്വ രാഷ്ട്രീയവുമായിരുന്നു അച്ചുതണ്ട്‌. ഇടതുപക്ഷം മിക്കവാറും അപ്രസക്തമായ ഇന്നത്തെ ആഗോളസാഹചര്യത്തിൽ വലതുപക്ഷംചേരാതെ ഭരണവണ്ടി ഓടിക്കുന്നത്‌ എളുപ്പമല്ല. അതോടൊപ്പം ഹിന്ദുത്വവീലുകളും ഉരുളാൻ തുടങ്ങിയപ്പോൾ പലര്‍ക്കും ആശങ്കയായി. ഹിന്ദുക്കള്‍ക്ക്‌ ഭൂരിപക്ഷമുള്ള ഇന്ത്യയിൽ ആരെങ്കിലും ഹിന്ദുത്വം പറയുന്നത്ര ലളിതമല്ല ഭരണകൂടം അതിനെ പുല്‍കാൻ ശ്രമിക്കുന്നത്‌. തുടക്കംമുതൽ ബി.ജെ.പി പറഞ്ഞുവന്ന കോണ്‍ഗ്രസ്‌ മുക്തഭാരതം എന്ന ആശയവും, ഇടതുപക്ഷം പ്രചരിപ്പിച്ച സംഘിമുക്ത കേരളം എന്ന ആശയവും, വോട്ടര്‍മാർ അംഗീകരിച്ചില്ല. ആദ്യമായി കേരളത്തിൽ ബി.ജെ.പിക്ക്‌ ഒരു സീറ്റ്‌ ലഭിക്കുകയും കേന്ദ്രത്തിൽ കോണ്‍ഗ്രസ്സിന്‌ സീറ്റുകൾ കൂടുകയും ചെയ്തു. വിയോജിപ്പുള്ളവര്‍ക്കും ജനാധിപതൃത്തിൽ ഇടമുണ്ട്‌ എന്നപാഠമാണ്‌ ഇന്ത്യൻ വോട്ടര്‍മാർ പാര്‍ട്ടികളെ പഠിപ്പിക്കാൻ ശ്രമിച്ചത്‌. ജനാധിപത്യവാദികളായ വോട്ടര്‍മാർ പാര്‍ട്ടികളുടെ ഉന്മൂലനസിദ്ധാന്തം അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ്‌ ജനാധിപത്യ വിരുദ്ധമായി പെരുമാറിയ അടിയന്തരാവസ്ഥയിൽ ജനം അവര്‍ക്കെതിരെ വോട്ടുചെയ്തതും ഓര്‍ക്കുക.


പണ്ട്‌ ജൂതവേട്ടക്ക്‌ തുനിഞ്ഞ ഭരണാധികാരിയായിരുന്നു ഹിറ്റ്ലർ. ഇഷ്ടമില്ലാത്ത പാര്‍ട്ടിവേണ്ട എന്ന ആശയത്തിന്റെ പൂരണമാണ്‌ ഇഷ്ടമില്ലാത്ത മതംവേണ്ട എന്ന സങ്കല്പവും. ഒടുവിൽ ഹിറ്റ്ലർ ആത്മഹത്യചെയ്യുകയും രാജ്യമില്ലാതിരുന്ന ജൂതര്‍ക്ക്‌ സ്വന്തമായി രാജ്യംകിട്ടുകയും ചെയ്തത്‌ ചരിത്രം.


ആത്മോപദേശശതകംഎന്ന കൃതിയിൽ, മതങ്ങൾ തമ്മിൽ പൊരുതി ജയിപ്പതസാധ്യമാണെന്ന്‌ ശ്രീനാരായണഗുരു എഴുതിയിട്ടുണ്ട്‌. മതങ്ങളുടെ കാര്യത്തിൽ ശ്രീനാരായണഗുരു പറഞ്ഞ ദാര്‍ശനിക നിലപാട്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ബാധകമാണെന്ന്‌ അവരും മനസ്സി ലാക്കണം.


അംഗുലപ്പഴു


പഴയ തലമുറയിലെ പ്രഗത്ഭരായ സാഹിത്യാധ്യാപകർ അംഗുലപ്പഴുവിനെ  പരിചയപ്പെടുത്തിക്കൊണ്ടാണ്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌.എന്തും അളക്കാനുള്ള അളവുകോൽ തന്റെ കൈവശമുണ്ടെന്ന അഹങ്കാരം അംഗുലപ്പുഴുവിന്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌, എന്തുകണ്ടാലും അംഗലപ്പൂഴു അളക്കും. ഓരോന്നും അളന്ന്‌ അളവു പറയുകയും ചെയ്യും. എന്തും എത്ര അംഗുലമുണ്ടെന്ന്‌ അംഗുലപ്പൂഴുവിനറിയാം. എന്തും അളക്കാൻ പ്രാപ്തനാണ്‌ താനെന്ന ഭാവവും.


ഒരിക്കൽ, ഒരു വാനമ്പാടിയെ അളക്കാൻ അംഗുലപ്പുഴു തുനിഞ്ഞപ്പോൾ വാനമ്പാടി പറഞ്ഞു, അതുവേണ്ട എന്റെ പാട്ടൊന്നളക്കൂ. എന്നിട്ട്‌ വാനമ്പാടി മധുരമായി പാടാൻ തുടങ്ങി. വാനമ്പാടിയുടെ ഗാനം അളക്കാൻ കഴിയാതെ അംഗുലപ്പുഴ വിഷമിക്കുകയും ചെയ്തു. ആരുടെയും പ്രതിഭ അളക്കാൻ നമുക്ക്‌ കഴിയില്ല. നിരൂപകർ അവരുടെ കൈയിലുള്ള റ്റൂളുകള്‍കൊണ്ട്‌ കവിതയളക്കുന്നു, വേറൊരു കാലത്ത്‌ വേറൊരു നിരൂപകൻ വേറൊരു റ്റൂളുകൊണ്ട്‌ അതേ കവിത മറ്റൊരു രീതിയിൽ വ്യാഖാനിക്കുന്നു. മരണശേഷംമാത്രം ലോകം പ്രതിഭ മനസ്സിലാക്കിയ എഴുത്തുകാരുമുണ്ട്‌.


സ്വാതന്ത്ര്യത്തിനുമുമ്പ്‌ ഗാന്ധിജിയും ടാഗോറും തമ്മിൽ നടന്ന സംവാദങ്ങളും ഓര്‍ക്കണം. രണ്ടുമഹാന്മാരും രണ്ടുവഴിക്കാണ്‌ സഞ്ചരിച്ചത്‌. ഇപ്പോൾ നിയമനടപടികളുടെ ഭാഗമായി അരുന്ധതി റോയിക്കെതിരെ ആരംഭിച്ച കേസുകളുടെ വാര്‍ത്തകളും വരുന്നു. ആശയപ്രകാശനം സംബന്ധിച്ച കാര്യങ്ങളും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും എങ്ങനെ വിശകലനം ചെയ്യണമെന്നത്‌ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം. എങ്കിലും, ലോകപ്രശസ്ത എഴുത്തുകാരൻ ഓര്‍ഹാൻ പാമുക്കിന്റെ ധീരമായ ഒരു വിവാദ പ്രസ്താവനയും വായനക്കാർ ഓർമിക്കണം. ഉച്ചത്തിലും തെളിച്ചത്തിലും ഞാൻ പറയുന്നു, ഒരു ദശലക്ഷം അര്‍മീനിയക്കാർ ടര്‍ക്കിയിൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്‌എന്നു പറഞ്ഞതിന്‌ പാമുക്ക്‌ വിചാരണ ചെയ്യപ്പെട്ടെങ്കിലും കോടതി ശിക്ഷ വിധിച്ചില്ല. എങ്കിലും കുറേയേറെ ടര്‍ക്കികള്‍ക്ക്‌ ഈ പച്ച മനുഷ്യൻ ഒരു വില്ലനായിത്തീര്‍ന്നു.


ആശയപ്രകാശനത്തിന്‌ അവസരമുള്ള ലണ്ടനിലെ ഹൈഡ്‌ പാര്‍ക്കിൽ പണ്ട്‌ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി വി.കെ. കൃഷ്ണമേനോൻ പ്രസംഗിച്ചിട്ടുണ്ട്‌. ആശയപ്രകാശനസ്വാതന്ത്ര്യവും രാജ്യസുരക്ഷയും തമ്മിലുള്ള അതിര്‍വരമ്പുകൾ അരുന്ധതിയുടെ കാര്യത്തിൽ കോടതി തീരുമാനിക്കട്ടെ.


മലിനം


മഴക്കാലം തുടങ്ങുമ്പോൾ ഫാക്ടറികൾ സൂക്ഷിച്ചുവച്ച വിഷമാലിന്യങ്ങൾ വലിയ അളവിൽ രഹസ്യമായി പുറത്തേക്ക്‌ ഒഴുക്കും. സമീപത്തുള്ള നദികളിലേക്ക്‌ ഒഴുക്കിവിടുന്ന വിഷവസ്തുക്കൾ താമസിയാതെ കടലിൽ പതിക്കും. ആദ്യം കായലും പിന്നെ കടലും മലിനമാകും.


പെരിയാറും കടലും സന്ധിക്കുന്ന ചിലഭാഗങ്ങൾ ഇക്കാര്യത്തിൽ പണ്ടേ കുപ്രസിദ്ധമാണ്‌. നാട്ടിലെ പൊലുഷന്റെ അളവ്‌ നിയന്ത്രിക്കാൻ സര്‍ക്കാർ ഏജന്‍സികൾ ഉണ്ടല്ലോയെന്ന്‌ നിങ്ങൾ ചോദിക്കുമായിരിക്കും, അതിനുള്ള മറുപടി പണ്ട്‌ ‘കാട്ടുകുതിര’ സിനിമയിൽ തിലകൻ അവതരിപ്പിച്ച കൊച്ചുവാവ പറഞ്ഞിട്ടുണ്ട്‌: “നമ്മളെ പിടിക്കാന്‍വരുന്ന എക്‌സൈസുകാർ കുഴപ്പത്തിലാകരുതല്ലോ എന്നുകരുതി അവര്‍ക്കുള്ള പടികൾ കൊച്ചുവാവ അവിടെ എത്തിക്കും”.


നാട്ടിൽ കാന്‍സർ, കിഡ്‌നി, സ്ട്രോക്ക്‌, കരള്‍രോഗങ്ങൾ തുടങ്ങിയ മാരകമായ അസുഖങ്ങൾകൊണ്ട്‌ വിഷമിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുപോലെ നഗരങ്ങളിൽ ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. ഇതൊന്നും എറണാകുളം നഗരത്തിന്റെ മാത്രം പ്രശ്നമല്ല. മലിനമായ പ്രകൃതിയുള്ള എല്ലാനാടുകളും രോഗാതുരമായിട്ടുണ്ട്‌. മാലിന്യംനിറഞ്ഞ കൊച്ചിയുടെ ഗന്ധംകേട്ട്‌ കൊച്ചിയായി എന്ന്‌ തിരിച്ചറിയുന്ന മണവാളൻ എന്നൊരു കഥാപാത്രത്തെ സലിംകുമാർ പണ്ട്‌ ‘പുലിവാൽ കല്യാണം’ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്‌.


ഈയിടെ പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതും വാര്‍ത്തയായിരുന്നു. കാരണമെന്തെന്ന്‌ സര്‍ക്കാർ ഏജന്‍സികൾക്കിതുവരെ മത്സ്യതൊഴിലാളികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌, ഇതെഴുതുമ്പോഴും അവര്‍ക്ക്‌ നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. പെരിയാറിലേക്ക്‌ ഒഴുക്കിവിട്ട വിഷമാലിന്യങ്ങള്‍കൊണ്ടല്ല, ജീവിത നൈരാശ്യംകൊണ്ടാണ്‌ മത്സ്യങ്ങൾ കൂട്ടആത്മഹത്യചെയ്തതെന്ന്‌ സര്‍ക്കാർ ഏജന്‍സികൾ റിപ്പോര്‍ട്ട്‌ കൊടുത്താലും ജനം ഞെട്ടില്ല. ‘കാട്ടുകുതിര’ സിനിമ അവരും കണ്ടതാണല്ലോ.


നോര്‍വീജിയൻ നാടകകൃത്ത്‌ ഹെൻറിക് ഇബ്സൻ 1882-, എഴുതിയ വിഖ്യാതനാടകമാണ്‌, ‘AN ENEMY OF THE PEOPLE’. അധികാരവും പൊതുജനാഭിപ്രായവും നേരിട്ട്‌ ഏറ്റുമുട്ടുമ്പോൾ ജനാധിപത്യത്തിൽ പൊതുജനാഭിപ്രായം വിജയിക്കുമെന്നാണ്‌ എല്ലാവരും പറയുക. എങ്കിലും അതങ്ങനെയല്ല പലപ്പോഴും സംഭവിക്കുന്നത്‌, ജനങ്ങളോട്‌ സത്യംപറയാ പരിശ്രമിച്ച കഥാപാത്രം ജനങ്ങളെക്കൊണ്ടുതന്നെ അധികാരം അപമാനിതനാക്കുന്നതാണ്‌ നാടകത്തിലെ പ്രമേയം. എങ്കിലും സത്യം പറയാൻ ആരെങ്കിലുമൊക്കെ സമൂഹത്തിൽ വേണം.