ഞാൻ ശരിക്കും സ്വതന്ത്രനാണോ? ഒരു വ്യക്തിഗത അന്വേഷണം – വിനോദ് നാരായണ്‍
ഈ കുറിപ്പ് എഴുതുന്ന ജൂലൈ നാലിന് അമേരിക്കയിൽ സ്വാതന്ത്ര്യദിനമാണ്. ഓഗസ്റ്റ് 15-ന് ഇന്ത്യയിലും സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നു. ഇത്തരം ദിനങ്ങളിൽ പരേഡുകളും ആഘോഷങ്ങളും സാധാരണയാണ്. എന്നാൽ, ഈ ആഘോഷങ്ങളിൽ പങ്കെടുക്കാതെ വീട്ടിൽത്തന്നെ ഇരിക്കാനുള്ള സ്വാതന്ത്ര്യവും ചൂടുള്ള കാലാവസ്ഥയിൽ എയര്‍ കണ്ടീഷനർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. ഇങ്ങനെ നോക്കുമ്പോൾ, നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻപോലും സാധിക്കും. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വാർത്തകൾ നോക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ അഭാവം പലയിടങ്ങളിലും നിലനില്ക്കുന്നു എന്നത് വ്യക്തമാണ്.
തനിക്ക് ചെയ്യാൻ തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴാണ് ഒരു വ്യക്തി അസ്വതന്ത്രനാകുന്നത്. ഞാൻ ഈ ലോകത്ത് പല സൗകര്യങ്ങളോടുകൂടി ജീവിക്കുന്ന ഒരാളാണെങ്കിലും, എന്റെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന നിരവധി അദൃശ്യമായ വിലക്കുകൾ ഉണ്ട്. ഈ വിലക്കുകളെ ലംഘിക്കാനുള്ള ധൈര്യം എനിക്കില്ല. എന്നാൽ, ഇത് എന്നെ അസ്വതന്ത്രനാക്കുന്നു എന്നു ഞാൻ കരുതുന്നില്ല. പക്ഷേ, എന്റെ സ്വാതന്ത്ര്യമില്ലായ്മയും എന്റെ പ്രിവിലേജിന്റെ ഉള്ളിൽ ഇരുന്നുകൊണ്ട് മാത്രം അനുഭവിക്കുന്നൊരാളാണ് ഞാൻ.
എപ്പോഴെങ്കിലും എനിക്ക് സ്വാതന്ത്ര്യമില്ല എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ട്. ജീവിതത്തിൽ, സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച് ധാരാളം ചിന്തിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. അമേരിക്കയിൽ ഗ്രീൻ കാർഡ് ലഭിക്കാനായി കാത്തിരുന്ന കാലത്ത്, ഞാൻ നാട്ടിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു. തിരിച്ചുവരാൻ കഴിയാതെ പോയാൽ എന്തു ചെയ്യുമെന്നുള്ള ആശങ്കയായിരുന്നു അതിന് കാരണം. അന്ന് എന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ടതായി എനിക്ക് തോന്നിയിരുന്നു. ഇവിടെയിരുന്ന് നാടിനെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തെങ്കിലും, ഞാൻ അവിടെയെത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഭയം എന്നെ തടഞ്ഞു. ഇപ്പോൾ ആ കാലത്തെ സ്വതന്ത്ര്യമില്ലാത്ത സമയമെന്ന് എഴുതുന്നത് എന്തിനാണ് എന്നും മനസ്സിലാവുന്നില്ല.
ലോകം മുഴുവൻ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരുടെ നിലവിളികൾ കേൾക്കുമ്പോൾ, എന്റെ സ്വന്തം ചിന്തകളുടെ നിസ്സാരത എനിക്ക് ബോധ്യമാകുന്നു. ഒരു ഏസി റൂമിൽ ഇരുന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എത്ര അനുചിതമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഞാൻ ഈ കുറിപ്പെഴുതാൻതന്നെ പ്രാപ്തനല്ല എന്നതാണ് സത്യം. പക്ഷേ, സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരുടെ കണ്ണുകളിലെ മങ്ങലുകൾ ഞാൻ കണ്ടിട്ടുണ്ട്. അതിൽ നിരാശയല്ല പ്രത്യാശയുടെ അഭാവമാണ് കണ്ടിട്ടുള്ളത്. പലതരം ഇല്ലായ്മകൾ എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സംസാരിച്ചുകൊണ്ടിരിക്കുന്നവരുടെ പെട്ടന്നുണ്ടാവുന്ന മൗനത്തിൽ ഞാൻ ഇല്ലായ്മകൾ കണ്ടിട്ടുണ്ട്. പലപ്പോഴും അതിലേക്ക് ഞാൻ ഇറങ്ങിച്ചെല്ലാനും ശ്രമിച്ചിട്ടുണ്ട്. അവരുടെ സ്വാതന്ത്ര്യമില്ലായ്മയിലേക്ക് കടന്നുചെല്ലാൻ എന്റെ പ്രിവിലേജിൽ സ്വതന്ത്ര്യമുണ്ടായിരുന്നു എന്നതാണ് സത്യം.
മനുഷ്യന്റെ സ്വാതന്ത്ര്യമെന്നത് ഒരു സങ്കീർണമായ ആശയമാണ്. എല്ലാവർക്കും അതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. എന്റെ അനുഭവത്തിൽ, നാം പല കാര്യങ്ങളിൽ സ്വതന്ത്രരാണെങ്കിലും, നമ്മുടെ ചിന്തകളും വിശ്വാസങ്ങളും നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു. നമ്മൾ എത്ര സ്വതന്ത്രരാണെന്ന് തോന്നിയാലും, ലോകത്ത് നമ്മളെക്കാൾ സ്വതന്ത്രരായ ആളുകളും അല്ലാത്ത ആളുകളും ഉണ്ട്. അടിസ്ഥാനപരമായി, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ വ്യക്തിഗതമാണ്.
പുറമേനിന്നു നോക്കുമ്പോൾ സ്വാതന്ത്ര്യം പരിമിതമായി തോന്നുന്ന പല സാഹചര്യങ്ങളിലും സ്വാതന്ത്ര്യത്തിന്റെ സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു എന്ന വാദം പലപ്പോഴും ഉയർന്നുവരാറുണ്ട്. മതം, ദേശീയത, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ഇത് പ്രത്യേകിച്ചും ശ്രദ്ധേയമാണ്. എന്നാൽ, സ്വാതന്ത്ര്യം അനുഭവിക്കുന്നവർ പോലും അതിന്റെ പരിധികൾ അനുഭവിക്കുന്നത് സാധാരണയാണ്. അതിനാൽ, മാറ്റത്തിനായുള്ള ആവശ്യം എപ്പോഴും ഉയർന്നുകൊണ്ടിരിക്കും. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും നാം അനുഭവിക്കുന്ന പല വിലക്കുകളും നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതായി തോന്നാറുണ്ട്. എന്നാൽ, ഈ വിലക്കുകൾ പലപ്പോഴും സാമൂഹിക സമാധാനത്തിനും വ്യക്തിപരമായ വളർച്ചയ്ക്കും അനിവാര്യമായതാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
സാമ്പത്തികസ്വാതന്ത്ര്യം എന്നൊന്നുണ്ടല്ലോ? പണത്തിനുവേണ്ടി പണിചെയ്യാതിരിക്കാൻ കഴിയുന്ന സ്വാതന്ത്ര്യം. അതെനിക്കില്ല. എന്റെ കൈയിലിരിപ്പുതന്നെ. സമൂഹമാധ്യമം ഉപയോഗിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. പക്ഷേ, ഞാൻ അതുപയോഗിച്ചിരുന്നില്ല. ഇപ്പോൾ ഇതെഴുതുമ്പോൾ ഞാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഫോണിൽനിന്നു ഡിലീറ്റ് ചെയ്തിട്ട് രണ്ടാഴ്ച്ചയായിക്കാണും. ചിലർ പറയും ഞാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം വേണ്ടെന്ന് വയ്ക്കുകയാണെന്ന്. എന്തും ചെയ്യാനും ചെയ്യാതിരിക്കാനും കഴിയുന്നതാണല്ലോ നമ്മുടെ സ്വാതന്ത്ര്യം.
വിവാഹം കഴിക്കാനും കഴിക്കാതിരിക്കാനും, ദൈവത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും, എന്തെങ്കിലും കഴിക്കാനും കഴിക്കാതിരിക്കാനും, ധരിക്കാനും ധരിക്കാതിരിക്കാനും, മതത്തിൽ ചേരാനും മതം വിടാനും. അങ്ങനെയെന്തൊക്കെ കാര്യങ്ങൾ. ഒരാളുടെ സ്വാതന്ത്ര്യം എന്തെങ്കിലും ചെയ്യലാണെങ്കിൽ മറ്റൊരാളുടേത് അത് ചെയ്യാതിരിക്കലാണ്.
എന്റെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുണ്ടോ എന്ന ചിന്ത എപ്പോഴും എന്നെ അലട്ടാറുണ്ട്. ഇന്ന് ലോകത്ത് സ്വന്തം സ്വാതന്ത്ര്യം മാത്രം പ്രധാനമായി കാണുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. തന്റെ അഭിപ്രായങ്ങൾ മറ്റെല്ലാവർക്കും ബാധകമാണെന്ന് കരുതുന്നവരുടെ എണ്ണവും നിസ്സാരമല്ല. മതം, രാഷ്ട്രീയം, ആശയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നാം നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമാത്രം വാദിക്കുന്നതും ശ്രദ്ധേയമാണ്.
എന്റെ സ്വന്തം അഭിപ്രായങ്ങൾക്ക് വിരുദ്ധമായ ഒരു ആശയത്തിനോ നിലപാടിനോ വേണ്ടി മറ്റൊരാളെ പിന്തുണയ്ക്കാൻ എനിക്ക് കഴിയുമോ എന്ന് സ്വയം ചോദിക്കാറുണ്ട്. ഉത്തരം പലപ്പോഴും ‘ഇല്ല’ എന്നാണ്. അതെന്റെ പ്രിവിലേജാവാം, ഒരു പരിമിതിയായിരിക്കാം, അല്ലെങ്കിൽ ഞാൻ പോലും തീർത്തും മനസ്സിലാക്കാത്ത എന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണയുടെ പ്രതിഫലനമായിരിക്കാം.