പീസ്‌ കോര്‍ണർ/കെ.പി.ഫാബിയാന്‍

പീസ്‌ കോര്‍ണർ/കെ.പി.ഫാബിയാന്‍

സമൂഹമൈത്രി  മാനുഷികതയുടെ വിളക്ക്

യോജിപ്പിനുപകരം പലപ്പോഴും സംഘർഷം വളർത്തുന്ന ധ്രൂവീകരണത്തിന്റെ ആഗോള സംഭവങ്ങൾക്കു വിരുദ്ധമായി, രാഷ്ട്രീയത്തിന് സംസ്‌കാരത്തോടും പരസ്പര ആദരവോടുംകൂടി എങ്ങനെ വികസിക്കാമെന്നതിന്റെ വ്യക്തമായ ഓർമപ്പെടുത്തലായി ഇംഗ്ലണ്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പര്യവസാനിച്ചു. യാതൊരു അഭിപ്രായഭിന്നതയുമില്ലാതെ തിരഞ്ഞെടുപ്പ് ഫലം വേഗത്തിൽ പ്രഖ്യാപിക്കാൻ കഴിഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളിലെ ഫലമറിയാൻ രാഷ്ട്രീയഭേദമെന്യേ സ്ഥാനാർഥികൾ ഒത്തുചേർന്നു. ജയിച്ചവർ എതിരാളികളെ ഹസ്തദാനം ചെയ്തുകൊണ്ട് ആത്മാർഥതയോടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നല്ല രീതിയിൽ പ്രചാരണം നടത്തിയതിന് ഉദാരമായി പ്രകീർത്തിച്ചു. ആരോപണങ്ങൾ, തർക്കങ്ങൾ, ആക്രമണങ്ങൾ എന്നിവയോടൊപ്പം തിരഞ്ഞെടുപ്പുകൾ നടക്കുന്ന ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായി ഈ രംഗം നിലകൊള്ളുന്നു.


ധ്രുവീകരണം സങ്കീർണത നിറഞ്ഞ ഒരു പദമാണ്. വിവിധ സമൂഹങ്ങളിൽ ഇത് വ്യത്യസ്ത രൂപഭാവങ്ങളിൽ പ്രകടമാണ്. ഈ പദം ഭൗതികശാസ്ത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ്. അവിടെ ഈ പദത്തിന്റെ വേരുകൾ കാണാം. പിന്നീട് ഇത് രാഷ്ട്രയ സൈദ്ധാന്തികർ സ്വീകരിച്ച സംജ്ഞയാണ്. വരുമാനത്തിലുള്ള അസമത്വം, പ്രത്യയശാസ്ത്രപരമായ അന്തരം എന്നീ വിവിധ സ്രോതസ്സുകളിൽനിന്ന് ഉടലെടുക്കുന്ന സാമൂഹികവിഭജനത്തെയാണ് ഈ പദംകൊണ്ട് വിവക്ഷിക്കുന്നത്. അതിന്റെ ഉൾക്കാമ്പ് പ്രതിഫലിപ്പിക്കുന്നത് മറ്റുള്ളവരിലെ മനുഷ്യത്വത്തെ തിരിച്ചറിയാനുള്ള മനസ്സില്ലായ്മയെയോ കഴിവില്ലായ്മയെയോ ആണ്. അതുവഴി ഓരോ വ്യക്തിക്കും അർഹമായ അടിസ്ഥാന അവകാശങ്ങളും അന്തസ്സും ഇല്ലാതാവുന്നു. അത്തരം ധ്രുവീകരണത്തിന്റെ ഉദാഹരണങ്ങൾ തിരഞ്ഞെടുപ്പുപ്രക്രിയകളിൽ മാത്രം ഒതുങ്ങുന്നില്ല. പ്രത്യുത ചരിത്രത്തിലുടനീളം, എല്ലാ ഭൂഖണ്ഡങ്ങളിലും ഇതുകാണാം. തെക്കേ ആഫ്രിക്കയിലെ വർണവിവേചനം മുതൽ പാലസ്തീനിലും ഉക്രൈനിലും നടക്കുന്ന സംഘർഷങ്ങൾവരെ ഇതിനുദാഹരണമാണ്. മറ്റുള്ളവരുടെ മാനവികതയെ അംഗീകരിക്കാനുള്ള വൈമുഖ്യം മാനവികവും ധാർമികവുമായ വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.


പാലസ്തീൻകാർ മനുഷ്യരിൽ താഴെയുള്ളവരാണെന്ന് ഇസ്രയേലിൽ പ്രസ്താവനയുണ്ടാകുമ്പോൾ അക്രമത്തിന്റെയും അനീതിയുടെയും ഒരു ദൂഷിതവലയംതന്നെയാണ് സൃഷ്ടിക്കപ്പെടുക. അതുപോലെത്തന്നെ വൻശക്തികൾ നയതന്ത്രതലത്തിലുള്ള ചർച്ചകൾക്ക് തയാറാകാത്തതും വിനാശകരമായ ഒരു സംഘർഷം കൂടുതൽ രൂക്ഷമാക്കുകയുണ്ടായി. പരസ്പരമുള്ള വെടിവയ്പിൽ ജീവൻ നഷ്ടപ്പെടുന്ന സാധാരണജനങ്ങളുടെ എണ്ണം അവഗണിക്കപ്പെടുന്നു. എന്നിരുന്നാലും ധ്രുവീകരണം മറികടക്കാനാവാത്ത ഒന്നല്ലെന്ന് ചരിത്രം കാണിച്ചുതന്നിട്ടുണ്ട്. അടിമത്തത്തിന് എതിരെയുള്ള പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ, പൗരാവകാശ പ്രസ്ഥാനങ്ങൾ എന്നിവ മാറ്റം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളും സമൂഹങ്ങളും സർവമനുഷ്യരുടെയും മൗലികമായ മാനുഷികതയെ അംഗീകരിക്കുകയും ആദരിക്കുകയും വഴിയാണ് ഇതു സാധ്യമാവുക. ഈ ഒരു പ്രതിബദ്ധത ഏറെ നിർണായകമാണ്.


രാഷ്ട്രീയം, പ്രത്യയശാസ്ത്രങ്ങൾ, അസമത്വങ്ങൾ എന്നിവയാൽ ധ്രുവീകരിക്കപ്പെട്ട ഒരു ലോകത്തിലൂടെ നാം യാത്രചെയ്യുമ്പോൾ ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലൂടെ ലഭിച്ച പാഠം ഉജ്വലമായ ഒരു ഓർമപ്പെടുത്തലാണ്. സംസ്‌കാരത്തെയും പരസ്പരമുള്ള ആദരവിനെയും പൊതുവായ മാനവികതയെയും ആശ്ലേഷിക്കുകവഴി സമൂഹങ്ങൾക്ക് ധ്രുവീകരണത്തെ അതിജീവിക്കാനും ഏവർക്കും ശാശ്വതമായ ശാന്തിയും നീതിയും ലഭ്യമാക്കാനും വഴിയൊരുക്കുമെന്നു പ്രത്യാശിക്കാം.


മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ