രാത്രിയിൽ കിട്ടിയതുകൊണ്ടാണോ സ്വാതന്ത്ര്യമിപ്പോഴും ഇരുണ്ടിരിക്കുന്നത്? – ഡോ. മാർട്ടിൻ ശങ്കൂരിക്കൽ
സ്വാതന്ത്ര്യത്തിന്റെ നാനാർഥങ്ങൾ
പറവ മത്സ്യത്തോട് ചോദിച്ചു: നിനക്ക് എന്റെ സ്വാതന്ത്ര്യം ഉണ്ടോ? മത്സ്യം തിരിച്ച് പറവയോട് ചോദിച്ചു: നിനക്ക് എന്റെ സ്വാതന്ത്ര്യമുണ്ടോ? പറക്കാനുള്ള കഴിവ് നോക്കി മത്സ്യത്തെയും നീന്താനുള്ള കഴിവ് നോക്കി പക്ഷിയെയും വിലയിരുത്തരുത്. പറഞ്ഞത് വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ആണ്. Medium determines the nature of freedom and capability എന്ന തത്ത്വത്തിന്റെ വിശദീകരണമാണിത്. മത്സ്യത്തിന്റെ മീഡിയം വെള്ളവും പക്ഷിയുടേത് വായുവുമാണ്. വെള്ളമല്ല പക്ഷിയുടെ സ്വാതന്ത്ര്യ പ്രകാശനവേദി; വായുവല്ല മത്സ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാധ്യമം. അതിനാൽത്തന്നെ അപരിചിതമായ മാധ്യമങ്ങളിൽ സ്വത്വപ്രകാശനത്തിനും സ്വാതന്ത്ര്യ പ്രകാശനത്തിനും വിധിക്കപ്പെടുന്നവരെ കരുതലോടെ ഓർക്കേണ്ട ദിനമാണ് സ്വാതന്ത്ര്യദിനം. ഒപ്പം കരയിലേക്ക് വലിച്ചെറിയപ്പെടുന്ന മത്സ്യങ്ങളെയും വെള്ളത്തിൽ വീഴ്ത്തപ്പെടുന്ന പറവകളെയും ചേർത്തുപിടിക്കാനുമുള്ള ദിവസംകൂടിയാണിത്.
Man is condemned to be free (മനുഷ്യൻ സ്വതന്ത്രനായിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു) എന്ന് എഴുതിയത് ഫ്രഞ്ച് അസ്ഥിത്വവാദിയായ ഴാങ് പോൾ സാർത്ര് (Jean Paul Sartre) ആണ്. എന്നാൽ അതിനും വളരെ വർഷങ്ങൾക്കുമുൻപു ഫ്രാൻസിൽനിന്നുതന്നെയുള്ള ചിന്തകനായ റൂസോ എഴുതി: “മനുഷ്യൻ എല്ലായിടത്തും സ്വതന്ത്രനായി ജനിക്കുന്നു; എന്നാൽ, അവൻ എല്ലായിടത്തും കൈവിലങ്ങുകളിൽ ആണ്.” ഈ സ്വാതന്ത്ര്യബോധം ഉള്ളിൽ പേറുന്നതുകൊണ്ടാണ് ഇബ്സന്റെ “പാവവീട്ടിലെ” (A Doll’s House) നായിക നോറ ഇപ്രകാരം പറഞ്ഞത്: “മുട്ടുകാലിൽ ഇഴഞ്ഞ് ജീവിക്കുന്നതിനെക്കാൾ സ്വന്തം കാലിൽനിന്ന് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.” ധാർമികരോഷത്തോടെ അവൾ കൊട്ടിയടച്ച വാതിൽ തുറന്നത് സ്വതന്ത്രത്തിന്റെ തുറസ്സുകളിലേക്കാണ്.
പ്ലേറ്റോയുടെ ഗുഹാമനുഷ്യന്റെ ഉപമ സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത മാനങ്ങൾ വെളിപ്പെടുത്തുന്നതാണ്. വർഷങ്ങളായി ഗുഹയിൽ ചങ്ങലകളിൽക്കിടക്കുന്ന മനുഷ്യർ യാഥാർഥ്യമെന്നു കരുതുന്നത് ഗുഹയുടെ ഭിത്തിയിൽ പ്രതിഫലിക്കുന്ന നിഴലുകളാണ്. എന്നാൽ, ചങ്ങലയിൽനിന്ന് വിമോചിതനായവൻ ഗുഹയുടെ പുറത്തുള്ള യഥാർഥ ലോകംകണ്ട് സത്യം തിരിച്ചറിഞ്ഞ് ഗുഹക്കുള്ളിലുള്ളവരെ സത്യം അറിയിക്കുന്നു. അതാണ് തത്ത്വചിന്തയുടെ ധർമം എന്ന് പ്ലേറ്റോ പറയുന്നത്. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന് പറഞ്ഞത് ക്രിസ്തുവാണ്. സ്വതന്ത്രനായി ജനിക്കുന്ന ലാസറുമാരെ കെട്ടുപാടുകളിലാക്കി ഗുഹയിലും കല്ലറയിലും തള്ളുന്ന വ്യവസ്ഥിതിയെ തിരുത്തി മനുഷ്യപുത്രൻ പറയും: “അവന്റെ കെട്ടുകളഴിക്കിൻ; അവൻ പോകട്ടെ”. (യോഹന്നാൻ 11:44). ഇന്നും എത്രയോ മനുഷ്യർ വ്യവസ്ഥിതി നിർമിക്കുന്ന കല്ലറകളിൽ കെട്ടപ്പെട്ട അവസ്ഥയിൽ നിസ്സഹായരായി ജീവിക്കുന്നു. ഇവരുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തേണ്ട മനുഷ്യപുത്രന്റെ പകരക്കാർ മയക്കത്തിലാണ്. അക്കിത്തം ഇന്നുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പാടിയേനെ: “ഉണർവ് ദുഃഖമാണുണ്ണീ, ഉറക്കമല്ലോ സുഖപ്രദം.”
“എന്റെ സ്വാതന്ത്ര്യം അപരന്റെ മൂക്കിൻതുമ്പത്ത് അവസാനിക്കുന്നു” എന്നു പറഞ്ഞത് യൂട്ടിലിറ്റേറിയനിസത്തിന്റെ പരാമാചാര്യനായ ജെ.എസ്.മിൽ ആണ്. എന്നാൽ അപരന്റെ ജീവിതത്തിന്റെ സ്വകാര്യതയിലേക്കുവരെ കടന്നുകയറുന്ന ഒരു നവഫാസിസം ഇന്ന് ഇന്ത്യൻസാഹചര്യത്തിൽ സജീവമാണ്. അപരൻ എന്ത് ഭക്ഷിക്കണമെന്നുവരെ തീരുമാനിച്ച് മനുഷ്യരുടെ രസമുകുളങ്ങളെ വരെ നിയന്ത്രിക്കുന്ന ഒരു ഏകാധിപത്യ പ്രവണത ഫണമുയർത്തി ആടുന്നു ഭാരത പരിസരങ്ങളിൽ. പൊളിറ്റിക്കൽ ഹിന്ദുത്വയെ ഇന്ത്യൻ ദേശീയതയാക്കി അവതരിപ്പിക്കുകയും അതിനെ സ്വന്തം സംസ്കാരമായി സ്വീകരിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുകയും ചെയ്യുന്ന ഒരു നവഹിന്ദുത്വ കൊളോണിയലിസം ഇന്ത്യൻ ജീവിതത്തിന്റെ മുഖ്യധാരയിൽ സജീവമാണ്. ആർഷഭാരത സംസ്കാരം, ഇന്ത്യൻ സംസ്കൃതി എന്നിങ്ങനെ അന്തരീക്ഷത്തിൽ തൂങ്ങിക്കിടക്കുന്ന നെടുങ്കൻ പദപ്രയോഗങ്ങളുടെ മറവിൽ മതദേശീയതയെ ഒളിപ്പിച്ചുകടത്താനുള്ള ശ്രമങ്ങൾ വ്യാപകമാണിന്ന്. ഹിന്ദു എന്നതിനെ ഇന്ത്യയെന്ന് മാറ്റിയെഴുതുന്ന പഴയ ശൈലി ഇന്ന് ഇന്ത്യയെ ഹിന്ദുവെന്ന് മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. അർധരാത്രിയിൽ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ കാളിമ ജീവിതങ്ങളെ ഇന്നും ഇരുട്ടിലാക്കുന്നുവെന്ന് ചുരുക്കം.
ഭാരത സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ
പ്രശസ്ത മലയാളകവി അയ്യപ്പപണിക്കരുടെ “രാമൻ വാണാലും രാവണൻ വാണാലും” എന്ന കവിതയിലെ വരികൾ മേല്പറഞ്ഞ അവസ്ഥയെ വരച്ചു കാണിക്കുന്നതാണ്.
“രാമൻ വാണാലും രാവണൻ വാണാലും
സ്വാതന്ത്ര്യം നമ്മൾക്ക് പിച്ചപാത്രം
രാവിതു പോയി പകൽവേള വന്നാലും
നാവ് നനയ്ക്കുവാൻ കണ്ണീർ മാത്രം”
സമകാലിക ഭാരതത്തിന്റെ നേർചിത്രമാണ് ഈ കവിത. അയ്യായിരം കോടിയുടെ അംബാനി കല്യാണത്തിന് സർക്കാരും മാധ്യമങ്ങളും ചൂട്ട് പിടിക്കുമ്പോൾ 2019-ലെ ഇന്ത്യയുടെ ആരോഗ്യ ബഡ്ജറ്റിൽ ഇന്ത്യൻ ഗ്രാമങ്ങളിലെ ഹെൽത്ത് സെന്ററുകൾക്കായി 1349 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്ന നഗ്നസത്യം ആരും ഗൗനിക്കുന്നുപോലുമില്ല. “അരി വാങ്ങാൻ ക്യൂവിൽ നില്ക്കുന്നു ഗാന്ധി; അരികെ കാറിലേറി നീങ്ങുന്നു വ്യാപാരി മന്നൻ ഗോഡ്സെ” എന്ന എൻ.വി. കൃഷ്ണവാര്യരുടെ വരികൾ സത്യമാകുന്ന കാലം. നീ ഒരു പദ്ധതി വിഭാവനം ചെയ്യുമ്പോൾ ഏറ്റവും പാവപ്പെട്ടവനെ ഓർക്കണമെന്നും അവന് ഗുണകരമെങ്കിൽ മാത്രം മുന്നോട്ടുപോകണമെന്നുമുള്ള നെഹ്രുവിനുള്ള ഗാന്ധിയുടെ ഉപദേശം ഭരണകൂടങ്ങൾ മറക്കുമ്പോൾ പൗരന്റെ അവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമാണെന്നുള്ള പുതിയകാല സമവാക്യം രൂപപ്പെടുകയാണ്. 2024-ലെ ബഡ്ജറ്റ് അവതരണം കഴിയുമ്പോൾ ഇന്ത്യയെന്നാൽ ഏതാനും ചില സംസ്ഥാനങ്ങൾ മാത്രമാണോ എന്ന സംശയം മനസ്സിൽ ബാക്കി.
വർഗീയതയുടെ മുറിവുകൾ
ഗാന്ധിഘാതകനായ നാഥുറാം ഗോഡ്സെയുടെ മരണപത്രം വിചിത്രമായ ഒരാവശ്യം ഉന്നയിക്കുന്നുണ്ട്: “എന്റെ ചിതാ ഭസ്മം വിശുദ്ധനദിയായ ഗംഗയിൽ ഒഴുക്കരുത്. ഇന്ത്യയുടെ സാംസ്കാരിക, രാഷ്ട്രീയ, മതമാനങ്ങൾ ഒരു പരമാധികാര ഹിന്ദുരാഷ്ട്രത്തിന്റേതാകുന്നതുവരെ എന്റെ ചിതാഭസ്മം സൂക്ഷിക്കണം.” മതാധിപത്യം ജനാധിപത്യത്തെ തിയോക്രസിയാക്കുമ്പോൾ മഹാത്മാവ് വീണ്ടും നിലവിളിക്കുന്നു: ഹേ റാം!
ഭാരതത്തിന്റെ ഭരണഘടന രൂപവത്കരണ വേളയിൽ ഒരു സെമറ്റിക് പ്രവാചകനെപ്പോലെ ജവഹർലാൽ നെഹ്രു പറഞ്ഞു: “ഭൂരിപക്ഷവർഗീയതയെ ദേശീയതയായും ഭൂരിപക്ഷവർഗീയതയെ തീവ്രവാദമായും തെറ്റിദ്ധരിക്കാനുള്ള സാധ്യത ഇന്ത്യൻ സാഹചര്യത്തിൽ ഏറെയാണ്. എന്നാൽ, നെഹ്റുവിയൻ സെകുലറിസത്തെ പാശ്ചാത്യമെന്നും ഭാരതവിരുദ്ധമെന്നും ആക്ഷേപിച്ച് അന്യവത്കരിക്കാനും അതുവഴി തമസ്കരിക്കാനും സംഘപരിവാർ ശ്രമിക്കുന്നുണ്ട്. ഭാരതത്തിന്റെ അയൽരാജ്യങ്ങൾ പട്ടാള ഭരണത്തിന്റെയും ഏകാധിപത്യത്തിന്റെയും അരാജകത്വത്തിന്റെയും പ്രതീകങ്ങളായപ്പോൾ ഇന്ത്യ മതേതര-സോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രമായി നിലനിന്നത് നെഹ്റുവിനെപ്പോലുള്ള ക്രാന്തദർശികളുടെ ദീർഘവീക്ഷണവും ദർശനമികവുംകൊണ്ടാണ്. എന്നാൽ, നെഹ്രുവിയൻ സെക്കുലറിസത്തെ കപടമതേതരത്വം (സ്യൂഡോ-സെക്കുലറിസം) എന്ന് ചാപ്പകുത്തുന്ന വർഗീയ ശക്തികൾ വർഗീയതയുടെ കടന്നൽക്കൂടിളക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പുറപ്പാടിലാണ്.
“ഇര ചരിത്രം എഴുതുന്നതുവരെ ചരിത്രം വേട്ടക്കാരന്റേതായിരിക്കും” എന്ന നിർവചനത്തെ സാധൂകരിക്കുന്ന കഥകളാണ് സംഘപരിവാരത്തിന്റെ സാംസ്കാരിക പാചകശാലകളിൽ പാകമായിക്കൊണ്ടിരിക്കുന്നത്. കെട്ടുകഥകളെ ചരിത്രമാക്കിയും ശാസ്ത്രീയ ചരിത്രത്തിനുപകരം വർഗീയചരിത്രം പഠിപ്പിച്ചും ചരിത്രത്തെ കാവിവത്കരിക്കുകയാണ് അഭിനവ ഫാസിസ്റ്റുകൾ. വിദ്യാഭ്യാസത്തിന്റെ ഭാരതവത്കരണം എന്ന പേരിലാണ് ചരിത്രത്തെ കാവിവത്കരിക്കുന്നത്. സിദ്ധാന്ത നിർമിതികൾ കൈയടക്കിവച്ചിരിക്കുന്നവർ രാജ്യസ്നേഹത്തെ മതദേശീയതയുടെ കുപ്പായമിടീച്ച് അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിഷ്പക്ഷചരിത്രം (Objective History) എന്നത് ഒരു മിത്തായി മാറുന്നു.
രാംമോഹൻ റോയിക്കും അഞ്ചുനൂറ്റാണ്ട് മുമ്പ് കൈയിലൊരു പന്തം ഉയർത്തിപ്പിടിച്ചുകൊണ്ട് ചന്തയുടെ മധ്യത്തിൽനിന്ന് മാനവികത വാദിയായ കബീർ ദാസ് പറഞ്ഞു: “മാമൂലുകളുടെ വീടുകൾ കത്തിച്ചു കളയുക. എന്നിട്ട് എന്റെ കൂടെ വരൂ.” കുടുസ്സുകളിൽനിന്ന് തുറസ്സുകളിലേക്ക് മടങ്ങാനുള്ള ക്ഷണമാണിത്. തുറസ്സുകളിൽനിന്ന് അടച്ചിട്ട മുറികളിലേക്കുള്ള വർഗീയമനസ്സുകളുടെ “ഘർ വാപസി” ശ്രമങ്ങൾ ശക്തിപ്പെടുന്നിടത്ത് കബീർ ദാസ് കത്തിച്ചുപിടിച്ച നവോത്ഥാനത്തിന്റെ പന്തം കരിന്തിരി കത്തുന്നു.
ജർമൻ കവിയും നാടകകൃത്തുമായ ബ്രെഹ്തോൾഡ് ബ്രെഹ്തിന്റെ ഒരു കവിതയിൽ ഹിറ്റ്ലർ ഭരിക്കുന്ന ജർമനിയിലെ ഒരു യാത്രക്കാരനോട് ഒരു വിദേശി ചോദിച്ചു: “സുഹൃത്തേ ആരാണിവിടെ ഭരിക്കുന്നത്? ഭീതിനിറഞ്ഞ മുഖത്തോടെ അയാൾ പറഞ്ഞു: “ഭയം, ഭയമാണിവിടെ ഭരിക്കുന്നത്.” സോഷ്യൽ മീഡിയയിൽനിന്ന് ജയിലിലേക്ക് വാതിൽതുറക്കുന്ന ഒരു കാലഘട്ടത്തിൽ നിരോധനങ്ങളുടെ ഫത്വവത്കരണം കാരണം സാഹിത്യകാരന്മാരും ചിന്തകരും അസ്തിത്വ പ്രതിസന്ധിയിലാണ്. എഴുത്തോ നിന്റെ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്തു കാണിച്ചുകൊടുക്കാൻ അധികം ആളുകളില്ല എന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. രാജാവ് നഗ്നനാണെന്ന് പറയുന്ന സ്നാപക ശിരസ്സുകൾ വെള്ളിതാലത്തിൽ കോർപറേറ്റ് സലോമിമാർക്ക് വിളമ്പുന്ന നെറികെട്ട കാലം.
ഭൂരിപക്ഷ സമുദായത്തിന്റെ ഉള്ളിൽ ഭീതി വളർത്തിയും ന്യൂനപക്ഷങ്ങളോട് അകൽച്ചയും വെറുപ്പും ഉണ്ടാക്കിയും അവരെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുപയോഗിക്കുന്ന വോട്ടുബാങ്കുകളാക്കി നിലനിറുത്തുക എന്നത് എല്ലാ ഫാസിസ്റ്റുകളുടെയും ശൈലിയാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യം നമ്മോട് പറയുന്നതും മറ്റൊന്നല്ല. അമേരിക്കയിലെ (Statue of Liberty) സ്വാതന്ത്ര്യ പ്രതിമ സന്ദർശിച്ചതിന് ശേഷം ലാറ്റിനമേരിക്കൻ കവിയായ നിക്കനോർ എഴുതുന്ന കവിത ശ്രദ്ധേയമാണ്. “In America, Liberty is a statue.” അമേരിക്കയിൽ സ്വാതന്ത്ര്യം ഒരു പ്രതിമയാണ്; ജീവനില്ലാത്ത പ്രതിമ. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന അധികാരവർഗത്തിന്റെ കാലത്ത് ഗുജറാത്തിലെ Statue of Unity കണ്ടിട്ട് ഏതെങ്കിലും കവി ഇങ്ങനെ എഴുതിയേക്കാം: “In India, Unity is a Statue.”
(ഡോ. മാർട്ടിൻ ശങ്കൂരിക്കൽ, സെന്റ് തോമസ് അപ്പോസ്റ്റോലിക് സെമിനാരി,കോട്ടയം)