ലോകത്തിനായ് ഈ അതിജീവനഗാഥ – വിനു എബ്രഹാം
‘എനിക്കായ്’ എന്ന ഗ്രന്ഥം തീർത്തും സമാനതകളില്ലാത്ത, നമ്മുടെ ഹൃദയം നുറുങ്ങിപോകുംവിധമുള്ള വേദന നിറയ്ക്കുന്ന, എന്നാൽ വായിച്ചു കഴിയുമ്പോൾ നന്മയാർന്ന പ്രതീക്ഷ കൈത്തിരിവെട്ടം തെളിയിക്കുന്ന അത്യസാധാരണ കൃതിയാണ്.
പല രീതികളിൽ ഉള്ള അതിജീവനത്തിന്റെ ഹൃദയസ്പർശിയായ, ആവേശകരമായ ചരിതങ്ങൾ രേഖപ്പെടുത്തുന്ന കൃതികൾ എല്ലാ ഭാഷകളിലും, നമ്മുടെ മലയാളത്തിൽത്തന്നെയും, ഇപ്പോൾ സുലഭമാണ്. അവയിൽത്തന്നെ വിവിധ കഠിനരോഗങ്ങളോടും ജന്മനാ ഉള്ള കടുത്ത വെല്ലുവിളികൾ ഉയർത്തുന്ന ഭിന്നശേഷി അവസ്ഥയോടും പൊരുതി മുന്നേറുന്ന അതിജീവനഗാഥകൾ ഏറെയുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തരായ വ്യക്തികളുടെയും സാധാരണക്കാരുടെയും കൃതികളുമുണ്ട്. എന്നാൽ, ഇത്തരം കൃതികളിലുടെ ധാരാളമായി കടന്നുപോയ ഒരാളെന്ന നിലയിൽ വളരെ യാദൃച്ഛികമായി എന്റെ മുന്നിൽവന്ന ‘എനിക്കായ്’ എന്ന ഗ്രന്ഥം തീർത്തും സമാനതകളില്ലാത്ത, നമ്മുടെ ഹൃദയം നുറുങ്ങിപോകുംവിധമുള്ള വേദന നിറയ്ക്കുന്ന, എന്നാൽ വായിച്ചു കഴിയുമ്പോൾ നന്മയാർന്ന പ്രതീക്ഷ കൈത്തിരിവെട്ടം തെളിയിക്കുന്ന അത്യസാധാരണ കൃതിയെന്ന് നിസ്സംശയം പറയാം.
ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന ഗൗരി പ്രദീപ് നായർ എന്ന പെൺകുട്ടിയുടെ പടവെട്ടൽ ഗാഥയാണിത്. പുസ്തകം എഴുതിയിരിക്കുന്നത് അവളുടെ അമ്മ ആശ പ്രദീപ്. പുസ്തകത്തിന്റെ മുൻഭാഗ പുറംചട്ടയിൽ ഒരു വീൽചെയറിൽ ചാരിയിരിക്കുന്ന ഗൗരിയുടെ ചിത്രമുണ്ട്. ഇതു കണ്ടാൽ വിടർന്ന കണ്ണുകളും വശ്യമനോഹര പുഞ്ചിരിയും അംഗസൗഷ്ടവവും ഉള്ള, കാലുകൾക്കോ മറ്റോ എന്തോ ഭിന്നശേഷിയുടെ പ്രശ്നം മാത്രമുള്ള അതിസുന്ദരിയായ ഒരു പെൺകുട്ടി എന്നു മാത്രമേ ആർക്കും തോന്നൂ. എന്നാൽ ഈ സുന്ദരചിത്രത്തിനു പിന്നിൽ, ഭൂമിയിലേക്ക് നരകമപ്പാടെ ഇറങ്ങിവന്ന് കഠിനവേദനയോടെ ചുട്ടുതിളക്കുന്ന ഒരു മഹാസാഗരം അലറി വിളിക്കുന്നുണ്ടെന്ന് വായിച്ചറിയുമ്പോൾ നമ്മൾ നടുങ്ങിപ്പോകുന്നു. ഇത്രയും കഠിനയാതനകൾ മനുഷ്യകുലത്തിൽപ്പിറന്ന ആർക്കെങ്കിലും താങ്ങാനാകുമോ, താങ്ങിയാൽത്തന്നെ ഇവ്വിധം ഒരു ഗ്ലാമർ സിനിമാ നായികയെ വെല്ലുന്ന സൗന്ദര്യത്തോടെയും പ്രസാദാത്മകതയോടെയും ജീവിതം തുടരാനാകുമോ എന്നും സംശയിച്ചുപോകാം.
ഏറ്റുമാനൂരുകാരായ പ്രദീപും ആശയും പ്രദീപിന്റെ ഉദ്യോഗസംബന്ധമായി തിരുവനന്തപുരത്ത് താമസിച്ചുവരവെയാണ്, അന്ന് നാലാം ക്ലാസിൽ പഠിക്കുന്ന അമ്മുവിനുശേഷം രണ്ടാമതൊരു പെൺകുഞ്ഞ് അവർക്കുണ്ടാകുന്നത്. ആ സന്തുഷ്ട, സുഭദ്ര കുടുംബത്ത് അധിക സന്തോഷമായി ഒരു മിടുക്കി പെൺകുഞ്ഞ്. എന്നാൽ, ആദ്യമാസങ്ങളിൽ മറ്റു പ്രശ്നങ്ങളൊന്നും കാണുന്നില്ലെങ്കിലും മുതുകിൽ നട്ടെല്ലിനു താഴെ ഒരു മുഴ മാറാതെ നില്ക്കുന്നത് മാതാപിതാക്കളെ അസ്വസ്ഥരാക്കുന്നു. തുടർന്നുള്ള വൈദ്യപരിശോധനകളിലെല്ലാം തന്നെ, ഒരു ശസ്ത്രക്രിയ മുഴ നീക്കാൻ അനിവാര്യമാണ്, ഉടൻ അതുവേണം എന്ന നിർദേശമാണ് ഉയരുന്നത്. അങ്ങനെ ആറുമാസം പ്രായമായ കുഞ്ഞിന് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലെ കീർത്തികേട്ട ന്യൂറോസർജൻ ശസ്ത്രക്രിയ നടത്തുന്നു. എന്നാൽ, ഡോക്ടർ ആ ശസ്ത്രക്രിയ ഭാഗികമായി എത്തുമ്പോൾതന്നെ, ഇനി തുടർന്നാൽ അപകടമാണ് എന്നുപറഞ്ഞ് അതു നിർത്തിവയ്ക്കുന്നു. ആ മുഴക്കുള്ളിൽ അനേകം ഞരമ്പുകൾ ചാണകപ്പുഴുക്കളെപ്പോലെ കെട്ടുപിണഞ്ഞ് കിടക്കുകയാണെന്നും അത് തത്കാലം ഒന്നും ചെയ്യാനാവില്ലെന്നും ഏഴുവയസ്സു തികയുമ്പോൾ വീണ്ടും അവസ്ഥ പരിശോധിക്കാം എന്നും ഡോക്ടർ അറിയിക്കുന്നു. ഭ്രാന്ത് പിടിപ്പിക്കുന്ന ശസ്ത്രക്രിയകളുടെ പിന്നീടുള്ള പരമ്പരയുടെ നാന്ദി മാത്രമായിരുന്നു അവളുടെ പിഞ്ചിളം മേനി ഏറ്റുവാങ്ങിയത് എന്ന് ആരും അന്ന് തിരിച്ചറിഞ്ഞില്ല.
തുടർന്ന് ആശ അതിവേദനയോടെ തന്റെ മകൾ മുട്ടിലിഴയുന്ന പ്രായം കഴിഞ്ഞിട്ടും പിച്ചവയ്ക്കുകയോ എഴുന്നേല്ക്കുകയോ ചെയ്യുന്നില്ല എന്ന സത്യം തിരിച്ചറിയുന്നു. എങ്കിലും മൂന്നു വയസ്സായപ്പോൾ വീടിനടുത്തുള്ള ഒരു എൽ.കെ.ജിയിൽ അമ്മ അവളെ കൊണ്ടുപോയിത്തുടങ്ങി. മറ്റു കാര്യങ്ങളിലെല്ലാം വളരെ സാധാരണ നിലയിലായിരിക്കുമ്പോളും കുട്ടി ഇരുന്നും കിടന്നും തന്നെ കഴിഞ്ഞു.
എങ്കിലും ആദ്യത്തെ ഞെട്ടൽ മാറുന്നതോടെ, മാതാപിതാക്കൾ കുഞ്ഞ് ഏതെങ്കിലും തരത്തിലുള്ള ചികിത്സയിലൂടെ സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ, കോട്ടയത്ത് ഒരു ആയുർവേദ വൈദ്യൻ ഇന്നും അവസ്ഥകളെ വിജയകരമായി ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ടെന്ന കേൾവിയിൽ അദ്ദേഹത്തെ സമീപിക്കുന്നു. തുടർന്ന് ഏറെ നിബന്ധനകളും ചര്യകളുമുള്ള ആ ചികിത്സയ്ക്കായി ആശ ഒന്നിടവിട്ട ദിവസങ്ങളിൽ വർഷങ്ങളോളം തിരുവനന്തപുരത്തുനിന്ന് കുഞ്ഞിനെയും തോളത്തിട്ട് ട്രെയിനും ബസ്സും ഓട്ടോയും നടത്തവുമൊക്കെയായി കോട്ടയത്ത് വന്നുപോകുന്നു.
കുഞ്ഞ് വളരുന്നതോടെ ഈ യാത്രകൾ ഏറെ ശാരീരികമായും ഒപ്പം സാമ്പത്തികമായും വല്ലാതെ തളർത്തുന്ന ഘട്ടത്തിൽ, പ്രദീപ് തന്റെ കമ്പനിയിൽ എറണാകുളത്ത് സ്ഥലംമാറ്റം വാങ്ങുന്നു. അതോടെ, കുടുംബത്തിന് ഏറ്റുമാനൂരിലെ ആശയുടെ തറവാട്ടിൽത്തന്നെ താമസിച്ചുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ വൈദ്യനടുത്തുള്ള ചികിത്സ നടത്താം എന്ന അവസ്ഥ ഉണ്ടാകുന്നു. പക്ഷേ, ഈ ചികിത്സകൊണ്ടും ഫലമില്ല എന്നതും വൈദ്യൻ മരണമടയുന്നു എന്നതും ഏവരെയും വല്ലാതെ നിരാശരാക്കുന്നു.
എങ്കിലും ഗൗരിക്ക് ഏഴുവയസ്സ് തികഞ്ഞപ്പോൾ, പണ്ട് ഡോക്ടർ പറഞ്ഞതുപ്രകാരം അവളെ അദ്ദേഹത്തിനു മുന്നിലെത്തിക്കുന്നു. അപ്പോഴാണ് ഏവരെയും ഞടുക്കുന്ന ആ സത്യം ഡോക്ടർ തുറന്നു പറയുന്നത്. ഗൗരിയുടെ അരയ്ക്കുതാഴെ ഒരിക്കലും ചലനശേഷി ഉണ്ടാവില്ലെന്നും മുഴയിലെ കെട്ടുപിണഞ്ഞ ഞരമ്പുകൾ അങ്ങനെത്തന്നെ തുടരുമെന്ന സത്യം. മുന്നേ മാതാപിതാക്കളെ നിരാശരാക്കേണ്ട എന്നതിനാൽ മാത്രം സത്യം വെളിപ്പെടുത്തിയില്ല എന്നും അദ്ദേഹം പറയുന്നു. തുടർന്നങ്ങോട്ട് കഠിനവേദനയോട് മല്ലിട്ട് ഗൗരിയുടെ നാളുകളും ആ വേദന ഏറ്റുവാങ്ങി. എന്നാൽ, അതൊന്നും പുറത്തുകാട്ടാതെ മോൾക്ക് ധൈര്യവും സാന്ത്വനവും പകർന്നുള്ള ആശയുടെ പോരാട്ടത്തിന്റെ നാളുകളും ആരംഭിക്കുകയായി. പല പ്രതികൂലങ്ങളെയും നേരിട്ട് ആശ ഗൗരിയെ സമീപത്തുള്ള വിദ്യാലയങ്ങളിൽ ചേർത്ത് അവളുടെ പഠനം മുന്നോട്ടു കൊണ്ടുപോയി. പഠനത്തിലെ മികവ് മാത്രമല്ല, സംഗീതം, ചിത്രകല തുടങ്ങിയവയിലും ഇതിനിടെ ഗൗരി തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ, ഗൗരി ഒൻപതാം ക്ലാസിൽ എത്തുന്നതോടെ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ചേച്ചി അമ്മു വിവാഹിതയായി വീട്ടിൽനിന്ന് പോകുന്നു. ആ ഘട്ടത്തിൽ മാനസികമായിക്കൂടി വളരെ ക്ഷീണിതയായ ഗൗരി കടുത്ത ശാരീരികവേദനയും അനുഭവിക്കുന്നു. ‘എന്നെ ഒന്നു കൊന്നുതരുമോ’ എന്നുപോലും അമ്മയോട് അവൾ കേഴുന്നുണ്ട്.
അപ്പോഴാണ് സമീപത്തുള്ള ഒരു ഡോക്ടറിൽനിന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റി ആതുരാലയത്തെക്കുറിച്ചും അവിടത്തെ അതിപ്രഗത്ഭനായ ന്യൂറോസർജൻ ഡോക്ടർ ദിലീപ് പണിക്കരെക്കുറിച്ചും ആശ അറിയുന്നത്. അങ്ങനെ പ്രദീപും ആശയും ഗൗരിയെ ആസ്റ്ററിൽ എത്തിക്കുന്നു. തുടർന്നുള്ള രണ്ടാഴ്ചയോളം നീണ്ട അവിടെത്തന്നെ താമസിച്ചുള്ള വിദഗ്ധ പരിശോധനകൾക്കൊടുവിൽ ദിലീപ് പണിക്കർ ഫലം പറയുന്നു. ഗൗരിയുടെ അവസ്ഥ വളരെ മോശമായിരിക്കുന്നു. മുഴയിലെ ഞരമ്പുകൾ കൂടിച്ചേർന്ന് ത്വക്കിലേക്ക് ഒട്ടിയിരിക്കുന്നു. കൂടാതെ നട്ടെല്ല് വല്ലാതെ വളഞ്ഞ്, വേണ്ട അസ്ഥികൾ പലതും ഇല്ലാതെയും ആയിരിക്കുന്നു. അടിയന്തരമായി ഞരമ്പുകളെ വേർപിരിച്ച് എടുക്കണം. ഒപ്പം ഇല്ലാത്ത അസ്ഥികളെ ഇംപ്ലാന്റ് ചെയ്ത് നട്ടെല്ല് ശരിയാക്കുകയും വേണം. നമ്മുടെ രാജ്യത്തുതന്നെ ഇത്തരം ഒരു ശസ്ത്രക്രിയ ആദ്യമാണ്. വിദേശ വിദഗ്ധരുമായി വീഡിയോ കോൺഫറൻസിംഗും മറ്റും നടത്തി, രണ്ടുദിവസം നീളുന്ന ശസ്ത്രക്രിയയാണ് നടത്തുന്നത്. എട്ടു ഡോക്ടർമാരടങ്ങുന്ന ഈ മാരത്തൺ ശസ്ത്രക്രിയക്കൊടുവിൽ ഡോക്ടർമാർപോലും തളർന്നവശരായി എന്നു പറയുമ്പോൾ, അതിന്റെ കാഠിന്യം നമുക്ക് ഒരു പരിധിവരെയെങ്കിലും തിരിച്ചറിയാം.
എന്തായാലും ലക്ഷ്യംവച്ച രണ്ടുകാര്യങ്ങളിലും ശസ്ത്രക്രിയ വിജയംകൈവരിച്ചു. എന്നാൽ, തുടർന്നുള്ള അതികഠിനമായ ശാരീരികക്ഷീണത്തിൽനിന്ന് സാവധാനമേ അവൾക്ക് മോചിതയാകാൻ സാധിക്കുന്നുള്ളൂ. ആശുപത്രിയിൽത്തന്നെ തുടർന്നുകൊണ്ടുള്ള ഈ കാലം ഏതാണ്ട് ഒരുമാസം പിന്നിടുമ്പോഴാണ് വിധിയുടെ അടുത്ത പ്രഹരം വരുന്നത്. ശസ്ത്രക്രിയയുടെ മുറിവിൽ അത്യപൂർവമായ ഒരു ബാക്ടീരിയയുടെ, അതും ഇന്ത്യയിൽ മരുന്ന് ലഭ്യമല്ലാത്ത ഒരിനത്തിന്റെ, ആക്രമണം സംഭവിച്ചിരിക്കുന്നു. തന്മൂലം അതിദുസ്സഹമായ വേദനയിലാണ് ഗൗരി.
അതോടെ ഇതിനെ പ്രതിരോധിക്കാനുള്ള അതിസങ്കീർണമായ മറ്റൊരു ശസ്ത്രക്രിയയ്ക്കും ഗൗരി വിധേയമാകുന്നു. അതും വിജയമാകുന്നു. ഒടുവിൽ രണ്ടുമാസത്തെ ആശുപത്രിവാസത്തിനുശേഷം ഗൗരി വീട്ടിലേക്ക് തിരികെ എത്തുന്നു. എന്നാൽ, ശാരീരികമായ ഈ കഠിന പരീക്ഷണങ്ങൾക്കൊടുവിൽ, ഗൗരിക്ക് തന്റെ ഓർമശക്തി നഷ്ടപ്പെടുന്നതുപോലെയും പഠനം നടത്താൻ താത്പര്യമില്ലാതാകുകയും ചെയ്യുന്ന അവസ്ഥ വരുന്നു. ഇതോടെ കുടുംബവും ടീച്ചർമാരും വളരെ പക്വമതിയായ ഒരു കൗൺസലറും ചേർന്നുള്ള കൂട്ടായ പ്രയത്നത്തിലൂടെ ഈ അവസ്ഥയിൽനിന്നു ഗൗരിയെ കരകയറ്റുകയും വളരെ മികച്ച നിലയിൽ സി.ബി.എസ്.ഇ പത്താംതരം പരീക്ഷ പാസാകാൻ അവളെ പ്രാപ്തയാക്കുകയും ചെയ്യുന്നു.