ഗ്രേറ്റ് നിക്കോബാർ വികസനം ഷോംപെൻ ഗോത്രത്തിന് ഭീഷണി – ഡോ. കവിത അറോറ
നിക്കോബാർ ദ്വീപിനെ വാണിജ്യപരവും തന്ത്രപരവുമായ ഒരു കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികൾ ഷോംപെൻ ഗോത്രത്തിന്റെ ആവാസവ്യവസ്ഥയിൽനിന്ന് അവരെ ഉന്മൂലനം ചെയ്യും.
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്കുള്ളതും ഏറ്റവും വലിപ്പമുള്ളതുമായ ഗ്രേറ്റ് നിക്കോബാർ ദ്വീപ്, പ്രകൃതിദത്ത സൗന്ദര്യത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും അപാരസമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ്. ഈ ദ്വീപിന്റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇന്ദിര പോയിന്റ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമാണ്.
മനുഷ്യവാസം താരതമ്യേന കുറവായ (8067 പേർ) ഈ ദ്വീപ്, 900 ചതുരശ്ര കിലോമീറ്റർ (350 ചതുരശ്ര മൈൽ) വിസ്തൃതിയിൽ പരന്നുകിടക്കുന്ന മഴക്കാടുകളും കണ്ടൽക്കാടുകളും നിറഞ്ഞ ജൈവസമ്പന്ന മേഖലയാണ്. ചെന്നൈയിൽ നിന്ന് ഏകദേശം 800 മൈൽ (ഏതാണ്ട് 1300 കിലോ മീറ്റർ) കിഴക്ക് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ്, ഭൂമിശാസ്ത്രപരമായും തന്ത്രപ്രധാനമായ സ്ഥാനത്താണ്. എന്നാൽ, ഈ സ്വർഗീയ ദ്വീപ് ഇന്ന് വികസനത്തിന്റെ പേരിൽ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുകയാണ്.
ഷോംപെൻ, നിക്കോബാറീസ് എന്നീ ഗോത്രവർഗക്കാരുടെ ആവാസകേന്ദ്രംകൂടിയാണ് ഗ്രേറ്റ് നിക്കോബാർ. ഇന്ത്യൻ സർക്കാർ നിക്കോബാർ ദ്വീപുകളിൽ നടപ്പിലാക്കുന്ന വലിയ വികസന പദ്ധതി, പ്രത്യേകിച്ച് ഷോംപെൻ ഗോത്രം ഉൾപ്പെടെയുള്ള തദ്ദേശീയ ജനവിഭാഗങ്ങളുടെ നിലനില്പിന് ഗുരുതരമായ ഭീഷണിയായി മാറുമെന്ന ആശങ്കകൾ ഉയരുന്നു. ഷോംപെന്‍ എന്ന മംഗ്ലോയിഡ് വംശജരായ ഗോത്രസമൂഹം ഗലാത്തിയ, അലക്സാണ്ട്രിയ, ഡാഗ്മർ, ജൂബിലി നദീതടങ്ങളിലും കടൽ തീരങ്ങളിലുമായി ആയിരക്കണക്കിന് വർഷങ്ങളായി താമസിച്ചു വരുന്നവരാണ്. നിലനില്പിനായി പൂർണമായും മഴക്കാടുകളെ ആശ്രയിക്കുന്നു. പുറംലോകവുമായി വലിയ ബന്ധമില്ല. ഏറെക്കാലം ഒറ്റപ്പെട്ട് ജീവിച്ചതിനാൽ പുറംലോകവുമായി സമ്പർക്കം പുലർത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സാംക്രമികരോഗങ്ങൾ ഇവരെ കൂട്ടമരണത്തിലേക്ക് നയിച്ചേക്കാം എന്ന് വിദഗ്‌ധർ ആശങ്കപ്പെടുന്നു.
ആൻഡമാൻ നിക്കോബാർ പ്രൊട്ടക്ഷൻ ഓഫ് അബോറിജിനൽ ട്രൈബ്സ് റെഗുലേഷൻ (ANPATR 1956) 1956 – ൽ നിലവിൽവന്നു. ഈ നിയമം ദ്വീപിലേക്കുള്ള യാത്ര നിരോധിക്കുകയും 5 നോട്ടിക്കൽ മൈലിനുള്ളിൽ (9.3 കി.മീ.) ഉള്ള ഏതെങ്കിലും സാമീപ്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആൻഡമാനിലെയും ചില നിക്കോബാർ ദ്വീപുകളിലെയും പ്രധാന ദ്വീപുകളിൽനിന്ന് വ്യത്യസ്തമായി, ഗ്രേറ്റ് നിക്കോബാർ 1960-കളുടെ അവസാനം വരെ പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റ ശല്യങ്ങളില്ലാതെ തുടർന്നു. അക്കാലത്ത്, ഇന്തോനേഷ്യയുടെ പ്രാദേശിക വിപുലീകരണം തടയാൻ ലക്ഷ്യമിട്ട്, പ്രതിരോധ ആവശ്യങ്ങൾക്കായി തെക്കുകിഴക്കൻ തീരത്തെ ആറ് ഗ്രാമപ്രദേശങ്ങളിൽ വിമുക്തഭടന്മാരുടെ 330 കുടുംബങ്ങളെ സർക്കാർ കുടിയിരുത്തി. പിന്നീട് 1969-ൽ കേന്ദ്ര ഗവൺമെന്റിന്റെ മുന്‍കൈയില്‍ത്തന്നെ നടന്ന പുനരധിവാസ പദ്ധതിയാണ് ജനസംഖ്യാ കുത്തൊഴുക്കിന് കാരണമായത്, പ്രാഥമികമായി തെക്കൻ അതിർത്തിയിൽ ജനസാന്ദ്രത വർധിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യത്തെ മുൻനിറുത്തി ചെയ്തതായിരുന്നു അത്. 2013-ൽ യുനെസ്കോയുടെ ബയോസ്ഫിയർ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷിത പ്രദേശം കൂടിയാണ് ഗ്രേറ്റ് നിക്കോബാർ.
51 കിലോമീറ്റർ നീളമുള്ള ഒരു വടക്ക്-തെക്ക് റോഡ് നിർമിക്കുകയും ക്യാമ്പ്ബെൽ ബേയിൽ ഒരു ഭരണ ആസ്ഥാനം സ്ഥാപിക്കുകയും ചെയ്തതോടെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ വികസനം ആരംഭിച്ചു. ബോർഡർ റോഡ് ഓർഗനൈസേഷൻ പിന്നീട് 43 കിലോമീറ്റർ നീളമുള്ള ഒരു കിഴക്ക്-പടിഞ്ഞാറ് റോഡ് വഴി കിഴക്കൻ തീരത്തെ നിക്കോബാറീസ് ഗ്രാമമായ കോപെൻഹേഗുമായി ബന്ധിപ്പിച്ചു. ഈ വികസനം ദ്വീപിലേക്ക് കൂടുതൽ കുടിയേറ്റക്കാരെ ആകർഷിക്കുകയും ഷോംപെൻ ഗോത്രത്തിന്റെ പരമ്പരാഗതഭൂമിയിലും ജീവിതരീതിയിലും സമ്മർദം ചെലുത്തുകയും ചെയ്തു. ആൻഡമാൻ ദ്വീപുകളിലെ ഗ്രേറ്റ് ആൻഡമാനീസ്, ഓംഗെസ് എന്നിവ പോലെ, ഷോംപെൻ ഗോത്രവും രോഗങ്ങളും അവരുടെ പരമ്പരാഗത ജീവിതരീതിയിലെ ഇടപെടലുകളും മൂലം നാശത്തിന്റെ വക്കിലാണ്.
ഷോമ്പൻ ഗോത്രം ഏകദേശം 300 ആളുകളുടെ ഒരു ചെറിയ സമൂഹമാണ്. ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട തദ്ദേശീയ ഗോത്രങ്ങളിൽ ഒന്നാണത്. ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന അവർ ആധുനികതയുമായി യാതൊരു ബന്ധവുമില്ലാത്ത ജനതയാണ്. വേട്ടയാടൽ, മത്സ്യബന്ധനം, ഭക്ഷണം ശേഖരിക്കൽ, പന്നി വളർത്തൽ എന്നിവയാണ് അവരുടെ പ്രധാന ഉപജീവനമാര്‍ഗം. വേട്ടയാടലും മത്സ്യബന്ധനവും വർഷം മുഴുവനും നടത്തപ്പെടുന്നു. കുറഞ്ഞ പ്രത്യുത്പാദന നിരക്കും പരിമിതമായ ജനിതകവൈവിധ്യവും കാരണം ഷോംപെൻ ജനസംഖ്യ വെല്ലുവിളികൾ നേരിടുന്നു. സ്വേച്ഛാധിപത്യപരവും വിവേകശൂന്യവുമായ നയങ്ങളും പ്രയോഗങ്ങളും ഈ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നു. 1971-ൽ 212, 1981-ൽ 223, 1991-ൽ 131, 2001-ൽ 398, 2011-ൽ 229 എന്നിങ്ങനെയാണ് സെൻസസ് ഡാറ്റ കാണിക്കുന്നത്.
ആരംഭകാലം മുതലേ ഈസ്റ്റ്-വെസ്റ്റ് റോഡിന്റെ നിർമാണവും അറ്റകുറ്റപ്പണികളും ഷോംപെൻ ഗോത്രത്തിനു വലിയ ഭീഷണിയായിരുന്നു. വളരെക്കാലം മുമ്പ് നിർമിച്ച് ഉപേക്ഷിക്കപ്പെട്ട ഈ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ പതിറ്റാണ്ടുകളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. എന്നാൽ, 2004-ലെ സുനാമിക്ക് ശേഷം റോഡ് ഉൾപ്പെടെ നിരവധി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടന്നിട്ടുണ്ട്.
ഇത്തരത്തില്‍ ഷോംപെൻ ജനവിഭാഗം വീണ്ടും അവരുടെ ഭൂമിയിലേക്കുള്ള കടന്നുകയറ്റ ഭീഷണിയെ അഭിമുഖീകരിക്കുകയാണ്. കൂടാതെ, വൻകരയിൽനിന്നുള്ള തൊഴിലാളികൾ മറ്റൊരു സംസ്കാരം അവതരിപ്പിക്കുന്നു. അതിലുംകൂടുതൽ ആശങ്കയുളവാക്കുന്നത് ഇത്തരം കടന്നുകയറ്റത്തിലൂടെ പടരുന്ന രോഗങ്ങളാണ്. പ്രതിരോധശേഷി കുറഞ്ഞ ഗോത്രസമൂഹത്തിൽ ഈ രോഗങ്ങൾ അതിവേഗം പടരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് വയറിളക്കം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഗോത്രവർഗക്കാർക്കിടയിൽ നിരവധി മരണങ്ങൾ സംഭവിച്ചു. പുറത്തുനിന്നുള്ള ജനങ്ങളുമായുള്ള പരിമിതമായ ഇടപെടൽപോലും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ഗോത്രത്തിന് ദോഷകരമാണെന്ന് ഇത് കാണിക്കുന്നു. ഒരു ചെറിയ റോഡ് ഈ ആദിവാസികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. അവരുടെ ചെറിയ ദ്വീപ് ഒരു തന്ത്രപ്രധാന സ്ഥലമായി മാറിയതിനാൽ അവർ ഇപ്പോൾ കൂടുതൽ അപകടസാധ്യത നേരിടുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്ത്, മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യത്തെ പ്രതിരോധിക്കുന്ന ‘ഗ്രേറ്റ് നിക്കോബാറിന്റെ സമഗ്ര വികസനം’ എന്ന പേരിൽ 2021-ല്‍ തുടങ്ങിയ പദ്ധതിയെ സുരക്ഷയ്ക്കും പ്രതിരോധത്തിനും അത്യന്താപേക്ഷിതമായാണ് സർക്കാർ കാണുന്നത്. പോർട്ട് ബ്ലെയർ ആസ്ഥാനമായുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സംയോജിത വികസന കോർപ്പറേഷനാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 75,206 കോടി രൂപ ചെലവിൽ നിക്കോബാർ ദ്വീപിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം. അടിസ്ഥാനസൗകര്യവികസനം ആദ്യം കൊണ്ടുവരും ഇതിന്റെ ഭാഗമായി കപ്പലുകള്‍ക്ക് വന്നുപോകാവുന്ന ഒരു ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനൽ, ആവശ്യത്തിന് ഊജം കിട്ടാൻ ഗ്യാസ്-സൗരോർജ പ്ലാന്‍റ് എന്നിവ പണിയും. ഒരു ഗ്രീൻഫീല്‍ഡ് വിമാനത്താവളം, എന്നിവയും ഇവിടെ നിർമിക്കും. വ്യാവസായിക പാർക്ക്, നാവിക പ്രതിരോധ കേന്ദ്രം എന്നിവയും ഉൾപ്പെടുന്നു. നിലവിൽ 8,000 പേർ താമസിക്കുന്ന ദ്വീപിൽ 650,000 പുതിയ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനും പദ്ധതിയിടുന്നു. ഈ പദ്ധതി ഇന്ത്യൻ നിയമങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നുവെന്നും വലിയ സാമൂഹികവും പാരിസ്ഥിതികവുമായ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നും വിമർശകർ വാദിക്കുന്നു.
‘ട്രൈബൽ റിസർവിന്റെ’ ഡീനോട്ടിഫിക്കേഷനായിരുന്നു പ്രവര്‍ത്തനം തുടങ്ങാനുള്ള പ്രധാന വിലങ്ങുതടി. ദ്വീപ് ഭരണ അധികാരികളുടെ എംപവേർഡ് കമ്മിറ്റി ഈ പ്രദേശം ഡീനോട്ടിഫിക്കേഷൻ ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ഭരണകൂടം, ആദിവാസി റിസർവ് കുറച്ചതിനെ ന്യായീകരിക്കുകയാണുണ്ടായത്. നഷ്ടപരിഹാരമായി മറ്റു ചില ഭൂപ്രദേശങ്ങളെ ആദിവാസി റിസർവുകളായി വീണ്ടും വിജ്ഞാപനം ചെയ്തു. എന്നാൽ, നിർദിഷ്ട പദ്ധതിപ്രദേശത്തെ വനപ്രദേശങ്ങളും നദീതടപ്രദേശങ്ങളും യഥാർഥത്തിൽ മേച്ചിൽപ്പുറങ്ങളും ഷോംപെൻ ജനവിഭാഗത്തിന്റെ വാസസ്ഥലങ്ങളും ഉൾക്കൊള്ളുന്നു എന്നതാണ് വസ്തുത. ഏതൊരു ഭൂമിയും പരസ്പരം മാറ്റാവുന്നതും ആദിവാസികളുടെ ആവശ്യങ്ങൾക്ക് അനുരൂപവുമാണെന്ന ധാരണ അടിസ്ഥാനപരമായി തെറ്റാണ്. തദ്ദേശവാസികളുടെ ആവശ്യങ്ങളെക്കുറിച്ചും ദ്വീപിന്റെ ജൈവ-ഭൗതിക വൈവിധ്യത്തെക്കുറിച്ചും ഉള്ള ധാരണയുടെ അഭാവം ഇത് വെളിപ്പെടുത്തുന്നു.
2024 അവസാനത്തോടെ ഗലാത്തിയ ബേയിലെ തുറമുഖത്തിന്റെ നിർമാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവർഷം 16 ദശലക്ഷം ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി തുറമുഖത്തിനുണ്ടാകും. 2028-ഓടെ ഇത് പ്രവർത്തനക്ഷമമാകും എന്ന് കരുതുന്നു. ഈ പദ്ധതിക്കെതിരെ ഇന്ത്യൻ പൗരസമിതികളിലെ സംഘടനകളിൽനിന്ന് ആശങ്കകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ദ്വീപിലെ 850,000 മരങ്ങൾ മുറിക്കാൻ പരിസ്ഥിതി മന്ത്രാലയം ഇതിനകം അനുമതി നല്കിയിട്ടുണ്ട്. നിക്കോബാർ ദ്വീപിലെ വികസന പദ്ധതി സംബന്ധിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. എന്നിരുന്നാലും, പദ്ധതി മുന്നോട്ട് പോകുമെന്നും പാരിസ്ഥിതികവും സാമൂഹികവുമായ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അവർ ഉറപ്പുനല്കിയിട്ടുണ്ട്. ഈ പദ്ധതി ഇന്ത്യയുടെ വികസനത്തിൽ പ്രധാന നാഴികക്കല്ലായിരിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പിന്തുണ നല്കുമെന്നുമാണ് അധികൃതരുടെ അവകാശവാദം. പദ്ധതിയുടെ ഓരോ വശവും വിവിധമന്ത്രാലയങ്ങൾ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും സ്ഥലത്തെ വൈവിധ്യങ്ങൾക്ക് ഭീഷണിയുണ്ടാക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുള്ള നരവംശ ശാസ്ത്രഞ്ജർ ഇന്ത്യയോട് ഈ പദ്ധതി പുനർവിചിന്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വേട്ടക്കാരായ ഷോംപെൻ ജനതയ്ക്ക് ഇതൊരു വധശിക്ഷയായിരിക്കുമെന്ന് അവർ മുന്നറിയിപ്പ് നല്കുന്നു. ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിസ്ഥിതിപ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നീണ്ടവാലുള്ള കുരങ്ങന്മാരായ മക്കാക്കുകൾ, ചെറിയ സസ്തനിയായ മരയെലി, ചെവിയൻ നത്തുകൾ എന്നിവയുൾപ്പെടെ നിരവധി തദ്ദേശീയ ജീവിവര്‍ഗത്തിനു ഗ്രേറ്റ് നിക്കോബാർ അറിയപ്പെടുന്നു. ലെതർബാക്ക് കടലാമകൾ കൂടുകൂട്ടുന്ന പ്രദേശമാണ് ഗലാത്തിയ. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തെളിയിക്കുന്നത് ഈ പദ്ധതി 12 മുതൽ 20 ഹെക്ടർ വരെ വിലപ്പെട്ട കണ്ടൽക്കാടുകൾ നശിപ്പിക്കുമെന്നാണ്. ഈ പ്രദേശം ധാരാളം ഓരുജല മുതലകളുടെ ആവാസകേന്ദ്രമാണ്, അവ പുഴകളിലും അവയുടെ കൈവഴികളിലും കാണപ്പെടുന്നു. ഈ ഓരുജല മുതലകൾ ഷോംപെൻ ജനസമൂഹത്തിന്റെ ഒരു പ്രധാന ഭക്ഷണമാണ്. ആദിവാസിസമൂഹങ്ങളുടെ തെക്കൻപ്രദേശങ്ങളിലെ വേട്ടയാടലിനെയും മേച്ചിൽസ്ഥലങ്ങളെയും അവരുടെ നിര്‍മലമായ നദീവ്യവസ്ഥയെയും ഈ പദ്ധതി ബാധിക്കും. വനങ്ങൾ, അവയുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ സ്രോതസ്സുകളായ പാണ്ടാനസ് മരങ്ങൾ, നദികൾ എന്നിവ നശിക്കുന്നതോടെ അവരുടെ നിലനില്പുതന്നെ ബുദ്ധിമുട്ടാകും. ഈ പദ്ധതി ഷോംപെൻ ജനതയുടെ മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നു. എത്ര ശ്രദ്ധയോടെ പദ്ധതി നടപ്പാക്കിയാലും, അതിന്റെ വ്യാപ്തി ഈ ദുർബലരായ ആളുകളെ ബാധിക്കും എന്നതിൽ സംശയമില്ല. അവരുടെ പൂർവിക പാരമ്പര്യങ്ങളും വിശ്വാസങ്ങളും ഇല്ലാതാകുമെന്ന ഭയം അവരെ വേട്ടയാടും. ഈ മാറ്റങ്ങൾ മാനസിക സമ്മർദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും.
‘വികസിത് ഭാരത്’ എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിന് ഈ പദ്ധതി പ്രധാനമാണ്. പക്ഷേ, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും സമഗ്രവും സുസ്ഥിരവുമായിരിക്കണം. സമഗ്രവികസന പദ്ധതിയുടെ ഊന്നൽ അടിസ്ഥാനസൗകര്യവികസനത്തിൽ മാത്രമല്ല, പ്രാകൃതഗോത്രങ്ങളുടെയും പരിസ്ഥിതിയുടെയും നിലനില്പിനെക്കുറിച്ചുള്ള ആശങ്കകളും ഉൾപ്പെടുത്തണം.