പുതുനൂറ്റാണ്ടിലെ പ്രതിനിധിനോവലുകളിലൂടെ ഒരു “പ്രസന്ന” പര്യടനം – ദൃശ്യ പത്മനാഭൻ

പുതുനൂറ്റാണ്ടിലെ പ്രതിനിധിനോവലുകളിലൂടെ ഒരു “പ്രസന്ന” പര്യടനം – ദൃശ്യ പത്മനാഭൻ

നോവൽ എന്ന സാഹിത്യരൂപത്തെ നമുക്കൊരിക്കലും പൂർണമായി നിര്‍വചിക്കാൻ കഴിയില്ല. കാരണം, എല്ലാ നിര്‍വചനങ്ങളെയും പൊളിച്ചെഴുതുകയാണ്‌ ഓരോ നോവലും. അതിനാല്‍ത്തന്നെ ദിനംപ്രതിയെന്നോണം നവീകരിക്കപ്പെടുന്ന സാഹിത്യരൂപമായേ നോവലിനെ കണക്കാക്കാനാവൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നോവലുകളെ തന്റേതായ നിരീക്ഷണങ്ങളിലൂടെ സൂക്ഷ്മാപഗ്രഥനത്തിന്‌ വിധേയമാക്കുന്ന പുസ്തകമാണ്‌ പ്രശസ്ത നിരൂപകനായ പ്രസന്നരാജന്റെ “മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ”.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പത്തൊന്‍പത്‌ നോവലുകളിലെ നെല്ലുംപതിരും വേര്‍തിരിച്ച്‌ അവയുടെ ആസ്വാദനപരിസരത്തെ സമഗ്രമായി പരിശോധിക്കുകയാണ്‌ എഴുത്തുകാരൻ; അതും മലയാള നോവലിലെ സമകാലികപരിസരത്തുനിന്നുകൊണ്ട്‌ നാലു അധ്യായങ്ങളിലായി 22 ലേഖനങ്ങൾ. നോവൽ യാഥാര്‍ഥ്യങ്ങളും മാന്ത്രികഭാവനകളും തുടങ്ങി മലയാള നോവലിലെ കറുത്ത ഓര്‍ഫ്യൂസ്‌ വരെയുള്ള 22 ലേഖനങ്ങൾ. ഇതാണ്‌ പുസ്തകത്തിന്റെ പ്രത്യക്ഷഘടന. മലയാളനോവലിൽ പലപ്പോഴും ചര്‍ച്ചചെയ്യുന്ന, അനീതികളും അസ്വാതന്ത്ര്യവുംകൊണ്ട്‌ തകര്‍ന്നുപോവുന്ന മനുഷ്യജന്മങ്ങളുടെ അതിജീവനവും കുതിപ്പുകളും തന്നെയാണ്‌ പ്രസന്നരാജനും ഇവിടെ നോവൽപഠനത്തിന്റെ ക്രേന്ദ്രബിന്ദുവായി കണക്കാക്കുന്നതും.


ഇതിലെ ഓരോ ലേഖനത്തിലൂടെ എഴുത്തുകാരൻ നിരീക്ഷിക്കുന്നത്‌ നോവൽ സാഹിത്യരൂപത്തിലെ ബഹുസ്വരതകളെയും ജനാധിപത്യമൂല്യങ്ങളെയുമാണ്‌. കേരളീയപരിസരത്തെ ആഴത്തിൽ പല നോവലുകളും സ്വാധീനിച്ചിട്ടുണ്ട്‌. അവയുടെ ആദര്‍ശങ്ങളെയും ദര്‍ശനങ്ങളെയും വൈകാരികമണ്ഡലത്തെയും ഇവിടെ പഠനവിധേയമാക്കുന്നു. ഇതിലൂടെയൊക്കെ എഴുത്തുകാരൻ നിരീക്ഷിച്ചു കണ്ടെത്തുന്നത്‌, മലയാളനോവല്‍പാരമ്പര്യത്തെ പരിശോധനാവിധേയമാക്കിയാൽ ആഗോളനോവലിനോളം പ്രൗഢിയും കാലത്തെ അതിജീവിക്കാനുള്ള ശേഷിയും അതിനുണ്ടെന്നാണ്‌.


ഗ്രന്ഥകര്‍ത്താവിന്റെ സഹായത്തോടെ വായനക്കാരൻ നടത്തുന്ന പുനഃസൃഷ്ടിയാണ്‌ വായനയെന്ന സാര്‍ത്രിന്റെ വാക്കുകളും നാം വായിക്കുമ്പോൾ നമ്മെത്തന്നെ കാണുന്നുവെന്ന ഓര്‍ഹാൻ പാമുക്കിന്റെ നിരീക്ഷണവും ആധുനികയുഗത്തിന്റെ ഇതിഹാസമാണ്‌ നോവൽ എന്ന ലൂക്കാച്ചിന്റെ നിരീക്ഷണവും ശരിവയ്ക്കുകയാണ്‌ ഒരർഥത്തിൽ ഗ്രന്ഥകാരൻ ചെയ്യുന്നത്‌. പുസ്തകത്തിലെ ആദ്യ അധ്യായങ്ങളിൽ ഈ കാലഘട്ടത്തിലെ ലോകനോവലിന്റെ രചനാഭാവുകത്വപരിസരങ്ങൾ പരിശോധിച്ച്‌ നിരന്തരം മാറ്റങ്ങളാൽ സഞ്ചരിക്കുന്ന നോവൽ സാഹിത്യരൂപത്തിന്റെ ആധുനികാവസ്ഥയെക്കുറിച്ചുള്ള നിരീക്ഷങ്ങളാണുള്ളത്‌.


എഴുത്തുകാരന്റെ സഹായത്തോടെ വായനക്കാരൻ നടത്തുന്ന പുനഃസൃഷ്ടിയാകുന്ന വായന ഇന്ന്‌ സങ്കീര്‍ണമാണ്‌. കാരണം, ഭാഷയുടെ ക്രമവും രീതിയും മാറുന്നു, ഭാവനയുടെ വഴികൾ കൂടുതൽ കെട്ടുപിണഞ്ഞു കിടന്നു മാന്ത്രികമാകുന്നു. അതുകൊണ്ടുതന്നെ വായന കഠിനവും സുക്ഷ്മവുമാവുന്നു. അതിലൂടെ തന്നെക്കുറിച്ചും ലോകയാഥാര്‍ഥ്യങ്ങളെക്കുറിച്ചും അറിയുകയാണ്‌ ഇന്നത്തെ വായനക്കാർ. സാഹിത്യകലയിലൂടെ യാഥാര്‍ഥ്യമറിയാത്തയാൾ സ്വന്തം കാലത്തെ പൂർണമായി അറിയുന്നില്ല, അയാള്‍ക്ക്‌ തന്നെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ വേണ്ട്രത തിരിച്ചറിവ്‌ ലഭിക്കുന്നില്ല എന്നതാണ്‌ സത്യം എന്ന എഴുത്തുകാരന്റെ അഭിപ്രായത്തോട്‌ ഒരു പരിധിവരെ മാത്രമേ യോജിക്കാൻ കഴിയുകയുള്ളൂ. കാരണം, നോവലുള്‍പ്പെടെ, കഥാപരിധിയിലുള്‍പ്പെടുത്താവുന്ന രചനകളിൽ ജീവിതമുണ്ട്‌. പക്ഷേ, അവയൊന്നും യഥാര്‍ഥജീവിതമാകണമെന്നില്ല. യഥാര്‍ഥജീവിതത്തിന്റെ ഭാവനാസ്പര്‍ശമുള്ള അവതരണങ്ങളായിരിക്കും അവ. അതായത്‌ യഥാര്‍ഥജീവിതത്തിന്റെ പ്രതിഫലനങ്ങൾ. വായനക്കാരുടെ ചിന്താഗതിയിൽ, കാഴ്ചപ്പാടിൽ വന്നിട്ടുള്ള വലിയൊരു പരിവര്‍ത്തനം ഇതിലെ ലേഖനങ്ങളിൽനിന്നു മനസ്സിലാക്കാം. അത്രത്തോളം സൂക്ഷ്മതയോടുകൂടിയും വസ്തുനിഷ്ഠവുമായാണ്‌ പ്രസന്നരാജൻ ഇതിലെ ലേഖനങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്‌. ഏതൊരു സാഹിത്യകൃതിയെടുത്തു നോക്കിയാലും ജീവിതാവസ്ഥകളുടെ, മനുഷ്യാവസ്ഥകളുടെ, സാമൂഹികാന്തരീക്ഷത്തിന്റെ പ്രതിഫലനങ്ങൾ കാണാൻ കഴിയും. അധികാരം, സ്വാതന്ത്ര്യം, വിശ്വാസം, ജീവിതം, ജനാധിപത്യബോധ്യങ്ങൾ എന്നിവയുടെ മേൽ മനുഷ്യര്‍ക്കുള്ള അടുപ്പം എങ്ങനെയാണ്‌ നോവലിന്റെ ആഖ്യാനപരിസരത്തു വരുന്നതെന്നും കാണാം.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രകാശിതമായ ശ്രദ്ധേയമായ മലയാളനോവലുകളെക്കുറിച്ചുള്ള ഗഹനവും പരപ്പുള്ളതുമായ സൂക്ഷ്മാപഗ്രഥനങ്ങളാണ്‌ ഈ കൃതിയിലുള്ളത്‌. അതോടൊപ്പംതന്നെ നോവലിന്റെ നാള്‍വഴികളെയും അടയാളപ്പെടുത്തുന്നുണ്ട്‌. ആഗോള നോവൽസാഹിത്യത്തിന്റെ ചരിത്രവും നോവല്‍യാഥാര്‍ഥ്യങ്ങളും വിവരിക്കുന്ന ആദ്യ അധ്യായം ഒരർഥത്തിൽ പറഞ്ഞാൽ മുന്നു അധ്യായങ്ങളിലേക്ക്‌ കയറിച്ചെല്ലാനുള്ള ചവിട്ടുപടിയാണ്‌. “ഇടിഞ്ഞു പൊളിഞ്ഞ ലോകത്തിന്റെ അവശിഷ്ടങ്ങൾ” എന്ന ലേഖനം ആനന്ദിന്റെ 2001-ൽ പ്രസിദ്ധപ്പെടുത്തിയ “അപഹരിക്കപ്പെട്ട ദൈവങ്ങൾ” എന്ന നോവലിനെ ആഴത്തിൽ നിരീക്ഷിക്കുകയാണ്‌. സമകാലികമായ ഇന്ത്യൻ അവസ്ഥ എന്നും ആനന്ദിനെ അലട്ടിയിരുന്നു. അതിനാല്‍ത്തന്നെ പ്രാദേശികവും ദേശീയവുമായ ഭാവനകളിലും വിചാരധാരകളിലും കുടുങ്ങിനില്ക്കാതെ ലോകാവസ്ഥ എന്തെന്ന, കര്‍ശനമായ സത്യസന്ധതയോടെയുള്ള അന്വേഷണമാണ്‌ ആനന്ദിന്റെ കൃതികളെന്ന്‌ എഴുത്തുകാരൻ അടിവരയിട്ടു പറയുന്നു. അതോടൊപ്പം അദ്ദേഹം, കേരളത്തിലെ ബാഹ്യമായ സാമൂഹികരാഷ്ട്രീയാന്തരീക്ഷം ആനന്ദിന്റെ ഒരു രചനയിലും കാണാൻ കഴിയുകയില്ലെന്ന പലരുടെയും ആരോപണങ്ങള്‍ക്ക്‌, ഈ കാലത്ത്‌ ജീവിക്കുന്ന എല്ലാവരും അനുഭവിക്കുന്ന രാഷ്ട്രീയഭീതികളും ഉല്‍ക്കണ്ഠകളും ബുദ്ധിപരമായ കൈയേറ്റത്തിന്‌ വിധേയമാകുമ്പോഴുള്ള അസ്വാതന്ത്ര്യത്തിന്റെ യാതനകൾ ആനന്ദിന്റെ രചനകളിലുണ്ടാവുമെന്ന തന്റെ നിരീക്ഷണങ്ങളിലൂടെ മറുപടി കൊടുക്കുകയുംചെയ്യുന്നുണ്ട്‌. ആനന്ദിന്റെ രചനകളിലെ ഉള്‍ക്കാഴ്ചകളെയും കാലാതിവര്‍ത്തിയായിത്തീരുന്ന ദര്‍ശനങ്ങളെയും നിരീക്ഷണവിധേയമാക്കുന്നുണ്ട്‌. ശേഷം എം. മുകുന്ദന്റെ “ദല്‍ഹി ഗാഥകൾ” എന്ന നോവലിനെയും സേതുവിന്റെ “മറുപിറവി” എന്നീ നോവലുകളുമാണ്‌ പഠനവിധേയമാകുന്നത്‌.


എം. മുകുന്ദന്റെ ഉള്ളിൽ എക്കാലവും ഒരു കുട്ടിയുണ്ടെന്നാണ്‌ പ്രസന്നരാജന്‍ പറയുന്നത്‌. ഇക്കഴിഞ്ഞ അരനുറ്റാണ്ടുകാലത്തെ ഇന്ത്യയുടെ ചരിത്രത്തിലൂടെ കടന്നുപോയപ്പോൾ മനുഷ്യാവസ്ഥ നേരിട്ട ദുര്‍ഗങ്ങളും പ്രതിസന്ധികളുമാണ്‌ വാത്സല്യംതുളുമ്പുന്ന ശിശുവിന്റെ വാക്കുകളിലൂടെയും ഭാവനയിലൂടെയും എം.മുകുന്ദൻ “ദല്‍ഹി ഗാഥകളി”ലൂടെ അടയാളപ്പെടുത്തുന്നതെന്നാണ്‌ പ്രസന്നരാജൻ കണ്ടെത്തുന്നത്‌. പേടിസ്വപ്നങ്ങളിലും പൊള്ളുന്ന പകല്‍ക്കിനാവുകളിലും ഭ്രമാത്മകതയിലും വളരെക്കാലം ജീവിച്ച സേതു പിന്നീട്‌ കാലവും കലയും കാഴ്ചപ്പാടുകളും മാറിയപ്പോൾ ആദ്യകാലത്ത്‌ മാറ്റിനിറുത്തിയ ജീവിതത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങളും വംശചരിത്രവും ദേശചരിത്രവും, തന്റെ രചനകളുടെ ക്രേന്ദഭാവമാക്കിത്തുടങ്ങിയെന്ന്‌ എഴുത്തുകാരൻ ചുണ്ടികാണിക്കുന്നുണ്ട്‌. രാഷ്ട്രീയമായ രൂക്ഷപ്രശ്നങ്ങളിലേക്ക്‌ ഉറച്ച ചുവടുവയ്പുകളോടെ നടന്ന്‍ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വര്‍ത്തമാനകാല യാഥാർഥ്യത്തിന്റെയും അടിത്തട്ടുതേടിയുള്ള അതായത്‌, മനുഷ്യന്റെ വേരുകൾ തേടിയുള്ള യാത്രയാണ്‌ 2011-ൽ ഇറങ്ങിയ സേതുവിന്റെ “മറുപിറവി”.


മഹാഭാരതം എന്ന ഇന്ത്യൻ ഇതിഹാസത്തെ ആസ്പദമാക്കി കെ.പി.നിർമൽകുമാർ രചിച്ച “ജനമേജയന്റെ ജിജ്ഞാസ” എന്ന നോവലും എൻ.എസ്‌.മാധവന്റെ 2003-ൽ ഇറങ്ങിയ “ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ” എന്ന നോവലും സാറാജോസഫിന്റെ “മാറ്റാത്തി’ എന്ന നോവലും എൻ.പ്രഭാകരന്റെ “ഒറ്റയാന്റെ പാപ്പൻ” എന്ന കൃതിയും സി.വി.ബാലകൃഷ്ണന്റെ “ദിശയും ഒടുവിലായി ആന്തരികമായനുഭവിച്ച ലോകയാഥാര്‍ഥ്യങ്ങൾ പുനരാവിഷ്കരിക്കുവാൻ വ്യത്യസ്തമായ ഭാവനയും ആവിഷ്കരണമാര്‍ഗങ്ങളും തിരയുന്ന “ദൈവത്തിന്റെ പുസ്തക”മെന്ന കെ.പി.രാമനുണ്ണിയുടെ നോവലും മൂന്നാമത്തെ അധ്യായത്തിൽ പഠനവിധേയമാക്കുന്നു.


മലയാളനോവലിൽ സമീപകാലത്തുണ്ടായ മൗലികരചനകളിലൊന്നായ കെ.പി.നിർമൽകുമാറിന്റെ “ജനമേജയന്റെ ജിജ്ഞാസ”യെ സൂക്ഷ്മമായി നിരീക്ഷിക്കാനും അതിലുന്നയിച്ച പ്രശ്നങ്ങൾ വിലയിരുത്താനും വിമര്‍ശകർ മുന്നോട്ടുവന്നിട്ടില്ലെന്നതിന്‌ കാരണമായി പ്രസന്നരാജൻ പറയുന്നത്‌, മഹാഭാരതത്തിലെ എത്രകേട്ടാലും മതിവരാത്ത കഥ യാന്ത്രികമായി പുനരാവിഷ്കരിക്കുകയല്ല കെ. പി. നിർമൽകുമാർ ചെയ്യുന്നത്‌, മഹാഭാരതത്തെയും അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും ചോദ്യം ചെയ്തും അപ്രിയകരങ്ങളായ സംശയങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുകയും, മൂല്യസങ്കല്പങ്ങളെ അപഹസിച്ചും മുന്നോട്ടുപോവുന്നതിനോടൊപ്പം ഇതിഹാസത്തെ നിശിതമായി വിചാരണചെയ്യുകയുമാണദ്ദേഹം. അഭൗമവും പ്രകൃത്യതീതവുമായ ശക്തികളുടെ പ്രവർത്തനത്തെ ചോദ്യംചെയ്തും, പുരാവൃത്തത്തിലെ ആന്തരികവൈരുധ്യങ്ങളും അസംബന്ധം നിറഞ്ഞ കാഴ്ചപ്പാടുകളും ഇഴപിരിച്ചും പരിശോധിക്കുന്നു, പാരമ്പര്യത്തിൽ ഉറഞ്ഞുകിടക്കുന്ന ദുഷ്ടമൂര്‍ത്തികളെ പുറത്തുകൊണ്ടുവരുകയും ചെയ്യുന്നു. മഹാഭാരതത്തിലെ ചില കഥാസന്ദര്‍ഭങ്ങൾ വിവരിച്ചു ശിഥിലമായ ചിത്രങ്ങൾ വരച്ചുചേര്‍ത്തും വാദപ്രതിവാദങ്ങൾ അവതരിപ്പിച്ചും വിമര്‍ശനാത്മകമായി സഞ്ചരിക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ടാവാം കെ.പി.നിർമല്‍കുമാറിന്റെ നോവലിന്‌ വേണ്ട്രത സ്വീകാര്യത ലഭിക്കാതിരുന്നത്‌ എന്ന കണ്ടെത്തലാണ്‌ ഇവിടെ പ്രസന്നരാജന്റേത്‌. ഈ നോവലിലെ കല, കുഞ്ചൻ നമ്പ്യാരുടെ സാഹിത്യകലയെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ ആനന്ദനൃത്തമാടുന്ന ലൂസിയുടെ മേൽ അധീശശക്തികൾ നടത്തുന്ന ക്രൂരതാണ്ഡവമാണെന്നാണ്‌ സാറാജോസഫിന്റെ ‘മാറ്റാത്തി’ എന്ന നോവലിനെ വിലയിരുത്തുന്നത്‌.


നാലാം അധ്യായത്തിൽ രാഷ്ട്രീയവും ചരിത്രപരവുമായ സംഭവവികാസങ്ങളോടുള്ള മലയാള നോവലിന്റെ സമീപനമാണ്‌. ഇ.സന്തോഷ്കുമാർ, കെ.ആർ.മീര, സുഭാഷ്‌ ചന്ദ്രൻ, ടി.പി.രാജീവൻ, ടി.ഡി.രാമകൃഷ്ണൻ, സുസ്മേഷ്‌ ചന്ദ്രോത്ത്‌, വി.ജെ.ജെയിംസ്‌, ഇ.പി.ശ്രീകുമാർ,പി.എ.ഉത്തമൻ, ബെന്യാമിൻ തുടങ്ങിയവരുടെ ഓരോ നോവലും പഠനവിധേയമാക്കുന്നുണ്ട്‌. ഈ പുസ്തകത്തിലൂടെ നോവൽ സാഹിത്യരൂപത്തെക്കുറിച്ചും അതിന്റെ പൊതുസ്വഭാവങ്ങളെക്കുറിച്ചും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളനോവലിന്റെ ഭാവുകത്വപരിസരങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വ്യക്തമായൊരു രൂപരേഖ ലഭിക്കും.


ഈ കൃതിയിലെ 22 ലേഖനങ്ങളിലൂടെ കടന്നുപോയാൽ എഴുത്തുപോലെ ബുദ്ധിപരവും സര്‍ഗാത്മകവും ക്രിയാത്മകവുമായ പ്രവൃത്തിയായി വായന മാറുന്നത്‌ കാണാൻ കഴിയും. വായനയെന്നത്‌ കേവലം അക്ഷരങ്ങളിലൂടെ, വാക്കുകളിലൂടെ നടത്തുന്ന പ്രക്രിയ മാത്രമല്ല മറിച്ച്‌, മാറിവരുന്ന സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരികാവസ്ഥകളുടെ വെളിച്ചത്തിൽ നടത്തേണ്ട ഒന്നാണ്‌. അത്തരത്തിലാണ്‌ ഇവിടെ നിരൂപകൻ ഓരോ നോവലിനെയും സമീപിക്കുന്നത്‌. മലയാളനോവലിന്റെ ചരിത്രവഴികളിലേക്കുകൂടി സഞ്ചരിക്കുന്നുണ്ട്‌ പ്രസന്നരാജൻ. പരന്നവായനയുടെയും വേറിട്ട ചിന്താധാരകളുടെയും ഔഷധക്കൂട്ടാണ്‌ ഈ കൃതി. ഈ പുസ്തകത്തിൽ എടുത്തുപറയേണ്ടത്‌ ഇതിൽ പ്രസന്നരാജൻ തന്റെ നിരീക്ഷണങ്ങളെയും കണ്ടെത്തലുകളെയും വായനക്കാരിലേക്ക്‌ അടിച്ചേല്പിക്കുകയല്ല ചെയ്യുന്നത്‌; മറിച്ച്‌, പുനര്‍വായനയ്ക്കുള്ള ബഹുസ്വരതയുടെ വാതിൽ തുറന്നിടുക കുടിയാണ്‌. മലയാളനോവലിന്റെ അഗാധഗര്‍ത്തങ്ങളിലേക്ക്‌ പ്രസന്നരാജൻ ഇറങ്ങിച്ചെന്നതിന്റെ സത്തയാണ്‌ “മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ” എന്ന ഗ്രന്ഥം.