സംഭാഷണം

സംഭാഷണം

കോരിക്കുടിപ്പിക്കുന്ന അധ്യാപകരല്ല

സങ്കീർണപാഠങ്ങളിൽ അവഗാഹം നേടാൻ

സഹായിക്കുന്ന പണ്ഡിതരാണാവശ്യം

ഡോ.രാജന്‍ ഗുരുക്കൾ/ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് 


നിബന്ധനകൾ വയ്ക്കാത്ത ഉന്നതവിദ്യാഭ്യാസത്തിലേക്ക് നമ്മെ നയിക്കുവാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് സാധിക്കുമോ? ഴാക് ദെറീദ 2002-ൽ എഴുതിയ മാസ്മരികമായ ഒരു ലേഖനമുണ്ട്, വ്യവസ്ഥകളില്ലാത്ത സർവകലാശാല – A University Without Condition. അത്തരത്തിലുള്ള അവസ്ഥയിലേക്ക് നാം എന്നു പ്രവേശിക്കും എന്ന ചിന്ത വെറും ഭാവനയാണോ? സങ്കല്പനമാണോ? കേരളത്തിലെ നാലുവർഷ ബിരുദ പരിഷ്ക്കാരങ്ങളിലേക്ക് എഴുത്തിന്റെ ഒരു ആഴ്ന്നിറങ്ങൽ.


കേരളത്തിലെ ഉന്നതവിദ്യാഭ്യാസം  ഘടനാപരവും, ബൗദ്ധികപരവും, പ്രവൃത്തിപരവുമായ ഒരു കുടമാറ്റത്തിലേക്ക് പ്രവേശിക്കുകയാണ്. ബിരുദപ്രോഗ്രാമുകൾ കഴിഞ്ഞ കാലയളവുകളിൽ മൂന്നു വർഷമായിരുന്നുവെങ്കിൽ, ഈ ജൂൺ മുതൽ നാലുവർഷ പ്രോഗ്രാമായി മാറുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ (2020) ഭാഗമായുള്ള മാറ്റങ്ങൾത്തന്നെയാണെങ്കിലും, കേരളത്തിൽ ഇതു നടപ്പിൽ വരുത്തുന്നത് 2022 ജൂലൈയിൽ പ്രസിദ്ധീകരിച്ച, ശ്യാം ബി. മേനോന്‍ ചെയര്‍മാനായ, ‘കമീഷന്‍ ഫോർ റീഫോംസ് ഇന്‍ ഹയർ എഡ്യുക്കേഷൻ’ എന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങൾകൂടി കണക്കിലെടുത്താണ്. ഇനിമുതൽ നാലുവര്‍ഷ ബിരുദത്തിന് ചേരുന്നവര്‍ക്ക് മൂന്നാംവര്‍ഷം ബിരുദവും നാലാംവര്‍ഷം ഓണേഴ്സ് ബിരുദവുമാണ് ലഭിക്കുക. ഓണേഴ്‌സ് ഡിഗ്രക്കാര്‍ക്ക് പി.ജിക്ക് ഒരുവര്‍ഷം പഠിച്ചാൽ മതി. ഫലത്തിൽ ഈ പരിഷ്ക്കാരങ്ങൾ ബിരുദാനന്തബിരുദപഠനങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല. കേരളത്തിൽ യു.ജി.സിയുടെ പ്രോഗ്രാമിൽനിന്ന്​ വ്യത്യസ്തമായി മൂന്നാംവര്‍ഷം മാത്രമാണ് പ്രോഗ്രാമിൽനിന്ന് പുറത്തു പോകുവാൻ (എക്‌സിറ്റ് ഓപ്ഷൻ) വിദ്യാർഥികൾക്ക് സാധിക്കുന്നത്. പ്രധാന വിഷയത്തില്‍ മേജർബിരുദവും തിരഞ്ഞെടുത്ത മറ്റു വിഷയങ്ങളിൽ മൈനർബിരുദവുമാണ് വിദ്യാര്‍ഥിക്ക് ലഭിക്കുക.


ഫൗണ്ടേഷൻ കോഴ്സുകൾ, ഡിസിപ്ലിൻ സ്പെസിഫിക് കോഴ്സുകൾ, ക്യാപ്സ്റ്റോൺ കോഴ്സുകൾ എന്നിങ്ങനെ മൂന്നു തട്ടുകളിൽ ആയാണ് നാലുവർഷ ബിരുദപ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥി  അഡ്മിഷൻ നേടുന്ന വിഷയത്തിലും (മേജർ) ഐച്ഛികമായി തിരഞ്ഞെടുക്കുന്ന രണ്ടു വിഷയങ്ങളിലുമായി (മൈനർ) ഒന്നാം വർഷം പഠിക്കുന്ന കോഴ്സുകളും, ഭാഷാവിഷയങ്ങളും  എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകൾ – ഏ.ഇ.സി), മൂല്യാധിഷ്ഠിത കോഴ്സുകളും (വാല്യൂ അഡിഷൻ കോഴ്സുകൾ – വി.ഏ.സി), നൈപുണ്യവികസന കോഴ്‌സുകളും (സ്‌കിൽ എൻഹാൻസ്മെന്റ് കോഴ്‌സുകൾ – എസ്.ഇ.സി), ബഹുവൈജ്ഞാനിക കോഴ്‌സുകളും (മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ – എം.ഡി.സി) ചേർന്നതാണ് ഫൗണ്ടേഷൻ കോഴ്‌സുകൾ. രണ്ടും മൂന്നും വർഷങ്ങളിലായി പ്രത്യേകമായി തിരഞ്ഞെടുത്ത വിഷയങ്ങളിൽ (മേജർ,മൈനർ) വിദ്യാർഥി ചെയ്യുന്ന പേപ്പറുകൾ ഡിസിപ്ലിൻ സ്പെസിഫിക് കോഴ്സുകൾ എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നുവർഷത്തിനുശേഷം പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നാലാംവർഷ ഓണേഴ്‌സ് കോഴ്സിന് ചേരാവുന്നതാണ്. ഈ ഘട്ടത്തിൽ പഠിക്കുന്ന കോഴ്സുകളെ ക്യാപ്സ്റ്റോൺ ലെവൽ കോഴ്സുകൾ എന്ന പേരിൽ വിളിക്കുന്നു. നാലാം വർഷ ബിരുദപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഗവേഷണം പ്രോജക്ടോടുകൂടിയും പ്രോജക്ടിനുപകരമായി അധികകോഴ്സുകൾ ചെയ്തും ഓണേഴ്സ് പ്രോഗ്രാം പൂർത്തിയാക്കാൻ അവസരമുണ്ട്. മൂന്നുവർഷ ബിരുദ പ്രോഗ്രാം 133 ക്രെഡിറ്റും, നാലുവർഷം ഓണേഴ്സ് പ്രോഗ്രാം 177 ക്രെഡിറ്റുമായാണ് നിലവിൽ കേരളത്തിൽ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്.


മൂന്നുവർഷത്തിൽനിന്നു നാലുവർഷത്തിലേക്കുള്ള പരിഷ്ക്കാരങ്ങൾ വെറും കണക്കിലെ കളി മാത്രമാണോ? പുതിയ കോഴ്സുകളും, വിദ്യാർഥികളുടെ അക്കാദമികസ്വാതന്ത്ര്യവും മികവിന്റെ തലത്തിലേക്ക് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ സജ്ജമാക്കുമോ? വിദേശസർവകലാശാലകളിലേക്കുള്ള കൂട്ട ചേക്കേറൽ തടയുകയെന്നത് സാധ്യമാണോ? ഇങ്ങനെ ധാരാളം ചോദ്യങ്ങളുണ്ട് നമുക്കു ചോദിക്കാൻ. ഇവയിൽ ചിലത് ഡോ.സെബാസ്റ്റ്യൻ ജോസഫ്, ചിന്തകനും, ചരിത്രകാരനും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസകൗൺസിൽ ഉപാധ്യക്ഷനുമായ പ്രഫ. രാജൻ ഗുരുക്കളുടെ വിശദീകരണത്തിനും , വിശകലനത്തിനുമായി ഉന്നയിക്കുന്നു. സാങ്കേതികമായ വിശദീകരണത്തിനപ്പുറം സാമൂഹികശാസ്ത്ര / സങ്കേതികപരമായ വീക്ഷണങ്ങളുടെ കെട്ടഴിക്കലാണ് ഈ അഭിമുഖം.


ആന്ത്രോപോസീൻ എന്നു വിളിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ക്യാമ്പസുകളുടെ രൂപസംവിധാനങ്ങൾ (architecture)ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ഹോളിസ്റ്റിക് വിദ്യാഭ്യാസത്തിന് പ്രചോദനമാകുന്നതരത്തിൽ ക്യാമ്പസിലെ ഇടങ്ങൾ നവീകരിക്കപ്പെടേണ്ടതല്ലേ? പ്രകൃതിയോട് ഒത്തിണങ്ങിനില്ക്കുന്ന  ക്യാമ്പസിലെ സമ്പർക്ക ഇടങ്ങൾ പുതിയ ചിന്തകൾക്കും പ്രത്യേകിച്ച് ഭൗമ വിനയബോധത്തിലേക്ക് (planetary humility) അക്കാദമിക സമൂഹത്തെ വളർത്തില്ലേ? ഇത്തരത്തിൽ ഒരു അക്കാദമിക ക്യാമ്പസ് നമ്മുടെ നയരൂപീകരണങ്ങളിൽ ഇടം പിടിച്ചിട്ടുണ്ടോ? ഉദാഹരണത്തിന് വായന, ചിന്ത, ചർച്ച എന്നിവ പ്രചോദിപ്പിക്കേണ്ട ഇടങ്ങളാണ് ലൈബ്രറികൾ. കേരളത്തിലെ ക്യാമ്പസ് ലൈബ്രറികളിൽ കയറിച്ചെന്നാൽ ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ ഒറ്റയ്ക്കു നില്ക്കുന്ന അവസ്ഥയായി തോന്നാറുണ്ട്. അല്ലെങ്കിൽ ഒരു ഗുഹയിൽ അകപ്പെട്ട പ്രതീതി. സി.ഡി.എസ്. പോലെ ഒരു മാതൃക നമ്മൾക്കുമുന്നിലുണ്ടെങ്കിലും അതു മറ്റിടങ്ങളിൽ കൊണ്ടുവരുവാനുളള ശ്രമങ്ങൾ നടന്നിട്ടില്ല. വിദേശ സർവകലാശാലകളിലുള്ളതുപോലെ പ്രത്യേകതരം വായനകളെ പ്രചോദിപ്പിക്കേണ്ട ഇടങ്ങൾ (ഉദാഹരണത്തിന് സൈലന്റ്, ക്വയറ്റ്, റിലാക്സ്ഡ് റീഡിംഗ് ഡിവിഷനുകൾ) ഇവിടെയും വരേണ്ടതല്ലേ?


ആന്ത്രോപോസീൻ കാലഘട്ടത്തിനനുസരിച്ചുള്ള ക്യാമ്പസുകൾ വേണമെന്ന കാര്യത്തിൽ സംശയമില്ല. കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2017-18 വർഷങ്ങളിൽ അധ്യയനത്തെയും അധ്യാപനത്തെയും ക്യാമ്പസ്സുമായി ഇണക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പാക്കാൻ ആഹ്വാനം ചെയ്തിരുന്നു. പഠനവും പഠിപ്പിക്കലും ക്ലാസ്സ്റൂമിനു വെളിയിലേക്ക് എന്നതായിരുന്നു മുദ്രാവാക്യം.  സെബാസ്റ്റ്യൻ പറഞ്ഞതുപോലെ ഹോളിസ്റ്റിക് വിദ്യാഭ്യാസത്തിനു പ്രചോദനമാകുന്നതരത്തിൽ ക്യാമ്പസ്സിലെ ഇടങ്ങൾ നവീകരിക്കപ്പെടേണ്ടതാണ്. പ്രകൃതിയോട് ഒത്തിണങ്ങിനില്ക്കുന്ന  ക്യാമ്പസിലെ സമ്പർക്ക ഇടങ്ങൾ പുതിയ ഹോളിസ്റ്റിക് വിദ്യാഭ്യാസത്തിനു പ്രചോദനമാകുന്നതരത്തിൽ പുനഃസംവിധാനം ചെയ്യാൻ തന്നെയായിരുന്നു കൗൺസിൽ പ്രേരിപ്പിച്ചത്. അതു പുതിയ ചിന്തകൾക്കും പ്രത്യേകിച്ച് ഭൗമ വിനയബോധത്തിലേക്കും (planetary humility ) അക്കാദമികസമൂഹത്തെ വളർത്തും. കേരള സര്‍വകലാശാലയയിൽ ഇത്തരത്തിലൊരു ക്യാമ്പസ് സാക്ഷാത്കരിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, അതിനു പ്രതീക്ഷിച്ച ഫലമുണ്ടായില്ല. എല്ലാ കോളെജുകളെയും ഈ വഴിക്ക് മുന്നേറാൻ പ്രേരിപ്പിച്ചിരുന്നു. പല കോളെജുകളിലും നല്ലരീതിയിൽ മാറ്റമുണ്ടായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് എടുത്തുപറയേണ്ട ഉദാഹരണമാണ്‌. ഇതിനുപുറമേ ‘പ്രബുദ്ധത’ എന്നപേരിൽ പഠനം സമൂഹത്തിലേക്കുമെന്ന പദ്ധതിയും ആവിഷ്കരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസത്തിലെ വിദഗ്ദ്ധരിൽനിന്നും അറിവുള്ളവരിൽനിന്നും ജീവിതഗുണനിലവാരവും മെച്ചപ്പെട്ട ഉപജീവനമാർഗവും വികസിപ്പിക്കാനും ആരോഗ്യപരിപാലത്തിനുമെല്ലാം പുറത്തുള്ള സ്ഥാപനങ്ങളെ സമീപിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ജനങ്ങളെയും ബാധ്യതയുണ്ടെന്നു അധ്യാപകരെയും ഗവേഷകരെയും ബോധ്യപ്പെടുത്തുന്ന പദ്ധതിയാണത്. ഒരേസമയം വിദ്യാർഥികളുടെയും അധ്യാപകരുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതി.  കോളെജ് ലൈബ്രറികളുടെ ഇന്റീരിയർ ഡിസൈനുകൾക്ക് മാറ്റം വരണം. വായന,ചിന്ത,ചർച്ച എന്നിവ പ്രചോദിപ്പിക്കേണ്ട ഇടങ്ങളാക്കി അതിനെ പുനഃസംവിധാനം ചെയ്യണം. ലൈബ്രറികൾ. വിദേശ സർവകലാശാലകളിലുള്ളതുപോലെ പ്രത്യേകതരം വായനകളെ പ്രചോദിപ്പിക്കേണ്ട ഇടങ്ങൾ വേണം. സൈലന്റ്, ക്വയറ്റ്, റിലാക്സ്ഡ് റീഡിംഗ് ഡിവിഷനുകൾ ഇവിടെയും വേണമെന്ന കാര്യത്തിൽ തർക്കമില്ല. ഇതൊക്കെ എങ്ങനെ സജ്ജമാക്കാം എന്നതും  2017-18 കാലത്തു കേരളസര്‍വകലാശാലയിൽ നടത്തിയ പരീക്ഷണമായിരുന്നു.


ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഗുണനിലവാരക്കുറവാണെന്നാണ് പൊതുവേയുള്ള നിരീക്ഷണം. അതുതന്നെയാണോ യഥാര്‍ഥ പ്രശ്നം? അതോ, കച്ചവട / സ്വകാര്യ മൂലധന ലോബികൾക്കാവശ്യമായ ഉന്നതവിദ്യാഭ്യാസ സംസ്ക്കാരം വളർത്തുന്നതിനായിട്ടുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഈ പ്രശ്നവത്കരണം? എന്താണ് ഉന്നതവിദ്യാഭ്യാസത്തിലെ ഗുണനിലവാരം? എന്തടിസ്ഥാനത്തിലാണ് മികവിനെ താങ്കൾ വിലയിരുത്തുന്നത്?


ഉന്നതവിദ്യാഭ്യാസമേഖല ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഗുണനിലവാരക്കുറവാണെന്ന പൊതുവേയുള്ള നിരീക്ഷണം ശരിയാണ്. യഥാര്‍ഥപ്രശ്നം അതുതന്നെയാണെന്ന ധാരണയാണ് എനിക്കുള്ളത്. വിദ്യാര്‍ഥികൾ നിരന്തര പഠനത്തിലേർപ്പെടണം. വായിച്ചും എഴുതിയും ഇന്റർനെറ്റ് പ്രയോജനപ്പെടുത്തിയും പഠിച്ചുകൊണ്ടിരിക്കണം. ഇപ്പോൾ അതില്ല. ലൈബ്രറിയിൽ ഇരുന്നു വായിക്കുന്നതുപോയിട്ട് അവിടെ കയറുന്ന പതിവുപോലും ഇല്ലാതായിരിക്കുന്നു. പരീക്ഷാമാത്ര സമീപനമാണ് കാണുന്നത്. അധ്യാപകർക്കും  അതേസമീപനമാണ്. പരീക്ഷ എത്താറാവുമ്പോൾ ചിലതൊക്കെ വായിച്ചു മനസ്സിൽ ഓർത്തുവയ്ക്കും. പരീക്ഷകഴിഞ്ഞാൽ അതു മനസ്സിൽനിന്നു മാഞ്ഞുപോകും. പഠനമെന്നാൽ ഓർത്തുവയ്ക്കലല്ല; മനസ്സിലാക്കലാണ്. സങ്കല്പനപരമായും സൈദ്ധാന്തികമായും ഉൾക്കൊള്ളലാണത്. പ്രയോഗിക്കാനും ആവിഷ്കരിക്കാനുമുള്ള കഴിവു നേടലും അപഗ്രഥിക്കാനും വിലയിരുത്താനും വിമർശിക്കാനും സൃഷ്ടിക്കാനുമുള്ള കരുത്താർജിക്കലുമാണ്. ഇതുസാധ്യമാവണമെങ്കിൽ സ്വയം വായിച്ചും ചിന്തിച്ചും ചർച്ചചെയ്തും നിരന്തരം പഠനത്തിലേർപ്പെടണം.   കച്ചവട/സ്വകാര്യ മൂലധനലോബികൾക്കും  ആവശ്യം ഗുണനിലവാരമുള്ളവരെയാണ്. അവരെ ആർക്കുവേണ്ടി സജ്ജമാക്കുന്നു എന്ന ചോദ്യത്തിലേ വ്യത്യാസമുള്ളൂ. ജനങ്ങൾക്കു നീതിയും അഭിവൃദ്ധിയും ഉറപ്പുവരുത്താനും വേണ്ടത്ര അറിവും ചിന്താശേഷിയും പ്രായോഗികബുദ്ധിയും വിമർശാവബോധവും സർഗാത്മകതയും ഒക്കെവേണം. കോർപ്പറേറ്റുകൾ ഇതൊക്കെ ലാഭസമാഹരണത്തിനു പ്രയോജനപ്പെടുത്തുന്നു. ഇതിൽ ധാർമികതയുടെ കാര്യത്തിലേ വ്യത്യാസമുള്ളൂ.  സാമൂഹികനീതിയോടൊപ്പം പാരിസ്ഥിതികനീതിയും ചേർന്ന ഉയർന്ന ധാര്‍മികത  കോർപ്പറേറ്റുകളിൽനിന്നു പ്രതീക്ഷിക്കാനാവില്ല. ഈ ധാര്‍മികതയോടൊപ്പം ആഴത്തിൽ ജ്ഞാനം നേടാനും    ഗഹനജ്ഞാനം ഉൾക്കൊള്ളാനും  കഴിവുള്ളവരെ  സൃഷ്ടിക്കുന്നതരം ഉന്നത വിദ്യാഭ്യാസത്തെയാണ് ഉയർന്ന ഗുണനിലവാരമുള്ള ഒന്നായി ഞാൻ കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മികവിനെ ഞാൻ വിലയിരുത്തുന്നത്.


ഈ കാലഘട്ടത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന മറ്റൊരു കാര്യം വിദ്യാഭ്യാസത്തിന്റെ പ്രയോജനപരത (utility) തന്നെയാണ്. ഈ വാദഗതിയിൽ നോക്കിയാൽ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിനോട് ഒരു വിശിഷ്ട സമീപനരീതിയും, മാനവികവിഷയങ്ങളോട് ഒരുതരം പുറംതിരിഞ്ഞു നില്ക്കലും കാണാം. ആശയ ഉർവരതയ്ക്ക് പ്രാമുഖ്യം കൊടുക്കേണ്ടിടത്ത്, ഉല്പന്നങ്ങൾ നിര്‍മിക്കുന്ന മേഖലകളുടെ വികസനം മാത്രം ലക്ഷ്യംവയ്ക്കുന്ന ഉന്നതവിദ്യാഭ്യാസം നല്ല പൗരബോധമുള്ളവരെ വളർത്തുവാൻ സഹായിക്കില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഫ്രാൻസിൽ നിലവിൽവന്ന ഇക്കോൾ പോളിടെക്നിക്കും, ഇക്കോൾ നോർമേൽ സുപ്പീരിയോറും (ENS) തമ്മിലുള്ള വ്യത്യാസം അറിയാമല്ലോഉപകരണ നിർമാണവും, ജ്ഞാനനിർമാണവും തമ്മിലുള്ള വ്യത്യാസത്തെ ഫ്രഞ്ച്  ഗവൺമെന്റ്  കാണിച്ചുതരുന്നത് ഇക്കോൾ പോളിടെക്നിക്കിനെ യുദ്ധമന്ത്രിയുടെ കീഴിലും ഇക്കോൾ സുപ്പീരിയോറിനെ വിദ്യാഭ്യാസമന്ത്രിയുടെ കീഴിലും കൊണ്ടുവന്നുകൊണ്ടാണ്. ഈ കാലത്തും ഇത്തരത്തിലുള്ള സംവിധാനങ്ങളുണ്ടായാൽ രണ്ടുവിഭാഗത്തിലുള്ള വൈജ്ഞാനികരും കൂടുതൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കും. താങ്കൾ എങ്ങനെ ഇതിനെ വിലയിരുത്തുന്നു?


വിദ്യാഭ്യാസത്തിന്റെ പ്രയോജനപരത തന്നെയാണ് ഈ കാലഘട്ടത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന പ്രധാനകാര്യം. ഇതിൽ ശാസ്ത്ര-സാങ്കേതികവിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കുന്ന  സമീപനരീതിയുണ്ട്. മാനവികവിഷയങ്ങൾ അവഗണിക്കപ്പെടുന്ന സ്ഥിതി അതിന്റെ പരഭാഗമാണ്.  അതങ്ങനെയേ വരൂ. കാരണം, വൈജ്ഞാനികസമ്പദ്‌വ്യവസ്ഥയാണ് ലോകത്തെ ഇന്നു നിയന്ത്രിക്കുന്നത്.  ജ്ഞാനംതന്നെ വിലകൂടിയ ഉല്പന്നവും  അതിന്റെ അദൃശ്യരൂപങ്ങളായ ബൗദ്ധികസമ്പത്തും പേറ്റന്റും മറ്റും അതിലേറെ വിലകൂടിയ ഉല്പന്നങ്ങളുമായ ആഗോളവ്യവസ്ഥയിൽ അതേ സംഭവിക്കൂ. വൈജ്ഞാനികസമ്പദ്‌വ്യവസ്ഥയിൽ അവയുടെ മാർക്കറ്റാണ് എല്ലാം നിശ്ചയിക്കുക. മാർക്കറ്റ് കിട്ടുന്നവിധത്തിൽ മാറിയില്ലെങ്കിൽ മാനവികവിഷയങ്ങൾ അവഗണിക്കപ്പെടുകയേ ഉള്ളു. വരുമാനം അനിവാര്യമാണല്ലോ. അതില്ലാതെ ഒന്നും വികസിക്കില്ല. മാനവിക,സാമൂഹിക,ശാസ്ത്രവിഷയങ്ങളെ വിപുലീകരിക്കാനുള്ള വരുമാനം ആരുനല്കും? സാമ്പത്തികശാസ്ത്രത്തിനു കോപ്പറേറ്റുകൾ നല്കും. മറ്റു സാമൂഹികവിഷയങ്ങളെ ഭരണകൂടം സംരക്ഷിക്കണം.  പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനകാലത്ത് ഫ്രാൻസിൽ നിലവിലിരുന്ന ഇക്കോൾ പോളിടെക്നിക്കും, ഇക്കോൾ നോർമേൽ സുപ്പീരിയോറും (ENS) തമ്മിലുള്ള വ്യത്യാസം ഇവിടെയെന്നല്ല ഒരിടത്തും ഇന്നു പ്രസക്തമല്ല.  കാരണം,  ജ്ഞാനസമ്പദ്‌വ്യവസ്ഥയിൽ ഉപകരണനിർമാണവും ജ്ഞാനനിർമാണവും പരസ്പരം വേർപെടുന്നില്ല. വ്യവസായശാലയും ജ്ഞാനോല്പാദനശാലയും  ഒന്നാണ്. അല്ലാത്തിടങ്ങളിൽ അവ തമ്മിൽ ബന്ധിപ്പിക്കാനും ഒന്നാക്കാനുമുള്ള പരിഷ്കരണങ്ങളാണ് നടക്കുന്നത്. എല്ലാം ആത്യന്തികമായി തീരുമാനിക്കുന്നത്  കോർപ്പറേറ്റുകളാണ്.  കോർപ്പറേറ്റുകൾക്കിന്നു ലോകമെങ്ങും പടുകൂറ്റൻ ജ്ഞാനവ്യവസായശാലകൾ സ്വന്തമായുണ്ട്. വൈജ്ഞാനികമായും സാങ്കേതികമായും ഏറ്റവും മികവുള്ളവരും  നൂതനത്വം ഉള്ളവരും അവിടെയെത്തും. അല്ലാത്തവർക്കും വരുമാനം അനിവാര്യമാണ്.  അതിനു ജോലിവേണം. ജോലികിട്ടാൻ സഹായിക്കുന്ന വിഷയങ്ങളാണ് അവർക്കു വേണ്ടത്. ഏതു വിഷയമായാലും അതിനുതക്കവണ്ണം മാറിയില്ലെങ്കിൽ നിലനില്പുണ്ടാവില്ല. വരുമാനം ആവശ്യമില്ലാത്തവരും പ്രത്യേകതാത്പര്യമുള്ളവരും മാത്രമേ ശുദ്ധരൂപത്തിൽ ഒരുവിഷയം പഠിക്കാൻ ഇനി ഉണ്ടാവുകയുള്ളൂ. നല്ല പൗരാവലിയെ വാർത്തെടുക്കാൻ സാമൂഹികമാനവിക വിഷയങ്ങൾ മാത്രം പോരാ. വിമർശോന്മുഖ ചിന്തയും ധാര്‍മികബോധവും സാമൂഹികനീതിക്കുവേണ്ടി അധികാരത്തോടു സത്യംപറയാനുള്ള കരുത്തും സമരോന്മുഖമായി ഇടപെടാനുള്ള ധൈര്യവുമുള്ളവർ രൂപപ്പെടണം. അതിനുതകുന്നവിധത്തിൽ  വിദ്യാര്‍ഥികളെ സമൂലം പരിഷ്കരിക്കാന്‍  ഇന്നു കഴിയില്ല. അതിനുള്ള അധികാരവുമില്ല. ചുരുങ്ങിയപക്ഷം നയപരമായ വിഷയങ്ങൾ ചർച്ചചെയ്യാനും പൊതു പ്രവർത്തനങ്ങളിലേർപ്പെടാനും ജനാധിപത്യസംവിധാനത്തിൽ ഫലപ്രദമായി കൃത്യനിര്‍വഹണം നടത്താനും കഴിയണം. അതിനൊക്കെ മാനവിക-സാമൂഹികവിഷയങ്ങളിൽ ഇന്നത്തെ രീതിയിലുള്ള വിദ്യാഭ്യാസം പ്രാപ്തരാക്കുന്നുണ്ടോ? ഈവകവിഷയങ്ങളെ പ്രയോജനകരമായ രീതിയിൽ ശക്തീകരിക്കണം. അപ്പോൾ അവയിലും ജോലിസാധ്യത വർധിക്കും.


ചില ലിബറൽ ആർട്സ് ആന്റ് സയൻസ് സ്വകാര്യസർവകലാശാലകളെ നോക്കിയാൽ (ഉദാഹരണത്തിന് അശോക, അസിംപ്രേംജി, ക്രിയ പോലുള്ള) അവ അക്കാദമികമികവിന്റെ കേന്ദ്രങ്ങളായി കാണാം. അവിടെയുള്ള ഫാക്കൽറ്റികൾ മിക്കവരും വിദേശ സർവകലാശാലകളിൽനിന്നോ ഇന്ത്യയിലെ മികച്ച സർവകലാശാലകൾ അല്ലെങ്കിൽ പേരുകേട്ട ഗവേഷണകേന്ദ്രങ്ങളിൽനിന്നോ പി.എച്ച്.ഡി നേടിയവരാണ്. അവരുടെ അധ്യപനരീതികളും, സമീപനങ്ങളും ഉന്നത നിലവാരം പുലർത്തുന്നതായി പറയപ്പെടുന്നുമുണ്ട്. ഇവിടെ നമ്മുടെ ക്യാമ്പസുകളിലും മികച്ച കഴിവുള്ള അധ്യാപകരുണ്ടെങ്കിലും മേല്പറഞ്ഞ സർവകലാശാലകളുമായി മത്സരിക്കാൻ നമ്മുടെ സർവകലാശാലാ അധ്യാപകർക്ക് മികവുണ്ടോ?


ഇല്ല. അതാണ് ഗുണനിലവാരത്തിന്റെ കാര്യത്തിൽ നമ്മുടെ അധ്യാപകരും വിദ്യാര്‍ഥികളും പുറകിലാണെന്നു പറഞ്ഞത്. ഇവിടെ വിദ്യാര്‍ഥികൾ സ്വയം പഠിക്കുന്നില്ല. സ്പൂൺഫീഡിങ്ങിലൂടെ അവർ മണ്ണുണ്ണികളായിത്തീരുകയാണ്. ഇത്തരം വിദ്യാര്‍ഥികളിൽനിന്നാണല്ലോ ഇവിടത്തെ അധ്യാപകരും ഉണ്ടാവുന്നത്. അവരെയെങ്ങനെ മികവുള്ള കേന്ദ്രങ്ങളിലെ അധ്യാപകരുമായി താരതമ്യം ചെയ്യും? അപൂർവം പേരൊഴിച്ചാൽ എന്തെങ്കിലും മികവ് തെളിയിച്ചവർ വിദേശ സര്‍വകലാശാലകളിൽനിന്നു പരിശീലനം ലഭിച്ചവരാണ്. അല്ലെങ്കിൽ അങ്ങനെ പഠിച്ചുവന്ന മികവുറ്റ അധ്യാപകർക്കു കീഴിൽ പരിശീലനം ലഭിച്ചതുകൊണ്ടാണ്.  ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ അടിസ്ഥാനപാഠങ്ങൾ കോരിക്കുടിപ്പിക്കുന്ന അധ്യാപകരല്ല സങ്കീർണപാഠങ്ങളിൽ അവഗാഹം നേടാൻ സഹായിക്കുന്ന പണ്ഡിതരാണാവശ്യം. ക്ലാസ്സുമുറിയിലും ലൈബ്രറിയിലും ഇന്റർനെറ്റുവഴിയും തുടർച്ചയായ പഠനത്തിൽ ഏർപ്പെട്ടാണ് വിദ്യാര്‍ഥികൾ മികവുറ്റവരാവുന്നത്. കോഴ്‌സുകളുടെ ഉദ്ദിഷ്ട പഠനഫലം മുൻകൂട്ടി മനസ്സിലാക്കിയും  ഓരോ കോഴ്‌സിന്റെയും പഠനലക്ഷ്യം കൈവരിക്കാൻ കഴിയുന്നുണ്ടോ എന്ന ആത്മപരിശോധന നടത്തിയും ക്ലാസ്സുമുറിയിലെ ചർച്ചയിലൂടെയും അസൈന്മെന്റുകൾ വഴിയും  പഠിച്ചാണ്  വിദ്യാര്‍ഥികൾ മികവുള്ളവരായി മാറുന്നത്. അതിനൊക്കെ സഹായിക്കാൻ സ്വന്തം വിഷയത്തിലെ അവഗാഹമേഖലയിൽ ഏറ്റവും പുതിയകാര്യങ്ങൾ മനസ്സിലാക്കുകയും നിരന്തരം ഗവേഷണത്തിലേർപ്പെടുകയും ചെയ്യുന്ന പണ്ഡിതരായ പ്രഫസ്സർമാർവേണം. കേവലം അധ്യാപകർ പോരാ.


നാലുവർഷ ഡിഗ്രി കോഴ്സുകൾക്കായി പുതിയ പാഠ്യപദ്ധതികൾ തയാറാക്കിയ മിക്ക സർവകലാശാലകളിലും അഫിലിയേറ്റഡ് കോളെജുകളിലും കോർ കോഴ്സുകൾ പഠിപ്പിക്കുവാനുള്ള ജോലിഭാരമേ ഉള്ളു. അതായത് സിലബസ് പരിഷ്ക്കരണത്തിൽ വന്ന മാറ്റങ്ങൾ, എം.ഡി.സി., എസ്..സി കോഴ്സുകൾ ക്ലാസ്മുറികളിലെത്താത്ത അവസ്ഥ, തികച്ചും ദുരവസ്ഥയല്ലേ ഇത്?


ശരിയാണ്. പക്ഷേ, നാലുവർഷ ഡിഗ്രി കോഴ്സുകൾക്കായി തയാറാക്കിയ പുതിയ കരിക്കുലം ചട്ടക്കൂടനുസരിച്ച്  ഉദ്ദേശിച്ചിട്ടുള്ളത് അതല്ല. ഫൗണ്ടേഷൻകോഴ്‌സുകൾവഴി ആദ്യം വിഷയാന്തര വിഷയാതീത വിജ്ഞാനമേഖലകളെ പരിചയപ്പെടുത്തുന്നവയായിരുന്നു. വിഷയങ്ങളുടെ അതിരുകൾക്കുള്ളിൽ നില്ക്കാത്ത കോഴ്‌സുകളാണവ. ബഹുവിഷയ സമീപനമാണെങ്കിലും ഒരേസമയം വിഷയങ്ങളുടെ പരസ്പരബന്ധം വ്യക്തമാവുന്നതിനു സഹായിക്കുകയും വിഷയങ്ങൾക്കിടയിൽ നില്ക്കുന്ന പരിസരയാഥാർഥ്യങ്ങളിലേക്കു ഉൾക്കാഴ്‌ച പകരുകയും ചെയ്യുന്ന വിധത്തിൽ ആസൂത്രണം ചെയ്ത കോഴ്‌സുകളായിരിക്കണം.  അവ പകരുന്ന ഉൾക്കാഴ്‌ചയിലൂടെ ആനുകാലിക ജീവിതപരിസരം വിശകലനം ചെയ്യുന്നതിനു വിദ്യാര്‍ഥികൾക്കു പ്രാപ്തി നല്കണം. കൂടാതെ അവ  ആനുകാലിക വൈജ്ഞാനികമേഖലകളിൽനിന്നുള്ള അറിവും  വിവിധ സാങ്കേതിക മേഖലകളിലെ കരവിരുതും അവർക്കു ലഭ്യമാക്കണ്ടതുമുണ്ട്. യുക്തിയും വിമർശോന്മുഖചിന്തയും സർഗാത്മകതയും പോഷിപ്പിക്കാനും അവ സഹായകമാവണം. മേജർ വിഷയ കോർ കോഴ്‌സുകളായാലും മൈനർ വിഷയ കോഴ്‌സുകളായാലും  ആത്യന്തികമായി ഈ സമീക്ഷ പുലർത്തണമെന്നു പറയാം. ബഹുവിഷയങ്ങളിലേക്കുള്ള ജാലകം തുറക്കുംവിധം മാത്രമേ ഐച്ഛിക കോഴ്‌സുകൾ തിരഞ്ഞെടുക്കാവൂ. ഇപ്പോൾ ഒരു വകുപ്പും അതിലെ അധ്യാപകരുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തിലാണ്  ഇതൊക്കെ ചെയ്യാൻ തുടങ്ങിയത്. അത് അനുവദനീയമല്ല. അവ മേല്പറഞ്ഞ ലക്ഷ്യവും വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യവും അഭിരുചിയും കീഴ്മേൽ മറിക്കും. സെബാസ്റ്റ്യൻ ചൂണ്ടിക്കാണിച്ച ഈ ദുരവസ്ഥ ഒഴിവാക്കാനാണ്, കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രത്യേകം റെഗുലേഷൻ തയാറാക്കി നല്കിയിരിക്കുന്നത്.  


നിലവിൽ രൂപപ്പെടുത്തിയ പാഠ്യപദ്ധതി അനുസരിച്ച് (133 credit) അധ്യയനം നടത്താൻ തക്കവിധമുള്ള അധ്യാപകർ നമ്മുടെ പഠന വകുപ്പുകളിൽ ഇല്ലഅതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ ഫൗണ്ടേഷൻ കോഴ്സുകൾ വിഭാവനംചെയ്തതുപോലെ നടപ്പിലാക്കാൻ പ്രയാസമുണ്ട്. അധികമായി അധ്യാപക തസ്തിക പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അനുവദിക്കില്ല എന്ന സൂചനയാണ് സർക്കാർതലത്തിൽനിന്ന് ഇതിനോടകം ലഭിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ വിഭാവനംചെയ്തതുപോലെ ഓണേഴ്സ് പ്രോഗ്രാം നടപ്പിലാക്കാൻ നമുക്ക് സാധിക്കുമോ ?


നിലവിൽ രൂപപ്പെടുത്തിയ  133 ക്രഡിറ്റ് ലഭിക്കുന്നവിധത്തിൽ എല്ലാ കോഴ്‌സുകളിലും  അധ്യാപനതിനാവശ്യമായ  അധ്യാപകർ നമ്മുടെ പഠനവകുപ്പുകളിൽ ഇല്ലെങ്കിൽ അതിനു പരിഹാരം സർക്കാർ ഉണ്ടാക്കും.  വർക്ക്ലോഡിന്റെ പ്രശ്നവും പോസ്റ്റുകൾ ഇല്ലാതാവുമെന്ന ഭീതിയും ഒഴിവാക്കുന്നതിനാവശ്യമായ നിയമങ്ങൾ ഉടൻ പുറത്തിറങ്ങും. ഫൗണ്ടേഷൻ കോഴ്സുകൾ വിഭാവനം ചെയ്തതുപോലെത്തന്നെ നടപ്പിലാക്കണമെന്നാണ് ഉദ്ദേശ്യം. പ്രയാസമുണ്ടാവും. വിദ്യാര്‍ഥികൾക്ക് അവരിഷ്ടപ്പെടുന്ന കോഴ്‌സുകൾ ഉള്ളിടത്തുനിന്ന് പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അധികമായി അധ്യാപക തസ്തിക പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അനുവദിക്കില്ല എന്ന നിലപാടു സ്വീകരിച്ചാൽ ശരിയാവില്ല. CBCSS (Choice Based Credit Semester System) നടപ്പാക്കിയപ്പോൾ ചെയ്തതുപോലെ പുതിയ തസ്തികകൾ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, അതിന്റെ അനിവാര്യത അധ്യാപകർ തെളിയിക്കണം.  വിഭാവനം ചെയ്തതുപോലെ ഓണേഴ്സ് പ്രോഗ്രാം നടപ്പിലാക്കാൻ നമുക്ക് സാധിക്കണം.


സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റങ്ങൾ ഉപയോഗിച്ചുകൊണ്ട് എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്ഇആർപിവഴി അധ്യാപകരുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ക്രിയാശേഷി വർധിപ്പിക്കുക, അവരുടെ പ്രവർത്തനങ്ങൾ പരിശോധിക്കുക തുടങ്ങിയവ, ഒരു ഫാക്ടറി ചെയിൻ മാനേജർ തൊഴിലാളികളെ ക്രമീകരിക്കുന്നതിനു സമാനമായ അവസ്ഥയിലേക്ക് പോകുന്നതുപോലെ തോന്നുന്നു. ബദൽ എന്നവകാശപ്പെടുന്ന ഒരു വിദ്യാഭ്യാസസമീപനത്തിന്റെ ഭാഗമായി ഇത്തരം കമ്പോളസമീപനങ്ങളെ ഒഴിവാക്കേണ്ടതായിരുന്നില്ലേ ?


കഴിയുന്നതും ഇൻഹൌസ് എക്സലൻസിനെ ആശ്രയിക്കുക എന്നതാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. ആദ്യഘട്ടമായി ചെയ്തതെല്ലാം അപ്രകാരമാണ്. ഡിജിറ്റൽ സർവകലാശാലയുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ കൗൺസിലാണല്ലോ ഡിജികോൾ പദ്ധതി മുമ്പോട്ട് കൊണ്ടുപോയത്. അതിപ്പോഴും തുടരുന്നുണ്ട്. അതുപോലെ കെ.റീപ്പ് വഴിയാണ്  എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് -ഇ.ആർ.പി- ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സ്ഥാപനവും LMS-ന്റെ ഭാഗമായി ലേണിംഗ് പ്ലാൻ വികസിപ്പിക്കാനും സ്ഥാപനങ്ങളെയും  താത്പര്യമുള്ള കമ്മ്യൂണിറ്റികളെയും  ടീമുകളെയും  വ്യക്തികളെയും കണ്ണിചേർത്തു വിദ്യാര്‍ഥികളെ ആഗോളപഠിതാക്കളുടെ ഭാഗമാക്കാനും ആശ്രയിക്കുന്നത് ഓപ്പൺ സോഴ്സിനെയാണ്. വിഷയങ്ങൾക്കുള്ള ഉറവിടങ്ങൾ ഓൺലൈനിലും ക്യാമ്പസ് മോഡുകളിലും കൈകാര്യംചെയ്യേണ്ടത് അതുവഴിയാണല്ലോ. ഓൺലൈൻ പഠനങ്ങൾക്കുള്ള നിർദേശങ്ങൾ പോസ്റ്റുചെയ്യുന്നതിനും  ഓൺലൈനിലും മുഖാമുഖ പഠനത്തിലും ഏർപ്പെടാനും ഈ ഓപ്പൺ സോഴ്സാണു നാം ആശ്രയിക്കുക.  LMS ഇനി അധ്യാപന-അധ്യയന പ്രവർത്തനങ്ങളുടെ ഫെസിലിറ്റേറ്റർ മാത്രമല്ല മൂല്യനിർണയം സുതാര്യമാക്കുന്ന രേഖകൂടിയാണ്.  സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റങ്ങളെ ഉപയോഗിച്ചുകൊണ്ട് അധ്യാപകരുടെയും  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്രിയാശേഷി വർധിപ്പിക്കുക, അവരുടെ പ്രവർത്തനങ്ങളെ പരിശോധിക്കുക തുടങ്ങിയവയിൽ ഒരു ഫാക്ടറി ചെയിൻ മാനേജർ തൊഴിലാളികളെ ക്രമീകരിക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് പോകുന്നതുപോലെ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ, കുത്തഴിഞ്ഞതും കാര്യക്ഷമതയില്ലാത്തതും  കാലവിളംബമുണ്ടാക്കുന്നതും എങ്ങനെനോക്കിയാലും നാനാവിധത്തിലുള്ള അനീതി ഉൾച്ചേർന്നതുമായ ഇന്നത്തെ ദുരവസ്ഥ മറികടക്കാൻ സാങ്കേതികവിദ്യയെ ആശ്രയിച്ചേ പറ്റൂ എന്നതാണു സാഹചര്യം. ഇക്കാര്യത്തിൽ ബദൽസമീപനം  പരിമിതമായേ കഴിയൂ. കാരണം, ആവശ്യമായ ഉയർന്ന സാങ്കേതികവിദ്യ വൻവ്യവസായത്തിന്റെ ഭാഗമാണ്. അതെങ്ങനെ പരമാവധി ചെലവുകുറഞ്ഞവിധത്തിൽ ലഭ്യമാക്കാമെന്നാണ് കെ.റീപ്പ് വഴി ലക്ഷ്യമാക്കുന്നത്.  സര്‍വകലാശാലകളെ ഓഹരിക്കാരാക്കി പരമാവധി കുറഞ്ഞചെലവിൽ സംസ്ഥാനതലത്തിൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്കു മുഴുവനും ഉയർന്ന സാങ്കേതികവിദ്യ ലഭ്യമാക്കുകയാണ് ലക്ഷ്യം.  കമ്പോളസമീപനങ്ങളെ പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണിത്.


സാങ്കേതികവിദ്യ / സംവിധാനങ്ങൾതന്നെ ഒരു അധികാരവ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്ന ചരിത്രസന്ദർഭത്തെ കണക്കിലെടുത്ത് ഒരു ചോദ്യം അനിവാര്യമായി ചോദിക്കേണ്ടതുണ്ട്.  ഒരുഭാഗത്ത് സാങ്കേതികവിദ്യ വിവരങ്ങൾ സ്വരൂപിക്കുന്നതിനും പ്രസരിപ്പിക്കുന്നതിലും  വലിയ പങ്കുവഹിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഇത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ ഹയർ എജുക്കേഷൻ കൗൺസിൽ അടക്കം പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാൽ, സാങ്കേതികവിദ്യയുടെ കണക്കില്ലാത്ത ഉപയോഗം ഒരുതരം നിഷ്ക്രിയത്വത്തിലേക്ക് വിദ്യാർഥികളെയും അധ്യാപകരെയും നയിക്കാൻ ഇടയാക്കില്ലേ?


അതുശരിയാണ്.  ഡിജിറ്റൽ സാങ്കേതിക ഉപാധികളുടെ അതിരുവിട്ട ഉപയോഗം വിദ്യാര്‍ഥികളെയും അധ്യാപകരെയും   കൂടുതൽ നിഷ്ക്രിയരാക്കും. പക്ഷേ, ഡിജിറ്റൽ സങ്കേതവും ഉപാധികളും കുട്ടികളുടെ ആഴത്തിലുള്ള പഠനം എളുപ്പമാക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല. ത്രിമാന എ.ആർ, വി.ആർ ഹെഡ്‌സെറ്റുകളും സോഫ്റ്റ്‌വെയർ സൊല്യൂഷനുമുള്ള സിം ലാബും വെർച്വൽ ലാബും സ്വതന്ത്ര ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വെയർ വിദ്യാഭ്യാസവുമെല്ലാം പഠനം അനായാസമാക്കുക മാത്രമല്ല പുതിയ ജോലിസാധ്യതകൾ തുറക്കുകയും കൂടിയാണ്. സാങ്കേതികവിദ്യ വിവരങ്ങൾ സ്വരൂപിക്കുന്നതിലും പ്രസരണം ചെയ്യുന്നതിലും  വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ സാധ്യതകൾ വിദ്യാര്‍ഥികൾക്കും അധ്യാപകർക്കും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്  സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ ഹയർ എജുക്കേഷൻ കൗൺസിൽ പ്രചരിപ്പിക്കുന്നത്. കുറുക്കുവഴികളിൽപ്പെടുന്ന ചാറ്റ്-ജിപിറ്റി ഉപയോഗിക്കാനും  മറ്റും  ഉന്നതവിദ്യാഭ്യാസ കൗൺസിൽ അധ്യാപകർക്കു പരിശീലനം നല്കുന്നതെന്തിനാണെന്നു ചോദിച്ചാൽ വിദ്യാര്‍ഥികൾ കുറുക്കുവഴികൾ തേടുന്നുണ്ടെങ്കിൽ കണ്ടുപിടിക്കാനും കൂടിയായാണ്. ഒരുഘട്ടത്തിനപ്പുറം ചാറ്റ്-ജിപിറ്റി അധ്യാപകർക്കെന്നല്ല സര്‍വകലാശാലക്കുപോലും താങ്ങാനാവില്ല. എന്നാൽ,  എല്ലാ ആപ്പുകളും ചെലവേറിയവയല്ല.  ചെലവില്ലാതെ ഉപയോഗിക്കാവുന്നവ ധാരാളമുണ്ട്.  


ബിരുദതല പാഠ്യപദ്ധതി നവീകരിക്കുന്നു എന്ന നില ഉണ്ടെങ്കിലും ഇത്തരം പരിഷ്കരണങ്ങൾ തൊട്ടു മുന്നേയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാര്‍ഥികൾ കടന്നുവരുന്ന സ്ഥാപനങ്ങൾ അല്ലെങ്കിൽ, കോഴ്സുകൾ എന്നിവയുടെ തുടർച്ചയായെങ്കിലും വേണ്ടതാണ്. അത്തരം ഒരു തുടർച്ച നല്കാൻ പര്യാപ്തമായ തരത്തിലാണോ നമ്മുടെ ഹയർസെക്കൻഡറി വിദ്യാഭ്യാസം എന്നത് ഗൗരവമായി പരിശോധിക്കേണ്ടതല്ലേ?


ബിരുദതല പാഠ്യപദ്ധതിയിലേക്കു പ്രവേശിക്കുന്ന  വിദ്യാര്‍ഥികളുടെ പഠനരീതിയുടെ തുടർച്ചയാണ് വേണ്ടത്. കോഴ്‌സുകളുടെ തുടർച്ചയല്ല. പഠനരീതിയിൽ അവർ ഗൃഹപാഠം ചെയ്യണമെന്ന നിർബന്ധമുണ്ട്. അതു തുടർച്ചയായ പഠനം സാധ്യമാക്കുന്നു. കോളെജിൽ അതില്ല. അതുറപ്പുവരുത്താനാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ അസൈന്മെന്റുകൾ ഓരോ കോഴ്‌സിന്റെയും ഭാഗമായി യൂണിറ്റനുസരിച്ചുതന്നെ നല്കിയിരിക്കണം എന്നു നിഷ്‌കർക്കുന്നത്.  അല്ലെങ്കിൽ, പരീക്ഷയ്ക്കുവേണ്ടി മാത്രം പഠിക്കുന്നരീതി തുടരും.  അതു പാടില്ല.


താങ്കൾ പറഞ്ഞതു പൂർണമായി ശരിവയ്ക്കുന്നു. പക്ഷേ, പരീക്ഷ കേന്ദ്രിതമായ ഒരു വിദ്യാഭ്യാസരീതിയിൽനിന്നു ഇവിടെ മാറ്റം ഉണ്ടാകുമോ? ഇപ്പോൾ വിദ്യാര്‍ഥികൾ അസൈൻമെന്റുകൾ ഉപന്യാസമെന്നപോലെ എഴുതിപിടിപ്പിക്കുന്ന ഒരു രീതിയാണ് നിലനില്ക്കുന്നത്. അവരുടെ ശ്രദ്ധയും, ആകുലതയും പരീക്ഷകളെക്കുറിച്ചാണ്. വിദേശസർവകലാശാലകളിൽ അസൈന്റ്മെന്റുകൾ പ്രബന്ധങ്ങൾ എഴുതുന്ന രീതിയിലാണ് കാണുന്നത്. അവിടെ എഴുത്തുപരീക്ഷകളുടെ എണ്ണം വളരെ കുറവാണ്. എനിക്കു തോന്നുന്നത് അസൈന്റ്മെന്റ് എഴുതുവാൻ വിദ്യാര്‍ഥികൾക്ക് പരിശീലനം നല്കുന്ന വിദഗ്ധ ശില്പശാലകൾ സംഘടിപ്പിക്കേണ്ടതുണ്ട് എന്നാണ്. ഇതിലേക്ക് കുറച്ചു വിശദീകരണം തരുമല്ലോ?


തുടർച്ചയായ പഠനം തുടർച്ചയായ മൂല്യനിർണയംകൂടിയാണെന്നു നേരത്തെ സൂചിപ്പിച്ചു. നാലുവർഷ ബിരുദം, ആ രീതി എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമായ നിർദേശം ഇനിയും നല്കിയിട്ടില്ല. കാരണം, പതിവുരീതിയിലുള്ള പരീക്ഷ പോരെന്നും ഫലപ്രാപ്തി അളക്കുന്നതിനു പര്യാപ്തമാവണമെന്നും ചോദ്യബാങ്ക് ഉണ്ടാക്കണമെന്നും പറഞ്ഞിട്ടുണ്ട്. പിന്നെ, 40+60 എന്ന വിഭജനം തുടരുമെന്നതിനാൽ പ്രാധാന്യം സെമസ്റ്റർ അവസാനം നടത്തുന്ന പരീക്ഷയ്ക്കുതന്നെ. പക്ഷേ,  സര്‍വകലാശാലയുടെ പരീക്ഷ നിജപ്പെടുത്തും. കൗൺസിൽ സർക്കാരിനും സര്‍വകലാശാലകൾക്കും നല്കിയ എൻ.ജെ.റാവു കമ്മിറ്റിയുടെ ശുപാർശ പ്രൊക്റ്റേഡ് രീതിയിലുള്ളതും ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതും ആവണമെന്നുമാണ്. അരവിന്ദ്കുമാർ കമ്മിറ്റി അതു പൂർണമായി ശുപാർശ ചെയ്തിട്ടുണ്ട്. നടപ്പിലാക്കേണ്ട ചുമതല സര്‍വകലാശാലകൾക്കാണ്. ദൈനംദിന അസൈൻമെന്റുകൾ വർധിപ്പിച്ച് സര്‍വകലാശാലയുടെ കേന്ദ്രിതപരീക്ഷ പരമാവധി ചുരുക്കണം.


നാലുവർഷ ഡിഗ്രി പ്രോഗ്രാമുകളുടെ സിലബസ് രൂപപ്പെടുത്തൽ വലിയ ബൗദ്ധിക അധ്വാനമുള്ള പ്രവർത്തനമായിരുന്നു. മിക്ക സർവകലാശാലകളും ഇതിനോടകം അതു പൂർത്തീകരിച്ചു കഴിഞ്ഞു. എല്ലാ കാലത്തും പുതിയ സിലബസ് വരുമ്പോൾ തുടക്കത്തിൽത്തന്നെ അതിനെതിരെ തിരിയുന്ന ഒരു വലിയ കൂട്ടം അധ്യാപകരെ കാണാറുണ്ട്. ചിലർക്ക് ദേശീയ മത്സരപ്പരീക്ഷകൾ, അതുമല്ലെങ്കിൽ ജോലി ലഭിക്കുവാനുള്ള പരീക്ഷകൾ ജയിക്കുക എന്നതാണ് സിലബസ് രൂപികരണത്തിലെ പ്രധാന ലക്ഷ്യം. മത്സരപ്പരീക്ഷകൾ ജയിക്കുവാനാണോ സർവകലാശാലകൾ ഉന്നതവിദ്യാഭ്യാസമേഖലയിലെ സിലബസ് പരിഷ്ക്കരണം നടത്തേണ്ടത്? സിലബസ് പരിഷ്ക്കരണത്തിനു മുന്നോടിയായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസകൗൺസിൽ എന്തെങ്കിലും വർക്ക്‌ഷോപ്പുകളോ, ട്രെയിനിംഗ് പ്രോഗ്രാമുകളോ സംഘടിപ്പിച്ചിരുന്നോ?


ശരിയാണ്. നാലുവർഷ ഡിഗ്രി പ്രോഗ്രാമുകളുടെ സിലബസ് രൂപപ്പെടുത്തൽ വലിയ ബൗദ്ധിക അധ്വാനമുള്ള പ്രവർത്തനമായിരുന്നു. പക്ഷേ, ഇത്തവണ മിക്ക സര്‍വകലാശാലകളും ഇതിനകം അതു പൂർത്തീകരിച്ചു കഴിഞ്ഞു. ആവശ്യമായ മുന്നൊരുക്കങ്ങളുടെ ഭാഗമായി അധ്യാപകപരിശീലനവും  സ്ഥാപനതല പരിശീലനവും ഉന്നത വിദ്യാഭ്യാസ കൗൺസിൽ പല  വർക്ക്‌ഷോപ്പുകൾവഴിയും പരിശീലനപരിപാടികൾവഴിയും സംസ്ഥാനവ്യാപകമായിത്തന്നെ സംഘടിപ്പിച്ചിരുന്നു. മേഖലാടിസ്ഥാനത്തിലും പ്രത്യേകം ആവശ്യപ്പെട്ട സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും അതാതിടത്തു വിദഗ്ദ്ധർ ചെന്നു പരിശീലനം നല്കി. സര്‍വകലാശാലാടിസ്ഥാനത്തിൽ പരിശീലകരെ പരിശീലിപ്പിച്ചു സജ്ജമാക്കിയിരുന്നു. എല്ലാകാര്യങ്ങളിലും അതിയായ താത്പര്യം കാണിച്ചവരും അല്ലാത്തവരും ഉണ്ടാവുക സാധാരണമാണല്ലോ.


സിലബസ് നവീകരണ വർക്ക്‌ഷോപ്പുകളിൽ ഉദാസീനരായി വരുന്ന അധ്യാപകരെ കാണുമ്പോൾ വളരെ വിഷമം തോന്നാറുണ്ട്. കഴിഞ്ഞവർഷത്തെ സിലബസൊക്കെ മതിയെന്ന ധാരണയിൽ, അല്ലെങ്കിൽ അവർക്കു പഠിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കോഴ്സുകൾ നീക്കംചെയ്യാൻ ആവശ്യപ്പെടുന്ന അധ്യാപകരെ എങ്ങനെയാണ് ഒരു രൂപാന്തരീകരണത്തിന് ഒരുക്കേണ്ടത്? നമ്മുടെ സിസ്റ്റംതന്നെ അതിനു പരിഹാരങ്ങൾ കാണേണ്ടതല്ലേ?


എന്തൊക്കെ ആയാലും ആദ്യഘട്ടത്തിൽ പരിമിതികൾ ഉണ്ടാവും. ലാഘവത്വം കാണിക്കുന്ന പതിവു തുടരാനിടയുണ്ട്. പക്ഷേ, സി.ബി.സി.എസ്.എസ് നടപ്പാക്കുമ്പോൾ ഉണ്ടായ, എല്ലാം പഴയതുമായി പൊരുത്തപ്പെടുത്തി പരിവർത്തനം പ്രഹസനമാക്കിയ ദുരനുഭവം അറിയാം. ആ രീതി ഇത്തവണ ഉണ്ടാവരുതെന്നാണ് കൗൺസിലിന്റെ നിർബന്ധം.  പഠിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കോഴ്സുകൾ നീക്കംചെയ്യലും മറ്റും നടക്കും. ഇപ്പോൾത്തന്നെ ഓരോ ഡിപ്പാർട്ടുമെന്റിന്റെയും നാലതിരിനുള്ളിൽ വിദ്യാര്‍ഥികളെ തളച്ചിട്ടു മുരടിപ്പിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞു. അതിനെ ശക്തമായി ചെറുത്തുകൊണ്ടിരിക്കുകയാണ്. മേജർ, മൈനർ, ഇലക്ടീവ് കോഴ്‌സുകളുടെ കാര്യം നേരത്തേ നാം പറഞ്ഞല്ലോ. നമ്മുടെ സിസ്റ്റം ഇതിനൊന്നും  പരിഹാരം തരില്ല. സിസ്റ്റത്തിന്റെ മാറ്റമേ പരിഹാരമാവുകയുള്ളൂ.


ഒരു ചരിത്രകാരനെന്ന നിലയിൽ ചരിത്രവിഷയങ്ങളുടെ സിലബസ് പരിഷ്കാരങ്ങളിൽ താങ്കൾ ഇടപെട്ടിട്ടുണ്ടോ? ചരിത്ര സിലബസുകളുടെ ഗുണനിലവാരത്തിൽ വളരെ മുമ്പേതന്നെ എം.ജി.സർവകലാശാല പുതിയ ഒരു ദിശാബോധം കൈവരിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ, തുടർപരിഷ്ക്കാരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?


അങ്ങനെ ഒരുവിഷയത്തിന്റെ കാര്യത്തിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടില്ല. അതു സാധ്യവുമല്ലല്ലോ. പൊതു മാർഗനിർദേശങ്ങളിൽ ഒതുങ്ങുകയേ ചെയ്തുള്ളു. ആ നിർദേശങ്ങളിൽനിന്നു രൂപപ്പെടുന്ന കോഴ്‌സുകളായിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ഏതു വിഷയമായാലും വിദ്യാര്‍ഥികളെ സ്വയം പഠിക്കാനും വിശകലനംചെയ്യാനും പ്രാപ്തരാക്കുന്ന കോഴ്‌സുകൾ വിഭാവനംചെയ്തിരിക്കണം. സംവാദാത്മകരീതിയിലേ  അതവർക്കു  നേടാനാവുള്ളൂ.  ജ്ഞാനഭാഷയിൽ സംവദിക്കാനുള്ള കഴിവു വളർത്തണം. സംവാദാത്മകതയിലൂടെ മാത്രമേ അതുസാധ്യമാവൂ.  നിത്യജീവിതവുമായി അറിവിനെ ബന്ധിപ്പിക്കാനും വിമർശോന്മുഖചിന്ത വളർത്താനും കഴിയണം. അതിനു വിഷയാതീതവീക്ഷണം അനിവാര്യമാണ്.  


വിദ്യാര്‍ഥികൾ കൂട്ടത്തോടെ വിദേശസർവകലാശാലകളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി ചേക്കേറുന്നത് ഒരു സംസ്കാരമായി മാറിയിരിക്കുന്നു. കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസമാണോ, അതോ തൊഴിൽസാധ്യതകളാണോ, അതുമല്ലെങ്കിൽ അവർ കേട്ടറിഞ്ഞ വിദേശസർവകലാശാലകളിലെ വിദ്യാര്‍ഥിസ്വാതന്ത്ര്യമാണോ ഇതിലെ പ്രധാന ആകർഷണഘടകങ്ങൾ? ഈ നാലുവർഷ ബിരുദപദ്ധതി നടപ്പിലാക്കുന്നതിലൂടെ നമ്മുടെ വിദ്യാര്‍ഥികളുടെ വിദേശത്തേക്കുള്ള  കുടിയേറ്റം ഒരു പരിധിവരെയെങ്കിലും തടയാൻ പറ്റുമോ?


വിദ്യാര്‍ഥികൾ കൂട്ടത്തോടെ വിദേശസർവകലാശാലകളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി ചേക്കേറുന്നത് തടയണമെന്ന നിർദേശം ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുമ്പോട്ടുവയ്ക്കുന്നില്ല. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണത്തിനാണ് കൗൺസിൽ പ്രാധാന്യം നല്കുന്നത്. പല കപടവാഗ്ദാനങ്ങൾ നല്കി വിദ്യാര്‍ഥികളെ വിദേശത്തു കൊണ്ടെത്തിക്കുന്ന ഏജൻസികൾ കവലകൾതോറും ഉള്ള സാഹചര്യമാണ്. അവർ വിദേശത്തുചെന്നു കഷ്ടപ്പെടുന്നതിന്റെ ആധികാരിക വിവരം ലഭിച്ചതുകൊണ്ടാണ് അത്തരം ഒരുസമീപനം സ്വീകരിച്ചത്.  ആഗോളവിദ്യാഭ്യാസ സാഹചര്യവും  നിയമസാധുതയുമുള്ളതും ഏതു വിദ്യാര്‍ഥിയുടെയും തീരുമാനസ്വാതന്ത്ര്യവും മോഹവുമാണ്.  ഒരുതരം കുടിയേറ്റം എന്ന നിലയിലാണ്  ഭൂരിഭാഗം പേരും പോവുന്നത്. വിദേശത്തുചെന്നു ഡിഗ്രിയെടുത്താൽ അവിടെ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുമെന്നാണവരുടെ പ്രതീക്ഷ. ഇവിടത്തെ ജോലിക്ഷാമവും ഡിഗ്രികളുടെ ജോലിക്ഷമതയില്ലായ്മയും അതിനാക്കം കൂട്ടുന്നു. അല്ലാതെ  കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടിയല്ല.  ഒരു വലിയപരിധിവരെ തൊഴിൽസാധ്യത പരിമിതമാണെന്നും നല്ലവേതനമുള്ള തൊഴിൽ അവിടത്തെ ഡിഗ്രി കരസ്ഥമാക്കിയതുകൊണ്ടുമാത്രം ലഭിക്കില്ലെന്നും അന്താരാഷ്ട്രതലത്തിൽ മികവുതെളിയിക്കുന്നവർക്കേ ലഭിക്കുകയുള്ളൂവെന്നും അവർക്കറിഞ്ഞുകൂടാ. അതുപോലെ, ഒരജ്ഞതയുടെ ഫലമാണ്  വിദേശ സര്‍വകലാശാലകളിൽ  വിദ്യാര്‍ഥികൾക്ക് വലിയ സ്വാതന്ത്ര്യമുണ്ടെന്ന ധാരണയും. അവിടെ ചെല്ലുമ്പോഴാണ് പഠനം കഠിനാദ്ധ്വാനമാണെന്ന് അവർ തിരിച്ചറിയുന്നത്. സ്വയം അദ്ധ്വാനിച്ചുപഠിക്കാതെ അവിടെ ഒരു കോഴ്‌സും പാസാവില്ല. വായിക്കാനും അദ്ധ്വാനിച്ചു പഠിക്കാനും വേണ്ട എല്ലാ സ്വാതന്ത്ര്യവും അവിടെ ഉണ്ട്. പിന്നെ ഏജന്റുമാർ വാഗ്ദാനംചെയ്യുന്ന ചില്ലറ ഫീ ഷിപ്പോ നിസ്സാര സ്കോളർഷിപ്പോ ഒന്നിനും തികയില്ലെന്നും താമസസൗകര്യം താങ്ങാനാവാത്ത ചെലവുള്ളതാണെന്നും പഠിക്കാനായി കുടുംബങ്ങളെ കടത്തിലാക്കി വിദേശത്തുചെന്നു കഷ്ടപ്പെടുന്നവരുടെ  അനുഭവം എല്ലാവരെയും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശരാശരിക്കാരായ വിദ്യാര്‍ഥികളുടെയും വേണ്ടത്ര സാമ്പത്തികശേഷിയില്ലാത്ത വിദ്യാര്‍ഥികളുടെയും കുടിയേറ്റം ഏറക്കുറെ നിലച്ചുതുടങ്ങി. ഈ നാലുവർഷ ബിരുദപദ്ധതി നടപ്പിലാക്കുന്നതിലൂടെ നമ്മുടെ വിദ്യാര്‍ഥികളുടെ വിദേശത്തേക്കുള്ള  കുടിയേറ്റം കുറയുമോ എന്ന് എനിക്കറിഞ്ഞുകൂടാ.  തൊഴിൽശേഷിയില്ലാത്ത വിദ്യാഭ്യാസമെന്ന ദുഷ്‌പേര് കുറയ്ക്കാൻ ഒരുപരിധിവരെ സഹായിക്കും. പിന്നെ, തുടർപഠനത്തിനായി വിദേശത്തുപോവാൻ ആഗ്രഹിക്കുന്നവർക്ക് ഇതു വളരെ സഹായകമാവും.  കുടിയേറ്റംതടയാൻ പറ്റുമോ എന്ന പ്രശ്നം വരുന്നില്ല. തടയൽ ലക്ഷ്യമല്ലെന്നു ഞാൻ വ്യക്തമാക്കിയല്ലോ. കേരളത്തിൽ പഠിക്കാൻ വിദേശവിദ്യാര്‍ഥികളെ എങ്ങനെ ആകർഷിക്കാൻ സാധിക്കും എന്നതാണ് ലക്ഷ്യം. വിദേശികൾക്കില്ലാത്തതും അവർക്കാവശ്യമുള്ളതുമായ പലവിഭവങ്ങളും ഇവിടെയുണ്ട്. അവയൊന്നും നാം വേണ്ടത്ര ഷോകേയ്‌സ് ചെയ്തിട്ടില്ല. ഇനി അതിലായിരിക്കും ഓരോ സര്‍വകലാശാലയുടെയും ഊന്നൽ.