ആർക്കുവേണം തെറ്റുപറ്റാൻ സാധ്യതയുള്ളവരുടെ നേര്? – വിനോദ് നാരായണ്‍

ആർക്കുവേണം തെറ്റുപറ്റാൻ സാധ്യതയുള്ളവരുടെ നേര്? – വിനോദ് നാരായണ്‍

ഇന്ന് മീഡിയകൾ പ്രതിഫലം നല്കുന്നത് accuracy അല്ലെങ്കിൽ സത്യസന്ധത എന്നതിനല്ല പകരം entertainment എന്നതിനാണ് എന്ന് എനിക്കുമാത്രം തോന്നുന്നതാണോ. യാഥാർഥ്യം entertaining അല്ലെ? Facts ആർക്കും വേണ്ടേ.അത് ആളുകളെ ഉത്തേജിപ്പിക്കുകയും ഇളക്കിമറിക്കുകയും ചെയ്യുന്നില്ല എന്നുണ്ടോ?


കഴിഞ്ഞ മാസത്തെ നോട്ടത്തിൽ ഞാനൊരു കള്ളം പറഞ്ഞു. എനിക്കു തെറ്റുപറ്റി എന്നു പറയാമെങ്കിലും ഞാൻ കള്ളം പറഞ്ഞെന്നു മറ്റൊരാൾക്ക് വായിച്ചെടുക്കാം. പക്ഷേ, തെറ്റുപറ്റി എന്നു സ്വയം സമ്മതിച്ചാൽപ്പിന്നെ ഞാൻ കള്ളം പറഞ്ഞുവെന്ന് പറയാൻ ബുദ്ധിമുട്ടാവില്ലേ. അറിയില്ല. ഏതായാലും ഇതാണ് കാര്യം.


കഴിഞ്ഞമാസം കവിതകളെക്കുറിച്ച് എഴുതിയപ്പോൾ ജെയ്ൻ ഹിർഷ്ഫീൽഡ് ജാക്ക് ഹിർഷ്ഫീൽഡിന്റെ ജീവിതപങ്കാളിയാണെന്നു പറഞ്ഞത് ശരിയല്ല. പങ്കാളിയല്ലായെന്നു മാത്രമല്ല ഞാൻ ഉദ്ദേശിച്ച ജാക്കിന്റെ പേരിന്റെ അവസാനഭാഗം ഹിർഷ്ഫീൽഡ് എന്നല്ല ഹിർഷ്മാൻ എന്നാണ്. ഇവർ രണ്ടുപേരുടെയും കവിതകളും അവർ വായിക്കുന്നത് നേരിട്ടും കേട്ടിട്ടുണ്ട്. എപ്പോഴോ എങ്ങനെയോ ഇവർ തമ്മിൽ അവർപോലും അറിയാതെ ഞാനൊരു ബന്ധം സ്ഥാപിച്ചെടുത്തു. അതു തെറ്റാണെന്നറിയാതെ എവിടെയൊക്കെ ഞാനാ കള്ളം പറഞ്ഞിട്ടുണ്ട് എന്നറിയില്ല. അങ്ങനെ കഴിഞ്ഞ പതിപ്പിലെ എഴുത്തിലും അതു കടന്നുവന്നു.


കഴിഞ്ഞമാസം അച്ചടിച്ച പതിപ്പ് നോക്കിയപ്പോഴാണ് അതിൽ ജെയ്ൻ ഹിർഷ്ഫീൽഡിന്റെ ചിത്രം കണ്ടത്. ഇതല്ലല്ലോ ഞാൻ ഉദ്ദേശിച്ച ജാക്കിന്റെ ജീവിതപങ്കാളി എന്നോർത്തു. നോക്കിയപ്പോൾ ജാക്ക് ഹിർഷ്മാന്റെ പേരുപോലും ഞാൻ മാറ്റി എഴുതിയിരുന്നു. ഞാൻ തിരുത്തുന്നു,മനഃപൂര്‍വമല്ലാതെ വരുത്തിയ തെറ്റിന്  ഞാന്‍  വായനക്കാരോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.


പക്ഷേ, ഇന്ന് കരുതിക്കൂട്ടിയുള്ള കള്ളങ്ങളുടെ കാലമാണ്. ചില കള്ളങ്ങൾ നമ്മൾക്ക് വല്ലാതിഷ്ടപ്പെടുകയും മറ്റു ചില കള്ളങ്ങൾ നമ്മളെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ചില കള്ളങ്ങൾ നമ്മൾ ഒരു വിഷമവുമില്ലാതെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നിടത്താണ് നമ്മുടെയൊക്കെ പ്രശ്നം. നമ്മുടെ ചിന്തകൾ ശരിയാണെന്നു സൂചിപ്പിക്കുന്ന കള്ളങ്ങൾ എന്തുകൊണ്ട് നമ്മൾ പെട്ടന്ന് അംഗീകരിക്കുന്നു? നമുക്ക് തെറ്റുപറ്റില്ല എന്നുള്ളതുകൊണ്ടാണോ?


ഒരു വാട്സാപ്പ് മെസേജ് വരുന്നു. വാർത്ത നമുക്ക് വളരെ ഇഷ്ടപ്പെടുന്നു ജനങ്ങളെ മുഴുവൻ അറിയിക്കണം എന്നു നമ്മുടെ മനസ്സ് പറയുന്നു. മറ്റൊരു വാർത്ത മറ്റൊരു ഗ്രൂപ്പിൽ വരുന്നു. നമുക്ക് ദേഷ്യവും വിഷമവും സങ്കടവും സഹിക്കാൻ കഴിയുന്നില്ല. നമ്മൾ അതിനെതിരെ പ്രതികരിക്കണമെന്ന് നമ്മുടെ മനസ്സ് പറയുന്നു. ഇവിടെ രണ്ടിടത്തും സംയമനം പാലിക്കുക എന്നത് നിർബന്ധമാണ്. പക്ഷേ, നമ്മൾക്ക് പലപ്പോഴും അത് കഴിയില്ല. നമ്മൾ രണ്ടും ഫോർവേഡ് ചെയ്ത് കള്ളങ്ങൾ ആണെങ്കിൽ അത് പ്രചരിപ്പിക്കുന്നതിൽ നമ്മുടെ പങ്കും ഉറപ്പിക്കുന്നു.


കാൾ സാൻഡ്ബർഗിന്റെ “ഒരച്ഛൻ മകനോട്” എന്ന കവിതയിൽ ഏറെ പ്രസക്തമായ ചില വരികളുണ്ട്: 

“എല്ലാത്തിനുമുപരി കള്ളം പറയാതിരിക്കാൻ പറയുക

അവനോട് തന്നെ അവനെക്കുറിച്ചുള്ള കള്ളങ്ങൾ പറയാതിരിക്കുക

മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുന്ന കള്ളങ്ങൾ എത്ര തന്നെ നിർദോഷവും

സംരക്ഷണം നല്കുന്നവയായാലും… പറയാതിരിക്കുക”


നമ്മൾ എത്രപേർക്ക് ഇതു കഴിയുന്നുണ്ട്. പലപ്പോഴും ആളുകളറിയാതെതന്നെ നുണക്കഥകൾ പറഞ്ഞു പരത്തുന്നു. ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാവാൻ ഒരു ക്ലിക്ക് മാത്രം മതി ഇന്നത്തെ ലോകത്ത്. 


അവരവരുടെ അജണ്ടകൾക്കുവേണ്ടി പലതരം നുണകളുണ്ടാക്കി സത്യങ്ങളായി ആളുകളിലേക്കെത്തിക്കുന്നവരുടെ സഹായികളായി നമ്മളും മാറുന്നു. ഇവിടെ ആവശ്യം  “അവനോടുതന്നെ അവനെക്കുറിച്ചുള്ള കള്ളങ്ങൾ പറയാതിരിക്കുക” എന്ന കാൾ സാൻഡ്ബർഗിന്റെ വരിയാണ് നമ്മൾ ഏറ്റെടുക്കേണ്ടത്. എങ്ങനെയാണ് നമ്മൾക്കത് ഉറപ്പുവരുത്താൻ കഴിയുക. നമുക്ക് തെറ്റുപറ്റില്ല എന്നതാണ് നമ്മൾ നമ്മളോടു പറയുന്ന ഏറ്റവും വലിയ കള്ളം. 


കള്ളം പറയുമ്പോൾ യുക്തിപരമായി ചിന്തിക്കാനുള്ള ശേഷി നമ്മൾ നഷ്ടപ്പെടുത്തുന്നു. യുക്തിവാദികളും കള്ളം സ്വയം പറഞ്ഞ് അപഹാസ്യരാവുന്ന കാലമാണിന്ന്. എന്നെ മുന്നോട്ട് നയിക്കുന്നതെന്താണ് എന്നു ഞാനിടയ്ക്ക് ആലോചിച്ചിട്ടുണ്ട്. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത “എപ്പോഴും ശരിയാവുക” എന്നൊരാവശ്യമാണ് എന്നെ മുന്നോട്ട് നടത്തുന്നത് എന്നത് ഒരു ഞെട്ടലോടെയാണ് അന്നു മനസ്സിലാക്കിയത്. കൂടാതെ ആ ആവശ്യം എന്നെ തിരുത്താനല്ല പകരം  പറഞ്ഞത് സമർഥിക്കാനാണ് എന്നെ നിർബന്ധിക്കുന്നത്.


നമുക്കു മുന്നിലേക്കു വരുന്ന വാർത്തകൾ മുഴുവൻ ശരിയല്ല, അതു നമ്മളെ സന്തോഷിപ്പിക്കുണ്ടെങ്കിലും എന്ന ബോധം ആദ്യം നമ്മളിൽ വരുത്തണം. നമ്മളൊക്കെ നമ്മുടെ ശരികൾക്കുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്യാൻ തയാറാവുമ്പോൾ എങ്ങനെയാണ് നമ്മൾ യാഥാർഥ്യബോധത്തോടുകൂടി കാര്യങ്ങളെ കാണുക. 


കുട്ടികൾ വളരുമ്പോൾ തെറ്റുവരുത്തിയാൽ മോശമാണ് എന്നു കേട്ടുപഠിച്ചാണ് വളരുന്നത്. എല്ലാത്തിനും ശരിയുത്തരം അറിയുന്ന ഗുരുക്കന്മാരും മാതാപിതാക്കളും ഉണ്ടെന്നു കരുതിവയ്ക്കുന്നു. പിന്നെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ഭാഗം ആടാൻ ജീവിതത്തിൽനിന്ന് പല നടീനടന്മാരെ അവർ തിരഞ്ഞെടുക്കുന്നു. നേതാക്കൾ, സിനിമാക്കാർ, എഴുത്തുകാർ, കലാകാരന്മാർ, ആൾദൈവങ്ങൾ പിന്നെ ഇപ്പോൾ ഇൻഫ്ലുവെൻസർ എന്ന രൂപത്തിലും ചിലർ. 


എനിക്കു തെറ്റുപറ്റില്ല, എനിക്കെല്ലാം അറിയാം, മനസ്സിലാക്കാനും പഠിക്കാനും ഒന്നുമില്ല എന്ന് കരുതുന്നവരുടെ പട്ടികയിൽ പേരു ചേർത്തുകിട്ടാൻ ശ്രമിക്കുന്ന കള്ള, പൊള്ളലോകത്ത് പുരസ്‌കാരങ്ങൾ പോലും പുച്ഛസ്കാരങ്ങളായി മാറുന്നു. അതിൽനിന്നു നമുക്ക് സത്യത്തിലേക്ക് എങ്ങനെ രക്ഷപ്പെട്ടു പോകാം? 


ഇവിടെ വേണ്ടത് ഒരുമിച്ചു ചിന്തിക്കാനും ചോദ്യംചെയ്യാനും കണ്ടെത്താനും തിരുത്താനുമൊക്കെ പറ്റുന്ന വേദികളാണ്. TRP-കൾക്ക് അടിയറവയ്ക്കാത്ത സംവാദങ്ങൾ വേണം. പരസ്യമായി തെറ്റു മനസ്സിലാക്കി എന്നിട്ടും പരിഹാസ്യമാവാതെ പരസ്പര ബഹുമാനത്തോടെ സംവദിച്ചും വിമർശിച്ചും സഹകരിച്ചും സംഘടിക്കാൻ നമ്മൾക്ക് കഴിയണം. അതിന് തുടക്കം കുറിക്കാൻ കഴിയുന്ന ഒരു മീഡിയ സംസ്കാരം നമ്മൾക്കുണ്ടാക്കിയെടുക്കാൻ പറ്റുമോ ?


ചർച്ചകളിൽ വരുന്നവർക്ക് സത്യം കണ്ടെത്താനോ കാര്യങ്ങൾ മനസ്സിലാക്കാനോ യാഥാർഥ്യങ്ങളെക്കുറിച്ച് അന്വേഷിക്കാനോ അല്ല തന്റെ ഭാഗത്തെ തെറ്റാണെങ്കിലും ഫാക്ട് ചെക്ക് പോലും ചെയ്യാതെ മറ്റുള്ളവരെക്കാൾ ഉച്ചത്തിൽ അവതരിപ്പിക്കാനാണ് വ്യഗ്രത. തെറ്റു സമ്മതിച്ചാൽ അതിനു കൊടുക്കേണ്ട വില വളരെ അധികമാണ് എന്നതു തന്നെയാവും കാരണം. 


ക്‌ളാസ്മുറിയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അധ്യാപകന്റെയും സഹപാഠികളുടെയും മുന്നിൽ ഉറപ്പില്ലാത്ത ഉത്തരം പറഞ്ഞാൽ പരിഹസിക്കപ്പെടുമോ എന്നു ഭയപ്പെടുന്ന കുട്ടികളിൽനിന്നു കാണികളുടെ മുന്നിൽ തെറ്റായ ഉത്തരം ആവർത്തിച്ച് ഉച്ചത്തിൽപ്പറഞ്ഞ് കൈയടിയും ലൈക്കും വ്യൂസും വാങ്ങുന്നവരിലേക്കുള്ള ദൂരം എത്രയാണ്. ആ ദൂരം നടന്നുനീങ്ങിയപ്പോൾ അധഃപതിച്ചു പോകുന്ന എത്ര പേരെ നമ്മൾ ചാനൽ ചർച്ചകളിൽ കാണുന്നു.. അവരുടെ ക്ലിപ്പുകൾ പ്രചരിപ്പിച്ച് നമ്മളും കള്ളങ്ങളുടെ പങ്കാളികളാവുന്നു.  


എല്ലാവരും അങ്ങനെയാണ് എന്നല്ല. ഇന്ന് മീഡിയകൾ പ്രതിഫലം നല്കുന്നത് accuracy അല്ലെങ്കിൽ സത്യസന്ധത എന്നതിനല്ല പകരം entertainment എന്നതിനാണ് എന്ന് എനിക്കുമാത്രം തോന്നുന്നതാണോ. യാഥാർഥ്യം entertaining അല്ലെ? Facts ആർക്കും വേണ്ടേ.അത് ആളുകളെ ഉത്തേജിപ്പിക്കുകയും ഇളക്കിമറിക്കുകയും ചെയ്യുന്നില്ല എന്നുണ്ടോ? ശരിയാണല്ലോ. തെറ്റുപറ്റാത്തവർ പറയുന്ന കഥകൾ ഒരിക്കലും തെറ്റുപറ്റാത്തവർ കാണുമ്പോൾ കേൾക്കുമ്പോൾ എല്ലാം ശരിയാണല്ലോ. ആർക്കുവേണം തെറ്റുപറ്റാൻ സാധ്യതയുള്ളവരുടെ facts. വലിയ തമാശതന്നെയാണ്.         


നമ്മൾ കൂടുതൽ സഹാനുഭൂതിയുള്ള ഒരു സമൂഹമായി മാറേണ്ടതുണ്ട്. തോൽക്കാനും തെറ്റുപറ്റാനും തിരുത്തി മുന്നേറാനും പരസ്പരം സഹായിക്കുന്ന ഒരു സമൂഹം. അവിടെ മാത്രമേ കള്ളങ്ങൾക്ക് സ്ഥാനമില്ലാതാവു. അങ്ങനെ ഒരു സാമൂഹികപ്രവർത്തനംവഴി മാത്രമേ നമ്മൾക്ക് നുണക്കഥകളെ ചെറുക്കാൻ കഴിയു. ഇതൊരു സാമൂഹികപ്രശ്നമാണ്. ഒറ്റയ്ക്കും കൂട്ടമായും നമ്മൾ ഏർപ്പെടേണ്ട ഒരു വലിയ വിഷയവുമാണ്.