കാല്പാടുകൾ നോക്കി നോക്കി – മേഘനാദൻ

കാല്പാടുകൾ നോക്കി നോക്കി  – മേഘനാദൻ

സ്മരണ


മഹാകവി പി.കുഞ്ഞിരാമൻനായർ അന്തരിച്ചിട്ട് മെയ് 27ന് 46 ആണ്ട് തികയുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ കവിയുടെ കാല്പാടുകളെക്കുറിച്ചുള്ള ഒരു ആസ്വാദനം.


തൊള്ളായിരത്തി എഴുപതുകളുടെ പകുതിയിൽ  അതുവരെ എഴുതപ്പെട്ടവയിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു കൃതി മലയാളഭാഷയ്ക്കു കിട്ടുകയുണ്ടായി – കവിയുടെ കാല്പാടുകൾ.  ‘മഹാകവി പി’ എന്ന പേരിൽ   കേരളക്കരയാകെ അറിയപ്പെട്ട  പി.കുഞ്ഞിരാമൻനായരുടെ ആ ഗ്രന്ഥത്തിനു പകരം വയ്ക്കാൻ ആത്മകഥാപ്രസ്ഥാനത്തിൽ  മറ്റൊരു പുസ്തകം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. 


കളിയച്ഛനിലൂടേയും താമരത്തോണിയിലൂടേയും  കാവ്യലോകം കീഴടക്കിയ അവധൂതകവി മലയാളത്തിനു സമ്മാനിച്ച വിശിഷ്ടഗ്രന്ഥംതന്നെയാണ് ഈ ആത്മകഥ. 


അനുവാചകർ തങ്ങളുടെ മനസ്സിൽ കവിക്ക് നല്കിയിട്ടുള്ള ഒരു ഇരിപ്പിടമുണ്ട്. കവി മരിച്ചിട്ട്  നാല്പത്തിയാറുകൊല്ലം ആകുന്നു. ഇപ്പോഴും കവിയുടെ ഇരിപ്പിടത്തിന് ഇളക്കമുണ്ടായിട്ടില്ലെന്നു മാത്രമല്ല, കാലപ്രയാണത്തിൽ അതൊന്നുകൂടി പ്രതിഷ്ഠ നേടുകയുമാണ്. 


താൻ കവി മാത്രമല്ലെന്നും കവിത തോല്ക്കും മട്ടിൽ എഴുതാൻ കഴിവുള്ള ഗദ്യകാരൻ കൂടിയാണെന്നും സാക്ഷ്യപ്പെടുത്തുന്നതാണ് ഈ പുസ്തകം.  അനന്യസാധാരണമായ ബിംബാവലികളാൽ അനുവാചകരെ ദിവ്യാനുഭൂതിയുടെ  ഗിരിശൃംഗങ്ങളിലേക്കുയർത്തുന്നു ഈ ആത്മകഥ. ഇതിന്റെ വായന പ്രദാനം ചെയ്ത നിർവൃതി ഇതര ആത്മകഥനങ്ങൾ നല്കിയിട്ടില്ലെന്നതാണ് സത്യം.


നിളാനദിയുടെ ഉപാസകനായിരുന്ന മഹാകവിയുടെ തൂലികയിൽനിന്ന് ഭാരതപ്പുഴയെക്കുറിച്ച്  ചേതോഹരങ്ങളായ എന്തെന്തു പ്രയോഗങ്ങളാണ്  വാർന്നുവീണിട്ടുള്ളത്.  ഒരു പ്രയോഗം കാണുക:   ‘നാടോടിപ്പാട്ടുപാടി വയലേലകൾക്കിടയിൽക്കൂടി പാദസരമിട്ട് ഭർത്തൃഗൃഹത്തിലേക്ക് പോകുന്ന ഭാരതപ്പുഴ.’  ഭാരതപ്പുഴയുടെ മനോഹാരിതയെ ഏതാനും വാക്കുകളിൽ ഒപ്പിയെടുത്ത ഈ പ്രയോഗമധുരിമ ഏതനുവാചകന്റെ ഉള്ളമാണ്  കുളിർപ്പിക്കാതിരിക്കുക.


കവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശമായിരുന്നു ഭാരതപ്പുഴയോരത്തെ തിരുവില്വാമല.  കൊല്ലങ്കോട്ടെ രാജാസ് ഹൈസ്ക്കൂളിൽനിന്ന് പെൻഷൻപറ്റി കവി സ്ഥിരവാസത്തിനു വരുന്നത് നിളയുടെ സ്പർശമേറ്റു പുളകമണിയുന്ന തിരുവില്വാമലയിലേക്കാണ്.  അത്രമേൽ തിരുവില്വാമലയെ കവി നെഞ്ചോടു ചേർത്തുവച്ചിരുന്നു. പ്രകൃതിരമണീയമായ ആ പ്രദേശത്തെ അകമഴിഞ്ഞ് കവി സ്നേഹിച്ചു. ആത്മകഥയുടെ തുടക്കംതന്നെ ആ മനോഹരപ്രകൃതിയെ  വർണിച്ചുകൊണ്ടാണ്:  ‘നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചക്രവാളം. മേഘമാലകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അഗാധനീലിമ; കണ്ണെത്താത്ത സൗന്ദര്യസരസ്സിനു കരിങ്കൽപ്പടവുകൾ തീർത്ത മലനിരകൾ…..അകലെ മുകളിൽ ധ്യാനത്തിലുറച്ച വില്വാദ്രി.’


തിരുവില്വാമലപോലെ കവിതയ്ക്കു പറ്റിയ വിശുദ്ധസുന്ദരമായ ഒരന്തരീക്ഷം കേരളത്തിൽ മറ്റില്ല എന്നായിരുന്നു കവിമതം. 


കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞ് കവനകർമത്തിൽ ഏർപ്പെട്ട കവിയായിരുന്നു പി. കുഞ്ഞിരാമൻനായർ.  പ്രലോഭനങ്ങൾ ഏറെ ഉണ്ടായിട്ടും കാവ്യഗംഗയിൽത്തന്നെ  നീരാടാനായിരുന്നു കവി ആഗ്രഹിച്ചത്. 


കവിത വേണ്ടെന്നും അതൊഴികെ എന്തെഴുതിക്കൊടുത്താലും പ്രസിദ്ധീകരിക്കാമെന്നും അച്ചടിശാലയുടെ രണ്ടു മാനേജർമാർ വാക്കുകൊടുത്തു. പക്ഷേ, കവി കൂട്ടാക്കിയില്ല. കവിമനസ്സ് അന്നേരം മന്ത്രിച്ചത് ഇപ്രകാരമാണ്: സാഹിത്യസൗന്ദര്യം വിട്ട പുസ്തകരചന പട്ടിണിയായാലും അരുത്. അത് ആത്മഹത്യചെയ്യുന്നതിന് തുല്യമാണ്.


ആത്മകഥയെഴുതി കവി ആത്മഹത്യചെയ്തുവല്ലോ എന്ന പരിതാപം ആർക്കുമുണ്ടാവാൻ വയ്യ. ഓരോ താളിലും സാഹിത്യസൗന്ദര്യം തുളുമ്പുന്ന കവിയുടെ കാല്പാടുകൾ കാവ്യപുസ്തകമല്ലാതെ മറ്റെന്താണ്?          


കവി കടന്നുപോയ ജീവിതവഴികൾ ഓരോ താളിലും മുദ്രിതമായി കിടക്കുന്നു. സകലതും നശിപ്പിച്ച കവിയുടെ കീശ എന്നും ഓട്ടയുള്ളതായിരുന്നു. ധൂർത്തായിരുന്നില്ല കീശ ചോർന്നതിനു കാരണം. കവിയുടെ ദാരിദ്ര്യം ദാനശീലത്താൽ വിളിച്ചുവരുത്തിയ ദാരിദ്ര്യമായിരുന്നു.  


വൈഷമ്യങ്ങളുടെ ഹേതു  കണ്ടുപിടിക്കാൻ വന്ന കരിമ്പിൽ കുമാരപ്പണിക്കർ എന്ന ജ്യോത്സ്യൻ കവടി വാരിവച്ച് ശ്ലോകങ്ങൾ വിതറി ഫലം പറയുന്നു:  “ദുർവ്യയം. എന്നും കടം.”


കന്നു മേയ്ക്കുന്ന, ഓടക്കുഴൽ വായിക്കുന്ന രാമൻ. രാമനെപ്പറ്റി കവി ആത്മകഥയിൽ ഒരിടത്ത്: ‘ദൂരെ രാമന്റെ ഓടക്കുഴൽവിളി. അവനോടിവന്നു. കാശും ബീഡിയും കൈനിറയെ കൊടുത്തു….ആ മുരളീനാദം പിന്നാലെ വരുന്നു. കാശു പിന്നോക്കം വിതറിവിതറിപ്പോയി.’                


അധ്യാപനവൃത്തിയിൽ ഏർപ്പെടും മുൻപ് ജീവിതത്തിൽ കവി പലപല വേഷങ്ങൾ ആടി. ‘നവജീവൻ’ എന്ന പത്രം നടത്തി  പൊളിഞ്ഞ പത്രാധിപരായി എന്ന് ആത്മകഥയിലൊരിടത്ത് കവി. 


പ്രസ്സിൽ കടം പറഞ്ഞിട്ട്  കൊടുക്കാൻ കാശില്ലാതായി. പ്രസ്സ് മാനേജർ കണക്കുമായി കാഞ്ഞങ്ങാട്ടെ വീട്ടിൽച്ചെന്ന് അച്ഛനോട് കാശുവാങ്ങിപ്പോയി. 


താമസം വാടകവീട്ടിൽ. വീട്ടുടമസ്ഥന് വാടക  ബാക്കിയായപ്പോൾ തുക ഒപ്പിക്കാൻ പാലക്കാട്ടും കോഴിക്കോട്ടും പോയി (പരുങ്ങി എന്ന് കവിഭാഷ്യം). തുക ഒക്കാഞ്ഞതിനാൽ തിരിച്ചുപോയില്ല. വിലപിടിച്ച സാമാനങ്ങൾ, ഗ്രന്ഥശേഖരങ്ങൾ, കവിതയുടെ കൈയെഴുത്തു പ്രതികൾ, പാത്രങ്ങൾ, പുതിയ കിടക്ക, തലയണ എല്ലാമെല്ലാം ഉറങ്ങുന്ന ആ വാടകവീട് താൻ പിന്നീട് കാണുകയുണ്ടായില്ല എന്ന് കവി.   


ആത്മകഥയുടെ രചനയിൽ കവി മുൻമാതൃകകളെയെല്ലാം നിരാകരിച്ചിരിക്കുന്നു. സംഭവ വിവരണങ്ങളിൽ അടുക്കും ചിട്ടയും വേണമെന്ന ശാഠ്യം കവി എവിടെയും പ്രദർശിപ്പിക്കുന്നില്ല. വാക്കുകളുടെ നൈസർഗികമായ പ്രവാഹത്തോടൊപ്പം  വായനക്കാരൻ ഒഴുകിനീങ്ങുന്നു. ഈ പുസ്തകത്തിന്റെ  സവിശേഷതയും അതാണ്. കവിയുടെ കുത്തഴിഞ്ഞ ജീവിതംപോലെത്തന്നെ ആത്മകഥയും.


കല്യാണം നിശ്ചയിച്ചുകഴിഞ്ഞിട്ട് താലിചാർത്താൻ ചെല്ലാതിരുന്ന കവിയെപ്പറ്റി കേട്ടിട്ടുണ്ടോ? കവിയുടെ കാല്പാടുകളിൽ അങ്ങനെയൊരു കവിയെ കാണാം. 


കവി തന്റെ  അനുഭവസാഗരത്തിൽനിന്ന്   മുത്തുകൾ വാരിവാരി വിതറുകയാണ്. അവയെല്ലാം വെൺമുത്തുമാലകളായി    പരിശോഭിക്കുന്ന  വിസ്മയക്കാഴ്ച ഈ പുസ്തകത്തിന്റെ ഓരോ താളിലും ദർശിക്കാം.   


‘കല്പനാകുബേരൻ’ എന്ന് കവിയെപ്പറ്റി പറയാറുണ്ട്.            ചൈതന്യവത്തായ ഭാഷയുടെ തുടിപ്പും മിടിപ്പും വാക്കുകളുടെ പ്രയോഗഭംഗിയും  കവിതകളിലെന്നപോലെ അദ്ദേഹത്തിന്റെ ആത്മകഥയിലും അന്യാദൃശമായ മിഴിവോടെ പ്രത്യക്ഷീബ്ഭവിക്കുന്നു. 


മംഗലാപുരംപൊടി നിറച്ച വലിയ പൊടിക്കുപ്പി എപ്പോഴും കൂടെ നടക്കും എന്ന വരി   വായിച്ചിട്ട്, പൊടിക്കുപ്പിക്ക് കാലുണ്ടോ നടക്കാൻ എന്ന് കരുതിക്കൂട്ടി അസ്ത്രം തൊടുത്തവരെ അറിയാം. ഭക്തകവി എന്നു മുദ്രകുത്തപ്പെട്ട് പരിഹസിക്കുന്നവർക്ക് ഈ പുസ്തകം കൊള്ളില്ല.  പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള കവിയുടെ പ്രതിഷേധവാക്യംകൂടി അക്കൂട്ടർ വായിക്കണം. കവി എഴുതുന്നു: ‘വാരിക്കൊടുക്കുന്ന പ്രകൃതി. തട്ടിപ്പിടുങ്ങുന്ന മനുഷ്യൻ’. ഈ രണ്ടു വരിയിൽ മനുഷ്യന്റെ ദുരയത്രയും ഒതുക്കിയിരിക്കുന്നു. ചൂഷണം നടത്തുന്നത് പ്രകൃതിയെ മാത്രമോ? ചൂഷണത്തിന്നിരകളാണ് മനുഷ്യരും;  സർഗവൈഭവത്താൽ  ഭൂമുഖത്തെ സ്വർഗമാക്കുന്ന കവികൾ വിശേഷിച്ചും. 


മഹാകവി വള്ളത്തോളിന്റെ സാന്നിധ്യത്തിൽ അരങ്ങിൽ പി. കുഞ്ഞിരാമൻനായർ ‘കളിയച്ഛൻ’ എന്ന കവിത ചൊല്ലി. കവിയുടെ ഇനിപ്പറയുന്ന വാക്കുകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം :  ‘കവിത വായിച്ച് ഇറങ്ങുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എൻ.വി.കൃഷ്ണവാരിയർ കൈനീട്ടി. ‘കവിത’ എനിക്ക്.  കാലം ചെന്നപ്പോൾ ആ കവിത പുസ്തകമായി. പ്രീഡിഗ്രിക്ക് പാഠപുസ്തകമായി. പകർപ്പവകാശം കവിക്ക്.  പ്രസാധകനു പതിനായിരം കിട്ടിയപ്പോൾ കവിക്കു കിട്ടിയ തുക മൂവായിരം.’ അതേപ്പറ്റി കവി പറഞ്ഞു വയ്ക്കുന്നതിങ്ങനെയാണ്: ‘ഓണം വന്നാലും കോരനു കുമ്പിളിൽ കഞ്ഞി.’


കരിക്കിൻവെള്ളം നിറഞ്ഞ വള്ളുവനാടൻ ഭാഷ എന്ന ചമല്ക്കാരപ്രയോഗമുണ്ട് കവിയുടേതായി. കവിഭാഷയും കാഞ്ചനകാന്തി ചിതറുന്ന ഭാഷയാണ്. വാക്യങ്ങൾ ഉദ്ധരിക്കാനാണെങ്കിൽ പുസ്തകത്തിലെ ഏതാണ്ട് എല്ലാവരികളും ഉദ്ധരിക്കേണ്ടതായി വരും. എങ്കിലും ഒരു ചെറുഖണ്ഡിക  ഇവിടെ എടുത്തെഴുതട്ടെ: ‘കരിമ്പടം പുതച്ച വടമല. കാവല്ക്കാരനെപ്പോലെ വടിയൂന്നി കുത്തിയിരുന്നുറങ്ങി. ഇളംനിലാവിന്റെ പൊൻകസവ് അലക്കിൽ തേഞ്ഞുമാഞ്ഞു. മക്കളെ ഊട്ടി തളർന്നുറങ്ങിയ ഭൂതധാത്രി. തുറന്നിട്ട പകലിന്റെ പൂന്തോട്ടപ്പടി രാത്രിവന്നടച്ചിട്ടു…’


ചിതറിയ ചിന്തകളുമായി ദേശംവിട്ട് ദേശങ്ങളിൽ അലയുമ്പോഴും എവിടെയും താൻ ബന്ധനസ്ഥനാണെന്ന തോന്നലായിരുന്നില്ലേ കവിക്ക്?  അദ്ദേഹം തന്റെ നിസ്സാഹയതയെക്കുറിച്ച് പറയുന്നു: ‘നിറപ്പാതിരയ്ക്കു റെയിൽപ്പാളത്തിൽ ശവം കാത്ത് ഒറ്റയ്ക്കിരിക്കുന്ന പോലീസുകാരൻ. ഇന്നെന്റെ ചിത്രം ആ ബന്ധനസ്ഥന്റെ ചിത്രമാണ്.’


മലരിയും ചുഴലിയും  അശാന്തമാക്കിയ മനസ്സോടെ അലഞ്ഞുകൊണ്ടിരുന്ന കവി മനുഷ്യനെ പേടിച്ചിരുന്നുവോ?  പേടിച്ചിരുന്നു എന്നുവേണം കരുതാൻ. ഇല്ലെങ്കിൽ ഇങ്ങനെ എഴുതുമായിരുന്നില്ലല്ലോ: ‘പാമ്പിനെ മനസ്സിലാക്കാം. പേപ്പട്ടിയെ കണ്ടറിയാം. പുലിയെ തിരിച്ചറിയാം. മനസ്സ് വട്ടംകറങ്ങി. മനുഷ്യനെ മനസ്സിലാക്കാൻ എന്തു വഴി?’ 


കവി എഴുതുന്നു: ‘പ്രകൃതിയോടടുക്കുന്നത് കവിക്ക് സമ്പത്താണ്. മാറ്റുരച്ചുനോക്കാതെ മനുഷ്യനോടടുക്കുന്നത് ആപത്താണ്.’ ഇങ്ങനെ പറയാൻ കവിക്ക് ഒരു ദുരനുഭവമുണ്ടായി. കാശു വിതറിവിതറിക്കൊടുത്ത കാലിമേയ്പുകാരൻ രാമൻ, ഓടക്കുഴലൂതുന്ന കലാലോലനായ രാമൻ, വിശ്വസ്തനായി കൂടെക്കൂടി. രണ്ടുദിവസം വീട്ടിൽനിന്ന് മാറിനിന്ന് കവി തിരിച്ചെത്തിയപ്പോൾ രാമൻ വീട്ടിലെ ഓട്ടുപാത്രങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയതായി അറിഞ്ഞു. 


മനുഷ്യനെക്കുറിച്ച് കവിയുടെ നിരീക്ഷണപാടവം എത്ര ശരി.


പ്രകാശം പരത്തുന്ന പകലിനോട് ഇഷ്ടവും ഇരുട്ടുവീഴ്ത്തുന്ന രാത്രിയോട് അനിഷ്ടവും തോന്നുന്നത് മനുഷ്യസ്വഭാവമാണല്ലോ. മഹാകവി രാത്രിയെ വിവിധഭാവങ്ങളിൽ ആത്മകഥയിൽ പ്രതിഫലിപ്പിക്കുമ്പോൾ അതിനെ പ്രണയിനിയെപ്പോലെ സ്നേഹിച്ചുപോകുന്നു. ആ പ്രയോഗങ്ങളുടെ ശക്തിയും സൗന്ദര്യവും അത്രമേൽ ഗാഢമായ ഒരാലിംഗനത്തിൽ അമർത്തിക്കളയുന്നതുപോലുള്ള അനുഭവമുണ്ടാകുന്നു. നോക്കൂ കവി പറയുന്ന  രാത്രിയുടെ ആ പ്രത്യേക ‘ദീപ്തി’: കറുത്ത പെയിന്റടിച്ച രാത്രി, കരിമ്പുക ആകാശംമുട്ടി നില്ക്കുന്ന രാത്രി, കുളിച്ചു സാരി മാറിയ രാത്രി, നേരിയ നിലാവു ചുറ്റി കണ്ണെഴുതി പടിക്കലേക്ക് ഉറ്റുനോക്കി നില്ക്കുന്ന രാത്രി. ഇപ്പോൾ ആരും അതിശയിച്ചുപോകും, ഈ നിശ എന്തുമാത്രം അഴകാർന്നവൾ.


കവിയുടെ പൊൻപേനയിൽനിന്ന് നിർഗളിച്ച ഏതാനും പ്രയോഗങ്ങളുടെ കൂടി പനിനീർച്ചോലയിലും നമുക്കൊന്നു മുങ്ങി നിവരാം:  ആയിരം വയസ്സുചെന്ന, കിഴക്കേനടയിലെ നാടാകെ പന്തലിട്ട അരയാൽ മരം, അർശസ്സ് മാറാത്ത കടവുതോണി, തകരക്കണ്ണട വച്ച തോണിപ്പുര, പവിഴമണിക്കുല തൂങ്ങുന്ന കവുങ്ങിൻ തോട്ടം, ചുമടേറ്റിനില്ക്കുന്ന തെങ്ങിൻപറ്റം, അയ്യപ്പൻപാട്ടു പാടുന്ന കറുപ്പുടുത്ത അറിബിക്കടൽ….         


മലയാളഭാഷയെ ആടയാഭരണങ്ങൾ ചാർത്തി പ്രോജ്ജ്വലിപ്പിച്ച മഹാത്ഭുതം– അതാണ്  ‘കവിയുടെ കാല്പാടുകൾ.’