എന്താണ് നമ്മുടെ ആരോഗ്യധര്‍മം? – ഡോ. ജേക്കബ് തോമസ്
ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥയാണ് എന്നാണ് മനസ്സിൽ ആദ്യം കയറിവരുന്ന ചിന്ത. ഇതു സമാധാനം എന്നു പറഞ്ഞാൽ അക്രമമില്ലാത്ത അവസ്ഥ എന്നു പറയുന്നതുപോലെ അർഥശൂന്യമായ ഒരു കാര്യമാണ്. കാരണം രോഗവും അക്രമവും യഥാക്രമം ആരോഗ്യത്തെയും സമാധാനത്തെയും ദുർബലപ്പെടുത്തുകയും ഒരുപക്ഷേ, ഇല്ലാതാക്കുകയും ചെയ്യുമെങ്കിലും ഇവ ആരോഗ്യത്തിന്റെയോ സമാധാനത്തിന്റെയോ നന്മയെ നിർവചിക്കുകയോ പ്രതിബിംബിക്കുകയോ ചെയ്യുന്നില്ല. ആരോഗ്യവും സമാധാനവും തമ്മിലുള്ള ബന്ധം ഇവിടെ തെളിഞ്ഞുവരുന്നുണ്ടെങ്കിലും ആ വിഷയം നമുക്കു പിന്നീടു ചർച്ച ചെയ്യാം.
രോഗത്തിലോ അതിന്റെ ഏറ്റക്കുറവിലോ അധിഷ്ഠിതമായ ആരോഗ്യസങ്കല്പത്തിന്റെ അപചയങ്ങൾ പലതാണ്. ഇതിൽ ഒരു പ്രധാനകാരണം രോഗനിർവചന,നിർണയരീതികൾ അടിസ്ഥാനമാക്കിയിട്ടുള്ള ജീവസങ്കല്പം തന്നെയാണ്. രോഗപ്രതിരോധരീതികളും രോഗചികിത്സാവിധികളും തുടങ്ങി ജനങ്ങളുടെ സാമൂഹിക – സാമ്പത്തിക – സാംസ്‌കാരിക കാര്യങ്ങൾ വരെയുള്ളവ മുൻപറഞ്ഞ ജീവസങ്കല്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാം.
ഇവിടെ ഒരുകാര്യം എടുത്തുപറയേണ്ടതായുണ്ട്. ആരോഗ്യത്തെ രോഗമില്ലാത്ത അവസ്ഥയെന്നു തെറ്റായി നിർവചിക്കുമ്പോഴും പ്രതിരോധമാർഗങ്ങളെക്കുറിച്ച് ചിന്തിക്കുവാനോ അവ ജീവിതത്തിൽ അവലംബിക്കുവാനോ ആരും തയാറാകുന്നില്ല എന്നതാണ് സത്യം. ആരോഗ്യത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുതന്നെയാണ് ഇതിനു പ്രധാനകാരണം എന്നു പറയേണ്ടതില്ലല്ലോ.
ഇന്ത്യയിൽ അലോപ്പതി എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പാശ്ചാത്യവൈദ്യം തന്നെയാണ് പ്രധാനമായും അവലംബിക്കപ്പെടുന്ന ചികിത്സാസമ്പ്രദായം. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളും വമ്പൻ ചികിത്സാസ്ഥാപനങ്ങളും ഈ ചികിത്സാസമ്പ്രദായത്തിന്റെ പക്കൽ തന്നെയാണ്. ചികിത്സയുടെ ഭാരിച്ച ചെലവും സാധാരണയായി ഈ ചികിത്സാപദ്ധതിയുടെ ഭാഗമാണെന്ന സത്യവും നമുക്കു മറക്കുവാൻ കഴിയില്ല. പ്രത്യേകിച്ച് ഇന്ത്യയിലെ സാധാരണജനങ്ങളുടെ സാമ്പത്തിക അഭദ്രിത കണക്കിലെടുക്കുമ്പോൾ.
പാശ്ചാത്യ ചികിത്സാസമ്പ്രദായത്തിന്റെ അതിപ്രസരത്തിൽ പിൻതള്ളപ്പെട്ട പല ചികിത്സാപദ്ധതികളും ഭാരതത്തിന്റെ പല ഭാഗങ്ങളിലും നിലനിന്നിരുന്നുവെന്നതും ജനങ്ങൾക്ക് സൗഖ്യം പ്രദാനം ചെയ്തിരുന്നു എന്നതും അവിതർക്കിതമാണ്. ഭാരതസർക്കാരിന്റെ ആയുഷ് മന്ത്രാലയവുമായി ബന്ധപ്പെട്ടും അതിന്റെ നിയന്ത്രണത്തിലുമുള്ളതായ ചികിത്സാവിഭാഗങ്ങൾ, ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കൊന്നും ആധുനിക പാശ്ചാത്യചികിത്സയുടെ പ്രചാരമോ സാമൂഹിക സ്വീകാര്യതയോ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ചൈന തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി ഇങ്ങനെയല്ല എന്നുള്ളതും നമ്മെ ചിന്തിപ്പിക്കേണ്ട വിഷയമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പാശ്ചാത്യചികിത്സാരീതി പിന്‍തുടരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭാരിച്ച ചികിത്സാചെലവും സാധരണക്കാരിൽ മിക്കവർക്കും ഇൻഷുറൻസ് കവറേജ് കിട്ടാക്കനിയാണെന്ന കാര്യവും കണക്കിലെടുക്കുമ്പോൾ നമ്മുടെ ചികിത്സാസമ്പ്രദായം ആരുടെ ആരോഗ്യം സംരക്ഷിക്കുവാനാണ് എന്ന ചോദ്യം പ്രസക്തമാവുകയാണ്.
മറ്റൊരുകാര്യം ഇപ്പോൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. സാധാരണയായി പാശ്ചാത്യചികിത്സാരീതിയുമായി ബന്ധപ്പെട്ട ആളുകളും സ്ഥാപനങ്ങളും ഉച്ചത്തിൽ പറയുന്ന ഒരു കാര്യം ശാസ്ത്രീയവിധിപ്രകാരമുള്ള ചികിത്സാപദ്ധതി പാശ്ചാത്യചികിത്സാസമ്പ്രദായം മാത്രമാണ് മറ്റുള്ളതെല്ലാം അശാസ്ത്രീയവും അന്ധവിശ്വാസപൂർണവുമാണ് എന്നുള്ളതാണ്. ഇതിൽ എത്രമാത്രം സത്യമുണ്ട്?
നിരീക്ഷണപരീക്ഷണങ്ങളാണ് ശാസ്ത്രത്തിന്റെ രീതിശാസ്ത്രം. പ്രസിദ്ധ ശാസ്ത്രദാർശനികനായ കാൾ പോപ്പർ പറഞ്ഞതുപോലെ falsifiability-യാണ് ഒരു ശാസ്ത്രതത്ത്വത്തിന്റെ അടിസ്ഥാന ഗുണവിശേഷം. അതായത് തെറ്റെന്നു തെളിയിക്കപ്പെടുവാൻ സാധ്യതയില്ലാത്തതൊന്നും ശാസ്ത്രീയതത്ത്വമായി അംഗീകരിക്കപ്പെടുവാൻ അർഹമല്ല എന്നു സാരം. അപ്പോൾ തന്റെ രീതി മാത്രമാണ് സത്യം എന്നു പറയുന്നതും അശാസ്ത്രീയമാണെന്നു കാണാം.
മറ്റൊരു കാര്യം കൂടി ഇവിടെ പ്രസക്തമാവുന്നുണ്ട്. ശാസ്ത്രീയ രീതിശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളും ധാരണകളും ഭൗതികശാസ്ത്ര തർക്കശാസ്ത്ര (logic) ആശയങ്ങളുമായും reductionist scientific methodology-യുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ജീവശാസ്ത്ര സംബന്ധിയായ തത്ത്വങ്ങളും കാഴ്ചപ്പാടുകളും കൈകാര്യം ചെയ്യുവാൻ reductionist scientific methodology-ക്കുമാത്രം സാധ്യമാകുമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. സങ്കീർണവും സമഗ്രവും സംയോജിതവുമായ സമീപനത്തോടെ നൂതന (ശാസ്ത്രീയ) വിധികൾ പരീക്ഷിക്കേണ്ടതില്ലേ എന്നു തുറന്നമനസ്സോടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നു നിലവിലുള്ള ചികിത്സാസമ്പ്രദായങ്ങളെ താരതമ്യപ്പെടുത്തി ഏതാണ് ഏറ്റവും മെച്ചം എന്നു കണ്ടുപിടിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ചികിത്സാശാസ്ത്രശാഖകൾ തമ്മിലുള്ള മത്സരത്തിന്റെ പിന്നിൽ സാമ്പത്തിക-സാംസ്‌കാരിക കാരണങ്ങളും ചരിത്രപരമായ അടിയൊഴുക്കുകളും പ്രവർത്തിക്കുന്നുണ്ടാവാം. എന്നാൽ, ആത്യന്തികമായി മനുഷ്യനു സൗഖ്യം നല്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണോ ചികിത്സാപദ്ധതികൾ പ്രവർത്തിക്കുന്നതെന്ന് ചികിത്സകരും ചികിത്സയുമായി ബന്ധപ്പെട്ട മറ്റുള്ളവരും സ്വയം വിമർശനബുദ്ധിയോടെ ചിന്തിക്കേണ്ടതുണ്ട്. ചികിത്സാപദ്ധതികളുടെയും സ്ഥാപനങ്ങളുടെയും കേന്ദ്രം മനുഷ്യനും അവരുടെ സൗഖ്യവുമായി തിരുത്തപ്പെടേണ്ടതുണ്ട്.
ഇത്തരുണത്തിൽ നമുക്ക് രോഗചിന്തകളെയും ചികിത്സാപദ്ധതികളെയും മാറ്റിവച്ച് എന്താണ് ആരോഗ്യം എന്ന ചോദ്യം വീണ്ടും ഉന്നയിക്കാം. ആരോഗ്യം എന്താണ്, എന്തിനുവേണ്ടി അതു മനുഷ്യനു നല്കപ്പെട്ടിരിക്കുന്നു? എന്താണ് മനുഷ്യന്റെ ആരോഗ്യധർമം?
മനുഷ്യൻ അവന്റെ/അവളുടെ സ്വാതന്ത്ര്യത്തിന്റെ പരിപൂർണതികവിൽ തന്റെ ചുറ്റുമുള്ള ജൈവ അജൈവ ജീവികളോടും വസ്തുക്കളോടും സമാധാനത്തിൽ കഴിയുമ്പോഴാണ് ആരോഗ്യം കണ്ടെത്തുക എന്നുപറയാം. അങ്ങനെ ആരോഗ്യപൂർണമായി ഓരോ വ്യക്തിയും ജീവിക്കാൻ ശ്രമിച്ചാൽ സമൂഹത്തിൽ സമാധാനവും നിലനില്ക്കും എന്നതാണ് മനുഷ്യാരോഗ്യത്തിന്റെയും സാമൂഹിക സമാധാനത്തിന്റെയും കാതൽ.