സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ
ആസ്സാമീസ് കവിത.
പരിഭാഷ: രാജൻകൈലാസ്
സത്യത്തിൽ എത്രയോ
സുന്ദരമാകണം ജീവിതം.
ആകാശമൊക്കെയും കാർമേഘപൂരിതമെങ്കിലും
കാണുക,
പായും നദിയുടെ
കലപില കേൾക്കാതെ,
കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം
ഏറ്റു പാടുന്നോരീ ബാലനെ.
സായന്തനത്തിലോ
പേരക്കിടാവിന്റെ
കൈപിടിച്ചെത്തുന്ന
മുത്തശ്ശി മുറ്റത്തിരിക്കുന്നു.
പാവമക്കൈകളിൽ കത്തുന്ന മൺവിളക്കിൻ ചെറുവെട്ടത്തിൽ
വിറയലായൊഴുകുന്ന മധുരഗീതങ്ങളിൽ
ഒരു നിമിഷമെങ്കിലും
ഏറുന്ന ദുഃഖങ്ങളൊക്കെ
മറക്കുന്നു മുത്തശ്ശൻ.
രാത്രി
നദി പരന്നൊഴുകുന്നു
പെട്ടെന്നു
വീടിന്റെ പിൻപുറത്തെത്തുന്നു.
ഞെട്ടിയുണർന്നു തുറിച്ചു നോക്കുമ്പോഴോ
ഉണ്ണിക്കിടാവിന്റെയോമൽ
മുഖത്തിതാ
സ്വപ്നങ്ങൾ പൂത്തു –
വിടർന്നതാംപ്പുഞ്ചിരി
മാറുകയില്ല, യെല്ലാമൊറ്റ രാവിൽ മാറിമറിയുകയില്ല.
ഇരുകരകൾ പൊങ്ങിയൊഴുകും പുഴകൾക്ക്
പതനമൊരു ക്ഷീണമേയല്ല.
അപ്പൊഴും വെട്ടിത്തിളങ്ങി
തിളങ്ങും നിമിഷങ്ങൾ.
നേത്രഗോളങ്ങളിൽ നൃത്തമാടും
ജീവമത്സ്യങ്ങൾ പോലവേ.
സത്യത്തിൽ എത്രയോ
സുന്ദരമാകണം ജീവിതം.