പ്രജകൾ തോല്ക്കുകയും പൗരർ ജയിക്കുകയും വേണം – വിനോദ് നാരായണ്‍

നോട്ടം


ജനാധിപത്യത്തിൽ ഏറ്റവും വലിയൊരു ഗൂഢാലോചനയാണ് നിശ്ശബ്ദത. ഇന്നത് വളരെ ഉച്ചത്തിലാണ്. നമ്മുടെ ചുറ്റുമുള്ള നിശ്ശബ്ദതയിൽ നമ്മൾ പലരും കേൾക്കുന്നത് സ്വേച്ഛാധിപതികളും അധികാരകേന്ദ്രങ്ങളും നമ്മൾക്കുവേണ്ടി കൂടുകൾ പണിയുന്നതിന്റെ ശബ്ദമാണ്. 


ഏപ്രിൽ മാസം അമേരിക്കയിൽ കവിതകളുടെ മാസമായി അറിയപ്പെടുന്നു. അതിനാൽ, ഈ ലക്കത്തിലെ നോട്ടം ഒരു കവിതയിലൂടെ ആരംഭിക്കുന്നത് ഉചിതമായിരിക്കും. ജെയിൻ ഹിർഷ്ഫീൽഡ് രചിച്ച “Let them not say” എന്ന കവിതയുടെ സ്വതന്ത്രപരിഭാഷയിലൂടെ തുടങ്ങാം.


“പരിഭാഷയിൽ നഷ്ടപ്പെടുന്നതാണ് കവിത” എന്ന് റോബർട്ട് ഫ്രോസ്റ്റ് പ്രസ്താവിച്ചിട്ടുണ്ട്. ഈ ലക്കത്തിന്റെ പ്രധാനവിഷയം ജനാധിപത്യമാണെങ്കിലും, ആ വാക്ക് ഈ കവിതയിൽ ഒരിക്കൽപ്പോലും ഉപയോഗിക്കുന്നില്ല. എന്നിരുന്നാലും, ജനാധിപത്യത്തിന്റെ ആത്മാവ് ഈ വരികളിൽ നിറഞ്ഞുനില്ക്കുന്നു. അതുകൊണ്ടാണ് ഈ കവിത ഈ ലക്കത്തിനായി തിരഞ്ഞെടുത്തത്.


അവർ പറയാതിരിക്കട്ടെ: നമ്മൾ ഒന്നും കണ്ടില്ലെന്ന്

നമ്മൾ എല്ലാം കണ്ടിരുന്നു.

അവർ പറയാതിരിക്കട്ടെ: നമ്മൾ ഒന്നും കേട്ടില്ലെന്ന്

നമ്മൾ എല്ലാം കേട്ടിരുന്നു.

അവർ പറയാതിരിക്കട്ടെ: അവർ അതിന്റെ രുചിയറിഞ്ഞില്ലെന്ന്

നമ്മളത് ഭക്ഷിച്ചു, നമ്മൾ ഭയന്ന് നടുങ്ങി.

അവർ പറയാതിരിക്കട്ടെ: ആരും സംസാരിച്ചില്ല, ആരും എഴുതിയില്ല എന്ന്  

നമ്മൾ ശബ്ദമുയർത്തിയിരുന്നു,   

നമ്മൾ ദൃക്‌സാക്ഷികളായിരുന്നു,

ശബ്ദം കൊണ്ടും കൈകൾ കൊണ്ടും എല്ലാം.      

അവർ പറയാതിരിക്കട്ടെ: നമ്മളൊന്നും ചെയ്തില്ലെന്ന് 

നമ്മൾ ചെയ്തിരുന്നു, പക്ഷേ, ആവശ്യത്തിനു വേണ്ടത്ര ചെയ്തില്ല 

അവർ പറയട്ടെ, 

അവർക്ക് എന്തെങ്കിലും പറയണം എന്നുള്ളതുകൊണ്ടുമാത്രം. 

മണ്ണെണ്ണ വിളക്ക് പരത്തുന്ന സൗന്ദര്യത്തോടെ  

അതവിടെനിന്ന് കത്തിയിരുന്നെന്ന്.

അവർ പറയട്ടെ, നമ്മൾ അതുപയോഗിച്ച് ചൂടുപിടിച്ചെന്ന്    

അതിന്റെ വെളിച്ചത്തിൽ വായിച്ചിരുന്നെന്ന്, 

അതിനെ പുകഴ്ത്തിയിരുന്നെന്ന്,

എന്നിട്ടും അത് കത്തിക്കൊണ്ടിരുന്നെന്ന്.

                        – ജെയിൻ ഹിർഷ്ഫീൽഡ്


ജെയിൻ ഹിർഷ്ഫീൽഡിനെയും ജീവിത പങ്കാളിയായിരുന്നു ജാക്ക് ഹിർഷ്ഫീൽഡിനെയും ആദ്യമായി കാണുന്നത് ഒരു അന്താരാഷ്ട്ര കവിസമ്മേളനത്തിൽ വച്ചാണ്. പിന്നീട് ഒന്നു രണ്ടു തവണ അവർ കവിത വായിക്കുന്നതും കേട്ടിരുന്നു. ഹെമ്മിങ്‌വേയുടെ “A letter to a young writer” ജാക്ക് ഹിർഷ്ഫീൽഡിനെ അഭിസംബോധന ചെയ്തെഴുതിയതാണ്. ജാക്കിന്റെ കവിത മറ്റൊരു സമയത്ത് അവതരിപ്പിക്കാം.


ഈ കവിതയിൽ നിറഞ്ഞുനില്ക്കുന്നത് നമ്മുടെ ജനാധിപത്യവാദികളുടെ ലോകത്തിന്റെ പല കോണുകളിൽ ജീവിക്കുന്നവരുടെ സ്വരമാണ്. നമ്മൾ എന്തെങ്കിലും ചെയ്തുവോ എന്ന ചോദ്യത്തിന്, നമ്മൾ ആവശ്യത്തിന് ചെയ്തില്ല എന്നതാണ് ആത്മാർഥമായ ഉത്തരം എന്നത് നമ്മളെ അലോസരപ്പെടുത്തുന്നില്ലേ? നമ്മളെ നമ്മൾതന്നെ തുടർന്നും എഴുതാനും പറയാനും പ്രേരിപ്പിക്കണം. നിശ്ശബ്ദമാവാതിരിക്കാൻ അന്യോന്യം ധൈര്യംപകരണം. ജനാധിപത്യത്തിൽ ഏറ്റവും വലിയൊരു ഗൂഢാലോചനയാണ് നിശ്ശബ്ദത. ഇന്നത് വളരെ ഉച്ചത്തിലാണ്. നമ്മുടെ ചുറ്റുമുള്ള നിശ്ശബ്ദതയിൽ നമ്മൾ പലരും കേൾക്കുന്നത് സ്വേച്ഛാധിപതികളും അധികാരകേന്ദ്രങ്ങളും നമ്മൾക്കുവേണ്ടി കൂടുകൾ പണിയുന്നതിന്റെ ശബ്ദമാണ്. 


അവിടെ ചങ്ങലകളുണ്ടാവില്ല. വിശാലമായ കൂടുകളായിരിക്കും. കാലംകഴിയുമ്പോൾ കൂടുകൾ മാത്രമാണ് ലോകമെന്നു കരുതുന്ന ഒരു പുതിയ തലമുറയാണോ ഉണ്ടാവുക? നമ്മളെ പോലുള്ളവർ മാത്രം ജീവിക്കുന്ന നമ്മുടെ സ്വന്തം കൂടുകൾ. കൂടുകളിൽ മാത്രം സ്വാതന്ത്ര്യം കാണുന്നവരായി മാറുമോ നമ്മുടെ അടുത്ത തലമുറ? 


“അവർ പറയാതിരിക്കട്ടെ: നമ്മളൊന്നും ചെയ്തില്ലെന്ന് 


നമ്മൾ ചെയ്തിരുന്നു, പക്ഷേ, ആവശ്യത്തിനു വേണ്ടത്ര ചെയ്തില്ല.”        


ജനാധിപത്യം ഒരിക്കലും കുറ്റമറ്റതാവില്ല, പക്ഷേ, അതിനു മാത്രമേ മനുഷ്യന്റെ ആവശ്യത്തിനനുസരിച്ച് മെച്ചപ്പെടാൻ കഴിയൂ. കൂടുകൾ പണിയാതെ മനുഷ്യനെ പറക്കാൻ അനുവദിക്കൂ. അധികാരത്തിലുള്ളവർ എക്കാലത്തും അധികാരത്തിൽ ഇരിക്കില്ല. ഇരിക്കരുത് എന്നു വാക്കാലെങ്കിലും എഴുതിവച്ചിട്ടുള്ള ഒരേയൊരു വ്യവസ്ഥ ജനാധിപത്യമാണ്. 


തിരഞ്ഞെടുപ്പുകൾ തന്നെ പ്രജകളും പൗരരും തമ്മിലുള്ള ഒരു ആശയസംഘർഷമാണ്. അതിൽ പ്രജകൾ തോൽക്കുകയും പൗരർ ജയിക്കുകയും ചെയ്യുന്നതിനാണ് ജനാധിപത്യം എന്നു പറയുന്നത്. പ്രജകൾ ജയിച്ചാൽപ്പിന്നെ മെല്ലെ തിരഞ്ഞെടുപ്പുകളും ജനാധിപത്യവും ഇല്ലാതാവും. കൂടുകൾ മാത്രമാവും. പലതരം കൂടുകൾ നമ്മളെപ്പോലെ സംസാരിക്കുകയും ജീവിക്കുകയും വേഷം ധരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ കൂടുകൾ. ഭയപ്പെടുത്തുന്നില്ലേ ആ ബഹുസ്വരതയില്ലായ്മ?


ആരാണ് ഈ പ്രജ? ആരുമാവാം ഈ പ്രജ. നമ്മളിലെല്ലാം ഉണ്ടൊരു പ്രജ. അല്ലെങ്കിൽ, പ്രജാശേഷി. പൗരരാണ് ഇന്നു നമ്മൾ ഓരോരുത്തരും. നമ്മുടെ പ്രതീക്ഷ ഭരണഘടനയിൽനിന്നും സാമൂഹിക ജനാധിപത്യബോധത്തിൽനിന്നും മാറ്റി ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പാർട്ടിയുടേയോ പ്രത്യേക ഭരണകൂടത്തിന്റെയോ കാരുണ്യത്തിലും വിധേയത്വത്തിലും കൊണ്ടുചെന്നു വയ്ക്കുമ്പോൾ നമ്മൾ പ്രജകളായി മാറുന്നു. പൗരർ ആണെന്ന് കരുതുമ്പോൾത്തന്നെ നമ്മൾ പ്രജകളെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നു. കൂടുകളിൽ സംതൃപ്തരാവുന്നു. അതിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നു. കൂടുകളിൽ കഴിയുക എന്നത് നമ്മുടെ സ്വാതന്ത്ര്യവും അവകാശവും ആഗ്രഹവുമാണെന്ന് പറഞ്ഞും പാടിയും നടക്കുന്നു.   


ജനാധിപത്യത്തിൽ പ്രജകളെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യാതിരിക്കുക എന്നതുതന്നെ ജനാധിപത്യത്തിലെ നമ്മുടെ മുഖ്യ ഉത്തരവാദിത്വമാണ്.


അവർ പറയാതിരിക്കട്ടെ: നമ്മളൊന്നും ചെയ്തില്ലെന്ന് 


നമ്മൾ ചെയ്തിരുന്നു, പക്ഷേ, ആവശ്യത്തിനു വേണ്ടത്ര ചെയ്തില്ല.