എന്തിന്നു ഭാരതധരേ കരയുന്നു? – സി.രാധാകൃഷ്ണൻ
മുൻവാക്ക്
എങ്കിൽ ഇനി നമുക്ക് ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കാം. 90 കോടിയിലേറെ ജനം അതിൽ വീണ്ടുമൊരിക്കൽ വിരലൂന്നാൻ പോവുകയാണല്ലോ.
ഈ നാട് സ്വതന്ത്രമായതിനു തൊട്ടുമുൻപും തൊട്ടുപിൻപുമായി മഹാത്മാഗാന്ധി രണ്ടു കാര്യങ്ങൾ പറയുകയുണ്ടായി. ആദ്യത്തേത്, ഇന്ത്യയെ രണ്ടാക്കി പകുത്തുള്ള സ്വാതന്ത്ര്യം നമുക്കു വേണ്ട എന്നു നിശ്ചയിക്കണം. ഇതു പറഞ്ഞത് സ്വാതന്ത്ര്യത്തിനു മുൻപ്. ആരും കേട്ടില്ല. ഫലമോ? അതേവരെ അഹിംസകൊണ്ട് നേടിയതിന്റെ അനേകായിരം ഇരട്ടി ഏതാനും മാസങ്ങളിൽ ഹിംസിക്കപ്പെട്ടു. 1947 ആഗസ്റ്റ് 16-ന് ഗാന്ധിജി മറ്റൊരു നിർദേശം നല്കി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയകക്ഷി പിരിച്ചുവിടണം. കാരണം, ഇനി ഇന്ത്യ ഭരിക്കേണ്ടത് കുറച്ചുപേരുടെ പാർട്ടിയല്ല മുഴുവൻ ഇന്ത്യക്കാരും ചേർന്നാണ്. പാർട്ടിരഹിത ജനായത്തം, അതായത് പഞ്ചായത്തീരാജ്, മതി എന്നാണ് ഗാന്ധിജി പറഞ്ഞത്. ആരും കേട്ടില്ല.
ഫലമോ? ഈ രാജ്യത്ത് ഇന്നോളം ഭരിച്ച ഒരു സർക്കാറും, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും, ഭൂരിപക്ഷ സർക്കാരുകൾ ആയില്ല. വോട്ടർമാരിൽ ഒരു ന്യൂനപക്ഷത്തിന്റെ പിന്തുണയേ അവർക്ക് എല്ലാവർക്കും യഥാർഥത്തിൽ ഉണ്ടായിട്ടുള്ളൂ.
കാലംകൊണ്ട് ഈ ശിഥിലീകരണം പെരുകി. ആദ്യകാലങ്ങളിൽ മൊത്തം വോട്ടർമാരിൽ പത്തോ മുപ്പതോ ശതമാനം പേർ മാത്രമേ വോട്ടുചെയ്യാൻ എത്തിയിരുന്നുള്ളൂ. ആ വോട്ടുകളിൽ ഏതെങ്കിലും ഒരു കക്ഷിക്കു കിട്ടുന്ന ഭൂരിപക്ഷത്തിന്മേലായിരുന്നു അധികാരം. വോട്ടിങ് ശതമാനം അറുപതും എഴുപതും ഒക്കെയായപ്പോഴോ, പാർട്ടികൾ ഡസൻ കണക്കിലായി. മതത്തിന്റെയും കഴിഞ്ഞ് ജാതികളുടെയുംകൂടി പേരിൽ പാർട്ടികൾ വന്നല്ലോ. അതിനാൽ, (മത്സരത്തിന്റെ ‘കോണം’ പെരുകിയതിനാൽ) അപ്പോഴും 30-ൽ താഴെ വരുന്ന ശതമാനത്തിന്റെ വോട്ടാണ് ഭൂരിപക്ഷം നിശ്ചയിച്ചത്. വിദ്വേഷത്തിന്റെയും സ്വാർഥതാത്പര്യങ്ങളുടെയും പേരിലാണ് വോട്ടുകൾ ചോദിച്ചതും നല്കപ്പെട്ടതും. അങ്ങനെയാണ് നാം ഈ നിലയിലേക്ക് എത്തിയത്. (അതിനാലാണ് ഇതിൽ ഒരു പാർട്ടിയും എന്റെ പാർട്ടിയല്ല എന്ന് എന്നെപ്പോലുള്ളവർക്ക് തീരുമാനിക്കേണ്ടി വന്നത്.)
പഞ്ചായത്തീരാജ് ജനായത്തം എങ്ങനെയാണെന്നു ഗാന്ധിജി വിശദീകരിച്ചിരുന്നു. അതു വന്നാൽ തങ്ങളുടെ മോഹങ്ങളും കളികളും നടക്കില്ല എന്ന് തീരുമാനമായതു തന്നെയാണ് ആ വലിയ ആശയം കണ്ടില്ലെന്നു നടിക്കാൻ അന്നത്തെ നേതാക്കളെ പ്രേരിപ്പിച്ചത്.
പാർട്ടികൾ ഇല്ലാത്ത തിരഞ്ഞെടുപ്പ് പഞ്ചായത്ത് തലത്തിൽനിന്ന് തുടങ്ങുന്നു. പിന്നെ പഞ്ചായത്തുകളുടെ പഞ്ചായത്തും അതിന്റെയും പഞ്ചായത്തുമായി കേന്ദ്രസമിതിവരെ എത്തുന്നു. എല്ലാ പഞ്ചായത്ത് തലത്തിലെയും മൂന്നിലൊന്ന് പേർ ആണ്ടുതോറും പിരിയുന്നു. ആ ഒഴിവിലേക്ക് വീണ്ടും തിരഞ്ഞെടുപ്പു വരുന്നു. ഒരു തലത്തിലും രണ്ടു തവണയിലേറെ ആർക്കും ഇരിക്കാൻ പറ്റില്ല. ജാതിയുടെയോ മതത്തിന്റെയോ മറ്റേതെങ്കിലും വിഭാഗീയതയുടെയോ പരോക്ഷ സ്വഭാവമെങ്കിലുമുള്ള ഒരു സംഘടനയ്ക്കും നാട്ടിൽ ഒരിടത്തും പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവില്ല.
ഗാന്ധിജിയുടെ രണ്ടു നിർദേശങ്ങളും പാലിക്കപ്പെട്ടിരുന്നുവെങ്കിൽ ഈ കഴിഞ്ഞ കാലംകൊണ്ട് ലോകഗതി തന്നെ മാറ്റി മറിക്കാൻ ഈ നാടിന് കഴിയുമായിരുന്നു.
സമൂഹത്തെ കൊത്തിനുറുക്കുന്ന ജനാധിപത്യത്തിനു നാം സാക്ഷി നില്ക്കുകയാണ്. ഇതാ, ഇപ്പോഴും കാണുന്നുണ്ടല്ലോ:
ജാതിമത ധ്രുവീകരണമാണ് എല്ലാ കക്ഷികളുടെയും അജണ്ട. ഫലം എന്താണെന്നു കാണാൻ പാഴൂർ പടിപ്പുരവരെ പോകുന്നതെന്തിന്.
ആകട്ടെ സമുദായം നുറുങ്ങിയാലും ഭരണസ്ഥിരതയെങ്കിലും ഉണ്ടാകുമോ? അതും ഇല്ല. ഒരു കക്ഷിയ്ക്കും, കേവല ഭൂരിപക്ഷം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ‘ന്യൂനപക്ഷഭൂരിപക്ഷം’ പോലും ഇത്തവണ ഉണ്ടാവില്ല എന്നു നിശ്ചയം. പിന്നെ, കോടികൾ കൈമാറി കൊടികൾ മാറ്റി പിടിക്കലും മറ്റും മറ്റും. അതായത് വെറും അടവുകളും തടവുകളും മാത്രം. ഇതിനിടെ നാട്ടിന്റെ സമ്പത്തത്രയും ചോരുന്നു. നാണയപ്പെരുപ്പം രണ്ടക്കങ്ങളിൽ തുടരുന്നു. കൂടുതൽ കൃഷിക്കാർ ആത്മഹത്യ ചെയ്യുന്നു. ഇതാണ് ജനാധിപത്യത്തിന്റെ പേരിൽ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ പൊറാട്ടുനാടകത്തിന്റെ യഥാർഥ കഥ.
ഒരു പഴയ സൂചിമുഖി പക്ഷിയുടെ കാര്യം ഓർമയില്ലാതെയല്ല ഇതു പറയുന്നത്. മിന്നാമിന്നികളെ തേടിപ്പിടിച്ച് കരിയിലക്കൂമ്പാരത്തിനടിയിൽ ഇട്ട് ഊതി തീ കത്തിച്ച് തണുപ്പകറ്റാൻ ശ്രമിക്കുന്ന കാട്ടാളന്മാരോട് നേരു പറയാൻ മുതിർന്ന ആ പക്ഷിയെ അവർ….
എന്തിന്നു ഭാരതധരേ കരയുന്നു.. എന്നു ഗ്രാമവൃക്ഷത്തിലെ ഒരു കുയിൽകൂടി പാടിയിട്ടില്ലേ?