വന്യമൃഗങ്ങളുടെ ദയ യാചിക്കുന്ന മനുഷ്യരുടെ നാട് – ഡോ.ജോര്‍ജ് കുടിലിൽ
മനുഷ്യ-വന്യജീവി സംഘര്‍ഷം എന്ന പ്രയോഗംതന്നെ യുക്തിസഹമോ അനുയോജ്യമോ അല്ല. വന്യജീവികൾ ഏകപക്ഷീയമായി മനുഷ്യവാസ മേഖലകളിൽ കടന്നുകയറി മനുഷ്യരെ ആക്രമിക്കുകയാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമങ്ങളുള്ള രാജ്യത്ത് മനുഷ്യർക്കു സംരക്ഷണകവചമൊരുക്കാൻ നിയമങ്ങളില്ലേ?
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് കേരളത്തിൽ ഒരു വാര്‍ത്തയല്ലാതായിട്ടുണ്ട്. സാധാരണത്വംകൊണ്ട് വാര്‍ത്തയുടെ കൗതുകം നഷ്ടപ്പെടുകയും അങ്ങനെ അപ്രധാനമായ ഒരു മൂലയിലേക്ക് തള്ളപ്പെടുകയും ചെയ്യുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ അവസ്ഥ. എന്നാൽ ഇക്കഴിഞ്ഞദിവസം ദീപിക ഇതിന് അപവാദമായി, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 89 മനുഷ്യരുടെ ചിത്രങ്ങൾ ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചു. അപ്രതീക്ഷിതമായ പ്രതികരണമാണ് പ്രസ്തുത പേജിന് ഉണ്ടായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം 650 ആളുകളെ വന്യജീവികൾ ആക്രമിച്ചു കൊലപ്പെടുത്തി എന്ന വാര്‍ത്ത അതിന്റെ സകല രൗദ്രതയോടുംകൂടെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞു. പ്രശ്‌നപരിഹാരം ഇനിയും ഉണ്ടാകാത്തതുകൊണ്ട് മരണസംഖ്യ ദിനംപ്രതി കൂടാനാണു സാധ്യത.
മനുഷ്യ-വന്യജീവി സംഘര്‍ഷമോ?
യുദ്ധസന്നദ്ധരായി നില്ക്കുന്ന രണ്ടു വിഭാഗങ്ങൾ തമ്മിലാണ് സംഘര്‍ഷങ്ങൾ ഉടലെടുക്കുന്നത്. ഇരുകൂട്ടര്‍ക്കും ഇതരവിഭാഗത്തോട് അസഹിഷ്ണുതയുണ്ട്. അവ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടാം. എന്നാൽ സംഘര്‍ഷം ആരംഭിച്ചാൽ മറുവിഭാഗത്തെ തോല്പിക്കാനാണ് ലക്ഷ്യംവയ്ക്കുക. മുന്നൊരുക്കങ്ങളോടെയാകും സംഘര്‍ഷത്തിലേര്‍പ്പെടുന്ന വിഭാഗങ്ങൾ രംഗത്തെത്തുക. മാത്രമല്ല, ഇരുകൂട്ടരും എതിര്‍കക്ഷിയില്‍നിന്നുണ്ടാകാവുന്ന ഭീഷണിയെക്കുറിച്ച് അറിവുള്ളവരുമാണ്.
ഈ മാനദണ്ഡങ്ങളൊന്നും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനില്ല. മനുഷ്യരാരും ബോധപൂര്‍വം ഒരു വന്യമൃഗത്തോടും സംഘര്‍ഷത്തിനു പോകാറില്ല. കൃഷിക്കാരാണല്ലോ ഇപ്പോൾ കൂടുതലായി വന്യമൃഗങ്ങള്‍ക്കിരയാകുന്നത്. സ്വന്തം കൃഷിയിടത്തിലും വീട്ടുമുറ്റത്തും നടപ്പുവഴികളിലുമൊക്കെവച്ചാണ് വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. വന്യമൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലമായ വനത്തിനകത്തല്ല. അതുകൊണ്ട് മനുഷ്യ-വന്യജീവി സംഘര്‍ഷം എന്ന പ്രയോഗംതന്നെ യുക്തിസഹമോ അനുയോജ്യമോ അല്ല. വന്യജീവികൾ ഏകപക്ഷീയമായി മനുഷ്യവാസ മേഖലകളിൽ കടന്നുകയറി മനുഷ്യരെ ആക്രമിക്കുകയാണ്. അതുകൊണ്ട് വന്യജീവി ആക്രമണം എന്നു പ്രയോഗിക്കുന്നതായിരിക്കും ഉചിതം.
എന്തുകൊണ്ട് വന്യജീവികൾ നാട്ടിലിറങ്ങുന്നു?
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള പശ്ചിമഘട്ട വനമേഖലയോടു ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളിലാണ് വന്യജീവികളുടെ ഭീഷണമായ സാന്നിധ്യമുള്ളത്. ഈ പ്രദേശങ്ങളിലെ പട്ടണങ്ങളിലേക്കും മൃഗങ്ങളുടെ ശല്യം വ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളിലെ ജനവാസകേന്ദ്രങ്ങളൊന്നും ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. വയനാട്ടിലും ഹൈറേഞ്ചിലുമൊക്കെ നൂറ്റാണ്ടുകളായി ജനവാസമുണ്ട്. കഴിഞ്ഞ നൂറുകൊല്ലത്തിനിടെ ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. സ്വാഭാവികമായ ജനസംഖ്യാവര്‍ധനയും കുടിയേറ്റവും അതിനു സഹായകമായിട്ടുണ്ട്. എന്നാൽ, വന്യമൃഗങ്ങളുടെ ആക്രമണവും അതിനിരയായി കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണവും ഇന്നത്തെപ്പോലെ ഭയാനകമായിരുന്നില്ല. അതിന്റെ കാരണങ്ങൾ കണ്ടെത്തിയാലേ പരിഹാരം നിര്‍ദേശിക്കാനാവൂ.
വന്യമൃഗങ്ങൾ തീറ്റ തേടിയാണ് നാട്ടിലിറങ്ങുന്നത്. അവയുടെ സ്വാഭാവിക ആവാസകേന്ദ്രമായ വനത്തിൽ തീറ്റ കുറഞ്ഞതോ ലഭ്യമല്ലാതായതോ നാട്ടിലിറങ്ങാൻ പ്രേരകമായിട്ടുണ്ടാകാം. കാട്ടിനുള്ളില്‍ത്തന്നെ തീറ്റയ്ക്കുവേണ്ടി പോരടിക്കുന്ന സാഹചര്യവുമുണ്ട്. കാരണം, സര്‍ക്കാർ കണക്കനുസരിച്ചുതന്നെ കാട്ടിനുള്ളിലെ വന്യമൃഗങ്ങളുടെ എണ്ണം ഏറെ പെരുകിയിട്ടുണ്ട്. കാടിനുള്‍ക്കൊള്ളാവുന്നതിലധികം മൃഗങ്ങൾ ഇന്നു കാട്ടിലുണ്ട്. അപ്പോൾ തീറ്റയ്ക്കുവേണ്ടി മത്സരം കടുക്കുകയും എളുപ്പം സ്വന്തമാക്കാവുന്ന തീറ്റ ലഭ്യമായ കൃഷിയിടങ്ങളിലേക്ക് അവ കടന്നുകയറുകയും ചെയ്യും. കാട്ടിൽ തീറ്റ കുറഞ്ഞതിനു മറ്റു കാരണങ്ങളുമുണ്ട്. അതിൽ പ്രധാനം വനംവകുപ്പുതന്നെ കാട്ടിൽ ചെയ്യുന്ന കൃഷികളാണ്. സ്വാഭാവികവനം വെട്ടിമാറ്റി അവിടെ തേക്കും യൂക്കാലിയും അക്കേഷ്യയും സെന്നയും മറ്റും വച്ചുപിടിപ്പിച്ചതുകൊണ്ട് അടിക്കാടുകൾ ഇല്ലാതാകുകയും നീരൊഴുക്ക് വറ്റുകയും ചെയ്തു. അതോടെ ചെറുമൃഗങ്ങള്‍ക്ക് അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടു. കുടിവെള്ളവും തീറ്റയും കിട്ടാതായതോടെ അവ ലഭ്യമായ സ്ഥലങ്ങളിലേക്ക് ചെറുമൃഗങ്ങൾ പോയി. ഇവയെ കൊന്നുതിന്നിരുന്ന കടുവയും പുലിയുമൊക്കെ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആഹരിക്കാൻ തുടങ്ങി. ഒപ്പം തീറ്റപ്പുല്ല് തേടി കാട്ടാനകളും കാട്ടുപോത്തുകളും മറ്റും.
വനത്തില്‍നിന്ന് കിലോമീറ്ററുകൾ അകലെയുള്ള കൃഷിയിടങ്ങളിൽപ്പോലും കാട്ടുപന്നിശല്യം രൂക്ഷമാണ്. കാട്ടിൽ ജനിക്കുകയോ കാടു കാണുകയോ ചെയ്തിട്ടില്ലാത്ത ഈ മൃഗങ്ങൾ കൃഷി നശിപ്പിക്കുക മാത്രമല്ല, മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നു. വാഹനങ്ങളുടെ മുന്നിൽച്ചാടി അപകടമുണ്ടാക്കാനും ഇവ വിരുതു കാണിക്കുന്നു. കാട്ടുപന്നിയെ വ്യവസ്ഥകൾ പാലിച്ചു കൊല്ലാൻ ഇപ്പോൾ അനുവാദമുണ്ട്. പലപ്പോഴും വ്യവസ്ഥകൾ മൃഗങ്ങള്‍ക്ക് അനുകൂലവും മനുഷ്യര്‍ക്ക് ഉപദ്രവകരവുമാണ്. ഭക്ഷ്യയോഗ്യമായ മാസംമാണെങ്കിലും കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയുമൊക്കെ മാംസം ഭക്ഷിക്കാൻ പാടില്ല. അവ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണമത്രേ.
നിയമത്തിന്റെ നൂലാമാലകൾ
മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം വാഗ്ദാനംചെയ്യുന്ന ഭരണഘടനയാണ് ഭാരതത്തിന്റേത്. ഈ മൗലകാവകാശംപോലും കടുവയുടെയും കാട്ടുപോത്തിന്റെയും കാട്ടാനയുടെയും മുന്നിൽ അസാധുവാണെന്നാണ് ചില സ്വയംപ്രഖ്യാപിത പ്രകൃതി-മൃഗസ്‌നേഹികളുടെ നിലപാട്. കൊല്ലാന്‍വരുന്ന കാട്ടുമൃഗത്തെപോലും വകവരുത്താന്‍പാടില്ല. കൃഷിസ്ഥലത്ത് കടന്നുവന്നതു കാട്ടുമൃഗമാണെങ്കിലും കൃഷിക്കാരനാണു കുറ്റവാളി. അയാൾ വയലിനു ചുറ്റും വലിച്ചുകെട്ടിയിരിക്കുന്ന അതിര്‍ത്തിവേലിയിൽ മൃഗങ്ങൾ കുടുങ്ങിയാലും അയാളാണു പ്രതി. വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമങ്ങളുള്ള രാജ്യത്ത് മനുഷ്യര്‍ക്കു സംരക്ഷണകവചമൊരുക്കാൻ നിയമങ്ങളില്ലേ? വാസ്തവത്തിൽ ഭരണഘടനയുടെ 26-ാം വകുപ്പ് ഉറപ്പുതരുന്ന ജീവിക്കാനുള്ള അവകാശം ഓരോ പൗരനും അരക്കിട്ടുറപ്പിക്കാനല്ലേ നിയമപാലകരും മറ്റ് ഉദ്യോഗസ്ഥവൃന്ദവും ശ്രമിക്കേണ്ടത്?
1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിലെ 11(1)a ഉപവകുപ്പുപ്രകാരം അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് അനുവാദമുണ്ട്. മറ്റേതൊരു നിയമത്തിലും എന്തുതന്നെ പറഞ്ഞിരുന്നാലും ഒരു വന്യജീവി മനുഷ്യജീവന് അപകടകാരിയാണ് എന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു ബോധ്യമാകുന്നപക്ഷം ആ ജീവിയെ വേട്ടയാടുന്നതിന് ഏതൊരു വ്യക്തിയെയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാം എന്നാണ് ഈ വകുപ്പ് വ്യക്തമാക്കുന്നത്. ഈ വകുപ്പിനോട് 2003-ൽ ഒരു കൂട്ടിച്ചേര്‍ക്കലുണ്ടായി. അതായത് അങ്ങനെയുള്ള മൃഗത്തെ പിടികൂടാനോ ശാന്തമാക്കാനോ മാറ്റിപാര്‍പ്പിക്കാനോ സാധിക്കുകയില്ല എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ബോധ്യപ്പെടണം. ഈ കൂട്ടിച്ചേര്‍ക്കൽ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് പ്രകൃതിസ്‌നേഹികൾ വന്യമൃഗങ്ങളെ കൊല്ലാന്‍പാടില്ല എന്നു വാദിക്കുന്നത്. അതുപോലെത്തന്നെ അവർ ആശ്രയിക്കുന്ന ഒന്നാണ് നാഷണൽ ടൈഗർ കണ്‍സര്‍വേഷൻ അഥോറിറ്റിയുടെ ചില മാര്‍ഗനിര്‍ദേശങ്ങളും.
മനുഷ്യജീവനെ സംരക്ഷിക്കുക എന്ന അടിസ്ഥാന പ്രമാണത്തില്‍നിന്നു വ്യതിചലിക്കുന്ന നിയമങ്ങളെല്ലാം ഭരണഘടനാവിരുദ്ധമാണ്. അതുകൊണ്ടുതന്നെ മേല്‍പറഞ്ഞ നിമയവകുപ്പുകൾ വ്യാഖ്യാനിക്കുമ്പോൾ അവ എത്രമാത്രം മനുഷ്യജീവനെ സംരക്ഷിക്കാൻ ഉപയുക്തമാണ് എന്നാണു പരിഗണിക്കേണ്ടത്. ഈ പരിഗണനയുടെ അഭാവത്തിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി കേരളത്തിൽ മാത്രം 650 മനുഷ്യർ ദാരുണമായി കൊലചെയ്യപ്പെട്ടത്. ഇവരെല്ലാവരും ദരിദ്രരാണ്. ഒരു മൃഗത്തെയും ആക്രമിച്ചവരല്ല. കാട്ടിനകത്തു കയറിയവരുമല്ല. ഇവരുടെ പാവപ്പെട്ട കുടുംബങ്ങളുടെ അവസ്ഥയെന്താണ്? വന്യമൃഗങ്ങൾ നശിപ്പിച്ച കാര്‍ഷികവിളകളുടെയും കൊന്നൊടുക്കിയ വളര്‍ത്തുമൃഗങ്ങളുടെയും കണക്ക് വേറേ. ഇവയുടെയൊക്കെ ഫലമായി ജീവിതം ദുഃസഹമായിത്തീര്‍ന്ന അവശേഷിക്കുന്ന കുടുംബാംഗങ്ങളുടെ തീരാവ്യഥയ്ക്ക് എന്താണു വിലയിടുക. വന്യമൃഗങ്ങൾ കൊന്ന ഒരു മനുഷ്യന് വനവകുപ്പ് ഇട്ടിരിക്കുന്ന വില 10 ലക്ഷം രൂപയാണ്. ഈ തുച്ഛമായ തുകപോലും കൃത്യമായി കൊടുക്കാറില്ലതാനും.
അപകടകാരിയായ ഏതു മൃഗത്തെയും നശിപ്പിക്കുന്നതിനു ജില്ലാ മജിസ്‌ട്രേട്ടിന് അധികാരം നല്കുന്ന ക്രിമിനൽ പ്രൊസീജിയർ കോഡ് 133(1) വകുപ്പും ഇപ്പോൾ നിര്‍ജീവമായ അവസ്ഥയിലാണ്. ഈ നിയമം നടപ്പാക്കുന്നതില്‍നിന്ന് ജില്ലാ മജിസ്‌ട്രേട്ടിനെ തടയുന്നത് എന്താണെന്നു വ്യക്തമല്ല. ഭരണഘടനാവിരുദ്ധവും മനുഷ്യവിരുദ്ധവുമായ അത്തരം മാര്‍ഗനിര്‍ദേശങ്ങളുടെ സ്രോതസ് ഏതാണ്? അവയും സൂക്ഷ്മമായി പരിശോധിക്കപ്പെടണം.
വികസിതരാജ്യങ്ങളുടെ മാതൃക
പ്രകൃതിസംരക്ഷണത്തിലും വനം-വന്യജീവി സംരക്ഷണത്തിലുമൊക്കെ വികസിതരാജ്യങ്ങളാണല്ലോ മാതൃക. ഈ രാജ്യങ്ങളിലും വന്യജീവികൾ മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും കൃഷിക്കുമൊക്കെ ഭീഷണിയായിത്തീരാറുണ്ട്. ആ രാജ്യങ്ങളിൽ അപകടകാരികളായിത്തീരുന്ന വന്യമൃഗങ്ങളെ വേട്ടയാടുന്നതിനും കൊല്ലുന്നതിനും അനുവാദമുണ്ട്. അടുത്തകാലത്താണ് സ്വിറ്റ്സര്‍ലന്‍ഡിൽ ചെന്നായ്ക്കളെ കൊല്ലാനുള്ള അനുവാദം നിയമനിര്‍മാണസഭ നല്കിയത്. വംശനാശഭീഷണി നേരിടുന്ന ചെന്നായ്ക്കളെ അയല്‍രാജ്യത്തുനിന്ന് ഇറക്കുമതിചെയ്ത് കാടുകളിൽ വിടുകയായിരുന്നു. അവ പെറ്റുപെരുകി ആടുകളെയും പശുക്കളെയും കൊല്ലാൻ തുടങ്ങിയപ്പോൾ കര്‍ഷകരുടെ ആവശ്യപ്രകാരം നിയന്ത്രിതമായ തോതിൽ കൊല്ലാനുള്ള അനുവാദം നല്കി. അതുപോലെ കരടികളെ കൊല്ലാൻ ഇറ്റലിയിലും ഓസ്ട്രിയയിലും ജര്‍മനിയിലും അനുവാദമുണ്ട്. സ്‌കാന്‍ഡിനേവിയൻ രാജ്യങ്ങളിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമൊക്കെ ഇത്തരം നിയന്ത്രിതവധത്തിനുള്ള അനുവാദം നല്കിയിരിക്കുന്നത് മനുഷ്യജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ്. അവിടങ്ങളിലൊന്നും മൃഗങ്ങൾ ഇത്രയധികം മനുഷ്യജീവൻ കവര്‍ന്നതായി വാര്‍ത്തകളില്ല. മാത്രമല്ല, ഭക്ഷ്യയോഗ്യമായ മാംസം ഉപയോഗിക്കുന്നതിനു വിലക്കുമില്ല.
കര്‍ഷകരെ ശത്രുപക്ഷത്തു നിര്‍ത്തി, പ്രകൃതിയും പ്രകൃതിസമ്പത്തും സംരക്ഷിക്കാം എന്നു കരുതുന്നത് മൗഢ്യമാണ്. ഏറ്റവും ഉത്തമരായ പ്രകൃതിസംരക്ഷകരാണ് കര്‍ഷകർ. അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്തേണ്ട ചുമതല നിയമനിര്‍മാതാക്കള്‍ക്കാണ്. എന്നാൽ കര്‍ഷകരെ മുഴുവൻ ശത്രുക്കളായിക്കണ്ട് അവരെ കൃഷിഭൂമിയില്‍നിന്നു കുടിയിറക്കാനും വനവിസ്തൃതി വര്‍ധിപ്പിക്കാനും ശ്രമിക്കുന്ന വനംവകുപ്പ് തികച്ചും ജനവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ഈയവസ്ഥയ്ക്കു മാറ്റം വന്നേ മതിയാവൂ. ഭരണഘടനയോടും ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങളോടും പ്രതിബദ്ധതയുള്ള നിയമനിര്‍മാണസഭ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പാവം പൗരസഞ്ചയം.
(ലേഖകന്‍: ചീഫ് എഡിറ്റർ, ദീപിക)