പൂതംകുഴിയിലെ ചാരായഷാപ്പും രണ്ട് രഹസ്യങ്ങളും – ബിനുരാജ് ആര്‍.എസ്
ഞങ്ങളാണ് ആ രഹസ്യങ്ങൾ. ആരുടെയും കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്നവരാണല്ലോ രഹസ്യങ്ങൾ. മറനീക്കി പുറത്തുവന്നാൽ രഹസ്യം രഹസ്യമല്ലാതാവും. പിന്നെയതൊരു കഥമാത്രം. ഇന്നലെരാത്രി, അതായത് മരിക്കുന്നതിന്റെ തലേന്ന് പാനു ഞങ്ങളെ പുറത്തുവിട്ടു. ഇല്ലെങ്കിൽ, ഞങ്ങളും മരിച്ചുപോകില്ലായിരുന്നോ? ഇപ്പൊ ഞങ്ങൾ സുകുവിനോടൊപ്പമാണ്. സുകുവിന് രഹസ്യം സൂക്ഷിക്കാനൊന്നുമറിയില്ല. അവനതിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. അതുകൊണ്ട് അനുവാദം ചോദിക്കാതെ ഞങ്ങളിങ്ങിറങ്ങിപ്പോന്നു. ഇനി നിങ്ങളോടൊപ്പം ചേർന്ന് ഒരു പരസ്യജീവിതം തുടങ്ങട്ടെ.
ഞങ്ങളാരാണെന്ന് ഇപ്പോഴും നിങ്ങൾക്കൊരു പിടിയും കിട്ടുന്നില്ലല്ലേ? പറയാം. അതിന് മുൻപ് പാനുവിനെക്കുറിച്ച് പറയണം. ഇത്രനാളും പാനുവിന്റെ മനസ്സിൽ ജീവിച്ചതുകൊണ്ട് ആ കഥ നമുക്ക് കാണാപ്പാഠമാണ്. റേഷൻ കാർഡിൽ ഭാനു എന്നാണ് പേരെങ്കിലും ആരും പാനുവിനെ അങ്ങനെ വിളിക്കാറില്ല, പാനുപോലും. അച്ഛനെക്കണ്ട ഓര്‍മയില്ല പാനുവിന്. കുഞ്ഞിലേ മരിച്ചുപോയി. അമ്മ കാളി വീടുകളിൽ പോയി ഓല മെടഞ്ഞു കൊടുക്കും.
എട്ട് വയസ്സുള്ളപ്പൊ, കുളത്തിൽക്കിടന്ന് കൊവുന്ന ഓല വെട്ടുവഴിയെ വലിച്ചുകൊണ്ട് വരുന്ന പാനു എതിരെ നാലഞ്ചാണുങ്ങൾ നടന്നുവരുന്നത് കണ്ടു. പാനു ഓലയുമായി ഒതുങ്ങിനിന്നു. മുന്നേ നടക്കുന്നയാൾക്ക് മുടിയൊക്കെ നരച്ചിരുന്നു. വെള്ള മുണ്ടാണുടുത്തിരിക്കുന്നത്. മാറ് മറച്ചുകൊണ്ട് മറ്റൊരു വെള്ളമുണ്ട്. പാനുവിന്റെ നോട്ടത്തിലെ കൗതുകം കണ്ട് മുൻഗാമി നിന്നു. ഒപ്പം സംഘവും.
“പള്ളിക്കൂടത്തിൽ പോകുന്നില്ലേ?” വെള്ളയുടുത്തയാൾ ചോദിച്ചു.
“ഞാമ്പള്ളിക്കൂടത്തിപ്പോയാ പിന്നെന്റമ്മേ സഹായിക്കണതാരാ?”
ചോദ്യകാരൻ ചിരിച്ചു.
“വർക്കലയിൽ ഒരു പള്ളിക്കൂടമുണ്ട്. അടുത്തൊരു മഠവും. പഠിക്കാൻ വരണം. അധികം ദൂരമില്ലല്ലോ. അവിടെ എല്ലാർക്കും പഠിക്കാം.”
മറുപടിക്ക് കാത്തുനിൽക്കാതെ വെള്ളയുടുത്തയാളും സംഘവും കടന്നുപോയി.
കേട്ടപ്പോൾ ചെറിയൊരു മോഹമൊക്കെ തോന്നിയെങ്കിലും, പാനുവിന്റെ പള്ളിക്കൂടത്തിൽപ്പോക്കൊന്നും നടന്നില്ല. ഓലമെടച്ചിലിൽ അമ്മയെ സഹായിച്ചും, പിന്നെ സ്വന്തമായി മെടഞ്ഞും കുട്ടിക്കാലം തള്ളിനീക്കിയശേഷം, ഏതാണ്ടാവതൊക്കെയായപ്പോൾ പാനു ചുമടെടുക്കാനും പുറംപണിക്കുമൊക്കെ പോയിത്തുടങ്ങി.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് ചന്ത കൂടുന്നത്. വാഴക്കുലയും, പറങ്കിയണ്ടിയും, പാക്കും, തേങ്ങയുമൊക്കെ ചാക്കിലും വാഴത്തോലിലും കെട്ടുകളാക്കി ചന്തയിലേക്കും, തിരിച്ച് പലവകസാധനങ്ങളുമായി വീട്ടിലേക്കുമാണ് ചുമടെടുപ്പ്. മറ്റു ചുമട്ടുകാർ ഒരു കെട്ടെടുക്കുന്നിടത്ത് പാനു രണ്ടെടുക്കും. “എനിക്കിനി ഇതു കൊണ്ട് പോയിറ്റ് പിന്നേം തിരിച്ച് വന്നെടുക്കാനൊന്നും വയ്യ. അതും കൂടെ പിടിച്ച് തലേലോട്ട് വച്ചേ”, പാനു പറയും. കിണറ് കുഴിപ്പിന് മണ്ണെടുക്കാനും, പുരയിടം കിളയ്ക്കാനുമൊക്കെ പോയാൽ ആണുങ്ങൾക്കൊത്ത പണിയെടുക്കും. നല്ല ഉശിരുമാണ്. സമയത്തു കൂലി കൊടുക്കാതിരുന്നതിന് കൊപ്ര മുതലാളിയായ പാണ്ടിയുടെ ചരക്ക് ലോറി ഒറ്റയ്ക്ക് തടഞ്ഞു നിറുത്തി കാശെണ്ണി വാങ്ങിച്ചിട്ടുള്ളവളാണ്. ഉരുളക്കുപ്പേരിപോലെ നാക്കീന്നും കൈയീന്നും തെറിക്കുമെന്നുള്ളതുകൊണ്ട് പാനുവിനോട് ആരും അനാവശ്യം പറയാൻ പോകാറില്ല. കല്യാണമാകാറായ പെണ്ണല്ലേ, നാക്കിട്ടടി നിർത്തണമെന്ന് ഉപദേശിച്ച കൂട്ടുകാരി സുധയോട്, “നീ മിണ്ടായിരിയെടീ, ഞാൻ വേണോങ്കീ റോട്ടിക്കൂട തുണിയഴിച്ചിട്ടും നടക്കും. ഏവൻ ചോയിക്കാൻ?” എന്നായിരുന്നു മറുപടി.
പൂതംകുഴി ചാരായഷാപ്പിലെ പണിക്കാരൻ പൊടിയനാണ് പാനുവിനെ കല്യാണം കഴിച്ചത്. അമ്മയും കൂടി മരിച്ചതോടെ ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിരുന്നു പാനു. പൊടിയന്റെ ചരിത്രമൊന്നും നാട്ടിലാർക്കുമറിയില്ല. എവിടന്നോ വന്ന് കേറിയതാണ്. വീടോ ബന്ധുക്കളോ ഒന്നുമില്ല. ഷാപ്പിൽത്തന്നെയാണ് കിടപ്പും പണിയും. എന്തിനും പോന്നവനാണ് പൊടിയൻ. ചാരായം കുടിക്കാൻ വരുന്ന ഏവനെങ്കിലും അടിയോ ഉടക്കോ തുടങ്ങാൻ മെനക്കെട്ടാൽ പൊടിയന്റെ തനിക്കൊണം പുറത്ത് വരും. ഒരിക്കൽ കപ്പല് കേറി സിങ്കപ്പൂര് പോവാൻ വടക്ക് നിന്നെങ്ങോ വന്ന നാലഞ്ച് ചെറുപ്പക്കാർ ചാരായോം കുടിച്ച് മത്ത് പിടിച്ചിട്ട് പൊടിയനുമായിട്ടൊന്ന് കൊരുത്തു. ഏതോ ചന്ദ്രബോസ് വിളിച്ചിട്ട് യുദ്ധം ചെയ്യാൻ പോവുകയാണെന്നൊക്കെയാ അവൻമാര് പറഞ്ഞത്. പക്ഷേ, നിലം തൊടാതെയുള്ള അടീം കൊണ്ടോടിയിട്ട് പിന്നവൻമാരെ തെക്കോട്ട് കണ്ടിട്ടില്ലെന്നാ കേൾവി. അതൊക്കെക്കൊണ്ട് ഷാപ്പ് നടത്തുന്ന മുതലാളിമാർക്കും പൊടിയനെ വല്യ കാര്യമാ. അതല്ലേ ജാതിപോലും അന്വേഷിക്കാതെ അവനെ ഷാപ്പിന്റടുക്കളവരെ കേറ്റിയതും കിടന്നുറങ്ങാൻ സ്ഥലംകൊടുത്തതും. നാട്ടിന് മുഴുവൻ ചോദ്യചിഹ്നമായി നിന്ന പാനുവിനെ പൊടിയനുതന്നെ കൊടുക്കാമെന്ന് ആൺപെൺ വ്യത്യാസമില്ലാതെ തീരുമാനമെടുക്കുമ്പോൾ എല്ലാവരും മനസ്സിൽ കരുതിയതും അതുതന്നെ. “അവളെ അടിച്ച് തളർത്താൻ അവനക്കൊണ്ടേ ഒക്കൂ.” പാനുവിന്റെ നല്ല പ്രായമൊക്കെ കഴിയാറായിരുന്നു അപ്പോഴേക്കും. തൊട്ടടുത്ത മൂന്നു വർഷങ്ങളിലായി മൂന്നു പെൺകുട്ടികൾ ജനിച്ചു. തന്റെ ജീവിതലക്ഷ്യം അതോടെ നിറവേറിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിക്കുമ്പോലെ തൊട്ടടുത്തവർഷം പൊടിയൻ മരിച്ചു.
പൊടിയന്റെ കാലശേഷം പാനു ഷാപ്പിൽ ജോലിതുടങ്ങി. പൊടിയൻ ജീവിച്ചിരുന്നപ്പൊത്തന്നെ ഷാപ്പിൽ കറി വയ്ക്കാൻ അവൾ പോയിത്തുടങ്ങിയിരുന്നു. വയറ്റിലുണ്ടായിരുന്ന കാലത്ത് പുറത്തു പണിക്കുപോകാൻ പറ്റാതെ വന്നപ്പോഴായിരുന്നു ഷാപ്പിലേക്ക് കറി വച്ച് കൊടുത്തുവിടുന്ന പണി തുടങ്ങിയത്. നാക്കിലൊന്ന് തൊട്ടാൽ ദേഹം മുഴുവൻ അരിച്ചുപടരുന്ന എരിയും പുളിയുമുള്ള കറികളാണ് പാനുവിന്റെ അടുക്കളയിൽ തിളച്ച് മറിഞ്ഞത്. കല്യാണംകഴിഞ്ഞ നാളുകളിൽ ആ എരി രുചിച്ചറിഞ്ഞ പൊടിയൻതന്നെയാണ് ഷാപ്പിലേക്കുള്ള കറി പാനുവിനെക്കൊണ്ട് ഉണ്ടാക്കിക്കാൻ തുടങ്ങിയത്. മീൻ കറിയായാലും ഉപ്പിലിട്ടതായാലും മുളക് കറിയായാലും പാനുവിന് അവളുടേതായ ചില കൂട്ടുകളുണ്ട്. രാവിലെ വീട്ടിനു ചുറ്റുമുള്ള പത്തുസെന്റ് പുരയിടത്തിൽ ഒന്ന് നടക്കും. അപ്പോൾ കിട്ടുന്ന കിഴങ്ങും ചേനത്തണ്ടും പച്ചിലകളും മറ്റും പറിച്ചുകൊണ്ടുവരും. അതൊക്കെ ഓരോരോ അളവിൽ അരിഞ്ഞും അരച്ചും ചേർത്ത് കറിവയ്ക്കും. ചാരായഷാപ്പിൽ പാനുവിന്റെ കറിക്ക് വല്യ കോളായി. തുടർച്ചയായ മൂന്ന് പ്രസവത്തിനു ശേഷം പാനു പിന്നെ മറ്റു പണിക്കൊന്നും പോകാതെ ഷാപ്പിൽ കറി വെയ്ക്കാനും കപ്പ പുഴുങ്ങാനുമൊക്കെ പോയിത്തുടങ്ങി.
എങ്കിലും, പാനു തന്റെ പാചകത്തിന്റെ കൂട്ട് ആർക്കും പറഞ്ഞുകൊടുത്തില്ല. കറിയിലും ഉപ്പിലിട്ടതിലുമൊക്കെ ചേർക്കാനുള്ള അരപ്പും കൂട്ടുമൊക്കെ പാനു വീട്ടിൽനിന്ന് തന്നെ തയാറാക്കി കൊണ്ടുപോകും. സ്ഥിരമായി ഷാപ്പിൽ പാചകം തുടങ്ങിയതോടെ പുരയിടത്തിൽ പ്രത്യേകമായി ചില കൃഷിപ്പണികളും തുടങ്ങി. കാക്കപ്പച്ചി, കല്ലൻ പുളിഞ്ചി, പെരുവലം, മഞ്ഞൾ, ഇഞ്ചി, നാറ്റപ്പൂച്ചടി, ഞവര, പിന്നെ പേരറിയാത്ത കുറേ കാട്ടുചെടികളും. ഇനം തിരിക്കാതെ എല്ലാം ഒരുമിച്ചാണ് വളർത്തുന്നത്. അതിൽ ഏതൊക്കെ എത്ര അളവിൽ ചേർക്കണമെന്നത് പൊടിയനുപോലും അറിവില്ലാത്ത രഹസ്യമായിരുന്നു.
തനതായ കറിക്കൂട്ടുകൾ മാത്രമല്ല, സ്വന്തമായി പുതിയൊരു പലഹാരവും പാനു തയാറാക്കുന്നത് അക്കാലത്താണ്. പാചകത്തിൽ മറ്റാരും പാനുവിന് പകരമാകില്ലെന്നതുകൊണ്ട് മാത്രമായിരുന്നു അവളെ ഷാപ്പിൽ കടക്കാൻ മുതലാളിമാർ സമ്മതിച്ചത്. മറ്റു കീഴ്ജാതിക്കാരൊക്കെ പുറകിൽച്ചെന്ന് കുടിച്ചിട്ടും കഴിച്ചിട്ടും പോണം. അവർക്ക് പാത്രത്തിൽ കറിയോ കപ്പയോ കൊടുക്കില്ല. കടിച്ചുമുറിച്ചെടുത്ത വാഴയിലയിലോ ചേമ്പിലയിലോ ഒക്കെയാണ് കപ്പയും കറിയും ഒഴിച്ച് കൊടുക്കുക. ഷാപ്പിനു പുറത്ത് വെറും നിലത്തിരുന്ന് കഴിക്കണം. അവർക്ക് വേണ്ടിയാണ് പാനു പുതിയ പലഹാരമുണ്ടാക്കിയത്. കപ്പപ്പൊടിയും മുളയരിയും മറ്റു ചില കൂട്ടുകളും ചേർത്ത് അരച്ച് ചുട്ടെടുക്കുന്ന പലഹാരത്തിന് നല്ല കട്ടിയുണ്ടാകും, മധ്യത്തൊരു കുഴിയും. ഒരു പാത്രത്തിന്റെ ആകൃതി. അതിൽത്തന്നെ കറിയൊഴിച്ചാണ് കൊടുക്കുന്നത്. കറിയോടൊപ്പം പാത്രവും തിന്നാം. അധികം താമസിക്കാതെ പൂതംകുഴി ഷാപ്പിലെ പേരുകേട്ട വിഭവമായി മാറി അത്. പല നാട്ടിൽനിന്നും ഷാപ്പിലേക്ക് ആളുകളെത്തിയതിനൊപ്പം പാനുവിനും തരക്കേടില്ലാത്ത വരുമാനമുണ്ടായിത്തുടങ്ങി.
പാനു മൂന്ന് പെൺമക്കളെയും പഠിപ്പിച്ചു. സാമാന്യം പഠിപ്പൊക്കെ നേടിയെങ്കിലും ഓല മെടച്ചിലും ചുമടെടുപ്പുമൊക്കെത്തന്നെയായിരുന്നു അവരുടെയും ജീവിതമാർഗം. മൂത്തമകൾ സരസ്വതിയെ അയൽ നാട്ടിലുള്ളൊരു ചായക്കടക്കാരനാണ് കല്യാണം കഴിച്ചത്. പുതംകുഴിയിൽനിന്ന് ആദ്യമായി ആശുപത്രിയിൽപ്പോയി പ്രസവിച്ചതും സരസ്വതിയായിരുന്നു. രണ്ടുകൊല്ലം മുൻപാണ് താലൂക്കാശുപത്രി തുടങ്ങിയത്. പേറടുത്തപ്പൊ എന്തൊക്കെയോ അപകടലക്ഷണങ്ങൾ കണ്ടിട്ടാണ് വയറ്റാട്ടി ആശുപത്രീലേക്കെടുക്കാൻ പറഞ്ഞത്. ഇരട്ടകളായിരുന്നു. ഒരാണും പെണ്ണും. ചായക്കടയിലെ പണിത്തിരക്ക് കാരണവും പൈസയുടെ ഞെരുക്കം കൊണ്ടും സരസ്വതിക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞാണ് മുലകുടി മാറും മുൻപേ ആൺകുഞ്ഞിനെ പാനു കൊണ്ടുപോയതും വളർത്തിയതും. ആ കുട്ടിയാണ് സുകു, ഞങ്ങളുടെ ഇപ്പോഴത്തെ ഉടമസ്ഥൻ.
പെൺമക്കളെല്ലാം വിവാഹംകഴിച്ച് പോയശേഷം സുകുവിന് വേണ്ടിയാണ് പാനു ജീവിച്ചത്. മാസത്തിലൊരിക്കലോ മറ്റോ പെറ്റമ്മയെ കൊണ്ടുപോയി കാണിക്കും. അപ്പോഴും ഷാപ്പിലെ ജോലിയിൽ ശ്രദ്ധ കൊടുത്തിരുന്നു പാനു. ഷാപ്പിലേക്ക് പോകാൻ പറ്റാത്ത ദിവസങ്ങളിൽ വീട്ടിൽത്തന്നെ പാചകംചെയ്ത് കൃത്യസമയത്ത് എത്തിക്കും. സുകുവിന് ഇഷ്ടമില്ലാതിരുന്നിട്ടും നിർബന്ധിച്ച് പഠിക്കാൻവിട്ടു. പള്ളിക്കൂടത്തിൽ പോകുന്നതിനെക്കാൾ കൂട്ടുകാരുമായി സെറ്റ് ചേർന്ന് നടക്കാനായിരുന്നു അവനിഷ്ടം. ഒടുവിൽ “ഇനിയെന്ന സ്കൂളിപ്പറഞ്ഞ് വിട്ടാ ഞാൻ തിരിച്ച് വരൂല” എന്ന് കട്ടായം പറഞ്ഞ സുകുവിനെ പാനു ഡ്രൈവിംഗിന് വിട്ടു. അതിലവൻ തെളിഞ്ഞു. ലോറിയിൽ കിളിയായി കയറിക്കൂടിയ സുകു പതിനെട്ട് തികഞ്ഞതോടെ എണ്ണം പറഞ്ഞ തടിവണ്ടി ഡ്രൈവറായി പേരെടുത്തു.
മുതിർന്ന് കഴിഞ്ഞിട്ടും സുകു പാനുവിനൊപ്പംതന്നെ കഴിഞ്ഞു. ചെറുപ്പത്തിലെ അത്യധ്വാനം കാരണം അപ്പോഴേക്കും അവശതയും വാർധക്യവും മൂടിക്കഴിഞ്ഞ പാനു ഷാപ്പിലേക്ക് പോക്ക് നിറുത്തിയെങ്കിലും മീൻകറി പാനു തന്നെ ഉണ്ടാക്കണമെന്ന് മുതലാളിമാർക്കും പതിവുകാർക്കും നിർബന്ധമായിരുന്നു. കറിക്കുള്ള പലവകകൾ പണിക്കാർ വീട്ടിലെത്തിക്കും. വീട്ടിൽനിന്ന് കറി കലത്തോടെ ഷാപ്പിലേക്കെടുക്കും. ഒന്നിടവിട്ട് കോഴിയും താറാവുമൊക്കെയുണ്ടാകും. പാനുവിന്റെ രഹസ്യക്കൂട്ട് ചേരുമ്പോൾ തിളച്ചുമറിയുന്ന കറികളിലെ മണങ്ങൾക്ക് നൂറ് കൈകൾ മുളയ്ക്കും. ഷാപ്പിലെ കറിയും കപ്പ പുഴുങ്ങിയതും ഒറ്റ ദിവസവും ബാക്കി വന്നില്ല.
മരിക്കുന്നതിന്റെ തലേന്ന്, പെട്ടെന്നൊരു വെളിപാട് തോന്നിയിട്ടാണ് സുകുവിനെ അടുത്തേക്ക് വിളിച്ച് പാനു ഞങ്ങളെ കൈമാറിയത്. പ്രത്യേകിച്ച് അസുഖമോ അസ്വസ്ഥതയോ ഒന്നും തോന്നിയില്ലെങ്കിലും അനിവാര്യമായ ഒന്നിന്റെ വരവിനെക്കുറിച്ച് പാനുവിന് ഒരുൾവിളി തോന്നിയിരിക്കണം.
“കുഞ്ഞാ, നെനക്കറിഞ്ഞൂടാത്ത ഒര് കാര്യം ഞാമ്പറയാം. നിന്നപ്പെറ്റത് സരസ്വതിയല്ല. അന്നാശൂത്രീല് ആരാ നിന്നെ കളഞ്ഞിറ്റ് പോയതാണ്. ഞാങ്കൊറേ നേരം നിന്നേം എടുത്ത് വച്ച് കാത്തിരിന്ന്. ആരും അന്നേഷിച്ച് വന്നില്ല. സരസ്വതി പെറ്റത് പെങ്കൊച്ചിനേര്ന്ന്. നിന്നെ അവിട കളഞ്ഞിറ്റ് വരാന്തോന്നീല. അതോണ്ട് അവള കൊച്ചാണന്ന് പറഞ്ഞ് നിന്നേം ഇങ്ങെട്‌ത്ത്. അവക്ക് പോലും ഇതറിഞ്ഞൂട.”
അങ്ങനെയാണ് ഞങ്ങളിലൊരാൾ പുറം ലോകത്തെത്തുന്നത്. പിന്നെയും പാനു ഒരു കാര്യംകൂടി പറഞ്ഞു:
“ചാരായഷാപ്പിലേക്ക് ഞാനൊണ്ടാക്കണ കറീലക്ക ഒര് സാധനം ചേർക്കും. അതാണ് ആള്കള്ക്ക് അത്ര പിടിക്കാൻ കാര്യം. അതാരക്കും അറിഞ്ഞൂട. നമ്മള തൊടീല് ആനച്ചൊറിയണോം കാച്ചിലും പടന്ന് കെടക്കണേന്റ നടുക്കായിട്ട് ഏഴെട്ട് കഞ്ചാവ് ചെടിയൊണ്ട്. അതിന്റെ എല ഒണക്കിപ്പൊടിച്ചാണ് ചേർക്കണത്. ഇതാരോടേം പറയല്ല്. അതില് മൊട്ട് വന്നാ പൊട്ടിച്ച് കളയണം. പൂത്ത് മണം വന്നാ ചെലപ്പം ആള്കളറിയും.”
അങ്ങനെ രണ്ടാമത്തെയാളും പുറംലോകത്തെത്തി. അന്ന് രാത്രിയെപ്പോഴോ പാനു മരിച്ചു.
പത്ത് സെന്റും വീടും പാനു സുകുവിന്റെ പേരിലെഴുതി വച്ചിരുന്നു. സുകു അവിടെത്തന്നെ താമസിച്ചു. സരസ്വതി വന്ന് വിളിച്ചിട്ടും അവൻ പോയില്ല. കഞ്ചാവും, പിന്നെ പേരറിയാത്ത കാട്ടുചെടികളുമെല്ലാം അവൻ വെട്ടിക്കൂട്ടി തീയിട്ടു. പാചകം ചെയ്യാൻ പാനുവില്ലാത്തത് ഷാപ്പിലെ പതിവുകാർക്കും മുതലാളിമാർക്കും വലിയ സങ്കടമായി. ആ സങ്കടത്തിന്, പക്ഷേ, അധികം ആയുസ്സുണ്ടായില്ല. പാനു മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പൊ നാട്ടിലെ മൊത്തം ചാരായഷാപ്പുകൾക്കുമൊപ്പം പൂതംകുഴി ചാരായഷാപ്പും പൂട്ടി.
തൊട്ടടുത്തമാസം സുകു സരസ്വതിയെ പോയി കണ്ടു. നമ്മളിൽ ഒരാളെ മാത്രം സരസ്വതിക്ക് കൈമാറിയിട്ട് അവൻ അന്യനാട്ടിൽ ജോലിക്ക് പോയി. അവർ തമ്മിൽ ചോരയുടെ ചുറ്റിക്കെട്ടില്ലായിരുന്നെങ്കിലും പാനുവിന്റെ ചെറുകുട്ടിയായതുകൊണ്ട് അവന് അവളമ്മയായിരുന്നു, അവൾക്ക് അവൻ മകനും.
ഇപ്പോൾ മനസ്സിലായില്ലേ ഞങ്ങളുടെ കഥ. ഇനി മറ്റൊരാളിലേക്ക്. അല്ലെങ്കിലും ഒരാളുടെ രഹസ്യമല്ലേ മറ്റൊരാൾക്ക് കഥ..!