കലിഗ്രഫി – ഗോപി മംഗലത്ത്

അക്ഷരകലയുടെ അണിയത്ത്


“തിരുവനന്തപുരം കോളെജ് ഓഫ് ഫൈൻ ആർട്സിൽ പഠിക്കുന്നകാലത്ത്  അച്ഛൻ വല്ലപ്പോഴും എനിക്ക് കത്തെഴുതും. അന്നൊക്കെ ലാൻഡ്ഫോൺതന്നെ  അപൂർവമാണ്. അച്ഛനെഴുതുന്ന കത്ത് കോളെജിലെ  നോട്ടീസ്ബോർഡിലാണ് വയ്ക്കുക. എനിക്കുവരുന്ന   കത്തുമാത്രം എല്ലാവരും ശ്രദ്ധിക്കുമായിരുന്നു. കാരണം, വിലാസമെഴുതുമ്പോൾ അച്ഛൻ ‘സർവശ്രീ നാരായണഭട്ടതിരി അവർകൾക്ക്’  എന്നാണ്  സ്ഥിരം എഴുതാറ്. എനിക്കതു കുറച്ചിലായിത്തോന്നി. ഒരുനാൾ വീട്ടിൽ ചെന്നപ്പോൾ അച്ഛനോട് അങ്ങനെ എഴുതരുതെന്നുപറഞ്ഞു. അതിന് അച്ഛൻ പരമേശ്വരൻഭട്ടതിരി പറഞ്ഞ മറുപടി ലളിതമായിരുന്നു. ഞാൻ കത്തെഴുതുന്നത് എന്റെ മകനാണെന്ന് ആർക്കും അറിയില്ലല്ലോ. ഏതോ ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെഴുതുന്ന കത്ത്. അക്ഷരത്തെയും വ്യക്തിയെയും നമ്മൾ ആദരിക്കണം. പത്തുപൈസ ചെലവില്ലാതെ എത്രയോപേരുടെ ഉള്ളിൽ നമ്മൾ കയറിപ്പറ്റുന്നത് നല്ല എഴുത്തുകൊണ്ടും സംസാരം കൊണ്ടുമാണ്.”


കലിഗ്രഫി ജിഗ്ജി രാജ്യാന്തരപുരസ്‌കാരം മൂന്നുതവണ നേടിയിട്ടുള്ള ചിത്രകാരനും മലയാളം കലിഗ്രഫ്രറുമായ നാരായണഭട്ടതിരിയുമായുള്ള സംഭാഷണത്തിലെ ഒരു ഭാഗമാണ് മുകളിൽ കൊടുത്തത്. നാരായണഭട്ടതിരിയും ഞാനും ഒരേസമയത്താണ് തിരുവനന്തപുരം കോളെജ് ഓഫ് ഫൈൻ ആർട്സിൽ പഠിച്ചത്. ഭട്ടതിരി പെയിന്റിങ്ങും ഞാൻ അപ്ലൈഡ് ആർട്ടും. ഏകദേശം 37 വർഷത്തെ സൗഹൃദമുണ്ട് ഞങ്ങൾക്കിടയിൽ. 


പലർക്കും കലിഗ്രഫി എന്താണെന്ന് കൃത്യമായി അറിയില്ലനിഘണ്ടുവി സുന്ദരമായ കൈയക്ഷരമുണ്ടാക്കുന്ന കല എന്നാണ് അര്‍ഥംകൊടുത്തിരിക്കുന്നത്. എന്താണു കലിഗ്രഫി?


നിഘണ്ടുവിലെ അര്‍ഥതലത്തിൽനിന്നു വളർന്ന് വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു കലിഗ്രഫി ഇന്ന്. ഒരു പാഠഭാഗം വടിവോടെ മനോഹരമായി എഴുതിയിരുന്ന രീതിയിൽനിന്നുമാറി അതിനെ മനോ ഹരമായൊരു വിന്യാസത്തിലൂടെ സർഗരചനയാക്കിത്തീർക്കുകയാണ്     കലിഗ്രഫിയിലൂടെ. അക്ഷരമെന്നാൽ അര്‍ഥത്തിന്റെയും കാഴ്ചയുടെയും കലയാണ്.  കലിഗ്രഫി അക്ഷരകലയാണെങ്കിലും അതു വായിക്കാൻ കഴിയുംവിധം എഴുതേണ്ടതില്ല എന്നാണ് എന്റെ നിലപാട്. കലിഗ്രഫി വായിക്കാനല്ല, കാണാനുള്ളതാണ്. നമുക്കു വായിക്കാനറിയാത്ത ഭാഷയിലെ കലിഗ്രഫിരചനകൾ നാം ആസ്വദിക്കുന്നത് അതിലെ ദൃശ്യഭംഗിയാലാണ്. ഇപ്പോൾ കലിഗ്രഫിക്ക് അക്ഷരങ്ങൾ വേണമെന്നില്ല. എഴുത്തിലെ ഒരു സ്ട്രോക്കുപോലും കലിഗ്രഫിയായി കണക്കാക്കാം.


വർഷങ്ങൾക്കുമുൻപ് ഭട്ടതിരി  കലിഗ്രഫി എന്നു പറഞ്ഞപ്പോൾ കേരളത്തിൽ  പലരും  അതത്ര ഗൗനിച്ചില്ല. അക്ഷരം പലതരത്തിലും വർണത്തിലും പണ്ടുമുതലേ ബോർഡിലും ചുമരിലും പുസ്തകക്കവറിലും  എഴുതുന്നതുപോലെയെന്നേ  കലിഗ്രഫിയെയും ആളുകൾ കരുതിയുള്ളൂ. എഴുതാൻ പാടാണ് എന്ന് അന്യഭാഷക്കാർ പറയുന്ന മലയാളം അക്ഷരങ്ങളും കലിഗ്രഫിയിലൂടെ അവതരിപ്പിച്ചും വർക്ഷോപ്പുകൾ നടത്തിയും പിന്നാലെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാതെ ഭട്ടതിരി മൂന്നോട്ടുപോകുകയാണ്….  പിന്നിട്ട വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാലോ?


2018-ലായിരിക്കണം, പൂനെയിൽ  നടന്ന ഒരു ദേശീയ കലിഗ്രഫി ക്യാമ്പിൽ  പങ്കെടുക്കാനായി എനിക്ക് ക്ഷണം ലഭിക്കുന്നു. ഞാനുൾപ്പെടെ ഇന്ത്യയിലെ ഒന്നാംനിര കലിഗ്രഫർമാരായ പന്ത്രണ്ടുപേരാണ്  അവിടെയെത്തിയത്. ഞാൻ കാണാൻ കൊതിച്ചിരുന്ന അച്യുത് പാലവ്, പരമേശ്വര രാജു തുടങ്ങിയവരെല്ലാം അവിടെയുണ്ട്. അവരുടെ സംഭാഷണങ്ങളിലൊന്നും പങ്കുചേരാതെ മാറിനിന്ന എന്നെ പരിചയപ്പെടാനായി  മുംബയ്  ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനും കലിഗ്രഫറുമായ സന്തോഷ് ക്ഷീർസാഗർ വരികയും കലിഗ്രഫി സംബന്ധമായ പല കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ അദ്ദേഹം കേരളത്തിലെ കലിഗ്രഫിയെപ്പറ്റിയും ചോദിച്ചു. കേരളത്തിൽ കലിഗ്രഫിയില്ല എന്ന എന്റെ  മറുപടി അദ്ദേഹത്തെ വിസ്മയിപ്പിച്ചു. തെല്ലു രോഷത്തോടെ അദ്ദേഹം ചോദിച്ചു, നൂറുശതമാനം സാക്ഷരതയുണ്ടെന്നഭിമാനിക്കുന്നവരല്ലേ നിങ്ങൾ കേരളീയർ, എന്നിട്ടെന്തേ അക്ഷരംകൊണ്ടുള്ള ഈ കലാരൂപം കേരളത്തിലില്ലാത്തത്? എനിക്ക് പറയാൻ മറുപടിയില്ലായിരുന്നു. അന്നു ഞാൻ മനസ്സിലൊരു തീരുമാനമെടുത്തു; പത്തുവർഷംകൊണ്ട് കലിഗ്രഫിയെ കേരളത്തിലെ  സാധാരണ ജനങ്ങൾക്കുപോലും  പരിചിതമാക്കും എന്ന്. അതിനുവേണ്ടിയാണ് അന്നുമുതലുള്ള എന്റെ പ്രവർത്തനങ്ങൾ. ജനങ്ങൾ ഇപ്പോൾ കലിഗ്രഫി എന്ന വാക്കു കേട്ടുതുടങ്ങിയിരിക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു.


കലിഗ്രഫിയോട്  താത്പര്യം ഉണ്ടായിരുന്നെങ്കിലും അതിൽ മാത്രമായി ശ്രദ്ധിക്കാൻ കാരണക്കാരനായ  സുഹൃത്ത്  സുന്ദർ ഇന്നില്ല. എങ്ങനെയാണ് അദ്ദേഹം കലിഗ്രഫിയാണ് ഭട്ടതിരിയുടെ നിയോഗമെന്ന് പറഞ്ഞത്?


പതിനെട്ടുവർഷത്തോളം കലാകൗമുദിക്കുവേണ്ടി ജോലിയുടെ ഭാഗമായി എഴുതിയ അൻപതിനായിരത്തിലേറെ തലക്കെട്ടുകളിൽനിന്നു തിരഞ്ഞെടുത്ത ഇരുന്നൂറെണ്ണത്തിന്റെ പ്രദർശനം  പത്തുവർഷംമുമ്പ് നടത്തുകയുണ്ടായി. പ്രവാസിയായ സുന്ദർ  എന്ന സഹൃദയനായ സുഹൃത്താണ്  അതിനു മുൻകൈയെടുത്തത്. മുമ്പു ഞാനെഴുതിയ മനോഹരമായ പല തലക്കെട്ടുകളും പുതിയ തലമുറയിലെ കുട്ടികൾക്കു പരിചയപ്പെടുത്തുകയായിരുന്നു സുന്ദറിന്റെ ലക്ഷ്യം. ഇതിനു കുട്ടികളിൽനിന്നു മാത്രമല്ല എല്ലാവിഭാഗം ജനങ്ങളിൽനിന്നു കിട്ടിയ പ്രതികരണം എന്നെയും സുന്ദറിനെയും അത്ഭുതപ്പെടുത്തി. ഈ പ്രദർശനത്തോടെ കലിഗ്രഫിയിൽ കൂടുതൽ ശ്രദ്ധിക്കാൻ  സുന്ദർ നല്കിയ  നിർദേശമാണ് എന്റെ കലിഗ്രഫിക്കു പുതിയ ഉണർവു നല്‍കിയത്. 


കലിഗ്രഫി പ്രദർശനം തിരുവനന്തപുരത്തു നടത്താൻ തീരുമാനിച്ചപ്പോൾ ക്യുറേറ്റർ എന്ന നിലയിൽ എക്സിബിഷന് ഒരു പേരു വേണമെന്ന് സുന്ദറിന് നിർബന്ധം. കലയുമായി ബന്ധപ്പെട്ട പേരു വേണോ, ഭാഷയുമായി ബന്ധപ്പെട്ട പേരു വേണോ എന്നതായിരുന്നു പ്രധാന ചർച്ച. അവസാനം സുന്ദറാണ് ‘കചടതപ’ എന്ന പേരു നിർദേശിച്ചത്. എല്ലാ ഇന്ത്യൻഭാഷകളിലും വ്യഞ്ജനാക്ഷരങ്ങൾക്കുള്ള ഒരു വിഭാഗമാണ് കചടതപ  എന്നത്. മലയാളത്തിൽ ഇതിനെ ഖരാക്ഷരങ്ങൾ എന്നു പറയും. മറ്റു ഭാഷകളിൽ ഇതിനെന്തു പറയുമെന്ന് അറിയില്ല. എന്നാലും എല്ലായിടത്തും കചടതപ ഉണ്ട്. പിന്നീടു നടന്ന എന്റെ എക്സിബിഷനുകളെല്ലാം ഈ പേരിൽത്തന്നെയായിരുന്നു. സുന്ദറിന്റെ മരണത്തിനുശേഷം കലിഗ്രഫിക്കുവേണ്ടി ഒരു ഗാലറിയും ഫൗണ്ടേഷനും തുടങ്ങിയപ്പാഴും ഇതേ പേരല്ലാതെ മറ്റൊരു പേര് ചിന്തയിൽ വന്നില്ല.


കലിഗ്രഫിക്കായി ഇന്ത്യയിലെ ആദ്യത്തെ കലിഗ്രഫി ഗാലറിതന്നെ ഭട്ടതിരി തിരുവനന്തപുരത്ത് വീടിനോടുചേർന്ന് സ്ഥാപിച്ചു. പാലക്കാട് തസ്രാക്കിൽ .വി. വിജയൻ സ്മാരകത്തിൽ   ഒരു മുറി ഭട്ടതിരിയുടെ  കലിഗ്രഫിക്കായി ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പിന്നിലെ ശ്രമങ്ങളെകുറിച്ച് പറയാമോ


കഴിഞ്ഞ കുറേവർഷങ്ങളായി  എല്ലാ ദിവസവും രണ്ടു കലിഗ്രഫി രചനകൾ  വീതം സാമൂഹികമാധ്യമങ്ങളിൽ ഞാൻ പോസ്റ്റ് ചെയ്യാറുണ്ട്‌. ഈ രചനകളുടെ ഒറിജിനൽ കാണാൻ പലരും ആഗ്രഹം പ്രകടിപ്പിച്ചതിൽനിന്നാണ് ഗാലറി എന്ന ആശയം മനസ്സിലുദിക്കുന്നത്. ഇന്ത്യയിൽ കലിഗ്രഫിക്കുമാത്രമായി വേറെ ഗാലറിയില്ല എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.


സാമൂഹികമാധ്യമങ്ങളിലെ എന്റെ ദൈനംദിനരചനകൾ കണ്ടിട്ടാകാം സുഹൃത്തും പുസ്തകപ്രസാധകനുമായ രവി ഡി.സി, ഒ.വി.വിജയന്റെ നോവൽ, ഖസാക്കിന്റെ ഇതിഹാസത്തിന്റെ അൻപതാം  വർഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന പതിപ്പിന് നാലു വ്യത്യസ്ത കലിഗ്രഫി കവറുകൾ ചെയ്തു തരാനാവശ്യപ്പെട്ടു. ചലച്ചിത്രപ്രവർത്തകനും സുഹൃത്തുമായ വിനോദ് മങ്കരയെ ഈ കവറുകൾ കാണിച്ചപ്പോൾ അദ്ദേഹമെന്നോടു ചോദിച്ചു, ഇതെന്തേ കവറിൽ  മാത്രമായി ഒതുക്കിക്കളഞ്ഞു; മുഴുവനായി കലിഗ്രഫി ചെയ്തുകൂടെയെന്ന അദ്ദേഹത്തിന്റെ മറുപടിയിൽനിന്നാണ് തസ്രാക്കിലെ സ്ഥിരം കലിഗ്രഫി ഗാലറിക്കായി തയാറെടുക്കുന്നത്. തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിന്റെ സെക്രട്ടറി ടി.ആർ.അജയനുമായി വിനോദ് മങ്കര ബന്ധപ്പെടുകയും തുടർന്നുള്ള ചർച്ചകൾക്കുശേഷം ആ മുപ്പത് ‘ഇതിഹാസ കലിഗ്രഫികൾ’ യാഥാർഥ്യമാവുകയും ചെയ്തു.


കലിഗ്രഫിക്കു  എ.ഐ കാലഘട്ടത്തിൽ പ്രസക്തിയുണ്ടോ? കാരണം, നമ്മൾ പറയുന്ന രീതിയിൽ ചിത്രീകരണവും എഴുത്തും ഇന്ന് എ. ചെയ്യുന്നുണ്ട്.   


കുറച്ചു ദിവസങ്ങൾക്കുമുമ്പ്  കവിയും ഗാനരചയിതാവുമായ കെ.ജയകുമാറിന്റെ ഒരു പ്രഭാഷണം കേൾക്കുവാനിടയായി. എല്ലാ കലകളെയും ടെക്നോളജി ബാധിച്ചിട്ടുണ്ട്.  പുതിയ ടെക്നോളജിയുടെ ആഘാതം ചിത്രകലയിലും  കടന്നുകയറിയിട്ടുണ്ടെന്നും  ഭട്ടതിരിയുടെ കലിഗ്രഫിയെ മാത്രമാണിത് ബാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞതുകേട്ട് അന്നുതന്നെ ഞാനതൊന്നു പരീക്ഷിച്ചുനോക്കി. ഞാനെഴുതുന്നതുപോലെയെഴുതാൻ  Chat GPT-ക്കായില്ല.  കലിഗ്രാഫിയിൽ  എ.ഐയുടെ കടന്നുകയറ്റം ഉണ്ടായതായി തോന്നിയിട്ടില്ല. എന്റെ  രീതികൾ മനസ്സിലാക്കി പുതിയൊരു അൽഗൊരിതം  ഉണ്ടാക്കിയാൽ ഞാനെഴുതിയതുപോലെ ഒരുപക്ഷേ, എ.ഐ. പ്രവർത്തിച്ചേക്കാം. എന്നാൽ, എനിക്ക് ഇതുവരെ ഞാനെഴുതിയ രീതിയല്ലാതെ അനുനിമിഷം നവനവങ്ങളായ രീതികൾ കൊണ്ടുവരാനാകും. ഒരാളുടെ സർഗപ്രക്രിയയുടെ പാത മറ്റൊരാൾക്കോ എ.ഐക്കോ നിശ്ചയിക്കാനാവുമെന്നു ഞാൻ കരുതുന്നില്ല. പുതിയ രചനകൾക്ക് സാധ്യതയില്ലെന്നല്ല…


മലയാളത്തിന്  കലിഗ്രഫി പാരമ്പര്യമുണ്ടെന്ന് പറഞ്ഞാൽ സമ്മതിക്കുമോ?


പൂർണമായും സമ്മതിക്കാനാവില്ല. നന്നായി എഴുതുന്നവർ   മുന്‍പുണ്ടായിരുന്നുവെങ്കിലും അത് നമ്മൾ  അന്നും ഇന്നും പറയുന്ന കലിഗ്രഫിയുടെ നിലവാരത്തിലേക്ക് എത്തിയിരുന്നോ എന്നു സംശയമാണ്. അച്ചടി സർവസാധാരണമാകുന്നുതിനുമുമ്പ് ചില പകർത്തെഴുത്തുകൾ എന്ന നിലയ്ക്കുമാത്രമായിരുന്നു പലരും എഴുതിയിരുന്നത്. അവിടെയെല്ലാം എഴുത്തിന്റെ സൗന്ദര്യത്തിലല്ല ഉള്ളടക്കത്തിന്റെ കനത്തിലായിരുന്നു ശ്രദ്ധ.


കലിഗ്രഫി ചിത്രകലയിൽനിന്ന് എങ്ങനെ വേറിട്ടുനില്ക്കുന്നു? ഫൈൻ ആർട്സിൽ ഭട്ടതിരി പഠിച്ചത് പെയിന്റിംഗ് ആണ്.  


കലിഗ്രഫിയെ സ്വതന്ത്രകലാരൂപമായി വേണം കാണാൻ. ചിത്രകാരന്മാർക്ക് വിയോജിപ്പുണ്ടാകുമെങ്കിലും, എന്റെ അഭിപ്രായത്തിൽ  ചിത്രകലയെക്കാൾ  ഒരുപടി മുകളിലാണ് ഇന്നത്തെ കലിഗ്രഫിയുടെ സ്ഥാനം. നിറങ്ങളും രൂപങ്ങളുംകൊണ്ട് ഒരാശയം പെയിന്റിംഗിൽ നിറയുമ്പോൾ കലിഗ്രഫിയിൽ ഇവയ്ക്കുപുറമെ ഒരു പാഠം അല്ലെങ്കിൽ ഒരു വാക്ക് അഥവാ ഒരക്ഷരംകൂടിയുള്ളതായി  കാണാം.


കലിഗ്രാഫിയുടെ ചരിത്രം എടുത്താൽ അതിൽ ഇന്ത്യയുടെ, കേരളത്തിന്റെ സ്ഥാനം എവിടെയാണ്? പ്രധാനപ്പെട്ട കലിഗ്രഫേഴ്സ് ആരൊക്കെ? അവരുടെ നിലപാടുകൾ എന്താണ് ?


മുൻപുപറഞ്ഞതുപോലെ ഇന്ത്യയിൽ  കലിഗ്രഫിക്ക് പ്രചാരം വളരെ കുറവാണ്. ദക്ഷിണേന്ത്യയിൽ  നില വളരെ ശുഷ്കമാണ്. നഗരങ്ങളിലും സമീപമുള്ള ഫൈൻ ആർട്സ്  കോളെജുകളിലും മാത്രമാണ് കലിഗ്രഫി ഇപ്പോൾ നിലനില്‍ക്കുന്നതെന്നു തോന്നുന്നു. മറ്റൊരു വിചിത്രമായ കാര്യം, ഇന്ത്യയിലെ ഫൈൻ ആർട്സ്  കോളെജുകളിലെല്ലാം കലിഗ്രഫി പാഠ്യവിഷയമാണ്. എന്നാലവിടെയെല്ലാം പഠിപ്പിക്കുന്നത് ഇംഗ്ലീഷ് കലിഗ്രഫിയാണ്. എന്നിട്ടും കലിഗ്രഫിക്ക് ഇന്ത്യയിൽ ഇപ്പോഴുള്ളത്രയും വളർച്ചയുണ്ടായത് ആശ്ചര്യജനകമാണ്. ഡൽഹി,  മുംബയ്, ഹൈദരാബാദ്, സൂററ്റ്, ബനാറസ്, കൊച്ചി തുടങ്ങിയ നഗരങ്ങളിലെല്ലാം കലിഗ്രഫിയുമായി ബന്ധപ്പെട്ട നിരവധി സമ്മേളനങ്ങൾ,  സെമിനാറുകൾ, വർക്കുഷോപ്പുകൾ, പ്രദർശനങ്ങൾ എല്ലാം നടക്കാറുണ്ട്. ജനങ്ങളിൽ ചെറിയതോതിലെങ്കിലും ഒരവ ബോധം വളർത്തിയെടുക്കാൻ ഇവ കാരണമാകുന്നു എന്നത് ആശാവഹമാണ്. ഇന്ത്യയിലെ ആധുനിക കലിഗ്രഫി സമ്പ്രദായങ്ങൾക്കു  തുടക്കം കുറിച്ച ആർ.കെ.ജോഷിയുടെ ശിഷ്യരായ അച്യുത് പാലവ്, സന്തോഷ് ക്ഷീർസാഗർ, ജി.വി.ശ്രീകുമാർ, ജോഗ് ശുഭാനന്ദ്, കല്പേഷ് ഗോസാവി തുടങ്ങിയ നിരവധി കലിഗ്രാഫർമാരും  ഖമർ ഡാഗർ, പരമേശ്വര രാജു, ഹിറാൽ ഭഗത്, ഷിപ്രറോഹട്ഗി തുടങ്ങി മറ്റു നിരവധി കലിഗ്രാഫർമാരും അവരവരുടേതായ രീതിയിൽ  സജീവമായിത്തന്നെ രംഗത്തുണ്ട്.


ഇന്നിപ്പോൾ ഭട്ടതിരി കലിഗ്രഫിയെ  ചേർത്തുപിടിച്ചിട്ട്   വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. തിരുവന്തപുരത്തുനടന്ന ആദ്യ  കലിഗ്രഫി ഫെസ്റ്റിവലിനു ശേഷം അത് വർഷം കൊച്ചിയിൽ കേരള ലളിതകലാ അക്കാദമിയുടെ പങ്കാളിത്തത്തോടെ വിപുലമായി  ലോക കലിഗ്രഫി ഫെസ്റ്റിവലായി നടത്തി. ഇതുകൊണ്ട് മലയാള ഭാഷയ്ക്കും കേരളത്തിനുമുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണ്?


കലിഗ്രഫി എന്ന കലാരൂപം കേരളത്തിൽ  വേരോടിക്കുവാൻ  ചെറിയതോതിലെങ്കിലും ഐ.സി.എഫ്. കെയും അതിനുമുമ്പ് തിരുവനന്തപുരത്തു നടത്തിയ രണ്ട് നാഷണൽ  കലിഗ്രഫി ഫെസ്റ്റിവലിനും കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയിലെയും ലോകത്തെയും മികച്ച കലിഗ്രഫർമാരെ  അടുത്തറിയാനും അവരുടെ രചനകൾ  കാണാനും രചനാരീതികൾ മനസ്സിലാക്കാനും ഈ മൂന്നു ഫെസ്റ്റിവലും സഹായിച്ചു എന്നതിനു സംശയമില്ല. കലിഗ്രഫിപോലെ ഉദാത്തമായ ഒരു കലാരൂപം സാക്ഷരതയിൽ മുന്നിലായ കേരളത്തിൽ ഇത്രയേറെ ശുഷ്കമാണെന്ന നിരീക്ഷണത്തിൽനിന്നാണ് എന്റെ ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഇനി മൂന്നോനാലോ വർഷത്തിനകം കലിഗ്രഫിയെ കേരളത്തിൽ സർവസാധാരണമായ രീതിയിൽ അറിയപ്പെടുന്ന ഒന്നാക്കി മാറ്റണം എന്നു മാത്രമേ ഞാൻ സ്വപ്നം കാണുന്നുള്ളൂ.